തര്‍ജ്ജനി

വിദേശം

ഫിഡെലിനുള്ള ആ തുറന്ന കത്ത്

ബാസ്റ്റിറ്റയ്ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കുചേരുമ്പോള്‍ റെയ്‌നാള്‍ഡോ അരിനാസിന് വയസ്സ് പതിനാല്. ക്യൂബയുടെ ഉള്‍നാട്ടുപ്രദേശത്ത് ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അരിനാസിന്റെ ബാല്യകാലം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ഫിഡല്‍ കാസ്ട്രോ അധികാരത്തില്‍ വന്നശേഷം നടപ്പിലാക്കിയ ജനകീയ വിദ്യാഭ്യാസനയം അദ്ദേഹത്തെ തുണച്ചു. സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് ഹവാനാ യൂണിവേഴ്സിറ്റിയില്‍ തത്ത്വശാസ്ത്രവും സാഹിത്യവും അരിനാസ് പഠിക്കാന്‍ പോകുന്നത്. എന്നാല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കാതെ, നാഷണല്‍ ലൈബ്രറിയില്‍ ജോലിയ്ക്കു ചേര്‍ന്നു. അവിടെ വച്ച് അദ്ദേഹം തന്റെ ആദ്യ നോവല്‍ ‘ഹാലൂസിനേഷന്‍’ എഴുതി.

image here

1966-ലാണ് ക്യൂബയില്‍ ‘ഹാലൂസിനേഷന്‍’ പ്രസിദ്ധീകരിച്ചത്. തുടക്കമെന്ന നിലയില്‍ അത് വിജയമായിരുന്നു. കലാ-സാഹിത്യപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ദേശീയ സമിതിയുടെ (UNEAC) പ്രത്യേക പരാമര്‍ശം നേടാന്‍ അരിനാസിന്റെ ആദ്യ നോവലിനു കഴിഞ്ഞു. ആ വര്‍ഷം മറ്റു നോവലുകള്‍ക്കൊന്നും അവാര്‍ഡുണ്ടായിരുന്നില്ല. അതേ തുടര്‍ന്നാണ് ക്യൂബയുടെ സമകാലചരിത്രം അഞ്ചു നോവലുകളിലായി ചിത്രീകരിക്കാന്‍ അരിനാസ് മുതിരുന്നത്. നോവല്‍ പഞ്ചകത്തിലെ ആദ്യ പുസ്തകം ‘singing from the well'-ന്റെ കൈയെഴുത്തു പ്രതി ഒളിച്ചു കടത്തി ഫ്രാന്‍സിലാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ പശ്ചാത്തലം ക്യൂബയുടെ അറിയപ്പെടുന്ന ചരിത്രമായിരുന്നില്ല, രാജ്യത്തിന്റെ രഹസ്യ ചരിത്രമാണെന്നു തിരിച്ചറിയപ്പെട്ടതോടെ അരിനാസ്, കാസ്ട്രോ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. നോവല്‍ ക്യൂബയില്‍ നിരോധിച്ചു. എങ്കിലും ക്യൂബയിലെ ബാല്യ-കൌമാരങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ള എക്കാലത്തേയും മനോഹരമായ പുസ്തകം എന്നാണ് മറ്റൊരു ലാറ്റിനമേരിക്കന്‍ സാഹിത്യകാരനായ കാര്‍ലോസ് ഫുവന്തിസ് ‘കിണറ്റില്‍ നിന്നുള്ള പാട്ടി’നെപ്പറ്റി പറഞ്ഞത്. ഈ തുടര്‍ച്ചയിലെ രണ്ടാം പുസ്തകം ‘The palace of the white skunks' യുവത്വത്തിന്റെ വേവലാതികളെ ചിത്രീകരിക്കാനാണ് ശ്രമിച്ചത്. മരണം പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന യുവ ഫോര്‍ച്ചുണെറ്റോയാണ് മുഖ്യ കഥാപാത്രം. അയാള്‍ തന്റെ സഹോദരിയോടും മാതാപിതാക്കളോടുമൊപ്പം സ്വന്തം ദേശത്തു നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട ആഭ്യന്തര വേദനകള്‍ ചങ്ങലകള്‍ക്കുള്ളില്‍ പുളയുന്നതിന്റെ സ്വരഭേദങ്ങള്‍ ഫോര്‍ച്ചുണെറ്റോയിലൂടെ അരിനാസ് വരച്ചിട്ടു.

