തര്‍ജ്ജനി

വര്‍ത്തമാനം

സംസ്കാരം, എഴുത്ത്, അമേരിക്ക

ജൂത-അമേരിക്കന്‍ നോവലിസ്റ്റ് ഫിലിപ് റോത്തിന് സമകാല പാശ്ചാത്യ നോവലിസ്റ്റുകളുടെ മുന്‍‌നിരയില്‍ സ്ഥാനമുണ്ട്. ദേശീയ പുസ്തക പുരസ്കാരം നേടിയ ‘ഗുഡ് ബൈ കൊളംബസ് ’(1959) തൊട്ട് ‘ദ് പ്ലോട്ട് എഗന്‍സ്റ്റ് അമേരിക്ക’ വരെ ഇരുപത്തിയെട്ടോളം കൃതികളാണ് അദ്ദേഹത്തിന്റേതായുള്ളത്. പ്രസിദ്ധ നിരൂപകനായ ഹെരോള്‍ഡ് ബ്ലൂം റോത്തിനെ ഈ ദശകത്തിലെ മഹാന്മാരായ നാല് അമേരിക്കന്‍ സാഹിത്യകാരന്മാരില്‍ ഒരാളായാണ് വാഴ്ത്തുന്നത്. ലൈംഗികതയും തമാശയും നിറഞ്ഞ ‘പോര്‍ട്ട്നോയ്’സ് കം‌പ്ലയിന്റ്’’ എന്ന നോവലോടു കൂടി വായനക്കാരുടെ ശ്രദ്ധാകേന്ദ്രമായ റോത്തിന്റെ നോവലുകളിലെ ലൈംഗികത പല തരത്തില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പരാജയപ്പെട്ട സ്വന്തം ദാമ്പത്യബന്ധങ്ങളാവാം അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങള്‍ക്ക് അപരിചിതവഴികള്‍ സമ്മാനിക്കുന്നത്. ആദ്യഭാര്യയായ മാര്‍ഗ്രറ്റ് മാര്‍ട്ടിന്‍സണിന്റെ (റോത്തുമായി പിരിഞ്ഞ ഇവര്‍ ഒരു കാര്‍ അപകടത്തില്‍ മരിച്ചു) സ്വാധീനം പല നോവലുകളിലെയും സ്ത്രീ കഥാപാത്രങ്ങളുടെയും പൂര്‍വമാതൃകയാണ്. ബ്രിട്ടീഷ് താരം ക്ലയര്‍ ബ്ലൂമുമായുള്ള ബന്ധമാണ് വിചിത്രമായ തരത്തില്‍ ‘ഐ മാരീഡ് എ കമ്മ്യൂണിസ്റ്റി’ല്‍ കടന്നു വരുന്നത്. ക്ലയര്‍, റോത്തുമായി സഹവസിച്ച നാളുകളെ കുറിച്ചെഴുതിയ പുസ്തകത്തിന് (‘ലീവിങ് ദ് ഡോള്‍സ് ഹൌസ് ’) പ്രകടമായുള്ള പ്രതികാരമാണ് ആ നോവലിലെ ‘ഈവ്‘ എന്ന സ്തീകഥാപാത്രം.

philip roth

വിചിത്രവും വിശാലവുമാണ് നോവലുകളിലെ പശ്ചാത്തലം. രാഷ്ട്രീയപ്രഹസനങ്ങള്‍ മുതല്‍ കാഫ്കയുടെ അതിയാഥാര്‍ത്ഥ്യം വരെ റോത്ത് തന്റെ നോവലുകളില്‍ പരീക്ഷണവിധേയമാക്കി. നാതാന്‍ സക്കര്‍മാന്‍ എന്ന കഥാപാത്രം റോത്തിന്റെ അപരനാണെന്നു പല നിരൂപകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 80-നു ശേഷം രചിക്കപ്പെട്ട നോവലുകളിലെല്ലാം സക്കര്‍മാന്‍ പ്രധാന കഥാപാത്രമായോ അല്ലാതെയോ പ്രത്യക്ഷപ്പെടുന്നതു കാണാം. ‘ഹ്യൂമന്‍ സ്റ്റയിനും’ ‘അമേരിക്കന്‍ പാസ്റ്റൊരലും’ ചലച്ചിത്രങ്ങളായി. പെന്‍, ഫോക്നര്‍, പുലിറ്റ്സര്‍ തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള റോത്ത്, അമേരിക്കയുടെ ഉള്‍പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്നു. പൊതുവേ അഭിമുഖങ്ങള്‍ക്കു മടിക്കുന്ന അദ്ദേഹം ‘ഒബ്‌സെര്‍വറി’ലെ റോബര്‍ട്ട് മക്രം ഫാക്സിലയച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ് താഴെ.

