തര്‍ജ്ജനി

വര്‍ത്തമാനം

എല്ലാ മനുഷ്യരും അവരവരുടെ യൌവനകാലത്തെ ഓര്‍മ്മകളാല്‍ പിന്തുടരപ്പെടുന്നവരാണ്

ചിന്തകനും എഴുത്തുകാരനുമായ ഉംബെര്‍ട്ടോ എക്കോവുമായി
ലൈല അസം നടത്തിയ ദീര്‍ഘസംഭാഷണത്തില്‍ നിന്നു്

1932-ല്‍ വടക്കന്‍ ഇറ്റലിയിലെ അലസ്സാണ്ട്രിയയില്‍ ജനിച്ച ഉംബെര്‍ട്ടോ എക്കോ, തത്ത്വചിന്തകനും ചിഹ്നശാസ്ത്രജ്ഞനും സാഹിത്യനിരൂപകനും നോവലിസ്റ്റും അദ്ധ്യാപകനും സംഘാടകനും ഒക്കെയാണ്. The Name of the Rose, Foucault's Pendulum, The Island of the Day Before, Baudolino, The Mysterious Flame of Queen Loana (നോവലുകള്‍ ). Misreadings, Art and Beauty in the Middle Ages, The Aesthetics of Thomas Aquinas, A Theory of Semiotics, Experiences in Translation എന്നിവ പ്രധാന രചനകള്‍ . ഹോവാഡ്, കൊളംബിയ, ടൊറൊന്റോ, ബൊലോനാ അടക്കം നിരവധി കലാശാലകളില്‍ അദ്ധ്യാപകന്‍. പാരിസ് റിവ്യുവിലെ ലൈല അസം സങ്ഗാനേയുമായി നടത്തിയ ദീര്‍ഘസംഭാഷണത്തില്‍ നിന്നെടുത്തതാണ് താഴെ കൊടുത്തിരിക്കുന്ന അഭിമുഖം

? യുദ്ധം എഴുതാനുള്ള തീരുമാനത്തെ ഏതെങ്കിലുമൊക്കെ വിധത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ?
=ഇല്ല. പ്രത്യക്ഷമായി യുദ്ധത്തിനും എഴുത്തിനും തമ്മില്‍ ബന്ധമൊന്നുമില്ല. അതിനൊക്കെ മുന്നേ ഞാന്‍ എഴുതി തുടങ്ങി. ധാരാളം കോമിക്കുകള്‍ വായിച്ചിരുന്നതു കൊണ്ട് അങ്ങനെയുള്ള ബുക്കുകളാണ് ഞാന്‍ കൌമാരകാലത്ത് എഴുതിയിരുന്നത്. പിന്നെ മദ്ധ്യാഫ്രിക്കയിലും മലേഷ്യയിലും നടക്കുന്ന മായികകഥകള്‍ . എല്ലാം വളരെ ഭംഗിയായി ചെയ്യണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. പൂര്‍ണ്ണതാവാദി. എഴുതിയതെല്ലാം അച്ചടിച്ചതുപോലിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ വലിയ അക്ഷരങ്ങള്‍ ഉപയോഗിച്ചെഴുതി. ശീര്‍ഷകങ്ങള്‍ക്ക് പ്രത്യേക പുറങ്ങള്‍ നല്‍കി. കഥാസാരം രേഖാചിത്രങ്ങള്‍ എന്നിവ തയാറാക്കി. തളര്‍ന്നു പോകുന്നത്ര പണിയാണ്. അതുകൊണ്ട് ഒരെണ്ണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. അന്നേ ഞാന്‍ അറിയപ്പെടാത്ത മാസ്റ്റര്‍പീസുകളുടെ കര്‍ത്താവായ വലിയ എഴുത്തുകാരനാണ്. നോവല്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ യുദ്ധത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അതില്‍ നല്ല പങ്കു വഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഉറപ്പാണ്. എല്ലാ മനുഷ്യരും അവരവരുടെ യൌവനകാലത്തെ ഓര്‍മ്മകളാല്‍ പിന്തുടരപ്പെടുന്നവരാണ്.

