![]() |
|||||
എന്റെ കഥകളില്‍ എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമേതാണെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ പെട്ടെന്ന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. 'ഒരു കങ്ങ്ഫൂ ഫൈറ്ററി'ലെ രാജു, 'ശ്രീപാര്‍വ്വതിയുടെ പാദ'ത്തിലെ മാധവി അതുമല്ലെങ്കില്‍ ആത്മാംശമുള്ള നിരവധി സ്ത്രീപുരുഷ കഥാപാത്രങ്ങളില്‍ ഏതെങ്കിലുമൊന്ന് എന്നൊക്കെ ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകാം. ശരിയ്ക്കു പറഞ്ഞാല്‍ എനിയ്ക്ക് ഞാന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ ഓരോന്നും ഇഷ്ടമാണ്. എല്ലാം, തേഞ്ഞു കഴിഞ്ഞ ഒരു പ്രയോഗം കടമെടുത്താല്‍ 'പേറ്റുനോവെടുത്തു' സൃഷ്ടിച്ചവതന്നെ. പക്ഷെ 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' (അനിതയുടെ വീട്) എന്ന കഥയെഴുതുമ്പോള്‍ ഞാന്‍ ശരിക്കും കരയുകയായിരുന്നു. എഴുതിക്കഴിഞ്ഞ ശേഷവും ആ കഥ എത്രയോ ആവര്‍ത്തി വായിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും തേങ്ങലോടെയല്ലാതെ അതു വായിച്ചുതീര്‍ക്കാന്‍ പറ്റാറില്ല.
റാണിയെന്ന പേരുള്ള ഒരു കൊച്ചു പെണ്‍കുട്ടിയുടെ കഥയാണ് 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍'. രണ്ടു ദിവസം മുമ്പ് അവളുടെ ഏക ആശ്രയമായിരുന്ന അമ്മ മരിച്ചു. തെരുവിലാണ് അവള്‍ വളര്‍ന്നത്. അമ്മ, സമുദായം തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞ സ്ത്രീയാണ്. അവള്‍ ഒരു വേശ്യയാവാം, നാടോടിയാവാം അല്ലെങ്കില്‍ വെറുമൊരു തെരുവുതെണ്ടി. മകളുടെ അച്ഛനാരാണെന്ന് ആ സ്ത്രീ തന്നെ അറിയുന്നുണ്ടാവില്ല. ഒരു തെരുവുതെണ്ടിയുടെ ചാരിത്ര്യത്തെപ്പറ്റി നാം സംസാരിക്കാറില്ല. ഇപ്പോള്‍ തെരു വിലേയ്ക്ക് ക്രൂരമായി വലിച്ചെറിയപ്പെട്ട ആ ആറു വയസ്സുകാരി ഒരഭയസ്ഥാനത്തിനായി തിരയുകയാണ്.
