തര്‍ജ്ജനി

കഥ

ഇടംവലം

ഇങ്ങിനെ പോയാല്‍ സി.പി.ഐ ശോഷിച്ചുശോഷിച്ച്‌ ഒരു പരുവമാകും. പഴയ തറവാട്‌ പോലെ ഒടുവില്‍ അന്യം നില്‍ക്കും. വൈകിയാന്നേലും ഈ ബോധോദയം വന്നതുകൊണ്ടാ വെളിയാണ്ണന്‍ ഇത്രേമെങ്കിലും ഉശിരിപ്പ്‌ കാണിക്കുന്നത്‌. എത്രയൊക്കെ മാന്യനായാലും ആസനത്തിന്റരികില്‌ പടക്കം കണ്ടാ മിണ്ടാണ്ടിരിക്കാന്‍ പറ്റുമോ?

മാന്യന്മാരുടെ എണ്ണം കൂടിപ്പോയതാ ഞങ്ങടെ കൊഴപ്പം. സി.പി.ഐ ഗുണപ്പെടണേല്‌ ഈ വാദ്ധ്യാന്മാരെ പാര്‍ട്ടിസ്ഥാനങ്ങളില്‍ വയ്ക്കുന്ന കാര്യം അവസാനിപ്പിക്കണം. മറ്റൊരു പാര്‍ട്ടിയിലും ഇത്രേം റിട്ടയേഡ്‌ സാറന്മാര്‌ കെടന്ന്‌ വെരകുന്നുണ്ടായിരിക്കേല. ഈ ശല്യം വെളിയാണ്ണന്‌ മനസ്സിലാകാത്തതാ അല്‍ഭുതം. വല്ല അടിപിടിയിലോ പെണ്ണുപിടിയിലോ കള്ളഗര്‍ഭത്തിലോ കള്ളവാറ്റിലോ ഒക്കെ അടപടലേ കുരുങ്ങുമ്പഴാ ഓരോരുത്തന്മാര്‌ രാഷ്ട്രീയക്കാരെ തപ്പുന്നത്‌. ആദര്‍ശത്തിന്റെ അസും മൂലക്കുരുമാതിരി തള്ളി നില്‍ക്കുന്ന സാവ്‌ വാദ്ധ്യാന്മാര്‌, നീ ചെയ്തത്‌ ശരിയാന്നോ, പാര്‍ട്ടിക്ക്‌ നെരക്കുന്നതാന്നോ, കമ്യുണിസ്റ്റുകാരന്‌ എണങ്ങുന്നതാണൊ എന്നൊക്കെ ഒരുമാതിരി ഉപദേശം തുടങ്ങും. അവന്മാര്‌ ആരാ പുള്ളികള്‌! അവര്‌ മറ്റവന്മാരെപ്പോയിക്കാണും. ഇതുതന്നെ താപ്പെന്ന്‌ കരുതി അവര്‌ വേണ്ടത്‌ ചെയ്തുകൊടുക്കും. അതോടെ നമ്മളെ തേടിവന്ന ആളും അര്‍ത്ഥവും അവര്‍ക്കാകും. അവര്‌ കൊഴുക്കും, സി.പി.ഐ മെലിയും.

എന്നുകരുതി ഞാന്‍ ഈ ഏടാകൂടത്തിലൊന്നും പെട്ടയാളല്ല. ജന്മകാലം തൊട്ടുള്ള കമ്യുണിസ്റ്റാ. എന്റച്‌'നും കമ്യുണിസ്റ്റ്കാരനാരുന്നു. രണ്ട്‌ അമ്മാവമ്മാരും അങ്ങിനെതന്നെ. അതൊക്കെ ഒരു കൂറും വിശ്വാസവുമാ. ബലറാം സാവ്‌ എഴുതിയതെല്ലാം വായിച്ചാ ഞാന്‍ കമ്യുണിസം പഠിച്ചുറപ്പിച്ചത്‌. വായിച്ചതില്‍ പാതിയും എനിക്ക്‌ ഇപ്പഴും മനസ്സിലായിട്ടില്ലെന്ന കാര്യം തുറന്നുപറയാന്‍ ഒരു മടിയുമില്ല. ഇതൊക്കെ ഒരു വിശ്വാസമാ. കുറച്ച്‌ മനസ്സിലായി. വിശ്വസിക്കാന്‍ അത്‌ മതിയായിരുന്നു. പാര്‍ട്ടിയോട്‌ പിണങ്ങും, വഴക്കടിക്കും എന്നാലും ഇന്നുവരെ മാറ്റിക്കുത്തിയിട്ടില്ല. അങ്ങിനെ ആലോചിച്ചിട്ടു പോലുമില്ലെന്നതാ സത്യം. നേരത്തേ പറഞ്ഞപോലെ ഇതൊക്കെ ഒരു വിശ്വാസമാ. നേരും നെറിവുമുള്ള വിശ്വാസം. സത്യമാണെന്ന്‌ ചങ്ക്‌ പറഞ്ഞുതന്നപ്പോള്‍ തൊടങ്ങിയതാ. അല്ലാതെ അച്‌'നും അമ്മാവമ്മാരും പറഞ്ഞതുകേട്ട്‌ പാര്‍ട്ടിയിലേക്ക്‌ വന്നതല്ല.

