തര്‍ജ്ജനി

വിദേശം

എഴുതാനുള്ള സ്വാതന്ത്ര്യം

ആര്‍തര്‍ മില്ലെര്‍ അനുസ്മരണ പ്രഭാഷണം

Miller Arthur

1985-ല്‍ ആര്‍തെര്‍ മില്ലെറും ഹരോള്‍ഡ് പിന്ററും ചേര്‍ന്ന് ഇസ്താംബൂളിലേയ്ക്ക് ഒരു യാത്ര നടത്തി. ലോകനാടക വേദിയിലെ രണ്ടു പ്രശസ്ത നാമങ്ങള്‍, പക്ഷേ നിര്‍ഭാഗ്യവശാല്‍, ആ സമയത്ത് അവരെ ഇസ്താംബൂളിലേയ്ക്ക് നയിച്ചത് നാടകമോ സാഹിത്യമോ അല്ല. തുര്‍ക്കിയിലപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേല്‍ കാരുണ്യമില്ലാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു. പല എഴുത്തുകാരും ജയിലറകളില്‍ അടയ്ക്കപ്പെട്ടു. 1980-ല്‍ തുര്‍ക്കിയില്‍ നടന്ന ഭരണകൂടത്തിനെതിരെയുള്ള ഗൂഢാലോചന, ലക്ഷങ്ങളെയാണ് തടവറകളിലെറിഞ്ഞത്. ചരിത്രത്തിലെപ്പോഴും എഴുത്തുകാര്‍ ഇത്തരം അവസരങ്ങളില്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നു. എന്നെ സ്വയം ഓര്‍മ്മിപ്പിക്കുവാന്‍, പഴയ പത്രങ്ങളും ആ സമയത്തെ ആനുകാലികങ്ങളും മറിച്ചു നോക്കുമ്പോഴൊക്കെ ആ കാലഘട്ടത്തിന്റെ ചിത്രം തെളിഞ്ഞു വരും. വിധിന്യായം കാത്ത് അസ്വസ്ഥരായിരിക്കുന്ന ഒരു കൂട്ടം തലമൊട്ടയടിച്ച ആളുകള്‍. കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍. ധാരാളം എഴുത്തുകാരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. മില്ലെറും പിന്ററും ഇസ്താംബൂളിലേയ്ക്കു വന്നത് ആ എഴുത്തുകാരെ കാണാനായിരുന്നു. അവരുടെ കുടുംബങ്ങളെയും. അവരെ തങ്ങളുടെ പിന്തുണ അറിയിക്കാന്‍. അവരുടെ നിവേദനങ്ങളിലേയ്ക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍. ഞാന്‍ എയര്‍ പോര്‍ട്ടില്‍ പോയി അവരെ സ്വീകരിച്ചു. ഞാനും എന്റെ ഒരു കൂട്ടുകാരനുമായിരുന്നു, തുര്‍ക്കിയിലെ അവരുടെ നിയുക്ത വഴികാട്ടികള്‍.

