തര്‍ജ്ജനി

വര്‍ത്തമാനം

“ഇന്നലെകളെ കൂടെ കൂട്ടുന്നു.”

ഈ വര്‍ഷത്തെ നോബല്‍ പുരസ്കാരം നേടിയ ജര്‍മ്മന്‍ എഴുത്തുകാരി ഹെര്‍ത്താ മ്യുള്ളറുമായി മിര്‍സിയ ലോര്‍ഗുലെഷ്ക്യു നടത്തിയ സംഭാഷണം

സാഹിത്യത്തിനു നോബല്‍ സമ്മാനം നേടുന്ന പന്ത്രണ്ടാമത്തെ വനിതയാണ് നോവലിസ്റ്റും കവിയും ഉപന്യാസകാരിയുമായ ഹെര്‍ത്താ മ്യുള്ളര്‍ . ‘കവിതയുടെ ഏകാഗ്രതയും ഗദ്യത്തിന്റെ തെളിച്ചവുമായി കൈവിട്ടു പോന്ന ഭൂഭാഗങ്ങളെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളായാണ്’ അവരുടെ ആത്മാവിഷ്കാരങ്ങളുടെ വിശേഷതയെ നോബല്‍ പുരസ്കാരസമിതി വിലയിരുത്തിയത്. റൊമാനിയയിലെ ബനാത്ത് പ്രവിശ്യയിലെ ഒരു കര്‍ഷകകുടുംബത്തില്‍ 1953 ആഗസ്റ്റ് 17നാണ് ഹെര്‍ത്ത ജനിച്ചു. ഭാഷാ-വംശീയ ന്യൂനപക്ഷസമുദായത്തിലെ അംഗമായി. റൊമാനിയയിലെ രഹസ്യപ്പോലീസ് സെക്യൂരിറ്റേറ്റുമായി സഹകരിക്കാന്‍ വിസമ്മതിച്ചതിന്റെ ഫലമായി ജോലി പോയ അവര്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ കുട്ടികളെ ജര്‍മ്മന്‍ പഠിപ്പിച്ചാണ് ജീവിതമാര്‍ഗം കണ്ടെത്തിയത്. 1882-ല്‍ ആദ്യ പുസ്തകം നാദിര്‍സ് (Niederungen) റൊമാനിയയില്‍ പ്രസിദ്ധീകരിച്ചു. കര്‍ക്കശമായ സെന്‍സര്‍ഷിപ്പുകളാണ് ആദ്യകാലത്ത് അവരുടെ രചനകള്‍ക്ക് നേരിടേണ്ടി വന്നത്. 1987-ല്‍ ഭര്‍ത്താവും നോവലിസ്റ്റുമായ റിച്ചാര്‍ഡ് വാഗ്നറോടൊപ്പം അവര്‍ റൊമാനിയ വിട്ട് പശ്ചിമ ജര്‍മ്മനിയിലെ ബര്‍ലിനില്‍ സ്ഥിരതാമസമാക്കി. Oppressive Tango, The Passport, Serpent's Tail, Barefoot February, Travelling on One leg, The Land of Green Plums, The Appointment, Everything I Possess I Carry With Me തുടങ്ങിയവ പ്രധാനകൃതികള്‍ ‍. ഇരുപതോളം ഭാഷകളില്‍ കൃതികള്‍ക്ക് വിവര്‍ത്തനം ഉണ്ടായിട്ടുണ്ട്. ഡബ്ലിന്‍ സാഹിത്യപുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ . 2009-ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം നേടിയ ഹെര്‍ത്ത മ്യുള്ളറുമായി റേഡിയോ ഫ്രീ യൂറോപ്പ് - റേഡിയോ ലിബര്‍ട്ടി പ്രതിനിധി മിര്‍സിയ ലോര്‍ഗുലെഷ്ക്യു നടത്തിയ അഭിമുഖമാണിത്. റൊമാനിയയില്‍ നിന്ന് ഈ മുഖാമുഖം ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തത് മിര്‍സിയ ടികുഡിയന്‍.

? താങ്കളുടെ നോവലുകളില്‍ പൊതുവായി ചിലതെല്ലാം ഉണ്ട്. എല്ലാ നോവലുകളിലും കഥ നടക്കുന്നത് റൊമാനിയയിലാണ്. വൈരുദ്ധ്യത്തെക്കുറിക്കാനായിരിക്കാം അല്ലെങ്കില്‍ ഭൂതകാല ജീവിതത്തിന്റെ വിശദാംശത്തിനു വേണ്ടിയാകാം. എന്തായാലും ഇക്കാര്യം ജര്‍മ്മന്‍ പത്രങ്ങളും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടു ലോകങ്ങള്‍ തമ്മിലുള്ള ഈ വിടവിനെക്കുറിച്ച് താങ്കളുടെ വിശദീകരണം എന്താണ്?

= വളരെ സ്വാഭാവികമായ കാര്യമാണ് ഇത് എന്നെ സംബന്ധിച്ചിടത്തോളം. ഞാന്‍ ജനിച്ചത് റൊമാനിയയിലാണ്. വളര്‍ന്നതും അവിടെ തന്നെ. 32 വയസ്സുവരെ റൊമാനിയയില്‍ കഴിച്ചുകൂട്ടി. കുഴഞ്ഞുമറിഞ്ഞ ഒരു മനസ്സോടെയാണ് ഞാന്‍ റൊമാനിയ വിട്ടത്. ആദ്യപുസ്തകം എഴുതിയത് അവിടെ വച്ചായിരുന്നു. പടിഞ്ഞാറന്‍ റൊമാനിയയിലെ ജര്‍മ്മന്‍ പ്രവിശ്യയായ ബനാത്തിനെപ്പറ്റിയുള്ള ഒരു കുട്ടിയുടെ വീക്ഷണമാണ് ആദ്യകൃതിയായ “Niederungen” (താഴ്ന്നപ്രദേശങ്ങള്‍ ) -ല്‍ ഞാന്‍ വരച്ചിടാന്‍ ശ്രമിച്ചത്. അതിലും മറ്റു പുസ്തകങ്ങളിലും പ്രധാനവിഷയം ഏകാധിപത്യം തന്നെയായിരുന്നു. മറ്റൊന്നും എനിക്കറിയില്ല. മറ്റൊന്നും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് ഞാനാ പ്രമേയം തന്നെ തുടരുന്നു. മറ്റൊരുതരത്തിലും ഇക്കാര്യം സാഹിത്യത്തില്‍ ആവിഷ്കാരം നേടാറുണ്ടെന്ന് എനിക്കറിയാം. പ്രത്യേകമായി രചിക്കുന്ന ജീവചരിത്രമോ ആത്മകഥയോ പോലുള്ള കൃതികളിലൂടെ. കഠിനമായ അനുഭവങ്ങളെ ആവിഷ്കരിച്ചുകൊണ്ട് അതും സമാന്തരമായി നീങ്ങുന്നു. എഴുത്തുകാരുടെ ജീവിതകാലത്തെ പിന്തുടര്‍ന്നുകൊണ്ട്. 1950കളില്‍ കിഴക്കന്‍ യൂറോപ്പില്‍ ചില പ്രത്യേകരൂപങ്ങളില്‍ ഗുലാഗുകള്‍ ഉണ്ടായിരുന്നു. എന്നു വച്ചാല്‍ ലേബര്‍ ക്യാമ്പുകള്‍ . അതിനു ശേഷം ദേശീയസോഷ്യലിസ്റ്റ്കാലം വന്നു. ഹിറ്റ്ലറുടെ കാലം, ജൂതന്മാരുടെ വംശഹത്യകള്‍ , എഴുത്തുകാര്‍ ആത്മകഥയോടൊപ്പം ഈ വിഷയങ്ങളെല്ലാം വിവരിച്ചു ‍. ഈ തരം സാഹിത്യം എല്ലായിടത്തും ഉണ്ട്, ക്യൂബ മുതല്‍ ചൈന വരെ.

? അപ്പോള്‍ വായനക്കാര്‍ വിചാരിക്കുന്നതുപോലെ ഇതൊരു ഭൂമിശാസ്ത്രപരമായ കാര്യമല്ല, അല്ലേ?

= അല്ല. ഭൂവിഭാഗങ്ങള്‍ക്ക് വലുതായ പ്രാധാന്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഭൂമിയും പരിസ്ഥിതിയും അത്യാവശ്യസംഗതികളാണ്. ഞാന്‍ കഴിഞ്ഞു കൂടിയിരുന്ന, എനിക്കറിയാവുന്ന ഭൂഭാഗത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും എനിക്കു പറയാനില്ല. എന്റ കഥാപാത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്, സമഗ്രാധിപത്യസമൂഹത്തിലും വ്യവസ്ഥയിലും മനുഷ്യത്വത്തിനെന്തു സംഭവിക്കുന്നു എന്ന കാര്യമാണ്. ഇത് ഞാന്‍ തെരെഞ്ഞെടുത്ത വിഷയമല്ലെന്നാണ് എന്റെ വിശ്വാസം. എന്റെ ജീവിതം എനിക്കായി നീക്കിവച്ച ഒന്നാണ്. എനിക്ക് പരിഗണനാര്‍ഹമായി തോന്നുന്ന സംഗതികളെപ്പറ്റി, എന്നെ സമാധാനത്തോടെ ജീവിക്കാനനുവദിക്കാതിരുന്ന സംഗതികളെപ്പറ്റി എനിക്ക് എഴുതിയേ പറ്റൂ.

