തര്‍ജ്ജനി

മൊഴിമാറ്റം : ശിവകുമാര്‍ ആര്‍ പി

ഫോണ്‍: 9447761425

ഇ-മെയില്‍: sivanrp@rediffmail.com

Visit Home Page ...

വര്‍ത്തമാനം

ആദ്യം അവരെന്നെ കോമാളിയെന്നു വിളിച്ചു, ഇപ്പോള്‍ ഞാന്‍ അപകടകാരിയായ ചിന്തകനാണ്.

ശോഭന്‍ സക്സേന - സ്ലാവോജ് സിസക്

സ്ലാവോജ് സിസക്, വച്ചുകെട്ടും വിട്ടുവീഴ്ചയുമില്ലാത്ത ഇടതുപക്ഷനിലപാടുള്ള അസാധാരണ തത്ത്വചിന്തകനാണ്. ഹോളിവുഡ് ക്ലാസിക്കുകളെയും അദ്ദേഹം ഇഷ്ടപ്പെടുന്നു. ലെനിനും ഹിച്ച്കോക്കും മുതല്‍ സെപ്തംബര്‍ 11 വരെ പരന്നുകിടക്കുന്ന വിവിധ വിഷയങ്ങളിലായി, 59 വയസ്സിനിടയ്ക്ക് നാല്പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിക്കഴിഞ്ഞിരിക്കുന്നു. ലോകത്ത് ആത്യന്തികവിജയം കമ്മ്യൂണിസത്തിനു തന്നെയാണെന്ന് സ്ലോവേനിയന്‍ ചിന്തകനായ ഈ സ്വയം പ്രഖ്യാപിതലെനിനിസ്റ്റ് വിശ്വസിക്കുന്നു. അടുത്തിട ഇന്ത്യ സന്ദര്‍ശിച്ച (അദ്ദേഹം കേരളത്തിലും വന്നിരുന്നു, കൊച്ചിയില്‍ 2010 ജനുവരി 9ന് ‘വിതര്‍ ലെഫ്റ്റ് ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താന്‍ ) ആഗോളമുതലാളിത്തം, ഗാന്ധി, ബോളിവുഡ്, ബുദ്ധിസം തുടങ്ങിയ വിഷയത്തിലുള്ള തന്റെ ചിന്തകളാണ് ടി എന്‍ എന്‍ ലേഖകന്‍ ശോഭന്‍ സക്സേനയുമായി പങ്കുവയ്ക്കുന്നത്.

?താങ്കള്‍ ‘ലെനിനിസ്റ്റെ’ന്നാണ് സ്വയം വിളിക്കുന്നത്. എന്നാല്‍ പാശ്ചാത്യമാദ്ധ്യങ്ങള്‍ താങ്കളെ വിശേഷിപ്പിക്കുന്നതാകട്ടേ ‘റോക്ക് സ്റ്റാറെ’ന്നും ‘മാക്സ് സഹോദര’നെന്നും. ഇത്തരം ലേബലുകളോടുള്ള പ്രതികരണമെന്താണ്?

= ദുഃഖം ഒട്ടുമില്ലാതെ പറയാം. ‘ഇവന്‍’ വിവാദപ്രിയനും രസികനുമാണെന്നും എന്നാല്‍ ഗൌരത്തോടെ കണക്കിലെടുക്കേണ്ടവനല്ലെന്നുമാണ് അവര്‍ പറയാന്‍ ശ്രമിക്കുന്നത്. നിങ്ങളെ ശല്യപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന, ഏതു സമയത്തും തട്ടിയെറിഞ്ഞ് ഒഴിവാക്കാവുന്ന ഒരു ഈച്ചപോലത്തെ ഒരു സംഗതിയാണ് അവര്‍ക്ക് ഈ ഞാന്‍. എങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ വിചാരിച്ചതിനേക്കാള്‍ കുഴപ്പക്കാരനായ ആരോ ആണ് ഞാനെന്ന് അവര്‍ക്കു തന്നെ തോന്നാന്‍ തുടങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷമായി അവരുടെ സ്വരത്തില്‍ വ്യക്തമായ മാറ്റം ഉണ്ടായിട്ടുണ്ട്. ആദ്യം മാക്സ് സഹോദരന്മാരുടെ* തമാശ പ്രചരിച്ചിരുന്നു. ഇപ്പോള്‍ അവര്‍ പറയുന്നത് പടിഞ്ഞാറുള്ള ഏറ്റവും അപകടകാരിയായ ദാര്‍ശനികനാണ് ഞാനെന്നാണ്. ഞാനതിനൊന്നും വലിയ പ്രാധാന്യം കൊടുക്കുന്നില്ല.

