തര്‍ജ്ജനി

വായന

നിഴല്‍ക്കുത്ത്‌

നാന്ദി
പൂര്‍വ്വസൂരികളെ അനുസ്മരിച്ച്‌ കൊണ്ട്‌, ബൂലോകമലയാളത്തിനു മാത്രമായി ഒരു അവലോകനം എന്ന നിലയില്‍ ഈ പംക്തിക്ക്‌ നാന്ദി കുറിക്കട്ടെ.

ആന്റണിയുടെ "പോയവാരം", സിബുവിന്റെ "സൂചിക" ഏവൂരാന്റെ "തനി മലയാളം ബ്ലോഗ്‌റോള്‍" സര്‍വ്വോപരി ബൂലോകചിത്രഗുപ്തന്റെ (കടപ്പാട്‌ വായനശാല സുനിലിനോട്‌) മേളം ബ്ലോഗ്‌റോള്‍ എന്നിവയെല്ലാം ആസ്പദമാക്കി ബൂലോകകാഴ്ച്ചകള്‍ കണ്ട്‌, വായിച്ച്‌ രസിക്കുകയാണ്‌ മൂന്നാം തമ്പുരാന്‍. അതിനിടയില്‍ ഒന്നു വിശ്രമത്തിനായി മാറിനിന്നാല്‍, പിന്നീട്‌ ബൂലോകവേഗതയോടോപ്പമെത്തുന്നതിനുള്ള കഷ്ടപ്പാട്‌! അതെനിക്കല്ലെ അറിയൂ? തമ്പുരാന്‍ പലപ്പോഴുമായി, പലകാരണങ്ങളാല്‍, പലകാഴ്ച്ചകള്‍ കാണാതേയും പലതും വായിക്കാതേയും പോകുന്നുണ്ട്‌. അതുകൊണ്ടു തന്നെ പറയുന്നത്‌ മുഴുവനും ശരിയെന്നോ, പറയാത്തത്‌ മുഴുവന്‍ തെറ്റെന്നോ അവകാശപ്പെടുന്നില്ല. ഒറ്റ നോട്ടം, ഒറ്റ വായന, ഒറ്റ എഴുത്ത്‌ അത്രയേ ഉള്ളൂ. ഇത്‌ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ചിന്ത ടീമിനോട്‌ നന്ദിയുണ്ട്‌.

താളിയോലകള്‍ക്ക്‌ പണ്ട്‌ സംഭവിച്ച ഗതിതന്നെ കടലാസു മാദ്ധ്യമങ്ങള്‍ക്കും സംഭവിക്കാമെന്ന ധാരണ നിലവിലുണ്ട്‌. കാലം തെളിയിക്കട്ടെ. പക്ഷേ താളിയോലകളുടെ പിന്നില്‍ മൂലധനത്തിന്റെ ശക്തിയില്ലായിരുന്നു. കടലാസുമാദ്ധ്യമങ്ങളുടെയും, എന്തിന്‌ കമ്പ്യൂട്ടര്‍ അധിഷ്ഠിത മാദ്ധ്യമങ്ങളുടെയെല്ലാം തന്നെ പിന്നില്‍ ചുക്കാന്‍ പിടിക്കുന്ന മൂലധന ശക്തിയെ മറന്നുകൂടാ. അവര്‍ തുറന്നിട്ട തികച്ചും വ്യക്തിഗതമായ പ്രസിദ്ധീകരണമാധ്യമം ആണ്‌ ബ്ലോഗുകള്‍. കുറച്ചുകാലം മുന്‍പുവരെ മലയാളത്തില്‍ ബ്ലോഗുകളുടെ എണ്ണം വളരെ പരിമിതമായിരുന്നു. ഇന്ന്‌ സ്ഥിതി മാറിയതായി തമ്പുരാന്‍ മനസ്സിലാക്കുന്നു. ബ്ലോഗര്‍ ഡോട്ട്‌ കോമിലൂടെയല്ലാതെ മലയാളബ്ലോഗുകള്‍ വളരുന്നത്‌ കമ്മി. റീഡിഫില്‍ ബ്ലോഗിയിരുന്ന രേഷ്മ, ബ്ലോഗര്‍ ഡോട്ട്‌ കോമിലേക്ക്‌ കൂടുമാറിയപ്പോള്‍, കെവിന്‍, ഉമേഷ്‌, പെരിങ്ങോടന്‍ തുടങ്ങിയവര്‍ വേര്‍ഡ്‌ പ്രസ്സിലേക്ക്‌ ചുവടുമാറുന്നു. ഉമേഷടക്കമുള്ളവരുടെ കൂടുതല്‍ പോസ്റ്റുകള്‍ വേര്‍ഡ്‌പ്രസ്സില്‍ വളരെ അടുക്കും ചിട്ടയോടും കൂടി കാണുന്നു എന്നതില്‍ സന്തോഷമുണ്ട്‌. "തുളസി" വേര്‍ഡ്‌ പ്രസ്സില്‍ വളര്‍ച്ചയറ്റുനില്‍ക്കുന്ന പ്രതീതിയുണ്ടെങ്കിലും കെവിന്റെ മറ്റൊരു സൃഷ്ടിയായ അഞ്ജലി ഫോണ്ടിന്‌ വളരാന്‍ നല്ല കാലാവസ്ഥ ഇന്ന്‌ നിലവിലുണ്ട്‌.