illustration

സോവിയറ്റ്‌ യൂണിയന്‍ പൊലിഞ്ഞതും ലോകമെമ്പാടും പാര്‍ട്ടിക്ക്‌ ക്ഷീണം സംഭവിച്ചതുമൊന്നും ഞാന്‍ കാര്യമായിട്ടെടുത്തിട്ടില്ല. പോപ്പും വത്തിക്കാനും ക്ഷയിച്ചാല്‍ ക്രിസ്ത്യ‍ാനികള്‍ വേറെ മതം തേടുമോ? ഇതും അങ്ങിനെ തന്നെ. എന്നാലും കാലത്തിനൊത്ത്‌ ശകലം മാറ്റമൊക്കെ വേണ്ടതുതന്നെയാണെന്നാ എന്റേം അഭിപ്രായം. തന്തയില്ലാഴികയാ കാണിച്ചതെങ്കിലും ഗോര്‍ബച്ചേവ്‌ പറഞ്ഞതിലും ഇത്തിരി കാര്യമൊക്കെയുണ്ട്‌. ശത്രു വേഷം അടിപടലേ മാറ്റുമ്പോള്‍ അടവുകളില്‍ നമ്മളും മാറ്റം വരുത്തണ്ടേ? അല്ലാണ്ടെങ്ങിനെയാ? പിന്നെ മനുഷ്യരുടെ ആവശ്യങ്ങളും അടിസ്ഥാനപരമായിത്തന്നെ മാറുകയല്ലിയോ? നീതിയാരുന്നല്ലോ തൊടക്കം മുതല്‍ കമ്യുണിസത്തിന്റെ ഹരിശ്രീ. പിള്ളാരുടെ കാലമല്ലിയോ? ഇനിയിപ്പം അതിന്റെ കൂടെ സ്വാതന്ത്ര്യത്തിനും പ്രാധാന്യം കൊടുക്കണം. എന്നാലും നീതിക്കുതന്നാ മുന്തൂക്കം. അതച്ചട്ടാ. അതീമാറ്റം വരുത്തിയാല്‌ കമ്യുണിസം ഇല്ലാണ്ടാകും. ഞാന്‍ നേരത്തേ പറഞ്ഞില്ലായോ, ഒരു കാര്യത്തിലും ഞാന്‍ പിടിവാശിക്കാരനല്ല. വെളിയാണ്ണനും ഇക്കാര്യത്തില്‍ യോജിപ്പാണെന്നതാ എന്റെയൊരു നിഗമനം. പി.കെ.വീക്കും അങ്ങനെതന്നാരുന്നു. പിന്നെ അങ്ങേരുടെ ശാന്തസ്വഭാവോം എല്ലാരെ സന്തോഷിപ്പിക്കണമെന്ന വിചാരോം കൂടിയപ്പോ ഒത്തിരി വിഴുങ്ങണ്ടിവന്നുകാണും. വെളിയാണ്ണനും വിഴുങ്ങലുകാരന്‍ തന്നാ. അത്‌ സി.പി.ഐക്കാരുടെ കൂടപ്പിറപ്പാ. ഇപ്പം ദീര്‍ഘവീക്ഷണം കാണിച്ചതാ. ഇത്തിരിപ്പോരം മസിലെങ്കിലും കാണിച്ചില്ലെങ്കി ഗോദായിക്കാണത്തില്ലെന്ന്‌ മനസ്സിലാക്കിയതിന്റെ ഫലം.

