തര്‍ജ്ജനി

വര്‍ത്തമാനം

“സാമൂഹികമായ അവബോധത്തിന്റെ ഭാഗമാണു ഞാന്‍”

ക്രിസ്തുമതത്തിലെ ജാതി’ എന്ന താങ്കളുടെ പരാമര്‍ശത്തിലെയ്ക്ക് വരുമ്പോള്‍ ഒരു വൈരുദ്ധ്യം കാണാനുണ്ട്. ‘കുരുക്ക്’ എന നോവലില്‍ അതിശക്തമായ ഇന്ത്യന്‍ ക്രിസ്തുമത വിമര്‍ശനമുണ്ട്. എന്നാല്‍ ‘വന്മ’ത്തിലാവട്ടേ, ക്രിസ്ത്യാനിറ്റിയെ പറയര്‍ക്ക് ശക്തി നല്‍കിയ സ്ഥാപനമായിട്ടാണ് അവതരിപ്പിക്കുന്നത്.

2000-ലാണ് ഞാന്‍ ‘വന്മം’ എഴുതിയത്. ‘കുരുക്ക്’ 1992-ല്‍. ഇക്കാലത്തിനിടയ്ക്ക് ദളിത് പ്രസ്ഥാനങ്ങള്‍ വളര്‍ന്നു. ദളിത് രചനകള്‍ ധാരാളമായി പ്രസിദ്ധീകരിക്കപ്പെട്ടു. ‘വന്മം’ ഈ വളര്‍ച്ചയുടെ ഫലത്തെ തീര്‍ച്ചയായും കാണിക്കുന്നുണ്ട്. പള്ളികളില്‍ പോലും ദളിത്പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ സ്വാധീനം കാണാം. ദളിതുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ചര്‍ച്ച് ഇപ്പോള്‍ ഇടപെടുന്നുണ്ട്. പ്രത്യേകിച്ച് ജെസ്യൂട്ടുകള്‍. ദളിത് പ്രശ്നങ്ങള്‍ക്ക് മുന്‍‌ഗണന നല്‍കുന്നുണ്ട്. പള്ളി ഞങ്ങളെ സഹായിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട്. സാമ്പത്തികമായി മാത്രമല്ല. 90-കളെ ‘ദളിത് ദശാബ്ദം‘ എന്നാണിപ്പോള്‍ വിളിക്കുന്നത്. സമുദായ ഉദ്ധാരണത്തിനു വേണ്ടി ഒരു പ്രവര്‍ത്തനരേഖയും പള്ളി മുന്‍‌കൈയെടുത്ത് തയാറാക്കി. ദളിതര്‍ക്ക് തൊഴില്‍ പരിഗണനയില്‍ മുന്‍സ്ഥാനം നല്‍കി. നേരത്തെ ഇങ്ങനെയൊന്നുമായിരുന്നില്ല. ദളിത് പെണ്‍‌കുട്ടികളെ മഠത്തില്‍ ചേരുന്നതില്‍ നിന്നു പോലും നിരുത്സാഹപ്പെടുത്തിയിരുന്നു. 50-കളില്‍ ചില ഫ്രഞ്ചു മിഷണറിമാരാണ് ദളിതര്‍ക്ക് നിയമപരിരക്ഷയ്ക്കായി ചില സഹായങ്ങളൊക്കെ നല്‍കാന്‍ തുനിഞ്ഞത്. ഞങ്ങളെ സഹായിക്കാനും ചിലരൊക്കെ പിന്നിലുണ്ടെന്ന് അറിഞ്ഞത് അപ്പോഴാണ്. അടിമവേലക്കാരായി ജോലി നോക്കുന്ന നിരവധി ആളുകള്‍ എന്റെ ഗ്രാമത്തിലുണ്ട്. അവരോട് ജോലിയ്ക്ക് പോകരുത് എന്ന് പറഞ്ഞത് പാതിരിയാണ്. ഭൂജന്മികള്‍ അടുത്ത ഗ്രാമത്തില്‍ നിന്ന് വേലക്കാരെ കൂലിയ്ക്കെടുത്തു. ജോലിയ്ക്കു പോയില്ലെങ്കില്‍ പട്ടിണികിടക്കേണ്ടി വരും. എന്താണ് ദളിതുകള്‍ ചെയ്തതെന്നറിയാമോ? തങ്ങള്‍ സന്തോഷത്തോടെ കഴിയുക തന്നെയാണെന്നു ജന്മികള്‍ വിചാരിക്കണം, അതിന് അവര്‍ മണലുകള്‍ നിറച്ച കുട്ട ആറ്റുതീരത്തു നിന്ന് ചുമന്ന് നടന്നു. കുട്ടകളില്‍ നെല്ലാണെന്ന് ജന്മികള്‍ വിചാരിക്കണം. മനപ്പൂര്‍വം ജന്മിമാരുടെ തെരുവിലൂടെ തന്നെയാണവര്‍ നടന്നത്.

