തര്‍ജ്ജനി

ഒ.കെ.സുദേഷ്‌

ഇ-മെയില്‍: oksudesh@hotmail.com

Visit Home Page ...

നിരീക്ഷണം

ബുദ്ധി-സര്‍ക്കസ്സ്‌ ആര്‍ട്ടിസ്റ്റുകള്‍!

അരുന്ധതി റോയിയുടെ `ദി ഓള്‍ജിബ്ര ഒവ്‌ ഇന്‍ഫിനിറ്റ്‌ ജസ്റ്റിസ്‌`-ന്റെ പരിഭാഷ കലാകൌമുദിയില്‍ വായിച്ചപ്പോള്‍ (29-01-2006) ഓര്‍മ്മിച്ചു: ഈ തിരക്കില്‍ അവരെക്കുറിച്ച്‌ അമ്പേ മറന്നുപോയല്ലോ...! `ഔട്ട്‌ലുക്കി'ല്‍ വന്ന സമയത്ത്‌ വായിച്ചു വിട്ടതാണ്‌. റോയിയുടെ മിക്കവാറും എല്ലാ പ്രഭാഷണങ്ങളെയും രാഷ്ട്രീയലേഖനങ്ങളേയും പോലെ ഇതും വികാരനിര്‍ഭരം; ഒരു പ്രത്യേക ആംഗ്‌ളില്‍ ലോക്ക്‌ ചെയ്യുകയാണെങ്കില്‍ ഉദ്ബോധകവും. കാരണം:

തന്റെ ആന്റി-അമേരിക്കനിസത്തിന്റെ കാര്യത്തില്‍, റോയി മറ്റ്‌ ഇന്‍ഡ്യന്‍ ലെഫ്റ്റികളില്‍ നിന്ന്‌ വളരെയൊന്നും വ്യത്യസ്തയായിക്കാണുന്നില്ല. അമേരിക്കയ്ക്ക്‌ അനുകൂലമായ ഒരു അഭിപ്രായ രൂപീകരണം ഇന്ത്യയില്‍ ഇനിയും വേരോടാത്തതെന്ത്‌ എന്ന്‌ അദ്ഭുതം കൂറുകയല്ല ഈ കുറിപ്പ്‌. എന്നാല്‍ അയുക്തികമായ വിധത്തില്‍, ബാലന്‍സ്‌ സൂക്ഷി‍ക്കാതെയുള്ള ഒരു ആന്റി-അമേരിക്കനിസം നമ്മെ എത്രയോ കാലമായി രസിപ്പിച്ചു കൊണ്ടിരിക്കുന്നുവല്ലോ എന്നു സൂചിപ്പിക്കുകയാണ്‌. നമ്മുടെ ബുദ്ധിജീവിതം സാദ്ധ്യമാക്കുന്നതു പോലും വര്‍ഷങ്ങളായി ഒരു അമേരിക്കന്‍ വിരോധത്തില്‍ നിന്നായിരിക്കുന്നു എന്നത്‌ ഭയങ്കരമായൊരു അമേരിക്കന്‍ വിജയമായിക്കൊണ്ടിരിക്കുന്നു. അതാണെന്നെ പരുങ്ങലിലാക്കുന്നത്‌; എന്റെ മനുഷ്യാന്തസ്സിനെ പരുങ്ങലിലാക്കുന്നത്‌. ഇത്‌ ഏതെങ്കിലും വിധത്തില്‍ അമേരിക്കന്‍ `ദുഷ്ടാചാരങ്ങളെ` കുറയ്ക്കുന്നതിനോ സ്വന്തം വ്യവസ്ഥാദൂഷ്യങ്ങളെ ചികില്‍സിക്കുന്നതിനോ നമ്മെ പ്രാപ്തരാക്കിയിട്ടുണ്ട്‌ എന്നാണോ? നാം ഇപ്പോഴും ഈ "ദുഷ്ടരാഷ്ട്ര"ത്തിന്റെ വരുതിയിലുള്ള നാണ്യനിധികളില്‍ നിന്ന്‌, വായില്‍ നുരയുന്ന ശകാരങ്ങളുമായി, കടം വാങ്ങിച്ചു കൊണ്ടേയിരിക്കുന്നു. അവരുടെ സാങ്കേതിക വൈദഗ്ദ്യത്തെ, മാനേജ്‌മെന്റ് കഴിവുകളെ, അവരുടെ തീയറികളെ, എന്തിനധികം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അവരുടെ തീര്‍ച്ചകളെ പോലും ആദരപൂര്‍വ്വം ഭയത്തോടെ നോക്കി ക്യൂവില്‍ നില്‍ക്കുന്നു. ഇതിനെ പ്രതിരോധിച്ചു കൊണ്ട്‌ പ്രായോഗികമായ പദ്ധതിയാസൂത്രണങ്ങളോടെ ഉയര്‍ന്നുവരുവാന്‍ കഴിവുള്ള ഒരു നേതൃനിരയെ നമ്മുടെ `ഈ ബുദ്ധിജീവിതം` ഇക്കാലമത്രയയും സമ്മാനിച്ചിട്ടില്ല; ഈ കേരളൈറ്റ്‌ ഇന്റലക്ച്വലിസം പോലും. (കൃഷ്ണയ്യരോ? അഴീക്കോടോ? എമ്മെന്‍ വിജയനോ? -ങ് ഹ, കള സുഹൃത്തേ!)

