തര്‍ജ്ജനി

ആരോഗ്യം

പള്‍സ് പോളിയോയും ഭരണകൂടവും

എതിര്‍പ്പുകളെ മര്‍ദ്ദിച്ചൊതുക്കുന്നതെന്തിന് ?

കേരളത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജനകീയതാത്പര്യങ്ങളെ മുന്‍‌നിര്‍ത്തി ഉയര്‍ന്നുവന്ന എല്ലാ സമരങ്ങളുടെയും നേതൃത്വവും മുഖ്യശക്തിയും ചെറുപ്രസ്ഥാനങ്ങളോ ചെറുഗ്രൂപ്പുകളോ ആയിരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വത്തിന്റെ കള്ളികള്‍ക്ക് പുറത്ത് രാഷ്ട്രീയമായി തന്നെ നടക്കുന്ന ഇത്തരം ജനകീയ സംഘം ചേരലുകള്‍ ഗുണപരമായി അടയാളപ്പെടുത്തേണ്ട ഒന്നാണ്. എന്നാല്‍ ഭീമന്‍ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി, ഇത്തരം സമരങ്ങളെ, ജനാധിപത്യമര്യാദപോലും ലംഘിച്ച് ഭരണകൂടം വേട്ടയാടുകയാണ്. സമരങ്ങളെ തകര്‍ക്കാന്‍ ജനങ്ങളെ ഭീതിപ്പെടുത്തി വര്‍ഗസമരഭൂമികളില്‍ നിന്ന് സ്വാര്‍ത്ഥതയുടെ സ്വന്തം മാളത്തിലേയ്ക്ക് പിന്‍‌വലിപ്പിക്കാന്‍ സമരനേതൃത്വത്തെ കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റുചെയ്യുന്നു. നേരിട്ട് മര്‍ദ്ദിച്ചൊതുക്കുന്നതു കൂടാതെ ഭരണകൂടമിന്ന് കേസുകളില്‍ കുടുക്കി നിശ്ചലമാക്കുന്ന രീതി വ്യാപകമായി പ്രയോഗിക്കുന്നുണ്ട്. കേരളത്തിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനനേതൃത്വങ്ങള്‍ എല്ലാം തന്നെ നിരവധി കേസുകളെ നേരിട്ടു കൊണ്ടിരിക്കുകയാണ്.

ഇത്തരമൊരു വര്‍ത്തമാനാവസ്ഥയില്‍ കേരളത്തില്‍ രൂപപ്പെട്ടു വരുന്ന എല്ലാ സമരങ്ങളെയും മേല്‍ സൂചിപ്പിച്ചവയെ മുന്‍‌നിര്‍ത്തി പരിശോധനാവിധേയമാക്കുക എന്നത് ഈ ലേഖനത്തിന്റെ ഉന്നമല്ല. ശ്രദ്ധിക്കപ്പെടുന്ന വിധം ഇപ്പോല്‍ വികസിച്ചുവരുന്ന പള്‍സ് പോളിയോ വിരുദ്ധസമരത്തെയും അതിനെ ഭരണകൂടം നേരിട്ട വിധത്തെയും വിശദീകരിക്കുക എന്നതാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

തുടക്കവും വികാസവും
ഇന്ത്യയടക്കം ആറുരാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടന പോളിയോ നിര്‍മാര്‍ജ്ജന തീവ്രയത്ന പരിപാടി ആരംഭിച്ച 1995-ല്‍ തന്നെ അതിന്റെ അശാസ്ത്രീയതയെ ചോദ്യംചെയ്തുകൊണ്ടും അപകറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും പ്രമുഖ ആരോഗ്യപ്രവര്‍ത്തകനായ സാജന്‍ സിന്ധു ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോഗ്യവകുപ്പും സര്‍ക്കാരും ഈ ചോദ്യങ്ങളെ പ്രകോപനപരമായാണ് നേരിട്ടത്. കോടതിയാവട്ടെ, ഇത് W.H.O-യുടെ ദേശീയ പദ്ധതിയാണ് അതിനെ എതിര്‍ക്കാന്‍ പറ്റില്ലെന്നും ഓര്‍മ്മിപ്പിച്ചു. സര്‍ക്കരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷേധാത്മക സമീപനം സംശയങ്ങളെ തീവ്രമാക്കുകയും കൂടുതല്‍ ജനകീയമായി വിഷയത്തെ സമീപിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്വയോത്ഭവമായിക്കൊണ്ടിരുന്ന പോളിയോ വിരുദ്ധ സമരങ്ങളുമായി യോജിച്ച് ഒരു കൂട്ടായ്മ രൂപപ്പെട്ടുവരികയും ചെയ്തു.

