തര്‍ജ്ജനി

കെ. എം. ഷെറീഫ്‌

റീഡര്‍,
ഇംഗ്ലീഷ് വിഭാഗം,
കോഴിക്കോട് സര്‍വ്വകലാശാല.പി.ഒ

Visit Home Page ...

ലേഖനം

ലൈംഗികത, ലൈംഗികത്തൊഴില്‍, വാണിജ്യരതി: വിപണിയും മനുഷ്യാവകാശവും

ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നതിന്‌ എത്രയോ മുമ്പ്‌, 1971 ല്‍ പ്രസിദ്ധീകരിച്ച കെ. പി. നിര്‍മ്മല്‍കുമാറിന്റെ ജലം എന്ന കഥാസമാഹാരത്തിലെ അതേ പേരുള്ള കഥയിലാണ് തോന്നുന്നു‍ 'വാണിജ്യരതി' എന്ന വാക്ക്‌ മലയാളത്തില്‍ ആദ്യമായി പ്രയോഗിക്കുന്നത്‌.

ബംഗ്ലാദേശില്‍ നിന്ന്‌ കൊല്‍ക്കത്തയില്‍ എത്തിയ അഭയാര്‍ത്ഥികളെപ്പറ്റി ലക്ഷണമൊത്ത ആധൂനികകഥാകാരന്റെ (കുറ്റകരമായ?) നിസ്സംഗതയോടെയുള്ള വിവരണത്തിലാണ്‌ ഈ വാക്ക്‌ കടന്നുവരുന്നത്‌: 'അഭയാര്‍ത്ഥികള്‍ നഗരത്തെ പൊതിഞ്ഞിരുന്നു‍. യുവതികള്‍ പാതയോരത്ത്‌ വാണിജ്യരതിയില്‍ ഏര്‍പ്പെട്ടപ്പോള്‍ മുതിര്‍ന്നവര്‍ അതിനരികെ ആഹാരം പാകം ചെയ്തു.'

'വാണിജ്യരതി' എന്ന വാക്കിന്‌ ഇന്നും മലയാളത്തില്‍ വലിയ പ്രചാരമില്ല. കൂടുതല്‍ പ്രചാരം കിട്ടി‍യത്‌ 'ലൈംഗികത്തൊഴിലാളി' എന്ന വാക്കിനാണ്‌. വാണിജ്യസ്ഥാപനങ്ങളുടെ തവണവ്യവസ്ഥകളില്‍ മൂക്കറ്റം മുങ്ങിയവരും സ്വത്തുതര്‍ക്കങ്ങളില്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്നവരും ആണെങ്കിലും കമ്പോളവുമായോ സ്വകാര്യസ്വത്തുമായോ ഉള്ള ബന്ധങ്ങള്‍ അവിഹിതബന്ധങ്ങളേക്കാള്‍ രഹസ്യമായി സൂക്ഷിക്കാനാണ്‌ പല മലയാളികള്‍ക്കും ഇഷ്ടം. ഇടക്കിടെ സമരം നടത്തി ജനങ്ങളേയും സര്‍ക്കാരിനേയും വിറപ്പിക്കുന്ന സ്വകാര്യബസ്സുടമകളുടെ സംഘടനയുടെ പേര്‌ 'ബസ്സ്‌ ഓണേര്‍സ്‌ അസോസിയേഷന്‍' എന്നല്ല, 'ബസ്സ്‌ ഓപ്പറേറ്റര്‍സ്‌ അസോസിയോഷന്‍' എന്നാ‍ണ്‌. ചുമട്ടു‍തൊഴിലാളികളുടെ നോക്കുകൂലിയെപ്പറ്റിയും മറ്റും പരക്കേ നെഞ്ഞത്തടിയും നിലവിളിയും ഉണ്ടെങ്കിലും 'തൊഴിലാളി' എന്ന വാക്കിന്‌ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത മാന്യതയ്ക്ക്‌ ഇനിയും കാര്യമായ പോറലേറ്റിട്ടി‍ല്ല.