പിന്നെ എന്ത്‌ എന്റര്‍ടെയ്ന്‍മെന്റാണ്‌ ഇത്തരം പ്രഭാഷണങ്ങളില്‍ നിന്നോ എഴുത്തുകളില്‍ നിന്നോ കേള്‍വിക്കാര്‍ക്കും വായനക്കാര്‍ക്കും ലാഭിക്കുവാനുള്ളത്‌?

ലാഭിക്കുവാന്‍ ചിലതെല്ലാമുണ്ട്‌ എന്ന്‌ പറയേണ്ടിവരും. അരുന്ധതി റോയിയുടെ കാര്യത്തിലെങ്കിലും അത്‌ ശരിയായിത്തീര്‍ന്നേയ്ക്കും. അവരുടെ പുതിയ ആവനാഴിയിലെ ഈ പഴയ ശരങ്ങള്‍, ഇപ്പോഴേയ്ക്കും നിരാശാഭരിതമായ വാര്‍ദ്ധക്യത്തിലേയ്ക്ക്‌ നീങ്ങിത്തുടങ്ങിയ പഴയ പടയാളികള്‍ക്ക്‌ തങ്ങളുടെ നിലപാടുകള്‍ ശരി തന്നെയായിരുന്നു എന്ന്‌ ആശ്വാസം കൊടുത്തേയ്ക്കും. എന്നാല്‍ അരുന്ധതി റോയിയെ വായിക്കുന്ന പുത്തന്‍ തലമുറ, അവരുടെ വിജയരഹസ്യങ്ങള്‍ക്കു വേണ്ടി കാതോര്‍ക്കുക മാത്രമേ ചെയ്യുന്നുള്ളു എന്ന്‌ ഉറപ്പിച്ചോളൂ. അവരെങ്ങിനെ ഇത്രയും പ്രശസ്തയായി എന്നും അതിലേയ്ക്ക്‌ അവരവലംബിച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെന്തൊക്കെയായിരുന്നുവെന്നും കറിക്കൂട്ടുകളെന്തൊക്കെയാണെന്നും ഈ പുതുതലമുറ പരതുകയാണ്‌. റിസെര്‍ച്ച്‌ മെറ്റീരിയല്‍! അമേരിക്കയും ബ്രിട്ടനും പരസ്യമായും ഫ്രാന്‍സ്‌, ജര്‍മ്മനി, റഷ്യ എന്നിവര്‍ രഹസ്യമായും മറ്റു ചേരിചേരാ-ചേരകള്‍ ചുളുവിലും ഇറാക്കിന്റെ വിഷയത്തെ എങ്ങിനെ ബിസിനസ്സ്‌ മാനേജുമെന്റിലേക്കൊരു പദ്ധതിസൂത്രമാക്കി എന്നതു പോലെ, യുദ്ധവിരോധവും സമാധാന റാലികളും എപ്രകാരം വിസിറ്റിങ്‌ പ്രഭാഷണങ്ങള്‍ക്കും പുസ്തക കമ്പോളങ്ങള്‍ക്കും പുരസ്കാരങ്ങള്‍ക്കും ശ്രുതിമധുരമാകുന്നുവെന്നതും കാണാതെ പോവരുത്‌.

