തര്‍ജ്ജനി

കാര്‍ഷികം

കാര്‍ഷിക സഹായധനം : ഒരു വാര്‍ത്താ രേഖ

ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് II കൃഷിക്കാരിയല്ല. എങ്കിലും കാര്‍ഷിക സബ്‌സിഡികള്‍ വളരെയധികം ലഭിക്കുന്നവരില്‍ ഏറ്റവും മുന്തിയ സ്ഥാനം രാജ്ഞിയ്ക്കാണ്. 2003-2004-ല്‍ ഏതാണ്ട് 1.32 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ കൃഷിസംബന്ധ കാര്യങ്ങള്‍ക്കായി അവര്‍ കൈപ്പറ്റി. അവരുടെ മകനും ബ്രിട്ടീഷ് സിംഹാസനാവകാശിയുമായ ചാള്‍സ് 4,80000 -ല്‍ പരം അമേരിക്കന്‍ ഡോളറിന്റെ കാര്‍ഷിക സഹായമാണ് സ്വന്തം വസ്തു വകകള്‍ക്കും കോണ്‍‌വാള്‍ സംസ്ഥാനത്തിനും അതിന്റെ കളപ്പുരയ്ക്കുമായി വാങ്ങിച്ചെടുത്തത്.

രാജ്യത്തിന്റെ കൃഷി സഹായ നയത്തിന്റെ പ്രയോജനം അനുഭവിക്കുന്നത് ബ്രിട്ടനിലെ രാജകുടുംബം ഒറ്റയ്ക്കല്ല. 2003-ല്‍ സൌത്ത് ജൂട്ട്‌ലാന്റിലെ ഷാക്കന്‍ ബോര്‍ഗ് എസ്റ്റേറ്റിനു വേണ്ടി ഡെന്മാര്‍ക്കിലെ ജോക്കിംഗ് രാജകുമാരന് ലഭിച്ച സബ്‌സിഡി 220000 ഡോളറിനു തുല്യമായ തുകയാണ്. മൊണാക്കോയിലെ ഭരണാധികാരി ആല്‍ബര്‍ട്ടിനു ലഭിച്ചത് മൂന്നു ലക്ഷം ഡോളറും.

Devinder Sarma

ലോക വാണിജ്യ സംഘടന (WTO), സമ്പന്നവും വികസിതവുമായ രാജ്യങ്ങളിലെ കൃഷിക്കാര്‍ക്കും കാര്‍ഷിക-വ്യാപാര കോര്‍പ്പറേഷനുകള്‍ക്കുമുള്ള ഭീമമായ സഹായധനത്തെ സംബന്ധിക്കുന്ന വിവാദങ്ങളില്‍ പിടിമുറുക്കുമ്പോള്‍ മാത്രന്മാണ്, എന്തുകൊണ്ട് ഈ രാജ്യങ്ങള്‍ക്ക് കാര്‍ഷിക സഹായധനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല എന്ന കാര്യം കൂടുതല്‍ പ്രകടമാവുന്നത്. രാജപദവിമാത്രമല്ല, കാര്‍ഷിക സഹായധനം വാങ്ങിച്ചെടുക്കുന്ന വമ്പന്‍ മാരുടെ നീണ്ട പട്ടികയും പ്രധാനപ്പെട്ട ഏതു കിഴിവിനുമെതിരെ വര്‍ദ്ധിച്ചു വരുന്ന പ്രതിരോധങ്ങളെയും കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്.

യു കെയിലെ ഏറ്റവും സമ്പന്നനായ വ്യക്തി, വെസ്റ്റ് മിനിസ്റ്ററിലെ പ്രഭുവിന് ഏതാണ്ട് അന്‍പത്തി അയ്യായിരം ഹെക്ടര്‍ ഫാം എസ്റ്റേറ്റാണുള്ളത്. നേരിട്ടുള്ള തുകയായി 2003-04 -ല്‍ 480,000 അമേരിക്കന്‍ ഡോളറും 1200 പശുക്കളെ കൈവശം വച്ചിരിക്കുന്നതിനാല്‍, അധിക തുകയായി 550,000 ഡോളറും അദ്ദേഹത്തിനു ലഭിച്ചു. പൊതു കാര്‍ഷിക നയ (CAP) പരിഷ്കാരമനുസരിച്ച് അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സിഡികള്‍ ഒരു കുഴപ്പവും കൂടാതെ ഇനിയും തുടരും. പശുകള്‍ക്കു ലഭിച്ച അധികതുക അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള പുല്‍മേടുകള്‍ക്കായി വകമാറ്റും എന്നൊരു ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂ.