പദപ്രയോഗം എടുത്താല്‍, 'വാണിജ്യരതി' വില്‍ക്കുന്നവര്‍, മൊബെയില്‍ കമ്പനികളെപ്പോലെ, നിശ്ചിതസേവനത്തിന്‌ പണം പറ്റുന്ന സേവനദാതാക്കളെയാണ്‌ ഓര്‍മ്മപ്പെടുത്തുക. ലൈംഗികത്തൊഴിലാളികളാകട്ടെ, അദ്ധ്വാനിച്ച്‌ കൂലി വാങ്ങി ജീവിക്കുന്നവരേയും. ആഗോളമുതലാളിത്തത്തിന്‌ എന്തും വില്ക്കാനുള്ള സ്വയംസിദ്ധമായ ലൈസന്‍സ്‌ ഉള്ളതുകൊണ്ട്‌ അതിന്‌ രതി മറ്റ്‌ വിപണനവസ്തുക്കളില്‍ നിന്ന്‌ വ്യത്യസ്തമല്ല. ഇന്ന് വാണിജ്യരതി ശതകോടികള്‍ മറിയുന്ന കോര്‍പ്പറേറ്റ്‌ ബിസിനസ്സാണ്‌. ഓഫീസ്‌ അസിസ്റ്റന്റ്‌ മുതല്‍ മേനേജിങ്‌ ഡയറക്റ്റര്‍ വരെ എത്തുന്ന ഭരണനിര്‍വ്വഹണശ്രേണി മാത്രമല്ല, തായ്‌ലന്റ്‌ തുടങ്ങിയ മൊത്തവിതരണകേന്ദ്രങ്ങളും, നേപ്പാള്‍, ഫിലിപ്പീന്‍സ്‌ തുടങ്ങി കൂറഞ്ഞ കൂലിക്ക്‌ പണിയെടുക്കാന്‍ തയ്യാറുള്ളവരെ റിക്രൂട്ട്‌ ചെയ്യുന്ന കേന്ദ്രങ്ങളുമുണ്ട്‌. ആഗോളവിപണിയില്‍ ഒരുപക്ഷെ ഏറ്റവും ചൂഷണം നടക്കുന്നതും ഏറ്റവും മിച്ചമൂല്യം ഉല്പാദിപ്പിക്കുന്നതും വാണിജ്യരതിയായിരിക്കും. ആഗോളശൃംഖലയുടെ ഭാഗമല്ലാതെ കൂടില്‍വ്യവസായം പോലെയോ, ഇടത്തരം മുതല്‍മുടക്കോടെയോ ചെറുതും വലുതുമായ നഗരങ്ങളില്‍ രതിവ്യാപാരം നടക്കുന്നു‍ണ്ട്‌. അന്നത്തെ അപ്പത്തിന്‌ വേണ്ടി ഇരുട്ടി‍ന്റെ മറവില്‍ തെരുവോരങ്ങളില്‍ നടക്കുന്ന ലൈംഗികത്തൊഴില്‍ (ചിലപ്പോള്‍ കൂട്ടി‍ക്കൊടുപ്പുകാരന്റെ കമ്മീഷന്‍ അല്ലാതെ) മിച്ചമൂല്യം ഉല്പാദിപ്പിക്കുന്നി‍ല്ല.

ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കണം എന്നു‍ മുറവിളികൂട്ടുന്ന‍ വ്യക്തികളും സംഘടനകളും ഇവര്‍ അനുഭവിക്കുന്ന യഥാര്‍ത്ഥമായ ദുരിതങ്ങളും പീഡനങ്ങളും തന്നെയാണ്‌ തുറന്ന് കാണിക്കുന്നത്‌. എന്നാ‍ല്‍ പഴയകാലത്തെ സാമൂഹ്യപ്രവര്‍ത്തകരെയോ സ്ത്രീവാദികളേയോ പോലെ ഇവരെ മറ്റുതൊഴിലുകളിലേക്ക്‌ തിരിച്ചുവിടുന്നതിനല്ല, പകരം മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ ഇതേ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം നല്കാനാണ്‌ അവര്‍ ആവശ്യപ്പെടുന്നത്‌. ചുവന്ന തെരുവുകള്‍ ഇല്ലാത്ത കേരളം പോലൊരു പ്രദേശത്ത്‌ പൂരുഷന്മാരുടെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത സ്ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമത്തിലേക്ക്‌ തിരിയാതിരിക്കണമെങ്കില്‍ ഇതാവശ്യമാണന്നാണ്‌ കെ വേണു അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടത്‌. പൊലീസ്ഭാഷയില്‍ സെക്സ്‌ റാക്കറ്റുകള്‍ എന്നറിയപ്പെടുന്ന, എന്നാ‍ല്‍ പ്രവര്‍ത്തനരീതി കൊണ്ട്‌ നിയമവിധേയമായ മറ്റ്‌ ബിസിനസ്സുകളില്‍ നിന്ന്‌ അടിസ്ഥാനപരമായി വ്യത്യാസമില്ലാത്ത ആഗോളഗരതിവ്യാപാരം ഇവരുടെ ചര്‍ച്ചകളില്‍ ഇടം കണ്ടെത്താറില്ല. ഇവര്‍ക്ക്‌ പിന്നി‍ല്‍ കളിക്കുന്നത്‌ ആഗോള സെക്സ്‌ ടൂറിസത്തിന്റെ വക്താക്കളാണെന്ന്‌ കെ. അജിതയടക്കം സ്ത്രീവാദികളില്‍ ചിലരെങ്കിലും ചൂണ്ടിക്കാണിച്ചിട്ടു‍ണ്ട്‌.

