തര്‍ജ്ജനി

സീമ മേനോന്‍

ബ്ലോഗ് : http://themistressofsmallthings.blogspot.com/

Visit Home Page ...

കഥ

മേഘങ്ങള്‍

വികാരങ്ങളും വിചാരങ്ങളും വിവേകമില്ലാത്ത അതിഥികളാണെന്നു ഇ-മെയിലില്‍ വന്ന പെണ്‍ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ മാലിനിക്കു തോന്നി. എപ്പോള്‍ വരണമെന്നോ, വന്നാല്‍ എപ്പോള്‍ പോകണമെന്നോ അറിയാത്ത ജന്തുക്കള്‍. വലിഞ്ഞു കയറി വന്നു വീടാകെ അലങ്കോലപ്പെടുത്തുന്ന നാ‍ശക്കൂട്ടങ്ങള്‍. ''എന്നെ കൊലയ്ക്കു കൊടുക്കാതെ ഒന്നു പോയിത്തന്നു കൂടെ നിങ്ങള്‍ക്കൊക്കെ'' എന്നു ഓഫീസിന്റെ കണ്ണാടിച്ചുമര് കുലുങ്ങുമാറു് ഉച്ചത്തില്‍ അലറി വിളിച്ചാലോ എന്നു മാലിനി ഒരു നിമിഷം ചിന്തിച്ചു.

ചിന്തകളെല്ലം അപ്പടി പുറത്തേക്കു പ്രകടിപ്പിക്കാനുള്ളതല്ലല്ലോ. പ്രത്യേകിച്ചു് ഒരു മലയാളിപ്പെണ്ണ്. അതോണ്ട് മുപ്പതിന്റെ റോങ് സൈഡിലെത്തിയ ഒരു സ്മാര്‍ട്ട് ബിസിനസ് ലേഡി അങ്ങിനെയൊന്നും പെരുമാറാന്‍ പാടില്ലെന്നൊരു ശാ‍സന ഹൃദയത്തിനു കൊടുത്ത്, അനുസരിച്ചില്ലെങ്കില്‍ കാണിച്ചു തരാം എന്നു ഒന്നു കണ്ണുരുട്ടിക്കണിച്ചു മാലിനി വീണ്ടും മോണിട്ടറിലേക്കു ശ്രദ്ധ നട്ടു. സാരിയിലും ചുരിദാറിലും പൊതിഞ്ഞ കന്യാകുമാരികള്‍. വെളുത്ത നാടന്‍ സുന്ദരികള്‍, കറുത്ത മോഡേണ്‍ സുന്ദരികള്‍, പല്ലുകള്‍ മുഴുവനും കാട്ടി ഇളിക്കുന്നവര്‍, മോണാലിസയെ പോലെ ദുരൂഹമായ മന്ദസ്മിതം പൊഴിക്കുന്നവര്‍. ഡോക്ടര്‍മാര്‍, എം.ബി.എക്കാര്‍, എഞ്ചിനീയര്‍മാര്‍. ഇതില്‍ നിന്നും ആരെയാണ് ദൈവമേ ഞാന്‍ നരേഷന്റെ വധുവായി‍ തിരഞ്ഞെടുക്കേണ്ടതു്?

കണ്ണടച്ച് ഏതൊരു പെണ്ണിനെ ചൂണ്ടികാട്ടിയാലും രണ്ടാമതൊന്ന് നോക്കുകയോ ആലോചിക്കുകയോ ചെയ്യാതെ നരേഷ് സമ്മതം മൂളുമെന്നുള്ളതണ് ഏറ്റവും വിഷമകരമായ വസ്തുത. ആ അവന് ഞാനെങ്ങിനെ ഒരു പൊട്ടപ്പെണ്ണിനെ ചൂണ്ടിക്കാണിച്ചു കൊടുക്കും? അവന്‍ ജീവിതം മുഴുവന്‍ നരകിച്ച് നരകിച്ച് കഴിഞ്ഞു കൂടട്ടെയെന്ന് മാലിനിക്ക് വിധിക്കാനാവില്ലല്ലോ. പക്ഷേ നല്ലൊരു സുന്ദരിപ്പെണ്ണിനെ കെട്ടി അവന്‍ സുഖമായി ജീവിക്കുമ്പോള്‍ മാലിനിയെ നരേഷ് ഓര്‍ക്കാനിടയുണ്ടോ? അവന്റെ സ്നേഹമില്ലെങ്കില്‍ മാലിനി എങ്ങിനെ ജീവിക്കും? മാലിനി മരിച്ചാല്‍ സുനന്ദ എന്തു ചെയ്യും? ഒരു കാറ്റടിച്ചാല്‍ തകര്‍ന്നു പോകാവുന്ന ജീവിതക്കൊട്ടാരം. മാലിനിക്കു ചിരിയും കരച്ചിലും ഒപ്പം വന്നു.