സംസ്കാരം, എഴുത്ത്, അമേരിക്ക

റോബര്‍ട്ട് : ‘ദ് ബ്രസ്റ്റി’ലെയും ‘പ്രൊഫസര്‍ ഓഫ് ഡിസയറി’ലെയും നായകന്‍ ഡേവിഡ് കെപേഷിലേയ്ക്ക് താങ്കളെ തിരിച്ചു കൊണ്ടുവന്നതെന്താണ്?

ഫിലിപ് റോത്ത് : മൂന്നു പുസ്തകങ്ങള്‍ക്കു ശേഷം, ആഖ്യാതാവായ നതാന്‍ സക്കര്‍മാനില്‍ നിന്ന് ദൂരെപ്പോവുക എന്ന ആവശ്യം തന്നെ. തന്റെ കഥ അവസാനിച്ചെന്നു സ്വയം വിശ്വസിക്കുന്ന, അതുകൊണ്ട് മറ്റാളുകളുടെ ജീവിതകഥകളില്‍ താത്പര്യത്തോടെ വിഹരിക്കുന്ന, ന്യൂ ഇംഗ്ലണ്ടിന്റെ ഗ്രാമീണ വന്യതയില്‍ ഒറ്റയ്ക്കു കഴിയുന്ന സക്കര്‍മാന്റെ അവസ്ഥയിലും അയാളുടെ വീക്ഷണത്തിലും എനിക്കു തിക്കുമുട്ടല്‍ തോന്നിതുടങ്ങിയിരുന്നു. മൂന്നു നോവലുകളിലും ഒരു നിരീക്ഷകനായും ഭാവനാസൃഷ്ടിയായും അയാള്‍ എന്നെ നന്നായി സഹായിച്ചു. പക്ഷേ എനിക്കൊരു മാറ്റം വേണമെന്നു തോന്നി.

Dying Animal

റോബര്‍ട്ട് :‘ദ് ഡൈയിങ് ആനിമല്‍’ എഴുതാന്‍ എന്തെങ്കിലും പ്രത്യേക പ്രചോദനം ഉണ്ടായിരുന്നോ?
ഫിലിപ് റോത്ത് : എനിക്കറിയാവുന്ന ഒരാള്‍, നല്ല ശരീര വടിവുള്ള സുന്ദരിയായ പെണ്‍കുട്ടിയുമായി പത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പുലര്‍ത്തിയിരുന്ന ആഴത്തിലുള്ള വൈകാരികബന്ധത്തെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. ഇരുപത്തഞ്ചിനു താഴെ മാത്രം പ്രായമുള്ള അവള്‍ അയാളുടെ അപ്പാര്‍ട്ട്മെന്റില്‍ തീരെ പ്രതീക്ഷിക്കാതെ ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടിട്ട് അവള്‍ക്ക് ബ്രസ്റ്റ് ക്യാന്‍സര്‍ ആണെന്ന കാര്യം പറഞ്ഞു. ഇടയ്ക്കുള്ള പത്തു വര്‍ഷങ്ങളില്‍ അവര്‍ തമ്മില്‍ കണ്ടിരുന്നില്ല. വലിയൊരു ആഘാതമായിരുന്ന ഈ വാര്‍ത്ത അയാള്‍ കരഞ്ഞുകൊണ്ടാണ് കേട്ടത്. പറഞ്ഞുകേട്ടതിനു ശേഷം മറക്കാന്‍ പറ്റാതായ ഈ സംഭവത്തില്‍ നിന്നാണ് ‘ ഡൈയിങ് ആനിമല്‍’ രൂപം കൊള്ളുന്നത്.

