തര്‍ജ്ജനി

കഥ

വേതാള ജീവിതം

illustration

നോക്കൂ അവള്‍ നഗനയാണ്‌. അമേരിക്കയുടെ കാമുകി എന്നെഴുതിയ കമ്പിളിക്കുപ്പായം വലിച്ചിഴച്ച്‌ റോഡിലേക്ക്‌ എറിഞ്ഞും കറുത്ത ബ്രാ ഊരിയെടുത്ത്‌ ഒരു യാത്രക്കാരന്റെ കഴുത്തിലിട്ടുകൊടുത്തത്തും തൊട്ടുമുമ്പാണ്‌. അരയ്ക്കു മുകളിലുള്ളതൊക്കെ ഒരു ശൂന്യതയായി അവള്‍ക്ക്‌ തോന്നിയിരിക്കുമോ? അല്ലെങ്കില്‍ 'ശൂന്യതയുടെ ആഘോഷമല്ലേ ജീവിതം ' എന്ന് ഏതോചിന്തകന്‍ ചോദിച്ചിട്ടുള്ളത്‌ അവള്‍ ഗൌരവമായി വായിച്ചിരിക്കുമോ? ഓ... അങ്ങനെ ഗൌരവമായി വായിക്കുന്ന ഏതു പെണ്ണാ ഈ ഭൂമിക്കു മേലുള്ളത്‌? എല്ലാം വെറും ചടങ്ങിനുള്ള വാചകമടിയല്ലേ! പുരുഷവര്‍ഗ്ഗത്തിന്റെ ശവപ്പെട്ടിക്കുമേല്‍ അവസാന ആണിയടിക്കാനല്ലേ അവളുമാരുടെയൊക്കെ അതിമോഹം. അല്ലെങ്കില്‍ ദേ അക്കാണുന്ന ഉരുപ്പടിക്ക്‌ ഇതിന്റെ കാര്യം വല്ലതുമുണ്ടോ?

'അയ്യേ..' എന്നു പറഞ്ഞ്‌ തോളിലെ ഷാള്‍ പിടിച്ചു താഴ്തി മാറിന്റെ തുളുമ്പല്‍ മറച്ചുകൊണ്ട്‌ മധുമിത കൈയ്യിലിരുന്ന ചോക്‌ലേറ്റ്‌ ആര്‍ത്തിയോടെ കടിച്ചു. ഇടയ്ക്ക്‌ ചൂണ്ടുവിരല്‍ കൊണ്ട്‌ കണ്ണടയുടെ ഇരിപ്പ്‌ ഒന്നുകൂടി ഉറപ്പാക്കി. ഇപ്പോള്‍ അവളെക്കണ്ടാല്‍ ശരിക്കും ഒരു മന്ദബുധിയാണന്നേ തോന്നുകയുള്ളൂ.

നഗ്നയായ യുവതിയുടെ പിന്‍ഭാഗം മാത്രമേ കാണുന്നുള്ളല്ലോ എന്നൊരാശ്വാസത്തോടെ ഞാന്‍ ചുണ്ടിലെ പഞ്ചസാരത്തരികള്‍ നക്കി നുണഞ്ഞു. 'മധുരമെന്ന് കരുതുന്നത്‌ പലതും പുളിപ്പാണന്ന് പിന്നീടല്ലേ അറിയുന്നുള്ളൂ'
എന്ന് ഏതോ ഉത്തരാധുനികന്റെ കവിത വായിച്ച ഓര്‍മ്മ എനിക്കുണ്ടായതില്‍ അദ്ഭുതത്തിന്‌ വകയുണ്ട്‌. ഞാനും കുറെയൊക്കെ ഒരു ഈസ്തെറ്റിക്‌ സെന്‍സുള്ളവനാണന്ന് സമ്മതിക്കാതെ തരമില്ല.

