തര്‍ജ്ജനി

കാര്‍ഷികം

നെല്‍ക്കൃഷി : ചില ഓര്‍മ്മകളിലൂടെ

തിരുവനന്തപുരം നഗരത്തിന് വെളിയില്‍‌ വിളപ്പില്‍‌ എന്ന ഗ്രാമത്തില്‍‌ 1949-ലാണ് എന്റെ ജനനം. ചെറുപ്പം മുതല്‍‌ തന്നെ കൃഷി ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. നാല്‍‌പ്പത്തിയേഴാം വയസിലെ ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് കൃഷിയുമായുള്ള അടുപ്പമാവാം കാരണം. എന്റെ ബാല്യത്തില്‍, കോഴിയെ വളര്‍ത്തി മുട്ട വിറ്റും, ചക്കവെട്ടിയിറുത്ത് ജോലിക്കാന്‍ മുഖാന്തിരം വിറ്റും, ചക്കമടലും പൂഞ്ചും കുരുവും വളരെ രുചികരമായ രീതിയില്‍ കറിവെച്ചു തന്നും എന്റെ മൂത്ത സഹോദരങ്ങളുടെ കോളേജ് വിദ്യാഭ്യാസത്തിന് പണം കണ്ടെത്തുന്ന അമ്മയെ ചുറ്റിപ്പറ്റിയാണ് ആരംഭം. ചെറുപ്രായത്തില്‍ വീട്ടുമുറ്റത്തെ ജാപ്പാണന്‍ തെങ്ങില്‍ കയറാനറിയാത്തതുകൊണ്ട് പടി വെട്ടി കയറി കരിക്ക് കുടി പഠിച്ചു. അമ്മ കാണാതെ കോഴിമുട്ടയും പച്ചയായി കുടിച്ചിട്ടും ഉണ്ട്. ഇവയെല്ലാം ജൈവാഹാരമായിരുന്നുവെന്ന് ഇപ്പോള്‍ മനസിലാക്കുന്നു.

കാളവണ്ടികളായിരുന്നു അന്നത്തെ പ്രധാന യാത്രാവാഹനം. കൂടുതലും ഇടവഴികള്‍. ചെറിയ പാടങ്ങളിലെ നെല്ല്‌, മരച്ചീനി, തെങ്ങ്, വാഴ മുതലായവയാണ് കൃഷി. പോത്തുകളെക്കൊണ്ട് ഉഴുതാണ് കൃഷിസ്ഥലം തയ്യാറാക്കിയിരുന്നത്. അന്നത്തെ കേന്ദ്ര മന്ത്രി എസ്.കെ.ഡേ തറക്കല്ലിട്ട് കോപ്പറേറ്റീവ് ഫാര്‍മിംഗ് സൊസൈറ്റി എന്ന പേരില്‍ കുറച്ചുകാലം ജപ്പാന്‍ കൂട്ടുകൃഷി സമ്പ്രദായം നടന്നു. അപ്പോള്‍ ഉപയോഗിച്ച പ്രധാന വളം വലിയ തുറ സീവേജ് ഫാമിലെ മനുഷ്യവിസര്‍ജ്യവും ചവറും ചേര്‍ന്ന കമ്പോസ്റ്റ് ആയിരുന്നു. സൊസൈറ്റി പരാജയപ്പെട്ടപ്പോള്‍ നാടന്‍ നെല്‍വിത്തിനങ്ങളില്‍നിന്ന് ഇന്നു കിട്ടുന്ന വിളവിനേക്കാള്‍ കൂടിയ വിളവ് ലഭ്യമായിരുന്നു. ഇന്നും ആ കെട്ടിടം ശൂന്യമായി കിടക്കുന്നു.

