തര്‍ജ്ജനി

യാത്ര

ഉത്തരകാശി - രണ്ട്‌

സമുദ്രനിരപ്പില്‍ നിന്നും 1558 മീറ്റര്‍ ഉയരത്തില്‍ രണ്ടു നദികള്‍ക്കിടയിലായിട്ടാണ് ഈ കൊച്ചുനഗരം സ്ഥിതിചെയ്യുന്നത്. ദേവദാരു തുടങ്ങി അനേകതരം വൃക്ഷങ്ങളാല്‍ നിറഞ്ഞു് ആകാശം മുട്ടിനില്‍ക്കുന്ന വാരണാവത പര്‍വ്വതത്തിന്റെ താഴ്വരയിലാണ് ഉത്തരകാശി. പര്‍വ്വതത്തിന്റെ തെക്കും കിഴക്കും താഴ്വരകളിലൂടെ ഭാഗീരഥി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഭാഗീരഥിയില്‍ വന്നു ലയിക്കുന്ന വരുണ അസി എന്ന രണ്ടു നദികളുടെ മദ്ധ്യത്തിലായാണ് ഉത്തരകാശി സ്ഥിതിചെയ്യുന്നതു്. കിഴക്ക് ഭാഗത്ത് ഹരിപര്‍വ്വതവും തലയുയര്‍ത്തി നില്‍ക്കുന്നു. വാലഖില്യപര്‍വ്വതത്തിന്റെ സമീപത്തുള്ള കൊടുംവനത്തിലായിരുന്നത്രെ നചികേതസ്സിന്റെ വാസസ്ഥാനം.

ദൈവനിയോഗത്താല്‍ യമസന്നിധിയിലെത്തി മരണത്തിന്റെ രഹസ്യം ഉപദേശിച്ചു തരാന്‍ ആവശ്യപ്പെട്ട നചികേതസ്സ്! മനുഷ്യലോകത്തില്‍ ലഭിക്കാവുന്ന എല്ലാ സുഖഭോഗങ്ങളും നീ ആവശ്യപ്പെട്ടോള്ളൂ മരണത്തെപ്പറ്റി മാത്രം ചോദിക്കാതിരിക്കുക എന്നു പറഞ്ഞ യമനോട് നചികേതസ്സ് പറയുന്ന ധീരവും ഉണര്‍വ്വുള്ളതുമായ വാക്കുകള്‍ ആരെയാണ് കോരിത്തരിപ്പിക്കാതിരിക്കുക. “ക്ഷണികവും നശ്വരവുമാ‍യ സുഖഭോഗങ്ങളില്‍ രമിക്കുന്നതുകൊണ്ട് ഇന്ദ്രിയബലം നശിക്കുമെന്നല്ലാതെ എന്തു ഫലം. എനിക്കു വേണ്ടത് അതൊന്നുമല്ല. മനുഷ്യജീവിതത്തില്‍ മഹത്തായ ഫലം നല്‍കുന്ന പരലോകവിദ്യയെപ്പറ്റിയുള്ള സംശയങ്ങള്‍ പരിഹരിക്കത്തക്ക ആത്മജ്ഞാനം എനിക്കു ഉപദേശിച്ചു തരിക. അതല്ലാതെ നചികേതസ്സിനു് ഒന്നും വേണ്ട.” അദ്ധ്യാത്മലോകത്തു് എന്നും ജ്വലിച്ചു നില്‍ക്കുന്ന പ്രകാശഗോപുരമാണ് നചികേതസ്സ്. ആ സ്ഥൈര്യവും ലക്ഷ്യബോധവും എന്നും ഏവര്‍ക്കും മാതൃകയായിരിക്കുന്നു.

ഉത്തരകാശിയിലെത്തുമ്പോള്‍ വൈകുന്നേരത്തോടടുത്തിരുന്നു. ആദ്യം കണ്ട ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. എവിടെ നോക്കിയാലും ജഢാധാരികളായ ബാബമാര്‍ വലിയ ശൂലവും പിടിച്ചു നടക്കുന്നതു കാണാം. ഇതു് ശരിക്കും ഒരു കൊച്ചുപട്ടണം തന്നെയാണ്. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എന്തും ഇവിടെ കിട്ടുമായിരിക്കും. വിശപ്പു മാറിയതോടെ ഇനി കിടക്കാനുള്ള ഇടമന്വേഷിക്കാമെന്നായി. അങ്ങനെ പ്രസിദ്ധമായ കൈലാസാശ്രമത്തിലെത്തി. ആശ്രമത്തില്‍നിന്നു വരുന്നവരാണെന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് സംശയം. ഞങ്ങളില്‍ കാര്യമായ സാമിത്തമൊന്നും ഇല്ലായിരിക്കണം. സ്വാമിമാര്‍ തമ്മിലുള്ള കുശുകുശുക്കലിനൊടുവില്‍ മുറി തരാന്‍ അവര്‍ തീരുമാനിച്ചു. ആണ്‍പെണ്‍ വര്‍ഗ്ഗം ഒന്നിച്ചു യാത്ര ചെയ്താല്‍ എവിടെയും ഉണ്ടാകാവുന്ന അനുഭവം. മുറിയുടെ ചാവി തരുമ്പോള്‍ സ്വാമി പറഞ്ഞു: ‘പോകുമ്പോള്‍ ഡൊണേഷന്‍ തരണം.’

