തര്‍ജ്ജനി

ജോഷി ജോസഫ്‌

Visit Home Page ...

ലേഖനം

ഗുരോ, നെയ്യും വനസ്പതിയും സിനിമയും സീരിയലും നീയും ഞാനും തമ്മിലെന്ത്‌?

അടൂര്‍ ഗോപാലകൃഷ്ണനും ഗാന്ധിജിയും തമ്മിലുള്ള വൈജാത്യങ്ങളില്‍ ഏറ്റവും വലിയതേതായിരിക്കും എന്ന ഭാവനയെ ഒന്നു‍ റീവൈന്‍ഡ്‌ ചെയ്ത്‌ നോക്കുമ്പോള്‍ കാണുത്‌, ഗാന്ധിജിക്ക്‌ ഒരിക്കലും അടൂരിനെപ്പോലെ സിനിമയെടുക്കാന്‍ കഴിയുമായിരുന്നി‍ല്ല എന്നതാകുന്നു‍. തന്റെ ആശയങ്ങള്‍ പ്രബലമായി പ്രചരിപ്പിക്കാന്‍ കമ്മ്യൂണിക്കേഷന്റെ സകലമാന ടെക്‍നിക്കുകളും ഉപയോഗിച്ച്‌ ഗാന്ധിജി, ഒരു അമല്‍ നീരദ്‌ സിനിമയെടുക്കുമായിരുന്നു‍ എന്നല്ല ഇതിനര്‍ത്ഥം. സിനിമ എന്ന മാദ്ധ്യമത്തിന്റെ തനിനിറമായ തോന്നി‍പ്പിക്കലിനോട്‌ അദ്ദേഹം ഒരിക്കലും രാജിയാകുമായിരുന്നി‍ല്ല. ഗാന്ധിജിയുടെ സത്യാന്വേഷണപരീക്ഷകളുമായി ഉടലോടെ ഇടം തടിച്ച്‌ നില്ക്കാന്‍ ചലച്ചിത്രവ്യവഹാരനിഘണ്ടുവിലെ cheating എന്ന പദം മാത്രം മതിയായേനെ.

അടൂര്‍ ഗോപാലകൃഷ്ണന്റെ 'നിഴല്‍ക്കുത്ത്‌' എന്ന സിനിമയില്‍ ഓടിറമ്പത്ത്‌ നിന്നും ബാക്‍ലൈറ്റില്‍ മഴയുടെ എച്ചിലുകള്‍ ഇറ്റിറ്റ്‌ വീഴിക്കാന്‍ ഫയര്‍ എഞ്ചിനുകളുടെ ആവശ്യം വന്നില്ല. കീടനാശിനി സ്പ്രേ ചെയ്യുന്ന ഏതാനും പമ്പുകള്‍ സംഘടിപ്പിക്കുകയായിരുന്നു‍. ഷോട്ടിന് വേണ്ടി വെള്ളം ചീറ്റിച്ച്‌ ചീറ്റിച്ച്‌ കെട്ടി‍ടത്തില്‍ വിജയന്‍ ചേട്ടനും മറ്റും ഒന്നു‍രണ്ട്‌ ദിവസത്തേക്ക്‌ കീടനാശിനിച്ചൂരിന്റെ വാഹകരായി മാറി. സിനിമയിലെ പതിന്നാ‍ലുകാരി ക്ലാസ്സ്‌റൂമിലിരുന്ന്‌ വയസ്സറിയിക്കുമ്പോള്‍ മേക്കപ്പ്‌ മണിയുടെ ചുമന്ന ചാന്തോ, ആരാച്ചാര്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചാരായസേവക്ക്‌ കുപ്പിക്കുള്ളിലെ പച്ചവെള്ളമോ കൊണ്ട്‌ ഗാന്ധിജിയാണെങ്കില്‍ സമ്മതിക്കുമായിരുന്നി‍ല്ല. ഗാന്ധിജിയുടെ ആദര്‍ശങ്ങളെല്ലാം കൊള്ളാമെന്ന്‌ ഗാന്ധിയനായ സ്വന്തം മകനോട്‌ ആരാച്ചാര്‍ സമ്മതിക്കുന്നു‍ണ്ടെങ്കിലും വെള്ളമടിയെപ്പറ്റി പറഞ്ഞത്‌ തനിക്ക്‌ പിടിക്കുന്നി‍ല്ലായെന്ന്‌ വെള്ളപ്പുറത്താണ്‌ പറയുത്‌. (ഈ സീനെടുക്കുമ്പോള്‍ ആത്മകഥാപരമായ ഒരു കള്ളച്ചിരി കണ്ടുവോ, അടൂരിന്റെ മുഖത്ത്‌?)

2008 ഡിസംബറില്‍ തിരുവനന്തപുരത്ത്‌ നടന്ന പതിമൂന്നാ‍മത്‌ ഐ.എഫ്‌.എഫ്‌.കെ-യില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ സിനിമയായ 'രണ്ടാണും ഒരു പെണ്ണും' ഉണ്ടായിരുന്നി‍ല്ല. നല്ല സിനിമകള്‍ കണ്ട്‌ കണ്ട്‌ കഴുത്തൊടിഞ്ഞ നിലയില്‍ മേള കഴിഞ്ഞ്‌ കൊല്‍ക്കത്തയ്ക്ക്‌ മടങ്ങും മുമ്പ്‌, ചലച്ചിത്ര നിരൂപഹയനായ വിദ്യാര്‍ത്ഥി ചാറ്റര്‍ജിയും ഞാനും കൂടി ബീമാപള്ളിയില്‍ പോയി. കാണാനൊക്കാത്ത മത്സരചിത്രങ്ങളുടെയും മറ്റും ഡി.വി.ഡികള്‍ പെടാവിലക്ക്‌ വാങ്ങി പെട്ടി‍ നിറച്ചു. കൂട്ടത്തില്‍ 'എലിപ്പത്തായം' സ്വന്തമാക്കി. മദ്ധ്യതിരുവിതാംകൂര്‍ പേച്ചിന്‌ അറബി subtitleകളുടെ ചന്ദ്രക്കലകള്‍.