ഇപ്പോള്‍ ആ യുവതി പിന്തിരിഞ്ഞ്‌ പോസ്‌ ചെയ്ത്‌ നിന്നു. അവളുടെ ആകര്‍ഷകമായ ശരിിരവടിവില്‍ ദൃശ്യം അടുത്തും അകന്നും രസമാവാന്‍ തുടങ്ങി. തൊട്ടുമുന്നില്‍ ഇത്തരമൊരു കാഴ്ച സാധാരണവും അസുലഭവുമാണന്ന് ഞാന്‍ മനസില്‍ കരുതുമ്പോള്‍ തന്നെ കാറ്റുപോലും തൊടാത്ത അവളുടെ മാറിടം കണ്ണിറുക്കിക്കാണിച്ചു. അതോടെ എനിക്ക്‌ ശരിക്കും രസം പിടിച്ചു.

മധുമിത തലകുനിച്ച്‌ വിരല്‍ നുണയുകയാണ്‌. ഇനിയും അവള്‍ക്ക്‌ ചോക്‌ലേറ്റ്‌ വേണ്ടിവന്നേക്കാം ഒരു പെണ്ണ്‍ ഭയപ്പെടുന്നത്‌ മറ്റൊരു പെണ്ണിന്റെ നഗ്നതയാവണം. പുരുഷനെ സംബന്ധിച്ച്‌ അതൊരു വയാഗ്രയാണന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനുമേല്‍ വേറെയും വയാഗ്രയുടെ വീര്യം വേണമെന്നത്‌ വേറിരു വിരോധാഭാസം തന്നെ. പക്ഷേ ഇത്‌ എനിക്ക്‌ പുറത്തുപറയാന്‍ പറ്റില്ല. കാരണം, അത്‌ ഞങ്ങളുടെ വ്യവസായത്തിന്റെ താക്കോലാണ്‌.

രസംകൊല്ലുകയാണന്ന് കരുതരുത്‌. എന്നെപ്പറ്റി ചിലത്‌ പറയേണ്ടതുണ്ട്‌. ഗള്‍ഫില്‍ പോകത്തില്ലന്ന്‌ പണ്ടുമുതലേ എനിക്ക്‌ നിര്‍ബ്ബന്ധമായിരുന്നു. ഒരു ട്രാവല്‍ ഏജന്‍സി മികച്ച നിലയില്‍ തുടങ്ങിയിട്ട്‌ ഒട്ടും വൈകാതെ പൂട്ടി. ഒരു ഫിനാന്‍സ്‌ കമ്പനിയുടെ ചിട്ടിത്തട്ടിപ്പായിരുന്നു കുറെക്കാലം.
സഹകരണ ബാങ്കില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക്‌ വായ്പയെടുത്ത്‌ വീട്ടുമിറിയിലാക്കി വിതരണം ചെയ്യുന്ന പ്രതിദിന ചിട്ടിയിലും ലാഭം കുറവായിരുന്നു. അങ്ങനെ കൂട്ടുകാര്‍ വിളിച്ചു തുടങ്ങി 'വേതാളമേ' എന്ന്. വിക്രമാദിത്യന്റെ കഥയിലെ മരത്തില്‍ തലകീഴായി തൂങ്ങുകയും നായകന്റെ തോളില്‍ കയറി സഞ്ചരിക്കുകയും ചെയ്യുന്ന വേതാളത്തെപ്പോലെയാണത്രെ എന്റെയും ജീവിതം. കുറ്റം പറയരുതല്ലോ ആഭാവന തോന്നിയവന്‌ ഒരു പുരസ്കാരം നല്‍കേണ്ടതു തന്നെയാണ്‌. ഞാന്‍ സ്വയമൊന്ന് വിലയിരുത്തിയപ്പോഴും അതില്‍ കാര്യമുണ്ടന്ന് തോന്നിയിരുന്നു. അങ്ങനെയാണ്‌ ഞാന്‍ തീരുമാനിച്ചത്‌ ഇനിയിപ്പോള്‍ ഒരു വേതാളമായിത്തന്നെ ജീവിച്ചുകളയാമെന്ന്‌.