നല്ല ക്ഷീണമുണ്ടായിരുന്നു. മുറിയില്‍ കയറി കുളിയും അലക്കുമെല്ലാം കഴിഞ്ഞ് കട്ടിലിലേക്കു ചാഞ്ഞപ്പോള്‍ മണിയടിശബ്ദം കേട്ടു. മുകളിലത്തെ നിലയിലാണ് ഞങ്ങളുടെ മുറി. ഭാഗീരഥി ആശ്രമത്തിനു മുമ്പിലൂടെ പാറകളില്‍ വന്നടിച്ചു പൊട്ടിച്ചിരിച്ച് ഒഴുകുന്നു. പൌര്‍ണ്ണമി അടുത്തതിനാലാവാം വെളുക്കനെ ചിരിച്ചാണ് അവളുടെ യാത്ര. വെണ്ണിലാവിന്റെ കുളിര്‍മ്മ ഇനി ദിവസം കഴിയുംതോറും കൂടിക്കൂടി വരുമല്ലോ എന്നോര്‍ത്തപ്പോള്‍ നല്ല സന്തോഷം തോന്നി. ഭാഗീരഥിയ്ക്കപ്പുറത്തു് മലനിരകള്‍ ആകാശം മുട്ടി നില്‍ക്കുന്നത് നിലാവൊളിയില്‍ കാണാമായിരുന്നു. ഭാഗീരഥിയുടെ അഴിഞ്ഞാട്ടവും മലനിരകളുടെ മൌനഭാഷണവും ശ്രദ്ധിച്ച് മുകളിലത്തെ വരാന്തയില്‍ എത്രസമയം നിന്നെന്നറിയില്ല. നിലാവിന്റെ ഇളം ചൂടില്‍ ഉത്തരകാശിയിലെ തണുപ്പെല്ലാം ആവിയായിപ്പോയിരിക്കുന്നു..

‘ആരതിക്കു സമയമായി’ ഞങ്ങളെ കടന്നു പോയ സ്വാമി പറഞ്ഞു.

ഞങ്ങള്‍ സ്വാമിയുടെ പിന്നാലെ നടന്നു. ആശ്രമത്തിലെ ഒരു മന്ദിറിനു ചുറ്റും സ്വാമിമാരും ആശ്രമത്തിലെ ബ്രഹ്മചാരികളും ഞങ്ങളെപ്പോലെയെത്തിയിട്ടുള്ള യാത്രികരും മന്ത്രം ഉരുവിട്ട് വലം വയ്ക്കുന്നു. അതില്‍ ചേരാമെന്നു കരുതി ഞങ്ങളും അടുത്തേക്കു നടന്നു.

എന്തോ ഒരു അത്യാഹിതം സംഭവിക്കാന്‍ പോകുന്നു എന്ന പോലെ എല്ലാവരും കണ്ണുമിഴിച്ചുകൊണ്ടു് കൂട്ടത്തില്‍ ചേരരുതെന്നു് ആംഗ്യം കാണിച്ചു. അടുത്തു നിന്നിരുന്ന ആളോടു് അന്വേഷിച്ചപ്പോഴാണു് പിടി കിട്ടിയതു്. സംഭവം ഏകലോകവീക്ഷണം തന്നെ. സ്ത്രീകള്‍ അവര്‍ക്കൊപ്പം പ്രദക്ഷിണം ചെയ്യാന്‍ പാടില്ലത്രെ. എനിക്കു വേണമെങ്കില്‍ ചേരാമെന്നു പറഞ്ഞു. എനിക്കതിന്റെ ആവശ്യം തോന്നിയില്ല.

എല്ലാവരും ഒന്നാണെന്നും ഒരു തരത്തിലുമുള്ള ഭേദചിന്തയും പാടില്ലെന്നും തട്ടിവിടും. ദേവിയുടെ വിഗ്രഹം വച്ചു് കരഞ്ഞു വിളിക്കും.. സ്ത്രീയെ ദേവിയായി കാണണമെന്നു് ഉപദേശിക്കും. ജീവനുള്ള ഒരു സ്ത്രീയെ മുമ്പില്‍ കണ്ടാല്‍ നിഷിദ്ധം. ഇത്രയടി അകലെ നിന്നേ സ്ത്രീയെ കാണൂ എന്നു ദൃഢനിശ്ചയം ചെയ്തവരുണ്ടു്. ആണായാലും പെണ്ണായാലും മനുഷ്യനെ സ്പര്‍ശിക്കുകയേയില്ല എന്നു് കടും‌പിടുത്തം പിടിക്കുന്നവരുണ്ടു്. ആശയലോകത്തു മാത്രമേ ഇവര്‍ക്കു് അദ്വൈതവും സ്നേഹവും ഒക്കെയുള്ളൂ. യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ ഭീരുക്കളും ഭീതിതരും അന്ധവിശ്വാസികളും ക്രൂരരുമാണു് ഇവര്‍. ഇതു് എല്ലാ മതത്തിന്റെയും പ്രശ്നമാണു്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന മനുഷ്യന്റെ സ്ഥിതിയാണിതു്. മനുഷ്യനെ ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്കു കൊണ്ടു പോകുന്ന അന്തഃസാരശൂന്യമായ വിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാത്തിടത്തോളം കാലം മതത്തിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. കാലദേശങ്ങള്‍ക്കനുസരിച്ചു് ആവശ്യം വേണ്ടുന്ന മാറ്റങ്ങള്‍ വരുത്താന്‍ മതാദ്ധ്യക്ഷന്മാര്‍ തയ്യാറായേ മതിയാവൂ.