? രാഷ്ട്രീയകലാപങ്ങളെ താങ്കള്‍ മഹത്വപ്പെടുത്തുന്നു എന്നവര്‍ പറയുന്നതിനെയും അവഗണിക്കാറാണോ പതിവ്?

= എന്റെ അഭിപ്രായത്തില്‍ , ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസം ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ-രാഷ്ട്രീയ ദുരന്തമാണ്. ഫാസിസത്തേക്കാള്‍ വലിയ കൊടുമ. ഒക്ടോബര്‍ വിപ്ലവത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ -‘ചുവന്ന ഭീകരത’യെ മാറ്റി നിര്‍ത്തിയാല്‍ - അത് ഒരു ദുഃസ്വപ്നമായി പരിണമിക്കുന്നതിനു തൊട്ടു മുന്‍പ്, ലൈംഗികസ്വാതന്ത്ര്യവും സാഹിത്യത്തിന്റെ വിസ്ഫോടനകരമായ വളര്‍ച്ചയും ഒക്ടോബര്‍ വിപ്ലവം സാദ്ധ്യമാക്കിയിരുന്നു. വിപ്ലവത്തിന്റെ തുടക്കം മുതല്‍ കുഴപ്പമായിരുന്നു എന്നു പറയുന്ന വലതുപക്ഷവിമര്‍ശനങ്ങളെ ഞാന്‍ അംഗീകരിക്കുന്നില്ല.

? എന്നാലും രാഷ്ട്രീയ കൊലപാതകങ്ങളില്‍ താങ്കളുടെ നിലപാടെന്താണ്?

=അമൂര്‍ത്തമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണെങ്കില്‍ ഞാന്‍ ഹിംസയെ എതിര്‍ക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരും കൊലപാതകങ്ങള്‍ക്ക് എതിരല്ല. ബുദ്ധിസ്റ്റുകളെ നോക്കുക. നിങ്ങള്‍ കൊല്ലരുതെന്നാണ് അവര്‍ പറയുന്നത്. എന്നിട്ട് അവര്‍ കുറച്ചു ന്യായീകരണങ്ങള്‍ സ്വയം ഉണ്ടാക്കി വയ്ക്കും. നാല്പതുകളില്‍ മഹാനായ ഒരു സെന്‍ ഗുരു ചൈനയെ ആക്രമിച്ച ജപ്പാനെ ന്യായീകരിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതി. മാത്രമല്ല, കുറ്റബോധം തോന്നാതെ കൊല നടത്താന്‍ സെന്‍ ബോധോദയം നിങ്ങളെ അനുവദിക്കുന്നതെങ്ങനെ എന്നു വിശദീകരിച്ചുകൊണ്ട് ഉപദേശങ്ങളും നല്കി.

? ബുദ്ധമതത്തെ അത്രയെളുപ്പം തള്ളിക്കളയാന്‍ പറ്റുമോ? ലോകത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മതമാണത്.

=പടിഞ്ഞാറുള്ളവര്‍ക്ക്, ബുദ്ധിസം മേധാവിത്തപരമായ ആശയം വച്ചുപുലര്‍ത്തുന്ന പുതിയ മതമാണ്. കാര്യങ്ങള്‍ അങ്ങേയറ്റം അസ്ഥിരവും ആകെ കുഴഞ്ഞു മറിഞ്ഞതും ആകും നിങ്ങള്‍ക്ക്, കോടിക്കണക്കിനു ഡോളറുകള്‍ ഒരു നിമിഷത്തിനുള്ളില്‍ നഷ്ടപ്പെടാം എന്ന സിദ്ധാന്തം എടുത്തു പെരുമാറിയാല്‍ . ‘എല്ലാം പ്രത്യക്ഷമാണ്’ എന്ന വാദമാണ് ബുദ്ധമതത്തിന് ആകെ വിശദീകരിക്കാന്‍ കഴിയുന്ന ഒരേ ഒരു കാര്യം . ദലൈ ലാമയ്ക്ക് ഹോളിവുഡില്‍ ഇത്ര പ്രിയം ഉണ്ടാവാന്‍ കാരണമിതാണ്.

? ഗാന്ധിയെയും താങ്കള്‍ വിമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തെ ക്രൂരനെന്ന് താങ്കള്‍ വിളിച്ചു. കാരണമെന്താണ്?

= ഒരു സംഗതിയെ അതിന്റെ രീതിയില്‍ നിലനിര്‍ത്താന്‍ വേണ്ടി ആവര്‍ത്തിച്ചുണ്ടാകുന്ന അക്രമങ്ങളെ വെറുതേ നോക്കിക്കൊണ്ടിരിക്കുന്നത് കടന്ന കൈയാണ്. ആ നിലയ്ക്ക് ഗാന്ധി, ഹിറ്റ്ലറേക്കാള്‍ കടുപ്പക്കാരനായിരുന്നു.