നെല്‍ കൃഷിയും കൊയ്ത്തും ഒരു ഉത്സവം പോലെയായിരുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍ ആ സമയത്തും ഉണ്ടായിരുന്നു. ഒരിക്കല്‍ എന്റെ അമ്മ ഉള്‍പ്പെടെ നടാനിറങ്ങിയ സംഭവം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ചിങ്ങത്തിലെ കൊയ്തുകഴിഞ്ഞാലുടന്‍, അടുത്ത കൃഷിയിറക്കിനുള്ള തിരക്കാവും. മരങ്ങളുടെ പച്ചില, കുറ്റികളുടെ മുകളില്‍ വെച്ച് അരിഞ്ഞ് ചേര്‍ക്കുന്ന പതിവുണ്ട്. അത് മണ്ണില്‍ ഉഴുതു ചേര്‍ത്ത് പാകപ്പെടുത്തണം. രണ്ടുപ്രാവശ്യത്തെ കൃഷിയിറക്കിനും കുംഭമാസത്തില്‍ നിലം ഉഴുതു് പയര്‍, ഉഴുന്ന് മുതലായവ പാകുന്ന സമയവും ഒഴികെ പോത്തുകള്‍ക്ക് വേറെ ജോലിയില്ല, അതുകൊണ്ട് അവയുടെ തീറ്റ അധിക ചെലവ് ആയിരുന്നു. ഞങ്ങളുടെ വക ഒരു പോത്തിനൊപ്പം, അമ്മാവന്റെ ഒരു പോത്തിനെ കൂടി കൊണ്ടുവന്നാണ് ഇതു പരിഹരിച്ചിരുന്നത്. ഭൂവുടമകളില്‍ ആരെങ്കിലും തൊഴിലാളികള്‍ക്കൊപ്പം പണിയെടുക്കുവാന്‍ കാണും. നടവ് ദിവസങ്ങളില്‍ പണി കഴിഞ്ഞ് പണിക്കാര്‍ക്ക്, പുഴുക്കും കഞ്ഞിയുമാണ് ആഹാരം. കൊയ്ത്ത് സമയത്ത് കൊയ്തിടുന്ന പാട്ടയില്‍ നിന്ന് ഒരംശം പ്രധാന തൊഴിലാളിക്ക് നല്‍കിയിരുന്നു. മണ്ണിനെയും ചെടികളെയും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു. കാര്‍ത്തികയ്ക്ക് പന്തങ്ങള്‍ കൊളുത്തി നെല്‍പ്പാടങ്ങളില്‍ നിരത്തി നിറുത്തിയിരുന്നത് ചന്തത്തിനുവേണ്ടിയായിരുന്നില്ല, മറിച്ച് കീട നിയന്ത്രണമായിരുന്നു ലക്ഷ്യം. പിന്നീട്, വിളപ്പില്‍ ഗ്രാമം രണ്ടായി വിഭജിച്ചപ്പോള്‍ വിളവൂക്കല്‍ എന്ന ഗ്രാമവാസിയായി ഞാന്‍ മാറി.

എന്റെ ചെറുപ്പകാലത്ത് നെല്‍ച്ചെടിയ്ക്ക് വലിയ രോഗങ്ങളൊന്നും ഇല്ലായിരുന്നു. അന്നത്തെ ഏറ്റവും വലിയ പ്രശ്നം തോടുകള്‍ പൊട്ടിയൊഴുകി നെല്‍പാടത്ത് നഷ്ടമുണ്ടാക്കുന്നതായിരുന്നു. മഴയും നനഞ്ഞുകൊണ്ടു് ഗ്രാമവാസികളുടെ കൂട്ടായ പ്രയത്നമാണ് അതിന് താത്‌കാലിക പരിഹാരം കണ്ടെത്തിയിരുന്നത്. കൊയ്തുകഴിയുമ്പോള്‍ കളകളില്ലാത്ത കുക്കിരി (മണ്ണിരയുടെ വിസര്‍ജ്യം) നിറഞ്ഞ നെല്‍പ്പാടങ്ങള്‍ പത്തായം നിറയെ നെല്ലും തന്നിരുന്നു. പത്തായത്തിലെ നെല്ലിന് ഒരു കീടനാശിനിയുടെയും ആവശ്യമുണ്ടായിരുന്നില്ല.

വാങ്ക്, കുറ്റിചെറയാടി, തുളുനാടന്‍, പട്ടാമ്പി തുടങ്ങിയ ഉയരം കൂടിയ നെല്‍വിത്തിനങ്ങള്‍ ചാണകവും, കടലപുണ്ണാക്കും, പച്ചിലയും, മനുഷ്യവിസര്‍ജ്യവും ചവറും ചേര്‍ന്ന കമ്പോസ്റ്റും ഉപയോഗിച്ച് കൃഷിചെയ്യുകയും 40 മേനി വിളവ് ലഭിക്കുകയും അത് അവിച്ചു കുത്തി തിന്നുകയും ചെയ്ത ഗുണം ഇനി സ്വപ്നം കാണാന്‍ കഴിയുമോ? നെല്ലിന് ഉയരം കൂടുതലാകയാല്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതക്കുറവ് കളകളെ വളരുവാന്‍ അനുവദിച്ചിരുന്നില്ല. അത് പ്രകൃതിയുടെ ഒരു രീതിയായിരുന്നു.