കാതങ്ങള്‍ക്കകലെയിരുന്നുകൊണ്ട് നരേഷും അപ്പോള്‍ മാലിനിയെക്കുറിച്ചാണ് ചിന്തിച്ചു കൊണ്ടിരുന്നത്. "നാട്ടില്‍ നിന്നും അമ്മ അയച്ച കുട്ടികളുടെ ഫോട്ടൊയാണ്, നീ തിരഞ്ഞെടുക്കൂ എന്റെ വധുവിനെ" എന്നൊരു അടിക്കുറിപ്പോടെ ആ ഇമെയില്‍ ഫോര്‍വേഡ് ചെയ്തപ്പോള്‍, മാലിനി പരിഭവിക്കുമെന്നും, "നരേഷ്, നിന്നെ എനിക്കു വേണം" എന്നു പറയുമെന്നും നരേഷ് വിചാരിച്ചു. അവളുടെ കൂടെ എങ്ങിനെ ജീവിക്കുമെന്നറിയാത്തതു പോലെ തന്നെ അവളില്ലെങ്കില്‍ എങിനെ ജീവിക്കുമെന്നും അവനു ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.

മാലിനി തന്റെ ആരാണെന്ന് നരേഷിനു തിരിച്ചറിയാന്‍ കഴിയാത്തതു പോലെ, നരേഷ് തനിക്കാരെന്ന് മാലിനിക്കും ഉത്തരം കിട്ടാത്തൊരു ചോദ്യമായി അവശേഷിക്കാന്‍ തുടങ്ങിയിട്ടു് കാലം കുറച്ചായി. കാമം, സ്നേഹം, പ്രണയം , കനിവ്, ആകര്‍ഷണത്തിനുപരിയൊരു ആശ്രയത്വം. ഒരു പുഴയായി ഒഴുകിപ്പടരുന്നൊരു ബന്ധം. അതിനൊരു പേരിട്ടു വിളിക്കാന്‍ മാലിനി ശ്രമിച്ചിട്ടില്ല.

‘’അല്ലെങ്കിലും, സ്ത്രീയും പുരുഷനും തമ്മിലല്ല എല്ല ബന്ധങ്ങള്‍ക്കും പേരുകള്‍ ഉണ്ടാകണമെന്നില്ലല്ലൊ. പ്രണയത്തിനും കാമത്തിനും ഇടയിലുള്ള ആ എന്തൊ ഒന്നിനെ ആസ്വദിക്കുന്നതിലുപരി പേരുകള്‍ ഇട്ടതിനെ നശിപ്പിക്കണോ‘ എന്നു ഒരു സായാഹ്നത്തില്‍ മാലിനിയുണ്ടാക്കിയ കാപ്പിയും കേക്കും കഴിച്ചിരിക്കുമ്പോള്‍ അവര്‍ ഒരു തീരുമാനമെടുത്തു.

പ്ലാറ്റോണിക് ലവ്, സോള്‍ മേറ്റ് എന്നൊക്കെ പറയാന്‍ കൊള്ളാമെങ്കിലും, പ്രയോഗത്തില്‍ വരുമ്പോള്‍ ആണിനും പെണ്ണിനും അതിന്റെ നിര്‍വചനങ്ങള്‍ വേറെയാവുകയാണല്ലൊ പതിവ് എന്നു മാലിനി ഒരു കമന്റ് പറഞ്ഞതു് നരേഷിനു അത്ര ഇഷ്ടമായില്ലെങ്കിലും, അവനങ്ങു സഹിച്ചു. മാലിനി പറയുന്നതില്‍ പലപ്പോളും കാര്യമുണ്ടെന്നു അവന്‍ മനസ്സുകൊണ്ടെങ്കിലും സമ്മതിച്ചിരുന്നു.

അല്ലെങ്കിലും തങ്ങളുടെ സാഹചര്യങള്‍ വച്ചു ഒരു ഫ്രണ്ട്ഷിപ്പിനപ്പുറത്തേക്കു വളര്‍ത്താന്‍ പറ്റിയ ഒരു ബന്ധമല്ല ഇതെന്നു അവര്‍ തമ്മിലൊരു അണ്ടര്‍സ്റ്റാണ്ടിങ് അറിയാതെ തന്നെ ഉടലെടുത്തിരുന്നു. കൊതിച്ചതു മുഴുവനും കിട്ടിയില്ലെങ്കില്‍ വിധിച്ചതു വച്ചങ്ങു അഡ്ജസ്റ്റ് ചെയ്യുകയല്ലെ ബുദ്ധി.

