തര്‍ജ്ജനി

കഥ

വെറുതെ

ഇന്ന്‌ അവസാനത്തെ ദിവസമാണ്‌. മേശപ്പുറത്ത്‌ ചിതറിക്കിടന്നിരുന്ന പുസ്തകങ്ങളും കടലാസുകളും ഒതുക്കിമാറ്റിക്കഴിഞ്ഞു. നാളെ ഈ കാബിനും കമ്പ്യൂട്ടറും മറ്റൊരാളുടേതാകും. പിന്നെ ഇവിടെ പുതിയ പ്രോഗ്രാമുകള്‍, പ്രശ്നങ്ങള്‍. എന്റെ നെടുവീര്‍പ്പുകളെ ഞാന്‍ കൊണ്ടുപോകുന്നു.
കമ്പ്യൂട്ടറില്‍ അവസാനത്തെ ലോഗ്‌ ഓഫ്‌.

യാത്രപറച്ചിലുകള്‍ പെട്ടെന്നു തന്നെ കഴിഞ്ഞു. ഔപചാരികമായ നന്ദി പറച്ചിലുകള്‍, ആശംസകള്‍.

illustration

നാലുമണിയായപ്പോഴേയ്ക്കും എല്ലം കഴിഞ്ഞു പുറത്തിറങ്ങി. നേരത്തേ ആയതുകൊണ്ട്‌ ലിഫ്റ്റില്‍ തിരക്കില്ല. ഇരുപത്തിയേഴാം നിലയില്‍ നിന്ന്‌ താഴേയ്ക്ക്‌. വര്‍ഷം മൂന്നുകഴിഞ്ഞുവെങ്കിലും ഈ ലിഫ്റ്റിനോടുള്ള കൌതുകം വിട്ടുമാറിയിട്ടില്ല. ഇരുപത്തിയേഴുനിലകള്‍ ഒരു മിനിട്ടിനുള്ളില്‍.

ഇനി സബ്‌ വേ സ്റ്റേഷനിലേയ്ക്ക്‌ 15 മിനിറ്റ്‌ നടത്തം.
പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലൂടെ ചീറിയടിച്ചു വരുന്ന തണുത്തകാറ്റ്‌ മുഖത്ത്‌ തട്ടിയപ്പോള്‍ നന്ദിനിയെ വീണ്ടും ഓര്‍ത്തു. വീണ്ടും എന്ന്‌ പറയുന്നതില്‍ അര്‍ത്ഥമില്ല. ഉറക്കവും ജോലിത്തിരക്കുമെല്ലാം അവളെ ഓര്‍ക്കുന്നതില്‍ നിന്നുള്ള ഇടവേളകള്‍ മാത്രമാണ്‌. കൃത്രിമമായ തിരക്കുകള്‍ സൃഷ്ടിച്ച്‌ മനപ്പൂര്‍വ്വം ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുമ്പോഴും പിടിവാശിക്കാരിയായ ഒരു കുട്ടിയെ പോലെ അവള്‍ മനസ്സിലേയ്ക്കു വരും.

*********************************************************

നന്ദിനിയെ ആദ്യമായി കണ്ടത്‌ എപ്പോഴാണ്‌ എന്ന്‌ കൃത്യമായി ഓര്‍ക്കുന്നില്ല. 3 വര്‍ഷം മുന്‍പ്‌ ഞാന്‍ ന്യൂ യോര്‍ക്കില്‍ ആദ്യമായി വന്ന കാലത്തുതന്നെ ഓഫിസിന്റെ മറ്റൊരു ഭാ‍ഗത്ത്‌, മറ്റൊരു ക്യാബിനില്‍ അവള്‍ ഉണ്ടായിരുന്നു. നന്നെ വെളുത്ത നിറമുള്ള ചെമ്പന്‍ തലമുടിക്കാരി. ഒറ്റനോട്ടത്തില്‍ ഇന്ത്യക്കാരിയാണ്‌ എന്ന്‌ തിരിച്ചറിയാന്‍ പ്രയാസം. ലിഫ്റ്റിലും ക്യാന്റീനിലും ഒക്കെ വച്ചുകാണുമ്പോഴുള്ള ഔപചാരികമായ സുഖാന്വേഷണങ്ങളില്‍ ഒതുങ്ങിനിന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം. അന്നൊക്കെ അവളോടൊപ്പം എപ്പോഴും ഒരു കൂട്ടുകാരിയെ കാണാറുണ്ടായിരുന്നു. അവളെ 'നാന്റീ' എന്ന്‌ വിളിക്കാറുണ്ടായിരുന്ന സ്വര്‍ണ്ണത്തലമുടിക്കാരി.

