തര്‍ജ്ജനി

സംസ്കാരം

മലയാളി-അകവും പുറവും

ഒരു പൊതുപാരമ്പര്യം പങ്കുവയ്ക്കുമ്പോഴും കേരളം, ഭരതത്തിലെ ഇതരഭാഗങ്ങളോട്‌ ഭിന്നമായിരിക്കുന്നത്‌, അതിന്റെ സവിശേഷ ഭൂപ്രകൃതിയിലും ഭാഷയിയിലും മാത്രമല്ല. ജനതയുടെ സ്വഭാവവിശേഷങ്ങളിലും കൂടിയാണ്‌. സ്വന്തം ജനിതക പാരമ്പര്യത്തിന്റെ ജൈവനിയമങ്ങള്‍ക്ക്‌ മേല്‍ മലയാളി സ്ഥാപിച്ചെടുത്ത ആര്‍ജ്ജിത സംസ്കാരത്തിന്റെ മേല്‍ക്കോയ്മ, അവരുടെ പൊതു/വ്യക്തി ജീവിതത്തിലുണ്ടാക്കിയ ചില പ്രവണതകള്‍ ഏതാനും സാഹിത്യ സാംസ്കാരിക രാഷ്ട്രീയ സംഭവങ്ങളിലൂടെ നോക്കാന്‍ ശ്രമിക്കുകയാണിവിടെ.എഴുത്തുകാര്‍, ഭിന്നാനുഭവങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ട്‌ ഭാവനയുടെ ഭിന്നവര്‍ണ്ണക്കൂട്ടുകളാല്‍ നിര്‍മ്മിക്കുന്നതിനാല്‍ സാഹിത്യം പ്രതിശീര്‍ഷം ശൈലിയിലും ഗുണമേന്മയിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ടതന്നെ വായനാസമൂഹം വിവേചനബുദ്ധിയോടെയാണ്‌ പുസ്തകങ്ങളെ സമീപിക്കുന്നത്‌.ഒരു സമൂഹം എന്ത്‌ വായിക്കുന്നുവെന്ന്‌ നിരീക്ഷിച്ച്‌ അവരുടെ അഭിരുചികളും അതു വഴി അവരുടെ മനോനിലയും മനസ്സിലാക്കാം.

നളിനി ജമീലയുടെ ആത്മകഥ ഒരു സംഭവമായിരിക്കുകയാണല്ലോ. നളിനി ജമീല ആത്മകഥ എഴുന്നതില്‍ യാതൊരു അപാകതയുമില്ല. ആവിഷ്കാര സ്വാതന്ത്ര്യമുളള നാടാണല്ലോ നമ്മുടേത്‌. എന്നാല്‍ ആ പുസ്തകം വായനാസമൂഹം സ്വീകരിച്ച രീതിയാണ്‌ അപാകമായത്‌. സദാചാരനിഷ്ഠമായൊരു സമുഹത്തില്‍ നളിനിജമീലയെപ്പോലൊരു സ്ത്രീയ്ക്ക്‌ സ്ഥാനമില്ലെന്നതും അവരുടെ ആത്മകഥ അതുകൊണ്ടുതന്നെ ഉദാത്തമായ ഒരു ഗുണപാഠവും തരില്ലയെന്നതും വസ്തുതയായിരിക്കെ മലായാളി വായനാ സമൂഹം തിരക്കിട്ട്‌ ആ പുസ്തകം വാങ്ങിയതും ആ പുസ്തകത്തിന്‌ പരിഷ്കരിച്ച പതിപ്പ്‌ ഇറങ്ങാന്‍ പോകുന്നതും മലയാളിയുടെ അന്തസാരശൂന്യമായ സദാചാര നാട്യങ്ങളുടെ കപടമുഖമാണ്‌ അനാവരണം ചെയ്യുന്നത്‌.മാത്രവുമല്ല നമ്മുടെ സദാചാരമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഈ പ്രവര്‍ത്തി നമ്മുടെ അവബോധത്തെയോ സംസ്കാരത്തെയോ നവീകരിക്കുന്ന നടപടിയായി ഉയര്‍ത്തിക്കാട്ടാനുമാവില്ല.