വെറും മൂന്നുതുള്ളികൊണ്ട് പോളിയോമുക്തി എന്ന പ്രഖ്യാപനവുമായി ആരംഭിച്ച ഈ പദ്ധതി പല ബാലിശന്യായങ്ങളും നിരത്തി ഇപ്പോഴും തുടരുകയാണ്. 2000-ല്‍ അവസാനിക്കുകയാണ് എന്നു പറഞ്ഞ് 1999-ല്‍ ചില അധിക ഡോസുകള്‍ നല്‍കിയിരുന്നു. ആ വര്‍ഷവും അവസാനിപ്പിച്ചില്ല, മാത്രമല്ല ഇപ്പോല്‍ ലോകത്തു നിന്നു മുഴുവന്‍ വൈറസിനെ നിര്‍മ്മാര്‍ജനം ചെയ്യാതെ ഈ പരിപാടി അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇത്തരം കരണം മറിച്ചിലുകള്‍ ന്യായമായും സംശയങ്ങളെ ബലപ്പെടുത്തുന്നു.

Say No to Pulse Polio

ആരോഗ്യവകുപ്പും ലോകാരോഗ്യസംഘടനയും പറയുന്നതുപോലെ ഇത് അടിയന്തിര ശ്രദ്ധ പതിയേണ്ട കാര്യമാണോ? നിര്‍ബന്ധമായും നല്‍കുന്ന ഈ മരുന്ന് തീര്‍ത്തും സുരക്ഷിതമാണോ? ഇതിനു ശാസ്ത്രീയമായ പിന്‍‌ബലം എത്രമാത്രമുണ്ട്? ഇതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളും താത്പര്യങ്ങളുമുണ്ടോ? എന്തുകൊണ്ട് ഈ മരുന്ന് കുട്ടികള്‍ക്ക് വീണ്ടും വീണ്ടും നല്‍കുന്നു? തുടങ്ങി സമതി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ബാദ്ധ്യതയില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുനില്‍ക്കാനാവില്ല.

പോളിയോ അഥവാ പിള്ളവാതം എന്നറിയപ്പെടുന്ന ‘പോളിയോ മൈലൈറ്റീസ്’’ വൈറസ് ബാധമൂലം കുട്ടികള്‍ക്കുണ്ടാകുന്ന ഒരു തളര്‍ച്ചാരോഗമാണ്. മലിനമായ ഭക്ഷണത്തിലൂടെയും മലിനമായ ജലത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗാണുബാധിക്കുന്നവരില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിച്ചാണ് രോഗത്തിന്റെ അതിഭീകരമായൊരു ചിത്രം ഭരണാധികാരികള്‍ നമുക്കു മുന്നില്‍ അവതരിപ്പിച്ച് കുഞ്ഞുങ്ങളെ ബൂത്തുകളിലേയ്ക്ക് ആട്ടിത്തെളിക്കുന്നത്.