സര്‍ക്കാരിന്റെ അനുവാദമില്ലാതെ വിദേശത്ത് പ്രസിദ്ധീകരണം നടത്തിയതിനാണ് അരിനാസിനെ ആദ്യം അധികൃതര്‍ അറസ്റ്റു ചെയ്യുന്നത്. സ്വവര്‍ഗ സ്നേഹിയായതിന്റെ പേരില്‍, ലൈംഗിക കുറ്റകൃത്യം ആരോപിച്ച് 1973-ല്‍ ജയില്‍ ശിക്ഷ വിധിച്ചു. ടയറിനുള്ളിലെ ട്യൂബില്‍ ഒളിച്ചിരുന്ന് ജയിലില്‍ നിന്നു രക്ഷപ്പെടാന്‍ അദ്ദേഹം ഒരു വിഫലശ്രമം നടത്തി. കയ്യോടെ പിടികൂടി അധികാരികള്‍ അദ്ദേഹത്തെ അയച്ചത് കുപ്രസിദ്ധമായിരുന്ന എല്‍ മോറോ ജയിലിലേയ്ക്ക്. കൊലപാതകികളുടെയും ബലാത്സംഗക്കാരുടെയും താവളമായിരുന്നു എല്‍ മോറൊ. ഭാര്യമാര്‍ക്കും പെണ്‍ സുഹൃത്തുക്കള്‍ക്കുമുള്ള കത്തുകള്‍ കാവ്യാത്മകമായ ഭാഷയില്‍ അവര്‍ക്ക് എഴുതിക്കൊടുത്ത് അരിനാസ് തടവുകാരുടെ ചങ്ങാതിയായി. അതുകൊണ്ടുണ്ടായ ഒരു നേട്ടം എഴുതാനുള്ള കടലാസ്സുകള്‍ ധാരാളമായി ലഭിച്ചു എന്നുള്ളതാണ്. അങ്ങനെ എഴുതിയ അടുത്ത നോവലിന്റെ കൈയെഴുത്തു പ്രതി ഒളിച്ചു പുറത്തു കൊണ്ടു പോകാനുള്ള ശ്രമം ദയനീയമായി പാളി. ജയില്‍ ചാടാനുള്ള ശ്രമങ്ങള്‍ക്കു പുറമേ ഇതുംകൂടിയായപ്പോള്‍, ലഭിച്ചത് വധശിക്ഷയാണ്. ഒടുവില്‍ സ്വന്തം രചനകള്‍ പിന്‍‌വലിക്കാമെന്ന് എഴുതിക്കൊടുത്താണ് ശിക്ഷയില്‍ നിന്നൊഴിവായത്. 1976-ല്‍.

image here

എഴുപതു മുതല്‍ ക്യൂബയില്‍ നിന്ന് രക്ഷപ്പെടുന്നതിന് അരിനാസ് ശ്രമിക്കുന്നുണ്ടായിരുന്നു. ‘വേണ്ടാത്തവര്‍’ എന്ന പട്ടികയില്‍ പെടുത്തി ലൈംഗിക ന്യൂനപക്ഷങ്ങളെ ക്യൂബയില്‍ നിന്നു പോകാന്‍ ഗവണ്മെന്റ് അനുവദിച്ചിട്ടുണ്ടായിരുന്നു. പക്ഷേ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ ആവിഷ്കരിച്ചതുകൊണ്ട് ആ സംഘത്തിനോടൊപ്പം ചേര്‍ന്ന് രക്ഷപ്പെടാന്‍ അരിനാസിനെ ഭരണകൂടം സമ്മതിച്ചില്ല. രാജ്യതാത്പര്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവന്‍ എന്ന സംശയമാണ് അദ്ദേഹത്തിനു നേരെ നിഴല്‍ പോലെ വീണു കിടന്നത്. പാസ്പോര്‍ട്ടില്‍ സ്വന്തം പേരിലെ ഒരക്ഷരം തിരുത്തി ഒടുവില്‍ ഒരു ബോട്ടില്‍ അരിനാസ് അമേരിക്കയിലേയ്ക്കു കടന്നു. റെയ്‌നാള്‍ഡോമാര്‍ ക്യൂബയില്‍ ധാരാളമുള്ളതിനാല്‍ Arenas, Arinas ആയപ്പോള്‍ പോര്‍ട്ട് അധികൃതര്‍ക്ക് ആളെ പിടികിട്ടിയില്ല എന്ന് അദ്ദേഹം പിന്നീട് ‘Before night falls'-ല്‍ എഴുതി. 1980-ല്‍ മിയാമിയിലെത്തിയ അരിനാസ് പറഞ്ഞു.