വീണ്ടും ഗാന്ധിജി വന്ന് മനസ്സില്‍ മുട്ടുന്നു ......

ഞാന്‍ ഇവിടെ നിന്നും ചാടുന്നത്‌ റിയലിസത്തിലേയ്ക്കോ, മാജിക്കല്‍ റിയലിസത്തിലേയ്ക്കോ എന്ന്‌ നിരൂപഹയപ്പയലിനെ ഒന്ന്‌ കളിപ്പിക്കണമെന്നുണ്ടെങ്കില്‍, സിനിമയില്‍ ഞാന്‍ ചെറുതായി ഉറക്കം തൂങ്ങുന്ന ഒരു ഷോട്ടി‍ല്‍ വന്ന്‌, ഗാന്ധിജി വാതില്‍ക്കല്‍ മുട്ടി‍യാല്‍ മതി. പുരനിറഞ്ഞു നില്ക്കുന്ന കവിയൂര്‍ പൊന്നമ്മ 'മുഖാമുഖ'ത്തിലെ സഖാവ്‌ ശ്രീധരന്‌ വാതില്‍ തുറന്ന് കൊടുത്തോ ഇല്ലയോ എന്ന്‌ സംവദിച്ച്‌ ചലച്ചിത്രബൌദ്ധന്മാര്‍ ഊര്‍ജ്ജം ചെലവാക്കിയ കാര്യം ഓര്‍ക്കുക.

ചിദാനന്ദദാസ്‌ ഗുപ്തയുടെ Seeing is Believing എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം എഴുതിയിട്ടു‍ണ്ട്‌. വി.കെ.എന്‍. ഭാഷയില്‍ വരിയുദ്ധരിച്ച്‌ പറയാം.

Sreedharan's re-appearance is a fiction, അടൂര്‍ഗോപാലകൃഷ്ണന്‍.
“Sreedharan is built up in the second half with such speciefity that he is no more image of fiction, ചലച്ചിത്ര നിരൂപകന്‍ ഇഖ്ബാല്‍ മസൂദ്‌.

വിവാദങ്ങളല്ലാതെ ഇതുപോലൊരു ചലച്ചിത്ര സംവാദം അടൂര്‍ ഗോപാലകൃഷ്ണന്റെ 'എലിപ്പത്തായ'ത്തെപ്പറ്റിയോ 'മുഖാമുഖ'ത്തെപ്പറ്റിയോ മലയാളത്തില്‍ നടക്കാതെ പോയതെന്തുകൊണ്ടാവാം? അവാര്‍ഡുമായി ബന്ധപ്പെട്ട്‌ മാത്രം വിവാദങ്ങളുണ്ടാകുന്ന ഒരസ്തിത്വമേ സിനിമക്കുള്ളൂവെങ്കില്‍ പിന്നെ, അരനൂറ്റാണ്ടിന്റെ ഫിലിം സൊസൈറ്റി തറവാടിത്തം തവിടുപൊടിയായോ? നമ്മുടെ ആസ്ഥാനനിരൂപകരായ കോട്ടയം മത്തായിച്ചനും തൃശൂര്‍ തോമാച്ചനും ഇഖ്ബാല്‍ മസൂദിനെപ്പോലെ നടുനിവര്‍ത്തിപ്പറയാന്‍ നാവ്‌ പൊങ്ങാതിരുന്നതെന്തേ? ലോകസിനിമയെ മലയാളിബുദ്ധിയില്‍ മുട്ടി‍ച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടി‍യ 'ചിത്രലേഖ'യുടെ പ്രധാനശില്പികളിലൊരാളായ അടൂരിനെപ്പേടിച്ചിട്ടാ‍ണോ ഇന്ന്‌ മലയാളി പ്രേക്ഷകന്‍ വഴിനടക്കുന്നത്‌? പുലപ്പേടി മണ്ണാപ്പേടി എന്നപോലൊരു അടൂര്‍പ്പേടി?

ഇവിടെ ചില്ലറ ആത്മകഥ. മാപ്പാക്കണം, വേറെവഴിയൊന്നും തെളിയുന്നി‍ല്ല.

