തര്‍ജ്ജനി

സുനില്‍ കെ. ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

വിദേശം

അബ്ബാസിയാക്കഥകള്‍: നിറം ചേര്‍ക്കാതെ

നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന നഴ്സ്-ഭാര്യയെ യാത്രയാക്കാന്‍ ഫ്ലാറ്റ് മുറ്റത്ത് വണ്ടി കാത്തു നില്ക്കുന്ന ഭര്‍ത്താവ്; അവരെ നോക്കി ആവശ്യമില്ലാതെ കമന്റ് കാറ്റില്‍ പറത്തി വിടുന്ന വഴിപോക്കര്‍; മണല്‍ത്തുരുത്തില്‍ കുന്തിച്ചിരുന്ന് അന്നത്തെ പ്രധാന ഭക്ഷണമായ കുബ്ബൂസും കോളയും കുടിക്കുന്നവര്‍; മനോരമയും നാനയും നിറച്ചിരിക്കുന്ന ബക്കാലയുടെ ഉമ്മറത്തെ
സ്റ്റാന്‍ഡുകള്‍ തൊട്ട മട്ടില്‍ ലുങ്കിയും മടക്കിക്കുത്തി നമ്പീശന്‍ മെസ്സിലേക്ക് ടിവിയില്‍ അപ്പോള്‍ കണ്ട കാര്യം ചര്‍ച്ച ചെയ്തു പോകുന്നവര്‍; മറ്റൊരു തട്ടിപ്പിനിരയായി വരമെന്നേറ്റയാളെ കാത്തു നില്ക്കുന്നവര്‍; പലിശയ്ക്ക് കാശു വാങ്ങിയും വിറ്റും കാര്യങ്ങള്‍ നടത്തുന്നവര്‍; എടുപ്പില്‍ ഒടിച്ചു മടക്കിയ ചാരായക്കുപ്പികളുമായി സ്ഥിരമോ അസ്ഥിരമോ ആയ കസ്‌റ്റമറുടെ അടുത്തേക്ക് പോകുന്നവര്‍; നീലയോ അല്ലാത്തതോ ആയ സിഡികള്‍ വില്ക്കുന്നവര്‍; പ്രാര്‍ഥനക്കോ അല്ലാതെയോ, ട്യൂഷനു വേണ്ടിയോ വെറുതേയോ പോകുന്നവര്‍ ..അവര്‍ക്ക് നിഴലായി, എപ്പോഴും മാറാപ്പ് പോലെ, ഉള്ളം കൈയിലെ രേഖ പോലെ തന്നെയുള്ള ചില തീരാക്കഥകള്‍...

കഥകളുടെ ഉറവിടം ഹൈഡൈന്‍ തോമാച്ചന്‍ എന്നറിയപ്പെടുന്ന തോമസ് കെ തോമസ് ആണ്. കുട്ടനാട് എം എല്‍ എ ചാണ്ടി തോമസിന്റെ അനുജന്‍ തോമാച്ചന്‍ ഒരു കഥാഗോഡൌണ്‍ ആകുന്നത്, ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ചിലര്‍ക്കെങ്കിലും വിളിക്കാന്‍ ദൈവം കഴിഞ്ഞാല്‍ അടുത്തത് തോമാച്ചനാണു എന്നതു കൊണ്ടാണ്.

യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിന്റെ മുമ്പില്‍ നിന്ന് തന്നെയാണ്, റോഡിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കുട്ടികളോട് പറയാറുള്ള ടീച്ചറെ കാറില്‍ ചിലര്‍ തട്ടിക്കൊണ്ടു പോകുന്നത്. മരുഭൂമിയിലേക്കായിരുന്നു ആ പോക്ക്. കഥകള്‍ ഒരുപാട് കേട്ടിട്ടുള്ള ടീച്ചര്‍ ബോധരഹിതയായി. ടീച്ചറുടെ പ്രാര്‍ഥന കേട്ടിട്ടെന്ന പോലെ പൊലീസ് വണ്ടി തടഞ്ഞ് കിഡ്‌നാപ്പറെ അകത്താക്കി. പ്രതി സ്വദേശിയാണ്. ശിക്ഷാനടപടികള്‍ വേഗം പൂര്‍ത്തിയായി. പ്രതിക്ക് പതിനഞ്ച് വര്‍ഷം തടവ്. ശിക്ഷ പ്രഖ്യാപിച്ചതിനു ശേഷം കണ്ട കാഴ്ച! സ്വദേശിയുടെ ബന്ധുക്കള്‍, സ്ത്രീകളടക്കം, ടീച്ചറുടെ മുമ്പില്‍ ക്യൂ നിന്നു. തനാസുല്‍! ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥന.

