തര്‍ജ്ജനി

സീമ മേനോന്‍

ബ്ലോഗ് : http://themistressofsmallthings.blogspot.com/

Visit Home Page ...

കഥ

മണിച്ചിത്രത്താഴ്

നന്നായി തിളപ്പിച്ചു കുറുക്കി പഞ്ചസാരയിട്ടു ആറ്റി പതം വരുത്തിയ ചായ ബെഡ് സൈഡ് ടേബിളില്‍ അടച്ചുവച്ച്, പെരുവിരലൂന്നി ശബ്ദമുണ്ടാക്കാതെ പ്രശാന്ത് മുറിവിട്ടു പോവുന്നത് ഇടംകണ്ണിട്ടു നോക്കിക്കിടന്ന അനഘക്ക് ചിരി പൊട്ടി പോയി. ''പ്രശാന്ത് ഒരു പാവാട്ടോ' എന്ന് തന്നോടു തന്നെ പറഞ്ഞു, ബ്ലാങ്കെറ്റ് ഒന്ന് കൂടെ വലിച്ചിട്ടു ചുരുണ്ടു കിടന്നു അനഘ.

അടഞ്ഞ വാതിലിലൂടെ അരിച്ചെത്തുന്ന ശബ്ദങ്ങള്‍ പ്രശാന്തിന്റെ ഓരോ ചലനങ്ങളും അനഘക്ക് അപ്പോളപ്പോള്ത്തന്നെ ചോര്ത്തിക്കൊടുക്കുന്നുണ്ടായിരുന്നു. അടുകളയില്‍ കെറ്റില്‍ ഓണ്‍ ചെയ്തു, ട്വിനിങ്ങ്സിന്റെ ഇംഗ്ലീഷ് റ്റീ ബാഗ് ചേര്ത്ത് ചായ ഉണ്ടാക്കുകയാണ് പ്രശാന്ത് ഇപ്പോള്‍ ചെയ്യുന്നത്. ഒപ്പം കാബിനെറ്റ് വലിച്ചു തുറന്നു കേല്ലോഗ്സിന്റെ കോണ്ഫ്ലേക്സ് ഒരു ബൌളില്‍ ഇടുന്നുമുണ്ട്. ഇപ്പോളിതാ നുറുക്കിയ പഴക്കഷണങ്ങള്‍ സീറിയലിനു മീതെ വിതറി പ്രശാന്ത് ബ്രേക്ഫാസ്റ്റ് കഴിക്കാനിരിക്കുന്നു എന്ന് കസേര കരഞ്ഞു. ദേ, പ്രശാന്ത് ഷൂ ഇട്ടു കഴിഞ്ഞു എന്ന് ഷൂ ഷെല്‍ഫിന്റെ വാതിലുകള്‍ പറഞ്ഞു. ഇനിയിപ്പോള്‍ കൃത്യം അഞ്ചു മിനുട്ടിനുള്ളില്‍ നീല ബീ എം ഡബ്ലിയൂവില്‍ കയറി പ്രശാന്ത് യാത്രയായാല്‍ അനഘക്ക് എണീക്കാം, അഭിനയത്തിന് കുറച്ചു മണിക്കൂറിന്റെ ഇടവേള. ഓഫീസില്‍ നിന്നു പ്രശാന്ത് തിരിച്ചു വരുമ്പോഴേക്കും ടി വി കാണലും ലൈബ്രറിയില്‍ പോക്കും ഷോപ്പിങും ഇന്ററ്നെറ്റ് ചാറ്റിങും കഴിഞ്ഞു വീണ്ടും റൂമില്‍ അടച്ചിരുന്നാല്‍ മതി. ഇനിയിപ്പൊ ഒരു ദിവസം മുഴുവനും ബ്രിട്ടീഷ് മ്യുസിയത്തില്‍ കറങ്ങി നടന്നെന്നു വയ്ക്കുക, എന്നാലും അക്കാര്യമൊക്കെ ചോദിച്ചു അനഘയെ ദേഷ്യം പിടിപ്പിക്കാന്‍ പ്രശാന്ത് വരില്ല. അനഘ ഒരു രോഗിയാണല്ലൊ.. ജെയിംസ് ബോണ്ടിനെ പോലെ ‘’രോഗി. മനോ..രോഗി’‘’ എന്നു പറഞു കുലുങ്ങി ചിരിച്ചു അനഘ.