* * * * *
കടമക്കുടിയില്‍ നിന്ന്‌ മുണ്ടുടുത്തിട്ടാ‍ണ്‌ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടി‍ല്‍ ഇന്റര്‍വ്യൂവിന്‌ പോയത്‌. മലയാള സാഹിത്യത്തില്‍ ബിരുദവും കടമക്കുടിയുടെ കറുത്തകവിയായ ജോസുകുട്ടനുമായുള്ള പാതിരാചര്‍ച്ചകളും കേരളീയന്റെ മാതൃഭാഷയായ പച്ചമലയാളത്തിലാണ്‌ ശീലിച്ചത്‌. ഇന്റര്‍വ്യൂബോര്‍ഡിന്റെ മുമ്പില്‍ ആംഗലത്തില്‍ ഞൊണ്ടിയും മുടന്തിയുമുള്ള പേശും എന്റെ കോസ്റ്റ്യൂം ഡിസൈനും ചേര്‍ന്ന് വിധികര്‍ത്താക്കളുടെ പണി വളരെ എളുപ്പമാക്കിത്തീര്‍ത്തിരിക്കണം. ഏതായാലും സിനിമ എന്നേ‍യും ഞാന്‍ സിനിമയേയും വിട്ടു‍. 'എന്നാ‍ലിനി കത്തോലിക്കാ സഭ പൊളിക്കുക തന്നെ എന്നൊരു പുതിയ ലൈന്‍. ഉന്മൂലന സിദ്ധാന്തത്തിന്റെ പ്രയോക്താക്കളായി, അതോടെ കവിയും ഞാനും. റോമന്‍കത്തോലിക്കാസാമ്രാജ്യവാദത്തിന്റെ നാടന്‍ വാസ്തുശില്പമായി കടമക്കുടി സെന്റ്‌ അഗസ്റ്റ്യന്‍സ്‌ പള്ളിയും പള്ളീലച്ചനും ഞങ്ങളുടെ വിമോചനദൈവശാസ്ത്രത്തിന്‌ മുന്നി‍ല്‍ ഗര്‍വ്വോടെ നിവര്‍ന്നു‍ നിന്നു‍. പള്ളിപൊളിഞ്ഞില്ലെങ്കിലും ഞങ്ങളുടെ തീവ്രവാദം പൊളിഞ്ഞ്‌ പാളിസായി. കുഞ്ഞാടുകള്‍ ഒന്നൊന്നാ‍യി മാപ്പെഴുതി കൊടുത്തു. ഞങ്ങള്‍ എറണാകുളം ബിഷപ്പിനേയും വികാരിയച്ചനെയും പ്രതിച്ചേര്‍ത്ത്‌ കൊടുത്ത കേസ്‌ ഹൈക്കോടതിയില്‍നിന്നും ഉടലോടെ തള്ളി. കടമക്കുടി ഒരു ദ്വീപാകുന്നു‍. ഇനി ഇവിടെനിന്നും എങ്ങോട്ട്‌ മുങ്ങും?

'ആസ്സാമില്‍ വെള്ളപ്പൊക്കം' എന്ന ന്യൂസ്‌റീല്‍ നാണപ്പന്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക്‌ ബോംബെ ഫിലിംസ്‌ ഡിവിഷനില്‍ ഇന്റര്‍വ്യൂ കൊടുത്തിരുന്നു‍വെങ്കിലും അപ്പോയ്‍ന്റ്മെന്റ് ഓര്‍ഡര്‍ കിടച്ചിരുന്നി‍ല്ല. അതിന്റെ പോലീസ്‌ വെരിഫിക്കേഷന്‍ കടലാസ്സുമായി ഞാറക്കല്‍ പോലീസ്‌ സ്റ്റേഷനില്‍നിന്ന്‌ മഫ്ടിയില്‍ വന്ന പോലീസുകാരന്‍ എന്റെ സത്സ്വഭാവം തിരക്കാനായി നേരെ പോയത്‌ പള്ളിയിലേക്കാണ്‌. ഉപവാസം ഒരഭ്യാസമാക്കിയിരുന്ന വികാരി അച്ചന്‍ എന്റെ ഭാഗ്യത്തിന്‌ അന്ന്‌ വയറുനിറയെ ഒരു കല്യാണസദ്യയുണ്ട്‌ 'അനന്തരം' സിനിമയിലെ വാല്യക്കാരനെപ്പോലെ പള്ളവലിച്ചുറങ്ങുകയായിരുന്നു‍. അന്ന്‌ ആ പോലീസുകാരന്‍ എന്റെ സ്വഭാവഗുണം തിരക്കി എന്നെ‍ പെറ്റ അമ്മച്ചിയുടെ അടുത്തേക്കു തന്നെ‍ പോയതുകൊണ്ട്‌, അതുകൊണ്ടുമാത്രം ഫിലിംസ്‌ ഡിവിഷനിലെ മലയാള വിഭാഗത്തില്‍ ഞാന്‍ എത്തപ്പെടുകയാണുണ്ടായത്‌.

അവിടെയതാ, സിനിമ എന്ന പഴയ കാമുകിയുടെ പ്രേതരൂപത്തെ കണ്ടുമുട്ടുന്നു. സിനിമ എങ്ങിനെ എടുക്കരുതെന്ന്‌ സ്ഥാപിച്ച്‌ ഭരണഘടനാ പിന്‍ബലത്തോടെ മുന്നോട്ടു നീങ്ങുകയായിരുന്നു‍ അക്കാലത്ത്‌ ഫിലിംസ്‌ ഡിവിഷന്‍. ദൂരദര്‍ശനൊഴിക മറ്റു ദര്‍ശനദുരന്തങ്ങളൊന്നും ചാനല്‍ ജന്മമെടുത്തിട്ടും ഉണ്ടായിരുന്നി‍ല്ല. സിനിമയെടുക്കാന്‍വേണ്ടി എഴുതിക്കൊടുക്കുന്ന കടലാസ്സുകളൊക്കെ 'പോടാ ചെക്കാ, ജൂനിയര്‍ നാണപ്പാ' എ മട്ടി‍ല്‍ സ്ഥിരമായി മടങ്ങി.

ഇനി ഞാന്‍ ഏതു പള്ളി പൊളിക്കും?