? 1950 കളുടെ ആദ്യപകുതിയില്‍ തെക്കു പടിഞ്ഞാറന്‍ റൊമാനിയന്‍ പ്രവിശ്യ ബനാത്തിലായിരുന്നില്ലേ താങ്കളുടെ ജനനം?
= അതെ. 1953-ലാണ് ഞാന്‍ ജനിച്ചത് . സ്റ്റാലിന്‍ മരിച്ച വര്‍ഷത്തില്‍ .അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ശരീരം ചലനമറ്റ് വിശ്രമത്തിലായ വര്‍ഷം എന്നും പറയാം. കാരണം അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്നെയും ജീവിച്ചു. ഇല്ലേ?

? അവ ഇപ്പോഴും ജീവിക്കുന്നുണ്ടോ?

= ഉറപ്പായും. അവ ഇപ്പോഴും ജീവിക്കുന്നു എന്നു തന്നെയാണ് എന്റെ വിശ്വാസം. പലപല ആളുകളില്‍ . അല്ലെങ്കില്‍ അവയുടെ അവശിഷ്ടങ്ങള്‍ . അദ്ദേഹത്തിന്റെ മുഴുവന്‍ ആശയങ്ങളും നമുക്ക് കാണാവുന്ന വിധത്തില്‍ ഇപ്പോള്‍ നിലവിലില്ലായിരിക്കാം. പക്ഷേ അവയുടെ ഭാഗങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. ആ തറയിലെ കല്ലുകള്‍ ഇപ്പോഴും നാലുപാടും ചിതറിക്കിടപ്പുണ്ട്. എനിക്കതു തീര്‍ച്ചയാണ്.

? താങ്കള്‍ ഇപ്പോഴും എഴുതുന്നുണ്ട്, ഈ ആഴ്ചപോലും എഴുതി സ്ലോബോഡാന്‍ മിലോസെവിക്കിനെക്കുറിച്ചും സെര്‍ബിയയെക്കുറിച്ചും ‘ഡെര്‍ സ്പിഗലി’ -ല്‍ 1.

= അത് ലേഖനമായിരുന്നില്ല. സത്യത്തില്‍ . മറ്റു പലരെയും പോലെ എനിക്കും ചില ഉത്തരങ്ങള്‍ കൊടുക്കണമായിരുന്നു. കൊസോവയിലെ യുദ്ധത്തെപ്പറ്റി ഞാന്‍ എന്താണ് ചിന്തിക്കുന്നത് എന്നായിരുന്നു, ചോദ്യം. ബോസ്നിയയിലും ക്രൊയേഷ്യയിലും മുമ്പ് നടന്ന യുദ്ധങ്ങളെപ്പറ്റി ഞാന്‍ നേരത്തെ അഭിപ്രയം പറഞ്ഞിട്ടുണ്ട്. ഞാന്‍ പാശ്ചാത്യ പട്ടാള ഇടപെടലുകള്‍ക്ക് അനുകൂലമായിരുന്ന കാലത്തും. മിലോസെവിക് ഒരടി പോലും പിന്നോട്ടു മാറില്ല എന്നാണ് എന്റെ വിശ്വാസം. പുറത്തു നിന്നുള്ള ശക്തികള്‍ തന്നെ വേണം, അയാളെ പിന്നോട്ടടിപ്പിക്കുവാന്‍ . ഇതു തന്നെയാണ് കൊസോവയെപ്പറ്റിയും ഞാന്‍ ചിന്തിക്കുന്നത്. ഈ മനുഷ്യന് ഒരു മൂന്നാം യുദ്ധത്തിനോ നാലാം യുദ്ധത്തിനോ കളമൊരുക്കം നടത്താനുള്ള എല്ലാ സാഹചര്യവുമുണ്ടെന്ന കാര്യം ആലോചിക്കുമ്പോള്‍ പലപ്പോഴും എനിക്ക് എന്റെ തന്നെ നിയന്ത്രണം നഷ്ടപ്പെടാറുണ്ട്. സ്ലോവെനിയയുടെ കാര്യം നോക്കിയാല്‍ മതി അതു മനസ്സിലാവാന്‍ . എവിടെ പോയാലും തനിക്കു പിന്നില്‍ പുതിയ ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്ന ഈ മനുഷ്യന്റെ ഭരണവും കിഴക്കന്‍ യൂറോപ്പിലെ ഗുണപരമായ മാറ്റങ്ങളുമായി താരതമ്യം ചെയ്തു നോക്കൂ. 1989-നു ശേഷം സ്വന്തം രാജ്യത്തെ വേറൊരു വഴിയിലേയ്ക്ക് ദിശമാറ്റി വിട്ട ഭരണാധികാരിയാണ് മിലോസെവിക്. തിരിച്ചുവരാന്‍ കഴിയാത്ത ഒരു പരിണതിയില്‍ അയാള്‍ എത്തിക്കഴിഞ്ഞു എന്നാണ് എന്റെ തോന്നല്‍ . കഴിഞ്ഞ മൂന്നു യുദ്ധങ്ങളും പരാജയപ്പെട്ടു. ഇപ്പോഴിതാ കൊസോവയില്‍ നാലാമത്തേതു ജയിക്കാന്‍ കൊതിക്കുന്നു. മിക്കവാറും മോണ്ടിനെഗ്രോയുടെ പേരായിരിക്കും അയാളുടെ കയ്യിലുള്ള പട്ടികയില്‍ അടുത്തതായി ഉണ്ടായിരിക്കുക. ആരെങ്കിലും തടഞ്ഞില്ലെങ്കില്‍ അയാള്‍ പ്രവൃത്തി തുടര്‍ന്നുകൊണ്ടിരിക്കും. ഇയാള്‍ ഒരു സ്റ്റാലിനിസ്റ്റ് ആണെന്നു തന്നെയാണ് എന്റെ വിശ്വാസം.

? താങ്കള്‍ ജനിച്ച ബനാത്ത് പ്രവിശ്യയിലേയ്ക്ക് താങ്കളെ തിരികെക്കൊണ്ടുപോകാനായിരുന്നു എന്റെ ചോദ്യങ്ങളിലൂടെ ഞാന്‍ ശ്രമിച്ചത്. വംശീയതയുടെ കണ്ണിലൂടെ നോക്കുമ്പോള്‍ വൈവിദ്ധ്യം നിറഞ്ഞ അത്ഭുതപ്രദേശമായിരുന്നു, ബനാത്ത്. ജര്‍മ്മന്‍ , സെര്‍ബിയന്‍, റൊമാനിയന്‍ സമൂഹങ്ങള്‍ , ഒപ്പം ഹംഗേറിയന്‍ സമൂഹവും. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ വംശീയപ്രശ്നങ്ങളൊന്നും കൂടാതെ നിലനിന്ന ഒരു സങ്കരസമൂഹമായിരുന്നല്ലേ അത്?

= ബനാത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ അതൊരിക്കലും സാധാരണതലം വിട്ടുയര്‍ന്നില്ല. പലതരത്തിലുള്ള ആളുകള്‍ ഒന്നിച്ചു കഴിയുന്ന ഏതു സമൂഹത്തിലും സംഘര്‍ഷങ്ങളുണ്ടാവും. അയല്‍ക്കാരുമായി, സഹപ്രവര്‍ത്തകരുമായി, ഭര്‍ത്താവിനോട് അല്ലെങ്കില്‍ ഭര്യയോടൊക്കെ നമുക്ക് പ്രശ്നങ്ങള്‍ ഉണ്ടാവാം. അതു വേണം. അവയെയാണ് ഞാന്‍ സാധാരണസംഘര്‍ഷങ്ങള്‍ എന്നു വിളിച്ചത്. താങ്കള്‍ സൂചിപ്പിച്ച ദേശീയന്യൂനപക്ഷങ്ങള്‍ റൊമാനിയക്കാരുമായി സഹവസിക്കില്ല. അവര്‍ ഒന്നിച്ച് ഒരിടത്താണ് താമസിക്കുന്നത് എങ്കില്‍കൂടി. ഇക്കാര്യമാണ് എന്നെ ബഹുസാംസ്കാരികതാസിദ്ധാന്തത്തിലേയ്ക്ക് നയിച്ചത്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ജര്‍മ്മനിയില്‍ വളരെ പ്രചാരമുണ്ടായിരുന്ന സിദ്ധാന്തമാണ്. ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു. എല്ലാവരും ഉരുകിച്ചേര്‍ന്ന് ഒന്നായി ജീവിക്കുന്നതിനെക്കുറിച്ച് അത് പറയുന്നു. പക്ഷേ അത് സംഭാവ്യമല്ല.

? ‘ഒറ്റവര്‍ഗം’ എന്ന ആശയം മാത്രം പ്രവര്‍ത്തിച്ചിരുന്ന ചെഷസ്ക്യുവിന്റെ റൊമാനിയയില്‍ നിന്നാണ് താങ്കള്‍ ജര്‍മ്മനിയിലേയ്ക്ക് വന്നത്.