അമേരിക്കന്‍ ഐക്യനാടുകളില്‍ 2001-ലെ ഫെഡറല്‍ അഗ്രികള്‍ച്ചര്‍ സഹായ ധനം കിട്ടിയവരില്‍ ടെഡ് ടര്‍ണറും ഡേവിഡ് റോക്‍ഫെല്ലറും പെടും.

രാജപദവിയ്ക്ക് മുന്നണിസ്ഥാനം ലഭിക്കുന്ന ഒരു പട്ടികയില്‍ നിന്ന് എങ്ങനെയാണ് രാഷ്ട്രീയക്കാര്‍ പിന്നിലേയ്ക്കു പോവുക? ജര്‍മ്മന്‍ ഗവേഷകയും സാമൂഹിക പ്രവര്‍ത്തകയുമായ മരീറ്റ വിഗെര്‍തേല്‍ തന്റെ ‘യൂറോപ്യന്‍ യൂണിയനിലെ കാര്‍ഷിക സഹായധനങ്ങളുടെ കുഴപ്പമെന്ത്? ’ എന്ന തീസിസില്‍ ഡെന്‍‌മാര്‍ക്കില്‍ മാത്രം 18 -ല്‍ നാലു മന്ത്രിമാര്‍ക്ക് ‍(അല്ലെങ്കില്‍ അവരുടെ പങ്കാളികള്‍ക്ക്‍) യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കാര്‍ഷിക സബ്‌സിഡി ലഭിക്കുന്ന കാര്യം വെളിവാക്കിയിട്ടുണ്ട്. 2003 -ലെ സഹായധന സ്വീകര്‍ത്താക്കള്‍ക്കിടയില്‍, ഭക്ഷണ, കാര്‍ഷിക, മത്സ്യബന്ധന വകുപ്പു മന്ത്രി മരിയന്‍ ഫിഷെര്‍ ബോയല്‍ 480,000 ഡോളറും വിദ്യാഭ്യാസ മന്ത്രി ഉല്ലാ ടോര്‍ണ്‍സ് 655,000 ഡോളറും സാമ്പത്തിക കാര്യമന്ത്രി തോര്‍ പീറ്റേര്‍സണ്‍ 175,000 ഡോളറുമാണ് വാങ്ങിച്ചെടുത്തത്. നെതര്‍ലാന്റിലെ കൃഷി മന്ത്രി സീസ് വീര്‍മാന്‍ 2004-ല്‍ 180,000 ഡോളറിനു തുല്യമായ തുക സബ്‌സിഡിയായി നേടുകയുണ്ടായി.

ഡാനിഷ് സാമാജികന്മാരില്‍, വളരെപേര്‍ -കൂടുതലും ഡാനിഷ് ലിബെറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ളവര്‍‌- കൃഷി സബ്‌സിഡി കൈപ്പറ്റുന്നവരാണ്. ജെന്‍ കിര്‍ക്ക്സ് (273,000) ജെന്‍സ് വിബെര്‍ഗ് (110,000) യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്രസിദ്ധനായ ലിബെറല്‍ ഡെമോക്രാറ്റിക് അംഗം നീത്സ് ബസ്ക് സിമോണ്‍സെന്‍ 382,000 ഡോളറിന്റെ ഉദാരമായ സഹായധനത്തിന്റെ അവകാശിയാണ്. അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനത്തിനു പുറമേയാണിത്. ഡെന്മാര്‍ക്കിലെ 109 വ്യക്തികളും സ്ഥാപനങ്ങളും 165,000 ഡോളറില്‍ കൂടുതല്‍ തുക വര്‍ഷാവര്‍ഷം കൃഷി സഹായത്തിന്റെ പേരില്‍ പറ്റിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്ക്.