?ആ പഴയ രചകള്‍ ആരെയെങ്കിലും കാണിച്ചിട്ടുണ്ടോ?
= അച്ഛനമ്മമാര്‍ കണ്ടിരിക്കാനുള്ള സാദ്ധ്യതയുണ്ട്. ഞാന്‍ മനപ്പൂര്‍വം ആരെയും കാണിച്ചിട്ടില്ല. രചന ഒറ്റയ്ക്കു നടത്തുന്ന ആഭിചാരമാണ്.

? ഇതേക്കാലത്ത് തന്നെ താങ്കള്‍ കവിതയില്‍ കൈവച്ചിരുന്നതായി മുന്‍പ് പറഞ്ഞിട്ടുള്ളതോര്‍ക്കുന്നു. രചനയെപ്പറ്റിയുള്ള ഒരു ലേഖനത്തില്‍ താങ്കള്‍ എഴുതി : ‘യൌവനാരംഭകാലത്തെ മുഖക്കുരുവിന്റെ അതേ ഉത്പത്തിധര്‍മ്മവും നിര്‍മ്മാണഘടകങ്ങളുമാണ് എന്റെ കവിതയ്ക്കുമുണ്ടായിരുന്നത്.”
= പതിനഞ്ചോ പതിനാറോ വയസ്സിലെ കവിതാരചന സ്വയംഭോഗം പോലെയാണെന്നാണെന്റെ തോന്നല്‍ . നല്ല കവികള്‍ അവരുടെ ആദ്യരചനകള്‍ കത്തിച്ചു കളയും. ചീത്തക്കവികള്‍ അതു ആഢംബരത്തോടെ പ്രസിദ്ധീകരിക്കും. ഞാനവയെ ചവറ്റുക്കൊട്ടയില്‍ എറിഞ്ഞു. ഭാഗ്യം!

? സാഹിത്യപ്രയത്നങ്ങളില്‍ ആരായിരുന്നു താങ്കളെ പ്രോത്സാഹിപ്പിച്ചിരുന്നത്?
= അമ്മയുടെ അമ്മ. നിര്‍ബന്ധബുദ്ധിയോടെ ധാരാളം വായിക്കുമായിരുന്നു അവര്‍ . അഞ്ചാം ഗ്രേഡുവരെ മാത്രമേ അവര്‍ക്കു സ്കൂള്‍ വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂ. മുനിസിപ്പല്‍ വായനശാലയില്‍ അംഗത്വമുണ്ടായിരുന്നതുകൊണ്ട് ആഴ്ചയില്‍ രണ്ടോ മൂന്നോ പുസ്തകങ്ങള്‍ എനിക്കായി അവര്‍ വീട്ടില്‍ കൊണ്ടുവരും. വിലക്കുറഞ്ഞ നോവലുകളായിരിക്കും. അല്ലെങ്കില്‍ ബത്സാക്. അമ്മമ്മയുടെ കണ്ണില്‍ സാഹിത്യരചനകള്‍ക്ക് വലിയ വ്യത്യാസമൊന്നുമില്ല. എല്ലാം ആകര്‍ഷകം. മറിച്ച് അമ്മയ്ക്ക് വിദ്യാഭ്യാസമുണ്ടായിരുന്നു. ...ഫ്രെഞ്ചിലും ജര്‍മ്മനിലും തുടങ്ങി യൌവനകാലത്ത് ഒരുപാട് വായിച്ചു. പക്ഷേ പ്രായമായപ്പോള്‍ ഒരു തരം ആലസ്യത്തോടെ ഗൌരവമുള്ള സാഹിത്യത്തില്‍ നിന്നെല്ലാം പിന്തിരിഞ്ഞ് വായന പൈങ്കിളി നോവലികളിലേയ്ക്കും വനിത ആനുകാലികങ്ങളിലേയ്ക്കുമായി ചുരുക്കി. അതുകൊണ്ട് അമ്മ വായിക്കുന്നത് എനിക്കു ആസ്വദിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അവര്‍ അന്തസ്സായി സംസാരിക്കും. കൊള്ളാവുന്ന ഇറ്റാലിയന്‍ പ്രൌഢിയില്‍. നന്നായി എഴുതും. കൂട്ടുകാരികള്‍ കത്തുകള്‍ തയാറാക്കാന്‍ അമ്മയെ സമീപിക്കുക പതിവായിരുന്നു. പഠനം നേരത്തെ മതിയാക്കിയിരുന്നു എങ്കിലും ഭാഷയുടെ സംവേദനശേഷിയെപ്പറ്റി മികച്ച ബോധമുണ്ടായിരുന്നു. അമ്മയില്‍ നിന്നാണ് എനിക്ക് എന്റെ ഭാഷാഭിരുചി കിട്ടിയതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്റെ ശൈലിയെ പാകപ്പെടുത്തിയ ആദ്യ ഘടകവും അവിടുന്നു തന്നെ.