= തീര്‍ച്ചയായും. അതിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്കറിയാം. സമാധാനത്തോടെ അടുത്തടുത്ത് കഴിയുന്ന സമൂഹങ്ങളിലേയ്ക്കുള്ള സ്വാഭാവികമായ വഴിയായിരുന്നു എന്റെ ആശയം. എല്ലാ പഴയ സംസ്കാരങ്ങളെയും ഉരുക്കിച്ചേര്‍ത്ത് പുതിയ ഒന്നുണ്ടാക്കുന്നതിന് മാര്‍ഗമൊന്നുമില്ല. അത് അസാധ്യമാണ്. ബനാത്തിലെ പ്രധാന നഗരമായ ടിമിസോറയിലെ വഴിയരികില്‍ ചെന്നു നിന്നാല്‍ നിങ്ങള്‍ക്ക് എല്ലാ ഭാഷയും കേള്‍ക്കാം. റൊമാനിയന്‍, ജര്‍മ്മന്‍, ഹംഗേറിയന്‍, സെര്‍ബിയന്‍, റൊമാനി - അതങ്ങനെയായിരുന്നു, അങ്ങനെ ആയിരിക്കുകയും വേണം. ആരും സ്വന്തം സംസ്കാരത്തെ മറച്ചു വയ്ക്കേണ്ടതില്ല. തീവണ്ടിയിലിരുന്ന് ഞാന്‍ റൊമാനിയന്‍ പറയുമ്പോള്‍ ആര്‍ക്കും തിരിച്ചറിയാം, ഞാന്‍ ഹംഗേറിയനോ ജര്‍മ്മനോ ആണെന്ന്. കാരണം ഉച്ചാരണം അങ്ങനെയാണ്. മുമ്പ് റൊമാനിയന്‍ സംസാരിക്കുമ്പോള്‍ എനിക്ക് വ്യാകരണപ്പിശകുകള്‍ ഉണ്ടാകുമായിരുന്നില്ല. തീരെ പരിശീലനമില്ലാത്തതു കാരണം ഇപ്പോള്‍ ധാരാളമായി തെറ്റുകള്‍ഉണ്ടാകുന്നുണ്ട്.

? ബനാത്തിലെ ജര്‍മ്മന്‍ സമൂഹത്തെപ്പറ്റിയുള്ള കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എന്തൊക്കെയാണ്? നാടുകടത്തല്‍ , ശുദ്ധീകരണം ഇവയ്ക്കു ശേഷമുള്ള ജര്‍മ്മന്‍ സമൂഹത്തെപ്പറ്റി?

= 1952-ലാണ് ഞാന്‍ ജനിച്ചത്. ഞാനോര്‍മ്മിക്കുന്ന കുടുംബചരിത്രത്തില്‍ മുത്തച്ഛന്‍ ഒരു ഭൂപ്രഭുവായി (boier) നാട്ടുകാര്‍ കണക്കാക്കി വന്ന വ്യക്തിയായിരുന്നു. സര്‍വ്വകലാശാലയില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഇക്കാര്യം എനിക്കെഴുതേണ്ടി വന്നു. ഭക്ഷ്യധാന്യങ്ങളുടെ വില്പനയും ഉണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് പണക്കാരനായിരുന്നു എന്നു പറയാം. പത്തിലധികം സഹോദരങ്ങളാണ് മുത്തച്ഛനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ എങ്ങനെ ആഹാരം കൊടുക്കും എന്നും പറഞ്ഞ് വിഷമിച്ചിരുന്ന കാര്യം അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഓര്‍ക്കാറുണ്ട്. ഒരു കാര്യം ഉറപ്പാണ് അദ്ദേഹം ധനവാനായല്ല ജനിച്ചത്. പക്ഷേ നന്നായി അദ്ധ്വാനിച്ചു. കര്‍ഷകനായി ജനിച്ചു. കര്‍ഷകനായി ജീവിച്ചു. മുത്തച്ഛനും മുത്തശ്ശിയും അവരുടെ ജീവിതരീതി ഒരിക്കലും മാറ്റിയിട്ടില്ല. അവധികള്‍ എടുത്തില്ല. ഒരിടത്തേയ്ക്കും യാത്ര ചെയ്തില്ല. പണം മിച്ചം വന്നപ്പോഴൊക്കെ സ്ഥലം വാങ്ങിക്കൂട്ടി.

? കര്‍ഷകര്‍ക്ക് അവധികളില്ലായിരുന്നു, അല്ലേ?

= അതെ. മുത്തശ്ശി പ്രഭാതം തൊട്ട് പ്രദോഷം വരെ ജോലി ചെയ്തുകൊണ്ടേയിരിക്കും. ഒരു നിമിഷം പോലും ഇനി ചെയ്യാന്‍ വയ്യാത്ത രീതിയില്‍ തളരുന്നതു വരെ. അതുകൊണ്ട് കൂടുതല്‍ ധനം ഉണ്ടായി. കൂടുതല്‍ സ്ഥലവും. ചെയ്യേണ്ടതെന്താണോ അതാണ് അവര്‍ ചെയ്തത്. 1945-നു ശേഷം എല്ലാം മാറി. സര്‍ക്കാര്‍ കൂട്ടുകൃഷിചെയ്യാനായി ഭൂമി മൊത്തമായി ഏറ്റെടുത്തു. എന്റെ അമ്മയെ സോവ്യറ്റ് യൂണിയനിലേയ്ക്ക് നാടു കടത്തി. ഹിറ്റ്ലറുടെ പ്രവൃത്തികള്‍ക്കുള്ള പിഴ കൂട്ടായി വീട്ടിക്കൊണ്ട് 5 വര്‍ഷം അമ്മ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞു. ആ തടവിനെ അവര്‍ വിളിച്ചത് പുനര്‍നിര്‍മ്മാണപ്രവര്‍ത്തനം (Aufbauarbeit) എന്നാണ് . മുത്തച്ഛന് ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം വളരെ ദരിദ്രനായ മനുഷ്യനാണിപ്പോള്‍ . പഴയ പതിവനുസരിച്ച് ആഴ്ചയില്‍ മൂന്നുപ്രാവശ്യം താടി വടിക്കാനായി ക്ഷുരകന്റെ അടുത്തുപോകാന്‍ പോലും അദ്ദേഹത്തിനിപ്പോള്‍ അവകാശമില്ല. ശ്രദ്ധിക്കണം അതൊരു ചെറിയ കാര്യമല്ല. അദ്ദേഹത്തിന്റെ സാമൂഹികജീവിതമായിരുന്നു ക്ഷുരകന്റെ അടുക്കലേയ്ക്ക് താടി വടിക്കാനുള്ള പോക്ക്. അവിടെ വച്ചാണ് അദ്ദേഹം സമപ്രായക്കാരെയും സമൂഹത്തിലെ മറ്റാളുകളെയുമൊക്കെ കണ്ടിരുന്നത്. ആ ചടങ്ങ് അദ്ദേഹത്തിന് നിര്‍ബന്ധപൂര്‍വ്വം ഉപേക്ഷിക്കേണ്ടി വന്നു. സാമൂഹികമായ തരംതാഴ്ത്തലാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. മുത്തച്ഛനുമാത്രമല്ല ആ തലമുറയില്‍പ്പെട്ട മുത്തച്ഛന്മാരെല്ലാം പുതിയ ഭരണപ്രദേശത്ത് പുറമ്പോക്കുകളായി. അവര്‍ ഒരിക്കലും സോഷ്യലിസത്തെ അംഗീകരിച്ചില്ല. 1950-ല്‍ അമ്മ സോവിയറ്റു റഷ്യയില്‍ നിന്നും തിരിച്ചു വന്നു, മരണങ്ങളും ക്ഷാമവും കണ്ണാലെ കണ്ട 5 വര്‍ഷക്കാലത്തെ ലേബര്‍ ക്യാമ്പു വാസത്തിനുശേഷം.

? ഏതുപ്രദേശത്തേയ്ക്കാണ് അവരെ അയച്ചത് എന്നറിയാമോ?

= യെകാതെരിന്‍ബര്‍ഗ് പ്രദേശത്തേയ്ക്കാണെന്ന് തോന്നുന്നു. കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന സ്ഥലത്താണ്. തൊട്ടടുത്ത് ഒരു കല്‍ക്കരിഖനിയുണ്ടായിരുന്നു. പട്ടാളത്താവളം പോലൊരിടമായിരുന്നു അത്. സര്‍വ്വതും പൂര്‍ണ്ണനിയന്ത്രണത്തില്‍ . കഠിനമായ വിശപ്പും സഹിച്ചാണ് അവര്‍ പണി ചെയ്തത്. ഭൂരിപക്ഷം തടവുകാരും പട്ടിണികാരണം അവിടെ മരിച്ചു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു.

? എത്ര പ്രായമുണ്ടായിരുന്നു അവര്‍ക്കപ്പോള്‍ ?