ഗവേഷണത്തിനും വികസനത്തിനും വേണ്ടി കാര്‍ഷിക സഹായധനങ്ങള്‍ വിനിയോഗിച്ചു വരാറുണ്ട്. പരസ്പര വാണിജ്യ കരാറിന്റെ അടിസ്ഥാനത്തില്‍, വികസ്വര രാജ്യങ്ങളിലേയ്ക്ക് വിദ്യാഭ്യാസ കയറ്റുമതിയ്ക്കായി ഡെന്മാര്‍ക്കു പോലുള്ള രാജ്യങ്ങളെ സഹായിക്കാനാണ് തീര്‍ച്ചയായും ഗവേഷണത്തിനുള്ള ഫണ്ടുകളില്‍ ഏറിയകൂറും ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഡാനിഷ് കാര്‍ഷിക ശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനു ലഭിക്കുന്ന വാര്‍ഷിക സഹായ ധനം 160 ദശലക്ഷം ഡോളറാണ്. 2003-ല്‍ ഉപദേശ സേവനങ്ങള്‍ക്കായുള്ള ഡാനിഷ് കാര്‍ഷിക ആസ്ഥാനത്തിന് 4.8 ദശലക്ഷം ഡോളര്‍ ലഭിച്ചു. ഇതിന്റെ ബോര്‍ഡ് അംഗങ്ങള്‍ക്ക് (അദ്ധ്യക്ഷന്‍ ഗെര്‍ട്ട് കാര്‍ക്കോവ്, പീറ്റര്‍ ഗായില്‍ക്കെ, ഹെണ്ട്രിക് ഹ്യൂഗ് എന്നിവര്‍ ഉള്‍പ്പടെ) മൊത്തത്തില്‍ 1.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അതേ വര്‍ഷം തന്നെ ലഭിക്കുകയുണ്ടായി എന്നുള്ളതാണ് ഇതിന്റെ രസകരമായ മറുവശം.

സ്പെയിനില്‍ 300 കുടുംബങ്ങളാണ് സഹായ ധനം കീശയിലാക്കുന്നത്. 354,000 ഡോളറിലധികം ഓരോ കുടുംബത്തിനും ലഭിക്കുന്നു. അതില്‍ തന്നെ കളിയറിയാവുന്ന ഏഴുപേര്‍ക്ക് ദിവസം തോറും കിട്ടുന്നത് 7000 ഡോളറാണ്.

ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള പല വികസിത രാജ്യങ്ങളിലും കാര്‍ഷിക സബ്‌സിഡികള്‍ ഏറ്റവും സമ്പന്നമായ വാണിജ്യ മേഖലയുടെ ഭാഗമാണ്. കര്‍ഷക ഗാര്‍ഹിക വരുമാനത്തിന്റെ ശരാശരി സാധാരണ ഗാര്‍ഹിക വരുമാനത്തിന്റെ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നതാണ്. നെതെര്‍ലാന്റ്സില്‍ ഗാര്‍ഹിക വരുമാനത്തിന്റെ ശരാശരിയുടെ 275 ശതമാനമാണ് കാര്‍ഷിക കുടുംബ വരുമാനത്തിന്റെ ശരാശരി. ഡെന്മാര്‍ക്കിലിത് 175 ശതമാനവും ഫ്രാന്‍സില്‍ 160 ശതമാനവും അമേരിക്കയിലും ജപ്പാനിലും 110 ശതമാനവുമാണ്. ഇന്ത്യയില്‍ കൃഷി ഇപ്പോഴും നികുതി കൊടുക്കേണ്ട തൊഴിലായി തുടരുകയാണ്. അതു കാരണം 40 ശതമാനത്തോളം കൃഷിക്കാര്‍ കൃഷിവൃത്തിയുപേക്ഷിച്ച് നഗരങ്ങളില്‍ നിസ്സാര ജോലി തേടാന്‍ നിര്‍ബന്ധിതരാവുന്നു. ദേശീയ വരുമാന ചാര്‍ട്ടില്‍ ഏറ്റവും താണപടിയിലുള്ളവരാണ് കര്‍ഷകര്‍, അതും സ്വന്തമായി ഭൂമിയില്ലാത്ത കൂലിക്കാര്‍.