ലിബറല്‍ ഡെമോക്രസിയുടെ മിടുക്ക്‌ (പറ്റിപ്പ്‌ എന്ന്‌ ഏറിയ മലയാളിയും) അങ്ങിനെയാണ്‌. മ്യൂച്വല്‍ ഫണ്ടില്‍ കാശിട്ടു കളിയ്ക്കാന്‍ ചെല്ലുന്നതിനു മുമ്പേ കളി കാര്യമാവുന്നതിനെ കുറിച്ചുള്ള താക്കീതുകള്‍ വായിച്ചിട്ടില്ലേ? ആ `മിടുക്കിനെ` അതിന്റെ വിസ്തരപാഠത്തിന്റെ ടിപ്പണിയോടെ ചെറുക്കുന്നവരെല്ലാം, വശ്യമായ അതേ കളിയുടെ ധര്‍മ്മവ്യവസ്ഥയില്‍ നിന്നുകൊണ്ടാണ്‌, അതത്രയും പ്രകാശിപ്പിക്കുക. അതായത്‌, ഇത്‌ കുലീനമായ ധിഷണാവിനോദമാവുകയാണെന്ന്‌ (വിസമ്മതത്തിന്റെ മുന്‍സമ്മതിയുള്ള വാച്യഭംഗികളോടെ തര്‍ക്കിച്ചും, ഒപ്പം, ഒരേ മേശയില്‍ ഒരേ ഭക്ഷ്യപേയങ്ങളെ ചവച്ചുകുടിച്ചും) തിരിച്ചറിയുകയാണ്‌. അതേ സമയം റോയല്‍റ്റിയുടെ കാര്യത്തില്‍ ഇത്‌ ചെറുത്തുനില്‍പ്പിന്റെ ഉത്തേജകൌഷധ ദാനത്തിന്‌ കിട്ടേണ്ട സ്വാഭാവിക മനുഷ്യപ്പെരുമാറ്റമാണെന്നും കണ്ടുപോവുന്നു. ഗ്ലോബല്‍ മനുഷ്യ-സാധാരണത! (ഈ പുസ്തകകമ്പോളങ്ങളും അവകളിലെ ബെസ്റ്റ്സെല്ലറുകളും ധനികപുരസ്കാരങ്ങളും നിശ്ചയിക്കുന്നത്‌ ആത്യന്തികമായി ആരാണ്‌, ഏത്‌ മാനദണ്ഡത്തെ പ്രതിയാണ്‌ എന്നതൊക്കെ ഉപദ്രവങ്ങളായ ചോദ്യങ്ങളാക്കി തമസ്ക്കരിച്ചുകൊണ്ടും!).

യുദ്ധവും യുദ്ധവിരുദ്ധതയും അതാതിന്റെ കമ്പോളങ്ങളെ ഉല്‍പ്പാദിക്കുന്ന കാലം കൂടിയാണിത്‌. ബിന്‍ ലാദന്‍ പോലും പുസ്തക-റെവ്യു അലക്കിവിടുന്ന കാലം. അത്രയും `വിവരക്കേടു`കളിലേയ്ക്ക്‌ പാഞ്ഞെത്തിയിട്ടില്ല നമ്മുടെ ലെഫ്ടികള്‍ എന്നുകാണുക. കാരണം, അത്രയും `അടവുതന്ത്ര`ത്തെ ധാര്‍ഷ്ട്യത്തോടെ പൊളിച്ചു ലിബറലാക്കുന്നതത്രേ അമേരിക്കന്‍-വേ-ഒഫ്‌-ലൈഫ്‌-ഉം. പിന്നെ വെടിപൊട്ടിയ്ക്കാന്‍ ഉണ്ട എവിടെനിന്നെടുക്കാമെന്നാണ്‌?

ഏതു സാമ്പത്തിക വിചാരിപ്പിനു ശേഷവും പട്ടിണി കൂടുന്നതായി കാണുന്നു; എങ്കില്‍ ധനവാന്മാരാക്കുന്നതിലേയ്ക്ക്‌, സ്വപ്നദര്‍ശനത്തിനെങ്കിലുമുള്ള സ്പെയ്സെങ്കിലും മാന്തിയുണ്ടാക്കേണ്ടതുണ്ട്‌ --ആ സ്പേസിലേക്കാവും അപ്പോള്‍ ലിബറല്‍ ഡെമോക്രസി സംക്രമിക്കുക. പക്ഷേ, മാന്തിയുണ്ടാക്കുന്നതത്രയും, ചൊറിഞ്ഞു രസിക്കുവാനുള്ള, പൊറ്റന്‍ വിറ്റ്‌ കാശാക്കുന്ന വിദ്യയാക്കുമെങ്കിലോ? ഗോഡ്‌ ബ്ലെസ്സ്‌!)

ഒരു ലെഫ്റ്റായിരിക്കുക എന്നത്‌ ചുറ്റുകാഴ്ചകളെ കാണുന്നതില്‍ സവിശേഷവും ആചാരബദ്ധവുമായ ഒരു വ്യത്യസ്തയാണ്‌. പ്രയോജനബദ്ധമല്ല വാസ്തവത്തില്‍ അത്‌. അത്‌ ശൈലീപരമായ ഒരു അതി-നിലപാടാണ്‌. വിശേഷതലത്തില്‍ സ്വയമേവയൊരു അര്‍ത്ഥം തേടല്‍. ഒരു ചിന്താശെയിലി അല്ലെങ്കില്‍ ഒരു സവിശേഷ സ്വത്വീകരണം; പക്ഷേ കെണഞ്ഞു വരുത്തിച്ചാല്‍ അതിനെ കൊണ്ടൊരു സാമ്പത്തിക ഡിസ്ടോപ്യ (dystopia) മെനയാം. മറുപുറത്തോ, അതിനൊരു സാംസ്ക്കാരിക ഉടോപ്യയാവാന്‍ (utopia) വിരോധമേതുമില്ലതാനും. അരുന്ധതി റോയിയേയും അവരുടെ പ്രത്യയശാസ്ത്ര-രാസവാഹകരേയും അമ്പരിപ്പിക്കുന്ന വൈരുദ്ധ്യം, അവര്‍ ജീവിക്കുന്ന ഉപഭോകൃത്വഘടനകളോട്‌ അവരുടെ തന്നെ നാവുകളും വിരലുകളും തീര്‍ക്കുന്ന പ്രതിരോധങ്ങളാണ്‌. അവസാനം, ആ പ്രലോഭനങ്ങളില്‍ തന്നെ സാഷ്ടാംഗം വീഴുവാന്‍ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിരോധങ്ങള്‍.