എന്റച്‌'നും അങ്ങനാരുന്നു. അമ്മേടെ മുന്നിലാരുന്നു അച്‌'ന്റെ വിഴുങ്ങലുകള്‍. അമ്മ വലിയ പരിഷ്കാരിയാരുന്നു. പട്ടണത്തില്‍ ജനിച്ചതിന്റെയും വളര്‍ന്നതിന്റെയും ഫലം. സിനിമയും സര്‍ക്കസും പാട്ടും ഉത്സവങ്ങളും അമ്മയൂടെ ദൌര്‍ബല്യങ്ങളാരുന്നു. ദൌര്‍ബല്യങ്ങളെന്നൊന്നും പറയാന്‍ പറ്റത്തില്ല. ഒരുതരം ശാഠ്യം തന്നെ. എം.ജി.ആറും പ്രേംനസീറുമായിരുന്നു അമ്മയുടെ ഇഷ്ടതാരങ്ങള്‍. അവരുടെ പടങ്ങള്‍ റിലീസ്‌ ചെയ്യുന്ന ദിവസം തന്നെ കാണണമെന്ന്‌ അമ്മയ്ക്ക്‌ നിര്‍ബന്ധമായിരുന്നു. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അമ്മ ഒരുക്കമല്ലാരുന്നു. ആദ്യമൊക്കെ അച്‌'ന്‍ മസിലുപിടിച്ചുനോക്കി. അമ്മ വഴങ്ങിയില്ല. തുടക്കത്തില്‍ അച്‌'നായിരുന്നു അമ്മയെ സിനിമയ്ക്ക്‌ കൊണ്ടുപോയിരുന്നത്‌. മൂത്തചേട്ടന്‍ ജനിച്ചുകഴിഞ്ഞ്‌ അമ്മ ഒറ്റയ്ക്കായി പോക്കും വരവും. അച്‌'ന്‍ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കും. എന്നാലും അച്‌'ന്‌ അമ്മയെ ഇഷ്ടമായിരുന്നു. വലിയ ഇഷ്ടം. അമ്മയ്ക്കും അങ്ങിനെതന്നെ. വിവിധഭാരതിയും സിലോണ്‍ റേഡിയോയും അമ്മയെ പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചു. ഓള്‍ ഇന്ത്യ റേഡിയോയില്‍ വൈകുന്നേരം നാലര മണിക്കായിരുന്നു പാട്ടുപ്രോഗ്രാം. അതിനുമുന്‍പേ അമ്മ കുളിച്ചൊരുങ്ങും. കാച്ചിയ വെളിച്ചെണ്ണ കുടിച്ച്‌ തഴച്ച മുടി വിടര്‍ത്തിയിടും. വലിയ സിന്ദൂരപ്പൊട്ട്‌. പോണ്‍സ്‌ പൌഡര്‍ മുത്ത്‌ പുരട്ടിയിരിക്കും. പാട്ട്‌ കേള്‍ക്കുന്ന നേരം ഞങ്ങള്‍ മക്കള്‍ മടിയിലൊക്കെ കിടക്കുന്നത്‌ അമ്മയ്ക്ക്‌ ഇഷ്ടമായിരുന്നു. അപൂര്‍വം ദിവസങ്ങളില്‍ അച്‌'നും അമ്മയുടെ മടിയില്‍ തല വയ്ക്കും. അതൊരുകാലം!