തന്റെ സാമീപ്യത്തില്‍ അവനൊരു കാമുകനായി മാറുന്നുണ്ടെന്ന് മാലിനിക്ക് തോന്നിയിരുന്നു. അവന്റെ അടുത്തു ചെല്ലുമ്പോള്‍, അവന്റെ മണവും ചൂടും വലിച്ചെടുത്ത് അവളും തളരുന്നുണ്ടായിരുന്നു. പക്ഷേ കുറച്ചു കൂടി അറുത്തു ചെല്ലുമ്പോള്‍, "വേണ്ട, നിനക്ക് എന്റെ കല്യാണസമ്മാനമാണിതു്, നീയെല്ലാം ആ പെണ്‍കുട്ടിക്കു മാറ്റി വയ്ക്കൂ" എന്നു പറഞ്ഞു അവള്‍ അവനെ തള്ളിമാറ്റുന്നതു കാണുമ്പോള്‍ പരിചയമുള്ള ഒരു റോളീലും മാലിനി ഒതുങ്ങുന്നില്ലല്ലോ എന്നോര്‍ക്കാറുണ്ട് നരേഷ്.‍

രണ്ടു വര്‍ഷങ്ങള്‍ക്കു് മുമ്പ് കൊച്ചിയിലെ അവളൂടെ ഓഫീസില്‍ വച്ച് തമ്മില്‍ കണ്ടില്ലായിരുന്നുവെങ്കില്‍ യാതൊരു തടസ്സവുമില്ലാതെ പോകേണ്ടതായിരുന്നില്ലേ തന്റെ ജീവിതമെന്ന് നരേഷിനു ചിലപ്പോഴൊക്കെ വെളിപാടുണ്ടാകും.

ചില്ലുവാതില്‍ തള്ളിത്തുറന്ന് മഞ്ഞനിറമുള്ള ചുറിദാറില്‍ തീജ്വാലപോലെ മാലിനി അകത്തു് വന്നപ്പോള്‍ ‍സെന്‍ട്രല്‍ എ.സിയുടെ തണുപ്പിലും നരേഷ് ഒന്നു വിയര്‍ത്തു പോയി. ഗള്‍ഫ് പണത്തിന്റേയും ബിസിനസിന്റെയും ഡിസൈനര്‍ ലേബലുകളുടേയും പാളികള്‍ക്കുള്ളില്‍ നരേഷ് ഇപ്പോളും ഒരു നാടനാണല്ലൊ. വാതില്‍ തുറന്നയുടനെ നരേഷിന്റെ കണ്ണുകള്‍ വികസിച്ചതും പിന്നെ അവന്‍ കാറ്റുപോയൊരു ബലൂണ്‍ കണക്കെ ചുരുങ്ങിപ്പോയതും കണ്ണില്‍ പെട്ടെങ്കിലും മാലിനിക്കു ചിരിക്കാനൊന്നും തോന്നിയില്ല. ‘’ഐ ഹാവ് ദാറ്റ് ഇഫക്റ്റ് ഓണ്‍ മെന്‍’‘ എന്നു മനസ്സില്‍ പറഞ്ഞു മാലിനി സ്വയാര്‍ജ്ജിതമായൊരു ഫേക്ക് പബ്ലിക് സ്കൂള്‍ ഇംഗ്ലീഷ് പുറത്തേക്കു കുടഞ്ഞിട്ടു.
ആഴ്ചകള്‍ കഴിഞ്ഞൊരു ദിവസം, ഒത്തിരി ഇമെയിലുകള്‍ക്ക് ശേഷം നിന്നെ കണ്ണുകളെനിക്കഷ്ടം, അതില്‍ അലിഞ്ഞലിഞ്ഞില്ലാതെയാവാന്‍ മോഹം എന്നൊക്കെ ഒരു തരം പൈങ്കിളിസ്റ്റൈലില്‍ നരേഷ് ഫോണില്‍ പറഞ്ഞപ്പോള്‍ മാലിനി ചിരിച്ചുപോയി. "ഇതാ വേറൊരുത്തന്‍ കൂടി" എന്ന് ലിവിങ്ങ് റൂമിലെ ബുദ്ധനോട് കിന്നാരം പറഞ്ഞ് അടുക്കളയിലേയ്ക്ക് നടക്കുമ്പോള്‍ ഇന്നൊരു ദിവസം ഡയറ്റ് പ്ലാന്‍ തെറ്റിച്ച് കുറച്ച് ചോറും സാമ്പാറും കഴിച്ചാലോ എന്നതു മാത്രമായിരുന്നു മാലിനിയുടെ ഡെലൈമ.