അതേ കൂട്ടുകാരന്‍ ഗള്‍ഫീന്ന് അവധിക്കു വന്നപ്പോള്‍ പറഞ്ഞു തന്ന ബുദ്ധിയായിരുന്നു അടുത്തതായി ഞാന്‍ തുടങ്ങിയ മരക്കൊമ്പ്‌. അവിടൊക്കെ വിപുലമായ സദ്ധ്യതയുള്ള വലിയ ലാഭം കൊയ്യാവുന്ന മേഖലയില്‍ ഒന്നു പയറ്റിനോക്കുക. ഇ-കൊമേഴ്സാണ്‌ രംഗം. ' നിങ്ങള്‍ സന്തോഷം കൊണ്ട്‌ കരഞ്ഞുപോകും ആകര്‍ഷകവും അവിശ്വസനീയവുമായ തൊഴില്‍ മേഖല. ഇത്തിരി ബുദ്ധിയും ഒത്തിരി പ്രചോദനവുമാണ്‌ ഇതിനെ പ്രധാന മുടക്കുമുതല്‍. ഇറങ്ങിത്തിരിച്ചാല്‍ എത്തിപ്പെടുന്ന ഉയരം നിങ്ങള്‍ക്ക്‌ സങ്കല്‍പിക്കാനവുന്നതിലുമപ്പുറമാണ്‌. 'ധനം മോക്ഷം, ശക്തി' എന്നതാണ്‌ നമ്മുടെ മുദ്രാവാക്യം.
എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളില്‍ ഞാനും പങ്കാളിയായി. അങ്ങനെ വാടകയ്ക്കെടുത്ത ഒരു ഫാര്‍മസിസ്റ്റിന്റെ മറവില്‍ ഞാനും വേട്ട തുടങ്ങി.

ആദ്യം ഇ-മെയില്‍ വിലാസം തുറക്കുക. ഒരു സന്ദേശമുണ്ടാക്കുക. സംഭവം അല്‍പം രസകരമായ സംഗതിയാണ്‌. കത്ത്‌ ഇങ്ങനെയാവാം.

'താങ്കള്‍ക്ക്‌ ദാമ്പത്യജീവിതത്തില്‍ നിരാശയുണ്ടോ? അല്ലെങ്കില്‍ കൂടുതല്‍ ആഗ്രഹങ്ങളുള്ള വ്യക്തിയാണോ? പ്രത്യേകിച്ചും കിടപ്പറയില്‍, നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുന്നതില്‍. ഒപ്പം ദീര്‍ഘമായ ലൈംഗികസുഖം നേടുന്നതില്‍? ഇക്കാര്യത്തില്‍ നിങ്ങലെ സഹായിക്കാന്‍ ഞങ്ങള്‍ ഇരുപത്തിനാലു മണിക്കുറും ഉണര്‍ന്നിരിക്കുന്നു. നിങ്ങള്‍ക്കാവശ്യമായ ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ ഞങ്ങള്‍ എത്തിച്ചുതരുന്നു. പോസ്റ്റേജോ കൊറിയര്‍ ചാര്‍ജ്ജോ ഈടാക്കുന്നില്ല. ഞങ്ങളുടേ ഉത്പന്നങ്ങള്‍ക്ക്‌ പാര്‍ശ്വഫലങ്ങള്‍ ഉ ണ്ടാകുന്നതല്ലെന്ന് പ്രമുഖരായ ശാസ്ത്രകാരന്മാരുടെ സാക്ഷ്യപത്രം ലഭിച്ചിട്ടുള്ളതാണ്‌. ഉത്പന്നങ്ങളുടെ വിശദവിവരങ്ങള്‍ താഴെ വായിക്കാം