? താങ്കളുടെ നോവലുകളെല്ലാം എത്രമാത്രം ആത്മകഥാംശം ഉള്ളവയാണ്?
= ഒരു വശത്തിലൂടെ ആലോചിച്ചു നോക്കിയാല്‍ എല്ലാ നോവലുകളും ആത്മകഥാപരമാണ്. ഒരു കഥാപാത്രത്തെ ഭാവനചെയ്യുമ്പോള്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് സ്വകാര്യമായ ഓര്‍മ്മകളില്‍ കുറച്ചെല്ലാം നാം നല്കുന്നുണ്ട്. നമ്മുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം ഒരു കഥാപാത്രത്തിനു നല്കുന്നു. അടുത്ത ഭാഗം മറ്റൊരു കഥാപാത്രത്തിനും. ആ നിലയ്ക്ക്.. ഞാന്‍ ആത്മകഥ എഴുതുന്നില്ല പക്ഷേ നോവലുകളെല്ലാം ആത്മകഥകളാണ്..വ്യത്യാസമുണ്ട്...

? അങ്ങനെ നേരിട്ട് പകര്‍ന്നുകൊടുത്ത ഒരുപാട് ചിത്രങ്ങളുണ്ടോ രചനകളില്‍ ? ‘ഫൂക്കോസ് പെന്‍ഡുലത്തില്‍ ശ്മശാനത്തില്‍ കുഴലും വായിച്ചിരിക്കുന്ന ’ ബെല്‍ബോയെയാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്.
= അത് പൂര്‍ണ്ണമായും സ്വന്തം ചിത്രം തന്നെയാണ്. ഞാനല്ല ബെല്‍ബോ. എങ്കിലും എനിക്കു സംഭവിച്ചതു തന്നെയാണത്. ഇതിനു മുന്‍പ് ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രധാനപ്പെട്ട കാര്യം ഇപ്പോള്‍ പറയാം. മൂന്നുമാസങ്ങള്‍ക്കു മുന്‍പ് വളരെ മുന്തിയതരത്തിലുള്ള ഒരു ട്രമ്പറ്റ് ഞാന്‍ വാങ്ങി. ഏതാണ് 2000 ഡോളറിന്. ട്രമ്പറ്റ് വായിക്കണമെങ്കില്‍ നീണ്ടക്കാലം ചുണ്ടുകളെ പ്രത്യേകതരത്തില്‍ പരിശീലിപ്പിക്കണം. പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോള്‍ ഞാന്‍ നല്ലൊരു കുഴലൂത്തുകാരനായിരുന്നു. ആ സാമര്‍ത്ഥ്യമൊക്കെ പോയി. ഇപ്പോള്‍ വളരെ മോശമായേ വായിക്കാന്‍ പറ്റൂ. എന്നാലും എല്ലാ ദിവസം പരിശീലിക്കുന്നുണ്ട്. കാരണം എനിക്ക് ബാല്യകാലത്തിലേയ്ക്ക് മടങ്ങിപ്പോകണം. ഞാന്‍ ഏതുതരത്തിലുള്ള കുട്ടിയായിരുന്നു എന്നതിന്റെ ശക്തമായ തെളിവാണ് എനിക്ക് ട്രമ്പറ്റ്. വയലിന്‍ കൈയ്യിലെടുക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു വികാരവും തോന്നാറില്ല. എന്നാല്‍ ട്രമ്പെറ്റ് കണുമ്പോള്‍ തന്നെ ലോകം സിരകള്‍ക്കുള്ളില്‍ ത്രസിക്കുന്നത് ഞാന്‍ അറിയുന്നു.