ആ ദിവസങ്ങളില്‍, രാഷ്ട്രീയവുമായി എനിക്കെന്തെങ്കിലും നീക്കുപോക്കുണ്ടായിരുന്നതു കൊണ്ടല്ല, ഈ ജോലിയ്ക്ക് ഞാന്‍ നിയുക്തനായത്. ഞാന്‍ നോവലിസ്റ്റാണ്. ഇംഗ്ലീഷ് തരക്കേടില്ലാതെ സംസാരിക്കും. ഈ കാരണങ്ങള്‍ കൊണ്ടാണ്. എഴുത്തുകാരായ കൂട്ടുകാരെ സഹായിക്കാനുള്ള ഒരു വഴി എന്ന നിലയ്ക്കു മാത്രമല്ല, കുറച്ചുദിവസം രണ്ടു മഹത്തുക്കളായ എഴുത്തുകാരോടൊപ്പം ചെലവഴിക്കാം എന്നതു കൊണ്ടും സന്തോഷത്തോടെ ഞാന്‍ ആ ചുമതല എറ്റെടുത്തു. ഞങ്ങളൊന്നിച്ച് ചെറുതും അതിജീവിക്കാന്‍ കഷ്ടപ്പെടുന്നവയുമായ പ്രസിദ്ധീകരണശാലകള്‍ സന്ദര്‍ശിച്ചു. അലങ്കോലപ്പെട്ടു കിടക്കുന്ന വാര്‍ത്താമുറികള്‍. അടച്ചുപൂട്ടല്‍ ഭീഷണിയുടെ തുഞ്ചത്ത് പുലരുന്ന ചെറുകിട പ്രസിദ്ധീകരണങ്ങളുടെ ഇരുളു നിറഞ്ഞ, പൊടിപിടിച്ച ആസ്ഥാനങ്ങള്‍. എഴുത്തുകാരെയും അവരുടെ കുടുംബാംഗങ്ങളെയും നേരില്‍ കാണാന്‍, ഞങ്ങള്‍ വീടുവീടാന്തരവും ലഘു ഭക്ഷണശാലകളിലും കയറിയിറങ്ങി. അതുവരെ രാഷ്ട്രീയലോകത്തിന്റെ വിളുമ്പിലായിരുന്നു എന്റെ സ്ഥാനം. വേണ്ടത്ര സമ്മര്‍ദ്ദമില്ലാതെ അങ്ങോട്ടു നോക്കുകകൂടി ചെയ്യാതെ. പക്ഷേ ഇപ്പോള്‍, അടിച്ചമര്‍ത്തലിന്റെ, ക്രൂരതയുടെ, തികഞ്ഞ തിന്മയുടെ വീര്‍പ്പുമുട്ടിക്കുന്ന കഥകള്‍ കേട്ടുക്കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട്, സഹാനുഭാവം കൊണ്ട് ഞാനും ഈ ലോകത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ഒപ്പം അതിനുതുല്യമായ എന്നാല്‍ വിപരീതദിശയിലുള്ള ഒരു ആഗ്രഹം മനസ്സിലുണ്ടാവുകയും ചെയ്തു. ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞു നിന്ന് സ്വയം സം‌രക്ഷിക്കാന്‍. മനോഹരങ്ങളായ നോവെലെഴുതുകയല്ലാതെ മറ്റൊന്നും ജീവിതത്തില്‍ ചെയ്യാതിരിക്കാന്‍. മില്ലെറെയും പിന്ററെയും ഇസ്താംബൂളിലെ നിരത്തിലൂടെ ടാക്സിയില്‍, ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് നയിക്കുമ്പോള്‍, ഞങ്ങള്‍ അന്ന് വഴിയോര കച്ചവടക്കാരെക്കുറിച്ചും കുതിര വണ്ടികളെക്കുറിച്ചും സിനിമാ പോസ്റ്ററുകളെക്കുറിച്ചും പാശ്ചാത്യരെ പ്രത്യേകിച്ച് ആകര്‍ഷിക്കുന്ന തലമൂടിയതും മൂടാത്തതുമായ സ്ത്രീകളെക്കുറിച്ചും സംസാരിച്ചത് ഇന്നും ഞാന്‍ നന്നായി ഓര്‍ക്കുന്നു. എങ്കിലും കൂടുതലോര്‍ക്കുന്ന ഒരു ചിത്രമുണ്ട്. ഇസ്താംബൂള്‍ ഹില്‍ട്ടന്റെ വളരെ നീണ്ട ഇടനാഴിയുടെ ഒരറ്റത്ത് ഞാനും സുഹൃത്തും കൂടി അസ്വസ്ഥതയോടെ പരസ്പരം തര്‍ക്കിച്ചു നില്‍ക്കുമ്പോള്‍, അങ്ങേയറ്റത്ത് മില്ലറും പിന്ററും കൂടി അതേപോലെ നിഴലില്‍ ശബ്ദം കുറച്ചു സംസാരിച്ചു നില്‍ക്കുന്ന ഒരു ചിത്രം. അത് എന്റെ കുഴപ്പം പിടിച്ച മനസ്സില്‍ എപ്പോഴുമുണ്ട്. ഞങ്ങളുടെയും അവരുടെയും അതിസങ്കീര്‍ണ്ണമായ ചരിത്രങ്ങള്‍ക്കു തമ്മില്‍ വലിയ അകലമുണ്ടെങ്കിലും എഴുത്തുകാര്‍ക്കിടയില്‍ ആശ്വാസകരമായ ഒരു ഐക്യത്തിനുള്ള സാദ്ധ്യതയെയാണ് ആഴത്തില്‍ ആ ചിത്രം കോറിയിട്ടത് എന്നു ഞാന്‍ വിചാരിക്കുന്നു.