ഒരുപറ നിലം മൂന്നുപേര്‍ കൊയ്തിരുന്നത് മൂന്നു പറ നെല്ലിന്റെ കൂലിയ്ക്കായിരുന്നു. ഉച്ചയോടെ തീര്‍ന്നിരുന്ന ജോലിക്ക് ഒന്നര തൊഴിലാളിയുടെ ശമ്പളത്തിന് തുല്യമായ നെല്ലാണ് ലഭിച്ചിരുന്നത്. നിലം കൊയ്യുവാന്‍ മത്സരമായിരുന്നു. നേരം പുലരുന്നതിന് മുമ്പുതന്നെ ഗ്രൂപ്പുകളായി വയലിന്റെ കരയില്‍ ആളുകള്‍ സ്ഥാനം ഉറപ്പിച്ച ആളുകളെ കാണാം അന്നൊക്കെ.

നെല്‍കൃഷിക്കായി ഞാറുകള്‍ തയ്യാറാക്കിയിരുന്ന ഞാറ്റടികളില്‍ ഇഞ്ചി, മധുരക്കിഴങ്ങ് മുതലായവയും കൃഷിചെയ്തിരുന്നു. കിളച്ചെടുക്കുന്ന മധുരക്കിഴങ്ങ് തട്ടിന്‍ പുറത്ത് നിരത്തിയിട്ട് മാസങ്ങളോളം ഉപയോഗിക്കുമായിരുന്നു. ഇഞ്ചിയുടെ മൂന്നു നാലു മൂടുകള്‍ വീട്ടുമുറ്റത്ത് നിലനിറുത്തും ആവശ്യത്തിന് ഉപയോഗിക്കുവാന്‍. ദഹനക്കേടിനുള്ള പ്രതിവിധിയാണത്. പയറിന്റെയും ഉഴുന്നിന്റെയും വിത്തുകള്‍, കരിച്ചെടുത്ത മൺകലങ്ങളില്‍ നിറച്ച് മുകളില്‍ കാന്താരിമുളകില നിരത്തി അതിന് മുകളില്‍ മണല്‍ നിറച്ച് സൂക്ഷിക്കുന്നതിലൂടെ കീടബാധ ഒഴിവാക്കുവാന്‍ കഴിയുമായിരുന്നു.

പള്ളിക്കൂടത്തില്‍
കരമനയാര്‍ വള്ളത്തിലൂടെ കടന്ന് രണ്ട് കിലോമീറ്റര്‍ നടന്നാണ്, തിരുമല എ എം എച്ച് എസില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കാന്‍ പോയിരുന്നത്. ഇടവപ്പാതി തുലാവര്‍ഷസമയങ്ങളില്‍ ഒരടിമുതല്‍ രണ്ടടിവരെ ഉയരത്തില്‍ വന്നടിയുന്ന എക്കല്‍മണ്ണ് നീക്കി മാറ്റിയായിരുന്നു വള്ളത്തില്‍ കയറിയിരുന്നത്. തലച്ചുമടുമായി വരുന്ന സ്ത്രീകളും സ്കൂള്‍ കുട്ടികളും കൂടി വലിയ ബഹളമായിരിക്കും. ഇരുകരയും മുട്ടി ഒഴുകുന്ന വെള്ളത്തില്‍ നാലും അഞ്ചും പേര്‍ ചേര്‍ന്ന് പച്ച മടലുകള്‍കൊണ്ടാണ് തുഴഞ്ഞിരുന്നത്. ആ എക്കല്‍ മണ്ണ് അഗസ്ത്യ വനം നല്‍കിയിരുന്ന സമ്പത്തായിരുന്നു. അത് വന്നടിയുന്ന നെല്‍പ്പാടങ്ങള്‍ വളരെ ഫലഭൂയിഷ്ഠമായിരുന്നു.

സ്കൂളില്‍ പഠിക്കുന്നകാലത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നിരുന്ന എക്‌സിബിഷന്‍ കാണുവാന്‍ പോകുമായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല സ്റ്റാളില്‍നിന്നും പച്ചക്കറി വിത്തുകള്‍ വാങ്ങി നട്ടപ്പോള്‍ പുറമെ കണ്ട വെള്ളരിയ്ക്കയുടെ പടം വലിയതും ഞാന്‍ നട്ട് കായ്ച്ചത് നാലിഞ്ച് നീളമുള്ളതും. എനിക്കപ്പോള്‍ വല്ലാത്ത നിരാശയായിപ്പോയി. എന്നാല്‍ സര്‍വകലാശാലയിലെ വിളവുകള്‍ കണ്ടാല്‍ നല്ലതായിരുന്നു.