ബൂലോകത്ത്‌ ഇന്നുകണ്ടുവരുന്ന നിസ്വാര്‍ഥസേവന താല്‍പ്പര്യവും പരസ്പര സഹകരണസന്നദ്ധതയും കണ്ട്‌ തമ്പുരാന്‍ വളരെ സന്തോഷിക്കുന്നു. വ്യക്തിപരമായി ഉപയോഗിക്കുന്ന ഒരു ടൂളാണ്‌ ബ്ലോഗുകള്‍ എന്നതിനാലും, സ്വകാര്യകാര്യങ്ങള്‍ തമ്മില്‍ തമ്മില്‍ പറയുന്നവര്‍ സ്വാഭാവികമായും അടുപ്പത്തിലാകുമെന്നതിനാല്‍ ഇന്നു കണ്ടുവരുന്ന സഹകരണസ്വഭാവത്തിന്‌ ഭാവിയുണ്ട്‌. അക്ഷരത്തെറ്റുകള്‍ക്ക്‌ ആരുംതന്നെ വേണ്ടത്ര ഗൌരവം കൊടുത്തുകാണുന്നില്ല. എങ്കിലും മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ മറക്കാറില്ല. പലപ്പോഴും ചൂണ്ടിക്കാണിക്കാന്‍ സന്‍മനസ്സുകാട്ടാറുള്ള ഉമേഷ്‌ ഇപ്പോള്‍ അതു നിര്‍ത്തി. ഒരാള്‍ക്ക്‌ കണ്ട്രോള്‍ ചെയ്യാന്‍പറ്റുന്ന വിഷയമല്ല ഇത്‌.

മൌലികമായ ഉപമകളുടെയും പ്രയോഗങ്ങളുടെയും അകമ്പടിയോടെ, നിര്‍മ്മലമായ ഒരു ശൈലിയോടെ കഥകള്‍ പറഞ്ഞ്‌ നമ്മെ ചിരിപ്പിച്ചിരുന്ന സൂര്യഗായത്രി വര്‍ഷം രണ്ടുകഴിഞ്ഞപ്പോഴേക്കും വളര്‍ന്നിരിക്കുന്നു. നര്‍മ്മം മാത്രമല്ല സൂര്യഗായത്രിക്ക്‌ വഴങ്ങുന്നത്‌. "സോണു സ്വീറ്റി" എന്ന പോസ്റ്റ്‌ തന്നെ ഉദാഹരണം. ഒരു തലമുറയുടെ പ്രശ്നം മുഴുവനും സൂര്യഗായത്രി ഇതില്‍ പറഞ്ഞിരിക്കുന്നു. നിഷ്കളങ്കമായി ചിരിച്ചും അതേ നിഷ്കളങ്കതയോടെ കലഹിച്ചും സൂ ഇനിയും വളരട്ടെ.