റോബര്‍ട്ട് :‘അമേരിക്കന്‍ പാസ്റ്ററലുമായും’ ‘ഹ്യൂമന്‍ സ്റ്റയിനു’മായും ഏതു തരത്തിലുള്ള ബന്ധമാണ് ഈ നോവലിനുള്ളത്?
ഫിലിപ് റോത്ത് : ഇവയ്ക്കു മുന്‍പെഴുതിയ മൂന്നു പുസ്തകങ്ങളെപ്പറ്റിയുള്ള (‘ബ്രസ്റ്റി’നും ‘പ്രഫസര്‍ ഓഫ് ഡിസയറിനു’മൊപ്പം ഞാന്‍ ‘ഐ മാരീഡ് എ കമ്മ്യൂണിസ്റ്റ്’’കൂടി ചേര്‍ക്കുന്നു) ഉത്കണ്ഠയില്‍ നിന്നും രക്ഷപ്പടാന്‍ വേണ്ടി ഏറ്റെടുത്തതാണ് ഇവയുടെ രചന. ഒരേ ഒരു സമാനതയുള്ളത്, കെപേഷ് ‘സ്വതന്ത്രമായ ആണത്തം‘ എന്നു വിളിക്കുന്ന അവസ്ഥയെ ചരിത്രപരമായി നോക്കിക്കാണുന്നു എന്നതാണ്. അതോടൊപ്പം 1960കളുടെ ഒസ്യത്തായി അയാളുടെ ലൈംഗിക സ്വാതന്ത്ര്യത്തെ വിവരിക്കുന്നു എന്നുള്ളതും. അറുപതുകളുടെ റാഡിക്കല്‍ വശത്തെക്കുറിച്ച് അയാള്‍ ഗൌരവമായി ചിന്തിക്കുന്നുണ്ട്. ഇരുപതുകള്‍ പിന്നിട്ട്, അയാള്‍ വിവാഹിതനും കുഞ്ഞിന്റെ പിതാവുമൊക്കെയായി തീരുമ്പോള്‍, മൂല്യങ്ങളെ ഗൌരവത്തോടെ ഹൃദയത്തില്‍ സ്വീകരിച്ചുകൊണ്ടാണ് ബാക്കി ജീവിതം നയിക്കുന്നത്. ‘ലൈംഗിക പരിവര്‍ത്തനം’ എന്നു വിളിക്കാം.

image

റോബര്‍ട്ട് :പാശ്ചാത്യ നോവലുകളില്‍, ലൈംഗികത ആഴമുള്ള ഒരു പ്രമേയമാണെന്നാണോ താങ്കള്‍ വിചാരിക്കുന്നത്?
ഫിലിപ് റോത്ത് : എനിക്കറിയില്ല.

റോബര്‍ട്ട് :എന്താണ് നോവലുകളുടെ ലക്ഷ്യം?
ഫിലിപ് റോത്ത് : ദൈവത്തിനു മാത്രം അറിയാം.

റോബര്‍ട്ട് :അസൂയയുടെ അശ്ലീലത ( ദ് പോര്‍ണോഗ്രാഫി ഓഫ് ജെലസി) എന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
ഫിലിപ് റോത്ത് : ലൈംഗികഭാവനകളെല്ലാം അസൂയയാല്‍ പ്രചോദിതങ്ങളാണ്. അശ്ലീലചിത്രങ്ങളെല്ലാം ആനന്ദത്തെക്കാളേറെ പീഢനമാണ് കാഴ്ചയ്ക്കു നല്‍കുന്നത്. കാരണം കെപേഷ് പറയുന്നതു പോലെ “പരിപൂര്‍ണ്ണതൃപ്തി കൊണ്ടല്ല നിങ്ങള്‍, ലൈംഗികത അനുഭവിക്കുന്ന വ്യക്തിയുമായി സ്വയം ലയിക്കുന്നത് . മറിച്ച് അതു ലഭിക്കാത്ത, അതു നഷ്ടപ്പെട്ടു പോകുന്ന, അതു നഷ്ടപ്പെട്ടു കഴിഞ്ഞ, വ്യക്തിയുമായാണ് നിങ്ങള്‍ താദാത്മ്യം പ്രാപിക്കുന്നത്”