? കുട്ടിക്കാലത്തെ ഈണങ്ങള്‍ ഇപ്പോഴും വായിക്കാന്‍ കഴിയുമെന്ന് അവസാനം കണ്ടെത്തിയോ?
= എത്രത്തോളം വായിക്കുമോ അത്രത്തോളം നന്നായി ബാല്യകാലത്തെ ഈണങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. അങ്ങോട്ടോയ്ക്കുള്ള ചില വഴികള്‍ വളരെ ഉയരമുള്ളതാണ്, കടക്കാന്‍ പ്രയാസമുള്ളതാണ്. എങ്കിലും ഞാന്‍ ആവര്‍ത്തിച്ചു ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്റെ ചുണ്ടുകള്‍ അത്രവേഗമൊന്നും വഴങ്ങിത്തരില്ല എന്നെനിക്കറിയാം.

? ഓര്‍മ്മകളും ഇങ്ങനെയൊക്കെ തന്നെയാണോ?
= അതു വേറെ. വയസ്സാവുന്തോറും എനിക്ക് ഓര്‍മ്മകള്‍ കൂടുന്നു. ഞാനൊരു ഉദാഹരണം പറയാം. ഞാന്‍ ജനിച്ചസ്ഥലത്തെ ഭാഷാശൈലിയാണ് അലസ്സാണ്ട്രിനോ. ഞാനത് സംസാരിക്കാറില്ല, കാരണം ചെറിയ ഒരു ബൂര്‍ഷ്വാ കുടുംബമായിരുന്നു ഞങ്ങളുടേത്. ഞാനും സഹോദരിയും ഇറ്റാലിയന്‍ മാത്രമേ സംസാരിക്കാവൂ എന്ന് അച്ഛന്‍ നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ ചിലപ്പോള്‍ കുടുംബാംഗങ്ങള്‍ / അച്ഛനും അമ്മയും ഈ പ്രദേശികഭാഷയില്‍ പരസ്പരം സംസാരിച്ചിരുന്നു. അതുകൊണ്ട് എനിക്കതു നന്നായി മനസ്സിലാവും പക്ഷേ ഉച്ചരിക്കാന്‍ പാടില്ല. 50 വര്‍ഷങ്ങള്‍ക്കു ശേഷം പെട്ടെന്ന് എന്റെ ഉള്ളിലെ ഗുഹാന്തര്‍ഭാഗത്തോ അബോധത്തിലോ കിടന്ന് വളര്‍ന്ന ഈ ഭാഷ അലസ്സാണ്ട്രിയയില്‍ നിന്നുള്ള കൂട്ടുകാരെ കാണുമ്പോള്‍ ഒരു കുറവുമില്ലാതെ എനിക്ക് സംസാരിക്കാമെന്നായി. എന്റെ ജീവിതത്തില്‍ കാലം കടന്നു പോവുമ്പോള്‍ മറന്നകാര്യങ്ങള്‍ മാത്രമല്ല ഞാനൊരിക്കലും പഠിച്ചില്ലെന്ന വിചാരിച്ചിരുന്നവയെപ്പോലും തിരിച്ചെടുക്കാന്‍ പറ്റുന്നു.

