തര്‍ജ്ജനി

മൊഴിമാറ്റം : ശിവകുമാര്‍ ആര്‍ പി

ഫോണ്‍: 9447761425

ഇ-മെയില്‍: sivanrp@rediffmail.com

Visit Home Page ...

വര്‍ത്തമാനം

ഭാഷയാണ് എന്റെ ദേശം

ഴാങ് മറീ ലെ ക്ലെസിയോവുമായി തീര്‍ത്ഥാങ്കര്‍ ചന്‍‌ധ നടത്തിയ സംഭാഷണം

ഴാങ് മറീ ഗുസ്താവ് ലെ ക്ലെസിയോയ്ക്ക് ഫ്രഞ്ച് സാഹിത്യഭൂപടത്തില്‍ മാത്രമല്ല, പ്രത്യേകമായ സ്ഥാനമുള്ളത്. കിറുക്കന്മാരുടെ സംഘങ്ങളും സ്കൂളുകളും ഫാഷനുകളും ക്ലെസിയോയെ ആഘോഷിക്കുന്നു. മൌറീഷ്യനിലും ഫ്രഞ്ചിലും അറിവുണ്ട്. ഫ്രഞ്ച് സംസ്കാരത്തില്‍ നിന്നാണ് ഉയര്‍ന്നുവന്നതെങ്കിലും ആംഗ്ലോ - സാക്സണ്‍ സാഹിത്യത്തിലെ മുന്‍നിര തുഴച്ചില്‍ക്കാരനുമാണ് അദ്ദേഹം. ലോട്രിയമോണ്ടും1 സോളയും മാത്രമല്ല സ്റ്റീവന്‍സണും ജോയ്സും തന്റെ പ്രചോദനമാണെന്ന് ക്ലെസിയോ പറയുന്നു. നോവലെഴുത്തിന്റെ പാരമ്പര്യവഴികളെ ഒഴിവാക്കി നടക്കുന്ന അദ്ദേഹത്തെക്കുറിച്ച് ഏതെങ്കിലും കള്ളിയില്‍ തളച്ചിടാന്‍ പറ്റാത്തയാളെന്നാണ് നിരൂപകരുടെ വിധിയെഴുത്ത്. ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ തിയോഫ്രേസ്റ്റ് റെനോഡോട്ട് പുരസ്കാരം നേടിക്കൊടുത്ത ആദ്യനോവല്‍ Le Proces Verbal (1963) മുതല്‍ അദ്ദേഹത്തിന്റെ രചനകള്‍ നിരന്തരമായ മാറ്റത്തിനു വിധേയമാണ്, സ്വീകരിക്കുന്ന വിഷയങ്ങളെ പോലെ തന്നെ.

നോവലുകളും ഉപന്യാസങ്ങളും ചെറുകഥകളും വിവര്‍ത്തനങ്ങളുമായി മുപ്പതോളം പുസ്തകങ്ങള്‍ ലെ ക്ലെസിയോ രചിച്ചിട്ടുണ്ട്. Le Proces Verbal (The minutes1963), Desert ( 1980), The Researcher of Gold (1985), Travel Rodrigues (1986), Onitsha(1990), Quarantine (1995), Golden Fish (1997), Heart Burn and Other Ballads (2000) തുടങ്ങിയവയാണ് ലെ ക്ലെസിയോയുടെ പ്രധാന നോവലുകള്‍ . എല്ലാം ഒരുപോലെ സ്വന്തം പാരിസ്ഥിതികമായ ഉത്കണ്ഠകളെ, പാശ്ചാത്യയുക്തിചിന്തയിലെ അസഹിഷ്ണുതയ്ക്കെതിരെയുള്ള പ്രതിഷേധത്തെ, അമേരിക്കന്‍ ഇന്ത്യക്കാരുടെ ലോകത്തോട് തനിക്കുള്ള ഇഷ്ടത്തെ - ഒക്കെ പ്രതിഫലിപ്പിക്കുന്നവ. അദ്ദേഹത്തിന്റെ വാക്കുകളില്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെ ലോകം യുവത്വം ഏറ്റവും മുറ്റി നില്‍ക്കുന്ന ഒന്നാണ്. തന്റെ ജീവിതത്തെ മൊത്തം മാറ്റി മറിച്ച അനുഭവം എന്ന് അവരോടൊപ്പമുള്ള തന്റെ സഹവാസകാലത്തെക്കുറിച്ച് ഒരു ലേഖനത്തില്‍ ക്ലെസിയോ എഴുതുന്നു. La Fete Chantee (1997). ലോകത്തെക്കുറിച്ചും കലകളെക്കുറിച്ചുമുള്ള ആശയങ്ങളെയും മറ്റു ജനങ്ങളുമായി താന്‍ ബന്ധപ്പെടുന്ന വിധത്തെയുമെല്ലാം ആ പരിചയം പുതുക്കിയെന്ന് അദ്ദേഹം എഴുതി. താന്‍ നടക്കുകയും തിന്നുകയും പ്രണയിക്കുകയും എന്തിന്, സ്വപ്നം കാണുന്ന വിധത്തെ പോലും അതു തിരുത്തി. ആഖ്യാനരീതികളെ നിരന്തരം നവീകരിക്കാനുള്ള സഫലമായ ശ്രമവും ഉദാരമായ മാനവികതാവീക്ഷനവും മുന്‍‌നിര്‍ത്തുന്ന അദ്ദേഹത്തിന്റെ രചനകള്‍ 2008-ലെ നോബല്‍ സാഹിത്യപുരസ്കാരത്താല്‍ സമ്മാനിതമായി. അതിനു തൊട്ടു മുമ്പ് ലേബല്‍ ഫ്രാന്‍സിലെ തീര്‍ത്ഥാങ്കര്‍ ചന്‍‌ധയുമായി നടത്തിയ ഈ അഭിമുഖത്തില്‍ തന്റെ മൌറീഷ്യന്‍ വേരുകളെയും സങ്കരവംശീയബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും നോവലിനെയും സാഹിത്യത്തെയും പറ്റിയുള്ള തന്റെ ആശയങ്ങളെയും പങ്കുവയ്ക്കുകയാണ് ലെ ക്ലെസിയോ.

