തര്‍ജ്ജനി

യാത്ര

ഗംഗോത്രി

ഭൂമിയിലുള്ള സര്‍വ്വമനുഷ്യരും ചരിത്രാതീതകാലം മുതല്‍ നദികളെ ആദരിക്കുകയും ആരാധിക്കുകയും ചെയ്തുവരുന്നു. ജീവന്റെ ആദ്യസ്ഫുരണം തൊട്ടു് ഇന്നുവരെ ഉണ്ടായിട്ടുള്ള സര്‍വ്വ ജീവരൂപങ്ങള്‍ക്കും മാതാവായിരിക്കുന്ന ആ ജീവാമൃതത്തെ, ദൈവകാരുണ്യത്തെ എങ്ങനെ ആദരിക്കാതിരിക്കും, ആരാധിക്കാതിരിക്കും. ഒരുപക്ഷേ ഗംഗയ്ക്കു ലഭിച്ചിട്ടുള്ളതു പോലുള്ള സ്നേഹവും ഭക്തിയും ഒരു നദിക്കും ലോകത്തെവിടെയും ലഭിച്ചിട്ടുണ്ടാവില്ല. ജീവനത്തിനു വേണ്ട ശുദ്ധജലത്തെ വൃക്ഷലതാദികള്‍ക്കും മറ്റു ജീവവര്‍ഗ്ഗങ്ങള്‍ക്കും എത്തിച്ചു കൊടുക്കുന്ന കാരുണ്യമായി മാത്രമല്ല അവള്‍ ലോകരാല്‍ ആരാധിക്കപ്പെടുന്നതു്. അവള്‍ ശുദ്ധിയുടെ പ്രതീകമാണു്. പാപങ്ങളെ കഴുകിക്കളയുന്നവളാണു്. ജനനം മുതല്‍ മരണം വരെ ജീവിതത്തിന്റെ എല്ലാ പ്രധാന ഘട്ടങ്ങളിലും മനസ്സാക്ഷിയായി വര്‍ത്തിക്കേണ്ടവളാണു്. മാതൃത്വത്തിനും മാതൃത്വമായ ദേവീമാതാവാണു്. സ്വര്‍ഗ്ഗത്തില്‍ ശ്രീവിഷ്ണുവിന്റെ തൃപ്പാദങ്ങളിലെ പെരുവിരലില്‍ നിന്നു് ഉത്ഭവിച്ചു് ആകാശഗംഗയായി അവള്‍ ഒഴുകുന്നു. ബ്രഹ്മലോകത്തില്‍ നിന്നും നേരെ ഹിമാലയത്തില്‍ ശിവന്റെ സുവര്‍ണ്ണജടയിലേക്കൊഴുകിയിറങ്ങി ഭൂമിയിലെത്തി ഗംഗയായി മാറുന്നു. അങ്ങനെ എത്രയെത്ര വര്‍ണ്ണനകളാലാണു് അവള്‍ പവിത്രീകരിക്കപ്പെട്ടിട്ടുള്ളതു്. ഹരിദ്വാര്‍ മുതല്‍ ഗോമുഖം വരെ യാത്ര ചെയ്യുന്ന ഒരുവനു്, ഗംഗയുടെ ഭാവഹാവാദികളിലൂടെ സഞ്ചരിക്കുന്ന ഒരുവനു് അവള്‍ പകര്‍ന്നു കൊടുക്കുന്ന മഹത്തായ ജീവിതദര്‍ശനം ഉള്‍ക്കൊള്ളാന്‍ തക്ക ഹൃദയവിശാലതയുള്ള ഒരുവന്, തപോവനസ്വാമികളുടെ വാക്കുകള്‍ ഉരുവിടാതിരിക്കാനാവില്ല.

