തര്‍ജ്ജനി

പുസ്തകം

ഇരുട്ടില്‍ നിന്നു വരുന്ന വസ്തുക്കള്‍

ആരും തൊടാത്ത വാക്കൊന്നുമില്ല. ആരുമറിയാത്ത വൈകാരികതയുമില്ല. ഒരു ഹൃദയവും സ്വകാര്യവുമല്ല. വസ്തുക്കളല്ല മൂല്യങ്ങളും ഭാവനയുമാണ്‌ യഥാര്‍ത്ഥത്തില്‍ വിപണനം ചെയ്യപ്പെടുന്നതെന്ന ഞെട്ടല്‍ കവിയെ അലട്ടുന്നു. കവിയെ ആഗോളവിപണിയില്‍ എല്ലാപരമ്പരാഗത തൊഴിലാളികളെയും പോലെ കവിതയെഴുത്തുകാരനും അനാഥനാണ്‌. ഷുസെ സരാമഗോയുടെ മണല്‍പാത്രനിര്‍മ്മാണക്കാരനെപ്പോലെ തന്റെ സൃഷ്ടികളുമായി പൊട്ടക്കിണറ്റിന്റെ ആഴങ്ങളിലേക്ക്‌ അയാള്‍ ഇറങ്ങിപ്പോകുന്ന കാഴ്ച പുതിയ കവിക്ക്‌ ഹൃദയഭേദകമായി തോന്നും. ഇന്നലെ വരെ ഉയര്‍ന്നുപാറിയ അവന്റെ കൊടികളഴിഞ്ഞുപോകുന്നു. കാറ്റില്‍ മണല്‍ത്തരികള്‍ പോലെ അവന്റെ ഭാവന ചിതറുന്നു-നല്ല വാക്കെഴുതാനാകുമോ എന്ന വേദന. നല്ലവാക്കാണോ വായിക്കുന്നതെന്ന ഭ്രമം. നല്ലതിനെക്കുറിച്ചാണോ പറയുന്നതെന്ന ചോദ്യം-കാവ്യാനുഭവങ്ങളുടെ ആത്മദാര്‍ഢ്യത്തെ ഉലയ്ക്കുന്ന വെല്ലുവിളികളാണ്‌ നാം അഭിമുഖീകരിക്കുന്നത്‌.

തൊണ്ണൂറുകളിലാണ്‌ ഈ അവസ്ഥയിലേക്ക്‌ മലയാളം നിപതിച്ചത്‌. കണ്ണന്‍ ഉള്‍പ്പെടെയുള്ള പുതിയകവികള്‍ എഴുതുന്നതും തൊണ്ണൂറുകള്‍ മുതല്‍ക്കാണ്‌. അങ്ങനെയായതിനാല്‍ തൊണ്ണൂറുകള്‍ക്കുശേഷമുള്ള നമ്മുടെ ഭൌതികകാലം അവയിലുണ്ടോ എന്ന് ആരും പരതിനോക്കും പക്ഷേ, അവിടെ ദേശകാലത്തിന്റെയോ പ്രാദേശികകാലത്തിന്റെയോ അടയാളങ്ങളൊന്നും തലയുയര്‍ത്തിനില്‍ക്കുന്നുണ്ടാവില്ല. വഴിയിലെല്ലാം പൂമരങ്ങളായി വേറിട്ടുനില്‍ക്കാനായിരുന്നു ആധുനികകയുടെ കൊതി. ഉദാരവും മതേതരവുമായ വിശാലലോകത്തിന്റെ ഗന്ധം പരത്തുകയാണ്‌ സ്വന്തം രചനയെന്ന്‌ അവര്‍ ഭാവിച്ചു. എന്നാല്‍ ആധുനികതയുടെ പിതൃഭാവനിര്‍ഭരമായ കണ്ണുകള്‍ അവര്‍ക്കുശേഷം വന്നതിലെല്ലാം ഉള്‍ക്കാഴ്ചയുടെ അഭാവവും അയഥാര്‍ഥതയും, കണ്ടുപിടിക്കുന്നതിലാണ്‌ ശ്രദ്ധിച്ചത്‌. അഭാവങ്ങളുടെ ലോകമാണ്‌ തൊണ്ണൂറുകള്‍ സമ്മനിച്ചതെന്ന്‌ നാം പൊതുവെ വിചാരിക്കാറുണ്ട്‌- കമ്മ്യൂണിസത്തിന്റെ അഭാവം, മതേതരത്വത്തിന്റെ അഭാവം, പുഴകളുടെ അഭാവം, പാവാടക്കാരികളുടെയും നല്ല കവിതകളുടെയും അഭാവം.