എഴുപതുകളില്‍ ആധുനികതയുടെ പ്രാഭവകാലത്ത്‌ ഒറ്റപ്പെട്ടാ‍ണെങ്കിലും ശക്തമായി ഉയര്‍ന്നു‍കേട്ട സ്വതന്ത്രവും സ്വച്ഛന്ദവുമായ ലൈംഗികബന്ധങ്ങള്‍ക്ക്‌ വേണ്ടിയുള്ള മുറവിളി, ലൈംഗികബന്ധങ്ങള്‍ അന്നത്തേക്കാള്‍ കാര്യമായി സ്വതന്ത്രമോ സ്വച്ഛന്ദമോ ആയിട്ടി‍ല്ലാത്ത ഇന്ന്‌ തീരെ കേള്‍ക്കാത്തത്‌ ഒറ്റ നോട്ടത്തില്‍ അത്ഭുതാവഹമാണ്‌. അതിന്‌ എടുത്തുചാടി മതമൗലികവാദത്തെ പഴിക്കാന്‍ വരട്ടെ. ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കണം എന്ന മുറവിളിയുമായാണ്‌ ഇതിനെ കൂട്ടി‍വായിക്കേണ്ടത്‌. സ്വതന്ത്രലൈംഗികബന്ധങ്ങള്‍ സ്വകാര്യജീവിതത്തില്‍ ഇല്ലെങ്കില്‍ കുഴപ്പമില്ല, ചന്തയില്‍ ഇഷ്ടം പോലെ വാങ്ങാന്‍ കിട്ടും! ശുദ്ധജലം കിണറ്റിലോ, പൊതുടാപ്പിലോ ഇല്ലെങ്കില്‍ കൂഴപ്പമില്ല, കുപ്പിയില്‍ ആക്കിയത്‌ സൂപ്പര്‍മാര്‍ക്കറ്റില്‍ സുലഭം എന്നു‍ പറയുന്നത്‌ പോലെ. ഒരു പക്ഷെ എഴുപതുകളില്‍ ഇറങ്ങിയ ഏറ്റവും പൂരോഗമനസ്വഭാവമുള്ള സിനിമകളില്‍ ഒന്നായ അവളുടെ രാവുകളെ, മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സീമ അല്പവസ്ത്രയായി നില്ക്കുന്ന (തികച്ചും സ്വാഭാവികമായ) ഒരൊറ്റ രംഗത്തിന്റെ പേരില്‍ പിടിച്ച്‌ പടിക്ക്‌ പുറത്താക്കിയ യാഥാസ്ഥിതികനിരൂപകരുടെ കാലത്ത്‌ സ്വതന്ത്രലൈംഗികത ക്ലച്ച്‌ പിടിക്കുമായിരുന്നി‍ല്ല. എന്നാ‍ല്‍ ഇന്ന്‌ ലൈംഗികതയുടെ കമ്പോളവല്ക്കരണത്തെ ഭാഗികമായെങ്കിലും പ്രതിരോധിക്കാന്‍ സദാചാരത്തിന്റെ പേരില്‍ ലൈംഗികതയ്ക്കുമേല്‍ പൊതുസമൂഹം അടിച്ചേല്പിച്ച നിയന്ത്രണങ്ങള്‍ തട്ടി‍ത്തെറിപ്പിക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയം ഉണ്ടാകില്ല. 'ലൈംഗികക്കച്ചവടത്തിന്‌ പ്രതിവിധി പ്രണയം' എന്ന മട്ടി‍ല്‍ നമ്മുടെ മര്‍മ്മജ്ഞരായ ചില സാഹിത്യനായകര്‍ ഭംഗിവാക്കില്‍ ഇത്‌ സൂചിപ്പിച്ച്‌ തുടങ്ങിയിട്ടു‍മുണ്ട്‌.

ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കുന്നതിനോടുള്ള മതപൗരോഹിത്യത്തിന്റെ എതിര്‍പ്പ്‌ അതിലടങ്ങിയ സാമ്പ്രദായികസദാചാരപദ്ധതിയുടെ ലംഘനത്തോടാണ്‌, രതിയുടെ കമ്പോളവല്ക്കരണത്തോടല്ല. മതപുരോഹിതര്‍ക്കും മതസൈദ്ധാന്തികര്‍ക്കും കമ്പോളത്തോട്‌ വലിയ കലഹമില്ല എന്ന്‌ നമുക്ക്‌ അറിയാം. രതി വില്ക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കുന്ന പുരോഹിതര്‍ക്ക്‌ വിദ്യാഭ്യാസമോ ആരോഗ്യമോ മൊത്തത്തില്‍ വില്ക്കുന്നതിനോട്‌ എതിര്‍പ്പില്ല. എന്നല്ല, കോടികള്‍ 'വിറ്റുവരവുള്ള' പ്രഫഷനല്‍ കോളേജുകളുടേയും ആസ്പത്രികളുടേയും ശൃംഖലകളുടെ കോര്‍പ്പറേറ്റ്‌ മേനേജര്‍മാരാണ്‌ അവരില്‍ ചിലര്‍. മറ്റ്‌ രണ്ട്‌ അവശ്യവസ്തുക്കളായ ഭക്ഷണവും കുടിവെള്ളവും കൊള്ളവിലയ്ക്ക്‌ വില്ക്കുന്നതിനെ അവര്‍ എപ്പോഴെങ്കിലും എതിര്‍ത്തതായി കേട്ടിട്ടു‍മില്ല. പൊതുവേദികളില്‍ സ്ത്രീകളുടെ ശരീരപ്രദര്‍ശനത്തെ ശക്തമായി എതിര്‍ക്കുന്ന ഇസ്ലാമിസ്റ്റുകള്‍ക്ക്‌ പര്‍ദ്ദ്‌ ധരിച്ചിട്ടാ‍ണെങ്കില്‍ സ്ത്രീകള്‍ പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ വിരോധമില്ല. ഇപ്പോള്‍ ജനപ്രിയത നേടിയിട്ടു‍ള്ള ഒരു ബ്രാന്‍ഡഡ്‌ പര്‍ദ്ദയുടെ പരസ്യത്തില്‍ അങ്ങനെ പ്രത്യക്ഷപ്പെടുന്നു‍മുണ്ട്‌. അടിസ്ഥാനപരമായി മോഡലിങ്ങും മനുഷ്യശരീരത്തെ ഉപഭോഗവസ്തുവാക്കുകയാണെന്ന്‌ തിരിച്ചറിയാതെ പോകുന്നു‍.