ഏതു ദേശത്തിന്റേയും സമഗ്രപുരോഗതിയുടെ ആധാരശില വിദ്യയാണ്‌. വിദ്യ എത്രത്തോളം സാര്‍വത്രികവും സമഗ്രവുമായിരിക്കുന്നുവോ അത്രത്തോളം നാട്‌ പുരോഗതിയാര്‍ജ്ജിക്കും. കേരളം സാര്‍വത്രിക വിദ്യാഭ്യാസം നടപ്പിലാക്കിയ നാടാണല്ലോ, എന്നാല്‍ ആ സമഗ്രതയ്ക്ക്‌ തുരങ്കം വയ്ക്കുന്ന തരത്തില്‍, വിദ്യാഭ്യാസ രംഗത്തെ അപചയത്തെ നിസംഗതയോടെ നോക്കിക്കാണുന്ന ഒരു സമീപനം സ്വീകരിക്കുക വഴി സ്വന്തം ഭാഷയെപ്പോലും അപകടപ്പെടുത്തുകയാണ്‌ മലയാളി. ഉദാഹരണത്തിന്‌ സര്‍ക്കാര്‍ വിദ്യലയങ്ങളില്‍ നിന്നും SSLC പാസ്സായി വരുന്നവരില്‍, അവരുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഹിന്ദിയും ഇംഗ്ലിഷുമുള്‍പ്പെടെയുള്ള അന്യഭാഷകള്‍ തെറ്റില്ലാതെ എഴുതാനും സംസാരിക്കാനും കഴിയുന്ന എത്ര കുട്ടികളുണ്ട്‌? നല്ലൊരു ശതമാനം കുട്ടികള്‍ക്കും ഭാഷാപരമായ അത്തരം കഴിവുകള്‍ വികസിപ്പിക്കാന്‍ സ്കുള്‍ പഠനകാലത്ത്‌ സാധിക്കുന്നില്ലയെന്നത്‌ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പഠന നിലവാരത്തിന്റെ മേന്മയില്ലായ്മയാണ്‌ കാട്ടിത്തരുന്നത്‌.ഈ സ്ഥിതിവിശേഷത്തിന്‌ കാരണക്കാര്‍ ആരാണ്‌? സര്‍ക്കാരും അദ്ധ്യാപകരും മാത്രമാണോ? വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും വലിയൊരു പങ്കില്ലേ? തീര്‍ച്ചയായുമുണ്ട്‌.സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പഠനനിലവാരം ഉയര്‍ത്തുകയെന്ന കൂട്ടുത്തരവാദിത്തം എറ്റെടുക്കുന്നതിനു പകരം മലയാളി വന്‍തോതില്‍ സ്വകാര്യവിദ്യാലയങ്ങളെ ആശ്രയിക്കുകയാണ്‌ ചെയ്യുന്നത്‌.ഇങ്ങനെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുമുള്ള കൊഴിഞ്ഞ്‌ പോക്ക്‌ നിരന്തരമായി തുടരുമ്പോള്‍ പഠിതാക്കള്‍ എണ്ണത്തില്‍ കുറഞ്ഞെന്ന കാരണത്താല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പൂട്ടുകയും പഠിക്കാന്‍ വിദ്യാലയമില്ലാതെ പാവപ്പെട്ടവന്റെ കുട്ടികള്‍ പഠനം നിര്‍ത്തുകയും ചെയ്യും. സമൂഹത്തില്‍ മറ്റുള്ളവര്‍ക്കെന്തു സംഭവിച്ചാലും നമുക്കൊന്നുമില്ലയെന്ന മലയാളിയുടെ പൊതുനിലപാട്‌, സഹജീവികളോടുള്ള അവരുടെ മനോഭാവത്തിന്റെ ഇരുണ്ടതും ഇടുങ്ങിയതുമായൊരു തലത്തിന്റെ നേര്‍ക്കാഴ്ചയാണ്‌.