ഇന്ത്യയില്‍, കാര്‍ഷിക ധനസഹായം മൊത്തം (എല്ലാം ചെറിയ തോതിലുള്ള സഹായത്തിന്റെ രൂപത്തില്‍) വാങ്ങിച്ചെടുക്കുന്നത്, വമ്പന്‍ കൃഷിക്കാരാണ്. വ്യവസായ രാജ്യങ്ങള്‍ നല്‍കുന്നതു പോലുള്ള ദിവസംതോറും ഒരു ബില്യന്‍ ഡോളര്‍ തുകയ്ക്കു തുല്യമായ വലിയ കാര്‍ഷിക സഹായങ്ങള്‍ ചെറുകിട കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ലഭിക്കാന്‍ പോകുന്നില്ല. യൂറോപ്പില്‍ 2000 വന്‍‌കിട കൃഷിക്കാര്‍ക്കു മാത്രമാണ് 60,000 ഡോളറില്‍ കൂടുതല്‍ തുക വര്‍ഷാവര്‍ഷം ലഭിക്കുന്നത്. ഇവരാണെങ്കില്‍ ആകെയുള്ള കര്‍ഷക ജനസംഖ്യയുടെ 0.4% മാത്രമേ വരികയുള്ളൂ. എന്നിട്ടും യൂറോപ്യന്‍ കമ്മീഷന്‍ നേരിട്ടുള്ള ധനവിതരണത്തിന് നിലവിലുള്ളതിന്റെ ആറിരട്ടിയോളം വരുന്ന, (അതായത് പ്രതി വര്‍ഷം 360,000 ഡോളര്‍ ) ഉയര്‍ന്ന പരിധി നിശ്ചയിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിശക്തമായ എതിര്‍പ്പാണുണ്ടായത്. തീരുമാനം പിന്‍‌വലിക്കേണ്ടി വരികയും ചെയ്തു.

ഏതാണ്ട് 65% യൂറോപ്യന്‍ കൃഷിക്കാരും വാര്‍ഷിക സഹായ ധനമായി കൈപ്പറ്റുന്ന തുക 6000 ഡോളറില്‍ താഴയേ വരൂ. പിടിച്ചു നില്‍ക്കാന്‍ കഷ്ടപ്പെടുന്ന ചെറുകിട കര്‍ഷകരാണ് ഇവര്‍. ഇവരാണ് ക്രമേണ കൃഷിത്തൊഴില്‍ വിട്ടുപോകുന്നത്. യൂറോപ്പില്‍ മാത്രം ഓരോ മിനിട്ടിലും ഒരു കൃഷിക്കാരന്‍ തന്റെ തൊഴിലുപേക്ഷിക്കുന്നു എന്നാണ് കണക്കാക്കുന്നത്.

വികസിത രാജ്യങ്ങളിലെ വന്‍പിച്ച കൃഷി സബ്‌സിഡികളുടെ ആനുകൂല്യം അനുഭവിക്കുന്നവര്‍ ഈ ചെറിയ കര്‍ഷകരല്ല. കാര്‍ഷിക സഹായധനത്തിന്റെ എണ്‍പതു ശതമാനത്തോളവും പോകുന്നത് കൃഷി-വാണിജ്യ കമ്പനികള്‍ക്കാണ് (അല്ലെങ്കില്‍ വന്‍‌കിട കൃഷി മുതലാളിമാര്‍ക്ക്). പഞ്ചസാര ഉത്പാദകരായ റ്റേറ്റ് &ലൈല്‍ 404 മില്ല്യന്‍ ഡോളര്‍ സഹായമാണ് 2003-2004 -ല്‍ നേടിയെടുത്തത്. ഡെന്മാര്‍ക്കിലെ ആര്‍ലാ ഫുഡ്‌സ് 2003 -ല്‍ 205 മില്ല്യനും. രാജ്യാന്തര കമ്പനിയായ നെസ്ലേയ്ക്ക് 20 മില്ല്യന്റെയും ഡെന്മാര്‍ക്കിലെ തന്നെ ഡാനിഷ് ക്രൌണണിന് 19 മില്ല്യന്റെയും വാര്‍ഷിക സഹായം ലഭിക്കുന്നു. ഗെര്‍മനിയിലെ 136 പാലുത്പ്പന്ന സ്ഥാപനങ്ങള്‍ക്ക് കയറ്റുമതി സഹായമായി കിട്ടുന്നത് 78 മില്ല്യന്‍ ഡോളറാണ്. ഈ പട്ടിക അവസാനിക്കുന്നില്ല...