പാര്‍ട്ടിയുടെ കാര്യത്തില്‍ രണ്ടുപേരും ഒറ്റക്കെട്ടാരുന്നു. സര്‍ക്കസിനും സിനിമയ്ക്കുമൊക്കെ പോകുന്ന അതേ ഉത്സാഹത്തോടെ അമ്മ വോട്ട്‌ ചെയ്യാനും പോയി. ജാഥയ്ക്കും അങ്ങിനെ തന്നെ. കണ്ണെഴുതി പൊട്ടുംകുത്തി പൂവും ചൂടി അമ്മ വോട്ടുചെയ്യാന്‍ പോകുന്നത്‌ അച്‌'ന്‍ സന്തോഷത്തോടെ നോക്കിനില്‍ക്കുമാരുന്നു. കെ.പി.ഇ.സിയുടെ നാടകത്തിന്‌ മാത്രമേ അച്‌'ന്‍ പോയിരുന്നുള്ളു. പിന്നീട്‌ സാംബശിവന്റെ കഥാപ്രസംഗങ്ങളും ദേശാഭിമാനി തിയറ്റേഴ്സിന്റെ നാടകങ്ങളും അച്‌'ന്‌ പ്രിയപ്പെട്ടതായി. അമ്മ സിനിമയ്ക്ക്‌ ഞങ്ങളെ കൊണ്ടു പോകത്തില്ലാരുന്നു. പക്ഷേ ഞങ്ങളെ നാടകത്തിനും കഥാപ്രസംഗത്തിനും കൊണ്ടുപോകാന്‍ അച്‌'ന്‌ ഉത്സാഹമായിരുന്നു. ഞാനായിരുന്നു അച്‌'ന്റെ ഓമനപ്പുത്രന്‍. എന്നെ സ്നേഹിച്ചതുപോലെ അച്‌'ന്‍ മറ്റൊരു മനുഷ്യജീവിയെയും സ്നേഹിച്ചിരിക്കാന്‍ എടയില്ല. ഞാനും അച്‌'നും ഒരേകട്ടിലിലാണ്‌ കിടന്നിരുന്നത്‌. ചേട്ടനും പെങ്ങളും അമ്മയോടൊപ്പം പായിലും. അച്‌'ന്‍ മരിച്ച ദിവസവും ഞാന്‍ കട്ടിലില്‍ അച്‌'ന്റെ തൊട്ടരുകില്‍ ഉണ്ടായിരുന്നു.

അച്‌'ന്‍ രോഗിയായത്‌ ശഠോന്നാരുന്നു. മന്ത്രവാദമോ കൂടോത്രമോ ആണെന്ന്‌ അമ്മ പതമ്പെറുക്കി കരഞ്ഞു. ടൌണിലെ കണ്ണായസ്ഥലത്താരുന്നു അച്‌'ന്റെ കട. ചെരിപ്പും ബാഗും വേണ്ടവര്‍ മേറ്റ്ങ്ങും പോകില്ല. അച്‌'ന്റച്‌'ന്‍ തുടങ്ങിയതാരുന്നു. ടൌണില്‍ ചെരിപ്പും ബാഗും വില്‍ക്കുന്ന മറ്റൊരു കട ഇല്ല. ആയിടയ്ക്കാണ്‌ തെരുവിന്റെ മറ്റേ അറ്റത്ത്‌ പുതിയൊരു കട അച്‌'നോട്‌ മത്സരിക്കാനായി തുടങ്ങിയത്‌. ഗള്‍ഫില്‍ നിന്നും മടങ്ങിവന്ന ഒരുത്തന്‍. പുത്തന്‍ ഫാഷനുകളും കടും വര്‍ണ്ണങ്ങളും അവിടെ നിറഞ്ഞിരുന്നു. എന്നിട്ടും കച്ചവടത്തിന്‌ കുറവൊന്നുമില്ലെന്നായിരുന്നു അച്‌'ന്‍ ശാന്തനായി പറഞ്ഞത്‌. അച്‌'ന്റെ ഉത്സാഹം കുറഞ്ഞുവരുന്നത്‌ ഞാന്‍ മാത്രം കണ്ടു. ഒരുദിവസം രാവിലെ അച്‌'ന്‌ എഴുന്നേല്‍ക്കാനാവാതെയായി. നടുവ്‌ വെട്ടലാണെന്നാണ്‌ അമ്മ പറഞ്ഞത്‌. അന്ന്‌ കട മുടങ്ങി. മരുന്നും മന്ത്രവുമൊന്നും ഫലം കണ്ടില്ല. അടുത്ത ദിവസവും കട അടഞ്ഞുതന്നെ കിടന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അമ്മ ചെന്ന്‌ കട തുറന്നു. പിന്നെ അമ്മയായി കച്ചവടം. സാവധാനം അച്‌'ന്‍ ഒരു വീട്ടുപകരണം പോലെയായി. കോണ്‍ഗ്രസാപ്പീസിനുമുന്നിലെ ഗാന്ധി പ്രതിമ പോലെ. അപ്പോഴും ഞാന്‍ അച്‌'ന്റെ കൂടെ ഉറങ്ങി. സ്കൂള്‍ വിട്ടുവന്നാല്‍ അച്‌'ന്റെ കാര്യങ്ങള്‍ നോക്കലായി എന്റെ പണി. ഞാനത്‌ സന്തോഷത്തോടെ ചെയ്തു. അമ്മയുടെ ഉടുത്തൊരുങ്ങല്‍ കൂടി. നെറ്റിയിലെ ചുവന്ന സിന്ദൂരപ്പൊട്ടിന്റെ വലുപ്പവും കൂടി. കടയടച്ച്‌ പുതിയ സിനിമയുണ്ടെങ്കില്‍ സെക്കന്‍ഡ്‌ ഷോയും കണ്ട്‌ അമ്മ വീട്ടിലെത്തി. വീട്ടിലെ നിത്യനിദാനകാര്യങ്ങള്‍ക്ക്‌ ഒരിക്കലും മുടക്കം വന്നില്ല. അതിനകം ഗള്‍ഫുകാരുടെ പക്കല്‍ നിന്നും ഫോറിന്‍ സാധനങ്ങള്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന ബിസിനസും അമ്മ തുടങ്ങിയിരുന്നു.