ഇതേസമയം തന്നെ ഇംഗ്ലിഷ്‌ മാധ്യമമാക്കിയ വിദ്യാലയങ്ങളുടെ ആധിക്യം മലയാളം മരിക്കുന്നുവെന്നൊരു പരാതിയ്ക്‌ ഇടയാക്കിയിട്ടുണ്ട്‌.ഇംഗ്ലിഷ്‌ വിദ്യാലയങ്ങള്‍ രണ്ട്‌ തരം പൌരന്മാരെ സൃഷ്ടിക്കുന്നുവെന്ന് (ശരിയാണ്‌ ഇംഗ്ലിഷ്‌ അറിയുന്നവരും അറിയാത്തവരും) പറയുന്നവര്‍ അവഗണിക്കുന്ന മറ്റൊരു വസ്തുത അത്‌ രണ്ട്‌ തരം വിദ്യാലയങ്ങളും സൃഷ്ടിക്കുന്നുണ്ട്‌. സമരമുള്ള വിദ്യാലയങ്ങളും അതില്ലാത്ത വിദ്യാലയങ്ങളും.( അതുകൊണ്ടാവും ഇങ്ങനെ വിലപിക്കുന്നവരില്‍ പലരുടേയും കുട്ടികള്‍ ഇംഗ്ലീഷ്‌ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്‌.) സമരമില്ലാത്ത വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കേണ്ടത്‌ ആരുടെ കടമയാണ്‌?.സര്‍ക്കാരിന്റേത്‌ മാത്രമാണോ? പ്രബുദ്ധമായൊരു പൊതുസമൂഹത്തിന്‌ ഇത്തരം ഉത്തരവാദിത്തങ്ങളില്‍ നിന്നും എങ്ങനെ മാറിനില്‍ക്കാനാവും. പക്ഷെ മലയാളി കുറ്റകരമായൊരു മൌനമവലംമ്പിച്ച്‌ യാഥാര്‍ത്ഥ്യത്തിന്‌ നേരെ പുറംതിരിഞ്ഞുനിന്ന്‌ തന്റെ കഴിവ്‌കേടിന്റെ വികലശരീരം മറയ്ക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌.കേരളത്തിലെ ഇംഗ്ലിഷ്‌ വിദ്യാലയങ്ങളുടെ ആദ്യ ഉപഭോക്താവ്‌ ഉപരിവര്‍ഗ്ഗമായിരുന്നു. എതു സമൂഹത്തിലും ഉപരിവര്‍ഗ്ഗം ചില പൊതുനിയമങ്ങള്‍ക്ക്‌ അതീതരും ചില പുതു പ്രവണതകളുടെ ഉത്ഘാടകരുമാണല്ലോ. ഉപരിവര്‍ഗ്ഗത്തെ അന്ധമായി അനുകരിക്കുന്ന മധ്യവര്‍ഗ്ഗത്തിലെ ഒരു വിഭാഗം,അവരുടെ കുട്ടികളെ ഇംഗ്ലിഷ്‌ സ്കുളുകിലയച്ചത്‌ ആ അനുകരണഭ്രമത്താലാണ്‌. എന്നാലിന്ന്‌ പാവങ്ങള്‍,കുട്ടികളെ ഇംഗ്ലിഷ്‌ വിദ്യാലയങ്ങളില്‍ അയക്കുന്നത്‌ ഒരു ജീവിതമാര്‍ഗ്ഗത്തിന്‌ അതെ ഉതകുയെന്ന യാഥാര്‍ത്ഥ്യത്തിന്‌ മുന്നില്‍ നിന്നുകൊണ്ടാണ്‌.