“ഹേ ഗംഗേ, ഹേ ഭാഗീരഥി, ഹേ ജഗജ്ജനനീ, ഞാനങ്ങയുടെ ഭക്തനാകുന്നു. ഞാനങ്ങയുടെ വിമര്‍ശകനല്ല. അങ്ങയെ വിമര്‍ശനം ചെയ്യുവാന്‍ ഞാന്‍ ശക്തനല്ല. സാക്ഷാല്‍ പരമേശ്വരീരൂപത്തില്‍ ഞാനങ്ങയെ കാണുന്നു. പ്രിയ മാതാവിന്റെ രൂപത്തില്‍ ഞാനങ്ങയെ ഭജിക്കുന്നു. സൃഷ്ടിയുടെ ആരംഭത്തില്‍ അങ്ങയെ ബ്രഹ്മാവു സൃഷ്ടിച്ചുവെന്നിരിക്കട്ടെ. അഥവാ പിന്നീടു് ഭഗീരഥന്‍ തന്നെ സൃഷ്ടിച്ചുവെന്നിരിക്കട്ടെ. എനിക്കതുകൊണ്ടു് യാതൊരു ലാഭമോ ഹാനിയോ ഉണ്ടാകുവാനില്ല. അങ്ങു വിഷ്ണുപാദത്തില്‍നിന്നു പുറപ്പെട്ടു്, ശങ്കരന്റെ ജടയില്‍ക്കൂടി ഭൂമിയില്‍ പ്രവഹിച്ചാലും വേണ്ടതില്ല, അഥവാ, ഹിമാലയശിഖരത്തില്‍ നിന്നു് പുറപ്പെട്ടു ഹിമധാരകളില്‍ക്കൂടെ ഭൂമിയില്‍ പ്രവഹിച്ചാലും വേണ്ടതില്ല, എന്റെ കണ്ണുകള്‍ക്കും എന്റെ ബുദ്ധിക്കും അങ്ങു് സാക്ഷാല്‍ പരമേശ്വരിയായിത്തന്നെ എപ്പോഴും പ്രകാശിച്ചു കൊണ്ടിരിക്കുന്നു. മാതൃഭക്തനായ ഒരു പുത്രനു് മാതാവിനെയോ മാതൃമാഹാത്മ്യത്തെയോ പറ്റി വിമര്‍ശിക്കുവാനെന്തുണ്ടു്. ഹേ ദേവീ! അങ്ങയുടെ ചരണാരവിന്ദങ്ങളിലുള്ള ഭക്തി യാതൊരു വിമര്‍ശനമോ വികല്പമോ കൂടാതെ ഉത്തരോത്തരം വര്‍ദ്ധിക്കുവാനനുഗ്രഹിക്കണമേ!“

ഹരിദ്വാറിലെ കലങ്ങി മറിഞ്ഞൊഴുകുന്ന ഗംഗയുടെ കരയിലിരുന്നു് ഞാന്‍ ചോദിച്ചു: “നീ വിശുദ്ധയും പവിത്രയുമാണെന്നു് എല്ലാവരും പറയുന്നു. നിന്റെ ഈ അഴുക്കു നിറഞ്ഞ ഹൃദയത്തില്‍ എനിക്കു സ്നാനം ചെയ്യുക പോയിട്ടു് ഒന്നു സ്പര്‍ശിക്കുവാന്‍ പോലും തോന്നുന്നില്ലല്ലോ? എങ്ങനെ നിന്നെ വിശുദ്ധയായി, പാപങ്ങള്‍ കഴുകിക്കളയുന്നവളായി എനിക്കു സ്വീകരിക്കാനാവും?”

എന്റെ ചോദ്യത്തിനു് അവള്‍ ഉത്തരം പറഞ്ഞില്ല. സമതലത്തില്‍ നിന്നും മുകളിലോട്ടു കയറിപ്പോകുന്നതിനിടയില്‍ അവളെ കാണാനിടയായപ്പോഴെല്ലാം ഞാനതു ശ്രദ്ധിക്കാതിരുന്നില്ല. അവള്‍ കൂടുതല്‍ കൂടുതല്‍ ശുദ്ധിയും തെളിമയും നിര്‍മ്മലതയും ഉള്ളവളായി മാറിക്കൊണ്ടിരുന്നു. അവസാനം ഗോമുഖിലെ വലിയ ദ്വാരത്തില്‍ നിന്നും അടര്‍ന്നു വീഴുന്ന ഐസുകട്ടകള്‍ തമ്മില്‍ കൂട്ടിയിടിച്ചും ഭൂമിക്കടിയിലൂടെ ഒഴുകിയെത്തിയും ഒന്നായൊഴുകുന്ന അവളുടെ പുഞ്ചിരി എന്റെ ചോദ്യത്തിനുള്ള മറുപടിയായാണു് അനുഭവപ്പെട്ടതു്. “ഇവിടെ നിന്നും നീ എന്റെ സ്വരൂപം കണ്ടുവെന്നു ധരിക്കരുതു്. അങ്ങനെ ധരിച്ചാല്‍ അതു് ഹരിദ്വാറില്‍ നിന്നും വിധിച്ചതു പോലെയേ ആവുകയുള്ളൂ. ദാ, മുകളില്‍ അങ്ങു ദൂരെദൂരെ കാണുന്ന ഹിമവല്‍ശൃംഗങ്ങളില്ലേ; അതിനും അപ്പുറത്തെ ഇല്ലായ്മയില്‍ നിന്നാണു് ഞാന്‍ വരുന്നതു്. ആ ഉത്ഭവസ്ഥാനം നിന്റെ ബുദ്ധികൊണ്ടോ ശാരീരികബലം കൊണ്ടോ കണ്ടെത്താമെന്നു കരുതരുതു്. ഭക്തികൊണ്ടും വിനയം കൊണ്ടും ഹൃദയം പരമ്പൊരുളിനു മുമ്പില്‍ നമ്രശിരസ്കനാവുമ്പോഴേ എന്റെ ദര്‍ശനം സത്യസന്ധമാവൂ.”