ഒരു മനോരോഗിയായി അഭിനയിക്കാന്‍ ഇത്ര ഈസി ആണെന്ന് ഒരു കൊല്ലം മുമ്പ് അനഘയോടു ആരെങ്കിലും പറഞ്ഞാല്‍ അനഘ അത് വിശ്വസിക്കില്ലായിരുന്നു. 'മണിച്ചിത്രത്താഴി'ല് ശോഭന മുടിയൊക്കെ അഴിച്ചിട്ട്, കണ്ണും മുഖവുമൊക്കെ വികൃതമാക്കി വരുന്നതു കാണുമ്പോള്‍, 'ഈ ശോഭനേടെ ഒരു കാര്യം‘’ എന്നു പറഞ്ഞു പ്രശാന്തിന്റെ ഒപ്പം അനഘയും കൂടുമായിരുന്നു ചിരിക്കാന്‍.

നാടും വീടും വിട്ടു പ്രശാന്തിനോടൊപ്പം രാജനഗരത്തിലെത്തിയ ത്രില്ലിലായിരുന്നല്ലോ അന്നെല്ലാം അനഘ. ആഞ്ഞൊന്നു ശ്വാസമെടുത്ത് ചിറകൊക്കെ കുടഞ്ഞു അങ്ങിനെ ഒറ്റ പറക്കല്‍ പറന്നു പോകുന്നതിന്റെ സന്തോഷം. കാവല്ക്കാര്‍ സ്വമേധയാ കൂട് തുറന്നു പക്ഷിക്കുഞ്ഞിനോടു പറന്നു പോവാന്‍ പറയുമ്പോള്‍ പക്ഷിക്കുഞ്ഞിനുണ്ടാവുന്ന ആ ഒരു അവിശ്വാസം കലര്ന്ന ഒരു ‘’ഇദി‘’ല്ലെ, അത് തന്നെ.
എയര്പോര്ട്ടില്‍ ചെക്ക്-ഇന് ചെയ്യുമ്പോള്‍, മുമ്പിലൊരു അമ്മച്ചിയുടെ തുരുപ്പന്‍ കെട്ടഴിഞ്ഞു വീണത് കണ്ടു പൊട്ടി പൊട്ടി ചിരിച്ച അനഘയെ കണ്ടു പ്രശാന്ത് അമ്പരന്നു പോകുകയുണ്ടായി. ആദ്യമായി നാടും വീടും ഒക്കെ വിട്ടു പോന്ന അനഘയെ എങ്ങിനെ സമാധാനിപ്പിക്കും എന്നാലോചിച്ചു രാത്രി മുഴുവനും ഉറങ്ങാതെ കിടന്നത് വെറുതെയായി എന്നയാള്‍ വിഷമത്തോടെ ചിന്തിച്ചു. പഴഞ്ചനാണെങ്കിലും പ്രശാന്ത് എസന്ഷ്യലി ഒരു നല്ല മനുഷ്യന്‍ ആണല്ലോ. പിന്നെ അനഘ ചിറകു വിരിക്കുകയാണെന്നും, കൂട്ടില്‍ നിന്നും പുറത്തു വന്ന ആശ്വാസത്തിലാണെന്നുമൊക്കെ ഊഹിച്ചെടുക്കാന്‍ പ്രശാന്ത് ഒരു കവിയൊന്നുമല്ലല്ലൊ.

പിന്നെ പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും അനഘ ചിരിക്കുന്നത് കാണുമ്പോള്‍ ആദ്യമൊക്കെ പ്രശാന്തിന് പരിഭ്രമം തോന്നിയിരുന്നു. ചിരിയും കരച്ചിലുമൊക്കെ വളരെ പിശുക്കി മാത്രം ചിലവാക്കി ബാക്കിയൊക്കെ പലിശയില്ലാതെ ബാങ്കിലിട്ടു ജീവിക്കുന്ന ഒരു കുടുംബത്തില്‍ നിന്നായിരുന്നല്ലോ പ്രശാന്ത് വന്നത്. അനഘയും ഒട്ടും മോശമില്ലാത്ത ഒരു തറവാട്ടിന്റെ സന്തതി തന്നെ. നേരവും കാലവും നോക്കാതെ ഒരു തുമ്മല്‍ പോലും അവിടെ കടന്നു വരില്ല - അത് കൊണ്ടല്ലേ, "അമ്മേ എനിക്ക് പഠിച്ചാല്‍ മതി, കല്യാണം വേണ്ട" എന്ന് അനഘ ആവര്ത്തിച്ചു പറഞ്ഞിട്ടും ചുവരുകളല്ലാതെ ആരും അത് കേള്ക്കാതിരുന്നതും.