പക്ഷേ അന്ന് രാത്രി, തലയിണയെ കെട്ടിപ്പിടിച്ചുറക്കം കാത്ത് കിടക്കുമ്പോള്‍ തലയിണക്ക് വിശ്വനാഥന്റെതല്ലാതൊരു മണം ഫീല്‍ ചെയ്തു മാലിനിക്ക്. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും വിശ്വനാഥന്റെ മണം മാലിനിക്കു പെട്ടെന്ന് തിരിച്ചറിയാനാവും. പലവര്‍ഷങ്ങള്‍ ആദ്യമൊക്കെ സ്നേഹത്തോടെയും പിന്നെ വെറുപ്പോടെയും അടുത്തറിഞ്ഞ ഗന്ധം ഏതു പെണ്ണിനാ അങ്ങനെ മറക്കാനാവുക?

അന്നൊരു മഞ്ഞുകാലത്തു് ഓടിച്ചിരുന്ന ഫോര്‍വീലര്‍ മരത്തില്‍ കൊണ്ടിടിച്ചു വിശ്വം മഞ്ഞുപോല്‍ ഉറഞ്ഞുപോയതു ഒരു കണക്കിനു വിശ്വം തനിക്കു ചെയ്തു തന്ന ഏറ്റവും വലിയ ഉപകാരമാണെന്നു മാലിനിക്കു പലപ്പോഴും തോന്നാറുണ്ട്. സ്നേഹത്തിനും വെറുപ്പിനുമിടയിലുള്ള ട്രപ്പീസു കളി മടുത്തു കഴിഞ്ഞിരുന്നു, മാലിനിക്ക്.
‘’പുതുമയാണു് സ്നേഹം’‘ എന്ന കണ്ടുപിടിത്തം വിവാഹം കഴിഞ്ഞു രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മാലിനി നടത്തിയിരുന്നു. ഏതു മനുഷ്യനും മടുക്കാത്തതായി തന്നെ തന്നെ മാത്രമെ കാണുകയുള്ളായിരിക്കും. ബാക്കി ബന്ധങ്ങളെല്ലം തന്നെ കൊടുക്കല്‍ വാങ്ങലുകള്‍ക്കുള്ളില്‍ ബാലന്‍സ് ചെയ്തു നില്‍ക്കുന്നു.

ഇങ്ങിനെയൊക്കെ ആലോചിച്ച് ഒരു കാര്യക്കുട്ടിയായി ഉറങ്ങി പോവാറാണ് സാധാരണ മാലിനിയുടെ പതിവ്. കാലത്ത് സുനന്ദ എണിക്കുന്നതു മുതല്‍, അവളെ കുളിപ്പിച്ച് ഭക്ഷണം കൊടൂത്ത് സ്കൂളില്‍ വിട്ട് ഓഫീസില്‍ പോയി തിരിച്ചു വന്നു...എന്നു തുടങ്ങി എല്ലാ ഉദ്യോഗസ്ഥവീട്ടമ്മാര്‍ക്കും പറയാനുള്ളതല്ലെ മാലിനിക്കും പറയാനുള്ളൂ. പിന്നെന്തേ കാലത്തെണീറ്റപ്പോള്‍ പതിവിലും കൂടുതലൊരു സന്തോഷം എന്ന് മനസ്സില്‍ ചോദിച്ചു നടന്ന മാലിനിക്ക്, ദോശചുട്ട് കഴിഞ്ഞ് "നരേഷ്" എന്ന് ഉത്തരം കിട്ടി.
വയസ്സു മുപ്പത്തഞ്ചു കഴിഞ്ഞെന്നു വച്ചു പെണ്ണിനു രതിയും നിഷിദ്ധമെന്ന് മാലിനിക്കു അഭിപ്രായമില്ലെന്നു ശരിയാണ്. പക്ഷെ 25 വയസുള്ള മീശ മുളച്ചു തുടങ്ങിയ ഒരു പൊട്ടന്‍ ചെക്കനാണോ ഈ ഇളക്കത്തിനു കാരണം എന്നലോചിചപ്പോള്‍ മാലിനിക്കു സ്വയം ഉണ്ടായിരുന്ന മതിപ്പു കുറെ കുറഞ്ഞ പോലെ. ഒന്നുമില്ലെങ്കിലും ഈ വയസ്സിനുള്ളല്‍ അഞ്ച് ഭൂഖണ്ഡങ്ങളില്‍ യാത്ര ചെയ്ത, ആല്‍ബേര്‍ കാമുവിനെയും മുട്ടത്തു വര്‍ക്കിയേയും ഒരു പോലെ വായിച്ച, സിനിമയും, സംഗീതവും ശാസ്ത്രവും എന്നും വേണ്ട അത്യാവശ്യം ദൈവത്തിനെക്കുറിച്ചു വരെ ഒരു പത്തു മിനിറ്റ്‌ ബുദ്ധിമുട്ടില്ലതെ സംസാരിക്കാന്‍ വിവരമുള്ള ഒരു പെണ്ണല്ലേ ഞാന്‍ എന്നു മാലിനി കണ്ണാടിയോടു തര്‍ക്കിച്ചു നോക്കി.. പിന്നെന്തേ പെട്ടെന്നിങ്ങനെ?