1. നയാഗ്ര-എക്സ്‌ - ആയുര്‍വ്വേദവിധിപ്രകാരം തയ്യാറാക്കിയത്‌ (പുരുഷന്മാര്‍ക്ക്‌ മാത്രം)
2. നയാഗ്ര-വൈ - ആയുര്‍വ്വേദവിധിപ്രകാരം തയ്യറാക്കിയത്‌ (സ്ത്ര്Iകള്‍ക്ക്‌ മാത്രം)
3. പെനിഷ്യ - ജനനേന്ദ്ര്Iയത്തിനെ വലുപ്പം കൂട്ടുന്നതിനുള്ളത്‌ (പുരുഷന്മാര്‍ക്ക്‌ മാത്രം)
4. പോമഗ്രിന്‍ - മാറിടത്തിന്റെ
വലുപ്പവും ഉറപ്പും ലക്ഷ്യമാക്കുന്നത്‌ ( സ്ത്ര്Iകള്‍ക്കുമാത്രം)

ഈ സുവര്‍ണ്ണാവസരം പാഴാക്കാന്‍ നിങ്ങളൊരു വിഡ്ഢിയാണോ? ഒരിക്കലുമല്ല. ആയതിനാല്‍ സ്വപ്നസുന്ദരമായ ഒരു ജീവിതം നിങ്ങളെ കാത്തിരിക്കുന്നു ഇന്നുതന്നെ ഞങ്ങള്‍ക്കെഴുതുക.

ഇനി പറയുന്നത്‌ രഹസ്യമാണ്‌. ഒരു ഇ-മെയില്‍ ഹോക്കറുടെ സഹായത്തോടെ രഹസ്യവാക്കുകളുള്ള നൂറുകണക്കിന്‌ വിലാസങ്ങള്‍ നിങ്ങള്‍ക്ക്‌ തുറക്കാന്‍ പറ്റിയേക്കാം. അതിലേക്ക്‌ നിങ്ങളുടെ പരസ്യക്കത്തുകള്‍ പറക്കുന്നു. അതോടെ നിങ്ങള്‍ ലക്ഷ്യമാക്കുന്ന നൂറുകണക്കിന്‌ ജീവിതാസ്വാദകര്‍ ഉത്പന്നങ്ങള്‍ക്കായ്‌ ക്യൂവില്‍ നില്‍ക്കാന്‍ തുടങ്ങും. സംശയാലുക്കളായ ഉപഭോക്താക്കളെ വളയ്ക്കാന്‍ വേണ്ടി അനുഭവസ്ഥരായ ചിലരുടേതെന്ന ഭാവത്തില്‍ നമ്മള്‍ തന്നെ 'ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരലബ്ധിയെന്ന മാതിരി കത്തുകളും കുറിപ്പുകളും തയ്യാറാക്കി നമ്മുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്നു. സര്‍ഫ്‌ ചെയ്യുന്നവരില്‍ കുറെപ്പേരെങ്കിലും നമ്മുടെ പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്യാതിരിക്കില്ല. അങ്ങനെയും വരുമാനം.

എന്താ.. ഓ... ഏതോ കാഴ്ചക്കരന്റെ അടക്കിപ്പിടിച്ച ശ്വാസം അധോലോകത്തിലൂടെ വിമോചിക്കപ്പെട്ടതാണ്‌. അതിന്റെ തുടര്‍ച്ചയായി പലരുടെയും ചിരിയും മുഴങ്ങി.