Orhan Pamuk

സ്വസ്ഥത നശിച്ച്, നിരന്തരം സിഗരറ്റു വലിച്ചുകൊണ്ടിരിക്കുന്ന ആളുകളുമായി പല മുറികളില്‍ വച്ച് ഞങ്ങളൊന്നിച്ച് സംസാരിച്ചു. അപ്പോഴെല്ലാം എനിക്ക് ഇതേ വികാരം തന്നെയാണുണ്ടായത്. അഭിമാനത്തിന്റെയും നാണക്കേടിന്റെയും. ചിലപ്പോള്‍ സംസാരിക്കുന്നവര്‍ ആ വികാരങ്ങളെ മറയില്ലാതെ പ്രകടിപ്പിച്ചു. മറ്റു ചിലപ്പോള്‍ അവരുടെ മുഖഭാവങ്ങളില്‍ നിന്നും ആംഗ്യങ്ങളില്‍ നിന്നും ഞാന്‍ ഊഹിച്ചെടുത്തു. എഴുത്തുകാര്‍, ചിന്തകര്‍, പത്രപ്രവര്‍ത്തകര്‍ അങ്ങനെ ഞങ്ങള്‍ സംസാരിച്ചവരെല്ലാം ഇടതുപക്ഷക്കാരായിട്ടാണ് ആ ദിവസങ്ങളില്‍ അറിയപ്പെട്ടിരുന്നത്. അതുകൊണ്ടാണ് അവരുടെ കുഴപ്പങ്ങളില്‍, സ്വാതന്ത്ര്യം പ്രിയപ്പെട്ടതായിരുന്ന ഉദാരപാശ്ചാത്യ ജനാധിപത്യങ്ങള്‍ക്ക് താത്പര്യം തോന്നിയതെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം, പകുതിയോളം മനുഷ്യര്‍ - എണ്ണം ഞാന്‍ ചുരുക്കേണ്ട കാര്യമില്ല- പാശ്ചാത്യമായ ജനാധിപത്യത്തിന് തികച്ചും വിരുദ്ധമായ ദേശീയതയുമായി ഒത്തുപോകുന്നതു കാണുമ്പോള്‍ തീര്‍ച്ചയായും എനിക്കു ദുഃഖം തോന്നുന്നു.

വഴികാട്ടി എന്ന നിലയ്ക്കുള്ള എന്റെ അനുഭവങ്ങളും തുടന്നുള്ള ജീവിതത്തില്‍ കണ്ട കാഴ്ചകളും എന്നെ പഠിപ്പിച്ചത് , രാജ്യമേതായാലും ചിന്തയുടെയും ആവിഷ്കാരത്തിന്റെയും സ്വാതന്ത്ര്യം ലോകത്തെവിടെയുമുള്ള മനുഷ്യന്റെ അവകാശമാണെന്ന പാഠമാണ്. ഇത് ഒരുപക്ഷേ എല്ലാവര്‍ക്കും അറിയാവുന്നതായിരിക്കും. എങ്കിലും ഞാന്‍ ഈ കാര്യത്തിനു ഇപ്പോള്‍ പ്രത്യേകം അടിവരയിടുന്നു. ആഹാരത്തിനും വെള്ളത്തിനുമെന്ന പോലെ ആധുനിക മനുഷ്യന്‍ കൈനീട്ടി നില്‍ക്കുന്ന ഈ സ്വാതന്ത്ര്യം ഒരിക്കലും ദേശീയ വികാരം കൊണ്ടോ സദാചാര ഭ്രാന്തു കൊണ്ടോ കൂട്ടത്തില്‍ ഏറ്റവും ചീത്തയായ കച്ചവട, പട്ടാള താത്പര്യങ്ങള്‍ കൊണ്ടോ പരിമിതമായിക്കൂടാ. പടിഞ്ഞാറിനു പുറത്ത് വളരെ രാജ്യങ്ങള്‍ ദാരിദ്ര്യത്തിന്റെ നാണക്കേടില്‍ കഷ്ടപ്പെടുന്നെങ്കില്‍ അതിനു കാരണം അവര്‍ക്ക് സ്വയം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തതാണ്. പാവപ്പെട്ട രാജ്യങ്ങളില്‍ നിന്നും പട്ടിണിയും ക്രൂരതയും കാരണം രക്ഷപ്പെട്ട് പടിഞ്ഞാറും വടക്കുമുള്ള രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി എത്തിപ്പെടുന്നവര്‍ക്ക് വംശവെറിയുടെ വലിയ പീഡനങ്ങളാണ് സമ്പന്ന രാജ്യങ്ങള്‍ സമ്മാനിക്കുന്നത്. അതെ, അഭയാര്‍ത്ഥികളെയും ന്യൂനപക്ഷങ്ങളെയും അവരുടെ മതത്തിന്റെയും വംശീയതയുടെയും അവര്‍ പിന്നിലുപേക്ഷിച്ചു പോന്ന രാജ്യത്തിലെ ഭരണകൂടങ്ങളുടെ ചെയ്തികളുടെയും പേരില്‍ കരിവാരി തേയ്ക്കുന്നവര്‍ക്കെതിരെയും നമ്മള്‍ ജാഗരൂകരായിരിക്കേണ്ടതുണ്ട്.