രണ്ടുതരത്തിലുള്ള പ്രതിരോധമരുന്നുകളാണ് നിലവിലുള്ളത്. O P V-യും I P V -യും. മരുന്ന് എല്ലാ കുട്ടികള്‍ക്കും നല്‍കുന്നു. മുലപ്പാല്‍ മാത്രം സ്വീകരിക്കാന്‍ സജ്ജമായ കുട്ടികളുടെ ദഹനേന്ദ്രിയത്തിലേയ്ക്കാണ് മാരകമായ ഈ രാസപദാര്‍ത്ഥം ചെലുത്തുന്നത്. പ്രതിരോധശേഷി കുറഞ്ഞതും ചില പ്രത്യേക അസുഖങ്ങള്‍ ഉളളതുമായ കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ അപകടകരമാണെന്ന ആധികാരിക ഗ്രന്ഥങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് മരുന്നു വിതരണം നടത്തുന്നത്. നിരവധി കുട്ടികള്‍ തത്ഫലമായി കൊല്ലപ്പെട്ടിട്ടുണ്ട്. സ്ഥിരമായ അംഗവൈകല്യത്തിനു അടിപ്പെട്ടിട്ടുണ്ട്. ആവര്‍ത്തിച്ച് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുപോലും വ്യക്തിസ്വാതന്ത്ര്യങ്ങളെ നിഷേധിച്ചുകൊണ്ട് ഇപ്പോഴും പ്രത്യക്ഷവും പരോക്ഷവുമായ നിര്‍ബന്ധങ്ങളിലൂടെ മരുന്നു വിതരണം തുടരുന്നു. ശാസ്ത്രീയമായ പിന്‍ബലം ഇല്ലാതെ തന്നെ.