കഥ പറയുന്ന ആള്‍ സമ്പന്നനാണ്. ഭാര്യയുടെ അനുജത്തിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ആഭരണങ്ങളും സാരിയും എടുക്കാന്‍ ഇറങ്ങിയതാണ് അവര്‍. ജോസ് ജങ്ങ്ഷനിലെവിടെയോ കാര്‍ പാര്‍ക്കു ചെയ്ത് അവര്‍ കടകള്‍ കയറിയിറങ്ങുകയാണ്. റാണി അവരെ പിന്‍തുടരുന്നു. അയാള്‍ ഓരോ സമയത്തായി അവളുടെ പശ്ചാത്തലം ചോദിച്ചു മനസ്സിലാക്കുന്നു. വേണമെങ്കില്‍ നിസ്സഹായയായ ആ പെണ്‍കുട്ടിയെ രക്ഷിക്കാം, പക്ഷേ താന്‍ അതു ചെയ്യുന്നില്ലെന്ന ബോധം ആ മനുഷ്യനെ അലട്ടുന്നു. അതില്‍നിന്നയാളെ വിലക്കുന്നതെന്താണ്? അയാളുടെ ഭാര്യ, കുടുംബം, സമുദായം. ദിവസത്തിന്റെ അന്ത്യത്തില്‍ 'എന്നെ ഒപ്പം കൊണ്ടുപോകുമോ' എന്ന ആ കൊച്ചുകുഞ്ഞിന്റെ അപേക്ഷ തട്ടിമാറ്റി അയാള്‍ കാറോടിച്ചു പോകുകയാണ്. വീട്ടിലെത്തി ഭാര്യയെ ഇറക്കിയശേഷം അയാള്‍ കാറില്‍നിന്നിറങ്ങാതെ കുറച്ചുനേരം ചിന്തിക്കുന്നു; മനസ്സാക്ഷി വല്ലാതെ കലാപം തുടങ്ങിയപ്പോള്‍ പെട്രാള്‍ നിറക്കാനുണ്ടെന്നു പറഞ്ഞ് തിരിച്ച് അവളെ അവസാനം കണ്ടിടത്തേയ്ക്ക് ഓടിച്ചു പോകുന്നു. അയാള്‍ തീരുമാനങ്ങളെടുത്തിരുന്നു. പക്ഷേ വൈകിപ്പോയി. സഹജീവിയോട് കാരുണ്യം കാണിക്കാനുള്ള അവസരം പോലും അയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. കഥ അവസാനിക്കുന്നത് '......അയാള്‍ കാറിന്റെ വാതിലടച്ചു. കുറേ നേരം സ്റ്റീയറിംഗ് വീലിന്മേല്‍ കൈവച്ച് അനങ്ങാനാവാതെ ഇരുന്നു. അയാള്‍ക്ക് എന്തൊക്കെയോ നഷ്ടപ്പെട്ടിരുന്നു.' എന്നാണ്. പക്ഷേ നഷ്ടപ്പെട്ടതിനേക്കാള്‍ അയാള്‍ നേടിയിരുന്നു. അയാളിപ്പോള്‍ സമ്പന്നമായൊരു ഹൃദയത്തിന്റെ ഉടമയാണ്.
ഈ കഥാപാത്രത്തെ, കഥയിലെ റാണിയെ, ഞാന്‍ എവിടെയാണ് കണ്ടുമുട്ടിയത്? കുറേനേരത്തെ ആലോചനയ്ക്കു ശേഷം ഉത്തരം കിട്ടി. ഈ കഥാപാത്രം നമ്മുടെ നാട്ടില്‍ ഓരോ നിമിഷവും ജനിച്ചു കൊണ്ടിരിക്കുന്നു. നമ്മള്‍ അവരെ കാണുന്നില്ലെന്നു മാത്രം. അങ്ങിനെയുള്ള നിര്‍ഭാഗ്യവാന്മാരെ കാരുണ്യത്തിന്റെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ ഈ കഥ പ്രാപ്തരാക്കിയാല്‍ എന്റെ കഥ സാര്‍ത്ഥകമായി.
ഇ. ഹരികുമാര്‍
പുസ്തകം: ശ്രീപാര്‍വ്വതിയുടെ പാദം, ദിനോസറിന്റെ കുട്ടി, ആസക്തിയുടെ അഗ്നിനാളങ്ങള്‍ തുടങ്ങിയവ. പുതിയ നോവല്‍ കൊച്ചമ്പ്രാട്ടി മലയാളം വാരികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചു വരുന്നു.
വിലാസം: 404, ഗോവിന്ദ് അപ്പാര്‍ട്ട്മെന്റ്സ്, കൊച്ചി.
ജാടകളൊന്നുമില്ലാതെ, എഴുത്തില്‍ മാത്രം ശ്രദ്ധിക്കുന്ന അങയേയും അങയുടെ എഴുത്തിനെയും ഞാന്‍ ബഹുമാനിക്കുന്നു. ശ്രീപാര്‍വതിയുടെ പാദം എനിക്ക് നല്ലോം ഇഷ്ടപ്പെട്ട ഒരു കഥ.