![]() |
|||||
പുറത്താക്കപ്പെട്ട ഒരാളുടെ ഹൃദയം പോലെ വിജനവും നിശ്ശബ്ദവുമായ വഴി. ഇതെന്റെ വീട്ടിലേയ്ക്കുള്ള വഴിയാണ്. നടക്കുകയാണ് എന്ന വ്യാജബോധത്തോടെ പ്രാണനില്‍ തീപിടിച്ച് ഞാന്‍ ഓടുകയാണ്. ഒരു ഓട്ടമത്സരത്തിലും പങ്കെടുത്തിട്ടില്ല. ഒരു മെഡലും എനിക്ക് ലഭിച്ചിട്ടില്ല. എന്നിട്ടും ഞാനെങ്ങനെ ഓട്ടക്കാരന്‍ ഉസ്മാനായി? ഓര്‍മ്മയുടെ കലങ്ങിയ കയത്തിനരികില്‍ ഏറെ നേരം നിന്നതിനു ശേഷം സങ്കടവും ഭീതിയും പേറി ഉസ്മാന്‍ നടന്നു. കല്ലുകളില്‍ തട്ടി ചോര പൊടിയുന്ന കാലുകളുമായി വളരെ വേഗത്തില്‍....
ഇടവഴി തിരിഞ്ഞതേയുള്ളൂ. മുമ്പില്‍ കുഞ്ഞനന്തന്‍ മാഷിന്റെ മകള്‍ പനിനീര്‍പ്പൂവായ് നില്‍ക്കുന്നു. ഈ കുട്ടിയെയും ഉസ്മാന് ഭയമാണ്. കുട്ടികളെ അതിജീവിക്കാനെന്തൊരു പ്രയാസമാണ്. വാക്കുകളില്‍ പന്തം കത്തിച്ചാണ് അവര്‍ സംസാരിക്കുക.
“ഉസ്മാനിക്ക” - നനവിലേക്കെന്ന പോലെ കുട്ടിയിടെ വിളിയിലേക്ക് ഉസ്മാന്‍ പതിഞ്ഞു.
“ന്തേയ് മോളെ” - ചൂടും പീഢനവും ആവരണം ചെയ്ത ഉസ്മാന്റെ ശബ്ദം കുട്ടിയുടെ മുന്നില്‍ തളര്‍ന്നു വീണു.
“എല്ലാവരും ന്ത്‌നാണ് ങ്ങളെ ഓട്ടക്കരനെന്നു വിളിക്കുന്നത്. ന്റെ വല്ല്യേച്ചീനെപ്പോലെ ടിവീലൊക്കെ ഓടീട്ടുണ്ടോ? സമ്മാനം കിട്ടീട്ടുണ്ടോ?”
“യില്ല, മോളെ, ഉസ്മാനിക്കായ്ന്‍ ഒരു സമ്മാനവും കിട്ടീട്ടില്ല” - ശബ്ദം പതറാതിരിക്കാന്‍ നന്നായി പ്രയാസപ്പെട്ടു.
“ഞാന്‍ സമ്മതിച്ചില്ലാട്ട്വോ... ഏച്ചിനേക്കാളും വല്യ ഓട്ടക്കാരനാണ് ഉസ്മാനിക്കയെന്ന് ഞാന്‍ പറഞ്ഞു. ഏച്ചിയ്ക്ക് പത്രത്തിലൊക്കെ പടം വന്നതിന്റെ പവറാ” - കുട്ടിയിലേക്ക് അലിയാനാവാത്തതില്‍ ഉസ്മാന് അതിയായ ദുഃഖം തോന്നി.
“ന്താ ആലോചിക്കണത്?” - കുട്ടിയുടെ സ്പര്‍ശം ദൈവത്തിന്റെ ചുംബനമായിരുന്നുവോ?
“പോട്ടെ മോളെ”. യാത്ര പറാഞ്ഞു നടക്കുകയാണോ ഓടുകയാണോ എന്നു തീര്‍ച്ചപ്പെടുത്താനാവാതെ ഉസ്മാന്‍ നീങ്ങിത്തുടങ്ങി. ഇടവഴിയുടെ ഓരോ തിരിവുകളില്‍ വച്ചും ഉസ്മാന്റെ വേഗതയേറിവന്നു. തന്റെ ജീവിതവും ഈ തിരിവുകളും എവിടെയൊക്കെയോ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. പെട്ടെന്നു വന്ന കാറ്റില്‍ ഇലകള്‍ ഇടവഴിയിലേക്കു പാറി വീണു. ഒപ്പം കനമുള്ള മഴത്തുള്ളികളും.