വീര്യം കുറഞ്ഞ ജീവനുള്ള രോഗാണുവാണ് മരുന്നിലുള്ളത്. ഒരു ഡോസില്‍ 75,000 മുതല്‍ 1,50000 വരെ രോഗാണുക്കള്‍ അടങ്ങിയിരിക്കുന്നു. ഇത് കുട്ടിയുടെ വന്‍‌കുടലിലെത്തുകയും അവിടെ പെറ്റുപെരുകുകയും ചെയ്യുന്നു. ഈ വാക്സിന്‍ വൈറസ്സിനെ കുട്ടികളുടെ ശരീരം അതിന്റെ പ്രതിപ്രവര്‍ത്തനത്തിലൂടെ പുറംതള്ളുന്നു. ശരീരം പുറം തള്ളുന്ന വാക്സിന്‍ വൈറസിനൊപ്പം നേരത്തെ നിലനിന്നിരുന്ന രോഗകാരിയായ വൈറസും പുറത്തുപോകും. പുറംതള്ളപ്പെടുന്ന വൈറസുകളാല്‍ അന്തരീക്ഷം നിറയുമ്പോള്‍ രോഗകാരികളായ അണുക്കള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത ഒരവസ്ഥവന്ന് അവ നശിക്കും. ഇങ്ങനെ ലോകവ്യാപകമായി ഒരേ സമയം ഈ രോഗം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയും.. ഇതാണ് വാദം. പോളിയോ രോഗികളുടെ എണ്ണത്തിലെ കുറവ് തെളിവായി അവര്‍ എടുത്തുക്കാട്ടുന്നു. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണ്. കേരളത്തില്‍ ഈ രോഗം കുറയാനുള്ള കാരണം, ജീവിതസാഹചര്യത്തിലുണ്ടായ മാറ്റവും ഉയര്‍ന്ന ശുചിത്വബോധവുമാണ്. പ്രത്യേക മരുന്നിന്റെ ഉപയോഗം കൊണ്ടാണ് ഒരു രോഗം കുറയുന്നതെങ്കില്‍ അതിന്റെ ഗ്രാഫ് താഴേയ്ക്കു തന്നെ ആയിരിക്കണം. കേരളത്തിലും ഇന്ത്യയിലും ലോകത്തിലും മരുന്നിന്റെ ഉപയോഗത്തിനു ശേഷവും രോഗികളുടെ എണ്ണത്തില്‍ അകാരണമായ ഉയര്‍ച്ചയും താഴ്ചയും അനുഭവപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കു തന്നെ ഉദാഹരണം. ഈ പ്രതിരോധയജ്ഞം നടക്കുന്ന രാജ്യങ്ങളില്‍ പോളിയോ അനുബന്ധ തളര്‍ച്ചരോഗങ്ങളും മറ്റു തളര്‍ച്ചരോഗങ്ങളും ( VAPP & AFP)കൂടി വരുന്നുണ്ട്. 2000-നു ശേഷം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുഴുവന്‍ തളര്‍ച്ചരോഗങ്ങളും VAPP ആയിരുന്നു. ലോകത്ത് ആദ്യമായി ഈ രോഗത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കിയ രാജ്യമാണ് അമേരിക്ക എന്ന അവരുടെ അവകാശവാദത്തെയും ഇതിനോട് ചേര്‍ത്തു വായിക്കണം. ജനിതകമാറ്റം സംഭവിച്ച് ഈ വാക്സിന്‍വൈറസ് മാരകരോഗകാരിയായി കാലങ്ങളോളം അന്തരീക്ഷത്തില്‍ നിലനില്‍ക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വസ്തുതകള്‍ ഇതായിരിക്കെ, വാക്സിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പിനെ സര്‍വശക്തിയുമുപയോഗിച്ച് അടിച്ചമര്‍ത്തുന്നത് നിസ്സാരമായി കാണാനാകില്ല. ജനകീയ ചെറുത്തുനില്‍പ്പുകളെ എല്ലാം അടിച്ചമര്‍ത്തിയിട്ടുള്ള ഭരണകൂടത്തിന്റെ കോമ്പല്ലുകള്‍ പള്‍സ് പോളിയോ വിരുദ്ധസമരത്തിനു നേരെയും കോമ്പല്ലു കാട്ടുന്നു. ഹിംസാത്മകമായ അധികാരപ്രയോഗത്തിന്റെ ലജ്ജാകരവും ധിക്കാരപരവുമായ തുടര്‍ച്ചയ്ക്കു