കൂട്ടി‍ന്‌ കറുത്ത കവിയുമില്ല.

(സൌണ്ട്‌ ട്രാക്കില്‍ മുളങ്കാടുകള്‍ ഞെരിയുന്ന ശബ്ദം. അത്‌ കുറഞ്ഞു വരുന്തോറും ഇടത്തുനിന്ന്‌ വലത്തോട്ട്‌ എ. ആര്‍ റഹമാന്റെ വന്ദേമാതരം പാന്‍ ചെയ്യുന്നു‍.)

* * * * *
ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ ഇടക്കാല ഗവമെന്റ്‌ ഉണ്ടായിരുപ്പോള്‍ ഗാന്ധിജി, വനസ്പതി നിരോധിക്കണം എന്ന്‌ പറഞ്ഞു. വനസ്പതി നെയ്യല്ലാത്ത നെയ്യാണ്‌. വനസ്പതി ഒരസത്യമാണൊണ്‌ ഗാന്ധിജി പറഞ്ഞത്‌. വനസ്പതി എത്‌ പശുവിന്‍ നെയ്യാണെന്ന്‌ തെറ്റിദ്ധരിപ്പിക്കുന്ന വിധം എണ്ണയില്‍ മാറ്റം വരുത്തിയിട്ട്‌ ജന്തുജന്യമായ വിറ്റാമിന്‍ എ ചേര്‍ത്തുണ്ടാക്കുന്ന ഒരു കൃത്രിമ വസ്തുവാണൊണ്‌ ഗാന്ധിജി പറയുന്നത്‌. അന്നു‍ ഭരിച്ചിരുന്നത്‌ മുഴുവന്‍ ഗാന്ധിജിയുടെ ശിഷ്യന്‍മാരായിരുന്നു‍.

ആരും സമ്മതിച്ചില്ല. അന്ന്‌ ഞങ്ങള്‍ 'ഹരിജന്‍' വായിക്കുന്ന സമയമായിരുന്നു‍. അന്ന്‌ ഗാന്ധിജി നിരന്തരം ഹരിജനില്‍ ഇതിനെക്കുറിച്ച്‌ എഴുതിക്കൊണ്ടിരുന്നു‍. 'ക്രിപ്സ്‌ മിഷനെ'കുറിച്ച്‌ പറയുന്ന ഗൌരവത്തോടെയാണ്‌ വനസ്പതിയെക്കുറിച്ചും എഴുതുന്നത്‌. അതാണ്‌ ഗാന്ധിജി.
ഇതുതന്നെ‍ അദ്ദേഹം വീണ്ടും വീണ്ടും എഴുതും. അവസാനം ഗവണ്‍മെന്റ്‌ ഇദ്ദേഹത്തെക്കൊണ്ട്‌ പൊറുതി മുട്ടി‍ തീരുമാനിച്ചതെന്താണെറിയുമോ? നിരോധിച്ചില്ല. വനസ്പതി നെയ്യാണെന്ന്‌ തോന്നാ‍തിരിക്കാന്‍വേണ്ടി അതില്‍ പച്ചച്ചായംചേര്‍ക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ നെയ്യാണെന്ന്‌ ആരും കരുതുകയില്ലല്ലോ. പക്ഷേ രണ്ടു മാസം കഴിഞ്ഞപ്പോള്‍ അതും വേണ്ട എന്ന്‌ വെച്ചു.
ന്ധിജിയുടെ ആദര്‍ശം സ്വതന്ത്ര്യ ഇന്ത്യയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നവെന്നു‍ള്ള വിവരം ആദ്യമായി കിട്ടി‍യത്‌ ഈ സംഭവത്തില്‍ നിന്നാ‍ണ്‌.
-പ്രൊഫ: എം. എന്‍. വിജയന്‍

(ശബ്ദപഥത്തില്‍ മുളങ്കാടുകള്‍ വീണ്ടും ഞെരിയുന്നു‍. അത്‌ സാവധാനത്തില്‍ ഒരു പല്ലുഞ്ഞെരിച്ചിലിന്റെ ശബ്ദമായി മാറുന്നു‍.)

* * * * *

അടൂര്‍ ഗോപാലകൃഷ്ണന്റെ ഐ.എഫ്‌.എഫ്‌.കെ-യില്‍ എടുക്കാതെ പോയ സിനിമ രണ്ടാണും ഒരു പെണ്ണും 'കെട്ട' സിനിമയാണ്‌, അത്‌ ഒരു സീരിയലാണ്‌, അടൂര്‍പ്പേടിമൂലമാണ്‌ ഇക്കുറി അവാര്‍ഡ്‌ കുറിവീണതെന്നും വിവാദങ്ങളുണ്ടാകുന്നു‍. നിയമസഭാ ആസ്ഥാനത്തുള്ള കേരള സര്‍ക്കാരിന്റെ പ്രസ്സ്‌ മീറ്റ്‌ ഹാളില്‍ അവാര്‍ഡ്ജേതാവായ അടൂരും ദാതാവായ മന്ത്രി എം. എ. ബേബിയും ഒരുമിച്ച്‌ പത്രസമ്മേളനം നടത്തുന്നത്‌ കണ്ടിട്ട്‌, ആകാശവാണിയിലെ ഒരു സുഹൃത്ത്‌ കൊച്ചിയില്‍നിന്നും വിളിച്ച്‌ എന്നോട്‌ കയര്‍ക്കുന്നു‍.