ഒരു പിറന്നാള്‍ പാര്‍ട്ടി യില്‍ വച്ചാണ്‌ നന്ദിനി മലയാളിയാണ്‌ എന്ന്‌ ഞാന്‍ അറിയുന്നത്‌. അമേരിക്കയിലെ മൂന്നാം തലമുറക്കാരി. അവള്‍ വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ അച്ഛനും അമ്മയും വിവാഹമോചിതരായി.

അച്ഛനോടൊപ്പവും അമ്മയോടൊപ്പവും മാറി മാറിയുള്ള ബാല്യം. അവരില്‍ നിന്നും ഒളിച്ചോടാനുള്ള വ്യഗ്രത നിറഞ്ഞ കൌമാരം. ഇപ്പോള്‍ ഉത്തരേന്ത്യക്കാരനായ പ്രതിശ്രുതവരനോടൊപ്പം കഴിയുന്നു.
തീവ്രമായ ദു;ഖത്തെ പൊരുതി തോല്‍പിച്ചവരില്‍ മാത്രം കാണാറുള്ള ഒരുതരം ശാന്തതയോടെയാണ്‌ അവള്‍ അതൊക്കെ പറഞ്ഞത്‌.

ഞാന്‍ തിരുവനന്തപുരത്തിനടുത്ത്‌ പൂവ്വാറില്‍ നിന്നാണ്‌ എന്നറിഞ്ഞപ്പോള്‍ അവള്‍ക്ക്‌ അത്ഭുതമായി. അവളുടെ അച്ഛന്റെ തറവാട്‌ പൂവ്വാറില്‍ ആണത്രേ. അവള്‍ക്ക്‌ പൂവ്വാറിനെ കുറിച്ച്‌ അറിയണം.

ഞാനപ്പോള്‍ പുഴയേയും കടലിനേയുമോര്‍ത്തു. പുഴയിലെ ദ്വീപുകളെ ഓര്‍ത്തു. അവയില്‍ അങ്ങുമിങ്ങും പൊങ്ങിവരുന്ന ടൂറിസ്റ്റ്‌ റിസോര്‍ട്ടുകളെ ഓര്‍ത്തു. പൂവ്വാര്‍ . അവള്‍ കണ്ടിട്ടില്ലാത്ത അവളുടെ നാട്‌.

ഞാനന്നവളോട്‌ പറഞ്ഞത്‌ വാഴത്തോപ്പുകളെ പറ്റിയാണ്‌.

സ്വര്‍ണ്ണത്തലമുടിക്കാരി ജോലി രാജിവച്ചതു കൊണ്ടാണോ എന്ന്‌ വ്യക്തമായി ഓര്‍ക്കുന്നില്ല, ക്രമേണ ഉച്ച ഭക്ഷണവും സ്റ്റേഷനിലേയ്ക്കുള്ള നടത്തവും എല്ലാം നന്ദിനിയോടൊപ്പമായി. വല്ലാത്ത ഇംഗ്ലീഷ്‌ ചുവയുള്ള അവളുടെ മലയാളം എനിക്ക്‌ ആദ്യമൊക്കെ ഒരു തമാശയായിരുന്നു. എങ്കിലും ഒരു നേരമ്പോക്ക്‌ ആയി കാണാനാവാത്ത എന്തോ ഒന്ന്‌ അവളിലുണ്ടായിരുന്നു. ഒരേ സമയം തീവ്രവും ശാന്തവുമായ്‌ എന്തോ ഒന്ന്‌.

കേരളത്തെ കുറിച്ചറിയാന്‍ വല്ലാത്ത ആവേശമായിരുന്നു അവള്‍ക്ക്‌. ഞാന്‍ പറയുന്നതെല്ലാം മിഠായി നുണയുന്ന കുഞ്ഞിന്റെ മുഖഭാ‍വത്തോടെ അവള്‍ കേട്ടിരിക്കും.
തണുപ്പുള്ള മാസങ്ങളില്‍ സബ്‌ വേ സ്റ്റേഷനിലേയ്ക്ക്‌ തിടുക്കത്തില്‍ നടക്കുമ്പോഴും ഞങ്ങള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കും.