കേരളത്തില്‍ ഉത്‌പാദം മുരടിക്കുകയും ഉപഭോഗം വര്‍ദ്ധിക്കുകയും ചെയ്തപ്പോഴുണ്ടായ തൊഴില്‍ നഷ്ടം തൊഴിലന്വേഷകരെ തൊഴില്‍ തേടി അന്യദേശങ്ങളിലേക്ക്‌ പോകാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌. ദേശാതിര്‍ത്തിക്കപ്പുറം മലയാളത്തിന്‌ പ്രസക്തി ഇല്ലാത്തതുപോലെ കേരളത്തില്‍ സേവനമേഖലയില്‍ ഒരു തൊഴില്‍ ലഭ്യതയ്ക്ക്‌ മലയാളം കണിശമായും അറിയണമെന്ന നിര്‍ബന്ധവുമില്ല.എന്നാല്‍ ഇംഗ്ലിഷ്‌ ഭാഷാജ്ഞാനം തൊഴില്‍ ലഭ്യതയ്ക്‌ അനിവാര്യവുമാണ്‌.ഈ അവസ്ഥ മലയാളിയുടെ ഭാഷാപരമായ അടിമബോധത്തിന്റെ ഉത്തമ ഉദാഹരണമാണ്‌. എന്നാല്‍ ഭാഷാപരമായ ഈ അടിമത്തത്തിന്‌ പരിഹാരം തേടുന്നതിന്‌ പകരം മലയാളി, സാംസ്കാരികാധിനിവേശം മൂലം സാംസ്കാരികത്തനിമ നഷ്ടപ്പെടുന്നുവെന്നൊരു ആക്ഷേപം സജീവമായി ഉന്നയിച്ചിട്ട്‌ രംഗത്തുനിന്ന് മാറി നില്‍ക്കുകയാണ്‌.ഭാഷ മുതല്‍ ഭക്ഷണം വരെ സമസ്തത്തിലും സമൂഹം പൊതുവേ പ്രാപിച്ചിട്ടുള്ള ഉത്ക്കര്‍ഷവും പക്വതയുമാണല്ലോ സംസ്കാരം.എന്നാലിതില്‍ എതു ഘടകമാണ്‌ ഇന്ന് തനിമ നിലനിര്‍ത്തുന്നത്‌?. പദാവലിയില്‍ നിന്നും ആര്യഭാഷാ പദങ്ങള്‍ എടുത്തു മാറ്റിയാല്‍ നടുവൊടിയുന്ന നമ്മുടെ ഭാഷയാണോ? അതോ സാരിയും ചുരിദാറും ഷര്‍ട്ടും പാന്‍സും എന്തിന്‌ അടിവസ്ത്രങ്ങള്‍ വരെ അന്യദേശത്തുനിന്ന്‌ കടം കൊണ്ട നമ്മുടെ വേഷഭൂഷയോ? കേരം തിങ്ങും കേരളനാട്ടിലെ കേരം എവിടെ നിന്നും വന്നെന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ മലയാണ്മ എന്നു പേരുണ്ടായിരുന്ന ഈ ദേശത്തിന്റെ തനിമ നാം ശരിക്കുമറിയുന്നത്‌. ഇവിടെ അധിനിവേശമല്ല അനുകരണമാണ്‌ നടക്കുന്നത്‌. അതാണ്‌ നമ്മുടെ ചരിത്രം നമ്മേ പഠിപ്പിക്കുന്നത്‌.ആദ്യം അനുകരണം അവസാനിപ്പിച്ച്‌ സ്വയം കണ്ടെത്താനുള്ള വിവേകം കാണിച്ചുകൊണ്ട്‌ മലയാളി അവന്റെ ഇരട്ട വേഷം അഴിച്ചുമാറ്റുകയാണ്‌ വേണ്ടത്‌.

സവിശേഷ നിയമ/ഭരണഘടനാ പരിരക്ഷയുണ്ടായിട്ടും നീതി ലഭിക്കാത്ത വിഭാഗമാണ്‌ ആദിവാസികള്‍. അവരുടെ ഭൂമിപ്രശ്നം ഇനിയും പരിഹരിക്കപ്പെടാത്തത്‌, അവരോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തിന്റെ പ്രതിഫലനമായി വ്യാഖ്യാനിക്കാവുന്നതാണ്‌. വര്‍ദ്ധിച്ച വേഗത്തില്‍ പുരോഗമിക്കുന്നുവെന്നഭിമാനിക്കുന്ന കേരളത്തിലെ പരിഷ്കൃത സമൂഹത്തില്‍ ആദിവാസികള്‍ തലചായ്ക്കാന്‍ സ്വന്തമായൊരു ഇടമില്ലാതെ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നത്‌,കേരളം തുടര്‍ന്നുവന്ന വികസന നയങ്ങളിലെ പാളിച്ചയുടേയും പക്ഷപാതത്തിന്റെയും ഉദാഹരണമായിട്ടാണ്‌.കേരളത്തില്‍ പട്ടിണിയും ദാരിദ്രവും മൂലം ദുരിതമനുഭവിക്കുന്ന ഇതര ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നും ആദിവാസി പ്രശ്നം വേറിട്ട തലത്തിലെത്തുന്നത്‌ അവര്‍ സ്വന്തം ആവാസപ്രദേശങ്ങളില്‍ നിന്നും ബലമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ എന്ന നിലയിലാണ്‌.മാറിമാറി വന്ന ഭരണകൂടങ്ങള്‍ ആദിവാസികളെ അവഗണിച്ചത്‌ അവര്‍ ഒരു ഏകീകൃത വോട്ട്ബാങ്കായി രുപപ്പെടാത്തതു കൊണ്ടാണെങ്കില്‍,പൊതുസമൂഹം അപരിഷ്കൃതരായ കാടന്മാര്‍ എന്നനിലയിലാണവരെ അകറ്റി നിര്‍ത്തിയത്‌.പരിണാമത്തിന്റെ വിവിധ സന്ധികളില്‍ കാട്‌ ഉപേക്ഷിച്ച മാനവരാശിയുടെ,പരിഷ്കാരങ്ങളിലേക്ക്‌ എത്തിച്ചേരാന്‍ വൈകിയതോ അല്ലെങ്കില്‍ മടിക്കുന്നതോ ആയ തുടര്‍ക്കണ്ണികളാണ്‌ ആദിവാസികള്‍ എന്ന യാഥാര്‍ത്ഥ്യം മറന്ന് ടി വിയില്‍ മുത്തങ്ങ പോലുള്ള സംഭവങ്ങളുടെ തല്‍സമയ ദൃശ്യങ്ങള്‍ കണ്ട്‌ രസിച്ച മലയാളി സമൂഹം, അവരെ പുനരധിവസിപ്പിക്കാനുള്ള രാഷ്ട്രിയ ഇച്ഛാശക്തി കാട്ടിയില്ലെന്നു മാത്രമല്ല അവരെ ഒറ്റപ്പെടുത്തുകയും ചെയ്തുകൊണ്ട്‌ സംസ്കാരമെന്ന പദത്തിന്റെ അര്‍ത്ഥം മാറ്റിയെഴുതി.

ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നതിന്‌ മുന്‍പ്‌ പറയട്ടെ നന്മയുടെ സുഗന്ധം പ്രസരിപ്പിക്കുന്നവരെ അവഗണിച്ചു കൊണ്ടല്ല ഇത്രയും കുറിച്ചത്‌. ആ സുഗന്ധസ്രോതസുകള്‍ ന്യൂനപക്ഷമാണ്‌.ബഹുഭൂരിപക്ഷവും ഒരു ഇരട്ട വേഷത്തിന്റെ ആനുകൂല്യത്തില്‍ ഇതെല്ലാം നമുക്ക്‌ ബാധകമല്ലയെന്ന മട്ടില്‍ സദാ തിരക്ക്‌ നടിച്ച്‌ പൊതുപ്രശ്നങ്ങളില്‍ നിന്നും ഓടി ഒളിക്കുന്നവരാണ്‌ അത്‌ വാണിജ്യവത്‌കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ മുഖമുദ്രയും അപരന്റെ വ്യഥകളില്‍ സാന്ത്വനസാമീപ്യമായി വര്‍ത്തിച്ചിരുന്ന മലയാളിയുടെ നന്മകളുടെ പടിയിറക്കവുമായി വിലയിരുത്താം. ദയയും കാരുണ്യവും ഊതിക്കാച്ചുന്നൊരു ഉല മനസ്സില്‍ സൂക്ഷിക്കുന്നവരുടെ കൂട്ടായ്മയില്‍ നിന്നുടലെടുക്കുന്ന സമൂഹമേ തുടരുന്നൊരു നന്മ പ്രദാനം ചെയ്തുകൊണ്ട്‌ ജീര്‍ണ്ണതകളെ അതിജീവിച്ച്‌ നിലനില്‍ക്കുകയുള്ളു..

സുനില്‍ ചിലമ്പിശ്ശേരില്‍.
Subscribe Tharjani |
Submitted by Aveen Krishnan (not verified) on Mon, 2006-05-08 04:43.

എല്ലാവരും പല്ലപോഴായി ചിന്തിച്ച കാര്യങ്ങല്‍ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.പക്ഷെ ഈ ഒരു സാഹചര്യം എങ്ങനെ ഉടലെടുതു എന്നു നമ്മള്‍ മനസിലാക്കണം.വള്ളര്‍ന്നു വരുന്ന തലമുറയില്‍ സാമുഹിക പ്രതിപതി വളര്‍താന്‍ നമ്മുക്കു എന്താണു ചെയ്യാന്‍ കഴിയുന്നതെന്നു നമ്മല്‍ ചിന്തിക്കണം.Mentioning only the problem is not correct always ,Issues should be mentioned along with concrete steps towards solution.But any way this piece is thought provoking and anyyone goes through the above essay will realise the truth for a moment.well done sunil