തര്‍ജ്ജനി

ഓര്‍മ്മ

വാരഫലവും സാഹിത്യവിമര്‍ശനവും

മലയാറ്റൂര്‍ രാമകൃഷ്ണന്‍, ഐ .ജി. കൃഷ്ണന്‍നായര്‍, എസ്.കെ. നായര്‍ എന്നിവരുടെ അവിശുദ്ധമായ ഒരു കൂട്ടുകെട്ടാണ് ‘മലയാളനാടെ‘ന്ന വാരികയ്ക്ക് ജന്മം നല്‍കിയത്. സാഹിതീയമായ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെ വളരെ വ്യക്തമായ വഴിത്തിരിവാണത് കുറിച്ചത്. മലയാളത്തില്‍ പത്രവ്യവസായത്തിന്റെ എല്ലാ തിന്മകളെയും ഒരുമിച്ച് ആവാഹിച്ചു കൊണ്ടുവന്നത് മലയാളനാടാണ്. ലൈംഗികത മുറ്റി നില്ക്കുന്ന കവര്‍ചിത്രങ്ങളും, ചിത്രീകരണങ്ങളും വികസ്വര‌കൌമാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന രചനകളും കൊണ്ട് മലയാളനാട് പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. കച്ചവടവത്ക്കരിക്കപ്പെട്ട പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന നിലയ്ക്കാണ് പ്രൊഫസ്സര്‍ എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലവും അരങ്ങേറിത്തുടങ്ങിയത്. പലതുകൊണ്ടും പുതുമയുള്ള ഒരു പംക്തിയായിരുന്നു അത്. ഓരോ ആഴ്ചയും ആനുകാലികങ്ങളില്‍ പ്രകാശിതമാകുന്ന രചനകളുടെ സാമാന്യമായ വിലയിരുത്തലാണ് അതുകൊണ്ടു ലക്ഷ്യമാക്കിയിരുന്നത്. എല്ലാ അര്‍ത്ഥത്തിലും ആത്മനിഷ്ഠമായ സമീപനം പുലര്‍ത്തിയിരുന്ന ഈ പംക്തിയില്‍ ആദ്യകാലത്ത് സാ‍ഹിത്യത്തിനു തന്നെയായിരുന്നു പ്രാധാന്യം. പിന്നെപ്പിന്നെ, എം. കൃഷ്ണന്‍നായരുടെ അനുഭവകഥനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും പ്രാധാന്യം കിട്ടുകയും ചെയ്തു.

ആനുകാലികങ്ങളിലെ പുതിയ രചനകളുടെ വിലയിരുത്തല്‍ അടുത്തകാലത്തു വായിച്ച വൈദേശിക രചനകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഒരര്‍ത്ഥത്തില്‍ ഇവരും ചേര്‍ന്നാണ് സാഹിത്യവാരഫലത്തിന്, സാഹിത്യ വിമര്‍ശനത്തിന്റേതായ പരിവേഷം നല്‍കിയത്. പക്ഷെ വാരഫലത്തില്‍ താന്‍ നടത്തുന്നത് സാഹിത്യവിമര്‍ശനമല്ലെന്നും അത് വെറും ‘ ലിറ്റററി ജേര്‍ണലിസം’ മാത്രമാണെന്നും ആ ‘കോള’മെഴുത്തുകളെ ആ നിലക്കേ കാണേണ്ടുവെന്നും കൃഷ്ണന്‍നായര്‍ തന്നെ പലപാട് പറഞ്ഞിട്ടുണ്ട്.

പത്രപംക്തികളില്‍ വെളിച്ചം കാണുന്ന തങ്ങളുടെ രചനകളെകുറിച്ച് എം. കൃഷ്ണന്‍നായര്‍ എന്തുപറയുന്നു എന്നറിയുവാനുള്ള താല്പര്യം പുതിയ എഴുത്തുകാര്‍ക്കുണ്ടാവുക സ്വാഭാവികമാണ്. അഭിനന്ദനമാണ് കിട്ടുന്നതെങ്കില്‍ അതൊരു വലിയ സംഭവമായി കൊണ്ടാടുകയും അഭിശംസയാണ് ലഭിക്കുനതെങ്കില്‍ അതില്‍ അഗാധമായി നിരാശപ്പെടുകയും ചെയ്തു അവര്‍. എം. കൃഷ്ണന്‍ നായരുടെ പംക്തിക്ക് സാധാരണക്കരായ വായനക്കാര്‍ ധാരാളമുണ്ടെന്ന ധാരണയാണ് ഈ പ്രതികരണങ്ങള്‍ക്കു പിന്നില്‍. എം. കൃഷ്ണന്‍നായര്‍ തന്റെ വിലയിരുത്തലിനു മാനദണ്ഡമാക്കുന്നതെന്താണന്നോ, ആ വിലയിരുത്തല്‍ എത്രത്തോളം യുക്തിപൂര്‍വമാണെന്നോ അവര്‍ ആലോചിച്ചിട്ടില്ല. ഒട്ടൊരു ലൈംഗികതാ സപര്‍ശമോ നര്‍മസ്പര്‍ശമോ ഉള്ള ഭാഷയില്‍ അത്യന്തം അതിശയോക്തി കലര്‍ത്തി ലാഘവത്തോടെ നടത്തുന്ന പരാമര്‍ശങ്ങള്‍ മാത്രമാണ് അവ’എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞില്ല.

ഇവിടെ കൃഷ്ണന്‍നായരുടെ സമീപനം ഒന്നെടുത്തു കാണേണ്ടതാണ്. അദ്ദേഹം ഒരു രചനയെയും അപഗ്രഥിക്കാറില്ല. എന്തുകൊണ്ട് ഒരു കൃതി നന്നായി അല്ലെങ്കില്‍ ചീത്തയായി എന്നതു സംബന്ധിച്ച യുക്തി വിചാരത്തിനും തയ്യാറാവുകയില്ല. വളരെ വൈയക്തികമായ ഒരു പ്രതികരണം മാത്രമായിരിക്കും അത്. എം. കൃഷ്ണന്‍നായരുടെ നീണ്ട സാഹിത്യ ജീവിതത്തിനിടയില്‍ ഏതെങ്കിലുമൊരു കൃതിയോ നാലുവരിക്കവിതയോ അദ്ദേഹമപഗ്രഥിച്ചതിനൊരു തെളിവും ചൂണ്ടിക്കാട്ടാന്‍ കഴിയില്ല.