ഒന്നു രണ്ടു കല്യാണാലോചനകള്ക്കൊക്കെ എതിരുപറഞ്ഞു അനഘ തന്നെ ആകെ മടുത്തു നില്ക്കുന്ന കാലത്താണ് പ്രശാന്ത് പെണ്ണുകാണാന്‍ വന്നതും, ജാതകങ്ങള്‍ തമ്മില്‍ നല്ല ചേര്ച്ചയാണെന്നു വീട്ടുകാര്‍ കണ്ടെത്തിയതും. അപ്പോള്‍ പിന്നെ അനഘയും വിചാരിച്ചു, ഈ തടവറയില്‍ നിന്നും പറന്നു പറന്നു അങ്ങ് ദൂരെ ലണ്ടന്‍ നഗരത്തില്‍ ചെന്നൊരു കൂട് കൂട്ടിയാല്‍ പിന്നെ ഇഷ്ടം പോലെയൊക്കെ ജീവിക്കാമല്ലോ എന്ന്. പ്രശാന്തിനു തന്നെ ഇഷ്ടപ്പെടണേ എന്ന പ്രാര്ത്ഥനയോടെ തന്നെയാണ് കറുപ്പില്‍ ഓറഞ്ച് ബോര്ഡര്‍ ഉള്ള കാഞ്ചീപുരം ചുറ്റി മുടിയില്‍ തുളസിക്കതിരൊക്കെ വച്ചു അനഘ പ്രശാന്തിനൊരു ചായ നല്കിയത്. ഒരാണിനേയും പെണ്ണിനേയും കല്യാണംകഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നിടത്ത് കൊച്ചു വര്ത്തമാനത്തിനെന്തു പ്രസക്തി എന്ന് പ്രശാന്തിനു അത് വരെ പിടി കിട്ടിയിട്ടുണ്ടയിരുന്നില്ലാത്തതിനാല്‍, എന്താ പേര്, എത്ര വരെ പഠിച്ചു എന്ന നോര്മല്‍ ചോദ്യങ്ങള്ക്കൊക്കെ അനഘക്ക് ഉത്തരം കൊടുക്കാതെ കഴിഞ്ഞു .

പ്രശാന്തിന്റെ കയ്യും പിടിച്ചു പുതിയ ചുരിദാറുമിട്ടു താലിമാലയൊന്നു കൂടി വലിച്ചിട്ടു എയര്പോര്ട്ടില്‍ പോവാന്‍ പടിയിറങ്ങിയപ്പോള്‍, മൌനിയായി പടിയിലിരിക്കുന്ന അച്ഛന്റെ മനസ്സു വായിക്കാനൊരു ശ്രമം നടത്തി അനഘ. പറ്റുമായിരുന്നെങ്കില്‍ അച്ഛന്‍ ഇപ്പോളും പറഞ്ഞേനെ, ‘അനഘ എന്തിനാ എയര്പോര്ട്ടിലും വിദേശരാജ്യത്തും പോണേ, പകരം രഘു പോയ്കോട്ടെ, അവനല്ലേ ആണ്കുട്ടി’’ എന്ന്.

അനഘയുടെ ആകെയുള്ള ഒരു ഇരട്ട സഹോദരന്‍ ആണ് രഘു എന്നു വായനക്കാര്ക്ക് അറിയാം എന്നാണ് കഥാകാരിയുടെ പ്രതീക്ഷ. 3 മിനിട്ടിന്റെ മൂപ്പു കൊണ്ട് രഘു മൂത്തതായതില്‍ അനഘക്കു വിഷമമൊന്നും അന്നു തോന്നിയിട്ടില്ല. വിഷമം തോന്നിയത് പിന്നേയും എത്രയോ വര്ഷങ്ങള്‍ കഴിഞ്ഞ് രഘു പഠിക്കുന്നതു ഇംഗ്ലീഷ് മീഡിയം സ്കൂളിലും താന്‍ പഠിക്കുന്നത് സര്ക്കാര്‍ വക മലയാളം പള്ളിക്കൂടത്തിലുമാണെന്ന തിരിച്ചറിവ് വന്നപ്പോളായിരുന്നു. പിന്നെ പിന്നെ താനും രഘുവും തമ്മിലുള്ള വ്യത്യാസങ്ങള്‍ അനഘക്കു മനസ്സിലായിത്തുടങി.
ഊണു കഴിക്കുമ്പോള്‍ രഘുവിനു വറുത്ത മീനും അനഘക്കു പുളിയിട്ടു വച്ച മീന്‍തലയും. പുളിയിട്ടു വച്ച മീന്ചാറിനു വറുത്ത മീനിനെക്കാള്‍ രുചിയെന്നു മുത്തശ്ശി പറഞ്ഞതു പാവം അനഘ കുറേക്കാലം വിശ്വസിച്ചു എന്നതു സത്യം.