എന്നെപ്പോലൊരു പെണ്ണിനെ പ്രേമത്തില്‍ വീഴിക്കാന്‍ മാത്രം എന്താണ് നരേഷിനുള്ളതു് എന്നലോചിച്ചു് അന്നു മാലിനി കുറെ കണ്‍ഫ്യൂഷന്‍ അടിച്ചു. ‘’ഇന്നു മഴ പെയ്യുമെന്നു തോന്നുന്നു, നീ കുടയെടുത്തോ’‘ എന്നു കരുതലായി വരുന്ന ഫോണ്‍ സന്ദേശങ്ങളോ? മൂഡ് ഔട്ടിന്റെ നിമിഷങളില്‍ ‘’ചൌധുഭീ കാ ചാന്ത് ഹൊ’‘ എന്ന മൂളിപാട്ടില്‍ വരുന്ന കാമുകഭാവമൊ? വാടകയും സ്കൂള്‍ ഫീസുമായി വല്ലതെ വീര്‍പ്പുമുട്ടിപ്പോവുന്ന സമയങളില്‍ ‘’കടമാണു ട്ടോ’‘ എന്ന അടിക്കുറിപ്പൊടെ വരുന്ന ചെക്കുകളൊ? അതൊ അവന്റെ വെളുത്തു നീണ്ട ദേഹത്തൊടുള്ള ആസക്തിയോ? സുനന്ദ കൂടി ചിറകു വിരിച്ചു യാത്രയായല്‍ ബാക്കിയാവുന്ന നിശ്ശബ്ദതക്കൊരു കരുതല്‍ നിക്ഷേപമോ? പതിമൂന്നിന്റെ എല്ലാ സരളതയോടെയും കൂടി അടുത്ത് കിടന്നുറങ്ങുന്ന സുനന്ദയെ നോക്കിയിരുന്നു മാലിനി ചോദ്യങ്ങള്‍ക്കുത്തരം തേടി തോല്‍ക്കും.

അല്ലെങ്കിലും പെണ്ണെന്ന വര്‍ഗ്ഗത്തിന്റെ ശാപമാണല്ലൊ അത്. ആരെങ്കിലുമൊക്കെ ചാഞ്ഞ കൊമ്പ് നീട്ടിക്കൊടുത്താല്‍ അതില്‍ പിടിച്ചു കയറും. പിന്നെ സ്നേഹമായി, ഉദാത്ത പ്രണയമായി, ആരാധനയായി.. ഒരു ദിവസം അവന്‍ സ്വന്ത കാര്യം നോക്കി പോവുമ്പോള്‍ പിന്നെ നിരാശയായി.. ഒരിക്കലും പഠിക്കാതൊരു പെണ്ണു്. മാലിനിക്കു ചിലപ്പോളൊക്കെ ഈ നിസ്സഹായതയോര്‍ത്തു് കരച്ചില്‍ വരുമായിരുന്നു.
ഫോട്ടൊകള്‍‍ വന്ന ദിവസം, വാക്കുകളായും നോക്കുകളായും കരുതലായും കവിതയായും മനസിലേയ്ക്കു പടര്‍ന്നു കയറുന്നവനെ ജീവിതത്തിനെ സ്വപ്നത്തിലൊന്നു തൂക്കി നോക്കി മാലിനി. സുനന്ദയ്ക്കോ നരേഷിനോ കൂടുതല്‍ താഴ്ചയെന്നു് കണ്ടെത്തുംമുമ്പേ മുറിഞ്ഞു പോയൊരു സ്വപ്നം . "നരേഷിനെ ഞാന്‍ പ്രേമിക്കട്ടെ" എന്ന് കണ്ണാടിയോട് കൊഞ്ഞി ചോദിച്ചപ്പോള്‍ കണ്ണാടി മറുപടിയൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, കണ്ണാടികള്‍ക്കു മാത്രം പറ്റുന്ന ഒരു നിര്‍വികാരത മുഖത്തണിയുകയും ചെയ്തു. ആ വാശിക്ക് പിറ്റേന്ന് കാലത്തു തന്നെ, വെളുത്ത് മെലിഞ്ഞ് ചുരുണ്ട മുടിയുള്ള ഒരു സുന്ദരി എഞ്ചിനീയറെ തിരഞ്ഞെടുത്ത് "ഇതാണ് അവള്‍" എന്നൊരു മറുപടിയോടെ നരേഷിനു അയച്ചു കൊടുത്തു, മാലിനി.