ഏതാണ്ട്‌ ഒരു വര്‍ഷത്തിനു ശേഷമാണ് എന്നുതോന്നുന്നു. തന്റെ പ്രതിശ്രുത വരന്‍ റോഹന്‍ കാലിഫോര്‍ണിയയിലേയ്ക്ക്‌ താമസം മാറുകയാണ്‌ എന്ന്‌ അവള്‍ പറഞ്ഞു. നന്ദിനി കൂടെ പോകുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ അവള്‍ വെറുതെ ചിരിയ്ക്കുക മാത്രം ചെയ്തു.
അല്‍പനേരത്തെ മൌനത്തിനുശേഷം പ്രത്യേകിച്ച്‌ പ്രാധാന്യമൊന്നുമില്ലാത്ത ഒരു കാര്യം എന്ന പോലെ അവള്‍ പറഞ്ഞു.
"റോഹനും ഞാനും പിരിയാന്‍ തീരുമാനിച്ചു."

റോഹനും ഞാനും പുതിയ കാര്‍ വാങ്ങാന്‍ തീരുമാനിച്ചു എന്നു പറയുന്നതുപോലെ.

ചെറിയ ഒരു പ്രശ്നത്തിന്‌ അങ്ങനെ ഒരു തീരുമാനം വേണോ എന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്‌ റോഹനേക്കാളേറെ താന്‍ ന്യൂ യോര്‍ക്കിനെ സ്നേഹിക്കുന്നു എന്നാണ്‌.
എന്താണവളോട്‌ പറയേണ്ടത്‌ എന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു.

അന്ന്‌ വൈകീട്ട്‌ ഓഫീസ്‌ വിട്ടിറങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.
"അനില്‍, നിങ്ങള്‍ക്ക്‌ തിരക്കില്ലെങ്കില്‍ നമുക്കല്‍പം നടക്കാം. ഇന്ന്‌ എന്റെ സ്വാതന്ത്ര്യത്തിന്റെ ദിവസമാണ്‌."
സ്ട്രീറ്റുകളും അവന്യൂകളും പിന്തള്ളി ഞങ്ങള്‍ വെറുതെ നടന്നു. നഗരച്ചുഴികളിലൂടെ പ്രത്യേകിച്ച്‌ ലക്ഷ്യമൊന്നുമില്ലാതെ. പെഡസ്ട്രിയന്‍ ക്രോസ്സിങ്ങുകളില്‍ അവള്‍ ഒരു സ്കൂള്‍ കുട്ടിയെ പോലെ ഓടി.
ക്ഷീണിച്ചപ്പോള്‍ വഴിയരികിലെ ഐസ്‌ ക്രീം പാര്‍ലറില്‍ നിന്നും ഞങ്ങള്‍ ഐസ്‌ ക്രീം കഴിച്ചു.
"ഭാ‍വി വരന്‍ പിണങ്ങിപ്പോകുമ്പോള്‍ കിടന്നു കരയാതെ ഐസ്‌ ക്രീം തട്ടിവിടുന്ന പെണ്‍കുട്ടീ, നിന്നെ കുറിച്ചറിഞ്ഞാല്‍ പൂവ്വാര്‍ ലജ്ജിക്കുകയേ ഉള്ളൂ' അവളെ ചിരിപ്പിക്കാനായി ഞാന്‍ പറഞ്ഞു.
"ഞാന്‍ പയറുമണിയുടെ മറ്റേ പകുതിയെ തേടിയുള്ള യാത്രയിലാണ്‌" അവള്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