കഴിഞ്ഞദിവസങ്ങളില്‍ വയനാട്ടില്‍ അരങ്ങൊരുങ്ങി. സമിതിയുടെ പ്രവര്‍ത്തനഫലമായി കമ്പളക്കാട് പ്രദേശത്ത് ജനങ്ങള്‍ പോളിയോ തുള്ളിമരുന്ന് ബഹിഷ്കരിക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സാധാരണപൌരന്മാര്‍ പോലും ഇതിന്റെ അപകടങ്ങളെ ചോദ്യം ചെയ്തു തുടങ്ങിയതോടുകൂടി ആരോഗ്യവകുപ്പിന്റെയും പോലീസ് അധികാരികളുടെയും സര്‍വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. തുള്ളിമരുന്നു വിതരണദിവസമായ മേയ് 21‌-ന് നൂറുകണക്കിനു പോലീസാണ് തെരുവില്‍ അണിനിരന്നത്. 20-നു വൈകുന്നേരം ചില സംശയങ്ങള്‍ ഉന്നയിച്ച് ഡോ.പി ജി ഹരി (ഇദ്ദേഹം പള്‍സ് പോളിയോ വിരുദ്ധസമിതിയ്ക്ക് ജില്ലയില്‍ നേതൃത്വം നല്‍കുന്നു) യുടെ നേതൃത്വത്തില്‍ കുറച്ചാളുകള്‍ കമ്പളക്കാട് ടൌണില്‍ പോസ്റ്റര്‍ പ്രദര്‍ശനവും നോട്ടീസ് വിതരണവും നടത്തി. അന്നേ ദിവസം നടന്ന ആരോഗ്യവകുപ്പിന്റെ സംവാദത്തില്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇതിനു കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയാതെ ആരോഗ്യവകുപ്പ് പോലീസിനെ ഉപയോഗിച്ച് സമര നേതൃത്വത്തെ അറസ്റ്റുചെയ്യിക്കാനാണു് ശ്രമിച്ചത്. ജനങ്ങളുടെ എതിര്‍പ്പു കാരണം പിന്മാറിയ പോലീസ് രാത്രിയില്‍ വന്‍ സന്നാഹത്തോടെ വന്ന് ഡോക്ടറെ സ്വന്തം വസതിയില്‍ നിന്ന് അറസ്റ്റുചെയ്തു. ജില്ലയിലെ മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡി എം ഓ യുടെ പരാതിയുടെ പേരിലായിരുന്നു അറസ്റ്റ്. പൊതുമുതല്‍ നശിപ്പിച്ചു എന്ന കള്ളക്കേസുണ്ടാക്കി ഒരു ഡോക്ടറെ തന്റെ തൊഴിലിന്റെ ഭാഗമായ ഇടപെടല്‍ നടത്തിയതിന്റെ പേരില്‍ പോലീസിനെക്കൊണ്ട് പീഡിപ്പിക്കുന്നതില്‍ അടിയന്തിരാവസ്ഥക്കാലത്തിന്റെ കരിനിഴല്‍ വീണു കിടപ്പുണ്ട്. കമ്പളക്കാട് ടൌണില്‍ സമിതിപ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും കടന്നുച്ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ് തുടര്‍ദിവസങ്ങളില്‍ ഉണ്ടായത്. പ്രതിഷേധ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ ചെന്ന സ്ത്രീകള്‍ക്കു നേരെവരെ പോലീസിന്റെ ബലപ്രയോഗമുണ്ടായി. എതിര്‍പ്പിന്റെ ഫലമായി സ്ഥലം M L A -യ്ക്ക് മരുന്നുവിതരണോദ്ഘാടന ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നു. അറസ്റ്റുചെയ്തവരെ വിട്ടയയ്ക്കേണ്ടതായും കേസുകള്‍ പിന്‍‌വലിക്കേണ്ടതായും വന്നു.എന്തുകൊണ്ട് നൈതികവും ജനാധിപത്യപരവുമായ ഒരു ഇടപെടലിനെ ഭരണാധികാരികള്‍ ഈ വിധം നേരിട്ടു? ഒരു പോലീസ് ഓഫീസറുടെ കൈയബദ്ധത്തിന്റെയോ ആരോഗ്യ വകുപ്പുദ്യോഗസ്ഥന്റെ അതിസാമര്‍ത്ഥ്യത്തിന്റെയോ മാത്രം ഫലമായി ചുരുക്കിക്കാണാന്‍ കഴിയുമോ?