മുന്നേ ആന്റി-അമേരിക്കനിസത്തെ കുറിച്ചു പറഞ്ഞു. പേശീബലം കുറഞ്ഞുവോ എന്ന്‌ സന്ദേഹിക്കുമ്പോള്‍ നാം കഴിക്കാറുള്ള ഉത്തേജകമരുന്നാണല്ലോ അത്‌. അതേസമയം, അമേരിക്കയെ നോക്കുമ്പോള്‍, ഒരു ഡിമോക്രസിയ്ക്ക്‌ അതില്‍ നിന്നുകൊണ്ടുതന്നെ എത്രത്തോളം തെമ്മാടിയാകാം എന്നതും നാം വസ്തുതാബോധത്തോടെ കണ്ടുകൊണ്ടിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ അദ്ഭുതകരമായ വിധത്തില്‍ ജനാധിപത്യത്തേയും സംരക്ഷണായുധവുമാക്കാം എന്ന്‌ പഠിപ്പിച്ചുതന്ന നാടല്ലോ അത്‌. സൂയസ്സ്‌ കനാല്‍ പ്രശ്നത്തില്‍ ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും കൊളോണിയല്‍ മന:സ്ഥിതിയെ അമ്പരിച്ച നാട്‌. പുറത്തെവിടെയും കോളനികള്‍ പണിയാത്ത (പധാനമായും) വെള്ളക്കാരുടെ ഒരു നാട്‌. ഹാംബര്‍ഗര്‍ കൊണ്ടും കോള കൊണ്ടും അവരിപ്പോള്‍ കോളനികളുണ്ടാക്കുന്നു. എന്നാല്‍ ജ്യൂസിയായ ഒരു ഹാംബര്‍ഗര്‍ കഴിയ്ക്കുന്നവന്‍ ബ്രാഹ്മണന്റെ ഗോക്കളെയത്രയും മറന്ന്‌ നാവും കൂട്ടിക്കടിയ്ക്കും - ( നമുക്കിടയില്‍ ദേശി-ഹാംബര്‍ഗര്‍ ഒരു ആയുര്‍വേദിക്‌ ക്യൂലിനറി സംഭവം! -വിട്ടുകളയാം അല്ലേ?). ദഹനേന്ദ്രിയത്തെ ദ്രവിപ്പിക്കുവാന്‍ ശക്തിയുള്ള കോള കഴിച്ചാല്‍ ഇത്‌ സോമം തന്നേയോ എന്ന്‌ അനുഭൂതിയിലമര്‍ന്ന്‌ കൃഷ്ണമണികളെത്തന്നെ കീഴ്മേല്‍ മറിപ്പിയ്ക്കും (അതിന്റെ ദേശി-വെര്‍ഷനും ഒരു ടൈപ്പ്‌ ശര്‍ക്കര-വെള്ളം! അതും വിട്ടുകളയാം അല്ലേ?). ഈ പരുവത്തിലാണ്‌ നമ്മുടെ ഇനം തിരിപ്പില്‍ നമുക്കിടയില്‍ത്തന്നെ വിരോധാഭാസമാവുക. അമേരിക്കയുടെ നവകോളനീകരണം ഗ്ലോബലായ ജനപ്രിയവേരുകളില്‍ തന്നെ പിടികൂടുന്നത്‌, എന്നപ്പോള്‍ മൊഞ്ചുന്നതും. അവര്‍ തീര്‍ത്ത സ്ഥാപനങ്ങളുടെ കാര്യക്ഷമതയുടെ കാര്യത്തില്‍ ഈ പ്രിയം അതിലുമധികമായേയ്ക്കും; എടങ്ങറാക്കി?