ഞങ്ങള്‍ മുറിയിലേക്കു മടങ്ങി. എനിക്കു വളരെ വിഷമം തോന്നി. ഓരോരുത്തരുടെയും വിശ്വാസങ്ങള്‍ ഓരോ രീതിയിലായിരിക്കാം. അതിനു് ഇങ്ങനെ കണ്ണുകൊണ്ടാക്രോശിക്കണോ. സൌമ്യമായി പറഞ്ഞാല്‍ പോരേ. ഋഷീശ്വരന്മാര്‍ തപം ചെയ്ത ഈ പുണ്യഭൂമിയില്‍ സ്നേഹത്തിനും സാഹോദര്യത്തിനും മര്യാദയ്ക്കും ഒരു വിലയും ഇല്ലാതെ പോയല്ലോ. അരുളിന്റെയും അന്‍പിന്റെയും ഹൃദയവാടിയായിത്തീരേണ്ട ആശ്രമങ്ങള്‍ അവജ്ഞയുടെയും നീരസത്തിന്റെയും വിരസതയുടെയും ഇരുട്ടറകളായി മാറിയിരിക്കുന്നു.

പലപ്പോഴായി ഇന്ത്യയിലെ പല ആശ്രമങ്ങളിലും ഞങ്ങള്‍ക്കു് താമസിക്കേണ്ടി വന്നിട്ടുണ്ടു്. ഗായത്രി നമസ്കരിക്കാനായി ചെല്ലുമ്പോള്‍ പാമ്പിനെ കണ്ടിട്ടെന്ന പോലെ കാലു പിന്നോട്ടു വലിച്ച സ്വാമിമാരും കുറവല്ല. എല്ലാ ആശ്രമവും എല്ലാ സന്യാസിമാരും ഇങ്ങനെയാണെന്നല്ല. എന്നാലും ഭൂരിഭാഗം ആളുകളിലും നിരാസത്തിന്റെ നിഷേധാത്മകത കാണാമായിരുന്നു. ഇതു് വൈരാഗ്യമാണോ? ഞാന്‍ ചിന്തിച്ചിട്ടുണ്ടു്. സ്വന്തം ബോധത്തെ ഇരുട്ടിലോട്ടു നയിക്കുന്ന വിഷയങ്ങളിലുള്ള താല്പര്യമില്ലായ്മയാണു് വൈരാഗ്യമെന്നു് കേട്ടിട്ടുണ്ടു്. സ്ത്രീയല്ല പ്രശ്നമെന്നും സ്ത്രീയെക്കുറിച്ച് തനിക്കുള്ള ധാരണയാണെന്നും തിരിച്ചറിഞ്ഞു അവിടെ തിരുത്തലിനു തയ്യാറായാല്‍ പിന്നെ ഒരിക്കലും സ്ത്രീ തന്റെ ആത്മോല്‍ക്കര്‍ഷത്തിനു തടസ്സമായി നില്‍ക്കുന്നെന്നു് തോന്നുകയില്ല. പ്രസവിച്ച അമ്മയടക്കമുള്ള സ്ത്രീകളോട്‌ ഇത്ര വൈരാഗ്യം തോന്നുകയുമില്ല.

പന്ത്രണ്ടു വര്‍ഷം ഒരു ഗുരുവിന്റെ കൂടെ ജീവിച്ചതുകൊണ്ടോ സ്ത്രീയെ ഒന്നു നോക്കുകയോ തൊടുകയോ ചെയ്യാതിരുന്നതുകൊണ്ടോ കാവി ധരിച്ചതുകൊണ്ടോ ആരെങ്കിലും സന്യാസിയാവുമോ? അഹങ്കാരത്തിന്റെ സ്ഫുരണം ഹൃത്തില്‍ നിലനില്‍ക്കുന്നിടത്തോളം ആരും സന്യാസിയാവുന്നില്ല. അങ്ങനെയാണെങ്കില്‍ വിരലിലെണ്ണാവുന്ന സന്യാസിമാരെ ലോകത്തുണ്ടായിട്ടുള്ളൂ. ബാക്കിയെല്ലാം നാരായണഗുരു പറയുന്ന കപടയതികള്‍ തന്നെ. മനുഷ്യന്റെ വൈകാരികാംശത്തെ അമ്പേ തള്ളിക്കളഞ്ഞു കൊണ്ടുള്ള ആദ്ധ്യാത്മികത കുറെ വിരസാത്മാക്കളെ സൃഷ്ടിക്കുമെന്നല്ലാതെ ആത്മോല്‍ക്കര്‍ഷത്തിലേക്കു നയിക്കുകയില്ല എന്നു് നടരാജഗുരുവും ഗുരുനിത്യയും ഊന്നിപ്പറഞ്ഞിട്ടുള്ളതു് എത്രമാത്രം സത്യമാണെന്നു് യാത്രയില്‍ പലപ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടു്.