? പരിസ്ഥിതിയ്ക്ക് പ്രാധാന്യം നല്കുന്നത്, ദാര്‍ശനികമായത്, യോഗാത്മകമായത് എന്നൊക്കെ താങ്കളുടെ കൃതികള്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശേഷണങ്ങളെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ് ?

= ഒരാള്‍ എന്താണു് ചെയ്യുന്നതെന്ന് അയാള്‍ തന്നെ വിവരിക്കാന്‍ ശ്രമിക്കുമ്പോള്‍ കുറച്ച് പ്രയാസം ഉണ്ടാവാറുണ്ട്. എനിക്ക് എന്റെ പുസ്തകങ്ങളെ വിലയിരുത്തി സംസാരിക്കേണ്ട ഘട്ടത്തില്‍ ഞാന്‍ പറയുക, എന്റെ പുസ്തകങ്ങള്‍ എന്നെപോലെ തന്നെയാണെന്നായിരിക്കും എന്നാണു്. ഒരു ആശയത്തെ അവതരിപ്പിക്കുക എന്നതിനേക്കാള്‍ ഞാന്‍ എന്താണ്, എന്റെ വിശ്വാസം എന്താണ് എന്നൊക്കെയാണ് അവ പറയുന്നത് എന്നും പറയാം. ഓരോ ദിവസവുമായുള്ള, ഒരോ സംഭവവുമായുള്ള എന്റെ ബന്ധത്തെ വിവര്‍ത്തനം ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതാണ് എന്റെ എഴുത്ത്. ആശയങ്ങളുടെയും പ്രതിരൂപങ്ങളുടെയും കുഴഞ്ഞുമറിഞ്ഞ അവസ്ഥ ബോംബേറു നടത്തി നമ്മെ തകര്‍ത്തുകൊണ്ടിരിക്കുന്ന കുഴപ്പം പിടിച്ച കാലഘട്ടത്തിലാണ്, നാം ജീവിക്കുന്നത്. കുഴഞ്ഞുമറിഞ്ഞ ഈ അവസ്ഥയുടെ മാറ്റൊലിയാവുക എന്നതു മാത്രമാണ് ഇന്നത്തെ സാഹിത്യത്തിന്റെ പങ്ക്.

? ഈ കുഴപ്പത്തെ സാഹിത്യം സ്വാധീനിക്കുന്നുണ്ടോ? അതിനെ പരിവര്‍ത്തിപ്പിക്കാന്‍ സാഹിത്യത്തിനു കഴിയുമോ?

= സാര്‍ത്രിന്റെ കാലത്ത് അവര്‍ ചെയ്തിരുന്നതു പോലെ ഒരു നോവലിനു ലോകത്തെമാറ്റാന്‍ കഴിയുമെന്നു വിശ്വസിക്കാനുള്ള മുന്‍‌ധാരണകളൊക്കെ നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്വന്തം രാഷ്ടീയഷണ്ഡത്വത്തെ രേഖപ്പെടുത്തിവയ്ക്കാന്‍ മാത്രമേ ഇന്ന് എഴുത്തുകാര്‍ക്ക് കഴിയൂ. സാര്‍ത്രിനെയോ കാമുവിനെയോ ദോസ് പാസ്സോസിനെയോ 2 സ്റ്റെയിന്‍ബെര്‍ഗിനെയോ വായിക്കുമ്പോള്‍ പ്രതിബദ്ധരും മഹാന്മാരുമായ ഈ എഴുത്തുകാര്‍ക്കെല്ലാം മനുഷ്യരാശിയുടെ ഭാവിയില്‍ അളവില്ലാത്ത ആത്മവിശ്വാസമാണുണ്ടായിരുന്നതെന്ന് തെളിച്ചത്തോടെ നമുക്ക് കാണാം. രചനാലോകത്തിന്റെ അസാധാരണമായ ശക്തിയിലും അവര്‍ക്കുള്ള വിശ്വാസം അങ്ങനെ തന്നെ. പതിനെട്ടു വയസ്സുണ്ടായിരുന്നപ്പോള്‍ ‘എക്സ്പ്രെസ്സില്‍ ’ സാര്‍ത്രും കാമുവും മോരിയാക്കും3 എഴുതിയ മുഖപ്രസംഗങ്ങള്‍ വായിച്ച ഓര്‍മ്മയുണ്ട്. വഴി എന്താണെന്നു പറഞ്ഞു തരുന്ന അങ്ങേയറ്റം പ്രതിബദ്ധമായ ലേഖനങ്ങളായിരുന്നു അവ. നമ്മുടെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കൃത്യമായി പരിഹാരം നിര്‍ദ്ദേശിക്കുന്ന മുഖപ്രസംഗങ്ങളുമായി ഏതെങ്കിലും ദിനപ്പത്രം ഇറങ്ങുന്നതിനെപ്പറ്റി ഇന്ന് നിങ്ങള്‍ക്ക് സങ്കല്പിക്കാനാവുമോ? ഇപ്പോഴത്തെ സാഹിത്യം നിരാശയുടെ സാഹിത്യമാണ്.