? മദ്ധ്യകാലരചനകളിലെ സൌന്ദര്യശാസ്ത്രം പഠിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
= കാത്തലിക് രീതിയിലുള്ള വിദ്യാഭ്യാസമാണെനിക്ക് കിട്ടിയത്. പിന്നീട് സര്‍വ്വകലാശാലയില്‍ കാത്തലിക് വിദ്യാര്‍ത്ഥികളുടെ ഒരു സംഘടനയും നടത്തിയിരുന്നു. അതുകൊണ്ടൊക്കെ മദ്ധ്യകാലചിന്തകളോടും ആദ്യകാല ക്രിസ്തീയദൈവശാസ്ത്രത്തോടും ആഭിമുഖ്യം വന്നുപോയിട്ടുണ്ട്. തോമസ് അക്വിനാസിന്റെ സൌന്ദര്യശാസ്ത്രം എന്ന ശീര്‍ഷകത്തില്‍ ഞാന്‍ ഗവേഷണം തുടങ്ങിയതാണ്. അത് അവസാനിക്കുന്നതിനു മുന്‍പ് തന്നെ ദൈവസംബന്ധിയായ വിശ്വാസത്തെപ്പറ്റി ചില ആലോചനകള്‍ വന്നുപോയി. സങ്കീര്‍ണ്ണമായ രാഷ്ട്രീയപ്രശ്നമായിരുന്നു അത്. കൂടുതല്‍ പുരോഗമനപരമായ ഒരു വശത്തായിരുന്നു വിദ്യാര്‍ത്ഥിസംഘടനയില്‍ എന്റെ സ്ഥാനം. എന്നുവച്ചാല്‍ സാമൂഹികപ്രശ്നങ്ങളിലും സാമൂഹികമായ നീതിയിലും ഒക്കെയായിരുന്നു കൂടുതല്‍ താല്പര്യം. പോപ്പ് പയസ് പന്ത്രണ്ടാമന്റെ രക്ഷാകര്‍ത്ത്വത്തിലുള്ള ഒരു വലതുപക്ഷവുമതിനുള്ളിലുണ്ട്. പെട്ടെന്ന് ഒരു ദിവസം മതനിന്ദയും കമ്മ്യൂണിസവും ഞാന്‍ നേതൃത്വം നല്‍കിയ വിഭാഗത്തിനുമേല്‍ ആരോപിക്കപ്പെട്ടു. വത്തിക്കാനിലെ ഔദ്യോഗിക പത്രം പോലും ഞങ്ങളെ ആക്രമിച്ചു. ആ സംഭവം ദൈവവിശ്വാസത്തെ ദാര്‍ശനികമായ പുനരാലോചനയ്ക്ക് വിധേയമാക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. എന്നാലും എനിക്കിഷ്ടമായിരുന്ന അക്വിനാസിനെ പരാമര്‍ശിക്കാതെ, മദ്ധ്യകാലഘട്ടത്തെയും അക്കാലത്തെ തത്ത്വശാസ്ത്രത്തെയും കുറിച്ച് പഠിക്കുന്നതു ഞാന്‍ തുടര്‍ന്നു.

? ‘റോസാപ്പൂവിന്റെ പേര്’ എന്ന പുസ്തകത്തിന്റെ ടിപ്പണിയില്‍ താങ്കള്‍ എഴുതി : ഞാന്‍ എല്ലായിടത്തും ആ കാലഘട്ടത്തെ കാണുന്നു. എന്റെ ദൈനംദിനപരിഗണനകളെ പോലും സുതാര്യമായി പൊതിഞ്ഞ് അത് നില്ക്കുന്നു.ഒരിക്കലും മദ്ധ്യകാലഘട്ടത്തിന്റേതാണെന്ന് തോന്നിപ്പിക്കാതെ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ കാലഘട്ടത്തിന്റേതു മാത്രമാണവ. ’
എങ്ങനെയാണ് താങ്കളുടെ ദൈനംദിനാവശ്യങ്ങള്‍ മദ്ധ്യകാലത്തിന്റേതാവുന്നത്?

