തര്‍ജ്ജനി

വര്‍ത്തമാനം

ഒരു ഞരമ്പിപ്പോഴും പച്ചയാണ്‌...

ഈയിടെ അങ്ങയുടെ ഒരുപാട്‌ മലയാളം ഗസലുകള്‍ പ്രസിദ്ധീകരിക്കുകയും ചിലത്‌ ഉമ്പായി സംഗീതം നല്‍കി പാടുകയും ചെയ്തു. ഗസലുകള്‍ എഴുതുവാനുണ്ടായ സാഹചര്യം എന്താണ് ?

പണ്ടു തൊട്ടേ പാട്ടുകള്‍ കേള്‍ക്കുമായിരുന്നു. കേരളത്തിലായിരുന്നപ്പോള്‍ കര്‍ണ്ണാടക സംഗീതമായിരുന്നു കൂടുതല്‍ കേട്ടിരുന്നത്‌ . ഉത്തരേന്ത്യന്‍ വാസം എന്നെ ഹിന്ദുസ്ഥാനിയുമായും ഗസലുമായും കൂടുതല്‍ അടുപ്പിച്ചു. നേരിട്ട്‌ വേദികളില്‍ ചെന്നിരുന്ന്‌ കേള്‍ക്കുവാനുള്ള അവസരവും കൈവന്നു. ഒരു ശസ്ത്രക്രിയ കഴിഞ്ഞ്‌ വിശ്രമിക്കുന്ന സമയത്താണ്‌ ആദ്യമായി ഒരു ഗസല്‍ എഴുതുന്നത്‌. ഗസല്‍ എഴുതണം എന്ന്‌ വിചാരിച്ച്‌ എഴുതിയതല്ല അറിയാതെ അത് മനസ്സിലേക്കോടി വരികയായിരുന്നു. ഇപ്പോള്‍ ഏകദേശം അമ്പതോളം ഗസലുകള്‍ എഴുതിയിട്ടുണ്ട്‌.

poet sachidanandan

അങ്ങേയ്ക്ക്‌ ശേഷം എഴുതി തുടങ്ങിയ പലരും ഇപ്പോള്‍ കവിത എഴുത്തില്‍ നിന്നും പിന്‍ വാങ്ങിയ മട്ടാണ്‌. ഈ തിരക്ക്‌ പിടിച്ച ജീവിതത്തിനിടയിലും അങ്ങ്‌ സജീവമായി കവിത എഴുതുന്നുണ്ട്‌. ഇതെങ്ങനെ സാധിക്കുന്നു?

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ എനിക്ക്‌ എഴുതാന്‍ കഴിയുന്നത്‌ കൊണ്ടാകാം. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ എറ്റവും തിരക്ക്‌ പിടിച്ചവയായിരുന്നു. എങ്കിലും ഞാന്‍ ഏറ്റവും അധികം കവിത എഴുതിയിട്ടുണ്ടാവുക, ഈ കാലയളവിലാണ്‌. മനസ്സില്‍ എപ്പോഴും കവിതയുണ്ട്‌. പഴയ റേഞ്ചില്‍ കവിത എഴുതുവാന്‍ എനിക്ക്‌ സാധിക്കുന്നുണ്ടോ എന്ന ചിന്ത എന്നെ അലട്ടാത്തത്‌ കൊണ്ട്‌, മനസ്സില്‍ വരുന്ന കവിതകളൊക്കെ അങ്ങനെ തന്നെ എഴുതുകയും ചെയ്യുന്നു.

അടുത്തിടെ തൃശ്ശൂരില്‍ വെച്ച്‌ സാഹിത്യ അക്കാഡമി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ 'പുതു മലയാള കവിതയുടെ ശോചനീയാവസ്ഥ ' എന്നൊരു ചര്‍ച്ച നടത്തുകയും വിവാദമാവുകയും ഉണ്ടായി. അതിനെ കുറിച്ച്‌ അങ്ങയുടെ അഭിപ്രായം എന്താണ്‌ ?

സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനം അങ്ങനെ ഒരു ചര്‍ച്ച സംഘടിപ്പിക്കുമ്പോള്‍ അതൊരു സ്റ്റേറ്റ്‌മെന്റായി തീരുകയാണ്‌. അത്‌ തെറ്റായിരുന്നു എന്നാണെന്റെ അഭിപ്രായം. നല്ല കവിതകള്‍ ഉണ്ടാകുന്നുണ്ട്‌. പുതിയ കവികള്‍ ക്രാഫ്റ്റില്‍ വളരെ ശ്രദ്ധിച്ചുകൊണ്ട്, വളരെ സൂക്ഷ്മതയോടെ കവിതകളെഴുതുന്നു. അതുകൊണ്ട്‌ തന്നെ അത്‌ കൂടുതല്‍ സുന്ദരവുമാണ്‌. പോരായ്മയായി തോന്നിയിട്ടുള്ളത്‌ അനുഭവത്തിന്റേയും ഭാവനയുടേയും വിസ്തൃതിയില്ലായ്മയാണ്‌. സാമൂഹിക പ്രതിബദ്ധതയും അത്ര അഗാധമായി കാണാന്‍ കഴിയുന്നില്ല. പുതിയ കവികളില്‍ മോഹനകൃഷ്ണന്‍ കാലടി, ടി.പി രാജീവന്‍, പി രാമന്‍, പവിത്രന്‍ തീക്കുനി തുടങ്ങിയവര്‍ നല്ല കവിതകള്‍ എഴുതുന്നുണ്ട്‌.

അടിയന്തരാവസ്ഥകാലത്ത്‌ അതിനെതിരെ കവിതകള്‍ എഴുതി ശക്തമായി പ്രതികരിച്ച അങ്ങയെ ഒരു കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റിന്റെ കാലത്താണ്‌ അറസ്റ്റു ചെയ്യുന്നത്.. അതിനെ കുറിച്ച്‌ പറയാമോ?

അടിയന്തരാവസ്ഥാ കാലത്ത്‌ ഞാനും നിരീക്ഷണത്തിലായിരുന്നു. എന്നെ അറസ്റ്റു ചെയ്യാനുണ്ടായ കാരണം നടവരമ്പില്‍ ഒരു തൊഴില്‍ പ്രശ്നത്തില്‍ ഇടപെട്ടതാണ്.. ഇടപെടല്‍ എന്ന്‌ പറഞ്ഞാല്‍ തൊഴില്‍ സമരത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളെ പോലിസ്‌ തല്ലിച്ചതച്ചപ്പോള്‍ അതിനെതിരെ ഒരു റാലി സംഘടിപ്പിച്ചതാണ്.. പിന്നീട്‌ വെറുതെ വിടുകയും ചെയ്തു. വൈലോപ്പിള്ളിയെ പോലുള്ള പ്രമുഖര്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

poet sachidanandan

കഴിഞ്ഞ ഒന്‍പത്‌ വര്‍ഷമായി തുടരുന്ന കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാനത്ത്‌ നിന്നും അങ്ങ്‌ വിരമിക്കുകയാണല്ലോ, തിരിഞ്ഞ്‌ നോക്കുമ്പോള്‍ എന്തു തോന്നുന്നു? എന്തൊക്കെ ചെയ്യാന്‍ കഴിഞ്ഞു?

ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നു തന്നെയാണ്‌ വിശ്വാസം. സാഹിത്യ അക്കാദമിയെ കുറിച്ച്‌ ജനങ്ങള്‍ക്കുണ്ടായിരുന്നു മുന്‍ധാരണ അതൊരു വൃദ്ധമാരുടെ കൂട്ടം മാത്രമാണെന്നായിരുന്നു.. അത്‌ മാറ്റി അക്കാദമിയെ കൂടുതല്‍ ജനകീയമാക്കാന്‍ കഴിഞ്ഞു. പുതിയ ഒരു പാട്‌ പരിപാടികള്‍ ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കാന്‍ സാധിച്ചു. "മുലാക്കാത്ത്‌" എന്ന പരിപാടിയിലൂടെ പുതിയ കവികള്‍ക്ക്‌ അവരുടെ കവിതകള്‍ അവതരിപ്പിക്കാനുള്ള വേദികള്‍ ഒരുക്കി കൊടുത്തു. ഇത്തരം 150 ഓളം വേദികള്‍ ഇതിനോടകം തന്നെ സംഘടിപ്പിച്ചു. സ്ത്രീ എഴുത്തുകാരികള്‍ക്ക്‌ അസ്‌മിത എന്ന വേദിയും സംഘടിപ്പിച്ചു. ഇന്ത്യയിലെ സ്ത്രീ സാഹിത്യത്തെ കുറിച്ച്‌ രണ്ട്‌ ദേശീയ സെമിനാറുകള്‍ ഡെല്‍ഹിയിലും ഹൈദരാബാദിലുമായി നടത്തി. ദലിത്‌ സാഹിത്യത്തെ കുറിച്ചും രണ്ട്‌ ദേശീയ സെമിനാറുകള്‍ ഉണ്ടായിട്ടുണ്ട്‌. ഷില്ലോങ്ങില്‍ ഒരു tribal and oral literature center-ഉം ബാംഗ്ളൂരില്‍ ഒരു ട്രാന്‍സിലേഷന്‍ സെന്ററും സ്ഥാപിച്ചു. പതിനെട്ട്‌ പുസ്തകങ്ങളുടെ തര്‍ജ്ജമകള്‍ പുറത്തിറക്കി. എഴുത്തുകാരെ കുറിച്ചുള്ള സിനിമകള്‍ നിര്‍മ്മിക്കുകയും മറ്റുള്ളവര്‍ നിര്‍മ്മിച്ച സിനിമകള്‍ വാങ്ങിക്കുകയും ചെയ്തു. അന്താരാള്‍ എന്ന പരിപാടിയിലൂടെ സാഹിത്യേതര രംഗത്തെ പ്രഗല്‍ഭരെ പങ്കെടുപ്പിച്ച് പ്രഭാഷണ പരമ്പരകള്‍ നടത്തിയിട്ടുണ്ട്. . ആഷീഷ്‌ നന്ദിയേയും, റൊമിലാ ഥാപ്പറേയും പോലുള്ള പ്രമുഖരെ അതില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചു. ഈ പ്രഭാഷണങ്ങള്‍ എഡിറ്റ്‌ ചെയ്ത്‌ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്‌.

ഒരുപാട്‌ യാത്രകള്‍ നടത്തുകയും അതിനെ കുറിച്ച്‌ കവിതകളും, യാത്രാവിവരണങ്ങളും എഴുതുകയും ചെയ്തിട്ടുണ്ട്. യാത്രകളെ എങ്ങനെ കാണുന്നു.

യാത്രകള്‍ എന്നിലേക്ക്‌ തന്നെയുള്ള യാത്രകളാണ്‌. സംസ്കാരങ്ങള്‍ക്കും ഭാഷയ്ക്കും വ്യത്യാസമുണ്ടെങ്കിലും മനുഷ്യന്റെ അടിസ്ഥാന വികാരങ്ങള്‍ എല്ലായിടത്തും ഒന്നു തന്നെയാണ്‌. നല്ല കവിതകള്‍ക്ക്‌ എല്ലായിടത്തും നല്ല സ്വീകരണവും ലഭിക്കുന്നുണ്ട്‌.

ഇന്റര്‍നെറ്റിലെ മലയാളം എഴുത്തിനെ കുറിച്ച്‌ എന്താണഭിപ്രായം? മലയാളം ബ്ലോഗുകള്‍ വായിക്കാറുണ്ടോ?

ചില ഇ മാഗസീനുകള്‍ ശ്രദ്ധിച്ചിരുന്നു. മലയാളം ബ്ലോഗുകളെകുറിച്ച്‌ അറിയില്ല. അറിയാന്‍ താല്‍പര്യം ഉണ്ട്‌.

തുളസി
Subscribe Tharjani |
Submitted by JK Vijayakumar (not verified) on Sun, 2006-05-07 00:09.

ഒരു നല്ല അഭിമുഖം.

Submitted by dRiZzlE mOttambrum (not verified) on Sun, 2006-05-07 12:14.

വളരെ നല്ല അഭിമുഖം പ്രിയ തുളസീ.