? പ്രത്യേക വിഭാഗത്തില്‍പ്പെടുത്താനാവാത്ത എഴുത്തുകാരനാണ് താങ്കള്‍ എന്ന് ആളുകള്‍ വിചാരിക്കുന്നത് , താങ്കളുടെ പ്രചോദനത്തിന്റെ ഏകകേന്ദ്രം ഫ്രാന്‍സ് മാത്രമല്ല എന്നുള്ളതുകൊണ്ടാണ്. താങ്കളുടെ നോവലുകള്‍ ആഗോളപ്രസക്തിയുള്ള ഒരു ഭാവനാലോകത്തിന്റെ ഭാഗമാണ്. ഫ്രഞ്ച് എഴുത്തുകാരായ റിംബോയുടെയോ4 സെഗലെന്റെയോ5 രചനകളെ പോലെ നിരൂപകര്‍ക്ക് പ്രത്യേകഗണത്തില്‍ അവയെപ്പെടുത്താന്‍ നിരൂപകര്‍ക്ക് കഴിഞ്ഞിട്ടില്ല.

= എന്റെ രചനകളെ ഒരു ഗണത്തിലും ഉള്‍പ്പെടുത്താനാവില്ലെന്നത് എന്നെ ഒട്ടും വിഷമിപ്പിക്കുന്ന കാര്യമല്ലെന്ന് ആദ്യമേ പറയട്ടെ. നോവലിന്റെ പ്രധാനസ്വഭാവം തന്നെ വര്‍ഗീകരിക്കാന്‍ കഴിയാതിരിക്കുക എന്നതാണെന്ന് എനിക്ക് തോന്നുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പല പല ആശയങ്ങളും സിദ്ധാന്തങ്ങളും പ്രത്യേകാനുപാതങ്ങളില്‍ കൂടിക്കലര്‍ന്നതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ, വിവിധമാനങ്ങളുള്ള ഒരു സാഹിത്യഗണമാണ് നോവല്‍ . പലമുഖങ്ങളുള്ള നമ്മുടെ ലോകത്തെ അതാണ് ശരിയായി പ്രതിഫലിപ്പിക്കുന്നത്. പറഞ്ഞുവരുന്നത്, അസാധാരണമായ ആശയങ്ങള്‍ കുത്തി നിറച്ച സര്‍വവിജ്ഞാനകോശം മുഴുവന്‍ അകത്താക്കിയവരുടെ പിന്തുടര്‍ച്ചക്കാരായ ഫ്രഞ്ച് സാഹിത്യപ്രസ്ഥാനത്തിന് എല്ലായ്പോഴും പരിതാപകരമായ ഒരു ചായ്‌വുണ്ട് എന്നു ഞാന്‍ വിചാരിക്കുന്നു. എവിടെന്നെങ്കിലും ഒക്കെയുള്ള ആശയങ്ങളെ അപൂര്‍വം, അസാധാരണം എന്നൊക്കെ വിളിച്ച് വരയ്ക്കപ്പുറത്താക്കാന്‍ . റിംബോയും സെഗലെനും അവരുടെ കാലത്ത് അതിന്റെ വില നല്കി. ‘വ്യത്യസ്തം’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിച്ചാല്‍ മാത്രമേ തെക്കന്‍ രാജ്യങ്ങളിലുള്ള എഴുത്തുകാര്‍ക്ക് രചനകള്‍ പ്രകാശിപ്പിക്കാന്‍ അവസരം കിട്ടൂ, ഇക്കാലത്തു പോലും. മൌറീഷ്യന്‍ എഴുത്തുകാരിയായ അനന്താദേവിയുടെ6 ഉദാഹരണമാണ് പെട്ടെന്ന് ഓര്‍മ്മ വരുന്നത്. ഫ്രാന്‍സിലെ പ്രസിദ്ധമായ പുസ്തകപ്രസാധകസംഘമായ ഗല്ലിമാര്‍ദിലെ വായനക്കാരുടെ സംഘത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അനന്താദേവിയുടെ കൃതികള്‍ക്ക് വേണ്ടി വാദിച്ചിട്ടുണ്ട്, അനുകൂലമായി. വൈചിത്ര്യമില്ല എന്നായിരുന്നു അവരുടെ കൈയെഴുത്തുപ്രതി വായിച്ച സംഘാംഗങ്ങളുടെ അഭിപ്രായം !

? താങ്കള്‍ക്ക് മറ്റു സംസ്കാരങ്ങളോട് കൂടുതല്‍ ആഭിമുഖ്യമുണ്ടാവാന്‍ എന്താണു കാരണം?