Harod Pinter

ന്യൂനപക്ഷങ്ങളുടെ മനുഷ്യത്വത്തെയും മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നു എന്ന പേരില്‍ ചിന്താ സ്വാതന്ത്ര്യത്തിനു് വേലികള്‍ കെട്ടണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. വംശീയ ന്യൂനപക്ഷത്തിന്റെയോ മതത്തിന്റെയോ അവകാശങ്ങളോടുള്ള ബഹുമാനം, സംസാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ഒരു കാരണമാവേണ്ടതില്ല. എഴുത്തുകാരായ നാം ഇക്കാര്യത്തില്‍ പിന്നാക്കം നില്‍ക്കേണ്ടതില്ല, പറഞ്ഞ കാര്യം, എത്ര വിവാദപരമാണെങ്കിലും. നമ്മളില്‍ ചിലര്‍ക്ക് പടിഞ്ഞാറിനെ കുറിച്ച് നല്ല വെളിപാടുണ്ട്, ചിലര്‍ക്ക് പൌരസ്ത്യ ദേശത്തുള്ളവരോട് കുറച്ച് കൂടുതല്‍ ഇഷ്ടമുണ്ട്. എന്നെ പോലുള്ള വേറെ ചിലര്‍ക്ക് കൃത്രിമമായ ഈ വരമ്പിന്റെ രണ്ടു വശത്തേയ്ക്കും ഹൃദയത്തിന്റെ വാതിലുകള്‍ തുറന്നിടാനാണ് താത്പര്യം. പക്ഷേ നമ്മുടെ സ്വാഭാവിക പ്രവണതകളും നമ്മളെപ്പോലെയല്ലാത്തവയെ മനസിലാക്കാനുള്ള ആഗ്രഹവും ഒരിക്കലും മനുഷ്യാവകാശങ്ങളെ ആദരിക്കാനുള്ള വഴിയില്‍ ഒന്നിച്ചു നില്‍ക്കില്ല.

