തര്‍ജ്ജനി

മുഖമൊഴി

ഡിജിറ്റല്‍ മലയാളത്തില്‍ അഞ്ച് വര്‍ഷം

പുതുവര്‍ഷപ്പതിപ്പിന്റെ മുഖക്കുറി എഴുതാനിരിക്കുമ്പോള്‍ തര്‍ജ്ജനിയുടേയും ചിന്ത.കോമിന്റേയും കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളാണു് മനസ്സിലെത്തുന്നതു്. ആനുകാലികവിഷയങ്ങളൊന്നും കൈകാര്യം ചെയ്യാനില്ല എന്നതല്ല കാരണം. ഡിജിറ്റല്‍ പ്രസാധനത്തില്‍ ഡിസംബര്‍ 2009 ലക്കത്തോടെ തര്‍ജ്ജനി അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചു. 2005 ജനവരിയില്‍ തര്‍ജ്ജനി ആരംഭിക്കുമ്പോള്‍ യൂനിക്കോഡ് എന്‍കോഡിംഗില്‍ അധിഷ്ഠിതമായ വേറെ പ്രസിദ്ധീകരണങ്ങള്‍ ഒന്നും തന്നെ മലയാളത്തില്‍ ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുക ഡിടിപിക്കാര്‍ മാത്രമാണു് എന്ന ധാരണയില്‍ കേരളീയര്‍ കഴിയുന്ന കാലം. പ്രവാസികള്‍ക്കായി മലയാളപത്രങ്ങളുടെ വെബ്ബ് പതിപ്പുകള്‍ അക്കാലത്തുണ്ടായിരുന്നു. ആസ്കി എന്‍കോഡിംഗില്‍ ചില മലയാളം വെബ്ബ്‌സൈറ്റുകളും ഉണ്ടായിരുന്നു. പത്രങ്ങള്‍ വായിക്കാനും വെബ്ബ്‌സൈറ്റുകള്‍ കാണാനും പലതരം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്തു് ഉപയോഗിക്കുന്ന കാലത്താണു് മലയാളത്തിന്റെ യൂനിക്കോഡ് കോഡ് പേജ് നിലവില്‍ വന്നതു്. ഈ സാങ്കേതികത മലയാളം പോലെയുള്ള ഒരു ഭാഷയ്ക്കു് പ്രയോജനപ്രദമായിരിക്കുമെന്ന ആലോചനയില്‍ നിന്നുമാണു് ചിന്ത.കോം എന്ന വെബ്ബ് പോര്‍ട്ടല്‍ എന്ന ആശയം രൂപപ്പെടുന്നതു്. അപ്പോഴും കടമ്പകള്‍ ഏറെ ഉണ്ടായിരുന്നു. യൂനിക്കോഡ് എന്‍കോഡിംഗില്‍ അധിഷ്ഠിതമായ ഒരു മലയാളം ഫോണ്ട് ഉണ്ടായിരുന്നില്ല. അക്കാലത്തു് പ്രവാസിയായിരുന്ന, കെവിന്‍ മേനോത്ത് അഞ്ജലി എന്ന പേരില്‍ ഒരു ഫോണ്ടു് നിര്‍മ്മിച്ചു. മലയാളത്തിന്റെ തനതുലിപിസഞ്ചയം കമ്പ്യൂട്ടറില്‍ സാദ്ധ്യമാക്കാനാവില്ല എന്ന വിശ്വാസം ഔദ്യോഗികതലത്തില്‍ ഭാഷാവിശാരദന്മാര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്ന കാലത്തു് ആ അബദ്ധസിദ്ധാന്തം തുറന്നുകാണിക്കാനായി രചന അക്ഷരവേദി എന്ന സന്നദ്ധസംഘടനയ്ക്കു വേണ്ടി കെ.എച്ച്.ഹുസ്സൈന്‍, ഭാഷാശാസ്ത്രജ്ഞനായ ആര്‍. ചിത്രജകുമാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ തയ്യാറാക്കിയ രചന എന്ന ടെക്‌സറ്റ് എഡിറ്ററും അതിലെ അക്ഷരരൂപങ്ങളുമായിരുന്നു കെവിന്‍ മേനോത്തിനു് മാര്‍ഗ്ഗദര്‍ശകമായതു്. കെവിന്റെ അഞ്ജലി ഓള്‍ഡ് ലിപിയില്‍ പ്രസിദ്ധീകരണം ആരംഭിച്ച തര്‍ജ്ജനിക്കും ചിന്ത.കോമിനും കെ.എച്ച്.ഹുസ്സൈന്‍ രചനയുടെ യൂനിക്കോഡ് ഫോണ്ട് നിര്‍മ്മിച്ചു തന്നു. ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളിസമൂഹത്തിന്റെ പൊതുതാല്പര്യവും സന്നദ്ധപ്രവര്‍ത്തനവും അങ്ങനെ ഈ സംരംഭത്തിന്റെ രൂപഭാവങ്ങള്‍ നിര്‍ണ്ണയിച്ചു.