കരുത്തന്മാരുടെയും സുന്ദരന്മാരുടെയും കൃഷിക്കാരുടെ പേരിലുള്ള വമ്പന്‍ കൃഷി-വാണിജ്യ കോര്‍പ്പറേഷനുകളുടെയും കൈകളിലേയ്ക്ക് രാജ്യത്തിന്റെ ഭീമമായ സഹായധനം മുഴുവന്‍ ഒഴുകി ചെല്ലുന്നു എന്നു മാത്രമല്ല, മൂന്നാം ലോകത്തിലെ കൃഷിയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രയോജനമില്ലാത്ത ധൂര്‍ത്തിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ വികസിത രാജ്യങ്ങള്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമവും നടത്തുന്നില്ല എന്ന സത്യം കൂടി നിലനില്‍ക്കുന്നുണ്ട്. സഹായ ധനങ്ങളില്‍ മിക്കതും നേരിട്ടു വിതരണം ചെയ്യുന്നതും ‘ഗ്രീന്‍ ബോക്സി’ലേയ്ക്കു നേരെ ചെല്ലുന്നതുമാണ്. ഒരു വിധത്തിലുള്ള കിഴിക്കലുകള്‍ക്കും ഇവ ബാധകമല്ല. എന്നിട്ടും ഈ സബ്‌സിഡികള്‍ ചെറുകിട കര്‍ഷകരിലേയ്ക്കു ചെല്ലുന്നില്ല. വികസ്വര രാജ്യങ്ങള്‍, കൂടുതല്‍ കമ്പോളങ്ങള്‍ തുറന്നിടുന്നതിനു മുന്‍പ് ഭീമന്‍ കാര്‍ഷിക സഹായ പദ്ധതികളുടെ സമ്പൂര്‍ണ്ണ ഒഴിവാക്കല്‍ ആവശ്യപ്പെടേണ്ടതുണ്ട്.

വികസ്വര രാജ്യങ്ങള്‍ മുന്നോട്ടുവയ്ക്കേണ്ട കാര്യങ്ങള്‍ ഇവയാണ് :

കാര്‍ഷിക ധനസഹായങ്ങളെ രണ്ടു വിഭാഗമായി വര്‍ഗീകരിക്കാവുന്നതാണ്. ഒന്ന്, ചെറുകിട കര്‍ഷകരെ സഹായിക്കാനുള്ളത്, രണ്ട്, കാര്‍ഷിക കമ്പനികള്‍ക്കും വലിയ കൃഷിക്കാര്‍ക്കുമായി ഇപ്പോള്‍ നിലനില്‍ക്കുന്ന് അരീതിയിലുള്ളത്.

ഒരു ബില്യന്‍ അമേരിക്കന്‍ ഡോളര്‍ കാര്‍ഷിക സബ്‌സിഡിയുടെ ഇരുപതു ശതമാനത്തില്‍ താഴെ വരുന്ന തുക ചെറു കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പ്രതിദിനം ഫലപ്രദമായി വിതരണം ചെയ്യുക. ബാക്കിയുള്ള 80% പൂര്‍ണ്ണമായും കൃഷി സംബന്ധമായ കൂടിയാലോചനകളുടെ പ്രവര്‍ത്തന പരിധിയിലാക്കുക.

ദേവീന്ദര്‍ ശര്‍മ്മ
മൊഴിമാറ്റം: ശിവകുമാര്‍ ആര്‍ പി
ദേവീന്ദര്‍ ശര്‍മ്മ ഫുഡ് &ട്രേഡ് പോളിസി അനലിസ്റ്റാണ്
ഈ ലഘുലേഖ ഞങ്ങള്‍ക്ക് എത്തിച്ചു തന്നതിന് ശ്രീ. ചന്ദ്രശേഖരന്‍ നായരോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
Subscribe Tharjani |
Submitted by എസ്‌.ചന്ദ്രശേഖരൻ നായർ (not verified) on Sat, 2006-04-01 17:18.

ശ്രീ ദേവിന്ദർ ശർമയുടെ കാർഷിക സബ്‌സിഡിയെക്കുറിച്ചുള്ള ലേഖനം ട്രാൻസുലേറ്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിച്ചതിന്‌ ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു. മൊഴിമാറ്റം നടത്തിയ ശിവകുമാർ പ്രശംസ അർഹിക്കുന്നു.