? ഗാന്ധി, ഹിറ്റ്ലറെക്കാള്‍ ക്രൂരനായിരുന്നു എന്ന താങ്കളുടെ പ്രസ്താവം കൂടുതലാളുകള്‍ക്കും തമാശയായിട്ടേ തോന്നൂ. താങ്കള്‍ ഗൌരവത്തോടു കൂടി തന്നെ പറഞ്ഞതാണോ അത്?

=അതെ. ഗാന്ധി കൊലയെ ന്യായീകരിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ബ്രിട്ടീഷ് സാമ്രാജ്യവാദികളെ കൂടുതല്‍ കാലം ഇന്ത്യയില്‍ നിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ഹിറ്റ്ലര്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന കാര്യമാണിത്. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വഴികളെ തടയാന്‍ ഗാന്ധി ഒന്നും ചെയ്തിട്ടില്ല. എനിക്ക് അതാണ് പ്രശ്നമായി തോന്നുന്നത്.

? ഈ രാജ്യത്ത് (ഇന്ത്യയില്‍) മഹാനായ ഒരു വ്യക്തിയായി കണക്കാക്കിപ്പോരുന്ന ഗാന്ധിയെപ്പറ്റി താങ്കള്‍ക്ക് ഒരാദരവും ഇല്ലെന്ന് തോന്നുന്നു.

=എനിക്ക് ആദരവ് ഉണ്ട്. സമാധാനം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികളോ സസ്യാഹാരശീലമോ കണ്ടിട്ടല്ല ആ ആദരവ്. അതിനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. ഏതു വിധത്തിലായാലും തന്റെ ആദര്‍ശാത്മകമായ നിലപാടുകളെ പ്രായോഗികമായ ചൈതന്യത്തോടെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ ഗാന്ധി വിജയിച്ചു. ഇവയുടെ സന്തുലനം നില നിര്‍ത്തുക ചില്ലറ കാര്യമല്ല. എന്നാലും ഞാന്‍ വിചാരിക്കുന്നത് അംബേദ്കറാണ് ഗാന്ധിയേക്കാള്‍ ഭേദം എന്നാണ്. അബേദ്കറുടെ എനിക്കിഷ്ടമുള്ള ഒറ്റവാചകമുണ്ട്, അതിങ്ങനെയാണ് : ‘ജാതിഭ്രഷ്ടരില്ലാതെ ജാതിയില്ല’. ജാതിപ്രശ്നത്തില്‍ ഞാന്‍ അംബേദ്കറുടെ യുക്തിപരമായ സമീപനത്തിനോടൊപ്പമാണ്.

? ‘ ആദ്യം ദുരന്തമായി, പിന്നെ തമാശയായി’ എന്ന പുതിയ പുസ്തകത്തില്‍ അടുത്തകാലത്തുണ്ടായ സാമ്പത്തികമാന്ദ്യത്തെ താങ്കള്‍ വിശകലനം ചെയ്തിട്ടുണ്ട്. ഇടതുപക്ഷത്തിനുള്ള ഒരവസരമായിട്ടാണോ താങ്കള്‍ ഈ പ്രതിസന്ധിയെ കണക്കിലെടുക്കുന്നത്?

= ഇടതുപക്ഷത്തിനു ലഭിച്ച മികച്ച അവസരമാണിതെന്നു പറയുന്ന കൂട്ടുകാരെ ഞാന്‍ വിശ്വസിക്കുന്നില്ല. ഇടതിന്റെ ദുരന്തമാണത്. ആഗോളമുതലാളിത്തതിനെതിരെ നൂറുകണക്കിന് പ്രതിഷേധപ്രകടനക്കാരെ നിങ്ങള്‍ക്ക് കാണാം, പക്ഷേ ഒരു ബദലുപോലും മുന്നോട്ടു വയ്ക്കാന്‍ ആരും ഇല്ലെന്ന അവസ്ഥയാണ്. ഭൂരിപക്ഷം ഇടതുപക്ഷക്കാരും ഇന്ന് ആഗ്രഹിക്കുന്നത് മാനുഷികമായ മുഖമുള്ള ഒരു ആഗോളമുതലാളിത്തമാണ്.

? ഹോളിവുഡിലെ ക്ലാസിക് സിനിമകളെ ഇഷ്ടപ്പെടുന്ന ഇടതുപക്ഷദാര്‍ശനികനാണ് താങ്കള്‍ . ഇതിനിട്യ്ക്ക് ഒരു വൈരുദ്ധ്യമുള്ളത് ശ്രദ്ധിച്ചിട്ടില്ലേ?