ചിന്ത.കോമിന്റെ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ വെബ്ബില്‍ മലയാളം തെരയുന്ന വായനക്കാരില്‍ പലരും പിന്തുണയുമായി വന്നെത്തി. മലയാളഭാഷയുടെ വെബ്ബ്‌സാന്നിദ്ധ്യത്തില്‍ തല്പരരായ ആ സഹൃദയസമൂഹമാണു് മാസികയേയും പോര്‍ട്ടലിനേയും വളര്‍ത്തി വലുതാക്കിയതു്. തികച്ചും സന്നദ്ധസേവനം എന്ന നിലയിലുള്ള പ്രവര്‍ത്തനമായിരുന്നു അവര്‍ നല്കിയതു്. ചിന്ത.കോം സംഘം അങ്ങനെ രൂപംകൊണ്ടു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമായി പ്രസിദ്ധീകരിക്കാനായി വിഭവങ്ങള്‍ കണ്ടെത്തുക, അവ ടൈപ്പു ചെയ്യുക, പേജ് രൂപകല്പന ചെയ്യുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ ആ സംഘത്തിലെ ഓരോ അംഗവും അവരുടെ സമയത്തിന്റെ ഒരംശം ചെലവഴിച്ചുകൊണ്ടു് പങ്കാളികളായി. തല്പരരായ കൂടുതല്‍ പേര്‍ അപ്പോഴും വന്നെത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ചിന്ത.കോം സംഘത്തില്‍ നിന്നും ചിന്ത.കോം ഫ്രറ്റേര്‍നിറ്റിയിലേക്കുള്ള വളര്‍ച്ചയാണു് ഉണ്ടായതു്. മലയാളം വെബ്ബ്പ്രസാധനത്തില്‍ സ്വന്തം സങ്കല്പങ്ങളുടെ സാക്ഷാത്കരണത്തിനുള്ള ഒരിടമായി ആ കൂട്ടായ്മയിലെ അംഗങ്ങള്‍ ചിന്ത.കോമിനേയും തര്‍ജ്ജനിയേയും കാണുന്നുവെന്നതില്‍ ഞങ്ങള്‍ ധന്യരാണു്.

സന്നദ്ധപ്രവര്‍ത്തനത്തിന്റെ മാതൃക പിന്തുടരുന്നതോടൊപ്പം കോപ്പിറൈറ്റിന്റെ കാര്യത്തിലും വേറിട്ട വഴി പിന്തുടരവാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ടു്. തര്‍ജ്ജനിയുടേയും ചിന്ത.കോമിന്റേയും ഉള്ളടക്കം ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിലാണു് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു്. എഴുത്തുകാരുടെ പകര്‍പ്പവകാശം എന്ന മിഥ്യയെക്കുറിച്ച് മലയാളത്തിലെ ഗൗരവമുള്ള എഴുത്തുകാര്‍ പോലും ബാലിശമായ ധാരണകളാണു് പുലര്‍ത്തുന്നതു്. എന്നിരിക്കിലും ഇക്കഴിഞ്ഞ അഞ്ചു് വര്‍ഷങ്ങളിലും പകര്‍പ്പവകാശം ഉപേക്ഷിച്ചുകൊണ്ടു് തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധരായ എഴുത്തുകാരുടെ ഒരു വലിയ സംഘം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. വരാനിരിക്കുന്ന നാളുകളില്‍ പകര്‍പ്പവകാശത്തെക്കുറിച്ചു് ഗൗരവമുള്ള ആലോചനകള്‍ കേരളത്തില്‍ നടക്കുമെന്നു് നമ്മുക്കു് ആശിക്കാം.

ലോകത്തിന്റെ പല കോണുകളിലായി പലതരം ജോലികളില്‍ വ്യാപൃതരായവര്‍ അവരുടെ സമയത്തിന്റെ ഒരു ഭാഗം നീക്കിവെച്ചു് സന്നദ്ധപ്രവര്‍ത്തനമായി നടത്തിക്കൊണ്ടിരുന്ന ഈ പ്രസിദ്ധീകരണം, ഒരു ലക്കം പോലും മുടങ്ങാതെ, ഏറെക്കുറേ കൃത്യമായ ദിനങ്ങളില്‍ തന്നെ വായനക്കാരിലെത്തിക്കാന്‍ ഞങ്ങള്‍ക്കു് സാധിച്ചിട്ടുണ്ട്. വാണിജ്യമാതൃക പിന്തുടരുന്നവര്‍ പോലും പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ഞങ്ങള്‍ക്കു് ഈ വിജയം സാദ്ധ്യമാക്കിയതു് എഴുത്തുകാരും വായനക്കാരും ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മയാണു്. ചിന്ത.കോം - തര്‍ജ്ജനി ഫ്രറ്റേര്‍നിറ്റി തികഞ്ഞ കൃതാര്‍ത്ഥതയോടെ നിങ്ങള്‍ ഏവര്‍ക്കും പുതുവര്‍ഷമംഗളങ്ങള്‍ നേരുന്നു.