= പാശ്ചാത്യസംസ്കാരം ഏകശിലാമുഖമായിതീര്‍ന്നിട്ടുണ്ടിപ്പോള്‍ . നഗരത്തിനും സാങ്കേതികവശത്തിനും അമിതമായ ഊന്നല്‍ നല്കുന്നതിനാല്‍ വിനിമയത്തിന്റെ മറ്റു രൂപങ്ങളെ വികസിക്കുന്നതില്‍ നിന്നു അത് തടയുന്നു. ഉദാഹരണത്തിന് ധാര്‍മ്മികത്വത്തോട് വികാരാനുഭൂതികളോട് ഒക്കെയുള്ള അതിന്റെ പ്രതികരണരീതി നോക്കിയാല്‍ മതി. തിരിച്ചറിയാന്‍ വയ്യാത്ത മനുഷ്യാവസ്ഥയെയെല്ലാം യുക്തിവാദത്തിന്റെ പേരില്‍ ദുരൂഹതയുടെ കുറ്റിയില്‍ പിടിച്ചുകെട്ടുകയാണ് ഇപ്പോഴത്തെ പതിവ്. ഈ തിരിച്ചറിവാണ് എന്നെ മറ്റു സംസ്കാരങ്ങളിലേയ്ക്ക് തള്ളിവിടുന്നത്.

? അമേരിക്കന്‍ ഇന്ത്യക്കാരുടെ ലോകവും മെക്സിക്കോയും താങ്കളുടെ അന്വേഷണവഴിയിലെ അതിശക്തങ്ങളായ സാന്നിദ്ധ്യങ്ങളാണ്. മെക്സിക്കോയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേകിച്ച് എന്താണു കാരണം?

= പട്ടാളസേവനത്തിനായി ഞാന്‍ പോയ സ്ഥലമാണ് മെക്സിക്കോ. ഞാനവിടെ ചെലവഴിച്ച രണ്ടു വര്‍ഷവും എനിക്ക് യാത്രകള്‍ നടത്താനുള്ള അവസരം ധാരാളമായി കിട്ടി. പ്രത്യേകിച്ച് എംബെറാസ്7 വര്‍ഗ്ഗക്കാരെ കണ്ടുമുട്ടിയ പനാമയില്‍ . 1970 മുതല്‍ 1974 വരെ നാലുവര്‍ഷം ഞാന്‍ അമേരിക്കന്‍ ഇന്ത്യക്കാരുള്ള കാട്ടില്‍ കഴിഞ്ഞുകൂടി. എന്നെ അടിമുടി ഇളക്കി മറിച്ച അനുഭവമായിരുന്നു അത്. യൂറോപ്പില്‍ ഞാന്‍ ശീലിച്ച ജീവിതത്തിന് ഒന്നും ചെയ്യാന്‍ കഴിയാത്തതരത്തിലുള്ള വ്യത്യസ്തമായ ജീവിതായോധനമാര്‍ഗങ്ങളാണ് അവിടെ കണ്ടത്. പ്രകൃതിയുമായി ഇണങ്ങിയാണ് എംബെറാസുകള്‍ ജീവിക്കുന്നത്. അവരുടെ പരിസ്ഥിതിയുമായി യോജിച്ച് നിയമപരമോ മതപരമോ ആയ അധികാരത്തെ ഒന്നിനെയും ആശ്രയിക്കാതെ. അതെന്നെ അമ്പരപ്പിച്ചിരുന്നു. തിരിച്ചു വന്ന് എംബെറാസ് സമൂഹത്തിന്റെ പരസ്പരാശ്രിതത്വത്തെപ്പറ്റി പറയാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ നിരൂപകര്‍ എന്ന ‘നല്ലവരായ കാട്ടാളന്മാരുടെ’ മിത്തുകളില്‍ വീണു കലങ്ങിപ്പോയ അതിസാധാരണക്കാരനായ പച്ചപ്പാവം എന്നും പറഞ്ഞ് കുറ്റപ്പെടുത്തി. അതൊന്നുമല്ല ഞാന്‍ ഉദ്ദേശിച്ചത്. ഞാന്‍ ഒപ്പം താമസിച്ച മനുഷ്യര്‍ ‘കാടന്മാരാ’ണെന്ന് എനിക്ക് ഒരിക്കലും പറയാന്‍ കഴിയില്ല. അവര്‍ ജീവിക്കുന്നത് നമ്മളില്‍ നിന്നു വ്യത്യസ്തമായ അളവുകോലുകളും മൂല്യങ്ങളും കൊണ്ടാണ്. അത്രേയുള്ളൂ.

? പുതിയ മെക്സിക്കോയിലെ അല്‍ബുക്കെര്‍ക്കിനും8 കുടുംബത്തിനു വേരുകള്‍ ഉള്ള മൌറീഷ്യസിനുമായി പങ്കുവയ്ക്കപ്പെട്ട നിലയിലാണ് സമകാലത്ത് താങ്കളുടെ ജീവിതം. താങ്കള്‍ വളര്‍ന്നതും അമ്മ ഇപ്പോള്‍ കഴിയുന്നതും നൈസില്‍ . താങ്കളെപ്പോലെ, നോവലുകളിലെ കഥാപാത്രങ്ങളും ഭൂഖണ്ഡങ്ങളിലേയ്ക്ക് ചിതറിപ്പോയവരാണ്. ഉദാഹരണത്തിന് Heart Burn and Other Ballads-ലെ കഥ പകുതിയും സംഭവിക്കുന്നത് മെക്സിക്കോയിലാണ്. ചെറുപ്പത്തില്‍ ആ രാജ്യത്ത് കഴിഞ്ഞ രണ്ടു യുവതികളുടെ കഥയാണ് ഈ സമാഹാരത്തിന്റെ ആദ്യഭാഗം പറയുന്നത്. കഠിനപീഡനങ്ങളുടെ ചെറുപ്പകാലത്തെക്കുറിച്ചാണ് അത്. രണ്ടുപേരും സ്വന്തം ഭൂതകാലങ്ങളെക്കുറിച്ച് വല്ലാതെ അസ്വസ്ഥരാണ്. ആ രണ്ടു സഹോദരിമാര്‍ നാടോടിജീവിതത്തിന്റെ ഇരകളാണെന്നു പറയാന്‍ കഴിയുമോ?