ഇത്‌ തിരിച്ചറിഞ്ഞിട്ടും അറിയായ്ക നടിക്കുന്നത്‌, എഴുതിരസിക്കുവാനും രസിപ്പിക്കുവാനുമുള്ള ഉപകരണങ്ങളുടെ ക്ഷാമം കൊണ്ടാണ്‌. ക്ഷാമം അടിച്ചേല്‍പ്പിച്ചു സ്വയം വരുത്തിവെച്ച ആ മിതത്വം വളരെക്കാലമായി നാം ആചരിച്ചുവരുന്ന അയുക്തികമായ അമേരിക്കന്‍ വിരോധത്തില്‍ നിന്ന്‌ ആസുരതയോടെ വളര്‍ന്നുപെരുകിയതാണ്‌. ഇന്നത്‌, സദ്ദാമിന്റെ ഭീകരമായ സമഗ്രാധിപത്യത്തെ തിരിച്ചു വെല്‍ക്കം ചെയ്യാനും, താലിബാനെ ഉമ്മവെയ്ക്കാനും ഇസ്ലാമിസ്റ്റ്‌ ആതങ്കവാദത്തെ പരിപോഷിപ്പിക്കുവാനും മീഡിയാസര്‍വ്വീസ്‌ നടത്തുമെന്നായിരിക്കുന്നു. അതിനുള്ള ചെലവ്‌, ലിബറല്‍ ഡിമോക്രസികളില്‍ നിന്ന്‌ -- പുസ്തകം വിറ്റും അതിഥി-പ്രസംഗം നടത്തിയും സമ്മാനങ്ങളെ `അസമ്മാനിത`ങ്ങളാക്കിയും -- സംഘടിപ്പിച്ചും. ഇവര്‍, ആഫ്രിക്കയിലേയും മദ്ധ്യപൌരസ്ത്യ ദേശങ്ങളിലേയും സമഗ്രാധിപത്യങ്ങളെ, ഇസ്ലാമിസ്റ്റ്‌ തീവ്രവാദദേശങ്ങളെ, നേരിടുകയില്ല. ഈയ്യിടെ നടന്ന `മുഹമ്മദ്‌-കാര്‍ട്ടൂണു`കളുടെ കാര്യത്തില്‍ പോലും, ഉരിയാടുകയില്ല. ഇവര്‍, എഴുത്തുകാരാണേ-- ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ പരമകാഷ്ഠകള്‍! രണ്ടു കാരണങ്ങളുണ്ടതിന്‌: ഒന്ന്‌: സല്‍മാന്‍ റുഷ്ദി വരുത്തിവെച്ച `വിനയെ` പറ്റിയവര്‍ സദാ ജാഗരൂകരാണ്‌; രണ്ട്‌: ഈ വിഷയങ്ങള്‍ പുസ്തകത്തിലാക്കിയാല്‍ ആര്‍ ശ്രദ്ധിയ്ക്കും, പ്രസംഗവേദി എവിടെകിട്ടും?

സോറി, അമേരിക്ക നന്നായാല്‍ എല്ലാ പ്രശ്നവും ശരിയാവും എന്ന്‌ വിചാരിക്കുന്നവരല്ല ഇക്കൂട്ടര്‍. എന്നാല്‍ അങ്ങിനെയാണെന്ന്‌ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്ന, അവരവരുടെ ദേശങ്ങളുടെ ഉത്തരവാദിത്തം രണ്ടാം ഘട്ട ആലോചനയിലേ സംഗതമായിരിക്കേണ്ടതുള്ളു എന്ന്‌ നിരന്തരം കട്ടിലിന്നടിയിലേയ്ക്ക്‌ ചവുട്ടിയൊളിപ്പിച്ചു കൊണ്ടിരിക്കുന്ന, വലിയൊരു മൂന്നാംലോക പാരമ്പര്യത്തെ ചൂഷണം ചെയ്തു ജീവിക്കുന്ന ബുദ്ധി-സര്‍ക്കസ്സ്‌ ആര്‍ട്ടിസ്റ്റുകളാണിവര്‍.