“രണ്ടും നിങ്ങളെ പിന്നില്‍ നിന്നു ചവിട്ടുമെങ്കിലും, കമ്മ്യൂണിസ്റ്റ്, മുതലാളിത്ത വ്യവസ്ഥകള്‍ക്കുള്ള പ്രധാന വ്യത്യാസം, കമ്മ്യൂണിസ്റ്റു വ്യവസ്ഥയില്‍ നിങ്ങള്‍ എപ്പോഴും കൈയടിച്ചുകൊണ്ടേയിരിക്കണം; മുതലാളിത്തത്തില്‍ നിങ്ങള്‍ക്ക് നിലവിളിക്കാം എന്നുള്ളതാണ്. ഞാനിവിടെ വന്നത് നിലവിളിക്കാനാണ്.”

1982-ല്‍ പുറത്തു വന്ന 'farewell to sea' അഞ്ചു നോവലുകളിലും വച്ച് ഏറ്റവും മികച്ചതായി നിരൂപകര്‍ വിലയിരുത്തുന്നു. കമ്മ്യൂണിസ്റ്റു വിപ്ലവത്തിനു തൊട്ടടുത്തുള്ള കാലത്താണ് കഥ നടക്കുന്നത്. യുവമിഥുനങ്ങള്‍ക്ക് ഒരാഴ്ച ഒരു റിസോര്‍ട്ടില്‍ ചെലവഴിക്കാനുള്ള അനുമതി കിട്ടുന്നു. കടല്‍ക്കരയില്‍ അവര്‍ സ്വന്തം ചിന്തകളുമായി ഏഴുദിവസം കഴിച്ചുകൂട്ടുന്നതിന്റെ വിവരണമാണ് ഇതിലുള്ളതെങ്കിലും കൂട്ടത്തില്‍ ഏറ്റവും ശക്തമായ രാഷ്ട്രീയ നിലപാട് വെളിവാക്കുന്ന നോവലായിട്ടാണ് നിരൂപകര്‍ ഇതിനെ നോക്കിക്കണ്ടത്. പുതിയ ബന്ധങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീ, രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളില്‍ സന്തുഷ്ടയാണ്. (സ്വവര്‍ഗസ്നേഹിയായ അരിനാസിന്റെ സ്ത്രീകളോടുള്ള വീക്ഷണം ഇവിടെ പ്രകടമാണ്) അതേ സമയം പുരുഷനാകട്ടെ, വരാന്‍ പോകുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ചുള്ള ആലോചനയില്‍ ദുഃഖിതനാണ്. അയാള്‍ ഇടയ്ക്കിടെ കരയുന്നു. അതി സ‌മൃദ്ധമായ കടല്‍ വര്‍ണ്ണന, അരിനാസിന്റെ അദമ്യമായ സ്വാതന്ത്ര്യ ദാഹത്തിന്റെ പ്രത്യേകതയായി ഈ നോവലിനെ ചലനാത്മകമാക്കുന്നു. രേഖീയരീതിയിലല്ലാതെയുള്ള ദ്വന്ദ്വാത്മകമായ ആഖ്യാനശൈലിയിലാണ് ആവിഷ്കാരം. ‘Colour of summer' -ല്‍ അരിനാസ് മറ്റൊരു തരം ആഖ്യാനരീതി പരീക്ഷിച്ചു. നര്‍മ്മവും പരിഹാസവുമാണ് അതിന്റെ ജീവനാഡി. 'the new garden of earthly delight' എന്നൊരു അപര നാമധേയം കൂടി ‘വേനല്‍ക്കാലത്തിന്റെ നിറ’ത്തിനുണ്ട്. പ്രാന്തവത്കരിക്കപ്പെടുന്ന ലൈംഗിക ന്യൂനപക്ഷത്തിനും കടുത്ത രാഷ്ട്രീയ പക്ഷപാതങ്ങളുടെ ബാരിക്കേഡുകള്‍ക്കും നടുവില്‍ നിന്നുകൊണ്ട് മനുഷ്യാത്മാവിന്റെ കെടാത്ത ചൈതന്യത്തെ