ബ്ലോഗില്‍ പൊതുവെ കണ്ടുവരുന്ന ഒരു വികാരം നൊസ്റ്റാള്‍ജിയയാണ്‌. വലിയൊരു ഭാഗം കേരളത്തിനുപുറത്തുള്ളവരായതിനാലും ഉള്ളവര്‍ തങ്ങളുടെ കുട്ടിക്കാലത്തെ സ്വപ്നം കാണാന്‍ ആഗ്രഹിക്കുന്നതിനാലും ഈ വികാരം സ്വാഭാവികമാണ്‌. അതില്‍നിന്നെല്ലാം വേറിട്ട്‌, വേറൊരു അനുഭവതലത്തെ സ്പര്‍ശിച്ചതായിരുന്നു സന്തോഷ്‌ പിള്ളയുടെ "ആരായിത്തിരണം” എന്ന പോസ്റ്റ്‌. ലക്ഷ്യത്തെപ്പറ്റി ബോധവാന്മാരല്ലാത്ത നമുക്കും, ലക്ഷ്യത്തിലെത്തിയെന്നുവിചാരിക്കുന്ന പലര്‍ക്കും ഈ പോസ്റ്റൊരു സ്വയം വിലയിരുത്തലിനിടയാക്കി. സന്തോഷിന്റെ "മറുപടി പ്രതീക്ഷിക്കുന്നു" എന്ന കവിതയും ഇത്തരം പ്രത്യേക അവസ്ഥയെ കാണിക്കുന്നുണ്ട്‌.

ഈ മാസം ആദ്യമായി ഒരു പുതിയ ബ്ലോഗര്‍ വന്നു, കല്ലേച്ചി. ചിന്താരീതിയില്‍ വ്യത്യാസം പുലര്‍ത്തുന്നു കല്ലേച്ചി. അവര്‍ കഥയും കവിതയുമെല്ലാം എഴുതുന്നു. എല്ലാം ഒരേ ബ്ലോഗിലാക്കാതെ ഒരോന്നിനും പ്രത്യേക ബ്ലോഗുകള്‍ തുടങ്ങിയാല്‍ നന്നായിരുന്നു.

കല്ലേച്ചിയുടെ "പെണ്ണുങ്ങള്‍ക്കും പന്നികള്‍ക്കും പ്രവേശനമില്ല" എന്ന കഥ ഒരു വേറിട്ട ശൈലി വിളിച്ചോതുന്നു. ആദ്യഭാഗങ്ങളില്‍ കാഴ്ച്ചവെച്ച ഭാഷയുടെ താളം അവസാനം വരെ സൂക്ഷിക്കാന്‍ കല്ലേച്ചിക്കു കഴിഞ്ഞിട്ടില്ല. ആദ്യഭാഗങ്ങളില്‍ കഥ എഴുതുന്നയാളും കഥാപാത്രവും ഒന്നായിരുന്നു. പിന്നീട്‌ വേര്‍തിരിഞ്ഞപ്പോളുണ്ടായ അവസ്ഥാന്തരങ്ങളായി അതിനെ കണക്കാക്കാം.

തിരസ്കരിക്കപ്പെട്ടവരുടെ കഥാകാരനാണ്‌ ഏവൂരാന്‍. അങ്ങനെയുള്ളവരുടെ വികാരങ്ങള്‍ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ ഏവൂരാന്‌ ഒരു പ്രത്യേക കഴിവുണ്ട്‌. വികാരസാന്ദ്രമായ ഒരു കേന്ദ്രബിന്ദുവിനെ സൃഷ്ടിക്കാന്‍ ഏവൂരാന്‌ "കൊടുംകെട്ട്‌" എന്ന കഥയിലൂടെ കഴിഞ്ഞിരിക്കുന്നു. വിവരണത്തിലൊരു വാക്കു കൂടി അധികമില്ലാത്ത ഒരു ഭാഷാശൈലി അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്‌.

എന്നാല്‍ പെരിങ്ങോടന്‍ വിവരണാത്മകമായ വാക്കുകളില്‍ ഊന്നിയാണ്‌ കഥപറയുന്നത്‌. അദ്ദേഹം ഒരു സംവാദത്തില്‍ കൃഷ്ണന്റെ ആയുധം വാക്കുകളായിരുന്നു എന്ന്‌ പറഞ്ഞിട്ടുണ്ട്‌. അതേ വഴി തന്നെയാണ്‌ പെരിങ്ങോടരും പിന്‍തുടരുന്നത്‌.

ഇതില്‍നിന്നെല്ലാം ഒരു മധ്യവര്‍ത്തി നയമാണ്‌ സാക്ഷിയുടെ കഥകള്‍ക്കുള്ളത്‌. വരയിലും വാക്കുകളിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ടായിരിക്കാം ഈ വഴി എന്ന്‌ തമ്പുരാന്‌ തോന്നുന്നു. ഏതോ നഷ്ടസ്വപ്നങ്ങള്‍ തേടിയലയുന്ന ഏടത്തിക്കും ഉണ്ണിക്കും ഗതകാലസ്മരണകള്‍ ഭാരമായി തീരുന്നു.