ഈ അഭാവങ്ങള്‍ ആധുനികതയുടെ നാട്യങ്ങളൊഴിഞ്ഞ കാലത്തിന്റേതായിരുന്നു. നാമോര്‍ക്കുന്നു 1992-ല്‍ ബാബറി മസ്ജിദ്‌ പൊളിച്ചു. തൊണ്ണൂറുകളില്‍ നമ്മുടെ വിപണി ലോകത്തിനു മുന്നില്‍ തുറക്കപ്പെടുകയും ചെയ്തു. അതോടെ വിചാരങ്ങള്‍ക്കും വ്യാപാരത്തിനും അധികാരത്തിനുമെല്ലാം പുതിയൊരു ദിശാബോധവും ധാര്‍മ്മികതയും കൈവന്നു. ഇക്കാലത്ത്‌ എഴുതിത്തുടങ്ങിയവരാകട്ടെ ആഗോളവല്‍ക്കരണത്തോടും പുതിയകാലത്തിന്റെ മാറ്റങ്ങളോടുമുള്ള പഴയതലമുറയുടെ വേവലാതി കണ്ട്‌ ലജ്ജിക്കാതിരുന്നില്ല. മതമൌലികവാദികളും തീവ്രദേശീയതാവാദികളും സ്റ്റാലിനിസ്റ്റുകളും ഫ്യൂഡലിസ്റ്റുകളും ഒരേപോലെ എതിര്‍ക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ കൊടി ഉയര്‍ന്ന തൊണ്ണൂറുകള്‍ക്കകത്തുനിന്ന്‌ അതുത്പാദിപ്പിച്ച ലോകത്തിന്റെ സന്തതിയായി കവിത എഴുതുന്നത്‌ ചെറിയ വേദനയല്ലല്ലോ.

ജീര്‍ണ്ണിച്ച പഴയകോട്ടകളുടെ അവശിഷ്ടങ്ങള്‍ക്കുമുകളില്‍ പുതിയൊരു കോട്ട ആരും പണിയാത്തതുപോലെ, പഴയകാവ്യാനുഭവത്തിന്റെ ജീര്‍ണ്ണതയ്ക്കു മേല്‍ പുതിയൊരനുഭവം തീര്‍ക്കാനല്ല, അനുഭവത്തിന്റെ പുതിയൊരുകാലത്തിലേക്ക്‌ പ്രവേശിക്കാണ്‌ കവി നോക്കുന്നത്‌. കവിതയുടെ ഏറ്റവും ചെറുപ്പമായ ഒരേകാന്തയില്‍ ഇരുന്നും നടന്നും കിടന്നും ലോകത്തെ വിചാരിക്കുമ്പോഴാണ്‌ കാവ്യഭാഷ എഴുത്തുമേശവിട്ട്‌
വിപണിയിലേക്കിറങ്ങിയതായി നാം കണ്ടെത്തുന്നത്‌. ഗ്രാമവും നഗരവും തമ്മിലുള്ള അകലം നഷ്ടപ്പെട്ടിരിക്കുന്നു. തൊണ്ണൂറുകള്‍ക്കുശേഷമാണത്‌-നമ്മുടെ ഭാഷ അങ്ങേയറ്റം ജനകീയമായി. ടെലിസീരിയലുകളും പരസ്യചിത്രങ്ങളും അച്ചടി മാധ്യമങ്ങളും ഭാവനയെ കഴിയുന്നത്ര സുലഭമാക്കി, ലളിതമധുരമാക്കി, ആര്‍ക്കും രുചിക്കുന്ന വിഭവമാക്കി.