ഞാന്‍ എന്നും എന്റേതെന്നും ഉള്ള ബോധം അറ്റുവീണു് ചിദാകാശം അതിരില്ലാത്തവിധം വിശാലമാകുമ്പോള്‍ ഉള്ളില്‍ വന്നു നിറയുന്ന ദൈവീകത ദ്വൈതത്തിനു് അല്പം പോലും ഇടം നല്‍കാത്തവിധം ലയാവസ്ഥയിലേക്കു നയിക്കും. അവിടെയാണു് ഒരുവന്‍ സന്യാസിയായിത്തീരുന്നതു്.

ചിന്തകളുടെ നൂലാമാലകളില്‍ കുടുങ്ങി രാത്രിയുറക്കം ആകെ ഗുലുമാലായി. രാവിലെ നേരത്തെ എഴുന്നേറ്റു കുളിച്ചു പുറത്തിറങ്ങി. ആശ്രമത്തിനടുത്തു തന്നെയാണു് സുപ്രസിദ്ധക്ഷേത്രമായ കാശിവിശ്വനാഥ്. സുഖ് കാ മന്ദിര്‍ എന്നും പറയും. ക്ഷേത്രത്തിനു മുമ്പിലുള്ള ഹാളില്‍ ഒരു വലിയ ത്രിശൂലമുണ്ടു്. ചെമ്പു കൊണ്ടുണ്ടാക്കിയ ഇതിന്റെ കാലിന്റെ ചുറ്റളവു് ഒരു മീറ്ററാണു്. നാലു മീറ്റര്‍ ഉയരമുണ്ടതിനു്. അവിടവിടെയായി പിന്നെയും വലിയ ശൂലങ്ങള്‍ കാണാം. ഭസ്മത്തിന്റെ ഗന്ധം നിറഞ്ഞ ആ ഹാളില്‍ നിറയെ ബാബമാരാണു്. ശരീരം മുഴുവന്‍ ഭസ്മം പൂശി അല്പവസ്ത്രധാരികളായി അവരവിടെ വിഹരിക്കുന്നു. പരശുരാമക്ഷേത്രം, ദത്താത്രേയക്ഷേത്രം, അന്നപൂര്‍ണ്ണാദേവി, കാളി, ഭൈരവന്‍ എന്നീ ക്ഷേത്രങ്ങളും ഇതിനടുത്തായുണ്ടു്. ഒരു കാലത്തു് ഇവിടെ 365-ഓളം ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നത്രെ.

കാശി വിശ്വനാഥനെക്കണ്ടു് പുറത്തിറങ്ങിയപ്പോള്‍ എവിടെയെങ്കിലും ഒന്നിരിക്കണമെന്നു തോന്നി. ഇരിക്കാനുള്ള ഇടം നോക്കി നടക്കുമ്പോഴാണു് ക്ഷേത്രത്തിനു തൊട്ടുള്ള ഒരു ചെറിയ ഗുഹയ്ക്കു പുറത്തു് ജഡാധാരികളായ കുറെ യോഗിമാര്‍ കഞ്ചാവടിച്ചിരിക്കുന്നതു് കണ്ടതു്. അവരുടെ രീതികളൊക്കെ ഒന്നു കണ്ടു കളയാം എന്നു കരുതി അങ്ങോട്ടു നടന്നു.

വെള്ള മുണ്ടും വെള്ള ജൂബായും തലയിലെ ശിര്‍ദ്ദിസായിബാബാ സ്റ്റൈലിലുള്ള കെട്ടും താടിയും കൈയിലൊരു ഉണക്ക വടിയും ഒക്കെ കണ്ടിട്ടാവാം ഞങ്ങള്‍ ആശ്രമവാസികളാണെന്നു് അവര്‍ക്കു ബോദ്ധ്യമായി. യോഗിമാരിലെ മുഖ്യന്‍ ഞങ്ങളെ രണ്ടാള്‍ക്കു മാത്രം ഇരിക്കാന്‍ സൌകര്യമുള്ള ആ ഗുഹയ്ക്കകത്തേക്കു ക്ഷണിച്ചു. ഗുഹയില്‍ മൂന്നടി ചതുരത്തില്‍ ഒരു ഹോമകുണ്ഡമുണ്ട്. ഹിമാലയപ്രദേശങ്ങളില്‍ ഗുഹയില്‍ താമസിക്കുന്ന ഏതു യോഗിയുടെ അടുത്തു പോയാലും ഇങ്ങനെയുള്ള ഹോമകുണ്ഡം കാണാം. അതു് ഹോമം നടത്താന്‍ മാത്രമായുള്ളതല്ല. അതില്‍ ഒന്നോ രണ്ടോ വലിയ മരക്കഷണം ഇരുന്നെരിയുന്നുണ്ടാകും. ചായ, ചോറു് തുടങ്ങി എല്ലാവിധ പാചകപരിപാടികളും അതിലാണു് നടക്കുക. ഇടയ്ക്കിടെ ബീഡി കത്തിച്ചു വലിക്കാനും അവന്‍ വേണം. രാത്രിയിലെ തണുപ്പില്‍ നിന്നും രക്ഷപ്പെടാനുള്ള ഹീറ്റര്‍ കൂടിയാണവന്‍.