കാലത്ത് നേരത്തെ എണീറ്റ് അമ്മയെ അടുക്കളയില്‍ സഹായിച്ചും രഘു പറയുന്ന കഥകളിലൂടെ പുതിയ സിനിമളെ കണ്ടും, വില്ലേജ് ലൈബ്രറിയില്‍ നിന്നും അവനു മനസ്സലിവു തോന്നുമ്പോള്‍ കൊണ്ടുവരുന്ന മുട്ടത്തു വര്‍ക്കിക്കഥകള്‍ വായിച്ചും ഒരു രണ്ടാംതരം ജീവിയായി അങ്ങിനെ ജീവിച്ചുപോന്ന കാലത്തൊന്നും ഇതിനെ പറ്റിയൊക്കെ ഒന്നു പൊട്ടിത്തെറിച്ചാലോ എന്നു അനഘ ആലോചിച്ചിട്ടില്ല. അമ്മയും മുത്തശ്ശിയുമടക്കമുള്ള പെണ്പ്രജകളൊന്നും അത്തരമൊരു പ്രെസീഡന്സ് വീട്ടില്‍ ഉണ്ടാക്കി വച്ചിട്ടുമില്ലല്ലൊ.
ആ ആലോചന വന്നതു പത്താം ക്ലാസ്സില്‍ ഡിസ്റ്റിങ്ഷനോടെ പാസ്സായിട്ടും അനഘക്കായി അഛന്‍ തിരഞ്ഞെടുത്തത് മാത്തുക്കുട്ടിസ്സാറിന്റെ നളന്ദ പാരലല്‍ കോളേജും കഷ്ടിച്ചു ഫസ്റ്റ് ക്ലാസ്സ് ഒപ്പിച്ച രഘുവിനു ഡൊണേഷന്‍ കൊടുത്തു നഗരത്തിലെ കോളേജില്‍ ഫസ്റ്റ് ഗ്രൂപ്പും വാങ്ങിയപ്പോളായിരുന്നു.

പ്രാക്ടിക്കലെന്നും പരീക്ഷയെന്നും പറഞ്ഞു പെണ്കുട്ടികള്‍ വൈകിവരുന്ന ഏര്പ്പാടൊന്നും ഇവിടെ പറ്റില്യാന്നു അച്ഛന്‍ പറഞ്ഞതു കേട്ടു ഓടിച്ചെന്നു കുളത്തില്‍ ചാടിയാലോന്നു പലവട്ടം ആലോചിച്ചു അനഘ. താഴത്തെ തൊടിയുടെ മൂല വിറ്റ് രഘുവിന് എഞ്ചിനീറങ്ങിന് അഡിമിഷന്‍ വാങ്ങിച്ച ദിവസവും കുളത്തിനെ കുറിച്ചോര്മ്മ വന്നു അനഘക്ക്. ജെയ്‌ന്‍ ഓസ്റ്റിന്റെ നായികമാരാരും തങ്ങളുടെ നിര്‍ഭാഗ്യത്തില്‍ മനം നൊന്ത് ആത്മഹത്യക്കൊരുങ്ങിയില്ലല്ലൊ എന്നാലോചിച്ചപ്പോള്‍ തല്ക്കാലത്തെക്കു അടങിയിരിക്കാന്‍ അനഘയുടെ മനസ്സ് തീരുമാനിച്ചു. ഒരു മിസ്റ്റര്‍ ഡാഴ്സി ** എന്നു വേണമെങ്കിലും അയലത്തു താമസിക്കാന്‍ വരാമെന്നതു ഒരു പോസ്സിബിലിറ്റിയല്ല എന്നു പറയാന്‍ പറ്റില്ലല്ലൊ.