ഈ ഇടവഴിയിലൂടെ ഒട്ടും ഭയമില്ലാതെ നടന്നൊരു ബാല്യമുണ്ടായിരുന്നു. അന്ന് മഴയത്ത് ചേമ്പില ചൂടി രവിക്കും രാജലക്ഷ്മിക്കുമൊപ്പം മഴത്തുള്ളികള്‍ക്കുള്ളില്‍ നിന്ന് പൊട്ടിച്ചിരിച്ച ബാല്യം. വെറുതെ തിരിഞ്ഞു നോക്കി. രവി, രാമന്‍... ആരുമുണ്ടാകില്ല എന്നറിഞ്ഞിട്ടും അല്പനേരം അങ്ങനെതന്നെ നിന്നു. മഴയുടെ ഏതോ മറവില്‍ നനഞ്ഞു കുതിര്‍ന്ന് അവരുണ്ടോ?
മഴ തേങ്ങിത്തേങ്ങി പിന്നെ പൊട്ടിക്കരയാന്‍ തുടങ്ങി. ശക്തിയേറുന്ന മഴയില്‍ ഓടുമ്പോഴും ഉസ്മാന്റെ കണ്ണുകള്‍ നിറഞ്ഞു. മഴയും കണ്ണുനീരും രണ്ട് രുചികളാല്‍ ചുണ്ടിനെയും നാവിനെയും നനച്ചു. ഇടവഴിയിപ്പോള്‍ ചെറിയൊരു തോടായിരിക്കുന്നു. ഉരുണ്ടു മറിയുന്ന കലക്കുവെള്ളത്തിലൂടെ ഉസ്മാന്‍ ഓടുക തന്നെയാണ്. അപ്പോഴും ഒരു പ്രാര്‍ത്ഥനാ സ്വരത്തില്‍ ഉസ്മാന്‍ ഉരുവിട്ടുകൊണ്ടിരുന്നു.
‘എന്നാണാവോ എനിക്കൊന്നു നടക്കാനാവുക? എന്നാണാവോ?’
“ഓട്ടക്കാരാ... ഡാ...” അപ്രതീക്ഷിതമായ വിളി തലയ്ക്കടിക്കും പോലെയാണ്. നീര്‍ക്കോലി പോലുള്ള സുകുമാരനിതാ മുന്നില്‍ തറഞ്ഞു നില്‍ക്കുന്നു.
“ഈ മഴയത്തൂടിങ്ങനെ ഓടാന്‍ ന്ന്ന്‌ക്കെന്താ ഭ്രാന്താ? ന്നാ ഈ തോര്‍ത്തോണ്ട് തല തുവര്‍ത്ത്”
മഴ തോര്‍ന്നു. തണുപ്പ് ഉസ്മാനെ വരിഞ്ഞു മുറുക്കി.
“രണ്ടു ദിവസമായി നിന്നെ തിരയുന്നു. വീട്ടിലും വന്നിരുന്നു. നീ എവിടെയാ ഉസ്മാനെ ഈ ഓടിയോടിപ്പോകുന്നത്? വാ... എല്ലാവരും നിന്നെ കാത്തിരിക്കുകയാണ്.”
സുകുമാരന്റെ പിടിയിലൊതുങ്ങി ഉസ്മാന്‍ ചെറിയ സംഘത്തിന്റെ മദ്ധ്യത്തിലായി ഇരിക്കാതെ ഇരുന്നു.
“ഇവനെ അറിയില്ലെ? നമ്മുടെ അച്ചുവേട്ടന്റെ ഇളയവനാണ്. ഇപ്പം വല്ല്യ സംവിധായകനാണ്.”
“ഹലോ.. ഞാന്‍ നീരജ്.” അയാള്‍ സ്വയം പേരു പറഞ്ഞു ചിരിച്ചു. ഉള്ളിലെവിടെയോ മൂടപ്പെട്ടുകിടക്കുന്ന ചിരി വളരെ പ്രയാസപ്പെട്ട് ഉസ്മാന്‍ പുറത്തേക്കെടുത്തു.
“ഉസ്മാനിക്കാ നേരെയങ്ങ് കാര്യത്തിലേക്ക് കടക്കാം.”
വളരെക്കാലത്തെ പരിചയഭാവത്തില്‍ നീരജിന്റെ കൈ ഉസ്മാന്റെ തോളിലമര്‍ന്നു.