‘പ്രശസ്ത അഭിനേത്രിയായ പാര്‍വതിയുടെ കണ്ണുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെ? അതിവിശാലമാണാവ. കവിത ജീവിതത്തിന്റെ വിശാലത നമുക്കനുഭവപ്പെടുത്തിതരണം. കലാകൌന്മുദിയില്‍ കുട്ടിശങ്കരനെഴുതിയ കവിത ഈ അനുഭവം നമുക്കു തരുന്നില്ല. അതുകൊണ്ട് അതൊരു കുത്സിത രചനയാണ്’ എന്നോ

‘ബസ്സില്‍ നല്ല തിരക്കായിരുന്നു. അതിനിടയില്‍ കൈയില്ലാത്ത ബ്ലൌസും ധരിച്ച് മദ്ധ്യവയസകയായൊരു വനിത കമ്പിയില്‍ തൂങ്ങിപിടിച്ചു നില്‍ക്കുന്നു. ഞാനെന്റെ സീറ്റോഴിഞ്ഞു കൊടുക്കാന്‍ തയ്യാറായിട്ടും അവര്‍ ഇരുന്നില്ല. അവരുടെ കക്ഷപ്രദര്‍ശനം ജുഗുപ്സയാണുളവാക്കിയത്. മാതൃഭൂമി വാരികയില്‍ ‘നിഴല്‍ വീണ രാത്രി’ എന്ന കഥയെഴുതിയ വിജയലക്ഷ്മി അനുവാചകരുടെ നേരെ കക്ഷം കാണിക്കുകയാണ്. ജുഗുപ്സ സഹിക്കാതെ ഞാന്‍ വേഗംവാരിക അടച്ചു വയ്ക്കുന്നു’ എന്നോ എഴുതിയാല്‍ അതെങ്ങനെ യാണ് സാഹിത്യ വിമര്‍ശനമാവുക? പരകുത്സന കൌതുകമുള്ളവര്‍ രസം പിടിച്ച് വായിക്കുമെന്നു തീര്‍ച്ച. അവിടെ കൃഷ്ണന്‍നായരുടെ ലക്ഷ്യം സഫലമാകുന്നു. പക്ഷെ ദേശീയമോ രാഷ്ട്രാന്തരീയമോ ആയ വിമര്‍ശന സങ്കല്‍പ്പങ്ങളൊന്നും തന്നെ കൃഷ്ണന്‍നായരുടെ ഈ ‘കൊച്ചു വര്‍ത്തമാനം’ പറയലിനെ വിമര്‍ശനമായി അംഗീകരിക്കുകയില്ലെന്നു തീര്‍ച്ച.

ജീവിതത്തിലാദ്യമായൊരാളെഴുതിയ കഥയെ നോബല്‍ സമ്മാന ജേതാവായ ഒരെഴുത്തുകാരന്റെ കഥയുമായി താരതമ്യം ചെയ്തിട്ട് പുതിയ എഴുത്തുകാരന്റെ രചന പരിഹാസ്യമാം വിധം മോശമാണെന്ന് വിധിക്കുക. അതിന്റെ പേരില്‍ അയാളുടെ പ്രപിതാമഹന്മാരെ വരെ ആക്ഷേപിക്കുക. ഒരു കോടതിയും ഇന്നുവരെ ആര്‍ക്കും വിധിച്ചിട്ടില്ലാത്ത ക്രൂരമായ ശിക്ഷ വിധിക്കുയും ചെയ്യുക. - ഇതിനെയും വിമര്‍ശനമെന്നോ വിളിക്കേണ്ടത്?

ഒരു കോളമിസ്റ്റെന്ന നിലയ്ക്ക് കൃഷ്ണന്‍ നായരുടെ കൈയിലെ ഏറ്റവും മാരകമായ ആയുധങ്ങള്‍ അനുകരണവാദവും ഭാഷപരമായ പൊങ്ങച്ചവുമാണ്. മലയാളത്തിലെ പല മികച്ച രചനകളും അനുകരണമോ അപഹരണമോ ആണന്ന്‍ അദ്ദേഹം വിധിച്ചിട്ടുണ്ട്. അദ്ദെഹത്തിന് പലപ്പോഴും കോടതികയറേണ്ടിവന്നിട്ടുള്ളതും ഇതിന്റെ പേരിലാണ്. പി. കെ ബാലകൃഷ്ണന്റെ പ്ലൂട്ടോ പ്രിയ പ്ലൂട്ടോ എന്ന പുസ്തകത്തിന്റെ പെരില്‍ കൊണ്ടുവന്ന ആരോപണത്തില്‍ത്തുടങ്ങുന്നു ഇതിന്റെ ചരിത്രം. പിന്നെ സക്കറിയയും എന്‍. എസ്. മാധവനുമുള്‍പ്പെടെയുള്ള എഴുത്തുകാരെ അപഹരണത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കി. പക്ഷെ അവരില്‍നിന്ന് ശക്തമായ പ്രതികരണമുണ്ടായതോടെ കൃഷ്ണന്നായര്‍ അങ്കലാപ്പിലാവുകയും ചെയ്തു. ഈ ആരോപണങ്ങളില്‍ ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാനോ വേണമങ്കില്‍ കോടതില്‍ വച്ചു സമര്‍ഥിക്കാനോ അദ്ദേഹം മെനക്കെട്ടില്ല. ഏറ്റവുമൊടുവില്‍ അദ്ദേഹം ആരോപണമുന്നയിച്ചത് വൈലോപ്പിള്ളി കവിതയ്ക്കുനേരെയാണ്. ഇവിടെയും ആരോപണം പ്രസ്താവനയുടെ രൂപത്തിലൊതുങ്ങുന്നു. വൈലോപ്പിള്ളി ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് ഒരു പ്രതിവാദമുണ്ടാകുമെന്ന് ഭയപ്പെടുകയും വേണ്ട. ഇവിടെ രസകരമായ ഒരു സത്യമുണ്ട്. എം.കൃഷ്ണന്‍ നായരുടെ ഭാവുകത്വം ചങ്ങമ്പുഴകവിതയില്‍ തുടങ്ങുകയും അതില്‍ തന്നെ അവസാനിക്കുകയും ചെയ്യുന്നതാണ്. വൈദേശിക കവികളുടെ സ്വാ‍ധീനം മലയാളത്തിലെ മറ്റേതു കവിയെക്കാളും പ്രകടമാക്കുന്നതു ചങ്ങമ്പുഴയാണ്. അനുകരണവും, അനുവര്‍ത്തനങ്ങളും മാറ്റി നിര്‍ത്തിയാല്‍ നന്നേ കുറച്ചേ ഉണ്ടാവൂ അദ്ദേഹത്തിന്റേതായി. താന്‍ അനുകരിക്കുകയായിരുന്നു എന്ന് സത്യവാങ്മൂലം ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ ചങ്ങമ്പുഴ സമര്‍പ്പിച്ചിട്ടുമുണ്ട്. പക്ഷേ കൃഷ്ണന്‍‌നായര്‍ ചങ്ങമ്പുഴകവിത ഉദ്ധരിച്ച് അത് ‘സുപ്രീം പൊയറ്റിക് അട്ടറന്‍സാണന്നു’ തന്നെ പറയും.