[അരുന്ധതി റോയി സുപ്രീം കോര്‍ട്ടിനെ വെല്ലവിളിച്ച (13-12-2000) ആ സംഗതിയെ പ്രതി, ഞാനൊരു മലയാളി എഴുത്തുകാരനെ (കുവെയ്ത്ത്‌) ഏറെക്കുറെ സംസ്ക്കാരഹീനമായി തന്നെ നേരിട്ടിരുന്നു. അയാളുടെ വാദം, ചുരുക്കത്തില്‍, ഇതൊക്കെ `ഒരു തട്ടിപ്പു` ആണെന്നായിരുന്നു. കോര്‍ട്ടലക്ഷ്യത്തിന്‌ സുപ്രീം കോര്‍ട്ട്‌ റോയിയെ ശിക്ഷിച്ചാല്‍, അവരതിനെ എങ്ങിനെ നേരിടുമെന്നതിനെ കുറിച്ചായിരുന്നു ഞാന്‍ ആകാംക്ഷയോടെ കാത്തിരുന്നത്‌. അവര്‍, അന്താരാഷ്ട്ര പ്രശസ്തയായ ഒരെഴുത്തുകാരിയും നര്‍മ്മദാ ബച്ചാവോ ആന്ദോളന്റെ സഹകാരിയുമായിത്തീര്‍ന്ന കാലമായിരുന്നുവല്ലോ അത്‌. നിര്‍ദ്ദേശിച്ച പിഴയടച്ച്‌, ശിക്ഷായിളവോടെ (കോര്‍ട്ടിന്റെ സ്പെഷ്യല്‍ സൌജന്യം) സംഘടിപ്പിച്ച ഒരു-രാത്രി-തിഹാര്‍-ജയില്‍-വാസം കഴിഞ്ഞ ശേഷം അരുന്ധതി റോയി പുറത്തുവന്നു; പിന്നെ സുപ്രീം കോര്‍ട്ടിനെ കുറിച്ച്‌ മിണ്ടിയതേയില്ല. അതിനിടെ കിട്ടിയ മാധ്യമ-വെള്ളി അവരെ ഒന്നുകൂടി പ്രശസ്തയാക്കി എന്നതൊഴിച്ചാല്‍ ആ ക്ണാപ്പ്‌ നാടകം കൊണ്ട്‌ എന്‍.ബി.എ.-ക്കോ (നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍) പമ്പരവിഡ്ഢികളായ എന്നേ പോലുള്ളവര്‍ക്കോ ഒരു കാര്യവുമുണ്ടായില്ല (ഞാനൊരു സാഡിസ്റ്റോ മസോക്കിസ്റ്റോ ഒന്നുമല്ല കേട്ടോ --വിശ്വസിച്ചൂടെ?).

അതുപോലെത്തന്നെ മേധാ പട്ക്കറും അരുന്ധതി റോയിയും കൂടി മുങ്ങിമരിക്കുവോളം സമരം ചെയ്യുമെന്ന്‌ ആണയിട്ട്‌ ഇറങ്ങിത്തിരിച്ച സമരപദ്ധതിയും --ഇത്തവണ കുടിയൊഴിക്കപ്പെട്ടവരുടെ ഗ്രാമച്ചരുവത്തിലേയ്ക്ക്‌ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ട സന്ദര്‍ഭത്തെയാവും ചൂഷണം ചെയ്യുക. വെള്ളം കൂടിവരുന്നതു കണ്ടപ്പോള്‍, ഇനിയും `ഇന്ത്യക്കാവശ്യമുള്ള സാമൂഹ്യസേവനത്തിനായി` ഇരുകൂട്ടരും കൂടി പാഞ്ഞുനിലവിളിച്ച്‌ കരകയറി ജീവരക്ഷയെ പ്രാപിച്ചു --പത്രവാര്‍ത്തകളില്‍, അനുഗാമികള്‍ ആദരപൂര്‍വ്വം അവരെ നിര്‍ബന്ധിച്ചു കരകയറ്റി എന്നാണ്‌ കാണുക. ഇതൊക്കെ പിന്നീട്‌ വായിച്ചപ്പോള്‍, ഞാന്‍ അപമാനിച്ചു വിഷണ്ണനാക്കിയ ആ മലയാളി എഴുത്തുകാരനെ ഓര്‍മ്മിച്ചു പോയി. ഹൊ! എത്ര ഉരച്ചുതേച്ചുകുളിച്ചിട്ടും പോവാത്ത നാറ്റം!]

അരുന്ധതിയും ആയമ്മയുടെ ദില്ലി തകരക്കുടിലും ബിയര്‍കുപ്പി പെറുക്കിവിറ്റ കസ്റ്റം മെയ്ഡ്‌ ദരിദ്രവാസിത്വവും ! ...സിന്‍ഡറെല്ല പരിണാമവും!

ഹൂ വുഡ്‌ റ്റെയ്ക്‌ ഹെര്‍, ഹെര്‍ കൈന്‍ഡ്‌, സീരിയസ്‌ലി?

ഒ.കെ.സുദേഷ്‌
Subscribe Tharjani |
Submitted by ബെന്നി (not verified) on Mon, 2006-04-03 18:58.

പ്രിന്റ് എടുത്തുകൊണ്ടു പോകുന്നു. നന്നായിട്ടൊന്നു വായിക്കട്ടെ. ഒറ്റവായനയില്‍ ഞാന്‍ വീണുപോയി.

Submitted by അജ്ഞാതന്‍ (not verified) on Thu, 2006-04-13 17:14.

ലേഖകന്റെ പരിഹാസം അല്പം കടന്നതല്ലെ. അരുന്ധതിയെ വിമര്‍ശിക്കാം. കാരണം ബുക്കര്‍ പ്രൈസ് കിട്ടിയ ശേഷമാണല്ലോ സാമൂഹ്യ സേവനവുമായി അവര്‍ രംഗത്തിറങ്ങുന്നത്. അതിനു പിന്നില്‍ രഹസ്യ അജണ്ടകള്‍ ഉണ്ടാകാം.