image here

ഉയര്‍ത്തിപ്പിടിക്കുകയാണ് അരിനാസ് ചെയ്തത്. ഈ കൂട്ടത്തിലെ അവസാന നോവല്‍ ‘The Assault' 1994-ല്‍ അരിനാസിന്റെ മരണശേഷമാണ് പുറത്തിറങ്ങിയത്. മറ്റൊരര്‍ഥത്തില്‍ ഈ അഞ്ചു നോവലുകളിലെയും പ്രധാന കഥാപാത്രം അരിനാസ് തന്നെയാണ്. വ്യത്യസ്തമായ പേരുകളിട്ടു എന്നു മാത്രം. ക്യൂബയെ മുന്‍‌നിര്‍ത്തി, അരിനാസ് തന്റെ ജീവിതത്തിന്റെ വ്യതിരിക്ത ഘട്ടങ്ങളെ ചിത്രീകരിച്ചു. പരിഹാസത്തോടെ സ്വയം നോക്കിക്കാണുന്ന, മൂര്‍ച്ഛയുള്ള യഥാതഥമായ ശൈലിയാണ് അദ്ദേഹം കഥ പറയാന്‍ തിരഞ്ഞെടുത്തത്. സ്വാതന്ത്ര്യം എന്ന സങ്കല്പം വ്യത്യസ്തമായ ഒരു വീക്ഷണക്കോണില്‍ നിന്നും നോവായി ഒരുപോലെ അരിനാസിന്റെ കൃതികളില്‍ നിറയുന്നു. അനുക്രമമായി വികസിച്ച് മൂര്‍ച്ഛയിലെത്തുന്ന രീതിയല്ല, അവയ്ക്കുള്ളത്. ഉള്ളിയുടെ അകക്കാമ്പുകള്‍ പോലെ ഒന്നിനു പിറകേ ഒന്നായി അനുഭവഘടനയുടെ സ്തരങ്ങള്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. അവ മേല്‍‌വിലാസം ഇല്ലാതെ എഴുതിയ നിവേദനങ്ങളാണ്.

87-ല്‍ തനിക്കു എയിഡ്‌സാണെന്നു അരിനാസ് തിരിച്ചറിഞ്ഞു. അതിനു ശേഷമാണ് അദ്ദേഹത്തെ ലോകമെങ്ങും പ്രസിദ്ധനാക്കിയ പുസ്തകം -'Before night falls' എഴുതുന്നത്. ക്യൂബയിലെ വിദൂരഗ്രാമപ്രദേശത്തുനിന്ന് തന്റെ കുടുംബത്തോടൊപ്പം പട്ടണത്തിലേയ്ക്ക് വരുന്ന ബാലന്‍ എഴുത്തുകാരനാവുക എന്ന സ്വപ്നത്തെ താലോലിച്ചിരുന്നതെങ്ങനെ എന്നു ഈ പുസ്തകം മിഴിവുറ്റ ഭാഷയില്‍ വിവരിക്കുന്നുണ്ട്. ഒപ്പം അവന്‍ സ്വയം കണ്ടെത്തിയതെങ്ങനെയെന്നും. ജീവിതത്തോടുള്ള ആസക്തി, അതേ അളവില്‍ പുരുഷന്മാരോടുള്ള ആസക്തിയായി തന്നില്‍ നിറഞ്ഞു നിന്നതിനെ അരിനാസ് സത്യസന്ധമായി വിവരിക്കുന്നുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെയും സ്വവര്‍ഗസ്നേഹികളെയും കാസ്ട്രോ ഗവണ്മെന്റ് ഒരേ രീതിയില്‍ ഞെക്കിപ്പിഴിയുകയായിരുന്നു. ഭീതിയും പീഢനവും ഇഴയിട്ട ദുഃസ്വപ്നങ്ങള്‍ക്കു കീഴ്പ്പെട്ട ഒരു ജീവിതത്തിന്റെ അതിജീവനത്തിനായുള്ള പിടച്ചിലായാണ് അരിനാസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കപ്പെട്ടത്. 93-ലെ എറ്റവും മികച്ച പുസ്തകങ്ങളിലൊന്നായ ‘ഇരുട്ടു വീഴും മുന്‍പേ’ പ്രസിദ്ധീകരിച്ചു കാണും മുന്‍പേ അരിനാസ് മരിച്ചു. 1990 ഡിസംബര്‍ 7-ന്. അമിതമായ അളവില്‍ ഗുളികകളും മദ്യവും ഉള്ളില്‍ ചെന്ന നിലയില്‍. ഒരര്‍ത്ഥത്തില്‍ അത് ആത്മഹത്യ കൂടിയായിരുന്നു. ‘ഡയറിയോ ലാസ് അമേരിക്ക’ എന്ന മിയാമി പത്രത്തില്‍ മരിക്കുന്നതിനു തൊട്ടു മുന്‍പ് അദ്ദേഹം എഴുതി. “ എന്റെ സന്ദേശം പരാജയത്തിന്റെയല്ല, പ്രക്ഷോഭത്തിന്റെയും പ്രതീക്ഷയുടെയുമാണ്. ഞാന്‍ സ്വതന്ത്രനായിക്കഴിഞ്ഞു. ക്യൂബയും സ്വാതന്ത്ര്യം നേടും”.