എനിക്കെപ്പോഴും വ്യക്തമായും ഉറപ്പോടെയും ശക്തമായും എന്റെ രാഷ്ട്രീയ തീര്‍പ്പുകള്‍ പ്രകടിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. പറയുന്നത് തികച്ചും ശരിയല്ല എന്ന ബോദ്ധ്യം ഉള്ളതുകൊണ്ട് ഇതൊരു വേഷം കെട്ടാണ് എന്നു തോന്നും. ജീവിതത്തെക്കുറിച്ച് എനിക്കുള്ള ചിന്തകളെ ഒറ്റ തമ്പുരു നാദത്തിലേയ്ക്കോ ഒരൊറ്റ വീക്ഷണക്കോണിലേയ്ക്കോ ചുരുക്കാനാവില്ല എനിക്കറിയാം എന്നതാണു കാരണം. എല്ലാറ്റിനുമുപരി, സ്വന്തം കഥാപാത്രങ്ങളുമായി, പ്രത്യേകിച്ച് ചീത്ത കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതിലൂടെ വായനക്കാരുമായി ഇടപാടു നടത്തുന്ന നോവലിസ്റ്റാണ് ഞാന്‍. ഈ ലോകത്തില്‍ എന്നെപ്പോലെ ജീവിക്കുന്ന ഒരാളിന് ചുരുങ്ങിയ സമയം കൊണ്ട് ഇരയില്‍ നിന്ന് മര്‍ദ്ദകനായി രൂപമാറ്റം ഉണ്ടാകാം. വസ്തുക്കളുടെ പ്രകൃതിയിലും ആളുകളിലും കഠിനമായ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നത് ഒരു കടുത്ത സാഹസികതയാണ്. കൂടുതല്‍ ആള്‍ക്കാരും പരസ്പര വൈരുദ്ധ്യമുള്ള ചിന്തകളെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നന്മയെ ലാക്കാക്കി, അല്ലെങ്കില്‍ നല്ല ഉദ്ദേശ്യത്തോടു കൂടി തന്നെ. ആളുകള്‍ സ്വന്തം മനസ്സിനെ സംഘര്‍ഷ വിധേയമാക്കികൊണ്ടേയിരിക്കുന്ന ഈ ആധുനിക അവസ്ഥയെ ചൂഷണം ചെയ്യുന്നിടത്താണ് നോവലെഴുതുന്നതിന്റെ ആഹ്ലാദം കുടിയിരിക്കുന്നത്. ആധുനിക മനസ്സ് അത്രയ്ക്ക് വഴുക്കല്‍ സ്വഭാവമാര്‍ന്നതാണ്. അതുകൊണ്ടാണ് ആവിഷ്കാര സ്വാതന്ത്ര്യം അത്രയ്ക്ക് പ്രാധാന്യമുള്ളതായി തീരുന്നത്. സന്ദേഹിയും വൈരുദ്ധ്യം നിറഞ്ഞതുമായ നമ്മുടെ സ്വന്തം ചിന്തകളെ നാം തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഒപ്പം നേരത്തെ പറഞ്ഞ അഭിമാനത്തെയും നാണക്കേടിനെയും.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മില്ലെറെയും പിന്റെറെയും കൊണ്ട് ഇസ്താംബൂളിലൂടെ ചുറ്റിക്കറങ്ങുമ്പോള്‍ അനുഭവപ്പെട്ട ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ. അത് ചിലപ്പോള്‍ അഭിമാനം, നാണക്കേട് തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ക്ക് മേല്‍ കുറച്ചൊക്കെ വെളിച്ചം പരത്താന്‍ സഹായിച്ചേക്കും. അവരുടെ സന്ദര്‍ശനത്തിനു ശേഷമുള്ള പത്തു വര്‍ഷങ്ങളില്‍, നല്ല ഉദ്ദേശ്യങ്ങളും, ദേഷ്യവും, കുറ്റബോധവും, വ്യക്തിപരമായ വിദ്വേഷങ്ങളും ഒക്കെ വച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി ഞാന്‍ കുറെ പൊതു പ്രസ്താവനകള്‍ നടത്തിയിരുന്നു. തികച്ചും യാദൃച്ഛികമായ ആ തുടര്‍ച്ചകള്‍ക്ക് എന്റെ നോവലുകളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഞാന്‍ ഉദ്ദേശിച്ചതിനേക്കാളും ശക്തമായ രാഷ്ട്രീയ വ്യക്തിത്വമാണ് അവയിലൂടെ വെളിപ്പെട്ടു വന്നത്. ഏതാണ്ട് ഇതേ സമയത്താണ് ഐക്യ രാഷ്ട്രസംഘടനയുടെ പ്രതിനിധിയായി ഒരു ഇന്ത്യന്‍ എഴുത്തുകാരന്‍, ഞാന്‍ ഉള്‍പ്പെട്ട പ്രദേശത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് റിപ്പോര്‍ട്ടെഴുതാന്‍ ഇസ്താംബൂളില്‍ വന്ന് എന്നെ കണ്ടത്. പ്രായം കൂടുതല്‍ തോന്നിക്കുന്ന, ആ മനുഷ്യനുമായുള്ള കൂടിക്കാഴ്ച നടന്നതും ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ചു തന്നെ. മേശയ്ക്കിരുപുറവുമായി ഞങ്ങള്‍ ഇരുന്നയുടന്‍ അദ്ദേഹം ചോദിച്ചു : “ പാമൂക്, എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? താങ്കളുടെ നോവലില്‍ കൊണ്ടു വരണമെന്ന് താങ്കള്‍ ആഗ്രഹിക്കുകയും എന്നാല്‍ നിയമപരമായ വിലക്കുകള്‍ കൊണ്ട് അകന്നു മാറി നില്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