ജീവിതത്തെക്കുറിച്ച്, അതിന്റെ നിഗൂഢതയെക്കുറിച്ചു് ഉള്ളിലൊരുള്‍പ്പുളകമായി അറിയാനുള്ള അവസരം അങ്ങനെ അവളെനിക്കൊരുക്കിത്തന്നു. ചിന്തകളുടെ നൂലാമാലകളില്‍ പെട്ടു് അസ്വസ്ഥമായിരിക്കുന്ന മനുഷ്യബോധമായാണു് ഹരിദ്വാറിലെ ഗംഗ എന്റെ മുന്നില്‍ തെളിയുന്നതു്. ഇവിടെ നിന്നാണു് ഞാനെന്റെ തീര്‍ത്ഥാടനം തുടങ്ങേണ്ടതു്. മുകളിലോട്ടുള്ള യാത്ര ചെങ്കുത്തായതും അപകടകരവുമാണു്. വന്യമൃഗങ്ങളാല്‍ നിറഞ്ഞ വനത്തിലൂടെയും ഏറെ സഞ്ചരിക്കേണ്ടതുണ്ടു്. നടന്നു പോകുന്ന വഴി അങ്ങനെത്തന്നെ ഇടിഞ്ഞു് കൊക്കയില്‍ പതിച്ചേക്കാം. മുകളില്‍ നിന്നും പാറകള്‍ അടര്‍ന്നു തലയില്‍ വീണേക്കാം. ഭയപ്പെട്ടതുകൊണ്ടു് കാര്യമില്ല. വിശ്വാസവും പ്രത്യാശയുമാണു് മുകളിലോട്ടുള്ള യാത്രയ്ക്കു് അവശ്യം വേണ്ടതു്. അടുത്ത നിമിഷത്തെക്കുറിച്ച് വേവലാതിപ്പെടാതെ, ഇന്നലെയുടെ ഓര്‍മ്മകളില്‍ മനസ്സിനെ അലോസരപ്പെടുത്താതെ, പരമ്പൊരുളില്‍ പൂര്‍ണ്ണമായും സമര്‍പ്പണം ചെയ്തു കൊണ്ടുള്ള യാത്ര. അതാണു തീര്‍ത്ഥാടനം. സ്വന്തം ആത്മാവിലെ അസ്വസ്ഥതകളില്‍ നിന്നും ശാന്തിയിലേക്കുള്ള തീര്‍ത്ഥാടനം.

വിശുദ്ധ ഖുര്‍-ആനിലെ ഒരു വചനമാണു് സ്മരണയില്‍ തെളിയുന്നതു്.: “ജീവിതത്തില്‍ സത്യസന്ധത പാലിക്കാന്‍ ക്ഷമ വളര്‍ത്തിയെടുക്കാന്‍, അശ്രദ്ധ വരാതിരിക്കാന്‍, നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന നിയോഗത്തെ മറന്നു പോകാതിരിക്കാന്‍, ഞാന്‍ തന്നെ നിങ്ങള്‍ക്കു് അറിഞ്ഞുകൊണ്ടു് പല പ്രയാസങ്ങളും ഉണ്ടാക്കിയെന്നു വരാം. അതു പ്രയാസത്തിനു വേണ്ടിയല്ല. എല്ലാ പ്രയാസങ്ങളും തരണം ചെയ്തു പോകുവാനുള്ള ഉള്‍ക്കരുത്തും ദൃഢനിശ്ചയവും കൈവിടാതിരിക്കാന്‍ വേണ്ടിയാണു്.”