പക്ഷേ, ക്രിസ്തുമതത്തിലെ ജാതിയെ നോക്കിക്കാണുന്ന രീതിയില്‍ ‘വന്മ‘ത്തില്‍ ഒരു വലിയ മാറ്റം കാണാനുണ്ട്. പറയരെ ക്രിസ്ത്യാനികളുമായും പല്ലരെ ഹിന്ദുക്കളുമായും ആണ് സമീകരിക്കുന്നത്. ക്രിസ്തുമതത്തെപ്പറ്റി ‘കുരുക്കി’ല്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമല്ലേ ഇത്?

‘വന്മ’ത്തില്‍ ഞാന്‍ വിവരിച്ചത് ഒരു പ്രത്യേക ഗ്രാമത്തിലെ സംഭവങ്ങളാണ്. അവയെ സാമാന്യവത്കരിക്കാന്‍ പറ്റില്ല. കണ്ടപ്പട്ടി ഗ്രാമത്തിലെ അവസ്ഥ അങ്ങനെയാണ്. അവിടെ പറയര്‍ക്കിടയില്‍ ക്രിസ്ത്യാനികള്‍ കൂടുതലാണ്. പല്ലരുടെ ഇടയിലുള്ള അവസ്ഥ അതല്ല.

ക്രിസ്തുമതത്തിലേയ്ക്ക് മതമാ‍റിയ പറയര്‍ ഹിന്ദുമനോഭാവത്തെ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും സാമൂഹികവിപ്ലവകാരികളായി മാറുകയും ചെയ്തു എന്നാണല്ലോ താങ്കള്‍ പറയുന്നത്...
ഒരു പരിധിവരെ കണ്ടപ്പട്ടി ഗ്രാമത്തില്‍ ഇതു സത്യമാണ്.

പല്ലര്‍ ക്രിസ്ത്യാനികളെപ്പറ്റി എന്തു പറയുന്നു. ദളിത് ക്രിസ്ത്യാനികള്‍ക്കിടയില്‍ പല്ലര്‍ പരിവര്‍ത്തനത്തിനു ശേഷവും, സ്വന്തം ജാതിസ്വത്വത്തെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണോ പറയുന്നത്?
മതമല്ല, ജാതിയാണ് എല്ലാത്തിനെയും അടിസ്ഥാനമാക്കുന്നത്. നാടാര്‍ ക്രിസ്ത്യാനികളും ഉദയര്‍ ക്രിസ്ത്യാനികളുമുണ്ട്. അവരൊക്കെ ‘സവര്‍ണ്ണക്രിസ്ത്യാനികളാ’ണെന്ന് ഞങ്ങള്‍ പറയും. ഞങ്ങള്‍ പല്ലാര്‍‍, പറയ ക്രിസ്ത്യാനികള്‍. ഞങ്ങള്‍ മാറില്ല. ദളിത് ക്രിസ്ത്യന്‍ എന്ന ഒരു കുടയ്ക്കു കീഴില്‍ പോലും ഞങ്ങള്‍ വരില്ല. ഇതു മാത്രമല്ല. ഹിന്ദു പറയരും ക്രിസ്ത്യന്‍ പറയരും എലിയും പൂച്ചയും കളിക്കുകയാണ് എന്ന കാര്യം മറക്കരുത്. ജാതിപോലും ഒന്നിച്ചു നില്‍ക്കാനുള്ള ഘടകമാവുന്നില്ല ഇവിടെ. എന്തായാലും ദളിതുകള്‍ക്ക് മിഷണറിമാരിലൂടെയും ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലൂടെയും വിദ്യാഭ്യാസത്തിന്റെ പ്രയോജനം ലഭിച്ചു. ദളിത് മോചനത്തില്‍ ഒരു പ്രധാനപങ്ക്, അംബേദ്ക്കര്‍ പറഞ്ഞതുപോലെ വിദ്യാഭ്യാസത്തിനു തന്നെയാണ്. രണ്ടാമത്തെ പ്രധാനകാര്യം സ്വന്തം സ്ഥലത്തു നിന്നും പുറത്തേയ്ക്കു പോകുക എന്നതാണ്. പല്ലാറുകള്‍ പട്ടികജാതിയാണ് അതുകൊണ്ട് വിദ്യാഭ്യാസസൌകര്യങ്ങള്‍ ലഭിക്കുന്നു. ജീവിതത്തില്‍ ഉയരാനുള്ള അവസരങ്ങളുണ്ട്. പറയര്‍ക്ക് ആവക സൌകര്യങ്ങളില്ല. കാരണം അനേകം പേര്‍ ക്രിസ്തുമതത്തിലേയ്ക്ക് മാറി ‘പിന്നാക്കജാതി‘ക്കാരായി എന്നതാണ്. ദളിതരില്‍ പറയരാണ് പല്ലാറുകളേക്കാള്‍ കൂടുതലായി മതപരിവര്‍ത്തനം നടത്തിയത്. അതുകൊണ്ട് പറയര്‍ക്ക് ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ വിദ്യാഭ്യാസത്തിനും മറ്റുമായി കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നു. ക്രിസ്തുമതം ഒരുപാട് കാര്യങ്ങള്‍ ദളിതര്‍ക്കായി ചെയ്തിട്ടുണ്ടെന്നു പറയുന്നത് ഇതുകൊണ്ടാണ്