കല്യാണത്തിന് നിനക്കിടാന്‍ എന്റെ വക സില്ക് ഷര്‍ട്ട്, അവള്‍ക്ക് നെക്ലേസ്, എന്നൊക്കെ പറഞ്ഞ് ഉത്സാഹിച്ച് മാലിനി ഓടി നടന്നപ്പോള്‍ നരേഷിനും തോന്നിതുടങ്ങി അഭിരാമി തന്നെയാണ് തനിക്കായി ദൈവം കണ്ടു പിടിച്ച പെണ്ണെന്ന്. ഒന്നുമില്ലെങ്കിലും മറ്റൊരാള്‍ തൊടാത്ത പെണ്ണല്ലെ എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു നരേഷ്. കന്യകാത്വവും ദാമ്പത്യവും തമ്മിലുള്ള ഈക്വേഷനൊന്നും മനസ്സിലായില്ലെങ്കിലും നരേഷും ഒരു ആണല്ലെ.

എന്നിട്ടും കല്ല്യാണക്കുറി പോസ്റ്റ് ചെയ്തു മടങ്ങി വരുമ്പോള്‍ മനസ്സിലെവിടേയോ കൊളുത്തിവലിച്ചു ഗുലാം അലി.
ചുപ്കെ ചുപ്കെ രാത് ദിന്‍ അസൂ ബഹാനാ യാദ് ഹെ
ഹം കൊ അബ് തക് ആഷികീ ക വൊ സമാനാ യാദ് ഹെ

തണുത്ത തറയുടെ ആശ്വാസത്തിനു കൂട്ടായി കാച്ചെണ്ണയുടെ ഗന്ധം അടുത്തു വന്നപ്പോള്‍ ‘’അമ്മക്കുട്ടി സന്തോഷമായില്ലേ ഇപ്പോള്‍’‘ എന്നു അമ്മയെ ചേര്‍ത്തു പിടിച്ചു് നരേഷ് പാട്ടു ഓഫ് ചെയ്തു. "എനിക്കു നിന്നോടു പ്രേമമെന്നു" മാലിനിയോട് പറയണം എന്നാലോചിക്കുമ്പോഴൊക്കെ, നാട്ടില്‍ കാവിനു തിരികൊളുത്താനും , ഒപ്പം തിരുവാതിര നോല്കാനും വെള്ളിലത്തളിരുപോലൊരു പെണ്‍കുട്ടി നരേഷിന്റെ കൈപിടിച്ച് കടന്നു വരുന്നത് മോഹിച്ചിരിക്കുന്ന ഈ കാച്ചെണ്ണ മണമാണല്ലൊ അവനെ നിശ്ശബ്ദനാക്കാറ്.
എന്നാലും മാലിനീ, നീയെന്തെ തിരക്കു പിടിച്ചു ജനിച്ചു പോയതു? എന്നെ കാത്തിരിക്കാതെ തിരക്കിട്ടൊരു അമ്മയും ഭാര്യയുമായതു്? അതു കൊണ്ടല്ലേ എന്റെ പ്രണയവും ജീവിതവും എനിക്കു പകുക്കേണ്ടി വന്നതു? നരേഷ് നിശബ്ദമായി കരഞ്ഞു.
തന്റെ പ്രേമം ഒരു പെണ്ണിനും ജീവിതം മറ്റൊരു പെണ്ണിനും പകുത്തു കൊടുത്തു ജീവിക്കാന്‍ നരേഷ് ഇനിയും പഠിച്ചിട്ടില്ലല്ലൊ. അതിനു തക്ക പ്രായമെന്നും നരേഷിനു ആയിട്ടുമില്ലല്ലൊ.

അമ്മക്കു വേണ്ടി അഭിയേയും തനിക്കു വേണ്ടി മാലിനിയേയും സൃഷ്ടിച്ച ദൈവം എത്ര ക്രൂരനായിരിക്കണം. ‍ഒരു നിമിഷം എല്ലം വലിച്ചെറിഞ്ഞു മാലിനിക്കടുത്തേക്കു ഓടി ചെന്നാലോ?
‘’വയ്യ മാലിനി, എനിക്കു വീര്‍പ്പുമുട്ടുന്നു’‘ എന്നു പറഞ്ഞു മാലിനിക്കു ഫോണ്‍ ചെയ്യുമ്പോള്‍ നരേഷിനു മനസ്സില്‍ പേടിയുണ്ടായിരുന്നു, മാലിനിയെങ്ങാനും കല്യാണം വേണ്ടെന്നു വയ്ക്കാന്‍ പറയുമോ എന്നു്. അങ്ങിനെ പറഞ്ഞാല്‍ മാലിനിക്കടുത്തു പറന്നെത്തണമെന്ന് അവന്‍ ആഗ്രഹിച്ചു. പക്ഷെ, "ശല്യപ്പെടുത്തല്ലേ നരേഷ് ഞാന്‍ ലളിതാസഹസ്രനാമം ചെല്ലുകയാ" എന്ന് പറഞ്ഞ് ശബ്ദത്തില്‍ കണ്ണീരു് കലര്‍ത്താതെ ഫോണ്‍ വച്ചൂ കളഞ്ഞു മാലിനി. നരേഷിനു വേണ്ടതെന്തെന്നു് അവനേക്കള്‍ കൂടുതല്‍ തനിക്കറിയാമെന്നു മാലിനി വെറുംവാക്കു പറയുന്നതല്ലല്ലൊ.

