തര്‍ജ്ജനി

സംസ്കാരം

പാശ്ചാത്യ പ്രബുദ്ധതയും ജീവിത പ്രതിസന്ധിയും: 1

ലോകപ്രസിദ്ധനായ കൊമേഡിയനാണ് കാള്‍ വാല്ല്ലെന്റീന്‍. താന്‍ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിലും ദാര്‍ശനികമായ അര്‍ത്ഥം കാണികള്‍ക്കു നല്‍കാന്‍ പുകള്‍പെറ്റ ഈ കലാകാരനു കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹം അവതരിപ്പിച്ച ഒരു ഹാസ്യരംഗം ഇതിനുദാഹരണമാണ്.

യവനിക ഉയരുമ്പോള്‍ വേദിയില്‍ ഇരുട്ടാണ്. വേദിയുടെ ഒരു വശത്ത് വഴിവിളക്കിന്റെ നേരിയ വെളിച്ചം കാണാം. ഈ വെളിച്ചത്തില്‍ വാല്ലെന്റീന്‍ എന്തോ അന്വേഷിക്കുന്നു. മുഖത്ത് പരിഭ്രാന്തിയും വേദനയും പ്രകടമാണ്. ഈ സമയത്തു രംഗത്ത് എത്തുന്ന പോലീസുകാരന്‍ താങ്കള്‍ എന്താണ് അന്വേഷിക്കുന്നത് എന്ന ആരായുന്നു. തന്റെ വീടിന്റെ താക്കോല്‍ നഷ്ടപ്പെട്ടെന്നും അത് അന്വേഷിക്കുകയാണെന്നും അയാള്‍ മറുപടി പറയുന്നു. തുടര്‍‌ന്ന്‌ ഇരുവരും ചേര്‍ന്ന് വേദിയുടെ വെളിച്ചമുള്ള ഭാഗത്ത് താക്കോല്‍ അന്വേഷിക്കാന്‍ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞ് താക്കോല്‍ ഇവിടെ തന്നെയാണോ കളഞ്ഞത് എന്ന് പോലീസുകാരന്‍ ചോദിച്ചു. ‘അല്ല’ എന്നായിരുന്നു വാലന്റീനിന്റെ മറുപടി. താക്കോല്‍ കളഞ്ഞുപോയ സ്ഥലത്ത് വെളിച്ചമില്ലാത്തതു കൊണ്ട് വെളിച്ചമുള്ളിടത്ത് അയാള്‍ അത് അന്വേഷിക്കുകയാണ്. തികച്ചും ഹാസ്യാത്മകമായ ഈ രംഗത്തിന് നമ്മുടെ ജീവിതത്തിലും ചരിത്രത്തിലും വിവിധ അര്‍ത്ഥതലങ്ങളുണ്ട്. ഇന്നലെകളിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇന്നത്തെ ജീവിതം നാം രൂപപ്പെടുത്തുന്നത്. ഈ വെളിച്ചം ചരിത്ര വെളിച്ചമാണ്. പഞ്ചമഹാസംസ്കാരങ്ങളിലൂടെ മാനവന്‍ നേടിയെടുത്ത സഞ്ചിത സംസ്കാരത്തിന്റെ ആകത്തുക ജന്മാന്തരങ്ങളിലൂടെ നമുക്ക് ഓരോരുത്തര്‍ക്കും ലഭിക്കുന്നു എന്ന് കാള്‍ യുങ്ങിന്റെ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ പൈതൃകം വിനയാവുകയും ചരിത്ര ശാസ്ത്രവും ചരിത്ര നിയമങ്ങളും തുറക്കാനുള്ള താക്കോല്‍ ഇരുട്ടിലാവുകയും ചെയ്യുന്നതാണ് ഇന്നിന്റെ പ്രതിസന്ധികള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണം.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് യൂറോപ്പ് ഇതര ഭൂഖണ്ഡങ്ങളെ പങ്കിട്ടെടുത്ത് രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ ആധിപത്യം പുലര്‍ത്തി. കാലത്തിന്റെ വേലിയേറ്റത്തില്‍ വന്‍‌കരകള്‍ പലതും നഷ്ടമായെങ്കിലും ഇന്നും യൂറോപ്പ് ഇതര ജനതകളുടെ ധൈഷണിക മണ്ഡലത്തില്‍ ഏകാധിപത്യം പുലര്‍ത്തുന്നു. പാശ്ചാത്യരുടെ കാഴ്ചപ്പാടില്‍ അന്യസംസ്കാരങ്ങളും ജനപദങ്ങളും ചരിത്ര പരിണാമത്തിന്റെ താണ പടവുകളിലാണ്. പൌരസ്ത്യരാകട്ടെ പടിഞ്ഞാറന്‍ ചിന്താസരണികളും ദര്‍ശനങ്ങളും നാഗരികതയും അങ്ങേയറ്റം അനുകരണീയവും അത്യുന്നത സാക്ഷാത്കാരവുമായി കാണുന്നു.