ഇതൊരു വെറും യാത്രയല്ല. ഹിമാലയം എന്ന മനോഹരമായ സ്ഥലം കണ്ടാസ്വദിക്കാനുള്ള യാത്ര മാത്രമല്ല. ഹിമാലയത്തിലേക്കുള്ള യാത്ര ഉത്കൃഷ്ടമായിത്തീരുന്നതു് പ്രകൃതി നമ്മോടു് പറയുന്ന ജീവിതദര്‍ശനം വായിച്ചെടുക്കുമ്പോള്‍ മാത്രമാണു്. ഇടയ്ക്കിടക്കു കാണുന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കണ്ടാസ്വദിക്കുക തന്നെ വേണം. എന്നാല്‍ അധികസമയം അതില്‍ ലയിച്ചു നില്‍ക്കരുതു്. അതിനേക്കാള്‍ സുന്ദരമായ ദൃശ്യങ്ങള്‍ നമുക്കു വേണ്ടി മുകളില്‍ ഒരുക്കി വച്ചിട്ടുണ്ടു്. ഒന്നിലും തങ്ങി നില്‍ക്കാതെ, എല്ലാറ്റിനെയും സ്പര്‍ശിച്ചുകൊണ്ടു് മുകളിലേക്കു കയറിക്കൊണ്ടിരിക്കുക. താഴ്വരകളുടെ വശ്യതയിലും മലനിരകളുടെ ഹരിതാഭയിലും മനസ്സുടക്കി സമയം കളഞ്ഞാല്‍ നഷ്ടപ്പെടുന്നതു് മഞ്ഞണിഞ്ഞ ഗിരിശൃംഗങ്ങളുടെ അവാച്യാനുഭൂതിയാണു്. ജീവിതത്തിലെ കൊച്ചുകൊച്ചു സുഖങ്ങളില്‍ മയങ്ങിക്കിടക്കുന്നവനു് നഷ്ടപ്പെടുന്നതു് ആത്മാവിന്റെ ഓരോ കോശത്തിലും അനുഭവിക്കാ‍നാവുന്ന നിര്‍വൃതിയുടെ ലോകങ്ങളാണു്.

ഗോമുഖിലെ നിര്‍മ്മലയായ ജലം കൈക്കുമ്പിളിലെടുത്തു് ഹൃദയത്തോടു് ചേര്‍ക്കുമ്പോള്‍ അവളുടെ ചരിത്രം നാം കൂടുതല്‍ ആഴത്തില്‍ അറിഞ്ഞു തുടങ്ങുന്നു. ഹിമാലയത്തില്‍ വീണുറഞ്ഞ മഞ്ഞു് വെള്ളപ്പാറകള്‍ പോലെ നിശ്ചലയായിരിക്കാന്‍ തുടങ്ങിയിട്ടു് നൂറ്റാണ്ടുകളായി. സൂര്യകിരണമേറ്റാലും ഇല്ലെങ്കിലും ആ മാതൃത്വത്തിനു് തന്റെ പിഞ്ചു മക്കളെ ഊട്ടാതിരിക്കാന്‍ കഴിയില്ലല്ലോ. ഒന്നുരണ്ടു തുള്ളികളായി അമ്മയുടെ മുലയില്‍ നിന്നും പാലിറ്റു വീഴും. അതു നിറുത്താന്‍ അവള്‍ക്കാവില്ല. എവിടെയെങ്കിലും ഒരു കുഞ്ഞു കരഞ്ഞാല്‍ ഒരു സാധാരണസ്ത്രീക്കു പോലും അവളുടെ സ്തനം നിറഞ്ഞിരിക്കുന്നെങ്കില്‍ പാല്‍ ചുരത്താതിരിക്കാനാവില്ല. അവളുടെ ശരീരത്തിലാണു് മാതൃത്വം നിറഞ്ഞിരിക്കുന്നതു്. സര്‍വജീവജാലങ്ങളുടെയും കണ്ണുനീരൊപ്പാന്‍, അവരുടെ വിശപ്പകറ്റാന്‍, മാതാക്കളുടെയെല്ലാം മാതാവായ ഗംഗദേവിക്കുള്ള കാരുണ്യം എത്രയായിരിക്കും!