ഈ മേഖലയിലുള്ള ആഗോളക്കുത്തകകളുടെ താത്‌പര്യവും ആധിപത്യവുമാണ് ഇവിടെ മറനീക്കിപുറത്തുവരുന്നത്. വിതരനം ചെയ്ത തുള്ളിമരുന്നില്‍ വന്ധ്യതയ്ക്ക് കാരണമായേക്കാവുന്ന ഘടകങ്ങള്‍ കണ്ടതോടെ പ്രക്ഷോഭം ശക്തിപ്പെട്ട നൈജീരിയയില്‍ പട്ടാളത്തെ ഉപയോഗിച്ച് വെടിവയ്പ്പും കൂട്ടമര്‍ദ്ദനങ്ങളും അഴിച്ചുവിട്ട് സമരത്തെ തകര്‍ത്തപ്പോള്‍ ഇവിടെ മരുന്നുവിതരണത്തെ എതിര്‍ക്കുന്നവരെ തുറുങ്കിലടയ്ക്കുന്നു.

GSK എന്ന ബ്രിട്ടീഷ് അമേരിക്കന്‍ കമ്പനിയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന മരുന്നിന്റെ നിര്‍മ്മാതാവും വിതരണക്കാരനും. പുതിയ മരുന്നു ഫോര്‍മുലയുടെ പരീക്ഷണങ്ങള്‍ക്കായി കരാറെടുക്കുന്ന ചുരുക്കം ചില കമ്പനികളിലൊന്നാണ് ഇത്. ദക്ഷിണാഫ്രിക്കയിലും മറ്റുമുള്ള അനാഥാലയങ്ങളില്‍ ഈ കമ്പനി നടത്തിയ മരുന്നു പരീക്ഷണത്തിന്റെ ഭീതിദമായ വസ്തുതകള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഒന്നാം ലോകരാജ്യങ്ങളില്‍ ഈ മരുന്നു വിതരണം തുടരാന്‍ കഴിയാതെ വന്നപ്പോള്‍ WHOയുടെ സഹായത്തോടെ മൂന്നം ലോകരാജ്യങ്ങളില്‍ പുതിയ വിപണികണ്ടെത്തുകയായിരുന്നു ഇവര്‍. ഒരു ഡോസ് മരുന്നിന്റെ വില ഏകദേശം മൂന്നുരൂപയാണ്. 16 കോടിയിലധികം കുട്ടികളാണ് ഇന്ത്യയില്‍ ഒരു ദിവസം കൊണ്ട് ഈ മരുന്നുപയോഗിക്കുന്നത്. ഇതിന്റെ നടത്തിപ്പു ചെലവ് വേറെയും. ഏകദേശം 75-കോടിയിലധികം രൂപ ഓരോ തവണയും ചെലവഴിക്കുന്നു. രാജ്യത്തെ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കായി ചെലവഴിക്കേണ്ട കോടികളാണ് ഒറ്റദിവസം കൊണ്ട് ഒരു ബഹുരാഷ്ട്രഭീമന്‍ കടത്തിക്കൊണ്ടു പോകുന്നത്. കഴിഞ്ഞ 11 വര്‍ഷങ്ങളായി നടത്തിവരുന്ന ഈ മാമാങ്കത്തിനു ചെലവാക്കിയതിന്റെ പകുതി തുകകൊണ്ട് ഇന്ത്യയില്‍ ആവശ്യമായ പൊതുകക്കൂസു നിര്‍മ്മാണവും ശുദ്ധജലവിതരണവും നടത്താന്‍ കഴിയുമായിരുന്നു. അതുവഴി പോളിയോ മാത്രമല്ല മറ്റു പല പകര്‍ച്ചവ്യാധികളും ഫലപ്രദമായി തടയാനും കഴിയുമായിരുന്നു. എന്നാല്‍ കോര്‍പ്പറേറ്റ് താത്‌പര്യങ്ങളുടെ ദല്ലാളന്മാരായ നമ്മുടെ ഭരണാധികാരി വര്‍ഗത്തിന് അതിനു മനസ്സില്ല. ആരോഗ്യ രംഗത്തെ എല്ലാ പദ്ധതികളിലും ഈ ദാസ്യത്തിന്റെ ഹീനമുഖം കാണാം. കൈകഴുകല്‍ പദ്ധതി, കല്ലുപ്പ് നിരോധനം, ഐയ്‌ഡ്‌സ് ഗവേഷണം തുടങ്ങിയവ് ചില ഉദാഹരണങ്ങള്‍ മാത്രം. ആരോഗ്യകാര്യങ്ങളില്‍ സാധാരണക്കാര്‍ക്കുള്ള അജ്ഞത മുതലെടുത്ത് അധികാരികള്‍ ഇത്തരം പദ്ധതികള്‍ ഇനിയും തീവ്രമാക്കും. ഇതിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളെ, ആരോഗ്യരംഗത്തെ, സ്വാര്‍ത്ഥതാത്പര്യത്തിനടിപ്പെട്ട ഒരു പറ്റം വിദഗ്ധരെ ഉപയോഗിച്ച് കുപ്രചരണങ്ങള്‍ നടത്തിച്ചും മര്‍ദ്ദനോപാധികളെ അവലംബിച്ചും മുന്നേറും. ഈ പ്രതിലോമതകളെ എതിര്‍ത്തു തോത്പിക്കുകയല്ല്ലാതെ ബഹുജനങ്ങളുടെ മുന്നില്‍ സ്വന്തം ജീവിതം വീണ്ടെടുക്കാന്‍ മറ്റു വഴികളൊന്നും അവശേഷിക്കുന്നില്ല.

സി പി റഷീദ്
വിവരങ്ങള്‍ : ഡോ. ഹരി പി. ജി
Subscribe Tharjani |
Submitted by baburaj (not verified) on Tue, 2006-06-06 21:06.