ഒരു കല്യാണം കഴിച്ചെന്ന് വച്ച് എനിക്ക് എന്റെ നരേഷിനെ നഷ്ടപ്പെടുന്നതെങ്ങിനെ എന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു വീടിന്റെ നാലു ചുവരുകളില്‍ കിടന്നു കറങ്ങി മാലിനി. അവന്‍ തനിക്കുള്ളതല്ല എന്നു ആദ്യം മുതലേ അറിവുള്ളതല്ലേ, എന്നിട്ടെന്താ മനസ്സേ ഇപ്പൊ ഒരു സങ്കടം?

ചീത്തക്കുട്ടിയെ നന്നാക്കിയേ അടങ്ങുവെന്ന ടീച്ചറിന്റെ വാശിയോടെ മൂന്നാം മുറ പ്രയോഗങ്ങളില്‍ മനസ്സിനെ തളച്ചിടാനുള്ള ശ്രമത്തിനിടയില്‍, കോളിങ് ബെല്‍ കരഞ്ഞു. പുഴയിലൂടെ ഒഴുകിയെത്തിയെ ചീഞ്ഞയില പോലെ നരേഷ് മുമ്പില്‍.

"പറ്റുന്നില്ല മാലിനീ, എനിക്ക് പറ്റുന്നില്ല" എന്ന് വിലപിച്ച നരേഷിനു് നെഞ്ചിന്റെ ചൂട് പകര്‍ന്നു കൊടുത്ത് 'എന്തു പറ്റിയെടാ" എന്ന് ചോദിക്കുമ്പോള്‍ മാലിനിയും തളര്‍ന്നു പോയിരുന്നു.
‘എനിക്ക് നിന്നെ മതിയെടീ. വേറൊരു പെണ്ണിനെയും നിന്റെ സ്ഥാനത്തു സങ്കല്പിക്കാന്‍ പറ്റുന്നില്ല. നീ പറ്റില്ല എന്നു പറയരുതു്’‘ നരേഷിന്റെ നനഞ്ഞു കുതിര്‍ന്ന മുഖം കണ്ടപ്പോള്‍ മാലിനിക്കു നെഞ്ചു പൊട്ടിപ്പോയി.
‘ അപ്പോ നിന്റെ അമ്മയൊ?’‘ മാലിനിക്കു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
‘എനിക്കറിയില്ല മാലിനീ. എനിക്കു അമ്മയെ വേണം. നിന്നെയും വേണം. ഒരു തീരുമാനമെടുക്കാന്‍ കഴിയുന്നില്ല’‘ ലിവിങ് റൂമിലേക്കു കടന്നു വരുന്ന സുനന്ദയുടേ കാലടിശബ്ദം കേട്ടപ്പോള്‍, നരേഷിന്റെ കയ്യില്‍ നിന്നു കുതറി മാറി മാലിനി.

"നീ ഇപ്പോ പോ, ഞാന്‍ നാളെ വിളിക്കാം " എന്ന് ഉന്തി തള്ളി അവനെ പുറത്താക്കിയപ്പോള്‍, സുനന്ദയുടെ കുറ്റപ്പെടുത്തുന്ന കണ്ണുകള്‍ കനലുകളായി ദേഹത്തു വീണു പൊള്ളി. ‘ഒരു ദിവസം താ നിന്റെ കൂടെ, എന്നിട്ടു ഞാന്‍ തിരിച്ചു പോവം’‘ എന്നു യാചിക്കുന്ന നരേഷിന്റെ മുഖം. ഞാനെന്തു ചെയ്യും ദൈവമെ?

തീരുമാനങ്ങള്‍ മേഘങ്ങള്‍ പോലെയാണ്. അകലെ നിന്നും നോക്കുമ്പോള്‍ വ്യക്തമായ രൂപവും ഗുണവുമുള്ളവ. പക്ഷേ ഒന്നിനെ പിടിച്ച് സ്വന്തം കൈപ്പിടിയിലാക്കാന്‍ ശ്രമിച്ചാലോ, പിടിതരാതെ പുകപോലെയലിഞ്ഞ് അപ്രത്യക്ഷമാവുന്നവ. പ്രണയവും മേഘങ്ങളാണോ? വീര്‍പ്പുമുട്ടി നില്കക്കുന്ന ഗര്‍ഭമേഘങ്ങള്‍ ഒന്ന് പെയ്തൊഴിയുമ്പോഴെക്കും ശാന്തമാവുമോ? ബോധതലങ്ങളില്‍ വര്‍ഷമേഘങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍ നരേഷിനും വിശ്വത്തിനും ഒരേ മുഖം.