പച്ച വിറകാണെന്നു തോന്നുന്നു. ഗുഹ നിറയെ പുകയാണു്. ഗുഹയിലിരുന്നിരുന്ന ചെറുപ്പക്കാരനും ശാന്തനും സൌമ്യനുമായ യോഗി ഉടന്‍ വിറകൂതിക്കത്തിച്ചു് പുകയെല്ലാം കളഞ്ഞു് ഞങ്ങളെ നോക്കി ഒരുഗ്രന്‍ ചിരി പാസ്സാക്കി. അതുപോലൊരു ചിരി കാണണമെങ്കില്‍ വീണ്ടും ഉത്തരകാശിയില്‍ തന്നെ പോകേണ്ടി വരും. നമ്മുടെ നാട്ടിലപ്പോള്‍ ‘പരസ്യപ്പുഞ്ചിരി’ മാത്രമല്ലേ ഉള്ളൂ. അദ്ദേഹം ഞങ്ങള്‍ക്കിരിക്കാനായി ഒരു വിരിപ്പൊക്കെ കുടഞ്ഞു് ശരിയാക്കി. പശുപതിനാഥ് എന്ന ആ യോഗി എല്ലാ കഞ്ചാവുബാബമാര്‍ക്കും സമ്മതനും ആദരണീയനുമായ സത്പുരുഷനാണു്.

ഗുഹയ്ക്കു മുമ്പിലിരുന്നു് വലിച്ചുകൊണ്ടിരിക്കുന്ന യോഗിമാര്‍ കാര്യമായ എന്തോ ചര്‍ച്ചയിലാണെന്നു മുഖം കണ്ടാലറിയാം. അഞ്ചു പത്തു പേരു കാണും. തര്‍ക്കത്തിനിടയില്‍ ഒരാള്‍ ഒരു പുസ്തകം സഞ്ചിയില്‍ നിന്നെടുത്തു് അതിലെ ചില വരികള്‍ ചൂണ്ടിക്കാണിച്ചു് തന്റെ വാദം ശരിയാണെന്നു് തെളിയിക്കാന്‍ ശ്രമിച്ചപ്പോള്‍ അടുത്തിരുന്ന യോഗി ആ പുസ്തകം വാങ്ങി ദൂരേക്കു വലിച്ചെറിഞ്ഞു. എന്നിട്ട് ഏവരോടുമായി പറഞ്ഞു: “ഗുരുക്കന്മാരുടെ വില കളഞ്ഞതു് ഈ പുസ്തകങ്ങളാണു്. വാക്കുകളിലല്ല സത്യമിരിക്കുന്നതു്. നിങ്ങളോടു് ഗുരു പറഞ്ഞിട്ടുണ്ടോ അങ്ങനെ? എങ്കില്‍ ഞാന്‍ വിശ്വസിക്കാം. അല്ലാതെ പുസ്തകം എടുത്തു കാണിച്ചു് എന്നെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ട.”

മറ്റു യോഗിമാരെല്ലാം തലയാട്ടി അദ്ദേഹം പറഞ്ഞതു ശരിവെച്ചു. വളരെ രോഷത്തോടെ യോഗി ഇതു പറയുമ്പോള്‍ പുസ്തകം എടുത്തു കാണിച്ച ഹഠയോഗി മൌനമായി, അതീവശ്രദ്ധയോടെ യാതൊരു വിഷമവും കൂടാതെ കുന്തക്കാലിലിരുന്നു അതെല്ലാം കേട്ടുകൊണ്ടിരിക്കുന്നു. ഇതെന്നെ ആശ്ചര്യപ്പെടുത്തി. നിരഹങ്കാരിയായ ആ ചെറുപ്പക്കാരന്‍ യോഗിക്കുമുമ്പില്‍ ഞാന്‍ മനസ്സുകൊണ്ടു് നമസ്കാരം പറഞ്ഞു.

അവരുടെ സംഭാഷണം ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ പുസ്തകം വലിച്ചെറിഞ്ഞ യോഗി ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു: “ഇതൊക്കെ തമാശയാണു കേട്ടോ. ഞങ്ങളൊക്കെ കൂട്ടുകാരാണു്. വല്ലപ്പോഴുമേ ഇങ്ങനെ ഒന്നിച്ചു കൂടാറുള്ളൂ. പല സ്ഥലങ്ങളില്‍ നിന്നും വരുന്നവരാണു്. ഈ കഞ്ചാവാണു് ഞങ്ങളെ ഒന്നിപ്പിക്കുന്ന സൂത്രം. വഴക്കുകൂടിയും തമാശ പറഞ്ഞു കുറേ നേരം ഇരിക്കും. പിന്നെ ഓരോരുത്തരും അവരവരുടെ പാട്ടിനുപോകും.”