= ആ കാലഘട്ടത്തില്‍ മുഴുകികിടക്കുന്ന നിരവധി അനുഭവങ്ങള്‍ എന്റെ ജീവിതത്തിലുടനീളം ഉണ്ടായിട്ടുണ്ട്. പഠനപ്രബന്ധം തയാറാക്കുന്നതിനു വേണ്ടി മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന രണ്ട് പാരീസ് യാത്രകള്‍ ഞാന്‍ നടത്തിയിരുന്നു. ബൈബിള്‍ ദേശീയതയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു അത്. ആ രണ്ടു മാസവും മദ്ധ്യകാലഘട്ടത്തിലെ ആളുകളുടെ ജീവിതം അതേരീതിയില്‍ നയിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പാരീസിന്റെ ഭൂപടത്തെ ഒന്നു ചുരുക്കിയാല്‍ , ചില തെരുവുകളെ മാത്രം തെരെഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് സുഖമായി പഴയകാലത്തിലേയ്ക്ക് പോകാം. അപ്പോള്‍ അന്നുണ്ടായിരുന്ന ഒരാളിനെപ്പോലെ ചിന്തിക്കാനും വികാരം കൊള്ളാനും എളുപ്പം സാധിക്കും. ഒരുദാഹരണം പറയാം. പ്രകൃതിയോട് നല്ല അനുഭാവമുള്ള, ഈ ലോകത്തുള്ള ഒട്ടുമുക്കാല്‍ ചെടികളുടെയും പൂക്കളുടെയും പേരറിയാവുന്ന എന്റെ ഭാര്യ പലപ്പോഴും ‘റോസപ്പൂവിന്റെ പേര്’ എഴുതുന്നതിനു മുന്‍പുള്ള കാലത്ത് പ്രകൃതിയെ ശരിയായി നിരീക്ഷിക്കാത്തതില്‍ എന്നെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഒരിക്കല്‍ ഗ്രാമത്തിനരികില്‍ തീകാഞ്ഞിരിക്കുന്ന നേരം വൃക്ഷങ്ങള്‍ക്കിടയില്‍ പൊങ്ങിപ്പറക്കുന്ന തീപ്പൊരികളെ നോക്കാന്‍ അവള്‍ പറഞ്ഞു. അതിലൊന്നുമായിരുന്നില്ല എന്റെ ശ്രദ്ധ. ഞാനത് വകവച്ചില്ല. പിന്നീട് നോവലിന്റെ അവസാന അദ്ധ്യായത്തില്‍ ഞാന്‍ തീപ്പൊരികളെക്കുറിച്ച് വര്‍ണ്ണിച്ചിരുന്നത് വായിച്ചിട്ട് അവര്‍ ചോദിച്ചത് : അപ്പോള്‍ നിങ്ങളന്നത് നോക്കിയിരുന്നു, അല്ലേ? എന്നാണ്. ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. പക്ഷേ എങ്ങനെയാണ് ഒരു മദ്ധ്യകാലത്തിലെ സന്ന്യാസി തീയും കാഞ്ഞ് അന്തരീക്ഷത്തില്‍ പറക്കുന്ന തീപ്പൊരികളെയും നോക്കിയിരിക്കുക എന്ന് എനിക്കറിയാം

? മദ്ധ്യകാലത്തില്‍ ജീവിക്കുക. താങ്കളത് നന്നായി ആസ്വദിച്ചിരുന്നു എന്ന് തീര്‍ച്ചയാണോ?
= എന്റെ ഇപ്പോഴത്തെ പ്രായത്തില്‍ ഞാനതു ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ എന്നേ മരിച്ചുപോയേനെ. ആ കാലഘട്ടത്തില്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ ജീവിച്ചിരുന്നു എങ്കില്‍ എന്റെ വികാരങ്ങള്‍ കൂടതല്‍ നാടകീയമായി മറ്റൊരുതരത്തിലാവുമായിരുന്നിരിക്കണം. ഭാവനയാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.