= നാടുകടത്തുമ്പോള്‍ 17 വയസ്സ്. ആദ്യം അവര്‍ ഒളിക്കാന്‍ ശ്രമിച്ചു. പക്ഷേഎല്ലാവര്‍ക്കും എല്ലാവരെയും അറിയാവുന്ന ഗ്രാമത്തില്‍ ഒളിച്ചിരിപ്പ് അത്ര പ്രായോഗികമല്ല. ഉദ്യോഗസ്ഥര്‍ക്കും അറിയാം എന്തോ ഒളിച്ചിരിപ്പുണ്ടെന്ന്. അമ്മയെ കാണിച്ചു കൊടുത്തില്ലെങ്കില്‍ ‍ മുത്തച്ഛനെയും മുത്തശ്ശിയേയും പകരം കൊണ്ടുപോകുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഇതറിഞ്ഞാണ് അമ്മ പുറത്തു വന്ന് പിടികൊടുക്കാന്‍ തീരുമാനിച്ചത്.

? 17നും 22 നും ഇടയ്ക്ക് അവര്‍ ലേബര്‍ ക്യാമ്പിലായിരുന്നു?

= അതെ. ആ സംഭവങ്ങള്‍ എന്റെ ബാല്യകാലത്തില്‍ ആഴത്തില്‍ തറഞ്ഞു കയറിയിട്ടുണ്ട്. എനിക്കുമാത്രമല്ല. അതുപോലെ നിരവധി അനുഭവങ്ങള്‍ പല കുടുംബങ്ങള്‍ക്കും ഉണ്ട്. ഗ്രാമത്തിലെ എല്ലാപേര്‍ക്കും. റൊമാനിയയിലെ മുഴുവന്‍ ജര്‍മ്മന്‍ സമൂഹത്തിനും സമാനമായ അനുഭവങ്ങള്‍ ഉണ്ട്. കുട്ടിയായിരിക്കുമ്പോള്‍ രാഷ്ട്രീയമായി ചിന്തിക്കാന്‍ നമു‍ക്കാവില്ല. ചുറ്റും എന്താണു സംഭവിക്കുന്നതെന്നറിയാന്‍ നമുക്കു വാക്കുകളുണ്ടാവില്ല. ധാരണയുണ്ടാവില്ല. എന്നാല്‍ വാക്കുകളില്ലാതെ തന്നെ രേഖപ്പെടുത്തല്‍ നടക്കും. മറ്റു ചില മാര്‍ഗങ്ങളിലൂടെ. നമ്മുടെ പെരുമാറ്റം സങ്കീര്‍ണ്ണമാവും, വാക്കുകള്‍ക്ക് അതീതമായി തീരും. അങ്ങനെ ഞാന്‍ വളരെയധികം പിടിച്ചെടുത്തിട്ടുണ്ട്. അന്നത്തെ സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ട്. എന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും തെറ്റും അനീതിയുമാണ് ചുറ്റും നടക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.

? എവിടെയായിരുന്നു സ്കൂള്‍ ?

= ടിമിസോറയില്‍ ലോസ്ഫിന്‍ ഭാഗത്ത്.

? ഗ്രാമജീവിതത്തിനു ശേഷം നഗരത്തിലെത്തിയപ്പോള്‍ അത് വല്ലാത്തൊരു ആഘാതമായി അനുഭവപ്പെട്ടിരുന്നോ?

= അതെ. വ്യത്യസ്തമായ ഒരു ലോകം. നഗരത്തില്‍ വന്നപ്പോഴുള്ള മറ്റൊരു പ്രശ്നം എനിക്കന്ന് റൊമാനിയന്‍ നല്ലവണ്ണം സംസാരിക്കാന്‍ കഴിയില്ലായിരുന്നു എന്നതാണ്. ഏഴാം വയസ്സുമുതല്‍ സ്കൂളില്‍ നിന്നാണ് ഞാന്‍ റൊമാനിയന്‍ പഠിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു ജര്‍മ്മന്‍ സ്കൂളാണുണ്ടായിരുന്നത്. അവിടെ റൊമാനിയന്‍ വിദേശഭാഷയാണ്. അല്ലെങ്കില്‍ ഭൂമിശാസ്ത്രവും ഭൌതികശാസ്ത്രവും പോലെ വിദേശ വിഷയം. ആഴ്ചയില്‍ മൂന്നു ദിവസമാണ് റൊമാനിയന്‍ ഭാഷാക്ലാസുകളുണ്ടായിരുന്നത്. വ്യാകരണം, സാഹിത്യം, ഉച്ചാരണം പിന്നെ ദൈവത്തിനറിയാം എന്തൊക്കെയെന്ന്. ഞങ്ങളുടെ ഗ്രാമം പൂര്‍ണ്ണമായും ജര്‍മ്മനായിരുന്നു. അതുകൊണ്ട് ദിവസേന റൊമാനിയന്‍ ഉപയോഗിക്കാന്‍ എനിക്ക് സൌകര്യം ലഭിച്ചിരുന്നില്ല. സ്കൂളില്‍ മാത്രം. സ്കൂളിനു പുറത്ത് ഒരിക്കലും ഉപയോഗിച്ചിരുന്നില്ല ഈ ഭാഷ. പതിനഞ്ചാം വയസ്സില്‍ ടിമിസോരയിലേയ്ക്ക് വരുമ്പോള്‍ റൊമാനിയന്‍ സംസാരിക്കാന്‍ എനിക്കൊട്ടും അറിയുമായിരുന്നില്ല. പക്ഷേ ഞാന്‍ പെട്ടെന്നു തന്നെ പഠിച്ചു. നഗരത്തില്‍ അതു ചെയ്തേ പറ്റുമായിരുന്നുള്ളൂ. എഴുതാനും സംസാരിക്കാനുമായി ഞാന്‍ മറ്റൊരു ഭാഷയിലേയ്ക്ക് നീങ്ങി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, ജര്‍മ്മന്‍‌കാര്‍ ഉള്‍പ്പടെയുള്ള ഓരോ ദേശീയ ന്യൂനപക്ഷവും ഒരുതരം വംശീയ കേന്ദ്രീകൃതത്വത്തിനു കീഴിലാണ് ജീവിക്കുന്നത്. അത് സ്വാഭാവികവുമാണ്. ഗ്രാമത്തില്‍ ഒരു ജര്‍മ്മന്‍ വിചാരിക്കും റൊമാനിയനിലോ, ഹംഗേറിയനിലോ, സെര്‍ബിയനിലോ ജിപ്സിയിലോ ഉള്ള കുറ്റങ്ങളും കുറവുകളുമെല്ലാം അവനറിയാമെന്ന്. അതുപോലെ മറ്റുള്ളവരും . പട്ടണത്തില്‍ റൊമാനിയക്കാരായ കൂട്ടുകാരുണ്ടായപ്പോള്‍ അവരെപ്പറ്റി എന്റെ കുടുംബത്തില്‍ നിന്നു ലഭിച്ചിരുന്ന വിവരങ്ങള്‍ ശരിയായിരുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി.

? ഐതിഹ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന്..

= അതുതന്നെ. എന്റെ പഴയവിദ്യാഭ്യാസം മുഴുവന്‍ വെള്ളം കടക്കാത്ത ഒരറയാണെന്ന് പിന്നീടാണ് മനസ്സിലായത്. മറ്റൊന്നുമായും ബന്ധമില്ലാത്ത ഒരറ. എന്റേതായ ജീവിതം നയിക്കാന്‍ അതെന്നെ ഒരു തരത്തിലും സഹായിച്ചിട്ടില്ല. ഗ്രാമത്തില്‍ 30 കിലോമീറ്ററിനപ്പുറം ആരെയും അറിയിക്കാതെ യാത്രചെയ്യുക അസാദ്ധ്യമാണ്. അതുകൊണ്ട് എന്റെ വിദ്യാഭ്യാസം പൂര്‍ണ്ണമായും പുതിയ ദിശയിലേയ്ക്ക് എനിക്ക് മാറ്റേണ്ടി വന്നു.

? ടിമിസോറയില്‍ ഒരു ജര്‍മ്മന്‍ ദ്വീപ് ഉണ്ടായിരുന്നില്ലേ?

= ഉണ്ടായിരുന്നു. അത് ഗ്രാമപ്രദേശം ആയിരുന്നില്ല. ലോകത്തെവിടെയുമുള്ള നഗരവാസികള്‍ ഗ്രാമീണരെക്കാള്‍ വ്യത്യസ്തരാണെന്നാണ് എന്റെ അനുഭവം. ‘അക്തിയോണ്‍സ് ഗ്രൂപ്പെ ബനാത്ത്’ എന്ന സാഹിത്യകാരസംഘത്തില്‍ നിന്നുള്ള കൂട്ടുകാരെനിക്കുണ്ടായിരുന്നു, ടിമിസോറയില്‍ .കലാശാലയില്‍ വച്ചാണ് ഞാന്‍ അവരെ പരിചയപ്പെടുന്നത്. വളരെ യാദൃച്ഛികമായാണ് അവരെ കണ്ടുമുട്ടുന്നത്. പുസ്തകങ്ങള്‍ വായിക്കുക സാഹിത്യപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക. ദൈവത്തിനു നദി. ആരാണ് ജര്‍മ്മന്‍, ആരാണ് ഹംഗേറിയന്‍ , ആരാണ് റൊമാനിയന്‍ എന്നീ കാര്യങ്ങളിലൊന്നും പിന്നെ താല്പര്യമുണ്ടായില്ല. സംഘത്തിലെ എല്ലാ അംഗങ്ങളും അതുപോലെയായിരുന്നെന്നു തോന്നുന്നു. ഞങ്ങള്‍ക്ക് അഭിപ്രായഗതിയിലായിരുന്നു താല്പര്യം. അല്ലാതെ ദേശീയതകളിലല്ല. സ്വന്തമായി വീക്ഷണങ്ങളുള്ള ആദര്‍ശങ്ങളും രാഷ്ട്രീയ മൂല്യങ്ങളുമുള്ള ഒരു സമൂഹം. അതായിരുന്നു ഞാന്‍ അന്വേഷിച്ചിരുന്നത്. അവസരവാദികളെ ഞാന്‍ വെറുത്തു. എനിക്കൊരു അയല്പക്കക്കാരിയുണ്ടായിരുന്നു. ഒരു നടി. എല്ലാവര്‍ഷവും സഖാവ് ചെഷ്സ്ക്യൂവിന്റെ ആദരാര്‍ത്ഥം അവര്‍ കവിതകള്‍ പാടും. അവര്‍ ജര്‍മ്മനാണ്. അത് അവരോട് പൊറുക്കാന്‍ അത് എനിക്കൊരു കാരണമാവുന്നില്ല. അതല്ല ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനം. എന്നെസംബന്ധിച്ചിടത്തോളം ഒരാളുടെ മനോഭാവമാണ് പ്രധാനം.