കല്യാണം കഴിഞ്ഞ് പ്രശാന്തിനോട് പറയാന്‍ കുറെയേറെ കുഞ്ഞുവിശേഷങ്ങള്‍ മനസ്സിലൊതുക്കി വച്ചിരുന്നു അനഘ. എയര്ഹോസ്റ്റസ് ആവാന്‍ അപേക്ഷ അയച്ചതും, അതു വീട്ടിലറിഞ്ഞു പുകിലായതും വേണമെങ്കില്‍ ടീ ടീ സീക്കൊ, ബീ എഡിനോ പോകാം, അതിനപ്പുറം ഈ വീട്ടിലെ പെണ്ണുങ്ങളൊന്നും വളരണ്ട എന്ന അച്ഛന്റെ ഓഫറിനെ എതിര്ത്തു രണ്ടു ദിവസം പട്ടിണി കിടന്നതും ഒക്കെ പ്രശാന്തിനോട് പറഞ്ഞു, ഇനി ലണ്ടന്നഗരത്തില്‍ എനിക്ക് ഗ്ലാമര്‍ ഉള്ള ജോലി തന്നെ വാങ്ങിച്ചു തരണേ എന്ന് കൊഞ്ചണമെന്നു നേരത്തെ മനസ്സിലുറപ്പിച്ചിരുന്നു അനഘ. വിരുന്നുപോക്കിന്റെ ആദ്യ ദിനങ്ങളില്‍ പതുക്കെ മുട്ടിയുരുമ്മിയിരുന്നു ‘’സബ്ജക്റ്റ് മാറ്റര്‍’‘’ പതുക്കെയൊന്നു പുറത്തെടുത്തപ്പോള്‍ വലിയ റെസ്പോണ്സ് ഒന്നും കാണാതെ അനഘ ആദ്യമൊന്നു പകച്ചു പോയി.

ലണ്ടനില്‍ വന്ന ആദ്യദിവസങ്ങളിലൊക്കെ പ്രശാന്തിന്റെ ഈ തണുപ്പന്‍ സ്വഭാവം പതുക്കെ പതുക്കെ മാറ്റിയെടുക്കാമെന്നു പ്രതീക്ഷയുണ്ടായിരുന്നു അനഘയ്ക്ക്. അതുകൊണ്ടല്ലേ, ‘കുട്ടി എന്തിനാ ഇപ്പോള്‍ ജോലിക്കു പൊണേ, വീട്ടില്‍ നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കി സുഖമായി ഇരുന്നൂടെ ’’ എന്നു പ്രശാന്ത് ആവര്ത്തിച്ചുപറഞ്ഞിട്ടും അനഘ ക്ലാസിഫൈഡ്സ് നോക്കി തുരുതുരാ സീവീകള്‍ അയച്ചിട്ടത്.
ഒന്നിനും മറുപടി വരാതെ വിഷമിച്ചിരിക്കുമ്പോളാണു്, ഒരു ദിവസം അനഘയുടെ തലച്ചോറില്‍ ഒരു ബള്ബ് മിന്നിയത് – എന്തെങ്കിലും പഠിച്ചാലോ എന്ന്. അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും പ്രശാന്ത് ചൊടക്കം പറഞ്ഞു : ‘’ എന്തിനാ ഇനി പഠിച്ചിട്ട്, വേണമെങ്കില്‍ വല്ല കുക്കിങ് ക്ലാസ്സിനും ചേരാലോ’‘ . അന്നാണ് അനഘ ആദ്യമായി പോട്ടിത്തെറിച്ചതെന്നു പ്രശാന്ത് സുഹൃത്തായ മനശാസ്ത്രജ്ഞനോടു് പറയുന്നതു അനഘ ഒളിച്ചുനിന്നു കേട്ടിരുന്നു.

"അനഘക്കു ഇവിടെ എന്തിന്റെ കുറവാ?’‘ എന്നു ചോദിച്ചു പ്രശാന്ത് കണ്ണുനിറച്ചപ്പോള്‍ അനഘക്കു ചിരി വന്നു. പാവല്ലെ പ്രശാന്ത് എന്നൊരു തളര്ച്ചയില്‍ അനഘ കുക്കിങ് ക്ലാസ്സിനെ വെട്ടിയരിഞ്ഞുകളഞ്ഞു. എന്നിട്ട് അസ്സലൊരു കരിംകാളന്‍ ഉണ്ടാക്കി പ്രശാന്തിന് ഉച്ചയ്ക്ക് ഊണു കൊടുത്തു.

ലൈബ്രറിയില്ന്നും കൊണ്ടു വന്ന ‘“ലേഡി ചാറ്റര്‍ലിയുടെ കാമുകന്’ ‘’രസം പിടിച്ചു വായിക്കുന്നതിനിടയിലാണ് പ്രശാന്തിന്റെ അടുത്ത കമന്റ് വന്നത് ‘’അനഘയെ പറ്റി ഞാന്‍ ഇങിനെയൊന്നുമല്ല ധരിച്ചിരുന്നതു. തറവാട്ടില്‍ പിറന്ന പെങ്കുട്ടികള്‍ വായിക്കണ പുസ്തകമാണോ ഇതു, കുട്ടി ലൈബ്രറിയിലും മ്യുസിയത്തിലുമൊക്കെ പോണതെന്തിനാ? മലയാളം ചാനലൊക്കെ ഇവിടെ ഉണ്ടല്ലൊ, അതൊക്കെ കണ്ടുടെ?’‘
‘ബോറടിച്ചിട്ടു വയ്യ, പ്രശാന്ത്’ അനഘ പറഞ്ഞുനോക്കി. ‘
‘’തനിക്കു പരദൂഷണം പറയാന്‍ ഞാന്‍ നല്ലൊരു കമ്പനി തരാം’ എന്നു പറഞ്ഞു അനഘയെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടു പോയപ്പോള്‍, പ്രശാന്തിനു കുഴപ്പം പിടിച്ചൊരു പ്രോബ്ലം സോള്വ്ചെയ്ത അഹങ്കാരമായിരുന്നു. പെണ്ണിന് പറയാന്‍ പരദൂഷണവും സീരിയല്‍ കഥകളും മതിയെന്നു കണ്ടു പിടിച്ചതു പ്രശാന്ത് അല്ലല്ലൊ.