തന്റെ ആരോപണങ്ങള്‍ സാധൂകരിക്കാന്‍ വേറെ തെളിവുകള്‍ ഉന്നയിക്കുന്നില്ലെന്നതു മാത്രമല്ല പ്രശ്നം. സാഹിത്യത്തിലെ സ്വാധീനതയെക്കുറിച്ച് വളരെ അശാ‍സ്ത്രീയമായ തെറ്റിദ്ധാരണകള്‍ വായനക്കാര്‍ക്കിടയിലുളവാക്കുകയും ചെയ്യുന്നു. തരതമ്യസാഹിത്യം ഇന്ന് അത്യന്തം വികസിതമായ ഒരു വിചാരപദ്ധതിയാണ്. അതിന്റെ പ്രധാന പാഠ്യവിഷയങ്ങളിലൊന്നാണ് ‘സ്വാധീനം’. സ്വാധീനത്തെ വലിയൊരു പാതകമായല്ല, സാഹിത്യ മേഖലയിലെ സ്വാഭാവികമായ ഒരു പ്രവണതയാ‍യാണതു കാണുന്നത്.

സ്വാധീനതകള്‍ക്കു വിധേയനാകാതെ ഒരെഴുത്തുകാരനും വളരുന്നില്ല. അന്യരില്‍ നിന്നെന്തുള്‍ക്കൊണ്ടു എന്നതല്ല അതെങ്ങനെ പ്രയോജനപ്പെടുത്തിയെന്നതാണ് അന്വേഷിക്കേണ്ടത്. പുതിയ കവികള്‍ പ്രസക്തമായ സന്ദര്‍ഭങ്ങളില്‍ പൂര്‍വ്വ കവികളുടെ വരികള്‍ ഉദ്ധരിച്ചു ചേര്‍ക്കുകപോലും ചെയ്യാറുണ്ട്. കവി ഇങ്ങനെ ഉള്‍ക്കൊള്ളുന്ന സാഹിതീയ സംസ്കാരമാണ് അയാളുടെ വൈയക്തിക പ്രതിഭയെക്കാള്‍ സര്‍ഗ്ഗാത്മകമെന്നു വാദിച്ചത് ടി. എസ്. എലിയട്ടാണ്. മലയാളത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയ വിവാദമാണ് പെരുമ്പടവത്തിന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലിന്റെ മൌലികത. അതപഹരണമോ അനുകരണമോ ആണെന്നു തെളിയിക്കാന്‍ മൂലകൃതിയുടെ മൂന്നു വിവര്‍ത്തനങ്ങളാണ് പുറത്തു വന്നത്. പക്ഷേ ഇതിലേതെങ്കിലും കൃതി സാഹിതീയമായി ‘ഒരു സങ്കീര്‍ത്തനം പോലെ’ നല്‍കുന്ന അനുഭവം പ്രദാനം ചെയ്യുന്നുവെന്നാരും വാദിച്ചു കണ്ടില്ല. അവ ഒന്നു വായിച്ചൊപ്പിക്കാന്‍ തന്നെ കഴിയാത്തവിധം വിരസമാണ്. ആ പ്രമേയം പെരുമ്പടവം കൈകാര്യം ചെയ്തതിലാണ് സര്‍ഗ്ഗാത്മകതയുടെ കരുത്ത് കാണേണ്ടത്. നോബല്‍ പുരസ്കാരജേതാവായ ടാഗോറിനെപ്പോലും ഈ അനുകരണാന്വേഷകര്‍ വെറുതെ വിട്ടില്ല എന്നുമോര്‍ക്കേണ്ടതാണ്. ധാരാളം വായിച്ചു കൂട്ടുന്ന എം. കൃഷ്ണന്‍‌നായര്‍ എന്തുകൊണ്ടാണിക്കാര്യത്തില്‍ ഇപ്പോഴും തന്റെ യാഥാസ്ഥിതികമായ നിലപാട് തുടരുന്നത് എന്നതാണെന്റെ ചോദ്യം.