തറയില്‍ വീഴുന്ന ജലകണങ്ങള്‍ അന്യോന്യം ചേര്‍ന്നു് ഒലിച്ചിറങ്ങാന്‍ തുടങ്ങുന്നു. ഒലിപ്പുകള്‍ പാറയുടെ അടിയിലെത്തുമ്പോഴേക്കും ഒരു കൊച്ചരുവി രൂപപ്പെട്ടു കഴിഞ്ഞിരിക്കും. അപ്പോള്‍ അവളുടെ പോക്കു് തുള്ളിച്ചാടിക്കളിക്കുന്ന ഒരു കുഞ്ഞിന്റെ ഉത്സാഹത്തോടെയാണു്. കാടുകളില്‍ക്കൂടി വളഞ്ഞു പുളഞ്ഞൊഴുകുമ്പോള്‍ ഊക്കു വര്‍ദ്ധിക്കുന്നു. അങ്ങു തന്റെ മക്കളുടെ അടുത്തെത്താനുള്ള ധൃതിയായി. ഒഴുകുന്നിടത്തുള്ള മണ്ണെല്ലാം പുഴക്കിയെടുത്തു് ചുവപ്പും കറുപ്പും കലര്‍ന്ന ചെളിവെള്ളം പോലെയാകുന്നു. അവിടെ നിന്നും പത്തോ ഇരുപതോ മൈലിറങ്ങി താഴെ വരുമ്പോള്‍ നാം കാണുന്നതു് ഭ്രാന്തു പിടിച്ച നൂറു കുതിരകള്‍ മലയിറങ്ങി ഓടി വരുന്നതു പോലെയുള്ള കരുത്തുറ്റ കാട്ടാറാണു്. അതിന്റെ തള്ളിച്ച കൊണ്ടു് വലിയ മരം പോലും വേരറ്റു പോകുന്നു. എത്ര ശിഖരങ്ങളോടു കൂടിയ മഹാമരമാണെങ്കിലും കളിക്കാന്‍ ഒരു പാവയെ കിട്ടിയതു പോലെയാണു്. മരത്തിന്റെ ഇലയെല്ലാം പിച്ചിയെറിയുന്നു. കമ്പുകള്‍ ഒടിച്ചു കളയുന്നു. പിന്നെയും പത്തിരുപതു മൈല്‍ പോകുമ്പോള്‍ നദിയുടെ ഭീമാകാരം എത്രയെന്നു പറയേണ്ട. അതിന്റെ അലറിയൊഴുകുന്ന ശബ്ദം ദൂരെവെച്ചുതന്നെ കേള്‍ക്കാം.

അങ്ങനെയുള്ള നദിയാണു് ഭാഗീരഥി. അതു രുദ്രപ്രയാഗയിലെത്തുമ്പോള്‍ മലയുടെ മറുവശത്തു നിന്നും വേറൊരു നദി വരുന്നു. ശാലീനസുന്ദരിയായ മന്ദാകിനി. കണ്ണുനീര്‍ പോലെയുള്ള തെളിനീരു് പരന്നൊഴുകി വരികയാണു്. താണ്ഡവസ്വഭാവമുള്ള ഭാഗീരഥി ലാസ്യം മാത്രം പരിചയമുള്ള മന്ദാകിനിയിലേക്കു് ഊക്കോടെ വീഴുന്നു. ഇടിനാദം പോലെയുള്ള ശബ്ദം. ഇനി മന്ദാകിനിയില്ല. ഭാഗീരഥിയുമില്ല. ഗംഗമാത്രം. പരമപവിത്രയായ ഗംഗ. ജനങ്ങള്‍ പ്രഭാതത്തില്‍ തന്നെ വന്നു ഇലക്കുമ്പിളുകളില്‍ പൂക്കള്‍ ശേഖരിച്ചുവെച്ചു് കര്‍പ്പൂരവും കൊളുത്തി ഗംഗയില്‍ ഒഴുക്കുന്നു. കൊച്ചു കൊച്ചു ദീപശിഖകള്‍ മാറിലണിഞ്ഞുകൊണ്ടു് ഗംഗ അവളുടെ വിശുദ്ധയാത്ര ആരംഭിക്കുകയാണു്. അവിടുന്നങ്ങോട്ടു് ഗംഗയുടെ ഇരു തീരങ്ങളിലും തല ഉയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രങ്ങളും ആരാധനാമന്ദിരങ്ങളും ആശ്രമങ്ങളും തന്നെ. ഗംഗ കൂടുതല്‍ വന്ദനീയയായി ഭവിക്കുന്നു.