നീണ്ട നിശ്ശബ്ദതയായിരുന്നു പിന്നീട്. ഞാന്‍ ആ ചോദ്യത്തെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരുന്നു. ഡോസ്റ്റോവ്സ്കിയന്‍ രീതിയില്‍ കഠിനമായ മാനസിക വേദന അനുഭവിച്ചുകൊണ്ടുള്ള ഒരു സ്വയം ചോദ്യം ചെയ്യല്‍. ഐക്യരാഷ്ടസഭയില്‍ നിന്നുള്ള ആ മനുഷ്യന്‍ ചോദിക്കാന്‍ ആഗ്രഹിച്ചത് ഇതാണ് : ‘രാജ്യത്തിന്റെ വിലക്കുകളില്‍, നിയമ തടസ്സങ്ങളില്‍, അടിച്ചമര്‍ത്തല്‍ നയങ്ങളില്‍, താങ്കള്‍ പറയാതെ വിട്ടത് എന്തൊക്കെയാണ്.’ തനിക്കെതിരെ ആകാംക്ഷയോടെയിരിക്കുന്ന യുവ എഴുത്തുകാരന്‍ തന്റെ ചോദ്യത്തെ സ്വന്തം നോവലുകളുടെ പശ്ചാത്തലത്തില്‍ പരിഗണിക്കും എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. എന്നാല്‍ പരിചയമില്ലാത്തതു കൊണ്ട് ഞാന്‍ ചോദ്യത്തെ അക്ഷരാര്‍ത്ഥത്തിലെടുത്തു. തുര്‍ക്കിയില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് അനേകം വസ്തുതകള്‍ നിയമം മറച്ചു വയ്പ്പിച്ചു. രാജ്യം അടിച്ചമര്‍ത്തല്‍ നയങ്ങള്‍ തുടരുന്നു ഇപ്പോഴും. പക്ഷേ ഞാന്‍ അവയിലോരോന്നിലൂടെയും കടന്നു പോകുമ്പോള്‍ അവയിലൊന്നും ഞാന്‍ എന്റെ നോവലുകളില്‍ ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നവയല്ലെന്നാണ് മനസ്സിലാക്കിയത്. ‘എനിക്കു ചര്‍ച്ച ചെയ്യാന്‍ വയ്യാത്തതും എന്നാല്‍ എനിക്കു എഴുതണമെന്നു ആഗ്രഹമുള്ളതുമായ ഒന്നും ഇവിടെയില്ല’ എന്നു ഞാന്‍ പറഞ്ഞാല്‍ ഞാനൊരു തെറ്റായ ധാരണയായിരിക്കും ഉണ്ടാക്കുക എന്നെനിക്കറിയാം. ഞാനാവട്ടെ, ഇടയ്ക്കിടയ്ക്ക് എന്റെ നോവലുകള്‍ക്കു പുറത്ത് അപകടകരമായ രീതിയില്‍ ഇത്തരം കാര്യങ്ങളെ കുറിച്ചു തുറന്നു സംസാരിക്കാന്‍ തുടങ്ങിയിട്ടുമുണ്ടായിരുന്നു. കോപത്തോടെ, ഈ കാര്യങ്ങള്‍ നോവലിലൂടെ ഉന്നയിക്കുന്നതിനെപ്പറ്റി ഞാന്‍ ഭാവന ചെയ്തിട്ടില്ലേ, ചിലപ്പോഴെങ്കിലും? അവ വിലക്കപ്പെട്ടതാണെന്നതു കൊണ്ടു മാത്രം? ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോഴും എന്റെ നിശ്ശബ്ദതയെപ്പറ്റി ഓര്‍ത്ത് സ്വയം ലജ്ജ തോന്നി. എങ്കിലും അതെന്റെ വിശ്വാസത്തെ ഒന്നു കൂടി ഉറപ്പിച്ചു; ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വേര് അഭിമാനത്തിലേയ്ക്കാണ് നീളുന്നത്. സത്തയില്‍ അത് മനുഷ്യാന്തസ്സിന്റെ പ്രകാശനമാണ്.