= ഹോളിവുഡിന് അസ്ഥിരവും അവ്യക്തവുമായ സ്വഭാവമുണ്ട്. എന്നാലും അത് വിശകലനം അര്‍ഹിക്കുന്നു. നമ്മള്‍ എങ്ങോട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കാന്‍ കഴിവുള്ള ഏറ്റവും മികച്ച സൂചകങ്ങളാണ് ഹോളിവുഡ് ഉല്പന്നങ്ങള്‍ . യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നോക്കിയാല്‍ ആകെ ആശയക്കുഴപ്പമാണ്. പക്ഷേ ഹോളിവുഡ് യാഥാര്‍ത്ഥ്യത്തെ വാറ്റിയെടുത്ത് നിങ്ങള്‍ക്ക് മുന്നില്‍ വച്ചു തരും. അതേ സമയം ഹോളിവുഡിന്റെ പ്രാന്തദേശങ്ങളില്‍ വുഡി അലനെയും റോബര്‍ട്ട് ആല്‍ട്ട്മാനെയും പോലുള്ള കഴിവുറ്റ ചലച്ചിത്രപ്രവര്‍ത്തകരുമുണ്ട്. ഹോളിവുഡിനെ അവഗണിക്കുകയാണെങ്കില്‍ അവിടുള്ള ഏറ്റവും മോശപ്പെട്ടത് അനുകരിക്കുന്ന അവസ്ഥയിലായിരിക്കും നിങ്ങള്‍ ചെന്ന് എത്തുക.

? താങ്കള്‍ ബോളിവുഡിനെ അവഗണിച്ചതു പോലെ തോന്നുന്നു.

=അതുകൊണ്ടാണല്ലോ ഞാനിവിടെ എത്തിയിരിക്കുന്നത്. കൂടുതല്‍ കുഴപ്പം പിടിച്ചതും വളരെയേറെ നിറങ്ങള്‍ കലര്‍ന്നതുമാണ് ഞങ്ങള്‍ക്ക് ബോളിവുഡ്. എങ്കിലും ഈ അനുഭവം ഞാന്‍ ഇഷ്ടപ്പെടുന്നു. വ്യത്യസ്തമായ കഥപറയല്‍ രീതിയാണിത്. പശ്ചാത്തലവും അതിലെ വിഷയവും തമ്മില്‍ വേര്‍തിരിക്കേണ്ടതില്ലാത്ത മദ്ധ്യകാല ചിത്രകലയെപ്പോലെയാണ് ബോളിവുഡ് സിനിമകള്‍. സ്ലം ഡോഗ് മില്യണയര്‍ പോലുള്ള ബോളിവുഡ് പകര്‍പ്പുകളെപ്പോലും ഞാനിഷ്ടപ്പെടുന്നുണ്ട്. ആദ്യം ഞാന്‍ ആ സിനിമയെ എതിര്‍ത്തിരുന്നു. എന്നാല്‍ ആ സിനിമ, ജീവിതത്തിന്റെ ക്രൂരതയെ കാണിക്കുന്ന വിധം എനിക്കിഷ്ടമായി. ഇത് പടിഞ്ഞാറ് ഭാവനയില്‍ പോലും കാണാന്‍ പറ്റാത്ത കാര്യമാണ്. ചലച്ചിത്രം ശുഭപര്യവസായിട്ടും യാഥാര്‍ത്ഥ്യം അവിടെ തന്നെ നിലനില്‍ക്കുന്നു. ക്രൂരമായ സാമൂഹികയാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിക്കലര്‍ത്തി കണ്ടിരിക്കാന്‍ സുഖമുള്ള ഒരു കഥ പടിഞ്ഞാറ് അസാദ്ധ്യമാണ്.

? ബോളിവുഡിലെ പൊട്ടും പൊടിയും പാറ്റുകയല്ല ഇപ്പോഴത്തെ ലക്ഷ്യം, അല്ലേ?

=അല്ല. ബാംഗ്ലൂരിലെ ഐടി വ്യവസായം പോലെയുള്ള ആധുനികരീതികളെയും ആഗോളവത്കരണത്തിന്റെ കാലത്തെ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ പാരമ്പര്യവഴിയ്ക്കുള്ള ജീവിതങ്ങളുടെ നിലനില്പിനെയുംക്കുറിച്ച് അന്വേഷിക്കുകയാണ് ഞാനിവിടെ. ചൈനയേക്കാള്‍ ഇന്ത്യയിലാണ് എനിക്ക് പ്രതീക്ഷ കൂടുതല്‍. ചൈനയില്‍ നാം കാണുന്നത് ആധിപത്യപരമായ മുതലാളിത്തമാണ്. അതു വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.
------------------------------------------------
*അമേരിക്കയിലെ തമാശനാടകസംഘം

Subscribe Tharjani |
Submitted by ബെന്നി (not verified) on Tue, 2010-03-02 17:21.

നന്ദി, ശിവകുമാര്‍