ഇടയ്ക്ക്‌ നമ്മള്‍ അല്‍പം വഴിമാറിയെങ്കിലും ദാ.. എല്ലാവരും ടി.വി. സ്ക്രിിനില്‍ തന്നെ മുഴുകിയിരിക്കുകയാണ്‌. ന്യൂസ്‌ അവറിലെ ഏറ്റവും
ചൂടേറിയ രംഗത്തിന്റെ തുടര്‍ച്ചയാണ്‌ കാണുന്നത്‌. പലപോസുകളില്‍ മാംസത്തുടിപ്പുകല്‍ ഒപ്പിയെടുത്ത ക്യാമറകള്‍, അവളുടെ ജീന്‍സിന്റെ കൊളുത്തുകളില്‍ കൊത്തിവലിക്കാന്‍ തുടങ്ങുന്നു. ഇനി ഇതുംകൂടി കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായേനെ എന്ന യാചന അവയുടെ കൊഞ്ചിക്കുഴയലുകളിലൂടെ വായിച്ചെടുക്കാം. അവല്‍ക്കു ചുറ്റും അടുത്തും അകന്നും മാത്രമുള്ള ആ പൂച്ചക്കണ്ണുകളും ഇടയ്ക്കൊക്കെ ദൃശ്യത്തിലെത്തി.

ക്യാമറ കാഴ്ചക്കാരയ യാത്രക്കരോട്‌ ചോദിക്കുന്നു " എന്താണ്‌ നിങ്ങളുടെ അഭിപ്രായം ? "

ഒരു കൌമാരക്കാരന്‍ മറുപടി നല്‍കുന്നു " മനോഹരം ചോര തെളപ്പിക്കുന്ന ഷോ അടിപൊളി"

മധ്യവയസ്കന്‍ ഉമിനീരിറക്കിക്കൊണ്ട്‌ മൊഴിയുന്നു. "എന്റെ കൈ തരിക്കുന്നു ബാക്കിയും കൂടി നടക്കട്ടെ"

സുരക്ഷാ സൈനികന്‍ കണ്ണടച്ച്‌ നിര്‍വൃതിയോടെ "ഓ സുന്ദരിി ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്ന് പുലമ്പുന്നു.

ഒരു കൂട്ടം സ്കൂള്‍ കുട്ടികള്‍ വാ പൊത്തിപ്പിടിച്ച്‌ നാണിച്ച്‌ ചിരിക്കുന്നു.

റോഡില്‍ തിരക്കേറി, ഗതാഗതം സതംഭിക്കുന്നു. പോലീസ്‌ വാഹനങ്ങള്‍ ഇരമ്പിയെത്തുന്നു. അല്ലാ.... രംഗം ഇപ്പോഴാണല്ലോ വ്യക്തമായത്‌. അത്‌ യു. എന്‍. പ്രതിനിധിയുടെ ഓഫീസ്‌ കെട്ടിടമാണല്ലോ തമ്പുരാനേ ആ ചരക്ക്‌ എന്തു കരുതിയാ ഇങ്ങനെ ഒരു പണിക്കിറങ്ങിയെ? ചെറുപ്പത്തിന്റെ കൌതുകത്തില്‍ കാണിക്കുന്ന ഒരു വിക്രിയ ആയിരിക്കാം എന്നാല്‍ എന്നെ
അതിശയിപ്പിക്കുന്ന ചോദ്യം ഇതാണ്‌ അവളെന്തിനാ ഈ സ്ഥലം തന്നെ ഇങ്ങനെയൊരു സീനുണ്ടാക്കാന്‍ തിരഞ്ഞെടുത്തത്‌? നാണം കെട്ടവള്‍. ഒരു പക്ഷേ അവള്‍ ഫെമിനിസ്റ്റ്‌ ഗ്രൂപ്പില്‍പ്പെട്ട ഒരു തീവ്രവാദിയായിരിക്കാം അവള്‍ക്ക്‌ സ്വന്തമായൊരു ഹിഡണ്‍ അജണ്ട ഉണ്ടാവാം എങ്കില്‍ അവളെ പരസ്യമായി റേപ്പ്‌ ചെയ്യുക തന്നെയാ വേണ്ടത്‌.