നമ്മുടെ നാട്ടിലെ പഴയ എല്ലാ സങ്കല്‍പങ്ങളെയും കടപുഴക്കിയ ആഗോളഗ്രാമം കവിയോട്‌ എന്തു ചെയ്തു. പഴയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണങ്കില്‍ കവി പൂര്‍ണ്ണമായും കവി ആയിരിക്കണം. അവന്‍ അലയുന്നവനാകണം. കവി മറ്റൊരു ജോലിയും ചെയ്യരുത്‌. ജീവിതത്തില്‍ മറ്റെന്തെങ്കിലും ആകാനും പാടില്ല. കുടുംബം നോക്കുന്ന എഴുത്തുകാരനൊന്നും പണ്ടുണ്ടായിരുന്നില്ലെന്ന്‌ എം. മുകുന്ദന്‍ തുറന്നു പറഞ്ഞത അടുത്തകാലത്താണ്‌. സച്ചിദാനന്ദന്‍ ഒരഭിമുഖത്തില്‍ പറഞ്ഞത്‌ അദ്ദേഹത്തിന്റെ കാലത്ത്‌ കവിക്ക്‌ മറ്റൊരു വിചാരവും ഇല്ലായിരുന്നു-കവിതയല്ലാതെ. അതായത്‌ കവി എപ്പോഴും മറ്റൊന്നുമാകരുത്‌. മനുഷ്യവ്യവഹാരങ്ങളെ വിഭജിച്ചു സൂക്ഷിക്കുന്ന ജാതിവ്യവസ്ഥയുടെ ഈ ആന്തരികമൂല്യബോധം ഭാവനയുടെ കുത്തക കവിക്കു നല്‍കിയിരുന്നു. കവിയല്ലാതെ മറ്റൊരാളും കാവ്യഭാഷ ഉപയോഗിച്ചുകൂടെന്ന ജാതിബോധത്തെയാണ്‌ ആഗോളവല്‍ക്കരണം തകര്‍ത്തുകളഞ്ഞത്‌. കവിതയുടെ മിനാരങ്ങളെല്ലാം നാം നോക്കി നില്‍ക്കെ തകര്‍ന്നുവീണു. സോപ്പും ഫ്രിഡ്ജും മുതല്‍ ഗര്‍ഭനിരോധന ഉറവരെ എല്ലാവിപണിക്കും കാവ്യഭാഷയും കാവ്യ സന്ദര്‍ഭങ്ങളും കൂട്ടുവന്നു. എന്തും വില്‍ക്കാന്‍ ഭാഷ വേണമെന്നായി.

ജാതി വ്യവസ്ഥയിലേതുപോലെ കലയും കലയുടെ വ്യവഹാരങ്ങളും ഏതെങ്കിലും കുലത്തിലോ ജാതിയിലോ സ്ഥലത്തിലോ പരിമിതമാക്കാന്‍ ഇന്നാവില്ല. പണ്ട്‌ കുറച്ചുപേര്‍ മാത്രം ഉപയോഗിച്ചിരുന്ന കാവ്യഭാഷ ഇന്ന് എവിടെയും ദിനം തോറും പുതിയ ഭാവങ്ങളോടെ ഉയരുന്നുണ്ട്‌. വീടും വിപണിയും തമ്മിലുള്ള അകലം ഇല്ലാതാക്കിയ വിപണിയുടെ കാലത്തെ നിലനിര്‍ത്തുന്നത്‌ ഭാഷ ഉളവാക്കിയ ഭ്രമമാണ്‌. അതായത്‌ വിപണിയുടെ വിനിമയത്തിനു നല്ല ഭാഷയെക്കാള്‍ നല്ലതൊന്നും ഇല്ലെന്നു തളിഞ്ഞു.

അങ്ങനെയാണ്‌ ഇന്നലെ വരെ പൊന്തക്കാടുകളിലും അമ്പലപ്പറമ്പിലും ചുറ്റിനടന്നത്‌ ഇന്ന് എവിടെയും കണ്ടുതുടങ്ങിയത്‌. ഒരിക്കല്‍ സാഹിത്യം മാത്രം ഉപയോഗിച്ചിരുന്ന എല്ലാ സംസ്കൃതവസ്തുക്കളും ഇന്ന് വിപണി നിര്‍ലോഭം ഉപയോഗിക്കുന്നുണ്ട്‌. പരമ്പരാഗത കവിതയ്ക്ക്‌ ഉണ്ടാകാനാവാത്ത കവ്യാനുഭവമാണ്‌ പരസ്യചിത്രങ്ങള്‍ നല്‍കുന്നതെന്നത്‌ നമ്മെ അമ്പരപ്പിക്കുന്നു. പതിനായിരം വട്ടം പലരായി എടുത്തുപയോഗിക്കുന്ന ഭാഷയിലെ അതേ വാക്കുകളുമായി അതേ ഹൃദയത്തെപ്പറ്റി അതേ ജീവിതത്തെപ്പറ്റി എഴുതാന്‍ പഴയകോട്ടകളുടെ ബലം പോരെന്ന്‌ പുതിയകവികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ തുടക്കമാണ്‌ കണ്ണന്റെ രചനകള്‍.