അവിടെ ഉണ്ടായിരുന്ന പ്രായം ചെന്ന ബാബ ഇതിനിടയില്‍ ഞങ്ങള്‍ക്കു് ചായ തന്നു. കടുപ്പമുള്ള ചായ മൊത്തിക്കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ബാബ ചോദിച്ചു:

“തെക്കു നിന്നാണല്ലേ?”
“അതെ. കേരളം.” ഗായത്രി പറഞ്ഞു.
“ഏതാ ആശ്രമം?”
“നാരായണ ഗുരുകുലം”
“നിങ്ങളുടെ സാധനയൊക്കെ എങ്ങനെ? ഹഠയോഗ തന്നെയാണോ? അതോ വേറെ സമ്പ്രദായമോ?”

ഞങ്ങള്‍ മറുപടി ഒന്നും പറയാതെ ചിരിച്ചുകൊണ്ടിരിക്കുന്നതു കണ്ടപ്പോള്‍ അടുത്തിരുന്ന പശുപതിനാഥ്ബാബ പറഞ്ഞു:“നിങ്ങള്‍ അവരോടു് അതൊന്നും ചോദിക്കേണ്ട. അവര്‍ വേറെ സമ്പ്രദായക്കാരാണു്. ഒരാളുടെ സാധന ഏതു രീതിയിലാണെന്നറിയാന്‍ ആര്‍ക്കും അവകാശമില്ല. ചോദിക്കുന്നതു് ശരിയിമല്ല. അവര്‍ പറയുകയാണെങ്കില്‍ കേള്‍ക്കാം അത്രതന്നെ.”

ഓം ശരി, മഹാരാജ് എന്നു പറഞ്ഞു് യോഗി കഞ്ചാവു് ആഞ്ഞു വലിക്കാന്‍ തുടങ്ങി. വട്ടത്തിലിരുന്നു് കൈമാറി കൈമാറിയാണു് വലി. ഒരാള്‍ വലിയ ഭക്തിയോടെ ചെമ്പുകൊണ്ടുണ്ടാക്കിയ പൈപ്പെല്ലാം വൃത്തിയാക്കി അതില്‍ കഞ്ചാവു പൊടിച്ചു നിറക്കും. അതും നോക്കി സാക്ഷാല്‍ ശിവഭഗവാന്റെ മുമ്പിലെന്ന പോലെ ഏവരും കൂപ്പുകൈയോടെ ശിവനു സ്തുതി പറയും. അവര്‍ വലിക്കുന്നതു കഞ്ചാവല്ല, ശിവമൂലിയാണു്. ഉള്ളിലനുഭവിച്ചുകൊണ്ടിരിക്കുന്ന ശിവാനുഭൂതി അഴിഞ്ഞു പോകാതിരിക്കാനുള്ള ഒറ്റമൂലി.

കുറച്ചു കഴിഞ്ഞപ്പോള്‍ ആറരയടി പൊക്കമുള്ള കൃശഗാത്രനും തേജസ്വിയുമായ ഒരു താടിക്കാരന്‍ ബാബ ഏഴരയടി പൊക്കമുള്ള ഒരു ത്രിശൂലവും കുത്തി ഗാംഭീര്യത്തോടെ അവിടെയെത്തി. കൂടെ അഞ്ചുപത്തു ശിഷ്യന്മാരുമുണ്ട്. മദ്ധ്യവയസ്കരായ രണ്ടു സന്യാസിനിമാരും കൂടെയുണ്ട്. എല്ലാ ബാബമാരും അദ്ദേഹത്തിനു നമസ്കാരം പറഞ്ഞു. അമിതമായ ഭക്തിപ്രകടനമൊന്നും അവരില്‍ കണ്ടില്ല. നൂറുവയസ്സു കഴിഞ്ഞ ജീവന്‍ ഭരത്ജി മഹാരാജ് ആണതു്. മുമ്പു് ഈ സദസ്സിലെ സ്ഥിരവാസിയായിരുന്നത്രെ. ഇപ്പോള്‍ വലിയ ഗുരുവാണു്. കുറെ ശിഷ്യരുമൊത്തു കഴിയുന്നു. ഇടയ്ക്കിടെ മന്ദിരില്‍ വരും. ബാബമാരുടെ കൂടെ കുറച്ചുനേരമിരിക്കും. ഒന്നു രണ്ടു പുക എടുക്കും. അമ്പതുവര്‍ഷത്തെ നിരന്തരമായ സാധനയിലൂടെയാണത്രെ അദ്ദേഹംഗുരുവായിത്തീര്‍ന്നതു്. അസാധരണത്വം നിറഞ്ഞ മുഖഭാ‍വം. കണ്ണുകളില്‍ എന്തൊരു തിളക്കം.