ഭാഷാപരമായ പൊങ്ങച്ചം മറ്റൊരു തലത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. പഴയ സംസ്കൃത ശാസ്ത്രി പരീക്ഷ പാസായിട്ടുള്ള മലയാളാദ്ധ്യാപകരും പണ്ഡിതന്മാരും മലയാളത്തെ അഷ്ടാദ്ധ്യായിയുടെ ഇടുക്കുതൊഴുത്തില്‍ കെട്ടാന്‍ വെമ്പുന്നവരാണ്. മലയാളം ഇത്രയും വളര്‍ന്നു കഴിഞ്ഞിട്ടും വ്യാകരണകാര്യങ്ങളില്‍ സംസ്കൃതനിയമങ്ങള്‍ പിന്തുടരണമെന്ന് അവര്‍ ശഠിക്കുന്നു. പ്രത്യേകിച്ച് സംസ്കൃതത്തില്‍ നിന്നു സ്വീകരിച്ച പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ സംസ്കൃതവ്യാകരണ നിയമങ്ങള്‍ തന്നെ പാലിക്കണമെന്നാണവരുടെ ശാഠ്യം. ഭാഷാശാ‍സ്ത്രപരമായിപ്പറഞ്ഞാല്‍ നിരര്‍ത്ഥകമായ ദുശ്ശാഠ്യമാണിത്. ഒരു ഭാഷയ്ക്ക് ഏതു ഭാഷയില്‍ നിന്നും പദങ്ങളും പ്രയോഗങ്ങളും സ്വീകരിക്കാം. അപ്പോഴെല്ലാം അവ പ്രയോഗിക്കേണ്ടത് സ്വന്തം ഭാഷാനിയമങ്ങള്‍ക്കനുസരിച്ചാണ്. അതിനുള്ള സ്വാതന്ത്ര്യമേതു ഭാഷയ്ക്കുമുണ്ട്. ലത്തീന്‍ മുതല്‍ മലയാളം വരെയുള്ള ഭാഷകളില്‍ നിന്നു പദങ്ങള്‍ സ്വീകരിച്ചാണ് ഇംഗ്ലീഷ് വളര്‍ന്നത്. പക്ഷേ ഇംഗ്ലീഷ് പഠിക്കുന്നവരാരും മലയാള വ്യാകരണമോ ലത്തീന്‍ വ്യാകരണമോ പഠിക്കുന്നില്ലല്ലോ. മലയാളമതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നു. ‘ലീലാതിലക’കാലത്തെ വ്യാകരണവ്യവസ്ഥയെയും പ്രയോഗരീതികളെയും അതിവര്‍ത്തിച്ചതുപോലെ ഇന്ന് സംസ്കൃതത്തിന്റെ വ്യവസ്ഥകളെയും അത് പുറന്തള്ളുന്നു. ജീവനുള്ള ഏതു ഭാഷയും ചെയ്യുന്നതാണ്. അവിടെയൊക്കെ അപായത്തിന്റെ ചെങ്കൊടി പിടിച്ചാല്‍ ഭാഷയെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ജനത അതു വകവച്ചുകൊടുക്കില്ല. ‘രക്ഷാകര്‍ത്താവെ’ന്നേ പറയാവൂ. ‘അസ്തമയ’മെന്നേ പ്രയോഗിച്ചുകൂടൂ എന്നൊക്കെ എത്ര തവണ കൃഷ്ണന്‍‌നായരെഴുതി. പന്മനയെപ്പോലെ പല ശാസ്ത്രിമാരും അതിനു പിന്‍‌ബലവും നല്‍കി. പക്ഷേ ആരെങ്കിലുമതു വകവച്ചു കൊടുത്തോ? സൌന്ദര്യശാസ്ത്രകാരനും മികച്ച ഭാഷാശാസ്ത്രകാരനുമായ ബനഡിറ്റോ ക്രോച്ചെ ഭാഷയെക്കുറിച്ചു പറഞ്ഞതിവിടെ ഉദ്ധരിക്കട്ടെ:

"Language is perpectual creation... The ever new impressions give rise to continuous changes of sound and meaning, that is, to ever new expressions. To seek the model language, then is to seek the immobility of motion.... Language is not an arsenal of arms already made, and it is not a vocabulary, a collection of abstractions, or a cemetery of corpses more or less well embalmed.'' (Aesthetic pages 150, 151)

ഭാഷ എന്ന നിരന്തരമായ സൃഷ്ടിയെ കൊന്നു മലര്‍ത്തിയിട്ടാലേ കര്‍ക്കശമായ നിയമങ്ങള്‍ക്കതിനെ ബന്ധിക്കാനാവൂ!

ഭാഷാപരമായ പൊങ്ങച്ചത്തിന്റെ മറ്റൊരു മുഖം വൈദേശിക പദങ്ങള്‍ ഉച്ചരിക്കുന്നതിനെക്കുറിച്ചാണ്. റഷ്യന്‍ എഴുത്തുകാരുടെ പേരുകള്‍ റഷ്യാക്കാര്‍ ഉച്ചരിക്കുന്നതു പോലെ ഉച്ചരിക്കണം. ഫ്രഞ്ച് സാഹിത്യകാരന്മാരുടെ പേരുകള്‍ ഫ്രഞ്ചുകാര്‍ ഉച്ചരിക്കുന്നതു പോലെ ഉച്ചരിക്കണം. ഭാഷാശാ‍സ്ത്രപരമായ മറ്റൊരസംബന്ധമാണിത്. ഓരോ വ്യക്തിയുടെയും ഉച്ചാരണാവയവങ്ങള്‍ക്ക് ഈഷദ്ഭേദമുണ്ടാവും. ഓരോ നാടിന്റെയും കാലാവസ്ഥയും ജീവിതസാഹചര്യങ്ങളും അവിടത്തെ മാതൃഭാഷയുടെ ഉച്ചാരണരീതിയുമൊക്കെ വ്യക്തികളുടെ ഉച്ചാരണശൈലിയെ നിയന്ത്രിക്കും. ഈ കൊച്ചു കേരളത്തില്‍ ഒരു വാക്ക് തിരുവനന്തപുരത്തുകാരനുച്ചരിക്കുന്നതു പോലെയല്ല കോഴിക്കോട്ടുകാരനുച്ചരിക്കുന്നത്. പിന്നെയല്ലേ മലയാളി ‘ഫ്രഞ്ച്’ പേര് ഫ്രഞ്ചുകാരനുച്ചരിക്കുന്നതുപോലെ ഉച്ചരിക്കുക. ഭാഷാശാസ്ത്രം നിശ്ചയിച്ചിട്ടുള്ള ഫൊണറ്റിക്സ് ശീലിക്കുന്നവര്‍ക്കു പോലും അതു കഴിഞ്ഞെന്നു വരില്ല. ഇന്ത്യയില്‍ 200 വര്‍ഷം ഭരണം നടത്തിയ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ സ്ഥലപ്പേരുകളെല്ലാം ഉച്ചരിച്ചത് ഇന്ത്യന്‍ ഭാഷകളുടെ ഉച്ചാരണരീതി അനുസരിച്ചായിരുന്നോ? തിരുവനന്തപുരത്തെ ട്രിവാന്‍‌ട്രവും സുല്‍ത്താന്‍ ബത്തേരിയെ സാള്‍ട്ടന്‍ ബാറ്ററിയുമാക്കാനൊരു വൈഷമ്യവും അവര്‍ക്കുണ്ടായില്ലല്ലോ. സ്വാതന്ത്ര്യം കിട്ടി 58 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ബാംഗ്ലൂരിനെ ബംഗലുരു ആക്കാന്‍ നാം പണിപ്പെടുന്നു! മനുഷ്യനത്രയൊക്കെയേ കഴിയൂ. മലയാളത്തില്‍ എന്‍. കെ. ദാമോദരന്‍ ഡോസ്റ്റോവ്സ്കിയുടെ നോവലുകള്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ ഡോസ്റ്റോയേവ്സ്കി എന്നാണെഴുതിയത്. അതുകൊണ്ട് ആ നോവലുകളുടെ ആസ്വാദനത്തിനോ മൂല്യത്തിനോ ഒരു കുറവുമുണ്ടായില്ല. ഇന്ന് ‘ദസ്തയെവ്സ്കി’ എന്നുച്ചരിച്ചാലും യഥാര്‍ത്ഥ റഷ്യാക്കാരന്‍ ചിരിക്കുകയേയുള്ളൂ. ഇനി അത്തരം വാക്കുകള്‍ കൃത്യമായി ഉച്ചരിച്ചൊപ്പിച്ചെന്നിരിക്കട്ടെ. ആ ഉച്ചാരണം അതു പോലെ പകര്‍ത്താന്‍ നമ്മുടെ ലിപി വ്യവസ്ഥയ്ക്കു കഴിയുമോ? ഉച്ചരിക്കുന്നതു പോലെ എഴുതുന്ന ഭാഷയാണ് മലയാളം എന്നാണ് പറയാറ്. പക്ഷേ ഇംഗ്ലീഷിലെ Fan, File, Fruit തുടങ്ങിയ വാക്കുകളെഴുതാന്‍ മലയാളത്തിനു ലിപിയുണ്ടായിരുന്നില്ല. നാം fa എന്ന ഉച്ചാരണത്തിനു പകരം ഇന്ന് ‘പ’ വര്‍ഗ്ഗത്തിന്റെ ഖരമാണുപയോഗിക്കുന്നത്. മലയാളത്തിലെ വാക്കുകള്‍ ഇംഗ്ലീഷിലെഴുതുമ്പോഴും ഉണ്ടാവും ഇതേ പ്രശ്നം. നാം ഫൊണട്ടിക് സ്ക്രിപ്റ്റ് ഉപയോഗിച്ചല്ലല്ലോ എഴുതുന്നത്! ഇതാണ് സത്യമെന്നിരിക്കെ അത്യന്തം ആശയസമ്പന്നമായ ഒരു മികച്ച പ്രബന്ധത്തെ അതില്‍ പ്രയോഗിച്ചിരിക്കുന്ന ഒരന്യ ഭാഷാപദത്തിന്റെ ഉച്ചാരണശുദ്ധിയെ കൂട്ടുപിടിച്ച് പരിഹസിക്കുന്നത് ശുദ്ധമായ അല്പത്തമല്ലേ. അന്യഭാഷ പഠിക്കുമ്പോള്‍ നമ്മുടെ ഉച്ചാരണശീലം ഒട്ടൊക്കെ അതില്‍ കടന്നു കൂടുമെന്ന അനിവാര്യത ഉദാരമനസ്സോടെ അംഗീകരിക്കുകയാണ് ഭംഗി.