അടൂര്‍ ഗോപാലകൃഷ്ണനെ ഇരുത്തികൊണ്ടു തന്നെ ‍, അടൂരിനെ എനിക്ക്‌ ബഹുമാനമില്ലാ, എന്നാ‍ല്‍ പേടിയുണ്ട്‌ എന്നാ‍ണ്‌ ബേബി പറഞ്ഞിരുന്നതെങ്കില്‍ അതിലൊരു ജോണ്‍ എബ്രഹാം ടച്ച്‌ വരുമായിരുന്നു‍. എന്നാ‍ല്‍ പേടിയല്ല. ബഹുമാനമാണ്‌ ഉള്ളതെന്ന്‌ മന്ത്രി പറയുമ്പോള്‍ അടൂരിന്റെ മുഖത്ത്‌ ഏതു ഭാവമാണ്‌ ഈ സമ്മേളനത്തിന്റെ സംവിധായകന്‍ പ്രതീക്ഷിക്കുന്നതും അടൂര്‍ പ്രകടിപ്പിക്കുന്നതും?
സത്യത്തിന്റെ അവസാനവാക്കായി? ബഹുമാനസ്വീകരണത്തിന്റെ വിനയരൂപമായി? അതോ സ്വാതന്ത്ര്യദാതാവിന്റേതായി? ഭാവം ഏതായാലും ഇതിനെയാണ്‌ പൊറാട്ടു‍നാടകം എന്ന്‌ ഞങ്ങള്‍ കടമക്കുടിക്കാര്‍ വിളിച്ചിരുന്നത്‌.

ചലച്ചിത്രനിരൂപണം എന്ന ജാനസ്സില്‍ തൃശൂര്‍ തോമാച്ചനും കോട്ടയം മത്തായിച്ചനും വെച്ച്‌ കാച്ചിയത്‌ മുഴുവനും ഇപ്പോഴും പുസ്തകഷെല്‍ഫുകളിലുണ്ടല്ലോ. ഇതൊക്കെ ഒന്നൊന്നാ‍യി വായിച്ച്‌ മുഷിയുമ്പോള്‍, ഞാന്‍ ഉള്ളില്‍ കോറിയിട്ട ചോദ്യം ഇപ്പോഴും എപ്പോഴും ഒരെണ്ണം മാത്രമായിരുന്നു‍. "എലിപ്പത്തായം" പോലെ അന്തരാത്മാവിനെ കുടഞ്ഞു പുറത്തിടുന്ന തീവ്രമായ ഒരു സിനിമയ്ക്ക്‌ ബ്രിട്ടീ‍ഷ്‌ ഫിലിം ഇന്‍സ്റ്റിട്യൂട്ട്‌ അവാര്‍ഡും സൈറ്റേഷനും ഒക്കെ കൊടുത്തത്‌ ശരി. സായിപ്പിന്‌ സിനിമ മനസ്സിലാകും. തീര്‍ച്ച, എന്നാ‍ല്‍ സിനിമാപ്രദര്‍ശനത്തിന്‌ ശേഷം സബ്‌ ടൈറ്റിലും സബ്‌ ടെക്സ്റ്റിലും സബ്‌ കോഷിയസിലും ഒക്കെ ചുരമാന്തി നില്ക്കുന്ന തലങ്ങള്‍ ഒരു സൈക്കോ-അനലിസ്റ്റിനേപ്പോലെ അടൂര്‍ വാക്കുകളില്‍ വെളിപ്പെടുത്തിയിരുന്നി‍ല്ലെങ്കില്‍, മലയാളിക്ക്‌ ഏശുമ്പോലെ സിനിമ സായിപ്പിന്‌ ഏശുമായിരുന്നോ എന്നതാണാ ചോദ്യം. ഈ ചോദ്യത്തിന്‌ ഒരു ഇര'യുമുണ്ട്‌. അടൂര്‍ സായിപ്പിന്‌ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കുന്ന ഈ ഉള്‍പ്പൊരുളുകള്‍ തോമാച്ചന്റേയും മത്തായിച്ചന്റേയും സിനിമാനിരൂപണങ്ങളായി പിന്നീ‍ട്‌ വായിക്കേണ്ടിവരുന്ന ഗതികേടില്‍നിന്ന്‌ നാം ഇപ്പോഴെങ്കിലും മുക്തരാണോ?

അടൂര്‍പേടി എങ്ങിനെയാണ്‌ ഒരാളെ മംഗളപത്രമെഴുത്തുകാരനാക്കുന്നത്‌ എന്ന്‌ കാണണമെങ്കില്‍ അക്ബര്‍ കക്കട്ടി‍ലിന്റെ 'വരൂ അടൂരിലേക്ക്‌ പോകാം' എന്ന ഗ്രന്ഥം തുറക്കുക. ഒരു സര്‍ഗാത്മകമനസ്സിന്റെ കുതൂഹലങ്ങളും അന്വേഷണങ്ങളും നിറഞ്ഞ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമായി അടൂരിനോടൊപ്പം ദിവസങ്ങള്‍ ചിലവഴിച്ച അക്ബറിന്‌ പെട്ടെന്നൊരു ദിവസം അടൂര്‍ ബാധയുണ്ടാകുന്നു‍. അക്ബറിന്റെ തന്നെ‍ വരിയുദ്ധരിക്കയാണ്‌- "അവസാനമായി ആദ്യമെ പറയേണ്ടിയിരുന്ന ഒരാളെപ്പറ്റി - അടൂര്‍സാറിനെപ്പറ്റി. അദ്ദേഹത്തെക്കുറിച്ച്‌ പറയാനുള്ള വാക്കുകള്‍ ഞാന്‍ അദ്ദേഹത്തോട്‌ തന്നെ‍ പറയുന്നു‍ണ്ട്‌. ഞങ്ങളുടെ സംഭാഷണത്തിന്റെ ഒടുവില്‍. അതും എന്റെ വായനക്കാരുമായി പങ്കുവെക്കുകയാണ്‌."