പക്ഷെ മേധയെ ആ ഗണത്തില്‍ പെടുത്താമോ. നിരന്തരമായ ചെറുത്തു നില്‍പ്പുകളിലൂടെയാണ് അവര്‍ നമ്മുടെ അറിവിലേക്കെത്തിയത്.

Submitted by O.K. Sudesh (not verified) on Fri, 2006-04-14 13:33.

ക്ഷമിയ്ക്കൂ; പ്രതികരണങ്ങളോട്‌ ലേഖകന്‍ തന്നെ പ്രതികരിക്കുക എന്നത്‌ നാട്ടുനടപ്പായി കണ്ടിട്ടില്ല. എങ്കിലും ഒരു കാര്യം വ്യക്തമാക്കിയാല്‍ കൂടുതല്‍ വൃത്തിയായിരിക്കുവാനേ വഴിയുണ്ടാവുകയുള്ളു എന്നു തോന്നുന്നു. വാസ്തവത്തില്‍, മേധാ പട്‌കര്‍ ഉപവാസ-സമരം തുടങ്ങുന്നതിനു മുമ്പെ എഴുതിയയച്ചതാണിത്‌. അതുകൊണ്ടുമാത്രം ലേഖനത്തിന്റെ ആന്തരിക-'ദുഷ്ട്‌' നിരുപദ്രവമാക്കി കാണണേ എന്നുമല്ല.

അരുന്ധതി റോയിയെ സംബന്ധിക്കുന്നതാണിതിലെ പ്രതിപാദ്യം. അതില്‍ മേധയ്ക്കു കൂടി കടന്നിരിക്കുവാന്‍ സാധിക്കുന്നത്‌ ലേഖകന്‍ അനുവദിക്കുന്നതുകൊണ്ട്‌ മാത്രമല്ല; അവര്‍ അതിനു കളമൊരുക്കിയത്‌ കൊണ്ടുകൂടിയത്രെ.

മരണം-വരെ-നിരാഹാരം കിടക്കുക എന്നത്‌ hostage taking-ന്‌ തുല്യമായ പ്രാകൃത സമരമുറയാണ്‌. കാരണം മനുഷ്യതയുടെ ഏറ്റവും പ്രാഥമികമായ അപ്രതിരോധ്യങ്ങളെ അത്‌ ചൂഷണം ചെയ്യാന്‍ മടിക്കുന്നില്ല. ദുര്‍വാശിക്കാരായ കുട്ടികള്‍ ചെയ്യുന്ന ഒരു വിദ്യയാണത്‌. കുട്ടികള്‍ ആ തന്ത്രമെടുത്തു കളിയ്ക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക്‌ ഇളവനുവദിക്കാതെ തരമില്ലെന്നു വരുന്നു. പ്രശ്നപരിഹാരമോ --അത്‌ അഭയാര്‍ത്ഥികളായിത്തീര്‍ന്ന ഗ്രാമവാസികളില്‍ നിന്നുതെന്നി ഉപവാസിയുടെ ആരോഗ്യത്തേയൊ ആയുസ്സിനേയൊ ചുറ്റിപ്പറ്റി കറങ്ങിത്തുടങ്ങുകയും. അതായത്‌, കോരന്‌ ഇനിയും കഞ്ഞി കുമ്പിളില്‍ തന്നെ കിട്ടാന്‍ വഴിയുള്ളൂ എന്നാണത്‌ കണ്ണിറുക്കിക്കാണിച്ച്‌ ഉറപ്പാക്കുക. മറുപക്ഷത്ത്‌, നോബെല്‍ കമ്മിറ്റി വരെ പിച്ചയാചിച്ച്‌ പിന്നാലെ കൂടിയെന്നുവരും; പുരസ്കാരം സ്വീകരിച്ചാലും തിരസ്കരിച്ചാലും, ഖ്യാതിയൊട്ടു മുഷിയുകയുമില്ല.

നമ്മുടെ സ്വന്തം ആദിവാസികള്‍ക്ക്‌ പ്രയോജനപ്രദമായ ശകലം ഭൂമി കൊടുക്കേണ്ടതിലേയ്ക്കു ഒരു മലയാളി മഹാനോ മഹതിയോ മരിക്കുവോളം പട്ടിണി കിടക്കുവാന്‍ തയ്യറായാല്‍, നാം തീര്‍ത്തും 'ഒരു തോറ്റ ജനതയായി' തീര്‍ന്നേക്കും എന്നു ദുസ്വപ്നം കണ്ട്‌ അലറിവിളിച്ച്‌ എഴുന്നേല്ക്കാറുണ്ട്‌ ഞാന്‍ --ഇയ്യിടെയായി. ഡിമോക്രസി കൊണ്ട്‌ നിവൃത്തി വരുത്താനാവാത്തതു 'കുട്ടിക്കളി' കൊണ്ടു നിവര്‍ത്തിയ്ക്കുക! വൌ! എന്തൊരു രാഷ്ട്രീയ സാക്ഷരത!