കുട്ടിക്കാലത്തെപ്പോഴൊ അവള്‍ കേട്ടിട്ടുള്ള കഥയാണത്‌. ഒരു പയറുമണിയുടെ രണ്ട്‌ പകുതികളെ പോലെയാണത്രേ ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നത്‌. ഒരാത്മാവിനെ പങ്കിടുന്നവര്‍, സോള്‍ മേറ്റ്‌സ്‌.
ആത്മമിത്രങ്ങള്‍ . ചിതറിപ്പോയ പയറുമണിയുടെ രണ്ട്‌ പകുതികള്‍.
ആത്മ മിത്രത്തെ തിരക്കിയുള്ള യാത്രയില്‍ താന്‍ ഇതിനകം പത്തിലധികം മുഖങ്ങള്‍ പിന്തള്ളിയിട്ടുണ്ട്‌ എന്ന്‌ അവള്‍ പറഞ്ഞു.
"റോഹന്‍ ഒരുപക്ഷേ എന്റെ ആത്മമിത്രമല്ലായിരിക്കാം. പ്രശ്നങ്ങള്‍ പണ്ടുമുതലേ ഉണ്ടായിരുന്നു. വിവാഹത്തീയതി വരെ ഞങ്ങള്‍ പലതവണ മാറ്റി വച്ചു. പരസ്പരം വിശ്വാസമില്ലാത്തതു പോലെ."
അവള്‍ക്ക്‌ അവളുടെ ആത്മമിത്രത്തെ വളരെ പെട്ടെന്നു തന്നെ ലഭി‍യ്ക്കട്ടെ എന്ന്‌ ഞാന്‍ ആശംസിച്ചു.

***************************************************************

"പൂവ്വാറിലെ പെണ്‍കുട്ടികള്‍ എങ്ങനെയാണ്‌" പിറ്റേന്ന്‌ വൈകുന്നേരം അവള്‍ ചോദിച്ചു.
പൂവ്വാറിലെ പെണ്‍കുട്ടികള്‍ മുടങ്ങാതെ തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നവരാണ്‌ എന്നും ഭാ‍വിവരന്റെ ദീര്‍ഘായുസ്സിനും നന്മയ്ക്കുമായി അവര്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും എന്നും ഞാന്‍ പറഞ്ഞു. അവളെ വെറുതെ ഒന്ന്‌ കളിപ്പിക്കാനായി മാത്രം.
" ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക്‌ വേണ്ടി.. ?"
അത്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാവാം അവള്‍ ചുമലുകള്‍ കുലുക്കികൊണ്ട്‌ വേഗത്തില്‍ നടന്നു.
അന്ന്‌ സ്റ്റേഷനില്‍ എത്തുന്നതു വരെ അവള്‍ പിന്നെ ഒന്നും സംസാരിച്ചില്ല.

ട്രെയിന്‍ വരാന്‍ കാത്തു നില്‍ക്കുന്നതിനിടയില്‍ ദീര്‍ഘമായ മൌനം ഭേദിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു.
"അനില്‍, നിങ്ങള്‍ക്കുവേണ്ടിയും തിങ്കളാഴ്ച വ്രതം നോറ്റ്‌ ഒരു പെണ്‍കുട്ടികാത്തിരിക്കുന്നുണ്ടാവും അല്ലേ"
"ഉണ്ടാവാം. പയറുമണിയുടെ പകുതി നന്ദിനിയ്ക്കുവേണ്ടി കാത്തിരിക്കുന്നതുപോലെ"
ഒരു നിമിഷം ഞങ്ങള്‍ പരസ്പരം നോക്കി. അവളുടെ കണ്ണുകളില്‍ വല്ലാത്ത ഒരു പരിഭ്രമം ഉണ്ടായിരുന്നു.

ആ നിമിഷം അല്‍പം നീണ്ടുപോയിരുന്നെങ്കില്‍ നന്ദിനിയുടേയും എന്റേയും കഥ മറ്റൊന്നാകുമായിരുന്നോ? പിന്നീട്‌ ഉറക്കം വരാത്ത എത്രയോ രാത്രികളില്‍ ഞാന്‍ അതിനെ കുറിച്ച്‌ ചിന്തിച്ചിട്ടുണ്ട്‌. അവളുടെ കണ്ണുകളിലെ അന്നത്തെ ആ ഭാ‍വം.
പക്ഷേ അടുത്ത നിമിഷം ഞങ്ങള്‍ക്കിടയിലെ അവാച്യമായ ആ 'എന്തോ ഒന്നിനെ ' ഭേദിച്ചുകൊണ്ട്‌ ട്രെയിന്‍ വന്നു.
ട്രെയിനില്‍ അന്ന്‌ പതിവിലേറെ തിരക്കുണ്ടായിരുന്നു. അടുത്ത ദിവസം എനിക്ക്‌ ജോലി സംബന്ധമായി വാഷിംഗ്‌ടണിലേയ്ക്ക്‌ പോകേണ്ടതുണ്ടായിരുന്നു. നന്ദിനി അതിനെ പറ്റി ചോദിച്ചുകൊണ്ടിരുന്നു. ഞാനാകട്ടെ അവളുടെ കണ്ണുകളില്‍ കാര്‍ത്തിക ദീപങ്ങള്‍ കാണാന്‍ ശ്രമിക്കുകയായിരുന്നു.