ചിന്താദീപം മങ്ങിക്കത്തിയ മദ്ധ്യകാലഘട്ടത്തിനു ശേഷം പതിനെട്ടാം നൂറ്റാണ്ടില്‍ ഉയര്‍ന്നു വന്ന ചിന്താധാരയാണ് നാം പ്രബുദ്ധതയായി കണക്കാക്കുന്നത്. ഈ കാലഘട്ടത്തില്‍ പാശ്ചാത്യ ലോകത്തുണ്ടായ ശാസ്ത്ര, സാങ്കേതിക, വ്യാവസായിക പുരോഗതിയുടെ ഭാഗമായി പാശ്ചാത്യരില്‍ വളര്‍ന്നു വന്ന സ്വാതന്ത്ര്യബോധം, യുക്തിപ്രാമുഖ്യം, സാങ്കേതികത, മത നിരപേക്ഷകത എന്നിവയെ മുന്‍‌നിര്‍ത്തി പ്രത്യക്ഷപ്പെട്ട ദര്‍ശനങ്ങളാണ് ആധുനികത. ആധുനികതയെ പുറംതള്ളി പാശ്ചാത്യ ചിന്താധാരകള്‍ അതിവേഗം മുന്നോട്ടുപോയി. ആധുനികോത്തരതയും (Post Modernism) ഘടനാവാദവും(Structuralism) കടന്ന് അപനിര്‍മ്മാണ(Deconstruction) ത്തിലെത്തി നില്‍ക്കുകയാണ് പാശ്ചാത്യ ദാര്‍ശനികത.

നന്മയും തിന്മയും സത്യവും അസത്യവും ദൈവവും ചെകുത്താനും തമ്മിലുള്ള നിരന്തര പോരാട്ടത്തെക്കുറിച്ചും അവയെ നേരിടാനുള്ള പദ്ധതികളെക്കുറിച്ചും നൂറ്റാണ്ടുകളായി പഠിച്ചും പഠിപ്പിച്ചും കൊണ്ടിരുന്ന സഭയുടെ മേല്‍ കടന്നാക്രമണം നടത്തിക്കൊണ്ട് ‘ വര്‍ഗസമരം’ എന്ന പുതിയ വിപ്ലവാശയത്തിനു കാറല്‍ മാര്‍ക്സ് രൂപം കൊടുത്തു. പാശ്ചാത്യ പ്രബുദ്ധതയുടെ അടിസ്ഥാന പരിമിതികളെയും അപാകതകളെയും പരസ്യമായി അപലപിക്കുകയും ലോകത്തിനു കാട്ടിക്കൊടുക്കുകയും ചെയ്തത് ഇദ്ദേഹമാണ്. പാശ്ചാത്യ സമൂഹത്തില്‍ നൂറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തിയിരുന്ന ബൂര്‍ഷ്വാവര്‍ഗത്തിന്റെ അടിസ്ഥാനപ്രവണതകളെയും ചെയ്തികളെയും മാര്‍ക്സ് വിശദമായ വിശകലനത്തിനു വിധേയമാക്കി. ‘മനുഷ്യസ്വാതന്ത്ര്യം’ എന്താണെന്നുള്ള ആത്യന്തികമായ ചോദ്യത്തിന് അദ്ദേഹം നല്‍കിയ വിശദീകരണം ഇങ്ങനെയാണ് : ‘പാശ്ചാത്യപ്രബുദ്ധതയുടെ വെളിച്ചത്തില്‍ സഭയും സമൂഹവും ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്വാതന്ത്ര്യത്തിലെ ‘മനുഷ്യന്‍’ നവമായി രൂപം കൊണ്ട’ബൂര്‍ഷ്വാമനുഷ്യ’നത്രേ! അന്തിമമായി ആ വര്‍ഗ്ഗത്തിന്റെ തന്നെ സ്വാതന്ത്ര്യത്തെയും അവകാശാധികാരങ്ങളെയുമാണ് മനുഷ്യസ്വാതന്ത്ര്യം എന്നതുകൊണ്ടു വിവക്ഷിക്കുന്നതും. ‘നൂറ്റാണ്ടുകളായി പാശ്ചാത്യര്‍ അവരുടെ ആന്തരികതയ്ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്ന ശാസ്ത്രബോധത്തിനാധാരമായ യാന്ത്രിക ഭൌതികവാദത്തെയും യുക്തിവാദത്തെയും ആധുനികതപ്രബുദ്ധതയെയും മാക്സിന്റെ മൂര്‍ത്തമായ വൈരുദ്ധ്യവാദ ചിന്താരീതി തകര്‍ത്തു കളഞ്ഞു.