പക്ഷേ സാമാന്യവത്കരിക്കാന്‍ പറ്റുമോ എന്ന് ഇപ്പോഴും സംശയമുണ്ട്. വ്യക്തിപരമായ മിഷണറിപ്രവര്‍ത്തനങ്ങളെയും ക്രിസ്തുമതത്തെയും വേര്‍തിരിച്ചുകാണണം. ദളിതര്‍ക്ക് സഹായം ചെയ്തതെല്ലാം പാതിരിമാരുടെ വ്യക്തിഗത പ്രവര്‍ത്തനങ്ങളായിരുന്നില്ലേ?
താങ്കളുടെ ചോദ്യം പ്രസക്തമല്ല ഇപ്പോള്‍. പഴയ മിഷണറിമാരെയും ഇപ്പോഴത്തെ പാതിരിമാരെയും താരതമ്യം ചെയ്യാന്‍ കഴിയില്ല. വളരെ വ്യത്യസ്തരാണവര്‍. പഴയ പുരോഹിതന്മാരുടെ താതപര്യങ്ങള്‍ വിപുലമായിരുന്നു. സാഹിത്യം, സമൂഹം, സാമ്പത്തിക കാര്യങ്ങള്‍, നിയമകാര്യങ്ങള്‍. ആളുകളോട് അവര്‍ക്ക് ബഹുമാനമുണ്ടായിരുന്നു. അവരെ ഉയര്‍ത്തിക്കൊണ്ടു വരാനായിരുന്നു അവരുടെ ശ്രമം. ഇപ്പോള്‍ ഭൂരിപക്ഷം പുരോഹിതന്മാര്‍ക്കും അങ്ങനെയുള്ള കാര്യങ്ങളില്‍ താത്പര്യമൊന്നുമില്ല. സ്വന്തം ബന്ധുസ്വന്തക്കാരെ ഉയര്‍ത്തണം അത്രേയുള്ളൂ ചിന്ത. കുറച്ചുപേര്‍ക്ക് പണത്തില്‍ മാത്രമാണ് ശ്രദ്ധ. പള്ളിയുടെ ആകര്‍ഷണം പോയിക്കഴിഞ്ഞു. ചില അപവാദങ്ങള്‍ ഉണ്ട്, തീര്‍ച്ചയായും.

’കുരുക്കില്‍’ അംബേദ്ക്കറുടെ ജന്മശതാബ്ദി ആഘോഷം പ്രധാനപങ്കു വഹിക്കുന്നുണ്ട്. 1980-ലാണ് കുരുക്ക് പ്രസിദ്ധീകരിച്ചതെങ്കില്‍ ഇതേ പ്രതികരണം കിട്ടുമായിരുന്നു എന്നുതോന്നുന്നുണ്ടോ?

ഇല്ല. ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല. “പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നെങ്കില്‍ ഒരാളും നിന്റെ പുസ്തകം തിരിഞ്ഞു കൂടി നോക്കില്ലായിരുന്നു,“ എന്ന് എന്റെ സഹോദരന്‍ എപ്പോഴും പറയാറുണ്ട്. സത്യമാണത്. അതിനൊരു പശ്ചാത്തലമുണ്ട്.

കടപ്പാട് : ദ ഹിന്ദു

പരിഭാഷ : ശിവകുമാര്‍ ആര്‍ പി

Subscribe Tharjani |
Submitted by PJJ Antony (not verified) on Tue, 2008-09-23 23:06.

Thanks to RP Shivakumar for bringing the leading Tamil writer/ Dalit Activist to Thargani. Very few among the Malayalam net publications have this kind of sensibility. Congratulations. - PJJ Antony