പട്ടാളത്തിലെ കൃഷി
എം ജി കോളേജിലെ പ്രീഡിഗ്രി പഠനകാലത്തെ സമരങ്ങളാണ്, പഠിത്തം മതിയാക്കി പട്ടാളത്തില്‍ ചേരുവാന്‍ കാരണമായത്. നാട്ടിലെ കൃഷിയില്‍ നിന്നു കിട്ടിയ അനുഭവം പട്ടാളത്തില്‍ പച്ചക്കറി ത്തോട്ടം ഉണ്ടാക്കുവാനും, പൂന്തോട്ടം പരിപാലിക്കുവാനും സഹായിച്ചു. വെളുത്തുള്ളി, മുള്ളങ്കി, ഉരുളക്കിഴങ്ങ് മുതലായവയ്ക്ക് വളമായി ഉണങ്ങിപ്പൊടിഞ്ഞ മനുഷ്യവിസര്‍ജ്യം ഉപയോഗിക്കുകയും നല്ല വിളവുണ്ടായി. യുദ്ധമുറകളുടെ പരിശീലനസമയത്ത് ട്രഞ്ചുകള്‍, ഗൺപിറ്റുകള്‍ മുതലായവ കുഴിക്കുവാന്‍ സഹായകമായി കൃഷിയിലെ പരിചയം സഹായിച്ചു. പട്ടാളത്തില്‍ വിശ്രമത്തിന് രണ്ടുമാസത്തെ അവധി ലഭിക്കും. എന്നാല്‍ എനിക്കത് കഠിനാധ്വാനത്തിന്റെ ദിനങ്ങളായിരുന്നു. ചരിഞ്ഞുകിടന്ന ഭൂമി പിക്കാസുകൊണ്ട് തൊഴിലാളികള്‍ക്കൊപ്പം കുത്തിയിളക്കി മൺകട്ടകള്‍കൊണ്ട് കയ്യാലകള്‍ ഒരുക്കി വാഴ നട്ടിരുന്നു. ഞാന്‍ അവധിക്കു നാട്ടില്‍ വരുന്ന സമയങ്ങളില്‍ പുരയിടത്തിലെ കുളത്തില്‍ അമ്മാവന്‍ തീറ്റകൊടുത്ത് വളത്തുന്ന നെടുമീനായിരുന്നു വലിയ പ്രലോഭനം.

കൃഷി നശിച്ച വിധം
ഉയരം കുറഞ്ഞ നെല്ലിനങ്ങളും രാസവളങ്ങളും കീടനാശിനികളും പ്രയോഗത്തിലായതോടെയാണ് കളകളും വളരാന്‍ തുടങ്ങിയത്. രാസവളപ്രയോഗം മണ്ണിലെ ജൈവാംശത്തെ നശിപ്പിച്ചു. ബ്രൌൺ ഹോപ്പര്‍, ഇലപ്പുഴു, തടപ്പുഴു, മുഞ്ഞ, ഏഴിയാന്‍ മുതലായ പ്രശ്നങ്ങള്‍ക്ക് അത് കാരണമായി. മനുഷ്യനെപ്പോലെതന്നെ ചെടികള്‍ക്കും ആന്റി ബോഡീസ് ഉണ്ടാക്കുവാനുള്ള ശേഷിയുണ്ട്. രാസവളപ്രയോഗത്തോടെ നഷ്ടമായത്‌ ഈ ശേഷിയാണ്. നെല്‍കൃഷിയുടെ പതനം അവിടുന്നൊക്കെയാണ് ആരംഭിക്കുന്നത്. പിന്നീട് നാടന്‍ നെല്‍വിത്തിനങ്ങള്‍ കിട്ടാതായി. 1990 കാലഘട്ടത്തിലെ മഴക്കുറവ് നെല്‍ കൃഷി പാടെ തകര്‍ത്തു. പലരും നെല്‍പ്പാടങ്ങള്‍ നികത്തി തെങ്ങു വച്ചു. 85-ല്‍ പുരുഷ തൊഴിലാളിയ്ക്ക് 21 രൂപ വേതനവും ഒരു പറനെല്ലിന് 30 രൂപയും ആയിരുന്നു. അപ്പോള്‍ കൃഷി ലാഭകരവും ആയിരുന്നു. 90 ആയപ്പോഴേയ്ക്കും 60 രൂപ കൂലിയും നെല്ലിന് 30 രൂപയും അതോടെ പ്രശ്നങ്ങളും ആരംഭിച്ചു. 95 ആയപ്പോള്‍ കൂലി 100 രൂപയായി വീണ്ടും ഉയര്‍ന്നു, നെല്ലിന്റെ വില 60 രൂപയും.