പോസ്റ്റുകളും അവയ്ക്കുള്ള കമന്റുകളും കൂട്ടിവായിക്കാനാണ്‌ നമുക്കിഷ്ടം. പല കമന്റുകളും പോസ്റ്റുകളുടെ മികവ്‌ പുലര്‍ത്തുന്നുണ്ട്‌. ബ്ലോഗുന്നതിന്റെ ഒരു ഗുണവുമതാണല്ലൊ. ഇന്ദുവിന്റെ "അന്നുമിന്നും" എന്ന കവിതാശകലത്തിന്‌ സൂവിന്റെ കമന്റ്‌ അത്തരത്തിലുള്ളതായിരുന്നു. തുളസിയും ദേവരാഗവും ഇത്തരത്തിലുള്ള കമന്റുകള്‍ പോസ്റ്റുചെയ്യാന്‍ കഴിവുള്ളവരാണ്‌.

ബ്ലോഗില്‍ ഉപമകളുടെ ഒരു പെരുമഴയാണ്‌. വിശാലനും അരവിന്ദനും ഉപമകളില്‍ ഉന്നതസ്ഥാനം പുലര്‍ത്തിവരുന്നു. അവരുടെ പലവാചകങ്ങളും അത്ഭുതം ഉളവാക്കുന്ന തരത്തില്‍ ഉപമകള്‍ നിറഞ്ഞതാണ്‌. അതിനുവേണ്ടി വാചകങ്ങള്‍ നിര്‍മ്മിക്കുകയാണോ എന്നു തോന്നും.

കവിതകള്‍ക്ക്‌ ശബ്ദം പകരുന്ന ജോ അഭിനന്ദനാര്‍ഹമായ പ്രവൃത്തിയാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌. ഭാവാത്മകതയുള്ള ശബ്ദത്തിനുടമയാണ്‌ ജോ, എങ്കിലും ട്യൂണുകളില്‍ വ്യതിരിക്തത പുലര്‍ത്താന്‍ ശ്രദ്ധിക്കണം എന്നൊരു അഭിപ്രായമുണ്ട്‌.
മൂന്നാം തമ്പുരാന്‌ പറയാനുള്ളതെല്ലാം ഒരു ലേഖനത്തില്‍ ഉള്‍ക്കൊള്ളിക്കാനാവുന്നതല്ല. അതിനാല്‍ തന്നെ ഇനിയും തുടരാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സസന്തോഷം സ്വാഗതം ചെയ്യുന്നു.

മൂന്നാം തമ്പുരാന്‍
mthampuran അറ്റ് ചിന്ത.കോം
Subscribe Tharjani |
Submitted by ചില നേരത്ത് (not verified) on Sun, 2006-04-02 12:52.

മലയാളം ബ്ലോഗുകളുടെ പ്രതിമാസ(?) അവലോകനത്തിലൂടെ ചിന്ത മറ്റൊരു ചിന്തയ്ക് വിളക്ക് കൊളുത്തിയിരിക്കുന്നു. പ്രശംസനീയം. നല്ല അവതരണ രീതി
ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെന്റെ അഭിനന്ദനന്ങ്ങള്‍!!!

Submitted by Arif (not verified) on Sun, 2006-04-02 12:52.

നല്ല സംരംഭം..ആശംസകള്‍..ബ്ലോഗുഗളുടെ വളര്‍ച്ചയ്ക്ക്‌ ഇത്‌ തീര്‍ച്ചയായും സഹായകമാകും

Submitted by കലേഷ് (not verified) on Sun, 2006-04-02 13:33.

മൂന്നാം തമ്പുരാന്റെ അവലോകനം കൊള്ളാം.
തുടക്കം നന്നായി.
സ്ഥിരമായിട്ടുണ്ടാകുമെന്ന് കരുതുന്നു.

Submitted by Sapna George (not verified) on Sun, 2006-04-02 13:48.

ഞങളെപ്പോലെയുള്ള തുടക്കക്കാര്‍ക്കിതൊരു വലിയ കാര്യമാണ്

Submitted by dRiZzlE mOttambrum (not verified) on Sun, 2006-04-02 15:33.

കൊള്ളാം.നന്നായി...
സ്ഥിരമായിട്ടുണ്ടാകുമെന്ന് കരുതുന്നു.