= ഒരേ സമയം തമ്മില്‍ ചേരാതെയുള്ള രണ്ടു സംസ്കാരങ്ങളില്‍പ്പെട്ടു പോയതിന്റെ ഇരകളാണ് ആ സഹോദരിമാര്‍. മെക്സിക്കന്‍ സംസ്കാരം നേരിട്ടുള്ളതും തെരുവിനെ പ്രമാണമാക്കുന്നതും ബഹിര്‍മുഖവുമാണ്. അതേ സമയം യൂറോപ്യന്‍ സംസ്കാരമാവട്ടെ, വീടിനെ ആസ്പദമാക്കുന്നതും അന്തര്‍മുഖവും സ്കൂള്‍ നിയമങ്ങള്‍ അനുസരിക്കുന്നതുമാണ്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുക കുട്ടികള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. സംസ്കാരത്തിന്റെ ഈ സംഘര്‍ഷമാണ് ഞാന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്.

?എന്തുകൊണ്ടാണ് അതു ഒരു ‘റൊമാന്‍സ്’ വഴി ആവിഷ്കരിക്കാന്‍ ശ്രമിച്ചത്?

= ദാരുണമായ ചില അവസ്ഥകളെ വിവരിക്കാന്‍ കഴിയുന്ന വൈരുദ്ധ്യം നിറഞ്ഞ ഒരു വാക്കാണ് റൊമാന്‍സ്. ഇരുണ്ട ഏഴു കഥകളാണ് പുസ്തകത്തിലുള്ളത്. സാമൂഹികസത്യങ്ങളെക്കാള്‍ വികാരങ്ങള്‍ക്കുള്ള മേല്‍ക്കൈയാണ് കാല്പനിക കഥകളുടെ പൊതുസ്വഭാവം. വികാരത്തിനും സമൂഹം, യാഥാര്‍ത്ഥ്യം, ലോകം എന്നിവയ്ക്കും ഇടയിലുള്ള സ്ഥിരമായ ഇടര്‍ച്ചയെ എടുത്തുകാണിക്കുക എന്നതാണ് കല്പിതകഥകളുടെ മുഖ്യലക്ഷ്യം എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും ഞാന്‍ സ്വാംശീകരിച്ച യഥാര്‍ത്ഥസംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണെന്ന് മറ്റൊരു തരത്തില്‍ പറയാം. അതുകൊണ്ടവ യാഥാര്‍ത്ഥ്യമാണ്. അവയ്ക്കെല്ലാം വൈകാരികമായ ഘടകങ്ങളുമുണ്ട്. അത് ദിനപ്പത്രങ്ങളിലെ ‘സംഗൃഹീത വാര്‍ത്താക്കുറിപ്പിലും’ നിങ്ങള്‍ അനുഭവിക്കുന്നതാണ്.

? താങ്കളുടെ പുസ്തകങ്ങളില്‍ സാഹിത്യവിഭാഗങ്ങളുടെ അതിരുവഴികള്‍ മാഞ്ഞു പോകുന്നു. അവയ്ക്ക് പരമ്പരാഗതമായ കഥാഖ്യാനത്തിന്റെ നീണ്ട ചരിത്രമുണ്ട്. സാഹിത്യഗണം എന്ന നിലയ്ക്ക് പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്നും വന്നു കയറിയതാണ് നോവലെന്നും ഇപ്പോഴും അത് ശക്തമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് അതിന്റെ ബൂര്‍ഷ്വാ ഉത്പത്തിയുടെ പേരിലാണെന്നും ആധുനികോത്തരതയുടെ സങ്കീര്‍ണ്ണതകളെയോ കോളനികള്‍ക്കു ശേഷമുള്ള ലോകത്തെയോ ആവിഷ്കരിക്കാന്‍ അതിനു കെല്പില്ലെന്നും ഉള്ള വിശ്വാസം താങ്കള്‍ വച്ചു പുലര്‍ത്തുന്നുണ്ടോ?