('Before night falls' ജൂലിയന്‍ ഷ്നാബേല്ലിന്റെ സംവിധാനത്തില്‍ ചലച്ചിത്രമായി 2000-ത്തില്‍ പുറത്തിറങ്ങി. അരിനാസിന്റെ റോളില്‍ അഭിനയിച്ച ജാവിയര്‍ ബാര്‍ദെമിന് മികച്ച നടനുള്ള ഓസ്കാര്‍ നോമിനേഷനുണ്ടായിരുന്നു ആ വര്‍ഷം)

അമേരിക്കയില്‍ കാസ്ട്രോ ഗവണ്മെന്റിനെതിരെ എഴുതുന്നതിലും രാഷ്ട്രീയസമരങ്ങള്‍ സംഘടിപ്പിക്കുന്നതിനുമാണ് അരിനാസ് ശ്രമിച്ചുകൊണ്ടിരുന്നത്. ക്യൂബയിലെ കമ്മ്യൂണിസ്റ്റു ഭരണകൂടം ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു നേരെ അവലംബിക്കുന്ന വിവേചനപരമായ നയങ്ങള്‍ക്കെതിരെയാണ് സ്വവര്‍ഗ്ഗ പ്രേമിയായ അരിനാസ് ശബ്ദമുയര്‍ത്തി തുടങ്ങുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ സ്വരം ജനാധിപത്യ മര്യാദകള്‍ക്കു വേണ്ടിയുള്ളതായിത്തീരുന്നു.

മനുഷ്യത്വത്തിനും സ്വാതന്ത്ര്യത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് അദ്ദേഹം എഴുതിയ ഫിഡല്‍ കാസ്ട്രോയ്ക്കുള്ള തുറന്ന കത്ത് ഇങ്ങനെയാണ്.

മി. ഫിഡല്‍ കാസ്ട്രോ
പ്രസിഡന്റ് ഓഫ് ദി റിപ്പബ്ലിക് ഓഫ് ക്യൂബ

റിപ്പബ്ലിക്കിന്റെ പ്രസിഡന്റും, മന്ത്രിമാരുടെ കൌണ്‍സിലിന്റെ അദ്ധ്യക്ഷനും, സംസ്ഥാന കൌണ്‍സിലിന്റെ പ്രസിഡന്റും, സായുധസേനയുടെ ചീഫ് കമാന്‍ഡറും ഒക്കെ ആയ സ്ഥാനങ്ങളില്‍ താങ്കള്‍ തന്നെ തുടരണമെന്ന് ക്യൂബയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നോ എന്നറിയാന്‍ ഒരു തെരഞ്ഞെടുപ്പും നടത്താതെ, 1989 ജനുവരി ഒന്നിന് മുപ്പതാം വര്‍ഷത്തിലും താങ്കള്‍ അധികാരത്തില്‍ തുടരുകയാണ്.

ഏകാധിപത്യത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ ചിലിയിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയിലുള്ള അവരുടെ കാഴ്ചപ്പാട് സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിഞ്ഞ സമീപകാല ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് ഈ കത്തിലൂടെ ഞങ്ങള്‍ താങ്കളോട് ഒരു ജനഹിതപരിശോധനയ്ക്കായി അഭ്യര്‍ത്ഥിക്കുകയാണ്. താങ്കള്‍ അധികാരത്തില്‍ തുടരുന്ന കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രവും സ്വകാര്യവുമായി ‘അതെ’ എന്നോ ‘അല്ല’ എന്നോ രേഖപ്പെടുത്താനുള്ള ലളിതമായ സൌകര്യം മാത്രമാണ് ക്യൂബക്കാര്‍ക്ക് നല്‍കേണ്ടത്. പക്ഷപാത രഹിതമായി ഇങ്ങനെയൊരു ജനഹിതവോട്ടെടുപ്പ് നടത്തുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.