തുടര്‍ച്ചയായി വിപണനം ചെയ്യപ്പെട്ടുകൊണ്ടിക്കുന്ന വാക്കുകള്‍, സന്ദര്‍ഭങ്ങള്‍,വികാരങ്ങള്‍ (എല്ലാം കാവ്യവസ്തുക്കള്‍) നമ്മെ നിസ്സഹായരാക്കുന്നുണ്ട്‌. പതിവുലോകത്തിന്റെ അഭിരുചികള്‍ക്കപ്പുറത്തേക്ക്‌ ഒരു
സ്വരമെഴുതാന്‍ കവി ശ്രമിക്കുമ്പോഴൊക്കെ ഈ മഹാപ്രവാഹത്തില്‍ അവനെയാരും കേള്‍ക്കാതെ പോകുന്നു. കാവ്യകല ചത്തോ ജീവിച്ചോ എന്ന സംശയത്താല്‍ അവന്‍ ഉഴറുന്നു. കാവ്യാനുഭവത്തിന്റെ രഹസ്യങ്ങളെ ഒളിപ്പിക്കുക പുതിയ കവികളുടെ ശീലമായിട്ടുണ്ടെന്ന്‌ ഈ കവിതകള്‍ സൂക്ഷ്മമായി വായിക്കുമ്പോഴറിയാം.

കവിത വായിക്കാന്‍ പരിശീലനം നേടിയവര്‍ക്കുമാത്രം മനസിലാകുന്ന ചില വിനിമയ ചിഹ്നങ്ങള്‍ പുതിയ കവിതയിലുണ്ട്‌. കവിതയെ സംരക്ഷിച്ചു നിര്‍ത്താനുള്ള ഒരുപാധിയാണിത്‌. ജാതിവ്യവസ്ഥയുടെ സുരക്ഷിതത്വം പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഈ കാലത്ത്‌ വാക്കുകള്‍ക്കും ഭാവനകള്‍ക്കും മേലുള്ള അധികാരം കവിക്ക്‌ നഷ്ടപ്പെടുമ്പോള്‍ സ്വന്തം വിപണി ഉണ്ടാക്കാനാണ്‌ കവി ശ്രമിക്കുന്നത്‌. ഉത്തരാധുനിക കവി കുന്നിന്‍ പുറങ്ങളിലും വീട്ടുപരിസരത്തും പരതി നടക്കുന്നത്‌ വാക്കുകള്‍ പുതിയമട്ടില്‍ പണിയിച്ചെടുക്കുവാന്‍ സഹായിക്കുന്ന വസ്തുക്കള്‍ തേടിയാണ്‌. അനുഭവങ്ങളിലേക്ക്‌ വസ്തുക്കളുടെ ഈ വരവ്‌
(മുറിയുടെ ഇരുണ്ട മൂലകളില്‍ നിന്ന് വെളിച്ചത്തിലേക്ക്‌ ഉരുണ്ടുവരുന്ന പന്തു പോലെ ) കണ്ണന്റെ കവിതകളില്‍ പതിവാണ്‌.