സ്വദേശികള്‍ മലയാളിയുടെ മുമ്പില്‍ ക്ഷമാഭ്യര്‍ത്ഥനയുമായി കാത്തു നില്ക്കുന്നത് കാഴ്ചയാകുന്നത് നമുക്കാണ്. ടീച്ചര്‍ക്ക് അതിനുള്ള മാനസികാവസ്ഥ ഇല്ലായിരുന്നു. ആറു മാസത്തെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ടീച്ചര്‍ നാട്ടിലേക്ക് വണ്ടി കയറി. സ്വദേശിയുടെ കേസ് / ശിക്ഷയും താമസിയാതെ തേഞ്ഞു പോകുകയും ചെയ്തു.

രാത്രി ഒരു മണിക്ക് ഒരു ഫോണ്‍ കോള്‍ തോമാച്ചായന്. കോള്‍ സാരാംശം: പരിചയമുള്ള ഒരു മലയാളി വീട്ടമ്മ അബ്ബാസിയ പോലിസ് സ്റ്റേഷനില്‍. അവര്‍ ഭര്‍ത്തവിനെ കത്തിക്ക് കുത്തിയെന്ന് കേസ്. അവര്‍ നിരപരാധിയായിരിക്കും. പക്ഷേ പൊലീസ് അവരെ വിടണമെങ്കില്‍ ആശുപത്രിയില്‍ ബോധം കെട്ടു കിടക്കുന്ന ഭര്‍ത്താവ് മൊഴി കൊടുക്കണം. സംഭവിച്ചത് ഇങ്ങനെയാണ്: ദമ്പതികള്‍ നടക്കാനിറങ്ങിയപ്പോള്‍ ഭാര്യയുടെ ബാഗ് തട്ടിപ്പറിക്കാന്‍ തുനിഞ്ഞ മോഷ്ടാകളെ ഭര്‍ത്താവ് നേരിട്ടപ്പോള്‍ അവര്‍ കുത്തി. മോഷ്ടാക്കള്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഭാര്യ ഭര്‍ത്താവിനെ കുത്തുന്നത് കണ്ടു! തൊമാച്ചന്‍ 'പ്രതിയെ' സ്റ്റേഷനില്‍ കണ്ടു. ആകെ വിഭ്രാന്തിയിലാണവര്‍. രാത്രി കസ്റ്റഡിയില്‍ കഴിയണം. തോമാച്ചന്‍ 'വാസ്ത' ഉപയോഗിച്ചു. സ്വന്തം ഉത്തരവാദിത്വത്തില്‍ പിറ്റേന്ന്
വരാമെന്നേറ്റു. പരിചയമുള്ള കേണല്‍ ഫോണ്‍ വഴിയാണ്, പ്രതിയെ തോമാച്ചന്റെ കൂടെ വിടാന്‍ പൊലീസ് ഓഫീസറോട് പറയുന്നത്. 'പ്രതിയെ' വിടാന്‍ നേരം തോമാച്ചനോട് ഓഫീസര്‍ ചോദിച്ചു, നിങ്ങളുടെ 'ഒഹ്തക്'(സഹോദരി)? തോമാച്ചന്‍ പറഞ്ഞു: അതെ!

പ്ളസ് ടൂ വിദ്യാര്‍ഥികളുടെ പാര്‍ട്ടി ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. ഈവനിങ്ങ് പാര്‍ട്ടി നടക്കുന്ന ഹോള്‍ തോമാച്ചന്റെയാണ്. പാര്‍ട്ടി തുടങ്ങാന്‍ നേരം തോമാച്ചനൊരു കോള്‍. ഒരു രക്ഷകര്‍ത്താവിന്റെയാണ്. എന്‍റെ മോള്‍ പാര്‍ട്ടിക്ക് പോകണമെന്ന് പറഞ്ഞപ്പോ ഞാന്‍ സമ്മതിച്ചില്ല. അവള്‍ പോന്നിരിക്കുന്നത് ഉടക്കിയാണ്. ഒന്നു ശ്രദ്ധിച്ചോണേ! തോമാച്ചന്‍ കൈ മലര്‍ത്തി, അതിനിപ്പൊ എന്തു ചെയ്യാനാണ്? പക്ഷേ പാര്‍ട്ടി മുറുകിയപ്പോള്‍ തോമാച്ചന്‍ നേരേ ചൊവ്വേ അല്ലാത്തത് മണത്തു. ഗസ്റ്റുകളുടെ ഇടയില്‍ പാക്കിസ്ഥാനി ആണ്‍കുട്ടികളുണ്ട്. മാത്രമല്ല, അവര്‍ ഡിം ലൈറ്റില്‍ ഡാന്‍സ് ചെയ്യാന്‍ പോകുന്നു എന്ന് അനൌണ്‍സ് ചെയ്യുന്നു. തോമാച്ചന്‍ ഇടപെട്ടു. ഡാന്‍സ് ചെയ്യാന്‍ പറ്റില്ല. ചെയ്യണമെങ്കില്‍ എന്റെ സാന്നിദ്ധ്യത്തില്‍ മതി.