അച്‌'ന്‍ ആ കിടപ്പ്‌ ഏഴ്‌ വര്‍ഷം കിടന്നു. വല്ലപ്പോഴും മാത്രം ആയാസപ്പെട്ട്‌ എഴുന്നേറ്റിരുന്നു. അപൂര്‍വമായി മാത്രം പുറത്തേക്കിറങ്ങി. സൂര്യപ്രകാശത്തില്‍ കണ്ണുപുളിക്കുന്നു എന്നുപറഞ്ഞ്‌ വേഗം തിരിച്ചുകയറുകയും ചെയ്തു. ഒരുമിച്ചുറങ്ങുമ്പോള്‍ അച്‌'ന്റെ ദീര്‍ഘനിശ്വാസങ്ങള്‍ ഞാന്‍ കേട്ടു. നെഞ്ച്‌ പൊട്ടുന്ന ചുമകളും. നീ അടുത്തില്ലെങ്കില്‍ എനിക്ക്‌ ഉറക്കം വരൂല്ലയെന്ന്‌ പലപ്പോഴും പറഞ്ഞു. ഒരു രാത്രി ഞാന്‍ നല്ല ഉറക്കത്തിലാരുന്നു. മലം, മലം എന്ന്‌ അച്‌'ന്‍ എന്റെ ഉറക്കത്തില്‍ പ്രവേശിച്ച്‌ പറയുന്നതു കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. അച്‌'ന്‍ തൂറി വൃത്തികേടായി കിടക്കുകാരുന്നു. അമ്മയും ചേട്ടനും പെങ്ങളും വന്നു. അവര്‍ മൂക്ക്‌ പൊത്തിപ്പിടിച്ചു. എനിക്ക്‌ ദുര്‍ഗന്ധമൊന്നും തോന്നിയില്ല. എന്റെ അച്‌'നല്ലേ. ഞാന്‍ ക്ഷമയോടെ ശാന്തനായി അച്‌'നെ കഴുകിത്തുടച്ച്‌ വൃത്തിയാക്കി. അപ്പോള്‍ അച്‌'ന്‌ പാതിബോധമേ ഉണ്ടായിരുന്നുള്ളു. ഒരു ടാക്സിപിടിച്ച്‌ ഞങ്ങള്‍ അച്‌'നെ ആശുപത്രിയില്‍ കൊണ്ടുപോയി. അച്‌'ന്റെ സംസാരശേഷി നശിച്ചുപോയിരുന്നു.