അന്നാണ്‌ ഞാന്‍ നന്ദിനിയെ അവസാനമായി കണ്ടത്‌. ഞാന്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും അവള്‍ ജോലി രാജി വച്ചുപോയിരുന്നു. കാലിഫോര്‍ണിയയിലേയ്ക്ക്‌. റോഹന്റെ അടുത്തേയ്ക്ക്‌.
എനിക്കായി ഒരു ഇ-മെയില്‍ സന്ദേശം മാത്രം.
"പറയാതെ പോകുന്നതില്‍ ക്ഷമിയ്ക്കുക. എന്റെ തെറ്റുകള്‍ തിരുത്തേണ്ടിയിരിക്കുന്നു."
"പയറുമണിയുടെ മേറ്റ്‌ പകുതിയെ തേടിയുള്ള എന്റെ യാത്ര ഇതോടെ അവസാനിക്കുന്നു."

************************************************************************
സ്റ്റേഷന്‌ അരികില്‍ എത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി.
മൂന്ന്‌ വര്‍ഷമായി പതിവായി നടക്കാറുണ്ടായിരുന്ന വഴികള്‍. പടുകൂറ്റന്‍ കെട്ടിടങ്ങള്‍ . എപ്പോഴും തിടുക്കത്തില്‍ നടക്കുന്ന ആളുകള്‍.
അവളുടെ പ്രിയപ്പെട്ട നഗരം.
ഞാനും തിടുക്കത്തില്‍ സ്റ്റേഷനകത്തേയ്ക്ക്‌ നടന്നു.
ചിതറിപ്പോയ പയറുമണികളുടെ കഥ എനിയ്ക്കും മറക്കേണ്ടിയിരിക്കുന്നു.

ദുര്‍ഗ്ഗ
Subscribe Tharjani |
Submitted by ചില നേരത്ത് (not verified) on Sun, 2006-04-02 18:15.

മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ആസ്വദിച്ചു.
" നിമിഷം അല്‍പം നീണ്ടുപോയിരുന്നെങ്കില്‍ നന്ദിനിയുടേയും എന്റേയും കഥ മറ്റൊന്നാകുമായിരുന്നോ?"
കഥയുടെ മനോഹരമായ ഒരവസ്ഥ.
ആശംസകള്‍!!.

Submitted by Arun (not verified) on Sun, 2006-04-02 20:30.

Hi Durga,
Really beautiful presentation...keep it up

Regards,
Arun

Submitted by Ajinariya (not verified) on Mon, 2006-04-03 09:36.

wonderful story.very very like it........

Submitted by Prashanth (not verified) on Mon, 2006-04-03 12:44.

Dear Durga,

Manglishil Ezhuthamallo alle?

Valare Nannaayirikkunnu. Oru Ezhuthukaarante allengil Ezhuthukaariyude Ettavum Valiya Vijayamennathuthanne Aaa Rachanayilude Vaayanakkaraaya njangalude Manassinekkoodi Avide ethikkukayum Vayikkumbol Oro Kadhaapathrangalum Athilude Kadannuvarunna oro sandharbhangalum mattum manassil maayathe nirthuvan kazhiyippikkuka ennathum thanneyaaanu. athil priyappetta ee ezhuthukaaran/ezhuthukaari vijayichirikkunnu.

Expecting more stories from your side.

With Regards,
Prashanth.

Submitted by Dils (not verified) on Wed, 2006-04-05 14:01.

Wow !!!

nannayirikkunnu...

Submitted by Rasheed (not verified) on Tue, 2006-06-13 14:22.

Hi Durga,

Realy good....

with regards
rasheed