? എന്നാലും ‘അക്തിയോണ്‍സ് ഗ്രൂപ്പെ ബനാത്ത്’ ജര്‍മ്മന്‍ എഴുത്തുകാര്‍ക്കുവേണ്ടി മാത്രം സംഘടിക്കപ്പെട്ടതല്ലേ?

= അതെ. പക്ഷേ അക്കാര്യം വിശദീകരിക്കാന്‍ എളുപ്പമാണ്. സാഹിത്യകാര്യങ്ങളില്‍ താല്പര്യമുള്ള ഒരു സംഘമായിരുന്നു അത്. ആ സാഹിത്യത്തിന്റെ ഭാഷയാകട്ടേ, ജര്‍മ്മനും. ആദ്യം ഞാന്‍ അതില്‍ അംഗമായിരുന്നില്ല. അത് ആരംഭിക്കുന്ന സമയം ഞാനൊരു എഴുത്തുകാരിയേ അല്ലായിരുന്നു. അതിലെ പല അംഗങ്ങളുടെയും കൂട്ടുകാരിയായിരുന്നു. പിന്നീട് സംഘം അതിന്റെ നിയമാവലി പ്രസിദ്ധം ചെയ്തപ്പോള്‍ കമ്മ്യൂണിസ്റ്റ് രഹസ്യപോലീസുകാര്‍ മുന്നോട്ടു വന്ന് അവരുടെ നിര്‍ദ്ദേശങ്ങള്‍ വച്ചു. എന്നാലും സാഹിത്യം രാഷ്ട്രീയത്തിനു കീഴ്‌പെടരുത്, പ്രത്യയശാസ്ത്രത്തെയല്ല വ്യക്തിഗതമായ അനുഭവങ്ങളെയും അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിമര്‍ശനങ്ങള്‍ക്കാവണം മുന്‍‌തൂക്കം തുടങ്ങിയവയായിരുന്നു സംഘത്തിന്റെ നിയമാവലി.

? രഹസ്യപോലീസുകാരുടെ അഭിപ്രായം എന്താണ്?

= ഞങ്ങള്‍ രാഷ്ട്രത്തിന്റെ ശത്രുക്കളാണെന്നാണ് അവരുടെ അഭിപ്രായം. അവിടം തൊട്ടാണ് കുഴപ്പങ്ങള്‍ തുടങ്ങുന്നത്. വില്യം ടൊടോക്കിനെ2 ജയിലിലടച്ചു. സ്കൂളില്‍ നിന്ന് പുറത്താക്കി. റിച്ചാര്‍ഡ് വാഗ്നര്‍ക്കും അതേ അനുഭവം ഉണ്ടായി. കുറേയധികം ആളുകള്‍ പോലീസ് കസ്റ്റഡിയില്‍ ദിവസങ്ങള്‍ ചെലവിട്ടു. ബിരുദം നേടിയശേഷം ഞാനൊരു കമ്പനിയില്‍ ജോലി നോക്കിയിരുന്നു. അവിടുന്ന് എന്നെ പറഞ്ഞുവിട്ടു. പിന്നെ അവര്‍ വീടുകള്‍ പരിശോധിക്കുക തുടങ്ങിയ പണികള്‍ ചെയ്യാന്‍ തുടങ്ങി. അവര്‍ ഞങ്ങളെ ഒരു കൂട്ടമായിട്ടാണ് കണ്ടത്. ഞങ്ങളില്‍ ഓരോരുത്തരും മറ്റൊരാള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തിയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന നിലവന്നു. അങ്ങനെയാണവര്‍ ഞങ്ങളെ കണ്ടിരുന്നത്. പഴയ ജര്‍മ്മന്‍ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ പല തവണ ഞാന്‍ പറയും ഏതുകാര്യം ആസൂത്രണം ചെയ്താലും ഞങ്ങള്‍ റൊമാനിയന്‍ എഴുത്തുകാരുമായി ബന്ധപ്പെട്ടിരുന്നു . നിവേദനങ്ങളില്‍ ഒപ്പുശേഖരിക്കുക പോലെയുള്ള കാര്യങ്ങളില്‍ . പക്ഷേ പല റൊമാനിയക്കാരും ഒപ്പിടാന്‍ വിസമ്മതിച്ചിരുന്നു. ഒപ്പിട്ടശേഷം പിന്‍‌വലിച്ചവരുണ്ട്. പലപ്രാവശ്യം. പരാതികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് അത് ഇരുട്ടടിയാണ്. കുറച്ചു ഒപ്പുകള്‍ ലഭിക്കുന്നതാണ് ഒരുപാടെണ്ണം ലഭിക്കുകയും പിന്നീട് പലതും വെട്ടിക്കളയുകയും ചെയ്യുന്നതിനേക്കാള്‍ നല്ലത്. അങ്ങനെ സംഭവിച്ചാല്‍ അതു നിങ്ങളുടെ അവസ്ഥയെ കൂടുതല്‍ പരുങ്ങലിലാക്കും. എണ്ണക്കൂടുതലല്ല, ആളുകളുടെ നിശ്ചയദാര്‍ഢ്യമാണ് ഇവിടങ്ങളില്‍ പ്രധാനം. വളരെ കുറച്ചവസരങ്ങളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിന് വിശദീകരണവുമുണ്ട്. റൊമാനിയന്‍ എഴുത്തുകാര്‍ പറയും : ‘നിങ്ങള്‍ ജര്‍മ്മന്‍‌കാരാണ്. എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ക്ക് പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ പോകാം. ഞങ്ങള്‍ എന്തു ചെയ്യും?’ ഒരു പരിധിവരെ അതില്‍ വാസ്തവമുണ്ട്. പക്ഷേ അത് എല്ലായ്‌പോഴും നല്ലൊരു മുന്‍‌കൂര്‍ജാമ്യം അല്ല. റൊമാനിയന്‍ വിമതഎഴുത്തുകാരനായ പോള്‍ ഗോമ അവസാനം പടിഞ്ഞാറാണ് അഭയം കണ്ടെത്തിയത്. അദ്ദേഹം ജര്‍മ്മന്‍കാരന്‍ അല്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് അദ്ദേഹത്തിന്റെ വായടപ്പിക്കാന്‍ കഴിഞ്ഞില്ല. അതോടൊപ്പം പല എഴുത്തുകാര്‍ക്കും വിദേശത്ത് പോകാന്‍ കഴിഞ്ഞില്ലെന്ന കാര്യവും സത്യമാണ്. ചിലരൊക്കെ ജയിലില്‍ കിടന്ന് മരിച്ചു.

? റൊമാനിയയില്‍ രണ്ടു സാഹിത്യസംഘങ്ങളാണുണ്ടായിരുന്നത്. ഒന്ന് താങ്കള്‍ അംഗമായ ടിമിസോറയില്‍ പ്രവര്‍ത്തിച്ചിരുന്നത്. മറ്റൊന്ന് ക്ലജി(Cluj) ലുള്ളത്. രാഷ്ട്രീയകാര്യങ്ങളിലുള്ള അവയുടെ ഇടപെടല്‍ നാമമാത്രമായിരുന്നു അല്ലേ?