അവിടെ നിന്നും എഴുന്നേല്‍ക്കാനേ തോന്നുകയില്ല. എത്ര സ്വാഭാവികമാണു് ഇവരുടെ ജീവിതം. ഒന്നിനും ധൃതിയില്ല. സൌമ്യമായ ഒരൊഴുക്കു പോലെ. അതിശയോക്തിയുടെ നേരിയ സ്പന്ദം പോലുമില്ലാത്ത സംസാരം. ഔപചാരികത ഇവരില്‍ നിന്നും എന്നേ ഒഴിഞ്ഞു പോയിരിക്കുന്നു. എത്ര സഹജമാണു് ഈ സ്നേഹം. നമ്മില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, നമുക്കു് ഒരു പ്രതീക്ഷയും നല്‍കാതെ താനേ ഒഴുകി വരുന്ന സ്നേഹം. ദൈവമേ, ഇതു തന്നെയല്ലേ ഏവരും എത്തിച്ചേരേണ്ടയിടം. ജീവിക്കേണ്ട ജീവിതം. മേഘശകലങ്ങളുടെ സഞ്ചാരം പോലെ, വൃക്ഷത്തലപ്പിന്റെ ഊയലാടല്‍ പോലെ....

മനസ്സില്ലാമനസ്സോടെ ബാബമാരോടു് യാത്ര പറഞ്ഞു് പിന്നിലുള്ള ഹനുമാന്‍ മന്ദിരിലേക്കു പോയി. മന്ദിര്‍ അടച്ചിരുന്നു. മന്ദിരിനു മുമ്പിലുള്ള ഹാളില്‍ ചെന്നിരുന്നു. അവിടെ ഒരു സൌമ്യനായ മനുഷ്യന്‍ ഭക്തിയോടെ എന്തോ ജപിച്ചിരിക്കുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടു. കേദാര്‍സിംഗ് ചൌഹാന്‍. അദ്ദേഹം വിനീതനായി പറഞ്ഞു: “ഞാനൊരു ഹനുമാന്‍ ഭക്തനണു്. ഒന്നും പഠിച്ചിട്ടില്ല. കഴിയുന്നത്ര നന്നായിജീവിക്കാന്‍ ശ്രമിക്കുന്നു. ആരെയും സഹായിക്കാനുള്ള കഴിവൊന്നും എനിക്കില്ല. എങ്കിലും ആരെയും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടു്. കച്ചവടം കഴിഞ്ഞു് കിട്ടുന്ന സമയമത്രയും ഇവിടെ വന്നിരുന്നു് ജപിക്കും. അതാണു് ആകെയുള്ള സമാധാനം”.

“സുഹൃത്തേ, നിങ്ങള്‍ അനുഗ്രഹീതനാണു്. നിങ്ങളുടെ അറിവില്ലായ്മയാണു് നിങ്ങള്‍ക്കു ലഭിച്ചിട്ടുള്ള അനുഗ്രഹം. അറിവിന്റെ ഭാരം കൊണ്ടു് അവസ്ഥത അനുഭവിക്കുന്ന ഒരു സമൂഹത്തില്‍ നിന്നാണു് ഞങ്ങള്‍ വരുന്നതു്. നിങ്ങളെപ്പോലെയുള്ള നിഷ്കളങ്കരായ ഭക്തരില്‍ നിന്നാണു് അറിവിന്റെ ആദ്യപാഠങ്ങള്‍ ഞങ്ങള്‍ ഇനി പഠിച്ചെടുക്കേണ്ടതു്.”

എന്നെ വലിയൊരു ബാബയായി അദ്ദേഹം അംഗീകരിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ പറയുന്ന വാക്കുകളൊന്നും കേള്‍ക്കുന്നതില്‍ ആള്‍ വലിയ താല്പര്യം കാണിച്ചില്ല. ഗായത്രി വിവര്‍ത്തനം നിറുത്തി മൌനമായിരുന്നു. ആള്‍ ഭക്ത്യാദരങ്ങളോടെ എന്റെ മുമ്പില്‍ വിനയവാനായി ഇരുന്നു. ഇങ്ങനെ കുറച്ചു ഭക്തന്മാരെ കിട്ടിയാല്‍ ഒരു ഗുരുവായി വിലസാമല്ലോ എന്നൊരു ചിന്ത ഉള്ളില്‍ നിറയാതിരുന്നില്ല. ഗുരുത്വം ആദ്യം ഇത്തിരി സുഖകരമായി തോന്നും. നമ്മെ കിരീടമണിയിച്ച് സിംഹാസനത്തില്‍ അവരോധിക്കും. അവസാനവിധി കുരിശാ‍രോഹണം തന്നെയായിരിക്കും എന്നു് അനുഭവികള്‍ എഴുതുകയും പറയുകയും ഒക്കെ ചെയ്തിട്ടുണ്ടല്ലോ. ഇല്ലാത്ത ഗുരുത്വം വെടിഞ്ഞു് നാം എന്താണോ അതായി കഴിഞ്ഞാല്‍ മതി എന്നു തീരുമാനിച്ചു് കാറ്റൊക്കെ അഴിച്ചു വിട്ടു. അപ്പോഴേക്കും വെള്ള പൈജാമയും കുര്‍ത്തയും ധരിച്ച ഒരാള്‍ അങ്ങോട്ടു കടന്നുവന്നു. കേദാര്‍സിംഗ് ചാടിയെഴുന്നേറ്റു് അയാളെ തൊഴുതു. ശാന്തിഭായിയെന്നാണു് അദ്ദേഹത്തിന്റെ പേരു്. ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചു് രാമകഥ പാടി പ്രസംഗിക്കുന്ന പണ്ഡിറ്റ്ജിയാണു്. സ്നേഹവാനായ ആ മനുഷ്യന്‍ രാമചരിത് മാനസില്‍ നിന്നുള്ള ഗീതങ്ങള്‍ ശ്രുതിമധുരമായ സ്വരത്തില്‍ പാടി അതിന്റെ അര്‍ത്ഥം പറഞ്ഞു തന്നു. സത്യസന്ധവും നിഷ്കളങ്കവുമായ ഭക്തിയുടെ രസം ഹൃദയത്തില്‍ അനുഭവിക്കുന്നവര്‍ ദൈവമാഹാത്മ്യം പാടുമ്പോള്‍ കേട്ടിരിക്കുന്നവന്റെ ഹൃദയവും ആര്‍ദ്രമാകുമെന്നും കണ്ണു നിറയുമെന്നും പറയുന്നതു് എത്ര സത്യം. എല്ലാം മറന്നു് ദൈവത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ടു് ലയിച്ചിരുന്നു പാടുന്ന ആ മനുഷ്യന്റെ മുഖം ഇന്നും മനസ്സില്‍ പ്രകാശിച്ചു നില്‍ക്കുന്നു.