Subscribe Tharjani |
Submitted by sukesini (not verified) on Fri, 2010-01-01 20:46.

nalla editorial...

Submitted by Krishnakumar.R (not verified) on Sat, 2010-01-02 07:14.

ചിന്ത.കോം-നും തര്‍ജനിക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇനിയും ഇനിയും കൂടുതല്‍ ആളുകളിലേക്കും കൂടുതല്‍ ഉയരങ്ങളിലേക്കും ഈ സംരംഭവും മലയള ഭാഷയും വളരട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.
2010 എല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വര്‍ഷം ആയിരിക്കട്ടെ എന്നും ആശംസിക്കുന്നു.

Submitted by sreeparvathy (not verified) on Sat, 2010-01-02 23:51.

Best wishes for Tharjjani and its team.

Submitted by വിശ്വം (not verified) on Sun, 2010-01-03 15:48.

വരണ്ടുകിടന്ന മണ്ണിൽ പുതുമഴ വന്നെത്തിയതുപോലെയായിരുന്നു ചിന്ത ഡോട്ട് കോം ഇന്റെർനെറ്റിന്റെ വിഹായസ്സിൽ എത്തിപ്പെട്ടപ്പോൾ. മലയാളഭാഷ മുഖമുദ്രയാക്കിയ ഒരു പോർട്ടലിനു് എന്തൊക്കെ സാദ്ധ്യതകളാണുള്ളത് എന്നതിനു് ആദ്യം ചൂണ്ടിക്കാണിക്കാവുന്ന ഒരിടമായി കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ചിന്ത ഡോട്ട് കോം വളർന്നുമാറിയിട്ടുണ്ടു്.
ചിന്തയുടേയും തർജ്ജനിയുടേയും ഉൽ‌പ്പത്തിയും അസ്തിത്വവും പരിണാമവും തീരെ സാധാരണമായ ഒന്നല്ല. നമ്മുടേതുപോലുള്ള ഒരു സമൂഹത്തിനും അതിന്റെ ഭാഷയ്ക്കും ഈ കാലഘട്ടം വകഞ്ഞിടുന്ന വഴിത്തിരിവുകളിൽ ചിന്ത ഡോട്ട് കോം നാട്ടിയുയർത്തുന്ന കൈചൂണ്ടിപ്പലകകളാണു് ഇനിയുള്ള നാളുകളിൽ നമ്മുടെ ചരിത്രവും സംസ്കാരവും ഏതേതിടങ്ങളിൽ എത്തിപ്പെടുമെന്നു നിശ്ചയിക്കുക.

പോളിനും ഒപ്പം കൈകോർത്തു മലകയറുന്ന മറ്റുസഹയാത്രികർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

Submitted by അനൂപ് (not verified) on Mon, 2010-01-04 22:12.

ചിന്ത.കോമിന് എല്ലാ വിധ ആശംസകളും നേരുന്നു.

Submitted by VK Adarsh (not verified) on Tue, 2010-01-26 23:19.

എല്ലാ ഭാവുകങ്ങളും. കെട്ടിലും മട്ടിലും കൂടുതല്‍ മേന്മയുള്ളതാകാന്‍ ഇനിയും സാധിക്കുമെന്ന് ഉറപ്പാണ്, ഡിജിറ്റല്‍ മലയാളത്തിന്റെ ചരിത്രത്തില്‍ ചിന്ത ഡോട് കോമിന്റെ ഇടം വ്യക്തമാക്കിയ അഞ്ചുവര്‍ഷങ്ങള്‍.

Submitted by ഡ്രിസില്‍ മൊട്ടാമ്പ്രം (not verified) on Wed, 2010-01-27 11:07.

എല്ലാ ഭാവുകങ്ങളും.. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.

Submitted by കലേഷ് (not verified) on Sun, 2010-01-31 19:23.

ചിന്തയ്ക്ക് ചിന്തയുടേതായ ഇടമുണ്ടിന്ന് ഭൂലോകവലയില്‍! അതിന്റേതായ വ്യക്തിത്വവും!
ടീം അംഗങ്ങള്‍ക്ക് നന്ദിയും ആശംസകളും....