“പുതുമയുള്ളതെന്തെങ്കിലും ചെയ്യണമെന്നാണ് എന്റെ മോഹം. അതിനിടയിലാണ് നിങ്ങളെപ്പറ്റി അറിയാന്‍ കഴിഞ്ഞത്” നീരജ് പരിചയസമ്പന്നനായ സംവിധായകന്റെ ചടുലതയോടെ ഉസ്മാന്റെ നേരെ നിന്നു. തന്റെ ഇരു കൈകളിലേയും തള്ള വിരലുകള്‍ ചേര്‍ത്തു പിടിച്ചു വൃത്തമുണ്ടാക്കി, അതിനകത്തുകൂടെ ഉസ്മാന്റെ വിയര്‍പ്പു പൊടിയുന്ന മുഖം വ്യത്യസ്ത ദിശകളിലൂടെ നോക്കിക്കണ്ടു. ഇടയ്ക്കിടയ്ക്ക് കൈകള്‍ പതുക്കെ ഉസ്മാന്റെ മുഖത്തേക്ക് അടുപ്പിക്കുകയും വളരെ സാവധാനത്തില്‍ പിന്‍വലിക്കുകയും ചെയ്തുകൊണ്ടിരുന്നു. മുന്നില്‍ ഷൂട്ടിംഗ് കാണുന്ന കൌതുകത്തോടെ ഇരിക്കുന്നവരോടായി നീരജ് പറഞ്ഞു.
“നല്ല ഡെപ്‌ത്തുള്ള ഫെയ്സാണ്.”
“മുഴുവന്‍ സമയവും ഉസ്മാന് ഓടേണ്ടി വരുമോ?” ഒരാള്‍ ഇടയ്ക്ക് കയറി ചോദിച്ചു.
“വേണ്ട, വേണ്ട... എല്ലാ സീനിലും ഉസ്മാനിക്ക ഓടണ്ട. ഓടുന്നതു പോലെ കാണിച്ചാല്‍ മതി.”
തലയില്‍ കുരിശ്ശിറങ്ങുന്ന വേദനയ്ക്കൊപ്പമുയര്‍ന്ന നിലവിളിയെ ഉസ്മാന്‍ മൌനത്തിലേക്കു പൂഴ്‌ത്തി.
നീരജ് കൈ രണ്ടും നീട്ടിപ്പിടിച്ചിട്ടു പറഞ്ഞു:
“നമ്മള്‍ ലോംഗ് ഷോട്ടില്‍ ഉസ്മാനിക്കാനെ കാണിക്കുന്നു. പതുക്കെപ്പതുക്കെ ഉസ്മാനിക്ക നടന്നു വരുന്നു. പശ്ചാത്തലത്തില്‍ തബലയുടെ നേര്‍ത്ത സംഗീതം മാത്രമേ ആ നേരത്തുണ്ടാകുകയുള്ളൂ. ഉസ്മാനിക്ക ക്യാമറയുടെ അടുത്തെത്തുമ്പോള്‍ ആ ഷോട്ട് നമ്മള്‍ കട്ട് ചെയ്യുന്നു. അടുത്ത ഷോട്ടില്‍ ഉസ്മാനിക്കാന്റെ കാല്‍പ്പത്തികളുടെ ക്ലോസപ്പ്. അത് വിവിധ ആംഗിളുകളില്‍, വ്യത്യസ്ത ടോണുകളില്‍ കാണിക്കുന്നു. വിണ്ടു കീറിയ കാലുകള്‍ പ്രേക്ഷകരെ ഹോണ്ട് ചെയ്യും. ഷുവര്‍” നീരജിന്റെ മുഖം ചുവന്നു തുടുത്തു. ഉസ്മാന്റെ ഹൃദയം കനം വച്ചു വിങ്ങി. ശ്വാസം മുട്ടി.
“ഉസ്മാനിക്കാ, സ്ക്രിപ്റ്റിന്റെ ഒരു കരുത്തിനു വേണ്ടി ചോദിക്കുകയാണ്. നിങ്ങളാരുടെ പുറകെയാണീ ഓടുന്നത് എന്നു പറയാമോ? എങ്ങിനെയാണ് ഈ പേരിത്രയും പോപ്പുലറായത്? നിങ്ങള്‍ക്ക് നടക്കാനാവില്ലേ?”
ഒരിക്കലെങ്കിലും തനിക്കു നടക്കാനാവില്ലേ എന്ന ചോദ്യം ഹൃദയത്തിന്റെ നേര്‍ത്ത ചുമരില്‍ എത്രയോ തവണ ഞാന്‍ ദൈവത്തോട് എഴുതി ചോദിച്ചിരിക്കുന്നു. പക്ഷേ ഉസ്മാന്‍ നീരജിനോട് മറുപടി ഒന്നും പറഞ്ഞില്ല.
“നീ ആരുടെ പുറകെയാണ് ഓടുന്നത് ഉസ്മാനെ?” വീണ്ടും ആരോ ഇടപെട്ടു.
“അല്ല, ഉസ്മാനെ തലയില് മീന്‍ കുട്ടയുമായി നടന്ന രാജപ്പന്‍ സൈക്കിളിലായി, പിന്നെ മോട്ടോര്‍ സൈക്കിളിലുമായി, ഇപ്പം കാറിലുമായി”
“രാജപ്പന്‍ മാത്രമോ? പീടിക തോറും പണം പലിശയ്ക്കു കൊടുത്തു നടന്ന അന്ത്രുക്ക കൊട്ടാരം പോലുള്ള വീടുമെടുത്തു. ഇപ്പം ഹാജിയാരുമായി. നീയിങ്ങനെ ഓടീട്ട്... ഒന്നും കാണുന്നില്ലല്ലോ ഉസ്മാനെ.”
നദിയിലേക്കു കല്ലു വന്നു വീണുയരുന്ന ജലകണങ്ങള്‍ പോലെ ഉസ്മാന്‍ ചിതറിയെണീറ്റു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈയിട്ടു.
“ഉമ്മാന്റെ മരുന്ന്” - റിമോട്ട് രശ്മിയുടെ അതിവേഗതയില്‍ ഉസ്മാന്‍ അവരുടെ ക്യാമറക്കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷനായി. ഉസ്മാന്റെ പെട്ടെന്നുണ്ടായ കുതിപ്പില്‍ നീരജും സംഘവും തരിച്ചിരുന്നു.
“ആരുടെ പിറകിലായിരിക്കും ഉസ്മാനിക്ക ഓടുന്നത്?” നീരജിന്റെ ശബ്ദത്തില്‍ നിരാശ കലര്‍ന്നിരുന്നു.
“ചിലപ്പോള്‍ ഉസ്മാന്‍ ഏതെങ്കിലും സ്വപ്നത്തിന്റെ പുറകെയായിരിക്കും ഓടുന്നത്.” സുകുമാരന്‍ അല്പം അലങ്കാരികതയോടെ പറഞ്ഞു.
“എനിയ്ക്ക് തോന്നുന്നത് അയാള്‍ക്കെല്ലാവരെയും ഭയമായിരിക്കും എന്നാണ്” വേറൊരാള്‍ പറഞ്ഞു.
നീരജ് അതൊന്നും ശ്രദ്ധിക്കതെ ഉസ്മാന്റെ വേഗതയിലേക്കെങ്ങനെ എത്തിച്ചേരാനാവുമെന്നതിനെപ്പറ്റി മനസ്സ് പുകയ്ക്കുകയാണ്. ആര്‍ക്കും ഇതുവരെ കണ്ടെത്താനാവാത്തവണ്ണം ഉസ്മാന്‍ ആരുടെ പുറകെയാണ് ഓടുന്നത്?
നീരജ് നിലത്ത് നീണ്ടു നിവര്‍ന്ന് കിടന്ന് ശ്വാസം വിട്ടു.
“നമുക്ക് ഉസ്മാന്റെ പൂറകെപ്പോയി നോക്കിയാലോ?”
“ഷൂട്ടിംഗിനു മുന്‍പ് അങ്ങനെയെന്തെങ്കിലും ചെയ്യേണ്ടി വരും” നീരജ് പറഞ്ഞു.
നീരജിന്റെയും സുഹൃത്തുക്കളുടെയും പിടിയില്‍ നിന്നും കുതറി, സ്വയം വിസ്മരിച്ചു വിയര്‍പ്പില്‍ പൊള്ളുന്ന കാലുകളുമായി പായുന്നതിനിടയില്‍ നെഞ്ചിലേക്കാഞ്ഞടിക്കുന്ന കാറ്റിനെ തള്ളി മാറ്റുമ്പോഴും ഉസ്മാന്റെ ഹൃദയം മന്ത്രിച്ചു:
“ഒരിക്കലെങ്കിലും എനിക്കൊന്നു നടക്കനാവില്ലെ, ഒരിക്കലെങ്കിലും?”
വായനശാലയുടെ പിറകിലൂടെ ഓടിയെത്തിയപ്പോഴാണ് കണ്ടത്, ചെറിയൊരു ആള്‍ക്കൂട്ടം. അവര്‍ പുതിയ വഴി വെട്ടുകയാണ്. ഒപ്പം വഴിയുടെ വീതിയും കൂട്ടുന്നുണ്ട്.
പുതിയ വഴി
വീതി കൂടുന്ന വഴി
നീളം കൂടുന്ന വഴി.
വഴികളൊക്കെ ഉസ്മാനെ ഭയപ്പെടുത്തുന്നു. “ഈ വഴികളത്രയും ഞാന്‍ ഓടിത്തീര്‍ക്കണ്ടേ? നീളം കൂട്ടല്ലേ.. നീളം കൂട്ടല്ലേ...”
ഇരുട്ടും മൌനവും ഇഴയുന്ന മുറിയില്‍ ഉറക്കത്തിന്റെ അരികു പറ്റാനാവാതെ ഉസ്മാന്‍ കിടന്നു. രാത്രിയെ ആട്ടിപ്പായിച്ചും സ്വപ്നങ്ങള്‍ക്കു നേരെ അലസമായി കല്ലെറിഞ്ഞും. അടുത്ത മുറിയില്‍ കിടക്കുന്ന ഉമ്മയുടെ ചിരിയും കരച്ചിലും ഉസ്മാന്റെ നഖം പൊളിഞ്ഞു പോയ കാലുകളിലേക്കു തുളച്ചു കയറി.
“ഇത്താ...” ചാട്ടവാറടിയായി പെങ്ങളുടെ വിളി.
ഉസ്മാന്‍ ചാടിയെണീറ്റു.
“എന്താ മോളെ?”
“ഉമ്മച്ചി ഓടി...”
ഉസ്മാന്റെ കാലുകളിലേക്ക് ആരോ തീക്കനല്‍ കോരിയിട്ടു. പ്രജ്ഞയുടെ എല്ലാ വിളക്കുകളും കെട്ടുപോയ ഉസ്മാന്റെ ഉമ്മ പതിവു തെറ്റിക്കാതെ ഇരുളിലൂടെ ഓടുകയാണ്. ഒപ്പം ഉമ്മയുടെ പുറകെ ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത ഓട്ടക്കാരനായി ഉസ്മാനും.
“എന്നാണാവോ ഉമ്മാന്റെ ഓട്ടമൊന്നു നില്‍ക്കുക”
നിലാവ് കരുണ കാണിച്ചപ്പോള്‍ ഉസ്മാന് ആശ്വാസമായി. ഓടിയോടി ഒരിടത്ത് വീണുകിടക്കുന്ന പതിവ് ഇന്നും ഉമ്മ തെറ്റിച്ചിട്ടില്ല.
“ഉമ്മ... ഉമ്മ...” കിതപ്പില്‍ ഉസ്മാന്‍ വിളിച്ചു കൊണ്ടിരുന്നു.
എന്നത്തെയും പോലെ ഇത്തവണ ഉമ്മ ഉസ്മാനെ കെട്ടിപ്പിടിക്കുകയോ കരയുകയോ ചെയ്തില്ല.
“ഉമ്മാ...”ഉസ്മാന്‍ പതുക്കെ തൊട്ടു വിളിച്ചു. തണുത്തു മരവിച്ച ഉമ്മയുടെ ശരീരം കൈകളില്‍ താങ്ങി ഉസ്മാന്‍ വീട്ടിലേക്കു കയറിച്ചെന്നു. ഓടിവന്ന പെങ്ങളോടു പറഞ്ഞു.
“ഓടിയോടി ഉമ്മ രക്ഷപ്പെട്ടെടീ..” പെങ്ങള്‍ തൂണു പോലെ നിന്നു.
ഭൂമിയുടെ അറ്റത്തെത്തപ്പെട്ട വിഭ്രാന്തിയോടെ ഉസ്മാന്‍ ഉമ്മയുടെ കബറിനരികില്‍ നിന്നു.