= അതെ. അതായിരുന്നു വ്യത്യാസവും. തിരിഞ്ഞു നോക്കുമ്പോള്‍ ആ വ്യത്യാസം ചില്ലറക്കാര്യമായിരുന്നില്ല. ടിമിസോറയില്‍ ഉള്ള ഞങ്ങളുടെ കാഴ്ചപ്പാടില്‍ ക്ലജില്‍ ഉള്ളവരുടെ പ്രവൃത്തി അത്ര സംതൃപ്തികരമായിരുന്നില്ല. നേരിട്ടുള്ള രാഷ്ട്രീയനിലപാടുകള്‍ വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. അവര്‍ അങ്ങനെയൊന്നുമല്ലെന്നും. രഹസ്യപ്പോലീസിന് വ്യക്തമായ തെളിവുകള്‍ കണ്ടെടുക്കാനാവാത്ത വിധം ശ്രദ്ധയോടെയാണ് അവര്‍ തങ്ങളുടെ ഭാഷ സംവിധാനം ചെയ്തത്. ഞങ്ങളുടെ സാഹചര്യം വേറെയായിരുന്നു. ടിമിസോറയിലുള്ളവര്‍ കൂടുതലും തൊഴില്‍രഹിതരായിരുന്നു. ജോലിയില്‍ നിന്ന് ഞങ്ങളെ പിരിച്ചയച്ചിരുന്നു. ഉപകരണങ്ങളും യന്ത്രഭാഗങ്ങളും ഉണ്ടാക്കുന്ന ‘ടെക്നോമെറ്റല്‍ ‍’ കമ്പനിയില്‍ നിന്നാണ് എന്നെ പിരിച്ചുവിട്ടത്. ഞാന്‍ അവിടെ വിവര്‍ത്തകയായിരുന്നു. വയര്‍ , ട്രാക്ടര്‍ പോലുള്ള സാങ്കേതികപദങ്ങളുടെ വിവര്‍ത്തനമായിരുന്നു എന്റെ പണി‍. കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും ആസ്ട്രിയയില്‍ നിന്നും ചിലപ്പോള്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ നിന്നും അവര്‍ ട്രാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നു. ഞാന്‍ അവയുടെ ‘ഉപയോഗക്രമം’ പരിഭാഷപ്പെടുത്തണം. എനിക്കു മനസ്സിലാവുന്നതൊന്നുമല്ല അതിലുള്ളത്. തടിയന്‍ നിഘണ്ടുകള്‍ എനിക്കുണ്ട്. ഒരു വാക്കിന് ഏതാണ്ട് 20 അര്‍ത്ഥങ്ങള്‍ അവ നല്കിയിട്ടുണ്ട്. ഫാക്ടറിയില്‍ പണിയെടുക്കുന്നവരോട് ചോദിച്ചാണ് ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നത്. അവര്‍ക്ക് ജര്‍മ്മനറിയാം റൊമാനിയന്‍ അറിയാം. യന്ത്രഭാഗങ്ങളുമായി നല്ല പരിചയമുണ്ട്. മൂന്നു വര്‍ഷം ഞാന്‍ ഫാക്ടറിയില്‍ ചെലവഴിച്ചു. ആദ്യത്തെ രണ്ടു വര്‍ഷം വിവര്‍ത്തനവിഭാഗത്തില്‍ . പിന്നെ അതുമായി ഒരു ബന്ധവുമില്ലാത്ത പൊതുജനസമ്പര്‍ക്കവിഭാഗത്തില്‍ .

? രഹസ്യപ്പോലീസിന്റെ കൈകടത്തലായിരുന്നോ അതിനു കാരണം?

= അതെ. അതു ഞാന്‍ പിന്നീട് മനസ്സിലാക്കിയ സംഗതിയാണ്. ഞങ്ങള്‍ക്ക് അതിഥികളാരെങ്കിലും ഉണ്ടെങ്കില്‍ - ഉദാഹരണത്തിന് ജര്‍മ്മനിയില്‍ നിന്നുള്ളവര്‍ - അവരെപ്പറ്റിയുള്ള എന്റെ അഭിപ്രായം എഴുതി പോലീസിനെ ഏല്പിക്കണം എന്നൊരു നിര്‍ദ്ദേശം രഹസ്യപ്പോലീസുകാര്‍ തന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം എന്റെ റൊമാനിയന്‍ സഹപ്രവര്‍ത്തകരായ വിദഗ്ദ്ധര്‍ ജര്‍മ്മന്‍കാരെപ്പറ്റി എന്തു പറഞ്ഞു എന്നും ഞാനെഴുതി വയ്ക്കണം. വിദേശാതിഥികളൊടൊപ്പം ഞാന്‍ പുറത്തുപോകുന്നതില്‍ അവര്‍ക്ക് പ്രശ്നമൊന്നുമില്ല. അതിനു ഞാന്‍ ലൈംഗികതൊഴിലാളിയല്ലെന്ന കാര്യം എനിക്കു പറയേണ്ടി വന്നു. ഞാനൊരു നല്ല നിരീക്ഷകയല്ലെന്നും ആളുകളെ വിലയിരുത്തുന്നതില്‍ ആയിരത്തിലധികം തവണ എനിക്കു തെറ്റു പറ്റിയിട്ടുണ്ടെന്നും ഞാന്‍ അവരോട് പറഞ്ഞു. രഹസ്യപ്പോലീസുകാരന്‍ അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന നിലപാടുകാരനായിരുന്നു. അയാള്‍ക്ക് എന്റെ അഭിപ്രായം മാത്രമാണാവശ്യം. അതാവട്ടെ വ്യക്തിപരമായ അഭിപ്രായം മാത്രമായിരിക്കും. ഞാന്‍ സഹകരിക്കാം എന്നെഴുതികൊടുക്കണം എന്നായിരുന്നു അയാളുടെ ആവശ്യം. എനിക്കു പറ്റില്ലെന്നു ഞാന്‍ പറഞ്ഞു.

? പിന്നെ എന്തു സംഭവിച്ചു?

= വാതില്‍ വലിച്ചടച്ചു കൊണ്ട് ‘നിന്നെ കാണിച്ചു തരാമെന്നോ’ ‘ഞാന്‍ നിന്നെ വെള്ളത്തിലെറിയുമെന്നോ’ഒക്കെ റൊമാനിയന്‍ ഉച്ചാരണഛായയോടെ അയാള്‍ ആക്രോശിച്ചിട്ട് പോയി. പച്ചയ്ക്ക് അയാളെന്നെ വെള്ളത്തിലെറിഞ്ഞില്ല. അതിനു ശേഷം എനിക്ക് ഒരു സമാധാനവും തന്നിട്ടില്ല. പിന്നീട് ആഴ്ചകളോളം എല്ലാ ദിവസവും കൃത്യം 7.30 നു ബോസ്സ് എന്നെ ക്യാബിനില്‍ വിളിച്ചു വരുത്തി പോലീസുകാരനുമായുള്ള പ്രശ്നം ചര്‍ച്ച ചെയ്യും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിസെക്രട്ടറിയും കമ്മ്യൂണിസ്റ്റ് യൂത്ത് സെക്രട്ടറിയും ഉണ്ടാവും കൂടെ. ഓരോ പ്രാവശ്യവും അവരെന്നോട് രാജിവയ്ക്കാനും മറ്റൊരു ജോലി അന്വേഷിക്കാനും പറയും. ഫാക്ടറിയില്‍ ജോലി ചെയ്യുന്നത് വളരെയേറെ ഞാനിഷ്ടപ്പെടുന്നു എന്നും മറ്റൊരിടത്ത് ജോലി അന്വേഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യുന്നില്ലെന്ന് അവരോട് ഞാന്‍ പറയും. എന്നെ ഒഴിവാക്കണമെങ്കില്‍ പിരിച്ചയക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്തിനാണ് എന്നെ പിരിച്ചയയ്ക്കുന്നതെന്ന് എനിക്കു എഴുതി തരികയും വേണം. രഹസ്യപ്പോലീസുകാരുമായി ഞാന്‍ സഹകരിക്കാന്‍ തയ്യാറാവാത്തതിന്റെ കഥയിതാണ്. അതുകഴിഞ്ഞ് ലേബര്‍ യൂണിയനില്‍ സംസാരിക്കാനും പരാതി കൊടുക്കാനുമായി പോയിട്ടുണ്ട്. നേതാവ് ഞാന്‍ പറയുന്നതെന്താണെന്ന് കേള്‍ക്കാന്‍ പോലും കൂട്ടാക്കിയില്ല.