വിഗ്രഹങ്ങള്‍ മനുഷ്യരോട്‌ ചെയ്യുന്ന ഒരു വലിയ ദ്രോഹമിതാണ്‌. അവ നമ്മുടെ മുട്ടി‍ടിപ്പിക്കുകയോ നമ്മെക്കൊണ്ട്‌ വണക്കമാസം ചൊല്ലിക്കുകയോ തന്നെ‍ ചെയ്യും. അവാര്‍ഡ്‌രൂപക്കൂടുകളില്‍ അവ വെറും പാവത്താന്മാരാണ്‌. അവിടെനിന്നി‍റങ്ങി വന്ന് നമ്മോടൊപ്പം കാപ്പി കുടിക്കുകയോ, ലോഹ്യം പറയുകയോ ഒക്കെ ചെയ്യുമ്പോള്‍ സൂക്ഷിക്കണം, അപകടം പതിയിരിക്കുന്നു‍. വരൂ, അടൂരിലേക്ക്‌ പോകാം എന്ന്‌ പറഞ്ഞ്‌ ചങ്ങാത്തം കൂടുന്ന ഈ ആത്മാവ്‌ ആവേശിച്ച്‌ കഴിഞ്ഞാല്‍പ്പിന്നെ‍ നിങ്ങള്‍ കക്കട്ടി‍ലുകാരനാണെങ്കില്‍ക്കൂടി, മദ്ധ്യതിരുവിതാംകൂര്‍ പേച്ച്‌ തുടങ്ങുകയായി. "അദ്ദേഹത്തെക്കുറിച്ച്‌ പറയാനുള്ള വാക്കുകള്‍ ഞാന്‍ അദ്ദേഹത്തോട്‌ തന്നെ‍ പറയുന്നു‍ണ്ട്‌ എന്നാ‍ണ്‌ വെളിവോടെ എഴുതിയതെങ്കിലും സബ്‌ ടൈറ്റിലും സബ്‌ കോഷ്യസും സബ്‌ ടെക്സ്റ്റും ഒക്കെ കുഴഞ്ഞപ്പോള്‍ മെയിന്‍ ടെക്സ്റ്റ്‌ മറ്റൊന്നാ‍യി മറിയുന്നു‍........അദ്ദേഹത്തെക്കുറിച്ച്‌ അദ്ദേഹം തന്നെ‍ പറഞ്ഞ വാക്കുകള്‍, ഞാന്‍ അദ്ദേഹത്തോട്‌ തന്നെ‍ പറയുന്നു‍ണ്ട്‌ എന്ന്‌ ബോധധാരാ സമ്പ്രദായം കറങ്ങിത്തിരിയുന്നു‍. കക്കട്ടി‍ലിന്റെ പുസ്തകത്തില്‍ പുറം 8-ലെ ചോദ്യം വരുന്നത്‌ അക്ബറിന്റെ ക്ലോസപ്പില്‍നിന്നാ‍ണെങ്കിലും, ഡബ്ബിങ്‌ ആര്ട്ടി‍സ്റ്റ്‌ അടൂര്‍ ഗോപാലകൃഷ്ണനാണ്‌.

'ഭൂതക്കണ്ണാടിയുടെ കീഴില്‍ വെച്ച ഒരു ജന്തുവിനെപ്പോലെ എല്ലാ ശാരീരിക സവിശേഷതകളെയും മാനസികവ്യാപാരങ്ങളെയും പ്രേക്ഷകന്‌ വായിച്ചെടുക്കാന്‍ കഴിയുന്ന കഥാപാത്രമാണ്‌ എലിപ്പത്തായത്തിലെ ഉണ്ണി. തീയേറ്റര്‍ വിട്ടി‍റങ്ങുന്ന ഒരാള്‍ക്ക്‌ ഉണ്ണിയെ വളരെ അടുത്തറിയാം. ഇതിന്റെ നേര്‍വിപരീതമായ ഒരു ഘടനയാണല്ലോ മുഖാമുഖത്തിന്റേത്‌?"

സായിപ്പിനോട്‌ പലയിടത്തായി പലവട്ടം വെളിച്ചപ്പെട്ടത്‌ ഇതാ ഒരു ചോദ്യമായി തിരിച്ചെത്തിയിരിക്കുന്നു. ചോദ്യക്കടലാസ്സ്‌ ചോര്‍ത്തിയ കുട്ടി‍ക്ക്‌ ഉത്തരം റെഡിമെയ്ഡ്‌ കമ്മോഡിറ്റിയായി വെറുതെ വിളമ്പിയാല്‍ മതി. ഈ തുടരന്‍ പൊറാട്ട്‌ നാടകത്തിലെ തന്റെ ഡയലോഗുകള്‍ ഒരു ഉള്‍ച്ചിരിയോടെ അടൂര്‍ കിറുകൃത്യം മറുപടിയാക്കുകയും, അതൊരു പുതിയ പുസ്തകമാകുകയും ചെയ്യുതോടെ, അരനൂറ്റാണ്ടിന്റെ ഫിലിം സൊസൈറ്റി ഉള്‍ക്കാഴ്ചകള്‍ അടക്കിപ്പിടിച്ച ഒരു ഉള്‍ച്ചിരിയിലേക്ക്‌, സംവാദങ്ങള്‍ അന്തരിച്ച സെമിത്തേരിയിലേക്ക്‌, നമ്മെപ്പറ്റിച്ചുകൊണ്ട്‌ സീരിയല്‍വല്‍ക്കരിക്കപ്പെടുന്നു‍. ഇത്‌ സിനിമയല്ല ഗുരോ, വെറും മെഗാസീരിയലാണ്‌. ഒറ്റിക്കൊടുക്കാന്‍ നേരത്ത്‌ തന്നെ ഉമ്മവെക്കേണ്ടിയിരുന്നോ. യൂദാസേ, എന്തൊരു സ്വാഭാവിക പ്രതിധ്വനിയുണ്ടാവും എന്റെ ഈ ഗുരോ വിളികള്‍ക്ക്‌. ശഠേന്ന്‌ ആത്മകഥയിലേക്ക്‌ തിരിച്ച്‌ ചാടട്ടെ.