മലയാളത്തില്‍ ചിരപ്രതിഷ്ഠ നേടിയ പല പദങ്ങളും മലയാളത്തിലില്ലെന്ന് കൃഷ്ണന്‍‌നായര്‍ ആവര്‍ത്തിച്ച് വാദിച്ചിട്ടുണ്ട്. മാസ്മരികവും ആലക്തികവുമൊക്കെ ആ കൂട്ടത്തില്‍ പെടും. ഇവിടെ ഒരു ചോദ്യം. ആരാണ് ഭാഷയില്‍ പുതിയ പദങ്ങള്‍ സൃഷ്ടിക്കുന്നത്? നിഘണ്ടുകാരന്മാരും സംസ്കൃതശാസ്ത്രിമാരുമാണോ? സംസ്കൃതത്തിന്റെ ധാതുക്കളില്‍ നിന്ന് അഷ്ടാദ്ധ്യായിലെ നിയമങ്ങള്‍ക്കനുസരണമായേ വാക്കുകള്‍ നിര്‍മ്മിക്കാവൂ എന്നു നിയമമുണ്ടോ? വാക്കുകള്‍ സൃഷ്ടിക്കുന്നത് ഭാഷ ഉപയോഗിക്കുന്ന സാമാന്യജനങ്ങളാണ്. സാമാന്യജനങ്ങള്‍ സൃഷ്ടിച്ച് പ്രചാരത്തില്‍ വരുത്തുന്ന വാക്കുകള്‍ അവ അര്‍ത്ഥസവേദനക്ഷമമാണെങ്കില്‍ ഏതു പണ്ഡിതനും അംഗീകരിച്ചേ തീരൂ! മാസ്മരികമെന്ന വാക്ക് മലയാളിയുടെ മനസ്സില്‍ അര്‍ത്ഥപ്രീതി സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അങ്ങനെയൊരു പദമില്ലെന്ന് വിധിക്കാന്‍ ഇന്ത്യയിലെ പരമോന്നത കോടതികള്‍ക്കു പോലുമില്ല അധികാരം.

വാക്കുകള്‍ക്ക് കാലത്തിലൂടെ അര്‍ത്ഥപരിണാമവും രൂപപരിണാമവും സംഭവിക്കാറുണ്ട്. ഇങ്ങനെ സംഭവിക്കുന്ന പരിണാമങ്ങളെയും കൃഷ്ണന്‍‌നായര്‍ അംഗീകരിക്കാറില്ല. അത്തരം പ്രയോഗങ്ങള്‍ കൊണ്ടുവരുന്നവര്‍ വിവരം കെട്ടവരാ‍ണെന്ന് അദ്ദേഹം പറയും. പ്രാപ്തി എന്ന വാക്കിന് എത്തിച്ചേരല്‍ എന്നാണര്‍ത്ഥം. കഴിവ് എന്നര്‍ത്ഥമില്ല. അതുകൊണ്ട് പ്രാപ്തിയുള്ള മനുഷ്യന്‍ എന്നു പറയുന്നത് തെറ്റ് എന്ന് കൃഷ്ണന്‍‌നായര്‍ വിധിക്കും. പ്രാപ്തി എന്ന വാക്കിനു സംഭവിച്ച അര്‍ത്ഥപരിണാമം താന്‍ ഗ്രഹിച്ചിട്ടില്ലെന്ന സത്യവാങ്മൂലമായിട്ടേ ഭാഷയെക്കുറിച്ചു സാമാന്യബോധമുള്ളവര്‍ ധരിക്കൂ. അന്യഭാഷാ പദങ്ങള്‍ കടമെടുക്കുമ്പോള്‍ ഒരു പദത്തിന് അതിന്റെ മൂലഭാഷയിലുള്ള അര്‍ത്ഥം നിലനിര്‍ത്തണമെന്നും വ്യവസ്ഥയില്ല. പലപ്പോഴും അര്‍ത്ഥമാറ്റത്തോടെയാകും വാക്കുകള്‍ കടം കൊള്ളുക. സംരംഭം എന്ന വാക്കിന് സംസ്കൃതത്തില്‍ യുദ്ധമെന്നാണര്‍ത്ഥം. മലയാളികളാകട്ടെ പരക്കെ ഉപയോഗിക്കുന്നത് ‘തുടക്കം, നല്ല രീതിയിലുള്ള ആരംഭം’ എന്നീ അര്‍ത്ഥങ്ങളിലാണ്. അത്തരമൊരു പ്രയോഗം കാണുമ്പോഴും എം. കൃഷ്ണന്‍‌നായര്‍ അസഹിഷ്ണുവാകാറുണ്ട്. പക്ഷേ ഒരു മറുപടിയേ നമുക്ക് പറയാനുള്ളൂ: ‘ക്ഷമിക്കണം, ഞാന്‍ ആ വാക്കുപയോഗിച്ചത് സംസ്കൃതത്തിലെ അര്‍ത്ഥത്തിലല്ല, മലയാള അര്‍ത്ഥത്തിലാണ്’ എന്നു മാത്രം. സംസ്കൃതത്തിലെ ഉപന്യാസം ഹിന്ദിയില്‍ നോവലും മലയാളത്തില്‍ ‘എസ്സേ’യുമായി. ഇതു തിരുത്താന്‍ ഏതു പണ്ഡിതനാണു കഴിയുക? പക്ഷേ സാധാരണ വായനക്കാരെ പറ്റിക്കാന്‍ ഇങ്ങനെ ചില ചൊട്ടുവിദ്യകളേ വേണ്ടൂ. അതുകൊണ്ടാണ് ഇത്രകാലവും പ്രൊഫ്. എം. കൃഷ്ണന്‍‌നായര്‍ ഉപജീവനം കഴിച്ചത്?