റോബര്‍ട്ട് : നിയമത്തിനും നിയമലംഘനത്തിനും ഇടയിലുള്ള, വില്യം ബ്രാഡ്‌ഫോര്‍ഡും തോമസ് മോര്‍ട്ടനും തമ്മിലുള്ള, സംഭാഷണങ്ങളുടെ ഒരു ഉപരിചിത്രമാണോ അമേരിക്കന്‍ സംസ്കാരം?
ഫിലിപ് റോത്ത് : പ്ലിമോത്തിലെ പ്യൂരിട്ടന്‍ കോളനിയിലെ ഒരു ഗവര്‍ണ്ണറായിരുന്നു ബ്രാഡ്‌ഫോര്‍ഡ്. തോമസ് മോര്‍ട്ടന്‍, മെറിമൌണ്ടിനടുത്തുള്ള കച്ചവടത്താവളത്തിന്റെ അദ്ധ്യക്ഷനും. പ്യൂരിട്ടനുകള്‍ താന്തോന്നിത്തം കൊണ്ടു മാത്രം കച്ചവടത്തെ എതിര്‍ത്തു വന്നിരുന്നു. മെറിമൌണ്ടിലെ ആണുങ്ങള്‍ ഇന്ത്യന്‍ പെണ്ണുങ്ങളുമായി തുറന്നു സഹവസിക്കുന്നത് പ്ലിമോത്തിലെ പ്യൂരിട്ടനുകളെ വല്ലാതെ ചൂടുപിടിപ്പിച്ചിരുന്നു. 1960-കളിലെ അമേരിക്ക‍- വര്‍ണ്ണ സങ്കരവും മറ്റും മറ്റുമുള്ള മോര്‍ട്ടന്റെ അമേരിക്ക‌- ഒടുവില്‍ ജനിച്ചപ്പോള്‍, കുറച്ച് ചരിത്രകാരന്‍ കൂടിയായ കെപേഷ് , ബ്രാഡ്‌ഫോര്‍ഡും മോര്‍ട്ടനും തമ്മില്‍ പതിനേഴാം നൂറ്റാണ്ടിലുണ്ടായ വഴക്ക് ‘മുന്നൂറ്റി മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ദേശീയവിപ്ലവത്തിന്റെ മുന്‍സൂചന’യായി കണ്ടെത്തുന്നുണ്ട്.

കെപേഷ്‍, അയാളുടെ ജീവിതത്തെ മനസ്സിലാക്കാനും വിശദീകരിക്കാനും സ്വാഭാവികമായി ഉപയോഗിക്കുന്ന ചിന്തകളെ വെളിവാക്കുന്നത് അയാളുടെ ഈ നിരീക്ഷണങ്ങളാണ്. അവ അയാളുടേതാണ്, എന്റെയല്ല. മൂന്നു കെപേഷ് നോവലുകള്‍ മൂന്നുതരം വ്യത്യസ്ത ലൈംഗികജീവിതത്തെ ചിത്രീകരിക്കുന്നവയാണ്. നോവല്‍ത്രയം സ്വപ്നങ്ങളുടെ തുടര്‍ച്ചയാണ്. അവിടവിടെയായി സ്വപ്നത്തിന്റെ ആഖ്യാനരീതിയില്‍ ചില വ്യത്യാസങ്ങളുണ്ടാകാമെങ്കിലും. അടിസ്ഥാനപരമായി ജീവിതത്തെ സ്വയം നിര്‍വചിക്കുന്ന യാതനകളിലൂടെ കടന്നുപോകുന്ന ബുദ്ധിശാലിയും വിവേകിയുമായ നായകന്റെ പ്രവൃത്തിയിലും അസംബന്ധവും അതി സങ്കീര്‍ണ്ണവുമായ ലൈംഗികാവസ്ഥയുടെ ചെറുതല്ലാത്ത ഭാരവും പേറിയുള്ള അയാളുടെ സ്വന്തം വഴിയെക്കുറിച്ചുള്ള ചിന്തയിലും ഇതു പ്രകടമാണ്.