അവളില്‍ പ്രഭാതത്തില്‍ വന്നു സ്നാനമേറ്റാല്‍ ജന്മജന്മാന്തരങ്ങളായുള്ള പാപങ്ങള്‍ കഴുകിപ്പോകുമെന്നു് ശുദ്ധമാനസരായ ഭക്തജനങ്ങള്‍ കരുതുന്നു. ഗംഗ ഏറ്റവും പൂജനീയയായിരിക്കുന്നതു് ഹൃഷികേശം മുതല്‍ ഹരിദ്വാരം വരെയാണു്. അവിടെയെത്തുമ്പോഴേക്കും വയലുകള്‍ നനയ്ക്കാന്‍ വെള്ളം വേണ്ടുന്ന കര്‍ഷകരുടെ ആവലാതിയായി. കൊച്ചുകൊച്ചു പട്ടണങ്ങളിലേക്കു് കുടിവെള്ളം വേണം. ഓരോ പട്ടണത്തിലും തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങള്‍ക്കു് ദേഹശുദ്ധിക്കും വസ്ത്രശുദ്ധിക്കും നഗരത്തിലെ അഴുക്കിനെ കഴുകിമാറ്റാനും നദി ആവശ്യമാണു്. ഗംഗയ്ക്കു മുകളിലൂടെ പാലങ്ങള്‍. അവളെ തടഞ്ഞു നിറുത്തി കൃഷി ഭൂമിയിലേക്കും കൊച്ചു പട്ടണങ്ങളിലേക്കും ജലം നിറച്ചു കൊണ്ടു പോകുന്ന പദ്ധതികള്‍. ഇനി അവള്‍ പാവനയല്ല. എല്ലാ ചണ്ടികളും അവളില്‍ എറിയപ്പെടുന്നു. ശവം അതിലെറിഞ്ഞാല്‍ അതിനെ ജലസമാധി എന്നെണ്ണും. ശവം തിന്നു തടിച്ചു് മത്സ്യങ്ങള്‍ ഭീമാകാരമുള്ളവയാകുന്നു. സമതലത്തിലെത്തി അലഹബാദിലേക്കു വരുമ്പോഴേക്കും വേറൊരു സുപ്രസിദ്ധയായ നദി അതില്‍ വന്നു ചേരുകയായി - യമുന. പിന്നെയും ഗംഗയ്ക്കു മഹിമ കിട്ടുന്നു.

ശ്രീകൃഷ്ണലീല കൊണ്ടു് ഏറെ പുകഴ്ത്തപ്പെട്ട യമുനയാണു് ഗംഗയില്‍ വന്നു ചേര്‍ന്നിരിക്കുന്നതു്. സംഗമസ്ഥാനത്തു് തീര്‍ത്ഥയാത്രക്കാരുടെ തോരാത്ത നിരകളാണു് മുങ്ങിക്കുളിച്ചു പോകാനായി വരുന്നതു്. ഗംഗ കാശിയിലെത്തിയാല്‍ മരിക്കാന്‍ വന്നവരുടെ പട്ടണമാണു് അവളെ കാത്തു നില്‍ക്കുന്നതു്. ഇതെല്ലാം പാറ്റ്നയിലും ആവര്‍ത്തിക്കുന്നു. പിന്നെ ഗംഗയില്ല, ഉള്ളതു് ഹൂഗ്ലിയാണു്. വലിയ കപ്പലുകള്‍ക്കു പോലും സഞ്ചരിക്കാവുന്ന ഹൂഗ്ലി നദി. അവള്‍ പാവനയല്ല. ലോകരുടെ എല്ലാ തിന്മയും ഏറ്റുവാങ്ങി വൃത്തികെട്ട് ഒഴുകുന്ന നദി. കല്‍ക്കട്ടയില്‍ അവള്‍ തന്റെ എല്ലാ മലിന്യത്തോടെയും ബംഗാള്‍ സമുദ്രത്തെ പ്രാപിക്കുമ്പോള്‍ രണ്ടായിരത്തി അഞ്ഞൂറു കിലോമീറ്റര്‍ പിന്നിട്ടിരിക്കുന്നു. അവളുടെ വ്യക്തിത്വമെല്ലാം സാഗരത്തില്‍ ലയിച്ചില്ലാതായിത്തീര്‍ന്നിരിക്കുന്നു. പിന്നെയും സൂര്യന്‍ കരുണയോടെ വന്നു് കടലില്‍ നിന്നു നീരാവി ഉയര്‍ത്തി മേഘങ്ങളായി കാലവര്‍ഷത്തിനായി വടക്കന്‍ കാറ്റുകളെ ഏല്പിച്ചു കൊടുക്കുന്നു.