കാറല്‍ മാക്സിനു ശേഷം ആധുനിക പാശ്ചാത്യ ദാര്‍ശനിക ലോകത്ത് ആഞ്ഞടിച്ച പ്രചണ്ഡമാരുതനെ തുറന്നുവിട്ട വ്യക്തി ഫെഡറിക് നീഷേ ആണ്. പ്രാചീനകാലം മുതല്‍ നിലനിന്നിരുന്ന വിചാരശൈലികളെയും ദാര്‍ശനിക സിദ്ധാന്തങ്ങളെയും നീഷേ അപനിര്‍മ്മാണത്തിനു വിധേയമാക്കി. ഈ നാഗരികതയെ ആപാദചൂഡം ആവരണം ചെയ്തിരുന്ന ആവര്‍ത്തന വിരസതയാല്‍ പൊരുള്‍ നഷ്ടപ്പെട്ട അനുഷ്ഠാനങ്ങളുടെ പൊയ്മുഖങ്ങള്‍ ഓരോന്നായി ഇയാള്‍ അനാവരണം ചെയ്തു. പാശ്ചാത്യ പാരമ്പര്യങ്ങളുടെ സോപാനങ്ങളില്‍ പ്രതിഷ്ഠിച്ചിരുന്ന ചിതല്‍‌പ്പുറ്റാര്‍ന്ന ബിംബങ്ങളെ നീഷേ തച്ചുടച്ചു. ഈ പുനഃപ്രതിഷ്ഠയില്‍ ‘സത്യ’ത്തിനും ‘ശാസ്ത്ര‘ത്തിനും ‘സദാചാര‘ത്തിനും ‘വ്യക്തിത്വ‘ത്തിനും സമൂഹം കല്‍പ്പിച്ചിരുന്ന ശാശ്വത മാനദണ്ഡങ്ങളില്‍ കാതലായ പൊളിച്ചെഴുത്തു നടന്നു. ജീവിതത്തിനു നേരെയുള്ള ‘വിഷാദാത്മകനിഷേധ’മാണ് നീഷേ ദര്‍ശനങ്ങളുടേ അടിസ്ഥാനം.

[തുടരും...............]

ആന്റണി പുത്തന്‍പുരയ്ക്കല്‍
Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2006-04-02 23:57.

‘നൂറ്റാണ്ടുകളായി പാശ്ചാത്യര്‍ അവരുടെ ആന്തരികതയ്ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്ന ശാസ്ത്രബോധത്തിനാധാരമായ യാന്ത്രിക ഭൌതികവാദത്തെയും യുക്തിവാദത്തെയും ആധുനികതപ്രബുദ്ധതയെയും മാക്സിന്റെ മൂര്‍ത്തമായ വൈരുദ്ധ്യവാദ ചിന്താരീതി തകര്‍ത്തു കളഞ്ഞു.
please explain how?

Submitted by dileep (not verified) on Mon, 2006-04-03 14:21.

What the hell is written above? Why cant they write it in way that every one can understand it. Do not use some strange words and write the sentences as big as possible in a complicated way. That is not the way of a good writer.

Submitted by Anonymous (not verified) on Mon, 2006-04-03 20:35.

Reading is a very good skill, so is writing. It is a pity that Krishnan Nair passed away!!!..

Submitted by Anonymous (not verified) on Tue, 2006-04-04 01:22.

[തുടരും...............]

ഈ രീതിയാണെങ്കില്‍ തുടരണമെന്നില്ല.

Submitted by Anonymous (not verified) on Tue, 2006-04-04 21:39.