‘’എന്താ കുട്ടീ, സന്തോഷമായില്ലെ?’‘
വൈകീട്ടു മടങ്ങുന്ന നേരത്തു അനഘയുടെ വാടിയ മുഖം പ്രശാന്തിനെ അത്ഭുതപ്പെടുത്തി.
‘കുട്ടി, ഇങിനെ ആവശ്യമില്ലാത്ത പുസ്തകങ്ങള്‍ വായിച്ചു കൂട്ടാതെ, കുറച്ചു നാമംചൊല്ലു ദിവസവും, അപ്പൊ പിന്നെ വേണ്ടാത്ത ചിന്തകള്‍ ഒന്നും മനസ്സില്‍ വരില്ല’’ എന്നു നല്ലൊരു സൊലൂഷന്‍ കൂടി അനഘയുടെ പ്രശ്നങ്ങള്ക്ക് കണ്ടു പിടിച്ചു പ്രശാന്ത് പിറ്റേ ദിവസം. അല്ലെങ്കിലും ശിലായുഗം മുതല്ക്കെ ആണിന്റെ സ്പെഷാല്റ്റിയാണല്ലൊ പ്രശ്നങ്ങള്ക്കു സൊലൂഷന്‍ കാണുന്നത്, മാറിയതു സ്ത്രീ മാത്രമല്ലെ.

‘’ഈ പ്രശാന്ത് എന്താ ഇങ്ങിനെ?’’ എന്നു അനഘ സ്വയം ചോദിച്ചുതുടങ്ങിയ ദിവസങ്ങള്‍ ആയിരുന്നു അതു്. അതേ ചോദ്യം തന്നെ അനഘയെപ്പറ്റി പ്രശാന്തും ചോദിച്ചുതുടങ്ങിയിരുന്നു.
മുറിയുടെ ചുവരുകള്‍ അടുത്തടുത്തുവന്നു ശ്വാസംമുട്ടിച്ചു കൊല്ലുന്നതായി സ്വപ്നം കണ്ടു അനഘ ഉറക്കത്തില്‍ ഞെട്ടിയെണീറ്റു് കരഞ്ഞ ദിവസമാണ് പ്രശാന്ത് മനശ്ശാസ്ത്രജ്ഞന്റെ സഹായം തേടാന്‍ തീരുമാനിച്ചത്. മണിചിത്രത്താഴ് സിനിമ കണ്ട് നാഗവല്ലിയെ മനസ്സിലിട്ടു നടക്കുന്ന നേരത്താണ് കഷ്ടകാലത്തിന് അനഘയോട് മനശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം വിവരിക്കാന്‍ പ്രശാന്തിനു തോന്നിയത്. ‘’എനിക്കു വട്ടാണോ? എനിക്കു വട്ടാണോ’’ എന്നു അനഘ അപാര്ട്ടുമെന്റിന്റെ ചുവരുകള്‍ ഭേദിക്കുമാറ് അലറിയത് അസ്സല്‍ നാഗവല്ലി സ്റ്റൈലില്‍ തന്നെ എന്നു മുറി അടച്ചു ഓടിപ്പോയി സ്നേഹിതനു് ഫോണ്ചെയ്തുപറഞ്ഞു പ്രശാന്ത്.

പിന്നെ പിന്നെ അനഘക്കു അസുഖമാണെന്നും, പക്ഷെ അനഘയുടെ ആവശ്യങ്ങള്‍ എല്ലാം സാധിപ്പിച്ചുകൊടുത്താല്‍ ആളൊരു പാവമായി ഒതുങ്ങി കിടന്നോളുമെന്നൊക്കെ മനസ്സിലായപ്പോള്‍ പ്രശാന്ത് ശ്രദ്ധ ജോലിയിലേക്കും, അപ്പുറത്തെ സീറ്റിലിരിക്കുന്ന കരോലിനിലേക്കും തിരിച്ചുവിട്ടു. പാവം പ്രശാന്തിനും വേണ്ടേ എന്തെങ്കിലും ഒന്നു ആശ്വസിക്കാന്‍.