വീണ്ടും ഹിമാലയശൃംഗത്തില്‍ അതു മഞ്ഞു മഴയായി വീഴും. എവിടെ നിന്നു അവള്‍ തിരിച്ചോ അവിടെ വീണ്ടും പാവനയായി വന്നു വീഴും. കടലിലെ ഉപ്പു രസമില്ല. വഴിനീളെ വന്ന മാലിന്യമെല്ലാം പോയി. അവള്‍ ഇപ്പോള്‍ ജലം മാത്രം. എത്രാമത്തെ ചാക്രികത പൂര്‍ത്തിയാക്കിയിട്ടാണെന്നറിയില്ല അവള്‍ എന്റെ കൈക്കുമ്പിളിലിരുന്നു് അടുത്ത യാത്രയ്ക്കായി തിരിക്കുകയാണു്. ഈ ഗംഗാനദി ഉല്പത്തിസ്ഥാനത്തു നിന്നും വിലയനത്തിലെത്തുന്നതുവരെ എന്തെല്ലാം അനുഭവിച്ചു. എല്ലാം ഏറ്റു വാങ്ങിയിട്ടും ജലത്തിനൊരു മാറ്റവുമില്ലാതെ അതു് എന്നെന്നും നിലനില്‍ക്കുന്നല്ലോ. ഞാന്‍ എന്നെക്കുറിച്ചുകൂടി ചിന്തിച്ചു പോയി.

എന്നാണു് ഞാന്‍ ജനിച്ചതു? ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു് പുറത്തു വന്ന ദിവസമാണോ? അതിന്റെ തലേന്നു് പൂര്‍ണ്ണരൂപത്തില്‍ത്തന്നെ ഞാന്‍ ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരുന്നല്ലോ. ഒന്‍പതു മാസം ഞാനെന്റെ ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ക്കിടന്നു് മയങ്ങുകയായിരുന്നില്ലേ. ഇടയ്ക്കൊക്കെയുണര്‍ന്നു് ഉമ്മയുടെ വയറ്റില്‍ ചവിട്ടാറുണ്ടെന്ന് പിന്നീടു് ഉമ്മ പറഞ്ഞറിയുകയും ചെയ്തു. ഒന്‍പതു മാസത്തിനു മുമ്പോ? ഞാന്‍ പിതാവില്‍ ബീജമായി കിടന്നിരുന്നില്ലേ? അതിനു മുമ്പോ? വല്ല്യുപ്പയില്‍. പിന്നെ വല്ല്യുപ്പയുടെ ഉപ്പയില്‍. അങ്ങനെയങ്ങനെ പിന്നിലോട്ടു പിന്നിലോട്ടു പോകുമ്പോള്‍ ചോദ്യമോ ഉത്തരമോ ഇല്ലാത്ത ഒരാശ്ചര്യത്തിനു മുമ്പില്‍ ചെന്നു നില്‍ക്കേണ്ടി വരുന്നു. ഇത്തിരിപ്പോരം പോന്ന മനുഷ്യമേധയ്ക്കു് ഉള്‍ക്കൊള്ളാനാവാത്ത അത്ഭുതങ്ങളുടെ കലവറയാണു് ജീവനും പ്രപഞ്ചവും എന്നൊക്കെയറിഞ്ഞു് വിനയവാനായി കഴിയുക എന്നു ബോദ്ധ്യമാകുന്നു.

സത്യമെന്നു നമുക്കു തോന്നാവുന്ന കൊച്ചുവൃത്തത്തില്‍ നിന്നു കൊണ്ടു ചിന്തിക്കുമ്പോള്‍ നാമും ഈ ഗംഗയെപ്പോലെത്തന്നെയല്ലേ? അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവന്നു് ചിന്നം വിളിക്കുന്ന നമ്മെ നോക്കി എത്രപേരാണു് വാത്സല്യത്തോടെ ആനന്ദിച്ചിട്ടുള്ളതു്. എന്തോ ഒരു നിഷ്കളങ്കത നമ്മില്‍ എല്ലാവരും കണ്ടിരിക്കണം. വലുതായിവലുതായി വരുംതോറും അശ്രീകരത്വം നമ്മില്‍ വന്നു നിറയുന്നു. ലോകം നമുക്കു നല്‍കുന്ന അറിവുകള്‍ മാത്സര്യത്തിന്റെയും അഹങ്കാരത്തിന്റെയും ഒക്കെ വിത്തുകള്‍ക്കുള്ള വളങ്ങളാണു്. വളര്‍ന്നു് വളര്‍ന്നു് കാശിയിലെ ഗംഗ പോലെ വൃത്തിഹീനമായിത്തീരുന്നു. യാത്രയ്ക്കിടയില്‍ നമുക്കും ആദരവും ആരാധനയും ഒക്കെ ലഭിച്ചേക്കാം. അല്പകാലത്തേക്കു മാത്രം. രക്ഷ പ്രാപിക്കാന്‍ എന്താണു് വഴിയെന്നന്വേഷിക്കുമ്പോള്‍ അറിവുള്ളവര്‍ പറയുന്നു: ‘നീ നിന്റെ സഹജരൂപത്തിലേക്കു തിരിച്ചു പോവുക’