= നോവല്‍ ഫലപ്രദമായ ബൂര്‍ഷ്വാസാഹിത്യഗണം തന്നെയാണ്. ബൂര്‍ഷ്വാലോകത്തിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കാണ് പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം അതീവപ്രൌഢിയോടെ നോവല്‍ രൂപം കൊടുത്തുകൊണ്ടിരുന്നത്. പിന്നെ ചലച്ചിത്രം വന്നു. താരപദവി അത് അടിച്ചെടുത്തു. ലോകത്തെ പ്രതിനിധീകരിക്കാന്‍ കുറേക്കൂടി ഫലപ്രദമായ മാര്‍ഗം ചലച്ചിത്രങ്ങള്‍ സ്വയം തെളിയിച്ചു. അതുകൊണ്ട് എഴുത്തുകാര്‍ നോവല്‍ എന്ന ഗണത്തിന്റെ സാദ്ധ്യതകള്‍ വികസിപ്പിക്കാനുള്ള വഴികള്‍ ആരാഞ്ഞു തുടങ്ങി. ആശയങ്ങളെയും വികാരങ്ങളെയും പ്രകാശിപ്പിക്കാനുള്ള വഴി എന്ന നിലയ്ക്ക്. എത്രവേണമെങ്കിലും പരത്താവുന്ന തരത്തിലുള്ളതും ദ്രവരൂപത്തിലുള്ളതും അതു കൊണ്ട് രൂപപരമായ പരീക്ഷണങ്ങള്‍ക്ക് ധാരാളം സാദ്ധ്യത നല്കുന്ന ഒരു ഗണമാണിതെന്നും അവര്‍ പിന്നീട് തിരിച്ചറിഞ്ഞു. അതുമുതല്‍ ഓരോ തലമുറയും നോവലിനെ വേണ്ട മാറ്റങ്ങള്‍ വരുത്തി നവീകരിച്ചുകൊണ്ടിരുന്നു. അല്ലെങ്കില്‍ പുതിയ മൂലകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതുതായി കണ്ടെത്തിക്കൊണ്ടിരുന്നു. ലാല്‍ പസീന എന്ന പേരില്‍ അടുത്തകാലത്ത് പുറത്തിറങ്ങിയ പുതിയ പുസ്തകത്തിന്റെ വിവര്‍ത്തനത്തിലൂടെ ഞാന്‍ കണ്ടെത്തിയ മൌറീഷ്യന്‍ നോവലിസ്റ്റ് അഭിമന്യു ഉന്നുത്തിനെക്കുറിച്ചാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. ചില കാര്യങ്ങളില്‍ യൂജിന്‍ സൂ 9 വിനെ ഓര്‍മ്മിപ്പിക്കുന്ന നോവലിസ്റ്റാണ് അഭിമന്യു. അദ്ദേഹം പാരമ്പര്യരീതിയിലുള്ള ആഖ്യാനത്തിലാണ് ശ്രദ്ധിക്കുന്നത്. അതേ സമയം, ഇന്ത്യന്‍ കാവ്യമീമാംസയുടെ ഭാഗമായ പാട്ടുകളും ചൊല്‍ക്കെട്ടുകളും എല്ലാം കൂടിക്കുഴഞ്ഞ പൌരാണികമായ മൂലകങ്ങളെ കൂട്ടിച്ചേര്‍ത്ത് പാരമ്പര്യവഴിയെ അട്ടിമറിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വായനക്കാര്‍ക്ക് ലഭിക്കുന്നത് രാമായണത്തിലേയ്ക്കും അലഞ്ഞു തിരിയുന്ന ജൂതനിലേയ്ക്കും പാരീസിലെ നിഗൂഢതകളിലേയ്ക്കുമൊക്കെയുള്ള ഒരു വട്ടം തിരിച്ചിലാണ്.

? ആത്മകഥാപരമായ മാനവും താങ്കളുടെ നോവലുകള്‍ക്കുണ്ട്. സ്വന്തം ജീവിതാനുഭവചരിത്രത്തിന്റെ രേഖാസൂക്ഷിപ്പുകാരനാണോ താങ്കള്‍ ?

= സ്റ്റീവന്‍സണും ജോയ്സും ആണ് എന്റെ പ്രിയപ്പെട്ട നോവലിസ്റ്റുകള്‍ . അവര്‍ പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ടത് അവരുടെ ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ നിന്നാണ്. എഴുത്തിലൂടെ ഭൂതകാലത്തിന്റെ പിടിയില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടു, ‘എന്തുകൊണ്ട്’, ‘എങ്ങനെ’ എന്നൊക്കെമനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജോയ്സിന്റെ യുലീസസ്സ് വായിക്കുമ്പോള്‍ കഥയെ വര്‍ത്തമാനകാല മുഹൂര്‍ത്തവുമായി ബന്ധപ്പെടുത്തുക ജോയ്സിന്റെ ലക്ഷ്യമല്ലെന്ന കാര്യം നിങ്ങള്‍ക്ക് എളുപ്പം മനസ്സിലാവും. തന്റെ ഉള്ളിലുള്ള എല്ലാത്തിനെയും പ്രകാശിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഉള്ളിലുള്ള ഈ കാര്യങ്ങളാണ് ജോയ്സിനെ ജോയ്സാക്കിമാറ്റിയത്. തെരുവിലെ നേര്‍ത്തശബ്ദങ്ങളെപ്പോലും അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു. സംഭാഷണങ്ങള്‍ക്കിടയിലെ ശകലങ്ങള്‍ , സ്കൂളില്‍ അനുഭവിച്ച ശാരീരികശിക്ഷകളെക്കുറിച്ചോര്‍ത്തുള്ള വീര്‍പ്പുമുട്ടല്‍ . ഇപ്പോഴും അവ അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. നെയ്പ്പാളിനും സമാനമായ അനുഭവങ്ങളുണ്ട്. വിദ്യാഭ്യാസത്തിന്റെ ആദ്യവര്‍ഷങ്ങളിലേയ്ക്ക് ഭാവനകൊണ്ട് അദ്ദേഹം തിരിച്ചു പോകുന്നു. ആദ്യചോദനകളെയും ആദ്യാനുഭവങ്ങളെയും ആദ്യത്തെ നിരാശയെയും ഒക്കെ ആവിഷ്കരിക്കാന്‍ തക്കവിധത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ സാഹിത്യം കരുത്തുള്ള ഒന്നായി തീരുകയുള്ളൂ.