വിലക്കപ്പെട്ട പ്രമേയങ്ങള്‍, അവ വിലക്കപ്പെട്ടവയാണ് എന്ന് ഒറ്റ കാരണം കൊണ്ട് തങ്ങളുടെ വിഷയമായി തെരെഞ്ഞെടുക്കുന്ന എഴുത്തുകാരെ എനിക്കു വ്യക്തിപരമായി പരിചയമുണ്ട്. ഞാനും വ്യത്യസ്തനല്ല. മറ്റൊരു വീട്ടിലെ മറ്റൊരു എഴുത്തുകാരന് സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ഒരെഴുത്തുകാരനും സ്വതന്ത്രനല്ല.

ചില സമയം എന്റെ കൂട്ടുകാര്‍ പറയാറുണ്ട്, “നീയത് അങ്ങനെയായിരുന്നില്ല പറയേണ്ടിയിരുന്നത്, നീ അങ്ങനെ വാക്കുകള്‍ പ്രയോഗിച്ചതു കൊണ്ട് ആര്‍ക്കും വിഷമം തോന്നില്ല. നിനക്ക് വലിയ അപകടവുമില്ല.” അടിച്ചമര്‍ത്തല്‍ സംസ്കാരം നിലനില്ക്കുന്ന ചുറ്റുപാടില്‍, ഒരാളിന്റെ വാക്കുകള്‍ മാറ്റുക, എല്ലാവര്‍ക്കും സ്വീകാര്യനാക്കുന്ന ഒരു പദ്ധതിയില്‍ അയാളെ പങ്കാളിയാക്കുക, പ്രതിഭാശാലിയായി അംഗീകാരം നേടുക എന്നൊക്കെയുള്ളത്, നിരോധിക്കപ്പെട്ട വസ്തുക്കള്‍ കസ്റ്റംസിലൂടെ മോഷ്ടിക്കുന്നതു പോലെയാണ്. നാണംകെട്ട, തരം താണ പ്രവൃത്തി.

മനുഷ്യന്റെ അന്തസ്സുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടു കിടക്കുന്നവയെപ്പറ്റി സ്വതന്ത്രമായി സംസാരിക്കുന്നതിലുള്ള ആഹ്ലാദം. ഈ സത്യത്തെ വരച്ചിടാനാണ് ഞാന്‍ ഈ കഥകളിലൊക്കെ ശ്രമിച്ചുവന്നത്. അതുകൊണ്ട് നമുക്ക് സ്വയം ചോദിക്കാം ജനാധിപത്യത്തിനും ചിന്താസ്വാതന്ത്ര്യത്തിനും വേണ്ടി സംസ്കാരങ്ങളെയും മതങ്ങളെയും കരിവാരിതേയ്ക്കുന്നതില്‍, രാജ്യങ്ങള്‍ക്കു മേല്‍ കാരുണ്യമില്ലാതെ ബോംബുകള്‍ വര്‍ഷിക്കുന്നതില്‍ എത്രമാത്രം യുക്തിയുണ്ട്? ഈ കൊലപാതകങ്ങള്‍ക്കെല്ലാം ശേഷവും എന്റെ ഭാഗത്തുള്ള രാജ്യങ്ങള്‍ തീര്‍ത്തും ജനാധിപത്യപരമല്ല. ഇറാക്കിനെതിരെയുള്ള യുദ്ധം ലക്ഷങ്ങളെ ഹൃദയമില്ലാതെ കൊന്നൊടുക്കിയിട്ടും സമാധാനവും ജനാധിപത്യവും കൊണ്ടു വന്നിട്ടില്ല. പകരം നേരെ വിരുദ്ധമായ, പാശ്ചാത്യ വിദ്വേഷവും ദേശീയതയും ഉണര്‍ത്തിവിടുകയും ചെയ്തു. മദ്ധ്യകിഴക്കന്‍ പ്രദേശങ്ങളില്‍ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി കഷ്ടപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ പ്രയാസമുള്ളതാക്കിത്തീര്‍ക്കുകയാണിതു കൊണ്ടുണ്ടായത്. ഈ കൂട്ടകൊല, കിരാതമായ യുദ്ധം അമേരിക്കയ്ക്കും പടിഞ്ഞാറിനും ഒരുപോലെ നാണക്കേടാണ്. ആര്‍തര്‍ മില്ലെറും ഹെരോള്‍ഡ് പിന്ററും പടിഞ്ഞാറിന്റെ അഭിമാനവും.

ഓര്‍ഹാന്‍ പാമൂക്
മൊഴിമാറ്റം: ശിവകുമാര്‍ ആര്‍ പി
Subscribe Tharjani |