പതിയെ പതിയെ ചുവരുകള്‍ മര്യാദക്കുട്ടികളാവുന്നതായി മാറുന്നതു അനഘയ്ക്കു മനസ്സിലാവുന്നുണ്ടായിരുന്നു. ഇപ്പൊ കണ്ണടയുമ്പോഴേക്കും ഓടി അടുത്തു വരുന്നതു വെളുത്തു തുടുത്ത മേഘക്കുഞ്ഞുങ്ങളാണ്. ഫൂട്പാത്തിനരികിലെ പൂത്തുനില്ക്കുന്ന വര്‍ണ്ണച്ചെടികള്‍ ചിലപ്പോളൊക്കെ ഗന്ധങ്ങളുടെ ചിറകേറി വിരുന്നു വന്നുതുടങ്ങിയിരിക്കുന്നു. ഹബീബ അമ്മായി** പറഞ്ഞതു പോലെ വശങ്ങളിലായി രണ്ട് കുഞ്ഞിച്ചിറകുകള്‍ വരുന്നുണ്ടൊന്നൊരു സംശയം തോന്നുന്നുണ്ട് ഒന്നു രണ്ടു ദിവസമായി. അതൊന്നു പ്രശാന്തിനോടു ചോദിച്ച് ഉറപ്പുവരുത്തണമെന്ന പ്ലാനില്‍, ലൈബ്രറിയുടെ പടികള്‍ ഇറങ്ങുന്ന അനഘയ്ക്കു മുമ്പില്‍ പരസ്പരം കെട്ടിപ്പുണര്ന്ന് പ്രശാന്തും കരോലിനും വന്നുപെട്ടതുവരെയുള്ള കഥയേ കഥാകാരിക്കറിയൂ.

ഈ കഥക്കൊരു ക്ലൈമാക്സ് ഓരോ വായനക്കാരനും (ക്കാരിയും) സ്വയം കണ്ടുപിടിക്കേണ്ടതാവുന്നു. പുതിയ സൈക്കോമെട്രിക്ക് പരീക്ഷകളിലെ പോലെ നിങ്ങളുടെ ഉത്തരം നിങ്ങളുടെ പേര്സണാലിറ്റിയിലേക്കുള്ള ചൂണ്ടുപലക ആയിരിക്കും.

സുനാമിത്തിരമാലകളെപ്പോലെ ഒരു ആവേശത്തിനു് പ്രശാന്തിനുനേരെ അലറിയാര്ത്തുചെന്ന അനഘയേയും പിന്നത്തെ രംഗത്തില്‍ മനോരോഗാശുപത്രിയിലെ കട്ടിലില്‍ ചാഞ്ഞിരുന്നാടുന്ന അനഘയേയും കാണിച്ചുതരുന്നവന്‍ ഭാവനാശൂന്യനായ മുരടന്‍. പ്രിയദര്ശന്സിനിമകളില്‍ നമ്മള്‍ എത്രയോ തവണ കണ്ടു മടുത്തതാ ഈ രംഗങ്ങള്‍.

ഇഷ്ടംപോലെ ജീവിക്കാന്‍ അനഘയ്ക്കുള്ള അതേ സ്വാതന്ത്ര്യം പ്രശാന്തിനുമുണ്ടല്ലൊ എന്നു നിങ്ങള്‍ പറഞ്ഞാല്‍ നിങ്ങളെ ഒരു പിന്തിരിപ്പന്‍ മൂരാച്ചിയായേ കരുതാനാവൂ. സ്വാതന്ത്ര്യം, വേദന, മനസ്സ് ... ഇതൊക്കെ പെണ്ണിന് മാത്രമായ വികാരങ്ങളാണെന്ന് നിങ്ങള്ക്കറിയാത്തത് ആധുനികസാഹിത്യവുമായി നിങ്ങളുടെ ബന്ധമില്ലായ്മയാണു കാണിക്കുന്നത്.

പ്രശാന്ത് പ്രശാന്തിന്റെ വഴിയിലും, അനഘ അനഘേടെ വഴിയിലും തിരിഞ്ഞു പോയി എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍, കൊള്ളാം നിങ്ങള്‍ യാഥാര്ത്ഥ്യബോധമുള്ള ആളാണ് എന്നു കരുതാം. കേരളത്തിലെ ഒരു സര്‍ക്കാര്‍ജോലിക്കു് തികച്ചും അനുയോജ്യന്‍.