? ഇപ്പോഴും ടെലിവിഷന്‍ കാണാറുണ്ടോ?
= ടെലിവിഷന്‍ കാണാന്‍ ഇഷ്ടമില്ലാത്ത ഏതെങ്കിലും ഏതെങ്കിലും മിടുക്കന്മാരുണ്ടോ എന്ന് സംശയമാണ്. അവര്‍ക്കിടയില്‍ ഒരു പക്ഷേ ഞാന്‍ മാത്രമായിരിക്കും കുമ്പസാരത്തിന് തയ്യാറായ ഒരേ ഒരാള്‍ . ഞാന്‍ ടി വിയെ എന്റെ രചനയ്ക്കുള്ള ഒരു ഉപകരണമായിട്ടാണ് കണക്കിലെടുക്കുന്നത്. കിട്ടുന്നതെല്ലാം വിഴുങ്ങുന്ന അത്യാര്‍ത്തിക്കാരനല്ല ഞാന്‍. ടി വി പരിപാടികള്‍ കണ്ടുകൊണ്ടിരിക്കുന്ന സമ്പ്രദായം ഒട്ടും രസമുള്ളതല്ല. നാടകം പോലുള്ള പരിപാടികള്‍ കണ്ടിരിക്കാറുണ്ട്, ഷോകളെന്നപേരില്‍ വരുന്ന ചവറുകളെ തീരെ ഇഷ്ടമല്ല.

? പ്രത്യേക ഇഷ്ടം തോന്നിയിട്ടുള്ള ഏതെങ്കിലും പരിപാടി?
= പോലീസ് സീരിയലുകള്‍ ‍. സ്റ്റാര്‍സ്കൈ. ഹച്ച്.

? ഇതൊന്നും ഇപ്പോഴില്ലല്ലോ. എഴുപതുകളിലായിരുന്നെന്ന് തോന്നുന്നു ഇതെല്ലാം.
= അതെ. മുഴുവന്‍ സീരിയലുകളും ഡിവിഡികളാക്കി ഇപ്പോള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. അതെല്ലാം വാങ്ങണമെന്ന് ആഗ്രഹമുണ്ട്. കൂടാതെ സി എസ് ഐ, മിയാമി വൈസ്, ഈ ആര്‍ ഇതൊക്കെ ഇഷ്ടപ്പെട്ടവയാണ്. എല്ലാത്തിനെക്കാളും ഇഷ്ടം കൊളംബോ ആയിരുന്നു.

? ഡാവിഞ്ചി കോഡ് വായിച്ചോ?
= വായിച്ചു. അതില്‍ കുറ്റബോധം തോന്നുന്നുണ്ട്.

? ‘ഫൂക്കോയുടെ പെന്‍ഡുലത്തിന്റെ’ വികൃതമായ അനുകരണമാണെന്നു തോന്നുന്നു ആ നോവല്‍ .
= രചയിതാവായ ഡാന്‍ ബ്രൌണ്‍ ഫൂക്കോയുടെ പെന്‍ഡുലത്തിലെ ഒരു കഥാപാത്രമാണ്! ഞാനാണ് അയാളെ കണ്ടുപിടിച്ചത്. റോസിക്രൂഷ്യന്മാര്‍ , മേസണ്‍സ്, ജെസ്യൂട്ടുകള്‍ എന്നിവരുടെ ഗൂഢാലോചനകള്‍ , ടെമ്പ്ലാര്‍ പടയാളികളുടെ രഹസ്യം തുടങ്ങി എന്റെ കഥാപാത്രങ്ങളുടെ ആകര്‍ഷണങ്ങളെല്ലാം അയാള്‍ പങ്കു വയ്ക്കുന്നു. എല്ലാം പരസ്പരബന്ധിതമാണ് എന്ന തത്ത്വമാണ് എന്റെ നോവലിന്റെ കാതല്‍ . ഡാന്‍ ബ്രൌണ്‍ വാസ്തവത്തില്‍ ഇല്ലാത്ത ഒരാളാണ് എന്നാണ് എന്റെ തോന്നല്‍ !

വിവര്‍ത്തനം: ആര്‍.പി.ശിവകുമാര്‍

Subscribe Tharjani |