റോബര്‍ട്ട് : ഏറ്റവും ശ്രദ്ധേയമായ സവിശേഷതയെന്താണ്, സമകാലിക അമേരിക്കന്‍ സംസ്കാരത്തില്‍ ?
ഫിലിപ് റോത്ത് : അമേരിക്കന്‍സംസ്കാരത്തിലെ പ്രോത്സാഹനപരമായ മുഖലക്ഷണങ്ങളെ കണ്ടു പിടിക്കുന്നതില്‍ ഞാന്‍ അത്ര സമര്‍ത്ഥനല്ല. മൌലികതയും പ്രതിഭയുമുള്ള ഗണ്യമായ ഒരു കൂട്ടം എഴുത്തുകാര്‍, കഴിഞ്ഞ ഇരുപതോ മുപ്പതോ വര്‍ഷങ്ങളായി അമേരിക്കയില്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ അവരുടെ വായനക്കാര്‍ വര്‍ഷം തോറും ചെറുതായിക്കൊണ്ടിരിക്കുകയാണ്. സുകുമാര സാഹിത്യത്തിന് ഇവിടെ ഭാവിയുണ്ടോ എന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവാണ്.

റോബര്‍ട്ട് : ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ എതെല്ലാം സാഹിത്യകാരന്മാരോടാണ് താങ്കള്‍ക്ക് ആദരവുള്ളത്?
ഫിലിപ് റോത്ത് : കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ അമേരിക്കന്‍ എഴുത്തുകാര്‍ വില്യം ഫോക്‍നറും സോള്‍ ബെല്ലോയുമാണ്. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കന്‍ സാഹിത്യത്തിന്റെ നട്ടെല്ലു നിര്‍മ്മിച്ചത് ഇവരിരുവരും ചേര്‍ന്നാണ്. ഞാന്‍ അവരെ പോലെയല്ല എഴുതുന്നത്. അല്ലെങ്കില്‍ ആര്‍ക്കു പറ്റും അങ്ങനെ എഴുതാന്‍? പക്ഷേ ഞാന്‍ അവരെ വീണ്ടും വീണ്ടും വായിക്കുന്നു. ‘ഞാന്‍ മരിക്കാന്‍ കിടന്നപ്പോള്‍’ ‘ഓഗി മാര്‍ച്ചിന്റെ സാഹസികതകള്‍.’ ഇവയേക്കാള്‍ മെച്ചപ്പെട്ട രണ്ടു നോവലുകള്‍ ഈ രാജ്യത്ത് മറ്റേതെങ്കിലും നൂറ്റാണ്ടില്‍, രചിക്കപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല.

റോബര്‍ട്ട് : ഇപ്പോള്‍ എന്തെങ്കിലും രചന?
ഫിലിപ് റോത്ത് : പുതിയ ഒരു നോവല്‍ ആരംഭിക്കുകയാണ്. ഇതു പൂര്‍ത്തിയാക്കാന്‍ ജീവിതത്തിന്റെ ബാക്കി ഭാഗം മുഴുവനെടുക്കും എന്നാണ് തോന്നുന്നത്. ഒരിക്കല്‍ കൂടി ആദ്യം മുതല്‍ തിരുത്തിയെഴുതാന്‍ എനിക്കു കഴിയില്ല.

റോബര്‍ട്ട് മക്രം
പരിഭാഷ : ശിവകുമാര്‍
Subscribe Tharjani |
Submitted by Anonymous (not verified) on Mon, 2006-02-06 19:09.

ശിവകുമാറും ചിന്തയും ചെയ്യുന്നത്‌ നല്ല പ്രവര്‍ത്തി. പുതിയ പലരുമുണ്ട്‌ ഇങ്ങനെ പരിചയപ്പെടാന്‍. ഇനിയും കാണുമെന്ന്‌ വിചാരിക്കുന്നു.