താനെഴുതുന്ന വാരഫലത്തിനുണ്ടാകുന്ന പ്രതികൂലവിമര്‍ശനങ്ങളൊന്നും പ്രസിദ്ധീകരിക്കരുതെന്ന കരാറ് കൃഷ്ണന്‍‌നായര്‍ പത്രാധികാരികളുമായി ഉണ്ടാക്കുന്നു. മലയാള നാടിലായാലും കലാകൌമുദിയിലായാലും സമകാലില മലയാളത്തിലായാലും കത്തുകളുടെ കൂട്ടത്തില്‍പ്പോലും അത്തരമൊരു വിമര്‍ശനമിതുവരെ വന്നിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. താനാരെയും എങ്ങനെയും വിമര്‍ശിക്കും. ഈ ഭൂമിയിലാരും തന്നെ വിമര്‍ശിച്ചുകൂട എന്ന നിലപാട് വിമര്‍ശകന്റെ കരുത്തും ആര്‍ജ്ജവവുമാണോ കാണിക്കുന്നത്? ഇതു ശുദ്ധമായ സാംസ്കാരിക ഫാസിസമല്ലേ?

ഇതൊക്കെ പറയുമ്പോള്‍ സാഹിത്യവാരഫലമല്ലാ‍ത്ത മറ്റു പലതുമെഴുതിയിട്ടില്ലേ അദ്ദേഹം എന്ന ചോദ്യം ഉയരാം. ഉണ്ട് ധാരാളമെഴുതിയിട്ടുണ്ട്. മറ്റു ഭാഷകളിലദ്ദേഹം വായിച്ച ഗ്രന്ഥങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദോഷമായ വിവരണങ്ങളാണവയിലധികവും. ഗ്രന്ഥാഭിപ്രായങ്ങളുടെ ഏറ്റവും താഴ്ന്ന തലത്തില്‍ നില്‍ക്കുന്ന രചനകള്‍. മാര്‍ക്കേസിന്റെ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങളെ’ക്കുറിച്ചെഴുതിയ ലേഖനം തന്നെ പരിശോധിക്കുക. ഈ പുസ്തകം ഒരു ക്ലാസിക്കായിത്തീര്‍ന്നത് എന്തുകൊണ്ടാണെന്നോ അതിന്റെ കലാപരമായ മികവിന്റെ അടിസ്ഥാനമെന്തെന്നോ അദ്ദേഹം ചിന്തിച്ചിട്ടുണ്ടോ? വിവര്‍ത്തന രൂപത്തിലെങ്കിലും ഈ പുസ്തകം വായിച്ചിട്ടുള്ള ഒരു സാധാരണക്കാന് അവകാശപ്പെടാനാവാത്ത എന്തെങ്കിലും ഉള്‍ക്കാഴ്ച ആ ലേഖനം നമുക്കു തരുന്നുവോ? കുറച്ചധികം കാലം കേരള സര്‍വ്വകലാശാലയിലെ മലയാളം എം. എ. വിദ്യാര്‍ത്ഥികള്‍ പഠിച്ചതാണ് കൃഷ്ണന്‍‌നായരുടെ ‘മാജിക്കല്‍ റിയലിസം’ എന്ന ലേഖനം. സാഹിതീയ സംജ്ഞകളെക്കുറിച്ചുള്ള ഒട്ടേറെ നിഘണ്ടുക്കളുണ്ട്. അവയിലേതു നിഘണ്ടു പരിശോധിച്ചാലും കൃഷ്ണന്‍‌നായര്‍ നല്‍കുന്നതിനേക്കാള്‍ നല്ല വിവരണം മാജിക്കല്‍ റിയലിസത്തെക്കുറിച്ച് കിട്ടുമെന്ന് തീര്‍ച്ച.

കൃഷണന്‍‌നായരുടെ തന്നെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ ബഹിര്‍ഭാഗസ്ഥമായ പരാമര്‍ശങ്ങളാണ് അദ്ദേഹത്തിന്റെ സാഹിതീയ ലേഖനങ്ങള്‍. കൃഷ്ണന്‍‌നായരുടെ ആദ്യത്തെ പുസ്തകം ‘ആധുനിക മലയാള കവിത’ ഒരു വിമര്‍ശകനെക്കുറിച്ചുള്ള വാഗ്ദാനമായിരുന്നു. പക്ഷേ വാരഫലവും ജേര്‍ണലിസ്റ്റും കൂടി ആ വിമര്‍ശകനെ ഒരു സാധാരണ കോളമിസ്റ്റാക്കി മാറ്റി.

പത്രപംക്തികളിലെ കോളങ്ങളൊന്നും തികച്ചും നിഷ്പ്രയോജനമാണെന്ന വാദം ഈ ലേഖകനില്ല. കൃഷ്ണന്‍‌നായരുടെ കോളങ്ങളും നിഷ്പ്രയോജനമല്ല. പക്ഷേ അതിനെ സാഹിത്യവിമര്‍ശനമെന്നു വിളിക്കണമോ എന്ന കാര്യത്തിലാണ് ശങ്ക!