ഡോക്ടര്‍ പരിശോധിക്കാനായി അച്‌'ന്റെ വായ തുറന്നു. അപ്പോഴാണ്‌ ഞാന്‍ അത്‌ കണ്ടത്‌. വായയ്ക്കുള്ളില്‍ വെളുത്ത്‌ വിളറിയ നിറം. ചോര വാര്‍ന്നുപോയ പോലെ. അച്‌'ന്‍ മരിക്കാന്‍ പോവുകാണെന്ന്‌ എനിക്കപ്പോള്‍ തോന്നി. മരണം തുടങ്ങുന്നത്‌ വായില്‍നിന്നാണ്‌. ജീവന്റെ അടയാളമാണ്‌ ചോര. അത്‌ ഇറങ്ങിപ്പോകാന്‍ തുടങ്ങുന്നതാ ഞാന്‍ കണ്ടത്‌. ആരോടും പറഞ്ഞില്ല. അരികില്‍നിന്നും മാറാതെ ഞാന്‍ അച്‌'നെ നോക്കി. നേരത്തോടുനേരം ആകും മുന്‍പേ അച്‌'ന്‍ മരിച്ചു. പിന്നെ അമ്മയുടെ ഭരണമായിരുന്നു. എന്തുകൊണ്ടോ എനിക്കതിനോട്‌ ഇണങ്ങാന്‍ കഴിഞ്ഞില്ല. അച്‌'ന്റെ വീഴ്ചയിലും മരണത്തിലും അമ്മയ്ക്ക്‌ പങ്കുണ്ടെന്നാ ഇപ്പോഴും എന്റെ വിശ്വാസം. എന്താ ഏതാ എന്നൊന്നും ചോദിച്ചേക്കരുത്‌. ചിലകാര്യങ്ങളൊക്കെ വിശദപ്പെടുത്താതിരിക്കുന്നതാ നല്ലത്‌.
അതിനുശേഷം ഞാന്‍ ഗള്‍ഫില്‍ പോയി. ജഗദയെ കല്യാണം കഴിച്ചു. ഞങ്ങള്‍ക്ക്‌ മക്കളുണ്ടായി. മകള്‍ രണ്ടാമത്തേതായിരുന്നു. എന്റെ കണ്ണിലുണ്ണി. അവളെ സ്കൂളില്‍ ചേര്‍ക്കാറായപ്പോള്‍ ഞാന്‍ ഗള്‍ഫ്‌ ഉപേക്ഷിച്ചു. അതിന്‌ മറ്റൊരുകാരണവും ഉണ്ടായിരുന്നു. അമ്മയും ചേട്ടനും പെങ്ങളും കൂടിച്ചേര്‍ന്ന്‌ ടൌണിലെ കട വില്‍ക്കാന്‍ ആലോചിക്കുന്നതായി ഞാന്‍ അറിഞ്ഞു. വാങ്ങാന്‍ ആളും ഒത്തുവന്നു. കൈമാറ്റം നടത്താനിരുന്നതിന്റെ തലേന്ന്‌ ഞാന്‍ നാട്ടിലെത്തി. നേരെ കടയില്‍ ചെന്ന്‌ അമ്മയെ പിടിച്ചുപുറത്താക്കി. കേട്ടറിഞ്ഞ്‌ ചേട്ടനും പെങ്ങളും വന്നു. ടൌണില്‍ അമ്മയ്ക്ക്‌ നല്ല പിടിപാടായിരുന്നു. പക്ഷേ ഒരുത്തനും എന്നോട്‌ കോര്‍ക്കാന്‍ ധൈര്യപ്പെട്ടില്ല. ഭഗവതിയമ്പലത്തില്‍ പടയണി നയിക്കുന്നവന്റെ കലിയും ഉഷാറുമായിരുന്നു എനിക്കപ്പോള്‍. ഒരുത്തനെയും ഞാന്‍ വകവച്ചില്ല. ഒരു മൂച്ചില്‍ അങ്ങിരുന്നു. എല്ലാരും റോഡില്‍ നിന്നതേയുള്ളു. ഓരോരുത്തരായി പിരിഞ്ഞുപോയി. രാത്രിയായപ്പോള്‍ അമ്മയും ചേട്ടനും പെങ്ങളും നാലഞ്ചുനാട്ടുകാരും മാത്രമായി. അപ്പോള്‍ അമ്മ വരാന്തയിലേക്ക്‌ കയറി. ഞാനിനി എന്തുചെയ്യുമെന്ന്‌ നീ തന്നെ പറ എന്ന്‌ പറഞ്ഞു. ഞങ്ങള്‍ മൂന്നുപേരില്‍ ആരുടെകൂടെ വേണമെങ്കിലും അമ്മയ്ക്ക്‌ പാര്‍ക്കാം. എവിടായാലും ചെലവിനുള്ളത്‌ ഞാന്‍ തരും എന്ന്‌ പറഞ്ഞു. നിന്റച്‌'്ന്‌ നിന്നോടാരുന്നു ഇഷ്ടം എന്നുപറഞ്ഞ്‌ അമ്മ എന്റെ കൂടെപ്പോന്നു.