ദുരന്തങ്ങള്‍ തലകുത്തിമറിയുന്നതാണിതെല്ലാം. എനിക്കിപ്പോള്‍ അതെല്ലാം ഓര്‍ത്ത് ചിരിക്കാം. പക്ഷേ അന്ന് എന്നെ അവര്‍ പിരിച്ചയക്കുന്നതുവരെ ഞാന്‍ നിന്നത് കടുത്ത സംഘര്‍ഷത്തിന്റെ സൂചിമുനയിലാണ്. അധികം കഴിവൊന്നും വേണ്ടാത്ത ജോലിയാണെനിക്ക് അവരാദ്യം വച്ചു നീട്ടിയത്. ഞാന്‍ സ്വീകരിച്ചില്ല. പിന്നെ അവര്‍ എന്നെ പറഞ്ഞയച്ചു. വരുമാനം ഒന്നുമില്ലാത്ത അവസ്ഥ. ജോലി ചെയ്തിരുന്ന പത്രസ്ഥാപനത്തില്‍ നിന്ന് ഭര്‍ത്താവ് - റിച്ചാര്‍ഡ് വാഗ്നറെയും - അപ്പോഴേയ്ക്ക് പിരിച്ചയച്ചിരുന്നു. പുറമേ മിക്കവാറും എല്ലാദിവസങ്ങളിലും രഹസ്യപ്പോലീസിന്റെ ആസ്ഥാനത്ത് ഹാജരാവുകയും വേണം. അവിടെ എനിക്കെതിരെയുള്ള ആരോപണം എനിക്കറിയാവുന്ന ഒന്നും അല്ല. ഫാക്ടറിയില്‍ വച്ച് നടന്ന സംഭവത്തെ മുന്‍‌നിര്‍ത്തിയോ എന്റെ സാഹിത്യരചനകളെപ്പറ്റിയോ ഒന്നുമല്ല. ഞാനൊരു വേശ്യയായിരുന്നു എന്നാണ് എനിക്കെതിരെയുള്ള കുറ്റപത്രം. ഞാന്‍ പണത്തിനുവേണ്ടി അറബ് വിദ്യാര്‍ത്ഥികളുടെ കൂടെ കിടന്നിട്ടുണ്ടെന്ന്. അറബിയായ ഒരാളെപ്പോലും എനിക്കന്ന് നേരിട്ടറിയില്ല. തെളിവുകളെല്ലാം വച്ച് നല്ല വിചാരണ തന്നെ നടത്തി എന്നെ ജയിലടക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. റൊമാനിയന്‍ ചന്തകളില്‍ കാണാത്ത സാധനങ്ങളുടെ അനധികൃതമായ വില്പന ഞാന്‍ നടത്തിവരുന്നുണ്ടെന്നും ഒരു പരാതി അവര്‍ ഉണ്ടാക്കി. ടിമിസോറയിലെ പോപാ സാപ്കാ ചന്തയില്‍ ഞാന്‍ സാധനങ്ങള്‍ വില്ക്കുന്നുണ്ടത്രേ. അവിടെയാണ് ജയില്‍ . ഒരു പക്ഷേ എന്റെ ജീവിതം എവിടെ അവസാനിക്കാന്‍ പോകുന്നു എന്ന് വ്യംഗ്യഭംഗിയില്‍ അവര്‍ സൂചിപ്പിച്ചതാകാം.

? ‘ഇന്ന് എനിക്കാരെയും കാണണ്ട’ എന്ന പുസ്തകത്തില്‍ താങ്കള്‍ ഈ അനുഭങ്ങളൊക്കെ തന്നെയല്ലേ എഴുതുന്നത്?

= അതെ. ചോദ്യം ചെയ്യാനായി ഒരാള്‍ വിളിക്കപ്പെടുന്നു. പക്ഷേ ഒരിക്കലും അയാള്‍ക്കവിടെ എത്താന്‍ കഴിയുന്നില്ല.

? കമ്മ്യൂണിസം അനുഭവിച്ചിട്ടില്ലാത്ത പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ ആ പുസ്തകങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കപ്പെട്ടത്?

= ആളുകളുടെ ആകാംക്ഷ പലതരത്തിലുള്ളതാണെന്നാണ് എന്റെ വിശ്വാസം. റൊമാനിയയില്‍ താല്പര്യം ഉള്ളവരുണ്ട്. ഏകാധിപത്യത്തിന്റെ കാര്യത്തിലായിരിക്കും ചിലര്‍ ശ്രദ്ധിക്കുന്നത്. ഏകാധിപത്യം പ്രവര്‍ത്തിക്കുന്ന രീതികളില്‍ . സമഗ്രാധിപത്യപരമായ വ്യവസ്ഥയില്‍ ഏകാധിപത്യത്തിനാല്‍ എങ്ങനെ ഒരു വ്യക്തി നശിപ്പിക്കപ്പെടുന്നു എന്ന്. പഴയ കിഴക്കന്‍ ജര്‍മ്മനിയില്‍ ആളുകളുടെ അനുഭവം കുറച്ച് വ്യത്യസ്തമായിരുന്നു എന്ന് എനിക്കു തോന്നുന്നു. അവര്‍ കാര്യങ്ങളെക്കുറിച്ച് ധാരണയുള്ളവരായിരുന്നു. അതു സംസാരത്തിലും വരും. വ്യത്യസ്തമായ ജീവിതങ്ങളുള്ള, വ്യത്യസ്തമായ രണ്ടു രാജ്യങ്ങളെക്കൊണ്ടാണ് ഇന്നത്തെ ജര്‍മ്മനി ഉണ്ടായിരിക്കുന്നത്. പടിഞ്ഞാറന്‍ ജര്‍മ്മനിയേക്കാള്‍ കിഴക്കന്‍ യൂറോപ്പുമായിട്ടാണ് കിഴക്കന്‍ ജര്‍മ്മനിയിലെ ആളുകളുടെ സാമൂഹികസ്വഭാവങ്ങള്‍ അടുത്തു നില്ക്കുന്നത്. കമ്മ്യൂണിസത്തെക്കുറിച്ച് വിമര്‍ശനാത്മകമായി സംസാരിക്കുന്നതു കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതു കൊണ്ട് പുസ്തകം വായിക്കുന്നതിനുള്ള ചടങ്ങുകളില്‍ എന്നെ വിളിക്കാന്‍ ഇഷ്ടപ്പെടാത്ത ആളുകള്‍ കിഴക്കന്‍ ജര്‍മ്മനിയിലുണ്ട്. കിഴക്കന്‍ ജര്‍മ്മനിയുടെ ശക്തമായ ഒരു പൊതുസ്വഭാവമാണത്. അവര്‍ക്ക് പില്‍ക്കാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ട്. സാംസ്കാരികസ്വാധീനമുള്ള സ്ഥലത്തു നിന്നെത്തിയവരുള്‍പ്പടെ, പാര്‍ട്ടിയ്ക്ക് ധാരാളം അനുഭാവികളുമുണ്ട്.

പക്ഷേ അപ്പോഴും കിഴക്കന്‍ ജര്‍മ്മനിയിലുള്ള ധാരാളം ആളുകള്‍ എന്നെ ക്ഷണിക്കാറുണ്ട്. മൊത്തത്തില്‍ കിഴക്കന്‍ ജര്‍മ്മന്‍‌കാര്‍ക്ക് തികച്ചും വിഭിന്നമായ പ്രതികരണരീതിയാണ് എന്റെ രചനകളോടുള്ളത് എന്നു പറയാം. പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ ആളുകളുടെ താല്പര്യം പ്രധാനമായും സിദ്ധാന്തങ്ങളിലും വിവരണങ്ങളിലുമൊക്കെയാണ്. കിഴക്കുള്ളവര്‍ എന്റെ കഥകളില്‍ അവരുടെ ഭൂതകാലത്തെയും സ്വന്തം ജീവിതത്തെയും ഒക്കെയാണ് അഭിമുഖീകരിക്കുന്നത്. ചിലര്‍ക്കത് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. കിഴക്കന്‍ ജര്‍മ്മനിയില്‍ വച്ച് പലപ്രാവശ്യം പുസ്തകം വായിച്ചു കഴിഞ്ഞ് ഞാന്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്നും കേള്‍ക്കുന്ന ആദ്യപ്രതികരണം ‘റൊമാനിയയിലെ കാര്യങ്ങള്‍ തീര്‍ച്ചയായും ഇതിനേക്കാള്‍ തീരെ മോശമാണല്ലോ’ എന്നാണ്. “അത് നിങ്ങള്‍ എങ്ങനെ കാര്യങ്ങളെ നോക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്’ എന്ന് ഞാന്‍ മറുപടി പറയും. കിഴക്കന്‍ ജര്‍മ്മനിയിലെ ഒരു രഹസ്യപ്പോലീസ് ഓഫീസര്‍ അയാളുടെ പ്രഷ്യന്‍ മനോഭാവവും പരുക്കത്തനവും എടുത്തുപിടിച്ച സ്വഭാവവും കൊണ്ട് മുമ്പൊരിക്കല്‍ അയാളുടെ ബാള്‍ക്കന്‍ സഹപ്രവര്‍ത്തകന്‍ റൊമാനിയന്‍ സെക്യൂറിറ്റേറ്റ്3 ഉദ്യോഗസ്ഥന്‍ ചെയ്ത അതേ മട്ടില്‍ അത്ര തന്നെ എന്നെ ഭയപ്പെടുത്തിയിട്ടുണ്ട്. ആകെക്കൂടി നോക്കിയാല്‍ റൊമാനിയന്‍ ജര്‍മ്മന്‍ കമ്മ്യൂണിസങ്ങള്‍ തമ്മിലുള്ള അതിരുരേഖകള്‍ ചില ജര്‍മ്മന്‍‌കാര്‍ വിശ്വസിക്കുന്നതുപോലെ അത്ര വ്യത്യാസമുള്ള സംഗതിയല്ല എന്നും ഞാന്‍ പറയാറുണ്ട്. എനിക്കത് പറഞ്ഞേ തീരൂ. കാഴ്ചക്കാരില്‍ കുറച്ചുപേര്‍ക്ക് അതൊരിക്കലും ഇഷ്ടപ്പെടാറില്ല.

? ടിമിസോറയിലെ എഴുത്തുകാരുടെ യുവനിര കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. ഒപ്പം ഇടതുപക്ഷക്കാരുമാണ്. അതു ശരിയാണോ? എന്താണതില്‍ വിട്ടുപോയിട്ടുള്ളത്?