? പാരമ്പര്യരീതിയിലുള്ളതും ഇടുങ്ങിയ ദേശസങ്കല്പത്തിനപ്പുറത്തുള്ളതുമായ ഒരു സ്വദേശം തിരയുകയാണ് താങ്കളുടെ കഥാപാത്രങ്ങളെല്ലാം എന്ന് ഈ കൃതികള്‍ വായിക്കുന്ന ഒരാളിന് തോന്നാം. രചനകളിലെ ചിത്രങ്ങള്‍ വച്ചുകൊണ്ടാണിങ്ങനെ പറയുന്നത്. പ്രവാസിയായ എഴുത്തുകാരന്‍ സ്വന്തം നാടിനെയും അയാള്‍ താമസിക്കുന്ന സ്ഥലത്തെയും തമ്മിലുള്ള ബന്ധത്തെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് പറയുന്നതിനിടയ്ക്ക് സല്‍മാന്‍ റഷ്ദി ഇതേ ആശയത്തെ ‘ഭാവനയിലുള്ള മാതൃദേശം’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. താങ്കളുടെ ഭാവനയിലെ മാതൃഭൂമി എങ്ങനെയുള്ളതാണ്?

= എന്റെ കുടുംബം പൂര്‍ണ്ണമായും മൌറീഷ്യന്‍ ആയതുകൊണ്ട് സ്വയം പ്രവാസിയെന്നു വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. മൌറീഷ്യസിലെ നാടോടിവിജ്ഞാനവും ഭക്ഷണപദാര്‍ഥങ്ങളും ഐതിഹ്യങ്ങളും സംസ്കാരവുമാണ് തലമുറകളായി എന്നില്‍ നിറഞ്ഞിരിക്കുന്നത്. മറ്റെവിടെയോ എന്റെ യഥാര്‍ത്ഥമാതൃരാജ്യം നിലനില്പുണ്ടെന്ന കാര്യം സ്വയം ആവര്‍ത്തിച്ചുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. ഒരിക്കല്‍ ഞാനവിടെ പോകും. അതെന്താണെന്ന് ഞാന്‍ അറിയും. ഫ്രാന്‍സില്‍ അതുകൊണ്ട് ഞാനെപ്പോഴും അല്പം ‘അന്യനാണ്’. അങ്ങനെയാണ് എന്റെ ചിന്ത. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഞാന്‍ ഫ്രഞ്ചുഭാഷയെ സ്നേഹിച്ചു, അതായിരിക്കും ഒരു പക്ഷേ എന്റെ യഥാര്‍ത്ഥ ദേശം ! പക്ഷേ രാജ്യം എന്ന നിലയ്ക്ക് ഫ്രാന്‍സിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന്റെ ക്രമങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ വളരെക്കുറച്ചേ കഴിയാറുള്ളൂ എന്ന കാര്യം എനിക്ക് ഉറപ്പിച്ചു പറയേണ്ടതായിട്ടുണ്ട്.

? താങ്കളുടെ പൂര്‍വികര്‍ ഫ്രഞ്ചുകാരായിരുന്നില്ലേ?

=ലെ ക്ലെസിയോമാര്‍ ബ്രിട്ടനിയിലെ മോര്‍ബിഹാനില്‍ നിന്നും വന്നവരാണ്. വിപ്ലവകാലത്ത് എന്റെ പൂര്‍വികരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ നീണ്ട മുടി മുറിക്കണമെന്ന കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ വാശി പിടിച്ചതിനാല്‍ വിപ്ലവകാരികളുടെ സൈന്യത്തില്‍ ചേരാന്‍ വിസമ്മതിച്ചുകൊണ്ട് ഫ്രാന്‍സിലേയ്ക്ക് ഒളിച്ചോടി. ‘ഇന്ത്യയിലേയ്ക്കുള്ള ചരക്കുകള്‍ ’എന്ന പേരുള്ള ചങ്ങാടത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളുമായി അദ്ദേഹം കയറിപ്പറ്റിയത് ഇന്ത്യയില്‍ പോവുക എന്ന ആഗ്രഹത്തോടെയാണ്. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ ദ്വീപില്‍ നിന്നുമായിരുന്നതിനാല്‍ ചങ്ങാടം മൌറീഷ്യസിലെത്തിയപ്പോള്‍ അദ്ദേഹം അവിടെ ഇറങ്ങി. അവര്‍ക്കവിടെ കുടുംബം ഉണ്ട്. ലെ ക്ലെസിയോമാരുടെ മൌറീഷ്യന്‍ ശാഖ ഈ വിപ്ലവകാരിയും സാഹസികനുമായ പൂര്‍വ്വികനില്‍ നിന്നും പൊട്ടിമുളച്ചതാണ്. ഇദ്ദേഹമാണ് എന്റെ അടുത്ത നോവലിലെ ഹീറോ. അദ്ദേഹം മൌറീഷ്യസില്‍ താമസം ആരംഭിച്ചതിനെപ്പറ്റിയുള്ള കഥയുടെ ആലോചനയിലായിരുന്നു ഈ നിമിഷം വരെയും ഞാന്‍ . എന്തില്‍ നിന്നോ ഓടി അകലുന്നതിന്റെ ഭാഗമായി ലോകത്തിന്റെ മറ്റേ അറ്റത്തേയ്ക്ക് തന്റേടത്തോടെ യാത്ര ചെയ്ത ഈ മനുഷ്യനുമായി എനിക്ക് നല്ല അടുപ്പം ഉണ്ട്. എനിക്കദ്ദേഹത്തെ മനസ്സിലാക്കാന്‍ കഴിയുമെന്നു തോന്നുന്നു.