Submitted by BENNY (not verified) on Mon, 2006-05-08 09:26.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കിഷ്ടപ്പെട്ട കവിയും ചിന്തകനുമാണ് സച്ചിദാനന്ദന്‍. എല്ലാവരും മനുഷ്യരല്ലേ, അപ്പോള്‍ അയാളും ചില പിശകുകള്‍ കാട്ടിയിട്ടുണ്ടാവാം. തുളസിയുടെ ലേഖനം എന്നെ സച്ചിദാനന്ദനെപ്പറ്റി വീണ്ടുമോര്‍മ്മിപ്പിച്ചു. നന്ദി!

ബ്ലോഗുകളെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നെങ്കിലും സച്ചിദാനന്ദന്‍ പറഞ്ഞല്ലോ, ആശ്വാസം. നമ്മുടെ മറ്റ് എഴുത്തുകാര്‍ക്ക് കമ്പ്യൂട്ടര്‍ കാണുന്നതുതന്നെ അലര്‍ജിയാണ്.

Submitted by മന്‍‌ജിത് (not verified) on Thu, 2006-05-18 19:20.

അഭിമുഖം നന്നായിട്ടുണ്ട്. പക്ഷേ സച്ചിതാനന്ദനെ നന്നായറിയുന്നവര്‍ മാ‍ത്രം ഇതു വായിച്ചാല്‍ മതി എന്നാണോ പത്രാധിപര്‍ പ്രതീക്ഷിക്കുന്നത്. സച്ചിതാനന്ദനുമായുള്ള സംഭാഷണമെന്നൊരു ബ്ലര്‍ബെങ്കിലും കൊടുക്കാമായിരുന്നു. സച്ചിതാനന്ദന്‍ ഇത്രയും പുതുകവികളെയൊക്കെ ശ്രദ്ധിക്കുന്നുണ്ടന്നറിഞ്ഞതില്‍ സന്തോഷം. പക്ഷേ പുതിയകവികളെ പരിചയപ്പെടുത്താനുള്ള അവസരം ലഭിച്ചപ്പോഴൊക്കെ ഇവരെയൊന്നും കാണാതെ സ്വന്തം മകളെയും അനുയായികളെയുമൊക്കെ അവതരിപ്പിച്ചു നടന്നതും ആരും മറക്കാനിടയില്ല.

വിനീത വിധേയനെപ്പോലെ അങ്ങ് എന്നൊക്കെ വിളിച്ച തുളസിയോട് ക്ഷമിക്കാം. എന്നാല്‍ ആ വിളി കേട്ടു സുഖിച്ചിരുന്ന കവി ഒന്നു തിരുത്താന്‍ പോലും ശ്രമിച്ചില്ലല്ലോ?

Submitted by chinthaadmin on Thu, 2006-05-18 22:03.

മന്‍‌ജിത് പറഞ്ഞത് ശരിയാണ്. ചോദ്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ചെറിയൊരു ആമുഖം ആകാമായിരുന്നു. ഇനി ശ്രദ്ധിക്കാം.

പോള്‍

Submitted by Kaviam (not verified) on Fri, 2006-05-26 14:25.

Dear Thulasi,

The interview was nice. But many questions you missed to ask shri.Sachidanandan. And that q's sure, very important and necessary for the poetic creed and the readers and the new-era trends. If, Shri Sachchidanandan sees this, I would take a Questianire for the renowned poet. Hope the poet may read this too....

1) What would be the differentiating parameter for a "Gadya Kavitha" to name it as a poem? As in many short stories and write-ups, we can see extreme imagination in the form of sentances. And even in Articles, features we can see the blessend blend of "Bimbams". Then, how we are going to differentiate these Gadya Kavithakal from the regular ones??

2) Do you feel there is need to follow two main stream poem-HEADS in weeklies, to properly bring the "kavitha" and "Gadya Kavitha" branches separate?

3) There is a need to lay some guidelines or concepts so that the mere Gadyam and Gadya kavitha can be differentiated to avoid confusion?

These are some of the q's , i think, Thulasi forgot to clarify. If possible, sir, please add up these q's to the interview from reader's part and be kind to answer them..

Thanks

Kaviam@rediffmail.com