= അതെ. ഞങ്ങള്‍ ഇടതുപക്ഷക്കാരായിരുന്നു.കമ്മ്യൂണിസത്തോടുള്ള ദേഷ്യത്തിനു കാരണവും അതാണ്. വലതുപക്ഷതട്ടകമാണ് ഞങ്ങള്‍ക്കുള്ളതെന്ന് എപ്പോഴെങ്കിലും ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ? അവര്‍ക്ക് ഞങ്ങളെ ഫാസിസ്റ്റുകള്‍ എന്നു വിളിക്കാനായിരുന്നു എളുപ്പം. റൊമാനിയയില്‍ നിലനിന്ന സോഷ്യലിസത്തെ ഏതു നിലയ്ക്കായാലും ഇടതുനിലപാടെന്നു വിളിക്കുക സാദ്ധ്യമല്ലെന്നായിരുന്നു ഞങ്ങളുടെ കാഴ്ചപ്പാട്. അതു മറ്റൊന്നായിരുന്നു. അറുപതുകളുടെ ഉത്തരാര്‍ദ്ധത്തില്‍ നടന്ന ചെക്കോസ്ലോവാക്യയിലെ പരിഷ്കരണപ്രവര്‍ത്തനങ്ങളില്‍ പ്രാഗ് വസന്തത്തോടു ഞങ്ങള്‍ക്ക് സഹാനുഭൂതിയുണ്ടായിരുന്നു. ജര്‍മ്മനിയിലെ യുവജനത എന്ന നിലയ്ക്ക് ഞങ്ങളുടെ മാതാപിതാക്കള്‍ ഹിറ്റ്ലര്‍ക്കു വേണ്ടി യുദ്ധം ചെയ്തവരാണ് എന്ന കാര്യം ഞങ്ങള്‍ മറക്കുകയില്ല. എന്റെ പിതാവ് എസ് എസില്‍ 4 ഉണ്ടായിരുന്നു. ഇതുകൊണ്ടെല്ലാം, പശ്ചിമജര്‍മ്മന്‍ ജനാധിപത്യ സോഷ്യലിസ്റ്റുകള്‍ രൂപം നല്‍കിയ ഇടതുപക്ഷവീക്ഷണങ്ങളോട് സ്വാഭാവികമായി തന്നെ ഞങ്ങള്‍ അടുത്തു. യുദ്ധസമയങ്ങളില്‍ കയ്യാളേണ്ട വ്യക്തിഗതമായ ചുമതലകളെക്കുറിച്ച് സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാല്‍ - കുറ്റബോധത്തിന്റെ ചോദ്യങ്ങള്‍ - ഞങ്ങളുടെ തലയും നിറഞ്ഞിരുന്നു. എനിക്ക് അത്തരം ചോദ്യങ്ങള്‍ തികച്ചും സ്വകാര്യവും എന്നാല്‍ പ്രധാനപ്പെട്ടതുമായിരുന്നു. കാരണം ഒരിക്കലും എസ് എസ് അനുഭവത്തെപ്പറ്റി പില്ക്കാലത്ത് ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ലാത്ത പിതാവിനും എനിക്കുമിടയിലാണ് അവ നിലക്കൊണ്ടത്.

റൊമാനിയയും ഹിറ്റ്ലറുടെ പക്ഷം ചേര്‍ന്നു നിന്നുകൊണ്ട് യുദ്ധം തുടങ്ങുകയാണെന്ന് അപ്പൊഴേയ്ക്ക് എനിക്ക് മനസ്സിലായി. റൊമാനിയയ്ക്ക് അതിന്റേതായ ഫാസിസം ഉണ്ട്. ഹിറ്റ്ലറെ സാഹായിക്കുന്നതിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ (ഹംഗേറിയക്കാര്‍ക്കെതിരെയും) 1950-ലും 1960-ലും വിരല്‍ ചൂണ്ടിയ രാജ്യമാണ് റൊമാനിയ എന്ന കാര്യം വല്ലാത്ത അസ്വസ്ഥത എന്നിലുണ്ടാക്കി. ഒരെതിര്‍പ്പുമില്ലാതെ റൊമാനിയ മുഴുവന്‍ ഹിറ്റ്ലറെ സഹായിച്ചു. ഔദ്യോഗികഭാഷ്യം ഇങ്ങനെ : ജര്‍മ്മന്‍‌കാര്‍ - ഫാസിസ്റ്റ്. ഹംഗേറിയന്‍ - ഫാസിസ്റ്റ്. റൊമാനിയന്‍ - ചെമ്പന്‍ സേനയോടൊപ്പം പൊരുതുന്ന സ്വാതന്ത്ര്യപ്പോരാളികള്‍ , നന്മയുടെ പക്ഷക്കാര്‍ . കാര്യങ്ങള്‍ അങ്ങനെ ആകെക്കുഴഞ്ഞുമറിഞ്ഞ രീതിയിലായിരുന്നു.

കമ്മ്യൂണിസത്തിനു കീഴിലുള്ള ഇടതുപക്ഷവിശ്വാസങ്ങളിലേയ്ക്ക് തിരിച്ചു വരാം. പടിഞ്ഞാറുള്ള ചില ഇടതുപക്ഷകാരെപ്പോലെ ചൈനയുടെ സാംസ്കാരികവിപ്ലവത്തില്‍ ഞങ്ങള്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. തെരുവുകളിലേയ്ക്കിറങ്ങി ഞങ്ങള്‍ ‘ഹോ ചി മിന്‍ ’മന്ത്രം ഉരുവിട്ടില്ല. ഇവിടെ വീട്ടില്‍ ഞങ്ങള്‍ക്ക് അതുപോലുള്ള ധാരാളം കാര്യങ്ങള്‍ ഉണ്ടായിരുന്നു.മുദ്രാവാക്യങ്ങള്‍ ഞങ്ങളെ മണ്ടന്മാരാക്കിയില്ല. ഒരു കാര്യം സമ്മതിക്കുന്നു. മാനുഷികമുഖമുള്ള, പരിഷ്കരണത്തിനു വിധേയമായ ഒരു സോഷ്യലിസത്തില്‍ തന്നെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഇപ്പോള്‍ തിരിഞ്ഞു നോക്കിയിട്ട് എനിക്കു പറയാം ‘ദൈവമേ, എന്തൊരു മടയിയായിരുന്നു ഞാന്‍ !’ ഒരാള്‍ക്കും സോഷ്യലിസത്തെ പരിഷ്കരിക്കാന്‍ പറ്റില്ലെന്ന് ഇന്ന് എനിക്കറിയാം. അതിനെ ദൂരെക്കളയുകയാണ് വേണ്ടത്. ക്യൂബയിലും ചൈനയിലും നിങ്ങള്‍ക്കിപ്പോള്‍ പോലും കാണാം. അല്ലെങ്കില്‍ സെര്‍ബിയയില്‍ . വടക്കന്‍ കൊറിയയെപ്പറ്റി പറയേണ്ട കാര്യമില്ല. സോഷ്യലിസത്തെ പരിഷ്കരിക്കാന്‍ സാദ്ധ്യമല്ല. ജനാധിപത്യപരമാക്കി തീര്‍ക്കാന്‍ പരിശ്രമിക്കുകയാണെങ്കില്‍ അത് സോഷ്യലിസമായി പിന്നെ നിലനില്‍ക്കുകയില്ല. ചെറിയ മാറ്റങ്ങളും പരിഹാരപ്രവര്‍ത്തനങ്ങളുമെല്ലാം വമ്പന്‍ വിഡ്ഢിത്തരങ്ങളാണ്.

? താങ്കളുടെ അതേ കാലത്തില്‍ എഴുതിത്തുടങ്ങിയ നിരവധി ജര്‍മ്മന്‍ റൊമാനിയന്‍ എഴുത്തുകാര്‍ ഇപ്പോള്‍ ജര്‍മ്മനിയില്‍ അറിയപ്പെടുന്നവരായിട്ടില്ലേ?

= ഉണ്ട്. ഞങ്ങളില്‍ കുറച്ചുപേര്‍ ... ജര്‍മ്മന്‍ സാഹിത്യത്തിന്റെ ഒരു ഭാഗം റൊമാനിയയില്‍ നിന്നും കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുമാണെന്ന് ഇപ്പോള്‍ ജര്‍മ്മനിയില്‍ ഏതാണ്ട് എല്ലാവരും അംഗീകരിച്ച മട്ടാണ്. കൂടുതലുമില്ല കുറവുമില്ല. ജര്‍മ്മനിയില്‍ ജീവിതകാലം മുഴുവന്‍ ചെലവഴിച്ച എഴുത്തുകാരേക്കാള്‍ മോശമെന്നോ മികച്ചതെന്നോ പറയാന്‍ പറ്റില്ല, ഞങ്ങളുടെ കൃതികളെ. ഞങ്ങള്‍ എന്താണോ അതാണ് ഞങ്ങള്‍ . അതങ്ങനെ ആയിരിക്കുകയും വേണം.

1. റൊമാനിയന്‍ ആനുകാലികം
2. റൊമാനിയന്‍ - ജര്‍മ്മന്‍ കവിയും പത്രപ്രവര്‍ത്തകനും.
3. റൊമാനിയന്‍ രഹസ്യപ്പോലീസ്
4. ഷുട്സ് സ്റ്റാഫല്‍ -നാസി പാരാമിലിട്ടറി സംഘം. കുറ്റകൃത്യങ്ങളുടെ പേരില്‍ കുപ്രസിദ്ധര്‍ .

വിവ : ശിവകുമാര്‍ ആര്‍ പി
Subscribe Tharjani |