* * * * *

ഉണക്കപ്പുട്ട് പോലെയുള്ള ഫിലിംസ്‌ ഡിവിഷന്‍ സിനിമകള്‍ക്ക്‌ കമന്ററി കൊടുത്ത്‌ മാത്രം ഒതുങ്ങി കൂടാന്‍ കഴിയാതെ ചില്ലറ എഴുത്തു തുടങ്ങി. അന്ന്‌ എം.പി. നാരായണപ്പിള്ള ബോംബെയിലിരുന്ന്‌ എഡിറ്റ്‌ ചെയ്ത്‌ തിരുവനന്തപുരത്തു നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ട്രയല്‍ വാരികയിലേക്ക്‌ വിജയകൃഷ്ണന്റെ നിധിയുടെ കഥ (സന്തോഷ്‌ ശിവന്റെ ആദ്യ സിനിമ)യെപ്പറ്റി പ്രവാസി എന്ന പേരില്‍ ചങ്ങാതിയായ മേരിയുടെ വടിവൊത്ത കൈപ്പടയില്‍ ഒരു കുറിപ്പെഴുതി അയച്ചു. അത്‌ അടിച്ചു വന്നത്‌ മേരി അലക്സാണ്ടര്‍ എന്ന പേരിലായിരുന്നു‍. മേരിയുടെ കൈപ്പട പരിചയമുണ്ടായിരുന്ന നാണപ്പന്‍ തൂലികാനാമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതല്ല എന്ന എഡിറ്റേറിയല്‍ തീരുമാനത്തില്‍ ചെയ്തതാണ്‌. എനിക്ക്‌ അതൊരു നല്ല മനുഷ്യമറയായി തോന്നി‍. മേരിയും സമ്മതിച്ചു. അങ്ങനെ 'ട്രയല്‍' വാരികയില്‍ സ്ഥിരമായി മേരി അലക്സാണ്ടര്‍, സിനിമാവിചാരങ്ങള്‍ തുടങ്ങി. പലരേയും വെട്ടി‍നിരത്തി. നാണപ്പന്റെ പ്രോത്സാഹനവുമുണ്ടായിരുന്നു‍. മരിക്കുംവരെ ഇക്കാര്യം ഡിറ്റക്ടീവിന്റെ ഉസ്താദായിരുന്ന നാണപ്പനില്‍ നിന്ന്‌ മറച്ചുവെക്കാനായത്‌ എന്തോ ഭാഗ്യത്തിനാവണം.

'ടൈംസ്‌ ഓഫ്‌ ഇന്‍ഡ്യയില്‍ മേരി കണ്ടുമുട്ടുന്ന‍ വേതാളങ്ങളേയും മറ്റ്‌ സംഭവങ്ങളെയും തന്ത്രപൂര്‍വ്വം തിരുകി വിശ്വാസ്യത വരുത്തി. പെണ്ണിന്റെ കണ്ണിലൂടെ എങ്ങിനെ എഴുതാം എതായിരുന്നു‍ പ്രധാന കുരുക്ക്‌. മേരി എഴുതുന്ന ലക്കങ്ങള്‍ ട്രയലിന്റെ കവറില്‍ നാണപ്പന്‍ ഹൈലൈറ്റ്‌ ചെയ്യാനും തുടങ്ങി. ചലച്ചിത്രജ്ഞാനവും ഭാഷാസ്വാധീനവും ടൈംസ്‌ ഓഫ്‌ ഇന്‍ഡ്യയില്‍ ജോലിയുമുള്ള ഈ എഴുത്തുകാരിക്ക്‌ ഗള്‍ഫ്‍നാടുകളില്‍ നിന്നും പൊരിഞ്ഞ പ്രേമലേഖനങ്ങള്‍ പൊതിരെക്കിട്ടി‍.