ഡോ. ഡി. ബഞ്ചമിന്‍
1996-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍ സാഹിത്യ പഠനങ്ങള്‍ എന്ന പുസ്തകമുള്‍പ്പെടെ പത്തോളം നിരൂപണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകന്‍.
Subscribe Tharjani |
Submitted by nijira (not verified) on Thu, 2006-03-09 12:39.

Good article. I should say that more articles of Dr. D Benjamin should come.

Submitted by Anonymous (not verified) on Thu, 2006-03-09 12:40.

I also agree with this.

Submitted by O.K. Sudesh (not verified) on Fri, 2006-03-10 15:29.

താന്‍ കയ്യാളിയിരുന്ന 'സാഹിത്യവാരഫലം'എന്ന പംക്തി, സാഹിത്യവിമര്‍ശനത്തെ കുറിക്കുന്നതല്ലെന്നും അതിനെ സാഹിത്യജേര്‍ണലിസമായി കണ്ടാല്‍ മതിയെന്നും എം.കൃഷ്ണന്‍നായര്‍ പലപ്പോഴും പറഞ്ഞിരുന്നതായി, ഡോ. ഡി.ബെഞ്ചമിന്‍ തന്നെ എഴുതിയിരിക്കുന്നു. എങ്കില്‍, ബെഞ്ചമിന്റെ ഈ ലേഖനത്തിന്‌ എന്തു സാധുതയുണ്ടെന്നാണ്‌?

മാധ്യമപ്രസിദ്ധീകരണങ്ങളില്‍ കാണുന്ന ജനപ്രിയപംക്തികള്‍, വാസ്തവത്തില്‍, ഗൌരവമാര്‍ന്ന പഠനങ്ങളെ മുന്‍പറ്റുവാന്‍ തക്ക ഉള്‍ക്കാഴ്ചയോടെ തയ്യാറാക്കപ്പെടുന്നവയല്ല. അവ, അലസമായി വായിച്ചുരസിച്ചു തള്ളിക്കളയേണ്ട നേരമ്പോക്കുകള്‍ മാത്രമായി കാണേണ്ട വായനാവികൃതിയെ ത്രസിപ്പിക്കുന്നവ. അങ്ങിനെയൊരു ക്ഷമാപൂര്‍ണമായ ധാരണ കൈമോശം വരുന്നതുതന്നെ എഴുത്തിലേയും വായനയിലേയും പൌരാവകാശങ്ങളെ കുറിച്ചുള്ള വിവരമില്ലായ്മയെ കാണിച്ചുതന്നേയ്ക്കും.

രജസ്വലകള്‍ക്കായുള്ള സാനിറ്ററി പാഡുകളുടെ വിവിധങ്ങളായ പരസ്യസംപ്രേഷണങ്ങള്‍, അവ വാങ്ങിമുടിയുന്ന ഒരുവളുടെ ക്രയശക്തിയെ അട്ടിമറിക്കുമെങ്കില്‍, പഠിക്കേണ്ടെ പാഠമെന്തായിരിയ്ക്കാം? പരസ്യകലയുടെ ധര്‍മ്മത്തെ കുറിച്ചുള്ള സാമാന്യ വിവരാവകാശമാവും ആദ്യം. ആ അവകാശബോധത്തെ ആരെങ്കിലും ആര്‍ക്കെങ്കിലും പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ടോ? തനിയ്ക്കു സ്വീകരിക്കാവുന്നതും അല്ലാത്തതും ഏതെന്നും എന്തെന്നുമറിയാത്ത മനുഷ്യരുണ്ടോ? മനുഷ്യതയുടെ സ്വഭാവികമായ പ്രതികരണശേഷിയില്‍ ഉള്ളടങ്ങുന്നതാണത്‌. [രണ്ടാമത്തേത്‌, പരസ്യകല ഒരു കച്ചവടതന്ത്രം എന്നനിലയില്‍, നിര്‍മ്മിതവസ്തുവിന്റെ സത്യാവസ്ഥയെ നുണകളുടെ സാഹായ്യ്യത്തോടെ അതിശയോക്തമാക്കുന്നുവോ എന്നതാവും. അങ്ങിനെയെങ്കില്‍, നിയമനിര്‍മ്മാണം മുഖേനെ ഉപഭോക്താവിനെ സംരക്ഷിക്കാവുന്നതും.]

മാധ്യമപ്രസിദ്ധീകരണങ്ങളിലെ ജനപ്രിയ പംക്തികള്‍, തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ജനപ്രീതിയ്ക്കും ലാഭത്തിനുമായി അവകളുടെ ഉടമകള്‍ സൃഷ്ടിച്ചവകളാണ്‌. അവ, ചെറിയൊരു ശതമാനത്തോളം വസ്തുതകളെ പ്രതിനിധീകരിയ്ക്കുമെങ്കിലും, മിക്കവാറും, പൊതുജനത്തിന്റെ സവിശേഷവിഷയങ്ങളോടുള്ള അനാസക്തമായ കമന്റടികളെ ആനന്ദിപ്പിക്കുന്ന തരത്തില്‍ സ്വയം കൂടൊരുക്കും. സാഹിത്യപ്രവര്‍ത്തകര്‍ വ്യാജമായ സാംസ്കാരിക നേതൃത്വത്തിലേക്കുയരുന്ന കാലത്ത്‌, അല്ലെങ്കില്‍ സാഹിത്യം മറ്റു സാമൂഹികോത്തരവാദിത്തങ്ങളെ അതിന്റെ നിഴലിലേക്കിരുത്തുന്ന കാലത്ത്‌ ഇത്തരം പംക്തികള്‍ പ്രസാദാത്മകമായി നിലവില്‍ വരും. അത്‌, നിരാശിതരയ പൊതുജനം, തങ്ങളുടെ പകരംപോക്കുകളിലെ സ്വകാര്യ നിര്‍വൃതികള്‍ കൊണ്ടു ശക്തമായി കിഴുക്കുന്ന ഒരു കാവ്യനീതിയായും ഭവിയ്ക്കും. അവയോടുള്ള നെഗെറ്റീവായ പ്രതിവിമര്‍ശനങ്ങളെ ഏതെങ്കിലും പത്രയുടമ പ്രസിദ്ധീകരിക്കുമെന്നു നിനച്ചിരിക്കുന്നതോ പരാതിപ്പെടുന്നതോ മൌഢ്യമെന്നല്ലാതെ എന്തുപറയാന്‍? മാനനഷ്ടമുണ്ടായാല്‍ കോടതി-വ്യവഹാരത്തിനു പോവാമല്ലൊ --അതോ നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം പോരെ? എങ്കില്‍ അതിനു ചികിത്സിച്ചിട്ടു പോരെ ഇതിനെല്ലാം ഒരുമ്പെടുക?