ഉണര്‍വ്വിന്റെ ആഴങ്ങളില്‍ നരേഷിനൊരു മെയില്‍ ചെയ്തു മാലിനി കമഴ്ന്നുകിടന്നു കണ്ണുകളടച്ചു.

‘’നരേഷ് എനിക്ക് നിന്നെ നഷ്ടപ്പെടാന്‍ വയ്യ. ഓഷോ പറഞ്ഞതോര്‍മ്മയുണ്ടോ, രതി പ്രണയത്തിന്റെ അവസാനമെന്ന്. എനിക്ക് നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കണം. നമുക്കായി ജന്മങ്ങള്‍ ബാക്കിയുണ്ടല്ലൊ’‘

Subscribe Tharjani |
Submitted by Ashraf Kadannappally (not verified) on Sat, 2010-02-13 21:47.

Dear Seema menon,
The Story is Really Great...
Regards
Ashraf Kadannappally

Submitted by jayesh.S (not verified) on Mon, 2010-02-15 09:53.

വളരെ നന്നായിട്ടുണ്ട് കഥ...ആശംസകള്‍

Submitted by MKD (not verified) on Thu, 2010-02-18 06:18.

The story narrates the painful and honest soul searching by a middle aged widow on her relation with a young man. In the end 'reason' wins over the strong emotional pull.

A very good story.

Submitted by P.Biju (not verified) on Fri, 2010-02-19 13:26.

’അല്ലെങ്കിലും, സ്ത്രീയും പുരുഷനും തമ്മിലല്ല എല്ല ബന്ധങ്ങള്‍ക്കും പേരുകള്‍ ഉണ്ടാകണമെന്നില്ലല്ലൊ. പ്രണയത്തിനും കാമത്തിനും ഇടയിലുള്ള ആ എന്തൊ ഒന്നിനെ ആസ്വദിക്കുന്നതിലുപരി പേരുകള്‍ ഇട്ടതിനെ നശിപ്പിക്കണോ‘ എന്നു ഒരു സായാഹ്നത്തില്‍ മാലിനിയുണ്ടാക്കിയ കാപ്പിയും കേക്കും കഴിച്ചിരിക്കുമ്പോള്‍ അവര്‍ ഒരു തീരുമാനമെടുത്തു

Seema....no words

Submitted by devarenjini (not verified) on Sun, 2010-02-21 22:58.

വായനക്കാരെ അവസാനം വരെ പിടിച്ചിരുത്തുന്ന നല്ല കഥ .... കഥ അവസാനിപ്പിച്ചിരിയ്ക്കുന്ന വരികള്‍ മനോഹരം ...

Submitted by Jyan Evoor (not verified) on Fri, 2010-02-26 18:46.

മനോഹരമായ രചന, ഭാഷ...
കയ്യടക്കത്തോടെ എഴുതി.

വളരെ ഇഷ്ടപ്പെട്ടു.

Submitted by Tom Mathews (not verified) on Sat, 2010-02-27 17:55.

Dear Editor:
From a faraway land, a reader of Malayalam
stories, like me, is fascinated with the analytical
approach to the emotional aspects of woman's
love in a modern era with profiles of prospective
brides' pop up at the click of a 'mouse'. Seema
has seemingly captured the vast panorama of a
woman's emotional and mental picture vividly
and truthfully.
My congratulations to Seema for the fine story
and I hope she will keep on writing such elegant
stories
Tom Mathews
New Jersey, U.S.A.

Submitted by aneesh (not verified) on Sun, 2010-02-28 18:38.
Submitted by Anonymous (not verified) on Mon, 2010-03-01 22:40.

സ്നേഹത്തിന്റേയും മോഹത്തിന്റേയും ഊഞ്ഞാലിലാടാന്‍ വിധിക്കപ്പെട്ട സ്ത്രീത്വം.
സമൂഹത്തിന്റെ വിലക്കുകളുടെ അദൃശ്യശൃംഖല.
സീമ, സത്യത്തിന്റെ തീക്ഷ്ണമുഖം.
നന്ദി.

Submitted by Sreehari (not verified) on Sat, 2010-03-20 20:08.

മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും പിറകെ പോകുന്നതിലല്ല, അവയെ അതിജീവിക്കുന്നതിലാണു പ്രായത്തിന്റെ പക്വത എന്ന തിരിച്ചറിവു ഈ കഥ തരുന്നു.