പെണ്‍കുട്ടികളില്‍ ഒരാള്‍ കയര്‍ത്തു. എന്റെ ഡാഡി വിളിച്ചു പറഞ്ഞു കാണുമല്ലോ ഞങ്ങളെ ശ്രദ്ധിച്ചോളാന്‍! ഞങ്ങളെ തടയാന്‍ ഞങ്ങള്‍ അങ്കിളിന്റെ മക്കളൊന്നുമല്ലല്ലോ!

പാക്കിസ്ഥാനികളായ ഒരു പറ്റം ചെറുപ്പക്കാര്‍ രാത്രി ഒരു മണിക്ക് അബ്ബാസിയായില്‍ വന്ന് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ അടിച്ചു പൊളിച്ച സംഭവം, വഴി വിട്ട ചില ബന്ധങ്ങളുടെ തുടര്‍ച്ചയായിരുന്നു. മലയാളി പെണ്‍കുട്ടി കണ്ണിട്ട് പിന്നാലെ വരുത്തിയെന്ന് പായുന്ന പാക്കിസ്ഥാനി പയ്യനെ മലയാളി ബോയ്സ് ഭീഷണിപ്പെടുത്തിയതിന്റെ ഫലമായിരുന്നു അബ്ബാസിയ വിറച്ച അഴിഞ്ഞാട്ടം. പ്രശ്നം പതിവു പോലെ തോമാച്ചന്റെ അടുത്തെത്തി. രാത്രി കിടന്നുറങ്ങാമായിരുന്ന പൊലീസ് പാഞ്ഞെത്തി അവന്മാരെ ഒതുക്കിയെന്ന് തോമാച്ചന്‍.

തോമാച്ചന്‍ അബ്ബാസിയ റെസിഡന്റ്സ് കമ്മിറ്റി എന്നൊരു ഐക്യസംഘത്തിന്റെ കണ്‍വീനറാണ്. പ്രശ്നപരിഹാരത്തിനും മറ്റുമുള്ള വാസ്ത / ഉന്നതങ്ങളില്‍ പിടിപാട് എങ്ങനെയുണ്ടാവുന്നു എന്ന ചോദ്യത്തിന്, മറുപടികള്‍ ഒരുപാടുണ്ട് ചാണ്ടി തോമസിന്റെ അനുജന്.

1. അറബികള്‍ക്ക് സമ്മാനങ്ങള്‍ ഇഷ്ടമാണ്. കാശു മുടക്കി വിശേഷാവസരങ്ങളില്‍ കാണേണ്ടവരെ കാണേണ്ട പോലെ കാണുക.
2. ഒരു പൊലീസ് ഓഫീസറിനും കുടുംബത്തിനും അവധിക്കാലം ആഘോഷിക്കാന്‍ അവസരമൊരുക്കിയത് കുട്ടനാട് ലേക്ക് പാലസിലാണ്. (കുടുംബവക റിസോര്‍ട്ട്).
3. മറ്റൊരു പൊലീസ് ഓഫീസറിനു ഒരു മെയ്‌ഡ് വേണമെന്ന് പറഞ്ഞിട്ട് നാട്ടില്‍ നേരിട്ട് പോയി അന്വേഷിച്ച് കണ്ടു പിടിച്ചു കൊണ്ടു വന്നു.
4. മലയാളി സംഘടനാ ആഘോഷങ്ങള്‍ക്ക് കഴിവതും പൊലീസ് ഓഫീസര്‍മാരെ ക്ഷണിക്കുക. അവര്‍ക്കും സന്തോഷം, പ്രശ്നക്കാരും അടങ്ങിയിരുന്നോളും.
5. പ്രശ്നമുണ്ടാവുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്ക്കരുത്. പ്രതികരിക്കണം. ആളും അര്‍ത്ഥവും മാത്രമല്ല, ധൈര്യവും ഒട്ടൊക്കെ കൂട്ടാണ്.

Subscribe Tharjani |