Submitted by അജ്ഞാതന്‍ (not verified) on Sat, 2006-04-15 17:24.

നമുക്കു വേണ്ടി നമ്മള്‍ തെരഞ്ഞെടുത്ത് നിയോഗിച്ച ഭരണകര്‍ത്താക്കള്‍ ബഹുരാഷ്ട്ര ഭീമന്‍‌മാരുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് നിലകൊള്ളുന്നു. ഏതു തരത്തിലുള്ള സമര മുറയായിരിക്കണം കീഴാള സമൂഹം ഇവിടെ സ്വീകരിക്കേണ്ടത്?.

സര്‍ക്കാര്‍ തെറ്റായ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ തിരുത്തിക്കാന്‍ അനുവര്‍ത്തിക്കാവുന്ന ജനാധിപത്യപരമായ സമരമാര്‍ഗമാണ് സത്യഗ്രഹം എന്നാണ് എന്റെ ചിന്ത.

സുദേഷിന്റെ നിരീക്ഷണം കൊള്ളാം. ഞാനാ ആശയങ്ങളെല്ലാം കൂടി മനസ്സിലിട്ട് ഒന്നു കൂടി ചിന്തിച്ചു നോക്കട്ടെ.

Submitted by Anonymous (not verified) on Sat, 2006-04-15 17:47.

കസ്റ്റമൈസ്ഡ് ദരിദ്രവാസിത്വവും സിഡറെല്ലാ പരിണാമവും കൊണ്ട് ബുദ്ധിജീവി മേട കീഴടക്കിയത് അരുന്ധതി മാത്രമല്ല. ഇനിയുമുണ്ട് ഇക്കൂട്ടര്‍. നമ്മുടെ രാഷ്ട്രപതി അബ്ധുള്‍ കലാമിനെപ്പറ്റിയും ഇതുതന്നെയാണ് തോന്നിയിട്ടുള്ളത്.

കൂടെക്കൂടെ അപ്രമാദിത്വം തെളിയിക്കാന്‍ ഇവര്‍ തിരഞ്ഞെടുക്കുന്നത് ചെറിയ കക്ഷികളെയൊന്നുമല്ല. ഗൂഗിളിന്റെ Maps നെ ശക്തിയുക്തം എതിര്‍ത്താണ് കലാമിത് ചെയ്തത്. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലല്ലോ. ഗൂഗിള്‍ അവരുടെ പരിപാടിയുമായി മുമ്പോട്ടുതന്നെ പോവുന്നു.

നര്‍മ്മദാ ബച്ചാവോ എന്ന് അലറിവിളിച്ചും ഭോപ്പാല്‍ ദുരന്തബാധിതര്‍ക്കൊപ്പം കണ്ണീരൊലിപ്പിച്ചും ആക്ടിവിസ്റ്റായി മാറിക്കൊണ്ടിരിക്കുന്ന ബോളിവുഡ് നടന്‍ അമീര്‍ ഖാനെതിരെ ശക്തിയുക്തം പ്രതീഷേധിച്ചുകൊണ്ട് ഇതാ നമ്മുടെ അരുന്ധതി വീണ്ടും അപ്രമാദിത്വം തെളിയിക്കുന്നു.

സുദേഷിന്റെ ഭാഷ എനിക്കിഷ്ടപ്പെട്ടു. അരുന്ധതിക്കുള്ള മറുപടിക്ക് വേണ്ടി രൂപപ്പെടുത്തിയ ഈ സവിശേഷരീതി മലയാളത്തിലെ പുതു പ്രവണതയാണ്.

Submitted by Sunil (not verified) on Tue, 2006-04-18 12:01.

തള്ളയെതല്ലിയാലും രണ്ടഭിപ്രായമുള്ള നാടല്ലെ. ഇവിടെ ബുദ്ധിജീവികളെ സമ്മതിപ്പിച്ചുകൊണ്ട്‌ ഒന്നും നടക്കില്ല. വേറിട്ട ചിന്തകള്‍ വേരറ്റ ചിന്തകള്‍....
തെറ്റുകളും ശരികളും ഇപ്പോള്‍ ആപേക്ഷികം മാത്രം. ഭൂരിപക്ഷത്തിനാണ് സ്ഥനം എവിടേയുമല്ല ജനങാളോട്‌ പറയുമ്പോള്‍ മാത്രം. അല്ലെങ്കില്‍ ചരട്‌ വലിക്കുന്നത്‌ മൂലധനതാല്‍‌പ്പര്യമുള്ളവര്‍.

Submitted by salim (not verified) on Tue, 2006-04-25 16:02.

Dear

I would have appreciated Arundathi Roy if she had dressed modestly - speaking high values and morals with exposed breast, in my opinion is hypocrasy. I am not saying she should dress fully covered, but at least she can wear decent dress, showing clevage is a way of 'marketing'.

Regards