അതാ നോക്കൂ, അവള്‍ ജീന്‍സിന്റെ കൊളുത്തിളക്കിക്കഴിഞ്ഞു. ആഹാ... അതു കൊള്ളാമല്ലോ! കഫെറ്റേരിയയിലെ കാഴ്ചക്കരെല്ലാം ശ്വാസമടക്കിപ്പിടിച്ച്‌ അവളെ അനുഭവിക്കുകയാണ്‌. മധുമിത അവളുടെ തല ഉയര്‍ത്തിയിട്ടില്ല. ഏത്‌ നശിച്ച നേരത്തോ തമ്പുരാനേ ഇതിനേം കൊണ്ട്‌ വരാന്‍ തോന്നിയേ? ചില നേരത്തെ അവളുടെ ഒട്ടകപ്പക്ഷി നിലപാട്‌ കണ്ടാല്‍ ഒരു കിഴുക്കു കൊടുക്കാന്‍ തോന്നും. സംസ്കാരം തൊട്ടുതീണ്ടാത്ത ജാതി. ഇവളെന്തിനാ പിന്നെ, കമ്പ്യൂട്ടര്‍ ഗ്രാഫിക്സും വെബ്ഡിസൈനിംഗും ആനിമേഷനുമൊക്കെ പഠിച്ചെ? പഠിച്ചതിനൊപ്പം അവളുടെ മനസും വളര്‍ന്നിട്ടില്ലെന്ന് സാരം.

കാഴ്ചക്കാരില്‍ നിന്ന് ഒരു 'ഹോ..' ശബ്ദം കേട്ടപ്പോഴാണ്‌ ഞാന്‍ വീണ്ടും ടി വിയില്‍ നോക്കിയത്‌. അയ്യയ്യേ...! എന്ത്‌ വൃത്തികേടാ അവള്‌ ചെയ്യുന്നേ?

ആമ്പിള്ളേര്‌ ചെയ്യാറുള്ള പോലെ അരക്കെട്ട്‌ തള്ളിപ്പിടിച്ച്‌ നീട്ടിപ്പരത്തി അവള്‍ മൂത്രമൊഴിക്കുകയാ. ഒരു പെണ്ണായ തനിക്കും ഇതിനുകഴിയുമെന്ന ധിക്കാരത്തോടെ. ക്യാമറക്കണ്ണുകള്‍ കുന്തമുനകളായി
അവളിലേക്ക്‌ നീളുന്നു. ഇപ്പോള്‍ അവള്‍ ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന്‌ ഒരു കടലാസെടുത്ത്‌ നിവര്‍ത്തിപ്പിടിച്ചു. ക്യാമറകള്‍ സൂം ചെയ്യുന്നു. ' നോ മോര്‍ വാര്‍' ഓ.. അവളൊരു യുദ്ധവിരുദ്ധപ്രവര്‍ത്തകയാവാം. മരമണ്ടി. യുദ്ധമില്ലാത്ത ഒരു ലോകമോ? സ്റ്റണ്ടില്ലാത്ത സിനിമ പോലെ അതെത്ര ബോറായിരിക്കും.!

രണ്ട്‌ പോലീസ്‌ ഓഫീസര്‍മാര്‍ ഒരു പുതപ്പുമായി അവളെ സമിിപിക്കുകയാണ്‌ അവള്‍ അവരെ കാര്‍ക്കിച്ച്‌ തുപ്പുന്നു. നാലഞ്ച്‌ സൈനികര്‍ കൂടി സഹായത്തിനെത്തി. അവര്‍ അവളെ പൊതിഞ്ഞ്‌ പിടിച്ച്‌ പോലീസ്‌ വലയത്തിലാക്കി. ഒരു സൈനിക വാഹനം ഇരച്ചു വന്നുനിന്നു. പത്തു പന്ത്രണ്ട്‌ പട്ടാളക്കാര്‍ ചാടിയിറങ്ങി അവളെ വാഹനത്തിലേക്ക്‌ തള്ളിക്കയറ്റിയപ്പോള്‍ ആള്‍ക്കൂട്ടം ചിതറിയകന്ന് മറ്റേതോ കാഴ്ചയ്ക്കായി നടന്നകന്നു. അടുത്ത നിമിഷം ആ വാഹനം ഒരു തീഗോളത്തിലമര്‍ന്നു ചിതറി. ക്യാമറകള്‍ കണ്ണടച്ചു. വാര്‍ത്തകള്‍ക്കിടയില്‍ ലോകസുന്ദരിയുടെ ഉടല്‍ പരസ്യത്തിനുവേണ്ടി കുലുങ്ങാന്‍ തുടങ്ങി.