ഹിമാലയത്തിലേക്കുള്ള യാത്ര ചിലര്‍ക്കെങ്കിലും അതിനു വഴിയൊരുക്കാതിരിക്കില്ല. നാട്ടില്‍ ഒരു കൊച്ചു കുന്നിന്റെ മുകളില്‍ കയറിയിരുന്നാല്‍ പോലും നാം പറഞ്ഞു പോകും: ‘എന്തിനാണ് ഇത്ര ടെന്‍ഷന്‍. നാം ചെറിയവര്‍. അഹങ്കരിക്കാന്‍ മാത്രം എന്താണ് നമുക്കുളളത്’. ദീര്‍ഘനിശ്വാസവും വിട്ട് ആകാശവും നോക്കി മലര്‍ന്നു കിടക്കും. പിരിമുറുക്കങ്ങളൊക്കെ അല്പമൊന്നയഞ്ഞിരിക്കുന്നു. ഹൃദയത്തിന് അല്പം വികാസം വന്നിരിക്കുന്നു.

സുഖം ആകാശത്തു നിന്ന് പൊട്ടി വീഴുന്ന അത്ഭുതമല്ല. ഹൃദയം വിശാലമാകുമ്പോള്‍ വന്നു നിറയുന്ന നിര്‍വൃതിയാണ്. ഒരു കൊച്ചു കുന്നിന്റെ ഉച്ചിയില്‍ നിന്നു ചുറ്റും നോക്കുമ്പോള്‍ പോലും നമുക്ക് നമ്മുടെ നിസ്സാരത ബോദ്ധ്യമാകുന്നെങ്കില്‍ ഹിമാലയത്തിന്റെ മുകളില്‍ നിന്നുകൊണ്ട് മഞ്ഞണിഞ്ഞ മാമലകളും കാല്‍ച്ചുവട്ടില്‍ പരന്നു കിടക്കുന്ന വിസ്തൃതമായ ലോകവും നോക്കിക്കാണുന്നവന് താനെത്ര നിസ്സാരനെന്നും ഈ ലോകവാസികളെല്ലാം തനിക്കെത്ര ഹൃദ്യരായിരിക്കുന്നുവെന്നും തോന്നാതിരിക്കുമോ? ആഴവും വിശാലവും ഔന്നത്യമുള്ള ഒരു ജീവിത വീക്ഷണം അനുഗ്രഹമായി ലഭിക്കുന്ന ആ പുണ്യാത്മാവിന്‌ പിന്നെ എങ്ങനെ സ്വാര്‍ത്ഥതയുടെ ഇടുങ്ങിയ ലോകത്ത് സ്ഥിരമായി വസിക്കാനാകും. അഥവാ അവന്‍ പ്രകൃതിയുടെ വികൃതിക്കു വിധേയനായി വീണുപോയാല്‍ തന്നെ ഒരിക്കല്‍ ലഭിച്ച അനുഭവത്തിലേക്കു് വീണ്ടും ഉണര്‍ന്നു വരാന്‍ ശ്രമിക്കാതിരിക്കുമോ?

പ്രകൃതിയുടെ വിശാലമായ ദൃശ്യത്തിനു മുമ്പില്‍ നമ്മുടെ ഹൃദയവും അറിയാതെ വിശാലതയെ പ്രാപിക്കുന്നു. ഹിമാലയത്തിന്റെ അനന്തമായ വിശാലത അനിര്‍വചനീയമാണ്. ദൂരെദൂരേക്കു അകന്നകന്നു പോകുന്ന മലനിരകള്‍ക്കു മുമ്പില്‍ നില്‍ക്കുമ്പോള്‍ നാം കാലദേശങ്ങളറ്റു് അനന്തതയില്‍ അല്പനേരത്തേക്കെങ്കിലും ലയിച്ചു ചേരുന്നു. ഇതിനാണ് നാം ഇവിടെ വന്നതു്. ഇതുതന്നെയാണ് ഗംഗ നമുക്കു നല്‍കുന്ന ഉപഹാരം. അവള്‍ ഒരു വഴികാട്ടിയാണ്. അനന്തതയിലേക്കുള്ള വഴികാട്ടി.

ഷൌക്കത്ത്
Subscribe Tharjani |