1. തെരഞ്ഞെടുപ്പു നിരീക്ഷിക്കാന്‍ നിഷ്പക്ഷ അന്താരാഷ്ട്ര സമിതിയെ നിര്‍ദ്ദേശിക്കുക.
2. രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക. പൊതുജനാഭിപ്രായത്തെ തുറന്നു പറയുന്നതു തടയുന്ന നിയമങ്ങള്‍ നീക്കം ചെയ്യുക.
3. അഭയാര്‍ത്ഥികളായി അന്യരാജ്യങ്ങളില്‍ അഭയം തേടിയവരെ തിരിച്ചു വരാന്‍ അനുവദിക്കുക. പത്രം, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ പ്രചാ‍രണ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പ്രതിപക്ഷ വിഭാഗങ്ങള്‍ക്ക് ഒപ്പം അനുവാദം നല്‍കുക.
4. മനുഷ്യാവകാശ സമിതികള്‍ക്ക് ക്യൂബയില്‍ നിയമസാധുത നല്‍കുക.

ക്യൂബന്‍ ജനങ്ങള്‍ക്ക് സ്വന്തം നേതാക്കളെ സ്വതന്ത്രമായി തെരെഞ്ഞെടുക്കാന്‍ കാലാകാലം തെരെഞ്ഞെടുപ്പു നടത്തുക എന്നതും ജനാധിപത്യ സുതാര്യതയുടെ കാലഘട്ടത്തിലേയ്ക്കുള്ള വഴി തുറന്നു നല്‍കിക്കൊണ്ട് ഭൂരിപക്ഷത്തിന്റെ അഭിലാഷങ്ങളെ ആദരിക്കുക എന്നതും താങ്കളുടെ കടമയാകുന്നു. ”

അരിനാസിനെ സംഗതമാക്കുന്നത് ലാറ്റിനമേരിക്കന്‍ വിപ്ലവ പാരമ്പര്യത്തിന്റെ വേറിട്ട ഒരു വഴിയാണ്. മറ്റൊരു തരത്തില്‍, വേറൊരു വഴി (Ideological deviation) സ്വീകരിച്ചതിന്റെ പേരിലാണ്, അദ്ദേഹം ആര്‍ക്കു വേണ്ടി കൌമാരത്തില്‍ സമരം ചെയ്തുവോ, അതേ ഭരണകൂടം അദ്ദേഹത്തെ വേട്ടയാടിയതും. അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ അരിനാസിന്റെ പിന്നാലെ കൂടിയതിന്റെ രാഷ്ട്രീയ വിവക്ഷകള്‍ക്ക് ഉപന്യാസങ്ങള്‍ ആവശ്യമില്ല. എങ്കിലും ആ കാരണം മാത്രം വച്ച്, സമഗ്രാധിപത്യത്തിനു നേരെ നീണ്ട കലാകാരന്റെ ചതഞ്ഞു പോയ വിരലുകള്‍ക്കു പിന്നിലെ പിടച്ചില്‍ അറിയാതെ പോകുന്നതു ശരിയല്ല.

ശിവകുമാര്‍ ആര്‍ പി
Subscribe Tharjani |
Submitted by മന്‍‌ജിത് (not verified) on Thu, 2006-05-18 19:32.

ശിവകുമാര്‍,

നല്ല ലേഖനം. കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും അരീനാസ് ലളിതമായി തുലനം ചെയ്തിരിക്കുന്നത് നന്നായി രസിച്ചു.

കമ്മ്യൂണിസത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെയുള്ള ഒറ്റപ്പെട്ട നിലവിളികള്‍ തെറ്റിദ്ധരിക്കപ്പെട്ടുപോകുന്നതിനു കാരണം അമേരിക്കയെപ്പോലെയുള്ളവര്‍ കുറുക്കന്‍ കണ്ണുമായി അവര്‍ക്കു നല്‍കുന്ന താല്‍ക്കാലിക പിന്തുണയാണ്. അവരുടെ നിലവിളികളേക്കാള്‍ കുറുക്കന്മാരുടെ പിന്തുണ പിന്നീടു പ്രാധാന്യം നേടുന്നു എന്നു പറയേണ്ടതില്ലല്ലോ