ഭക്ഷണം, കൂടിവെള്ളം, രതി, ആരോഗ്യം, വിദ്യാഭ്യാസം എന്നി‍വ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ആണെന്ന്‌ വാദിക്കുമ്പോഴാണ്‌ കളി മാറുന്നത്‌. ജനനം മുതല്‍ മരണം വരെ ഭക്ഷണം, ശൂദ്ധജലം, ആരോഗ്യം, ഔപചാരികവിദ്യാഭ്യാസത്തിനുള്ള പ്രായമായാല്‍ വിദ്യാഭ്യാസം, പ്രായപൂര്‍ത്തിയായാല്‍ രതി, എന്നി‍ങ്ങനെ പുതിയൊരു മനുഷ്യാവകാശപ്രഖ്യാപനം ഉണ്ടാകുമ്പോള്‍ സാമൂഹ്യസംഘര്‍ഷങ്ങള്‍ രൂക്ഷമാകും എന്നതില്‍ സംശയമില്ല. രൂക്ഷമാകട്ടെ. പ്രായപൂര്‍ത്തിയായ ആര്‍ക്കും സ്വതന്ത്രമായി രതിയില്‍ ഏര്‍പ്പെടാം എന്നാ‍യാല്‍ ലോകത്ത്‌ ലൈംഗികരാജകത്വം പടരും എന്നാ‍ണെങ്കില്‍, പരമ്പരാഗതമായിത്തന്നെ‍ പ്രായപൂര്‍ത്തിയായവര്‍ക്ക്‌ പൂര്‍ണ്ണമായ ലൈംഗികസ്വാതന്ത്ര്യമുള്ള ചില സമൂഹങ്ങള്‍ ലോകത്തുണ്ട്‌. കിഴക്കന്‍ ആഫ്രിക്കയിലെ മസായി ഗോത്രത്തെപ്പറ്റി എസ്‌. കെ. പൊറ്റെക്കാട്ടി‍ന്റെ യാത്രാവിവരണം വായിച്ചവരെങ്കിലും ഓര്‍ക്കുന്നു‍ണ്ടാകും. ഭക്ഷണവും കൂടിവെള്ളവും ആരോഗ്യവും വിദ്യാഭ്യാസവും അടിസ്ഥാന മനുഷ്യാവകാശങ്ങളാണെന്ന്‌ സ്വന്തം ജനതയ്ക്ക്‌ അവ നല്കാത്ത ഭരണാധികാരികള്‍ പോലും മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നു‍ണ്ട്‌. ശൂദ്രനും ദലിതനും ഭക്ഷണവും കൂടിവെള്ളവും വിദ്യാഭ്യാസവും നിഷേധിക്കുകയും, ആ നിഷേധത്തെ ധര്‍മ്മശാസ്ത്രം കൊണ്ട്‌ ന്യായീകരിക്കുകയും ചെയ്ത അത്ര വിദൂരമല്ലാത്ത ഭൂതകാലം നമുക്കുണ്ടായിരുന്നു‍. അന്നത്തെ ഭരണവര്‍ഗ്ഗവും ഭയന്നത്‌ നിയമങ്ങള്‍ ലംഘിച്ചാല്‍ ഉണ്ടാകാവുന്ന അരാജകത്വമായിരുന്നു‍. ഭാഗ്യത്തിന്‌ ശൂദ്രനും ദലിതനും വിദ്യാഭ്യാസം ലഭിച്ചിട്ടും ആകാശം ഇടിഞ്ഞു വീണിട്ടി‍ല്ല. പ്രായപൂര്‍ത്തിയായവര്‍ക്ക്‌ ലൈംഗികസ്വാതന്ത്ര്യം കൊടുത്താലും ആകാശം അവിടെത്തെ‍ ഇരിക്കാനാണ്‌ സാദ്ധ്യത.

ലൈംഗികരാജകത്വം പടരുന്നത്‌ ലൈംഗികസ്വാതന്ത്ര്യത്തില്‍ നിന്നല്ല, രതിയുടെ കമ്പോളവല്ക്കരണത്തില്‍ നിന്നാ‍ണെന്ന്‌ കാണാന്‍ വിഷമമില്ല. ആഗോളസാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഇന്റര്‍നെറ്റില്‍ ലാഭം ഇടിയാത്തത്‌ പോര്‍ണോഗ്രഫിക്ക്‌ സൈറ്റുകള്‍ക്ക്‌ മാത്രമാണെന്ന്‌ പറയപ്പെടുന്നു‍. സ്വാഭാവികമായ ലൈംഗികസ്വാതന്ത്ര്യം നിഷേധിച്ച്‌ രതിചോദനയെ വിപണിയിലേക്ക്‌ തിരിച്ചുവിടുന്നതിന്റെ വിജയമാണത്‌. കമ്പോളം നിയന്ത്രിക്കുന്ന സമുഹത്തില്‍ അരാജകത്വം ലൈംഗികതയില്‍ മാത്രം ആകണമെന്നില്ല. ഉദാഹരണത്തിന്‌, ഭക്ഷണ അരാജകത്വം കൊടികുത്തി വാഴുന്ന സമുഹമാണ്‌ മലയാളികള്‍ എന്ന്‌ പറയാം. അമിതഭക്ഷണം കൊണ്ടുള്ള രോഗങ്ങളുടെ കാര്യത്തില്‍ കേരളം വികസിതരാജ്യങ്ങളോടൊപ്പം എത്തിക്കൊണ്ടിരിക്കുകയാണ്‌. ആദിവാസി ഊരുകളില്‍ മുരളുന്ന പട്ടി‍ണിമരണവും ചേര്‍ന്നു‍ള്ളതാണ്‌ ഈ പുതിയ കേരള മോഡല്‍. കേരളത്തില്‍ ഇന്ന്‌ എവിടേയും ലാഭകരമായി നടത്താവുന്ന ബിസിനസ്സാണ്‌ ഭക്ഷണസാധങ്ങളുടെ വില്പന. ഭക്ഷ്യവസ്തുക്കളുടെ താങ്ങാനാകാത്ത വിലക്കയറ്റത്തിലും ഫാസ്റ്റ്ഫുഡ്‌ ഔട്ട് ലെറ്റുകള്‍ പൂട്ടുന്നി‍ല്ല. ടി. വി. ചാനലുകളില്‍ പാചകപരിപാടികളുടെ എണ്ണം കൂടുകയാണ്‌. മലയാളികള്‍ വര്‍ഷത്തില്‍ മദ്യം വാങ്ങാന്‍ ആയിരംകോടി രൂപ ചെലവാക്കുന്നു‍ണ്ട്‌ എന്ന്‌ കണക്കാക്കിയിട്ടു‍ണ്ട്‌; ആവശ്യമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കഴിക്കാന്‍ എത്ര കോടി രൂപ ചെലവാക്കുന്നു‍ണ്ട്‌ എന്ന്‌ കണക്കാക്കിയിട്ടി‍ല്ല. കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച്‌ രണ്ട്‌ ലാര്‍ജ്‌ ബിരിയാണിയുടെ ഹാങ്ങോവര്‍ മാറ്റി ആലോചിച്ചാല്‍ ഊഹമെങ്കിലും കിട്ടും!