ഉത്തരകാശിയില്‍ തന്നെയാണു് ശാന്തിഭായി താമസിക്കുന്നതു്. തൊട്ടടുത്ത ഗ്രാമത്തില്‍. “വീടിനോടു തൊട്ടു് ഒരു മുറി പണിതിട്ടിട്ടുണ്ടു്. അതു് സാധകന്മാര്‍ക്കു താമസിക്കാനുള്ളതാണു്. ഇപ്പോള്‍ അവിടെ ഒരു മലയാളി മാതാജി താമസിക്കുന്നു. യാത്രയെല്ലാം കഴിഞ്ഞു് തിരിച്ചു വരുമ്പോള്‍ നിങ്ങള്‍ അവിടെ വരണം. രണ്ടു ദിവസം ഞങ്ങളോടൊത്തു താമസിക്കണം. നിങ്ങളുടെ അറിവുകള്‍ ഞങ്ങളുടെ ഗ്രാമക്കാരുമായി പങ്കുവയ്ക്കണം.” സ്നേഹപൂര്‍ണ്ണമായ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു് മനസ്സില്‍ ഈന്‍ശാ അല്ലാഹ് എന്നും പറഞ്ഞു് ഞങ്ങള്‍ പിരിഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ വിശ്വനാഥക്ഷേത്രത്തിനു മുമ്പിലുള്ള ഹാളില്‍ കഴിയുന്ന ബാബമാരുടെ അടുത്തും കുറച്ചുനേരം ചിലവഴിച്ചു. കുട്ടിശിവന്മാരുടെ കേന്ദ്രം തന്നെ. എന്തോ ഒരു വശ്യത ഈ ക്ഷേത്രാന്തരീക്ഷത്തിനുണ്ടു്. ധ്യാനാന്മകമായ ഒരാകര്‍ഷണം. വീണ്ടും വീണ്ടും വന്നിരിക്കാന്‍ തോന്നുന്ന ഒരടുപ്പം.

കാളീക്ഷേത്രം സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ മഴ തുടങ്ങി. മഴയെല്ലാം അവസാനിച്ചു എന്നു കരുതിയിരിക്കുകയായിരുന്നു. ചാറ്റലോടെ നില്‍ക്കുമെന്നാണു് കരുതിയതു്. എന്നാല്‍ പെട്ടന്നവന്‍ ശക്തിയായി പെയ്യാന്‍ തുടങ്ങി. ഞങ്ങളുടെ കയ്യില്‍ കുടയുമില്ല. ആദ്യം കണ്ട കെട്ടിടത്തിലേക്കു് ഓടിക്കയറി. അതു് ആനന്ദമയീമായുടെ ആശ്രമമായിരുന്നു. ആശ്രമത്തിലെ പ്രശാന്തമായ ധ്യാനമുറിയില്‍ അല്പസമയം മൌനമായിരുന്നു. നല്ല സമാധാനം. അതു് അമ്മ താമസിച്ചിരുന്ന മുറിയാണെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. നിയതി കനിഞ്ഞു നല്‍കിയ അനുഗ്രഹം.

ഷൌക്കത്ത്
Subscribe Tharjani |
Submitted by സുനില്‍ (not verified) on Tue, 2006-04-18 11:57.

ഈ വിവരണം വളരെ ഹൃദ്യമാണെന്ന്‌ വീണ്ടും വീണ്ടും പറയാന്‍ തോന്നുന്നു ഷൌകത്ത്. വിവരണം മാത്രമല്ല, അതിന്റെ കൂടെയുള്ള ചിന്തകള്‍ ഉണ്ടല്ലോ അത്‌ വായനക്കാരേയും കൂടുതല്‍ ചിന്തിപ്പിക്കുന്നു. എല്ല മതാധ്യക്ഷന്മാരും മതവിശ്വാസികളും മനസ്സിലാക്കേണ്ട ചില വിചാരങള്‍ ഷൌകത്ത്‌ ഉള്‍‌ക്കൊള്ളിച്ചതിന് നന്ദി.