പള്‍സ് പോളിയോ പ്രക്ഷോഭത്തെക്കുറിച്ച് ഒന്നും പത്രത്തില്‍ വന്നില്ല എന്നതു കഷ്ടം. എങ്കിലും ചില ചോദ്യങ്ങള്‍ ഇതു വായിക്കുമ്പോള്‍ തോന്നുന്നു. ഒന്ന്) നഗരത്തിലാണല്ലോ ഒരെതിര്‍പ്പ് വരേണ്ടത്. എന്തുകൊണ്ട് കോഴിക്കോട്, തൃശ്ശൂര്‍ തിരുവനനതപുരം പോലുള്ള നഗരങ്ങള്‍ പ്രക്ഷോഭത്തിനായി തെരെഞെടുത്തില്ല. ആഗോള കമ്പനികള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളെ പരീക്ഷണങ്ങള്‍ക്കു തിരഞ്ഞെടുക്കുന്നതു പോലെ ഇവിടെ എതിര്‍പ്പുകള്‍ക്കും പരീക്ഷണത്തിനും എന്തിനു വയനാട്ടിലെ ആദിവാസി പാവങ്ങളെ തല്ലു കൊള്ളിക്കുന്നു?
2. എല്ലാകുട്ടികളും മരുന്നു കഴിച്ച് വിസര്‍ജിക്കുന്നതോടെ പോളിയോ അണുകള്‍ അന്തരീക്ഷത്തില്‍ നിറയും എന്നു ലേഖനത്തില്‍ പറയുന്നു. അങ്ങനെയെങ്കില്‍ പ്രതിരോധമരുന്നു കഴിക്കാതിരിക്കുന്ന കുട്ടികള്‍ക്ക് പോളിയോ വരാനുള്ള സാദ്ധ്യത കൂടുതലായിരിക്കുമല്ലോ. അപ്പോള്‍ ഒരു സ്ഥലത്ത് അതു തടയുന്ന ആളുകള്‍ സത്യത്തില്‍ നല്ലകാര്യമാണോ ചെയ്യുന്നത്?
3. ഹരിയെ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരിലായിരുന്നു‍ അറസ്റ്റുചെയ്തത് എന്ന് ലേഖനത്തില്‍ തന്നെയുണ്ട്. എന്തായാലും ഒരു സംവാദം വിളിച്ചുകൂട്ടാനുള്ള നന്മ അധികൃതര്‍ കാണിച്ചല്ലോ.. അവിടെ പോളിയോ വിരുദ്ധര്‍ അക്രമാസക്തരായില്ല എന്നുറപ്പിക്കാമോ?
ആഗോളക്കുത്തകയ്ക്കെതിരെ സമരം ചെയ്യുന്നവരുടെ നന്മയെ കുറച്ചു കാണുന്നില്ല. എങ്കിലും വിജയിക്കാനുള്ള ആവേശത്തില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുന്നത് പതിവാണ് നമ്മുടെ നാട്ടില്‍..അപ്പോല്‍ എന്തിനെയും സംശയിക്കാമല്ലോ...
ക്ലാ ക്ലാ ക്ലീ ക്ലീ...

Submitted by ഹരി (not verified) on Wed, 2006-06-07 20:59.

1. വയനാട്ടിലും കോഴിക്കോടും എറണാകുളത്തും എല്ലാം പോളിയോ വിരുദ്ധസമിതി സെമിനാറുകളും ധര്‍ണ്ണകളും മറ്റു ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നുണ്ട്. ഇതൊന്നും പത്രങ്ങളില്‍ വരാത്തതിനാല്‍ താങ്കള്‍ അറിയാത്തതായിരിക്കാം. പിന്നെ ഈ ചോദ്യം ചോദിക്കേണ്ടത് നഗരങ്ങളിലെ ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും കൂടിയാണ്. അവരെന്തുകൊണ്ട് പോളിയോയെ എതിര്‍ക്കുന്നില്ലെന്ന് ചോദിച്ചു നോക്കുക. ഇപ്പോള്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നത്/ജീവിക്കുന്നത് വയനാട്ടിലാണ്. അതുകൊണ്ട് സ്വാഭാവികമായും ഞങ്ങളുടെ നേതൃത്വത്തിലെ പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ നടക്കുന്നു എന്നു മാത്രം. ഇത് കരാറെടുത്ത് ഞങ്ങള്‍ ചെയ്യുന്നതൊന്നുമല്ല. കേരളത്തിലും ഇന്ത്യയിലെവിടെയും ആര്‍ക്കും ഈ പ്രവര്‍ത്തനത്തില്‍ പങ്കു ചേരാവുന്നതേയുള്ളൂ.
പിന്നെ വയനാട്ടിനെക്കുറിച്ചുള്ള താങ്കളുടെ ധാരണകള്‍ ഒന്നുകൂടി സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും.