അന്നത്തെ വൈകുന്നേരത്തെ ഫ്ലൈറ്റിനുതന്നെ അനഘ നാട്ടിലേക്കു മടങ്ങിപ്പോയെന്നൊ, ഇങ്ങിനെ ഒരു നാടകം കളിച്ച് പ്രശാന്തിനെ പറ്റിച്ചതില്‍ പശ്ചാത്താപവിവശയായ അനഘ അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു മാപ്പിരന്നുവെന്നും ഇനി മുതല്‍ ഒരു നല്ല ‘ഭാര്യ’ ആയി അടങ്ങി ഒതുങ്ങിക്കൂടാനും ചോറുമൊക്കെ വച്ചു ജീവിച്ചുകൊള്ളാമെന്ന് സമ്മതിച്ചുവെന്നും ഒക്കെ ക്ലൈമാക്സുകള്‍ തിരഞ്ഞെടുക്കുവാന്‍ ധാരാളം.
ഒരു പഴയ മലയാള സിനിമയില്‍ പപ്പുവിന്റെ കഥാപാത്രം പറഞ്ഞതുപോലെ ‘’നമുക്കു ഊഹിക്കലോ’’ എന്നൊരു ക്ലൂകൂടി നല്കി കഥാകാരി യാത്രയാവുകയാണ്, അടുത്ത ജാലകക്കാഴ്ചയിലേക്ക്.

സൂചനകള്‍
* പ്രൈഡ് ആന്റ് പ്രജുഡിസിലെ നായകന്‍.
*** ഫാത്തിമ മെറ്നിസ്സിയുടെ ഡ്രീംസ് ഒഫ് ട്രെസ്പാസിലെ കഥാപാത്രം.

Subscribe Tharjani |
Submitted by Tom Mathews (not verified) on Thu, 2010-04-08 19:06.

Dear Editor:
Seema Menon's stories always fascinate me.She is a
prolific and complex writer and her stories often point to leading inroads
into the workings of human mind and reveal very intimate thought processes.
While reading her stories, the reader feels like a person on a
psychiatrist's couch, pouring out his/her heart and the psychiatrist
occasionally looking up and saying "Go on"
You almost tend to believe Seema expects you to spill
your "guts" as a reader of her stories, as her characters do.. May be not.
Tom Mathews
New Jersey

Submitted by ജയേഷ് (not verified) on Thu, 2010-04-08 22:30.

ഇടയ്ക്ക് കുറച്ച് കല്ലുകടികള്‍ ഒഴിവാക്കിയാല്‍ മൊത്തത്തില്‍ കഥ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

Submitted by റീനി മമ്പലം (not verified) on Sun, 2010-04-11 18:04.

പുരുഷകേന്ദ്രീകൃതമായ സാമൂഹിക, കുടുംബസാഹചര്യങ്ങളില്‍ നിന്ന് താല്‍ക്കാലികമായ രക്ഷപെടലിനെന്നപോലെ സ്വയം സൃഷ്ടിച്ച ലോകത്തിലേക്ക് ഊര്‍ന്നിറങ്ങിയ ഒരു പെണ്‍കുട്ടിയുടെ കഥ.

നല്ല കഥ, സീമ. അഭിനന്ദനങ്ങള്‍ .

റീനി മമ്പലം.

Submitted by dussasanan (not verified) on Wed, 2010-04-21 15:24.

കഥ കൊള്ളാം . പക്ഷെ എന്തോ ഒരു ഗാപ്‌ ഫീല്‍ ചെയ്യുന്നു. എന്തോ മിസ്സ്‌ ചെയ്തത് പോലെ.
എഴുത്തിന്‍റെ ശൈലി ഒന്നാം തരം. കുറച്ചു കൂടി പ്ലീസിംഗ് ആയ കാര്യങ്ങള്‍ എഴുതൂ

Submitted by Joseph Athirumkal (not verified) on Thu, 2010-05-06 02:23.

Dear Seema,
Your story is very interesting.Congrats.
Regards
Joseph Athirumkal

Submitted by MKD (not verified) on Sun, 2010-05-30 07:50.

The author succeeds in portraying the painful picture of an intelligent sensitive woman who yearned to carve her own identity but ended up as the victim of a male dominated society. However, her caricature of all Indian men, irrespective of whether they live in tradition bound Indian villages or western cities, as insensitive, parochial and opportunistic is obviously outdated and biased. Slight variants of this theme with the author playing God and offering multiple exit points have appeared in numerous writings of many modern Malayalam story writers.

The story does not live up to the expectations it creates at the beginning.