പഴയകാലത്തിന്റെ വേദനയ്ക്ക്‌ ഇന്നത്തെക്കാലത്ത്‌ അത്ര വേദന തോന്നുകയില്ലെന്ന്‌ എഴുതിയത്‌ നീത്ഷേയാണ്‌. ക്രൂരപരിഹാസം നിറഞ്ഞ ആ വാക്യമാണ്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കവിത എഴുതുന്നവരെ അലട്ടുന്നത്‌. എല്ലാവരും കേള്‍ക്കാനും മനസിലാക്കാനും വേണ്ടിയല്ല താനെഴുതുന്നതെന്നു കവിക്കറിയാം. (എല്ല്ലാവരും ഇഷ്ടപ്പെടുന്ന പുസ്തകത്തിന്‌ ജീര്‍ണ്ണതയുടെ ദുര്‍ഗന്ധം ഉണ്ടാകുമെന്ന്‌ പറഞ്ഞതും നീത്ഷേതന്നെ.)
എന്നാലും മനസിലാക്കാന്‍ ശേഷിയുള്ളവരെങ്കിലും തന്നെ വിട്ടുപോകാതിരിക്കണമെങ്കില്‍ വിനിമയ രീതികള്‍ നിരന്തരം പരിഷ്കരിച്ചേ മതിയാവൂ. 'നിശ്ശബ്ദമായ ചതുപ്പുകളും പുള്ളിവെയിലിനെ മണത്തു നടക്കുന്ന മരങ്ങളും' നാം കാണുന്നുണ്ട്‌. എന്നാല്‍ വേഗമേറിയ ലോകത്ത്‌ ഏറ്റവും പരിചിതമായ ദൃശ്യങ്ങള്‍ വേഗം കുറഞ്ഞതായി തോന്നാം-അതു മടുപ്പിക്കുന്നു. കാരണം പ്രകൃതി വളരെ സാവധാനമാണ്‌ , നിശ്ചലമെന്നു തോന്നിക്കും വിധം മന്ദഗതിയിലാണ്‌, അതിന്റെ രഹസ്യങ്ങളെ അനാവരണം ചെയ്യുന്നത്‌. ടിവിയിലെ ദൃശ്യങ്ങളെപ്പോലെ വേഗമേറിയതും കാച്ചിക്കുറുക്കിയതുമായ സ്വരദൃശ്യസങ്കലനം പ്രപഞ്ചപരിസരത്തില്‍ പ്രകടമല്ല. പ്രകൃതിയുടെ മൌനത്തിന്‌ ആധിപത്യമുള്ള മന്ദഗതിയില്‍ ജീര്‍ണ്ണിക്കുന്ന കാലമാണ്‌ കണ്ണന്റെ കവിതയുടെ സവിശേഷതയെന്ന് എനിക്കു തോന്നുന്നു.

ഇന്നു നേരെ മുഖത്തുനോക്കി പറഞ്ഞാല്‍ പറച്ചിലിന്റെ മടുപ്പുകാരണം നാം ഇടയ്ക്ക്‌ നിര്‍ത്തിപ്പോകും. അനുഭവത്തിന്റെ ആഴമറിയിക്കാന്‍ ആഴം തന്നെ കൊണ്ടുവരണം. വാക്കു പോരെന്നായിരിക്കുന്നു. ഓരോ ഉപമയും ഓരോ കല്‍പനയും മറ്റൊന്നിന്നെയും നേരിട്ടു പ്രതിനിധാനം ചെയ്യുന്നില്ല. പകരം ഏതോ രഹസ്യമാര്‍ന്ന വേദനയുടെ, ആഴത്തിന്റെ പ്രകമ്പനമാണത്‌ ഉണ്ടാക്കുന്നത്‌. പോയാല്‍ മടങ്ങിവരാനാവാത്ത ആഴമായതിനാല്‍ ഒരിക്കല്‍ അനുഭവിച്ചവന്‍ സാക്ഷ്യം പറയാന്‍ തിരിച്ചുവരുന്നില്ലെന്നത്‌ ഭയങ്കരമായിട്ടുതോന്നും കവിക്ക്‌..." പൊക്കിളോളം പൂതലിച്ചു പൊടിയുന്നതുവരെ ഒരു മരക്കഷണമെങ്കിലുമാകാം.." എന്നെഴുതുന്നത്‌ അതുകൊണ്ടാണ്‌. ഒരു രൂപകവും ഒരൊറ്റ അര്‍ത്ഥത്തിന്റെ മാത്രം തടവുകാരനല്ല. ഒരുകവിതയും അതുണ്ടാക്കിയ അനുഭവത്തിന്റെ മാത്രം സൂക്ഷിപ്പുകാരിയല്ല. തിന്മയുടെ അനിവാര്യത നിറഞ്ഞ മാരകമായ വികാരരാഹിത്യത്തോടെയാണ്‌ 'വാളണ്ടിയര്‍മാരുടെ ശ്രദ്ധയ്ക്ക്‌' എന്ന കവിത വായിക്കപ്പെടുന്നത്‌. ഹിംസയും ലൈംഗികതയും അതിന്റെ വിരാമങ്ങളില്‍ ഒരേതരം മടുപ്പുതന്നെയാണോ ഉണ്ടാക്കുന്നത്‌.
നാം കാണുന്ന ലോകത്തിനു പിന്നില്‍ മറ്റൊരു ലോകം മറഞ്ഞു കിടക്കുന്നുവെന്നത്‌ സത്യമായി തീര്‍ന്നത്‌ തൊണ്ണൂറുകള്‍ക്കുശേഷമാണ്‌. നാം കാണുന്നതെല്ലാം യഥാര്‍ഥത്തില്‍ ഉള്ളതല്ല. യഥാര്‍ഥത്തില്‍ ഉള്ളതു നാം കാണുന്നുമില്ല. ഒരോ വാക്കെടുത്തു വയ്ക്കുമ്പോഴും കവിക്കറിയാം ഈ അര്‍ത്ഥധ്വനികള്‍ക്കു മീതെ മറ്റൊരു അനുഭവം മറഞ്ഞിരിക്കുന്നുവെന്ന്. വേദനകള്‍ക്കുപോലും സ്വകാര്യത ലഭിക്കാത്ത വിനിമയഫാസിസത്തിന്റെ ഈകാലത്ത്‌ കവിതയുടെ രഹസ്യം സൂക്ഷിക്കാന്‍ ആര്‍ക്കാണ്‌ കഴിയുക.?

