തര്‍ജ്ജനി

ഓര്‍മ്മ

കുഞ്ഞുണ്ണിമാഷ്‌ ഒരോര്‍മ്മ

കുഞ്ഞുണ്ണിമാഷ്‌ പോകുന്നത്‌ ഞങ്ങള്‍ കുട്ട്യോള്‍ക്ക്‌ ഇഷ്ടായില്ല. ഏകദേശം ഇരുപത്തിയഞ്ച്‌ കൊല്ലം മുന്‍പായിരിക്കും. ഏലങ്കുളം ബാലകൃഷ്ണ സ്മാരകവായനശാലയില്‍ ഒത്തുകൂടിയ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ഇന്നും ഓര്‍മ്മയുണ്ട്‌ മാഷിനെ. ഖാദി ഷര്‍ട്ടും, വെള്ള ഒറ്റമുണ്ടും, അതിനടിയില്‍ കാണുന്ന കോണകവാലും, പാദരക്ഷകളുടെ സഹായം കൂടാതെയുള്ള നടത്തവും ഒന്നും ഞങ്ങള്‍ക്ക്‌ മറക്കാന്‍ പറ്റുന്നില്ല. അതിലേറെ അദ്ദേഹം പാടി തന്ന പാട്ടുകള്‍! അതുകവിതയായിരുന്നോ നാടന്‍ പാട്ടായിരുന്നോ എന്നൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. മാഷ്‌ പറയുന്നതും കേട്ട്‌, മുത്തശ്ശന്റെ കഥ കേള്‍ക്കുന്നതുപോലെ, അങ്ങനെ ലയിച്ചിരുന്നു. പറയുന്നതിന്റെ പൊരുള്‍ മുഴുവന്‍ അന്ന്‌ പിടികിട്ടിയിരുന്നില്ല. അതിലേറെ പറയുന്ന രീതിയും മാഷ്‌ടെ വേഷഭൂഷാദികളും എല്ലാം കൂടെചേര്‍ത്തുണ്ടാക്കിയ ഒരു അന്തരീക്ഷമുണ്ടായിരുന്നു, അതായിരുന്നു ഞങ്ങള്‍ക്ക്‌ മറക്കാന്‍ മടിയായിരുന്നത്‌.

kunjunni mash

അന്ന്‌ അവിടെ കൂടിയിരുന്ന ഞങ്ങളുടെ അധ്യാപകര്‍ പറഞ്ഞു മാഷ്‌ടെ രചനാരീതി ജപ്പാനിലെ ഹൈക്കുകളുടേതിനു സമാനമാണെന്ന്‌. ഞങ്ങള്‍ കുട്ടികള്‍ക്ക്‌ അവര്‍ പറഞ്ഞത്‌ മനസ്സിലായില്ല. അവരപ്പോഴും കഥപറയുന്ന മാഷോട്‌ സല്ലപിക്കുകയായിരുന്നു.
കാലം കഴിഞ്ഞു. ഇന്നും മാഷെ ഓര്‍ക്കുമ്പോള്‍ ആ പഴയ ചിത്രം തന്നെയാണ്‌ മനസ്സില്‍ വരുന്നത്‌. മാഷടെ കവിതകള്‍ക്കും കുറിപ്പുകള്‍ക്കും ഹൈക്കു എന്നുപേരിട്ടാലും "അന്തിപുസ്തകം"എന്ന്‌ പേരിട്ടാലും ഞങ്ങള്‍ മാഷെ ഓര്‍ക്കുക ഞങ്ങളുടെ "അദ്ധ്യാപകന്‍" ആയാണ്‌.

ആ അര്‍ത്ഥത്തില്‍ മാഷ്‌ ആധുനിക കുറുക്കുകവികളുടെ പിതാവണല്ലോ

കാക്ക പാറി വന്നു
പാറമേലിരുന്നു
കാക്ക പാറിപ്പോയി
പാറ ബാക്കിയായി

പാറകള്‍ മനസ്സിലേറ്റി ഞങ്ങള്‍ മാത്രം ബാക്കിയായി...

സുനില്‍
Subscribe Tharjani |
Submitted by Sreekrishnadas Mathoor (not verified) on Mon, 2006-04-24 20:33.

Its timely. Thanks Kunjunni Mash is being remembered in a right way. Its very sad to realize that the so sweet smile is physically not with us now...

mathoor