കൃഷിവകുപ്പും അനുസാരികളും
കേരളത്തിലെ കൃഷിവകുപ്പില്‍, കൃഷി ഓഫീസര്‍ക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ കൂടുതലാണ്. അതിനാല്‍ തന്നെ മൊത്തം ശമ്പളമിനത്തിലും ഇവര്‍തന്നെയാണ് മുന്‍പന്തിയില്‍. പഞ്ചായത്തു തലങ്ങളില്‍ പോലും വേണ്ടപ്പെട്ടവര്‍ക്ക് സബ്‌സിഡി നല്‍കുക എന്നതില്‍ കവിഞ്ഞ് കൃഷി വകുപ്പ് ഒന്നും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. സബ്‌സിഡികള്‍ കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിക്കുവാന്‍ നല്‍കുന്നതാണ്. മൃഗസംരക്ഷണവും കൃഷിയും തമ്മില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ബന്ധമുണ്ട്. അതിനെ വെവ്വേറെ നിറുത്തിയാല്‍ സര്‍വനാശമാണ് ഫലം. എല്ലാ ഉത്‌പന്നങ്ങള്‍ക്കും പ്രതിഹെക്ടര്‍ ഉത്‌പാദനചെലവ് കണക്കാക്കണമെന്നിരിക്കെ റബ്ബറിനൊഴികെ മറ്റൊന്നിനും അതു നടക്കുന്നില്ല. ഒരു കൃഷി ഓഫീസറുടെ സാങ്കേതിക ജ്ഞാനം പൊതുകൃഷിയിടങ്ങളില്‍ പ്രയോജനപ്പെടുത്തുന്നുമില്ല. കൃഷിയെ അവഗണിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം എന്നു സംശയം കൂടാതെ പറയാം. കള്ളക്കണക്കുകളാണ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പേരില്‍ പ്രചരിക്കുന്നത്, അതാണ് ആദ്യം തിരുത്തേണ്ടത്.

കൃഷിഭവനുകളിലൂടെ ശമ്പളമായും സബ്‌സിഡിയായും മറ്റും ചെലവാക്കുന്ന ലക്ഷങ്ങള്‍ ഒരിടത്തുമെത്താതെ പോവുകയാണ്. ആദ്യമായി വേണ്ടത് പഞ്ചായത്തു തലത്തിലെ കൃഷിയെ സംബന്ധിച്ച സുതാര്യമായ സ്റ്റാറ്റിസ്റ്റിക്‌സ് എടുക്കണം. പാഴായി പോകുന്ന ലക്ഷങ്ങളുടെ കണക്കെങ്കിലും വെളിച്ചം കാണും. കൃഷി ഓഫീസര്‍ എപ്പോഴും തെരക്കിലാണ്. ഒരു ദിവസം എ.ഡി.ഒ ഓഫീസില്‍ മീറ്റിംഗ്, വേറൊരു ദിവസം പി.എ.ഒ ഓഫീസില്‍ മീറ്റിംഗ്, മറ്റൊരുദിവസം മണ്ണുഗവേഷണ കേന്ദ്രത്തില്‍ മീറ്റിംഗ്, മറ്റൊരു ദിവസം മന്ത്രിയുടെ ഉദ്ഘാടനം അങ്ങിനെ പോകുന്നു കണക്കുകള്‍. കുറ്റം പറയരുതല്ലോ കര്‍ഷകരുടെ ചില അറിവുകള്‍ ചോര്‍ത്തിയെടുത്ത് കാര്‍ഷിക കോളേജില്‍ എത്തിച്ചാല്‍, ഒരാള്‍ക്ക് പി.എച്ച്.ഡി യ്ക്ക് വകയുണ്ടാക്കാം.

ചന്ദ്രശേഖരന്‍ നായര്‍
Subscribe Tharjani |