അങ്ങനെയിരിക്കെ അടൂര്‍ തന്റെ പുതിയ സിനിമയായ 'അനന്തര'ത്തിന്റെ സബ്ടൈറ്റില്‍ പ്രിന്റുമായെത്തി. ഞാനായിരുന്നു‍ പ്രധാനകപ്യാര്‍. ബോംബെയില്‍ നരിമാന്‍ പോയിന്റുള്ള ച.ഇ.ജ.അ യുടെ ചെറിയ തീയറ്ററില്‍ പ്രിന്റ്‌ താങ്ങികളായി ഞങ്ങള്‍ രണ്ടുപേരും മാത്രം. മലയാളപത്രങ്ങള്‍ക്ക്‌ അന്ന്‌ ബോംബെ ലേഖകന്മാര്‍ ഉണ്ടായിരുന്നി‍ല്ല. 'മാതൃഭൂമി'യുടെ പി.കെ.രവീന്ദ്രനാഥ്‌ ഒഴിച്ച്‌. അതിനാല്‍ ച.ഇ.ജ.അ യിലെ സുഭാഷ്‌ചന്ദ്രനും, ഞാനും, അടൂരും, രവീന്ദ്രനുമൊഴികെ മറ്റ്‌ മലയാളികള്‍ ആരും ഉണ്ടായിരുന്നി‍ല്ല. ഒരു പ്രധാനപ്പെട്ട ബോംബെ നിരൂപകനായിരുന്ന ഇഖ്ബാല്‍ മസൂദിനുവേണ്ടി പിറ്റേന്ന്‌ കാലത്ത്‌ ഒരിക്കല്‍ കൂടി സിനിമ കാണിച്ചു. അങ്ങനെ ഭൂമിമലയാളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കും മുമ്പ്‌ മേരി അലക്സാണ്ടര്‍ സിനിമ രണ്ടുവട്ടം കണ്ടു. 'അനന്തരം എന്ത്‌ സംഭവിച്ചു?' എന്ന്‌ നാണപ്പന്റെ 'ട്രയല്‍' അടുത്തയാഴ്ച ഹൈലൈറ്റ്‌ വന്നു.

ഗള്‍ഫിലെ കമിതാക്കളുടെ നനത്ത റൊമാന്‍സുകള്‍ പലതിലും കാമം മണക്കുകയും ഒരു അവാര്‍ഡ്‌ കമ്മിറ്റിയംഗമായി പേരു പോകുകയും ഒക്കെക്കൂടി ആയപ്പോള്‍ മേരിക്കും എനിക്കും പന്തികേട്‌ തോന്നി‍ത്തുടങ്ങി. ഠപ്പേന്ന്‌ പംക്തി നിര്‍ത്തി. മേരി കത്തിനിന്ന നാളുകളിലെ ഒരു സംഭവം പറയാം. തിരുവനന്തപുരത്ത്‌ International Film Festival of India നടക്കുന്ന സമയം. അടൂരിന്റെ പഴയ ഫിയറ്റ്‌ കാറിന്റെ പിന്‍സീറ്റില്‍ കവി വിനയചന്ദ്രനും ഞാനും ഇരിക്കുന്നു‍. P&Tയിലെ വി. ശശികുമാര്‍ ട്രയലിന്റെ പുതിയ കോപ്പിയുമായി മുന്‍സീറ്റില്‍ അടൂരിനോടൊപ്പം. ഞാന്‍ മുഖത്ത്‌ നോര്‍മല്‍സി വരുത്തിക്കൊണ്ട്‌ പുറത്തേക്ക്‌ നോക്കിയിരുന്നു‍. ഞാനും മേരിയും തമ്മിലുള്ള ചങ്ങാത്തം അറിയാവുന്ന അളാണ്‌ ശശി. അയാള്‍ വാരിക മറിച്ച്‌ മറിച്ച്‌ സിനിമാപേജിലെത്തി ബ്രേക്കിട്ട്‌ നിര്‍ത്തി പറഞ്ഞു. ഓ മേരി!

എന്റെ ചങ്കിടിക്കുകയാണ്‌. അറിഞ്ഞാല്‍ കാറില്‍ നിന്നി‍റക്കി വിടുമോ ആവോ! അങ്ങനെയെങ്കിലും ഈ രക്തസമ്മര്‍ദം കുറക്കാമായിരുന്നു‍. കപ്യാരായി കൂടെ നടവന്‍ തന്നെ പൊട്ടക്കളത്തിലെ കട്ടക്കയം ഡെറിക്‍ മാല്‍ക്കമായി അടൂര്‍ ഓടിക്കു ഫിയറ്റിലിരുന്ന്‌.....വിവാഹവീരന്‍ പിടിയില്‍ എന്ന തലക്കെട്ടു‍ പോലെയോ മറ്റോ പിറ്റേന്ന്‌ ഞാന്‍.....

"ആ സ്ത്രീ ഈ ലക്കത്തിലും എഴുതിയിട്ടു‍ണ്ടോ?" അടൂര്‍
ശശി പുതിയ ലേഖനം കാണിച്ച്‌ കൊടുത്തത്‌ വരെ മാത്രമേ എന്റെ ഓര്‍മയുടെ ക്ലോറോഫോം നീളുന്നു‍ള്ളൂ.
(വിഷ്വലില്‍, കസന്‍ ദ്‌ സാക്കീസ്‌ ഭാവനയിലെ മനുഷ്യചിന്തയുടെ വിശാലാകാശത്ത്‌ ഒരു ചുരിഞ്ഞ പുരികം തെളിയുന്നു‍. സൌണ്ട്‌ ട്രാക്കില്‍, പല്ല്‌ പോയ ഗാന്ധിജിയുടെ പൊട്ടി‍ച്ചിരിയാണ്‌.)

അടുത്ത ലക്കത്തില്‍ തുടരും

Subscribe Tharjani |
Submitted by santhosh hk (not verified) on Mon, 2009-11-16 20:34.

ചിയേഴ്സ് ജോഷീ, നല്ല അമര്‍ന്ന എഴുത്ത്. തുടരുക.

Submitted by Kiran..!! (not verified) on Tue, 2009-11-17 13:47.

അഹാ..!