ഒന്നാം ക്ലാസില്‍ പുതുതായി പോകുന്ന കുട്ടിയ്ക്കും കുറച്ചു ധ്യാനം ആവശ്യമുണ്ട് ‘തറ, പറ’ മനസ്സിലാക്കാന്‍. ഇവിടെ കുറേ അസഹിഷ്ണുക്കള്‍ ചാരു കസാലയില്‍ കിടന്ന് അവര്‍ക്കു മനസ്സിലാവുന്നതു മാത്രം മതിയെന്നു കൂവുന്നു. എന്തൊരു അഹങ്കാരം! ലേഖനത്തിലെ ഒരു വരിയെങ്കിലുമെടുത്ത് സ്വന്തം അറിവുമായി തട്ടിച്ചു നോക്കാന്‍ ഇവര്‍ക്കു ക്ഷമയുണ്ടായെങ്കില്‍!
അതെങ്ങനെ..കുറുക്കു വഴികളിലാണല്ലോ മലയാളിയുടെ താത്പര്യം...

Submitted by Anonymous (not verified) on Tue, 2006-04-11 04:20.

ഇനി ഇദ്ദേഹം (അന്തോണി) പറയുന്നത് ധ്യാനിച്ചു മനസ്സിലാക്കി വേണമല്ലോ ഇവിടുത്തെ മലയാളി പ്രബുദ്ധനാവാന്‍. ഒന്നു പോ മാഷേ...

Submitted by സുനില്‍ (not verified) on Tue, 2006-04-11 10:03.

ബാലിശമായ ഇത്തരം കമന്റുകളല്ലാതെ കാര്യമായി എന്തെങ്കിലും പറഞെങ്കില്‍.....

Submitted by Anonymous (not verified) on Tue, 2006-04-11 12:31.

സുനിലേ, എവിടെ എങ്ങനെ കമന്‍റണം എന്ന നിര്‍ദ്ദേശമൊന്നും എങ്ങും എഴുതി വച്ചത് കണ്ടില്ലല്ലോ. ബഹുജനം പലവിധം എന്നു കരുതി വെറുതേ വിടൂ. ഈ ലേഖനം ഇഷ്ടപ്പെട്ടില്ല. എന്താണ് കാരണം എന്നെഴുതിയാലേ നിങ്ങള്‍ അത് സമ്മതിച്ചു തരികയുള്ളോ?

Submitted by Sunil (not verified) on Tue, 2006-04-11 13:47.

ലേഖനം ഇഷ്ടപ്പെടണമെന്ന് നിര്‍ബന്ധമില്ല അനോണീ. എങ്കില്‍ അതിന്റെ കാരണങള്‍ എഴുതുകയാവില്ലേ ഉചിതം എന്ന്‌ ഞാന്‍ ചൂണ്ടിക്കാണിച്ചെന്നെ ഉള്ളൂ. ബഹുജനം പലവിധം എന്ന്‌ താങ്കള്‍ പറഞല്ലോ. അതിനാല്‍ അനോണികലും പലവിധമുള്ള ജനങള്‍ എന്ന്‌ വിചാരിക്കുന്നു ഞാന്‍. അപ്പോ ബൈ ബൈ..

Submitted by ശിവന്‍ (not verified) on Tue, 2006-04-11 19:07.

ഈ കമ്മന്റിലൊരു തമാശയുണ്ട്.. അതിഷ്ടപ്പെട്ടു. തത്ത്വചിന്തയുടെ ഗൌരവത്തിനിടയില്‍ ചിരി നാം മറന്നു പോകരുതല്ലോ !..

Submitted by കെവിന്‍ (not verified) on Sat, 2006-05-06 19:16.

വായിച്ചാല്‍ മനസ്സിലാവുന്നില്ലെങ്കില്‍ അതു വാക്കുകളുടെ കുഴപ്പമല്ല, മറിച്ചു് വായിയ്ക്കുന്നവന്റെ പരിമിതമായ അറിവാണു്. എഴുതിയിതില്‍ വ്യാകരണപരമായോ തത്ത്വശാസ്ത്രപരമായോ തെറ്റുകളുടെങ്കില്‍ ചൂണ്ടിക്കാണിക്കുന്നതാണു് ധിഷണ. അല്ലാതെ കാടടച്ചു കൂവുന്നതിലല്ല. മനസ്സിലാവാതെ വരുമ്പോ കൂവുന്നതു് എനിയ്ക്കും സാധിയ്ക്കുന്ന കാര്യമാണു്.