-ഛെ ... ഛെ.. ഓരോ നശിച്ച ജന്മങ്ങള്‌ മറ്റുള്ളോരെക്കൂടി കൊന്നൊടുക്കാന്‍ എന്തിനിങ്ങനെ തുനിഞ്ഞിറങ്ങുന്നു.

-അവള്‍ക്ക്‌ സുഖമായി ജീവിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. നന്നായി പഠിച്ച്‌ ഡോക്ടറോ എഞ്ചിനീയറോ ആകാമായിരുന്നു. സ്വന്തമായി ബിസിനസ്‌ നടത്താമായിരുന്നു. ഐ. എ. എസ്സോ ഐ. പി എസ്സോ കിട്ടിയില്ലെങ്കിലും ഒരു
റിസപ്ഷനിസ്റ്റോ സെക്രട്ടറിയോ ആകാമായിരുന്നു.

-അതിനൊന്നുമായില്ലെങ്കില്‍ അഴകുള്ള സ്വന്തം ശരിിരം വിറ്റെങ്കിലും മാന്യമായി ജീവിക്കുമായിരുന്നു.

-മരിക്കുന്നതുകൊണ്ട്‌ ആര്‍ക്കെങ്കിലും എന്തെങ്കൊലും ലാഭമുണ്ടോ, അവളുടെ എടുത്തുചാട്ടം എത്ര പാവങ്ങളെയാണ്‌ വലച്ചത്‌?

-എന്നാലും അപാരമായ ധൈര്യം തന്നെ. മരിക്കുന്നതിനുമുന്‍പ്‌ അവള്‍ തന്റെ ശരീരം കൊണ്ട്‌ നമ്മുടെയൊക്കെ ആര്‍ത്തിമുനകളെ സല്‍ക്കരിച്ചതിന്റെ പൊരുളെന്തായിരിക്കാം?

- ആ ആര്‍ക്കറിയാം !

പ്രതിബദ്ധരായ കാഴ്ചക്കാരുടെ സമൂഹം പ്രതികരണ വേളയിലാണ്‌.

കഷ്ടമായിപ്പോയി എന്ന് പിറുപിറുത്തുകൊണ്ട്‌ മധുമിത മൂക്ക്‌ ചീറ്റി.

'ഓ .. ഒരു പ്രതികരണക്കാരി ' എന്നു കലമ്പിക്കൊണ്ട്‌ വൃത്തിയും വെടിപ്പുമില്ലാത്ത ടോയിലറ്റിലേക്ക്‌ ഓടിക്കയറി, സ്ഖലനസുഖത്തോടെ ഞാന്‍ മൂത്രമൊഴിച്ചു.

പി. ശിവപ്രസാദ്‌, ദമ്മാം
Subscribe Tharjani |
Submitted by sajit nair (not verified) on Sun, 2006-04-02 15:23.

To

the editor

kindly increse the font size of the articles.

thanks
sajit nair
shivam publicity, nathani building, budhapara raipur
chhattisgarh.

Submitted by chinthaadmin on Sun, 2006-04-02 17:21.

dear sajith,
could you please check the browser settings? If you are using Internet Explorer, please check View -> Text Size. Try different higher sizes for viewing tharjani.