2. പോളിയോ വൈറസ്സ് അല്ല, വാക്സിന്‍ വൈറസാണ് യഥാര്‍ത്ഥത്തില്‍ പുറത്തു വരുന്നത്. വിസര്‍ജ്ജ്യവസ്തുക്കളില്‍ വലിയൊരു ശതമാനവും വാക്സിന്‍ വൈറസ്സുകളും വളരെ ചെറിയ ശതമാനം പോളിയോ വൈറസ്സുകളും കാണും. പക്ഷേ വാക്സിന്‍ വൈറസ്സുകള്‍ക്ക് പോളിയോ വൈറസ്സുകളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. അങ്ങനെ അന്തരീക്ഷത്തിലെ പോളിയോ വൈറസുകള്‍ നശിച്ചു പോകുമെന്നാണ് തിയറി.

മറ്റൊരു കാര്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇപ്പറഞ്ഞ തിയറി പ്രകാരം വാക്സിനേഷന്‍ ഒന്നോ രണ്ടോ തവണ നടത്തിയാല്‍ മതി. കാരണം വാക്സിന്‍ വൈറസുകള്‍ നല്‍കുന്ന പ്രതിരോധം ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതാണ്. പക്ഷേ എത്ര തവണയാണ് നമ്മുടെ കുട്ടികള്‍ക്ക് വാക്സിനേഷന്‍ നടത്തുന്നതിപ്പോള്‍?

3. അധികൃതര്‍ സംവാദം വിളിച്ചു കൂട്ടാന്‍ നിര്‍ബന്ധിതരായി എന്നതാണ് വാസ്തവം. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ചോദ്യങ്ങളും പ്രതിരോധവും അത്ര രൂക്ഷമായിരുന്നു എന്നതാണ് കാരണം.

തീര്‍ച്ചയായും, പോളിയോ വിരുദ്ധര്‍ അക്രമാസക്തരായിട്ടില്ല. അവര്‍ പ്രതിഷേധിച്ചത് പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ എന്നെ മാത്രം അറസ്റ്റ് ചെയ്യാന്‍ പോലീസിന്റെ ഭാഗത്തു നിന്ന് നീക്കമുണ്ടായപ്പോഴാണ്. പോളിയോ വിരുദ്ധപ്രവര്‍ത്തകര്‍ അക്രമാസക്തരായിരുന്നെങ്കില്‍ ഇവിടെയുണ്ടായിരുന്ന ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പരിക്കുകളൊന്നും കൂടാതെ തിരിച്ചു പോകുമായിരുന്നോ?

Submitted by baburaj (not verified) on Wed, 2006-06-07 22:31.

നല്ല ഉത്തരം. നന്ദി. വയനാട് പരീക്ഷണങ്ങളുടെ വേദിയാവുന്നു എന്നത് വയനാടിനെക്കുറിച്ച് അധികം അറിയാത്ത എന്നെ സംശയാലു ആക്കുന്ന കാര്യമാണ്. വിദ്യാഭ്യാസകാര്യത്തില്‍, രാഷ്ട്രീയ പരീക്ഷണങ്ങളില്‍..അത് നല്ല രീതിയിലള്ളതാണെങ്കില്‍ കൊള്ളാം. എല്ലാം ശരിയായിരിക്കുമ്പോഴും പുറത്തുനിന്ന് നോക്കുമ്പോള്‍ ഒരു അസന്തുലിതത്വമുണ്ട്.. കാര്യങ്ങളില്‍. അതുകൊണ്ടു ചോദിച്ചു എന്നു മാത്രം. നല്ല കാര്യങ്ങളെ വലിപ്പം കുറച്ചു കാണാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല.