ആട് അങ്ങാടിയറിയുമ്പോള്‍
നട്ടുച്ച തിളക്കും
നിരത്തില്‍
ചുവപ്പ്
ചിതറിക്കിടന്നു
പകുതിയറ്റ കൈകളുമായ്
കൈവണ്ടികള്‍
ആകാശത്തിലേക്ക്
തുറിച്ചുകിടന്നു
ചിതറിയ കാബേജ് തുണ്ടുകള്‍
പീലികരിഞ്ഞ
കണ്‍പോള പോലെ
മലര്‍ന്നുകിടന്നു
ചതഞ്ഞു തൂറിയ
തക്കാളിക്കുടര്‍മാലകള്‍
ചാര്‍ത്തിയൊരൊറ്റക്കണ്ണട-
യുടഞ്ഞുകിടന്നു
വാററ്റ ചെരുപ്പുകള്‍
പല്ലുകള്‍
എല്ലിന്തരിപ്പുകള്‍
കാളക്കുറവുകള്‍
കത്തികള്‍
കശാപ്പുമണങ്ങള്‍
മാടിക്കെട്ടിയ
തൊലിക്കെട്ടുകള്‍
തകര്‍ന്ന മുക്കാലിയില്‍
തുടലറ്റതുലാസ്സിന്തട്ടുകള്‍
തുറകണ്ണുരുട്ടും
ആട്ടിന്‍ തലകള്‍
ഉരുകിയ ടാറിലങ്ങനെ
ചില്ലുകാഴ്ചകള്‍
തറഞ്ഞുകിടന്നു
|

ചോരവാലുന്ന
ചാലുകളിലാകാശം
പിഞ്ഞിക്കിടന്നു
നിശ്ശബ്ദത വീണുപൊള്ളിയ
നടപ്പാതയില്‍
ചുവപ്പു രേഖവീഴ്തിക്കൊണ്ട്
ഒരു കുട്ടി
അരയില്‍നിന്നൂര്‍ന്നു പോയ നിക്കര്‍
ഇടംങ്കൈകൊണ്ടുതാങ്ങി
വലങ്കൈകൊണ്ട്
പട്ടയുരുട്ടിനീങ്ങുന്നു.
|
ജയന്‍ കെ.സി
പുസ്തകം: ആയോധനത്തിന്റെ അച്ചുതണ്ട്, അയനം, വചനരേഖയില്‍, പോളിമോര്‍ഫിസം