? നോബല്‍ സമ്മാനവേദിയില്‍ താങ്കള്‍ പറയാന്‍ പോകുന്നത് എന്തായിരിക്കും?

= അതു വളരെ വിഷമം പിടിച്ച ചോദ്യമാണ്. നോബല്‍ സമ്മാനത്തെക്കുറിച്ച് എനിക്കൊന്നു മറിയില്ല പക്ഷേ ജനങ്ങളുടെ മുന്നില്‍ എന്തു സംസാരിക്കാനാണ് എനിക്കിഷ്ടം എന്നെനിക്കറിയാം. ഞാന്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന യുദ്ധങ്ങളെപ്പറ്റി സംസാരിക്കും. നാമുടെ കാലഘട്ടത്തിലെ ഏറ്റവും ഭീകരമായ സംഗതിയാണ് എനിക്കിത്. ഈ ദുരന്തത്തെക്കുറിച്ച് ജനങ്ങളെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാനും മുഖ്യപ്രശ്നമായി പിന്നെയും ഉയര്‍ത്തിക്കൊണ്ടു വരാനുംവേണ്ടിയാണ് സാഹിത്യം നിലകൊള്ളുന്നത്. അഫ്ഘാനിസ്ഥാനിലെ സ്ത്രീകളുടെ നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തെ അപലപിക്കുന്നതിനായി പാരീസില്‍ അടുത്തിട സ്ത്രീകളുടെ പ്രതിമകളില്‍ മൂടുപടമിട്ടു. ഇതു നല്ലതാണ്. അതേപോലെ നമ്മള്‍ കുട്ടികളുടെ പ്രതിമകളുടെ ഹൃദയഭാഗത്ത് വലിയ ചുവന്നപൊട്ടിട്ട് അടയാളപ്പെടുത്തണം. പാലസ്തീനില്‍ , തെക്കേ അമേരിക്കയില്‍ , ആഫ്രിക്കയില്‍ എല്ലാം ഓരോ നിമിഷവും ഒരു കുട്ടി തോക്കിനാല്‍ കൊല്ലപ്പെടുകയാണ് എന്ന കാര്യം ഓര്‍മ്മിക്കുവാന്‍. ആളുകള്‍ ഒരിക്കലും അതിനെക്കുറിച്ച് സംസാരിക്കാറില്ല.

--------------------------------------------------------------------------------------------------

സൂചനകള്‍

1. Lautreamont (1846-1870) - ഇസിദോര്‍ ലൂസിയന്‍ ഡുക്കാസി എന്നായിരുന്നു ശരിയായ പേര്. ജനിച്ചത് ഉറുഗ്വേയില്‍ . ഫ്രഞ്ച് കവിയായി പേരെടുത്തു. 24-മത്തെ വയസ്സില്‍ മരിച്ച ലുട്രിമോണ്ട് ആധുനിക സാഹിത്യത്തെയും സറിയലിസ്റ്റുകളെയും സ്വാധീനിച്ചിട്ടുണ്ട്.

2.John Dos Passos -അമേരിക്കന്‍ നോവലിസ്റ്റും കലാകാരനും‍. Three Soldiers, Manhattan Transfer, U.S.A. trilogy ( The 42nd Parallel, Nineteen Nineteen, The Big Money, Easter Island: Island of Enigmas എന്നിവ പ്രസിദ്ധരചനകള്‍ . 1970-ല്‍ മരിച്ചു.

3.François Mauriac - നോബല്‍ സമ്മാനം ലഭിച്ച ഫ്രഞ്ച് എഴുത്തുകാരന്‍ . The River of Fire, Lines of Life,The End of the Night, The Loved and the Unloved, തുടങ്ങിയവ ചില രചനകള്‍ . നാടകങ്ങളും എഴുതിയിട്ടുണ്ട്.

4. Jean Nicolas Arthur Rimbaud - പ്രസിദ്ധനായ ഫ്രഞ്ചുകവി

5. Victor Segalen - ഫ്രഞ്ചുകവിയും എഴുത്തുകാരനും ഭാഷാശാസ്ത്രജ്ഞനും നിരൂപകനും. തൊഴില്‍ കൊണ്ട് ഭിഷഗ്വരനായിരുന്നു സെഗലന്‍ . 1919-ല്‍ മരിച്ചു.

6. Ananda Devi - സാമൂഹികനരവംശശാസ്ത്രവിശാരദ, വിവര്‍ത്തക, എഴുത്തുകാരി. നിരവധിരാജ്യാന്തരസാഹിത്യപുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

7. Embera - പടിഞ്ഞാറന്‍കൊളംബിയയിലും കിഴക്കന്‍ പനാമയിലും താമസിക്കുന്ന അമേരിക്കനിന്ത്യന്‍ ഗോത്രവര്‍ഗം.

8. മെക്സിക്കോയിലെ ഒരു സ്ഥലം

9. Joseph Marie Eugene Sue (1804-1857) -ഫ്രഞ്ച് കാല്പനികപ്രസ്ഥാനത്തിന് ബലം പകര്‍ന്ന നോവലിസ്റ്റ്. Seven Deadly Sins,The Mysteries of Paris,The Wandering Jew തുടങ്ങിയവ പ്രമുഖരചനകള്‍ .

Subscribe Tharjani |