Submitted by V.P. Gangadharan (not verified) on Tue, 2006-03-14 13:17.

Dr. Benjamin,

Felicitations to your insightful, honest, thought-provoking, logical, scholarly, pedagogical, pithy and substantial viewpoints that were eloquently expounded a topic of extreme interest: reflective academic scrutiny of an ignominious saga of literary serial killing of many a budding passionate writer. Probing purposefully into a delusive world of a critic by wielding a pen of literary acumen you could virtually conjure an apparent big picture into a minuscule caricature, a quasi orotund review writer into a pompous gossip-journalist.
I remember vividly the late Krishnan Nair’s ‘Saahithya Vaaraphalam’, that had been serialised in the now defunct ‘Malayala Naate,’ weekly in early 1970s. One of my short stories, Otiyan which was adjudged to be the first prize-winner in a short story competition held by Kottayam literary association, happened to appear in Malayala Naate in 1971. I escaped unscathed when Krishnan Nair wrote: This story has nothing to claim apart from having a good theme. Though I heaved a sigh of relief, I detested his spiteful personal attack on many of those authors with his pejorative sarcasm and was rather disgruntled to observe the sheer void of constructive criticism of the work, that was actually called for.
Whatever may be the case, we lost a giant of a sensational writer in the sphere of literary journalism upon M. Krishnan Nair’s demise...

Submitted by viswam (not verified) on Sat, 2006-03-25 06:53.

കഷ്ടം! മഹാകഷ്ടം!

Submitted by Aravind (not verified) on Sat, 2006-03-25 09:34.

കൃഷ്ണന്‍ നായര്‍ അങ്ങനെ പറഞ്ഞിരുന്നു എന്നത് വാസ്തവം, പക്ഷേ അതാരും ശ്രദ്ധിച്ചില്ലെന്നത് മറ്റൊരു വാസ്തവം. പലപ്പോഴും മലയാള സാഹിത്യത്തില്‍ കൃതികളെ അളക്കാനുള്ള അളവുകോല്‍ വാരഫലമായി മാറിയതിനാല്‍ ഈ ലേഖനത്തിനും പ്രസക്തിയുണ്ട്.

മരിക്കുവോളം തെറി പറഞ്ഞിട്ട്, മരണശേഷം മഹാനാക്കുന്ന ജാലവിദ്യയില്‍ നിന്ന് മാറി നിന്നതിന് ബെഞ്ചമിനും തര്‍ജ്ജനിയും തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു.

അരവിന്ദ്

Submitted by യാത്രാമൊഴി (not verified) on Sat, 2006-03-25 11:08.

ജീവിച്ചിരുന്നപ്പോള്‍ പ്രൊഫ: കൃഷ്ണന്‍ നായര്‍ സാഹിതീശവങ്ങളെ തൊട്ടു കാണിച്ച് ഉപജീവനം കഴിച്ചു എന്നത് നേര്. ഇന്നിപ്പോള്‍ സാഹിതീശവങ്ങള്‍ അദ്ദേഹത്തിന്റെ മരണം വിറ്റ് ഉപജീവനം തേടുന്നു എന്നത് അതിലേറെ രസകരം!

വിമര്‍ശനമെന്നാല്‍ കുരങ്ങന്മാരുടെ സഹജവാസനയായ പരസ്പരം “പുറം ചൊറിഞ്ഞ് സുഖിപ്പിക്കല്‍” ആയിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന പൊതുവെ ദുര്‍ബലമനസ്കരായ അഭിനവ സാഹിത്യകാരന്മാര്‍ക്കും, അവരെ പുറം ചൊറിഞ്ഞു സുഖിപ്പിച്ചിരുന്ന വിമര്‍ശകര്‍ക്കും പ്രൊഫ. കൃഷ്ണന്‍ നായര്‍ ഒരു പേടിസ്വപ്നമായിരുന്നു എന്നതിനു അടിവരയിടുന്നു ഈ വിഫലശ്രമം.

സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ചവറു ചവറാണെന്ന് തുറന്ന്‍ പറയുന്നത് അക്കാദമിക് കസേരകളില്‍ ഉറക്കം തൂങ്ങിയിരിക്കുന്ന നിരൂപകശിങ്കങ്ങള്‍ക്ക് ബോധിക്കാതെ വരും‍. വാരഫലക്കാരന്റെ കോളമെഴുത്തു കാരണം അത്തരക്കാര്‍‍ പടച്ചു വിട്ട നിരൂപണഗ്രന്ഥങ്ങള്‍ മുടങ്ങാചരാക്കായി കെട്ടി കിടന്നിരിക്കും എന്നു വേണം കരുതാന്‍. പ്രതിഭയുള്ളവനോട് അതില്ലാത്തവനു കടുത്ത അസൂയ തോന്നുന്നതും സ്വാഭാവികം തന്നെ.

പ്രൊഫ. ബെഞ്ചമിന്‍ പത്തോളം നിരൂപണഗ്രന്ഥങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് കാണുന്നു. അതെല്ലാം ഒരു പത്തു പേരെങ്കിലും വായിച്ചു കാണുമെന്ന് ഉറപ്പുണ്ടോ സാറേ? സ്വന്തമായി പുസ്തകം എഴുതിയുണ്ടാക്കി അത് വിദ്യാര്‍ത്ഥികളെ അടിച്ചേല്പിക്കുന്ന പ്രൊഫസറന്മാര്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ പഞ്ഞമില്ല്ലല്ലോ.

ഭാഷ സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടതുണ്ട് എന്ന നിരീ‍ക്ഷണത്തില്‍ കഴമ്പുണ്ടെങ്കിലും ഭൂരിപക്ഷവും ബഹിര്‍ഭാഗസ്ഥമായ പരാമര്‍ശങ്ങള്‍ മാത്രമാകുന്നു ഡോ: ബഞ്ചമിന്റെ ലേഖനവും.

Submitted by സന്തോഷ് പിള്ള (not verified) on Sat, 2006-03-25 12:51.

താങ്കള്‍ക്കുള്ള മറുപടി ഇവിടെ.