“റബ്ബേ, ഭൂമി തീര്‍ന്നു പോയല്ലോ. ഇനിയങ്ങോട്ട്...” വിറച്ചു വിറച്ചു ഉസ്മാന്‍ ജീവിതത്തിലേക്ക് തിരിഞ്ഞു നിന്നു. തന്നിലെ മുഴുവന്‍ വേഗതയുമെടുത്ത് ഓടി. ഓടിയോടി കുന്നില്‍ ചുവട്ടിലെത്തി. തീറ്റ കഴിഞ്ഞു കുന്നിറങ്ങി വരുന്ന കാളക്കൂട്ടങ്ങള്‍. പതുക്കെ താളത്തില്‍ ശരീരം കുലുക്കി നടന്നു പോകുന്ന കാളകളുടെ കാലുകളിലേക്ക് ഉസ്മാന്‍ കൊതിയോടെ നോക്കി.
ഇടവഴിയില്ല. വീതി കൂട്ടിയിരിക്കുന്നു. ബാല്യത്തിന്റെ ഓര്‍മ്മകളെ ഇടിച്ചു നിരത്തിയിരിക്കുന്നു. ഒരു കരിയില പോലും വീണു കിടക്കുന്നില്ല. ഇടവഴികള്‍ ഓര്‍മ്മകള്‍ക്ക് ഇഴഞ്ഞു നടക്കാനുള്ളതായിരുന്നു. ഇപ്പോള്‍ കുഞ്ഞനന്തന്‍ മാഷിന്റെ മകളുമില്ല. കനത്തു കെട്ടിക്കിടക്കുന്ന മൂകത മാത്രം. തലച്ചോറിലൂടെ ഭ്രാന്ത് റോന്ത് ചുറ്റുന്നുണ്ട്. അതു ശരീരത്തെ മുഴുവനായി വിഴുങ്ങുന്നതിനു മുമ്പ് ഒന്നു നടക്കണം. ഒരിക്കലെങ്കിലും ഒന്നു നടക്കണം. അരുകില്‍ വഴിയിലേക്ക് ചാഞ്ഞു കിടക്കുന്ന മരക്കൊമ്പില്‍ പിടിച്ചുകൊണ്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു. ആരുമില്ല. ഇടയ്ക്ക് പറമ്പിലേക്ക് ഞെട്ടറ്റു വീഴുന്ന പഴുത്തിലകളുടെ നേര്‍ത്ത ശബ്ദമൊഴിച്ചാല്‍ മറ്റൊന്നുമില്ല. ഇതുതന്നെയാണ് പറ്റിയ അവസരം. എത്രയോകാലമായി മനസ്സില്‍ കിടക്കുന്ന ആഗ്രഹം സഫലീകരിക്കാന്‍ പോകുന്നു. ഉസ്മാന്‍ നടക്കാനായി ഒരുങ്ങി. ശരീരത്തിലാകെ തണുപ്പ് അരിച്ചിറങ്ങുന്നു. വീടു വരെയെങ്കിലും നടക്കാന്‍ പറ്റുമോ? പതുക്കെ മരക്കൊമ്പില്‍ നിന്നും കൈവിട്ടു. നടന്നോ ഉസ്മാനേ, നടന്നോ... ആരൊക്കെയോ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
“പറ്റുമോ?” രണ്ടും കല്പിച്ച് ഉസ്മാന്‍ വലതുകാല്‍ മുന്നോട്ട് വച്ചു. ഒന്ന്.. രണ്ട്... രണ്ടടി നടന്നു കഴിഞ്ഞിരിക്കുന്നു. വിശ്വസിക്കാനാവാതെ ആഹ്ലാദത്താല്‍ മൂന്നാമത്തെ അടി നീട്ടി വച്ചു. നാല്.. അഞ്ച്... പെട്ടെന്നു കാലുകള്‍ വിയര്‍ത്തു. ശരീരം ചൂട് പിടിച്ചു. ചെവിയില്‍ നിലവിളിക്കാത്ത, ഉള്ളു തുറന്നു ചിരിക്കാനാവാത്ത പെങ്ങളുടെ ചിരി... ചിരി മാത്രം... പിന്നീട് നേര്‍ത്ത ചങ്ങലക്കിലുക്കം.
“പെങ്ങള്.. പെങ്ങള്...” നടക്കാനാവാത്ത പരാജയത്തിന്റെ ഊക്കില്‍ നിന്നു ലഭിച്ച വേഗതയുമായി ഉസ്മാന്‍ ഓടി... ഓടിയോടി...
അര്‍ഷാദ് ബത്തേരി
പുസ്തകം: മരിച്ചവര്‍ക്കുള്ള കുപ്പായം
വിലാസം: ഷെഹനായ്,
പൂമല,
വയനാട് - 673 592