വിപണിയുടെ അനന്തതയില്‍ തനിച്ചൊരു ലോകമുണ്ടാക്കി പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്ന സൌന്ദര്യബോധമാണ്‌ പുതിയ കവിത തേടുന്നത്‌. മറ്റൊരു നിവൃത്തിയുമില്ല. എന്റെ ലോകത്തോടു സംസാരിക്കാന്‍, കവിതയല്ലാതെ- ഈ ധര്‍മ്മ സങ്കടത്തിലിരിക്കെ'കരയാറുണ്ട്‌ ഞാന്‍ കുടകളെപ്പോലെ, മേല്‍ക്കൂരകളെപ്പോലെ'

ഇക്കാലത്തെ ജീവിതത്തിന്റെ ഭയങ്കരമായ ആര്‍ഭാടത്തിനും ഭാവനയുടെ പെരുപ്പത്തിനുമിടയില്‍ - ഓരോവര്‍ഷവും നൂറുകണക്കിന്‌ കവിതകള്‍ അച്ചടിക്കപ്പെടുന്നു. ആയിരക്കണക്കിനു പരസ്യവാചകങ്ങള്‍, പരസ്യചിത്രങ്ങള്‍ , സിനിമകള്‍, സീരിയലുകള്‍,സംഗീതചിത്രങ്ങള്‍, ദിനപത്രങ്ങള്‍,പ്രസംഗങ്ങള്‍ ... എല്ലായിടത്തും ഭാഷയാണ്‌ ഉത്പാദകവസ്തു. അതിലുപയോഗിക്കുന്നതാകട്ടെ ഭാവനയും. തണുത്ത കല്‍പ്പടവുകളില്‍ വീഴുന്ന മഴപോലെ കവിതയെ തനിച്ചു നിര്‍ത്തണമെന്ന്‌ ആഗ്രഹമുണ്ടെങ്കിലും അതിനൊരു ഇടം കണ്ടെത്താന്‍ പുതിയ കവിതയ്ക്കാകുമോ? അത്തരമൊരു കാവ്യനിര്‍മ്മിതിയുടെ സൂചനകള്‍ ഈ പുസ്തകം നല്‍കുന്നുവെന്നാണ്‌ എന്റെ വിശ്വാസം. തീരത്തിന്റെ എവിടെയാണു സ്നേഹമിരിക്കുന്നതെന്നറിയാനായി/മണലരിച്ചു മണലരിച്ചു നോക്കുന്ന തിരയെപ്പോലെ ആസക്തമായ എന്റെ അന്വേഷണം. ചതുപ്പിലെ വയലറ്റു ജലം പോലെ, കണ്ണുകള്‍ അഴുകുന്നതു വരെ ഞാന്‍ കാത്തിരിക്കാം.

അജയ് പി. മങ്ങാട്ട്
Subscribe Tharjani |
Submitted by Vinod (not verified) on Mon, 2006-06-05 19:13.

Very nice article....the sincerety and clarity of vision is extraordinary as is expected form some body like Ajay...