അമ്മേം ഞാനും ഭാര്യേം ഇപ്പഴും സി.പി.ഐക്കാരാ. ചേട്ടന്‍ അപ്പുറത്തേക്ക്‌ പോയി. പെങ്ങള്‍ അരാഷ്ട്രീയകാരിയാ. അവടെ കെട്ടിയോന്‍ വാദ്ധ്യാരുടെ സ്വാധീനമാ. വെറുമൊരു നപുംസകം. അവക്ക്‌ കൊച്ചുങ്ങളുമില്ല. ദേഹമല്ലല്ലോ കാര്യം. ദേഹി നപുംസകമായാല്‍ സന്താനഭാഗ്യം ഉണ്ടാകാതിരിക്കുന്നതാ നല്ലത്‌. മകളും മകനും കമ്യുണിസ്റ്റുകാരുതന്നാ. പാര്‍ട്ടി മെമ്പര്‍ഷിപ്പൊന്നുമില്ല. തിരഞ്ഞെടുപ്പില്‍ കുത്തുന്നത്‌ അങ്ങോട്ടുതന്നാ. അതിന്‌ മാറ്റമില്ല. എന്നാലും പരിഷ്കരണം വേണമെന്നാ മകളുടെ നിലപാട്‌. സ്വാതന്ത്ര്യത്തിന്റെ കാര്യമൊക്കെ അവളാ പറയുന്നത്‌. തിരിച്ചുപോക്ക്‌ ഒരുകാര്യത്തിലും നടപ്പൊള്ളതല്ല. ഇനിം വിപ്ലവം വരുമോ? അതും സംശയമാ. തൊഴിലാളിടെയായാലും മുതലാളിടെയയാലും ഏകാധിപത്യം പറ്റൂല്ലെന്നാ മക്കള്‌ തറപ്പിച്ച്‌ പറയുന്നത്‌.

ഇനീപ്പോ അവടെ കല്യാണം നടത്തണം. ഒത്തൊരാലോചന വന്നിട്ടുണ്ട്‌. പുന്നപ്രേന്നാ. അച്യുതാനന്ദന്‍ സാവിന്റെ അയലന്തിരം. ലേശമൊരു ബന്ധോം ഒണ്ട്‌. കാര്‍ഷിക കാളേജിലാ പണി. ഒന്നുമില്ലേലും വീറും വൃത്തീം ഒള്ളൊരു കമ്യുണിസ്റ്റ്കാരന്റെ നെഴലീക്കെടന്ന്‌ വളര്‍ന്നതല്ലിയോ? അതിന്റെ ഗുണം കാണാണ്ടിരിക്കുമോ. ഞാനതങ്ങ്‌ ഗൌരവപ്പെടുത്താന്‍ പോവുകാ. എന്നാലും ഞങ്ങളാരും സി.പി.ഐ വിട്ടുപോകത്തില്ല. അതേത്തൊട്ടൊള്ള കളി വേണ്ട. വെളിയാണ്ണന്‍ ഈ ഉശിരിപ്പ്‌ നെലനെര്‍ത്തിയാ മതിയാരുന്നു.

പി.ജെ.ജെ.ആന്റണി
Subscribe Tharjani |
Submitted by Ajoy Puthenthura (not verified) on Thu, 2006-04-06 23:01.

It is an immortal view on CPI, agreed a lot. But in minimun sense every left parties know that the Political Agenda of CPI is correct than other groups in the light of Marxism. Because all main steam left parties simply throw-out their sectarian attitude, which they had begins in 1964. Now, CPM also another CPI only. But the ideological ethics is not the force to become strong at all. That is why CPI still remains in their weak possition.

Submitted by Sunil Krishnan (not verified) on Tue, 2006-04-11 12:47.

മാങ്ങയോ മാങ്ങാണ്ടിയോ മൂത്തത്‌ എന്ന പ്രത്യയശാസ്ത്രസ്മാര്‍ത്തവിചാരങ്ങള്‍ക്കപ്പുറത്തൊരു വായന ഈ കഥയ്ക്ക്‌ തീര്‍ച്ചയായുമുണ്ട്‌. നല്ലവായനക്കാര്‍ അതറിയാതിരിക്കില്ല. മണ്ടപോയ തെങ്ങില്‍ കൂടുവെയ്ക്കുന്നതാരാണെന്നും, ബുദ്ധിയുള്ളവ(തിരിച്ചറിഞ്ഞവ) പറന്നകലുന്നുവെന്നും ജീവിതം തുടരുന്നത്‌ അവിടെയാണെന്നും ചിലത്‌......