Subscribe Tharjani |
Submitted by smitha (not verified) on Mon, 2010-01-04 11:10.

ഗൌരവമായ വായന അര്‍ഹിക്കുന്നു, ഈ ലേഖനം. വളരെ വ്യക്തമായ കാഴ്ച്ചപ്പാടു, നന്ദി , ലേഖകനു.

Submitted by Karuthedam (not verified) on Tue, 2010-01-05 05:06.

ഇന്ത്യയിലെ മുംബൈ പോലുള്ള വന്‍ നഗരങ്ങളില്‍ രാപ്പകലില്ലാതെ സ്ത്രീകള്‍ക്ക് പേടി കൂടാതെ നടക്കാം എന്നാല്‍ കേരളം ഇതിനു വിപരീതമാണ്.
വളരെ സുവ്യക്തമായ ലേഖനം.

Submitted by നിതി൯ (not verified) on Tue, 2010-01-05 12:43.

നന്നായിരിക്കുന്നു.
ആധികാരികമായ ലേഖനം.
അഭിനന്ദനങ്ങള്‍!

Submitted by binishjoseph (not verified) on Wed, 2010-02-03 17:18.

good article.The writer wrote the things in the straight way congrats

Submitted by muneer (not verified) on Sun, 2010-02-07 11:03.

Priya suhurthe

vanijya rathi enna lekanam suvyakthamanu. Keralathil oru red street illathath kondanu sthreekalkk pedi kudathe nadakkan kazhiyathath enna kariyam valare vichitramanu.

Submitted by Tom Mathews (not verified) on Tue, 2010-02-09 18:19.

Dear Editor:
I read with great interest the article on sex trade in
different cultures and the general public's so-called "disgust "on
even the discussion of the legalization possibilities of it.
As a Malayali living in U.S. A, for nearly 40 years,
I have seen the the "moral and religious " double standard"
of many Keralites who say one thing in public and their private
sexual escapades with the "call girls" .
In Netherlands and in Germany there are open, licensed
brothels with practitioners in show cases, selling their
services. Even in 'puritanical America, brothels are
legally sanctioned in Las Vegas.
In a modern society and in tourist centered Kerala, it is high time
we acknowledge the travel and tourist industries demand for sex
and it is not going to go away because some religious and political
leaders say it is "sinful". Let us pretend no more that we are
the "designated" ( by God)officers of morality
Tom Mathews
New Jersey

Submitted by കൊട്ടോട്ടിക്കാരന്‍ (not verified) on Sun, 2010-02-14 07:54.

പ്രായ പൂര്‍ത്തിയായവര്‍ക്ക് ലൈംഗികസ്വാതന്ത്ര്യം അനുവദിച്ചാല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറയുമെന്ന അഭിപ്രായമാണ് എനിയ്ക്കുള്ളത്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് ലൈഗികബന്ധത്തില്‍ക് ഏര്‍പ്പെടുന്നതു തടയേണ്ട ആവശ്യമില്ല. മെറ്റാര്‍ട്ട് മോഡലിംഗും അല്ലാത്ത മോഡലിംഗും അതുവഴിയുള്ള ശരീര പ്രദര്‍ശനവും ഇവിടെ സംരക്ഷിത മേഖലയിലാണ്. വ്യാപാരത്തിന്റെ കാര്യം പറയുകയും വേണ്ട, പോസ്റ്റിനെ അനുകൂലിയ്ക്കാതിരിയ്ക്കാന്‍ ഒരു കാരണവും കാണുന്നില്ല.