തര്‍ജ്ജനി

കഥ

ഒരസാധാരണയാത്ര

വേലപ്പനെപ്പോലെ ഒരാളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. എന്നാല്‍, ഒരര്‍ഥത്തില്‍, ധാരാളം കണ്ടിട്ടിമുണ്ടാകും. വിശദീകരിക്കാം. കാഴ്ച്ചയില്‍ ഒരു സാധാരണക്കാരന്‍. കൃശഗാത്രന്‍. ഏതാണ്ട്‌ അഞ്ചടി പൊക്കം. ഒരു അമ്പത്‌ കിലോഗ്രാമിലധികം ഭാരം വരില്ല. പ്രായം ഊഹിക്കാന്‍ പ്രയാസം. എങ്കിലും നാല്‍പ്പതിനും അമ്പതിനും ഇടയില്‍ എന്നു പറയാം. ഇരുനിറം. കറുത്ത മുടി അധികം നീട്ടിയിട്ടില്ല. പക്ഷെ തീരെ കുറുകിയതുമല്ല. കഷണ്ടി തീരെയില്ല. മുഖത്ത്‌ എപ്പോഴും ശാന്തത. ഈ വിവരണം യോജിക്കുന്ന എത്രയോ പുരുഷന്മാരെ കാണാന്‍ കഴിഞ്ഞേക്കും. പക്ഷെ അവരില്‍ നിന്നെല്ലാം വിത്യസ്ഥനാണ്‌ വേലപ്പന്‍. ഒരസാധാരണ പ്രതിഭാസം എന്നേ എനിക്ക്‌ പറയാന്‍ കഴിയുന്നുള്ളൂ. അങ്ങിനെ ഒരാളെ ഞാന്‍ പരിചയപ്പെട്ടിരുന്നു എന്നും അയാളോടൊപ്പം ചെയ്ത യാത്രകളുടെയും മറ്റും ഓര്‍മ്മകള്‍ യഥാര്‍ഥമാണ്‌ എന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല. അത്ര അസാധാരണ അനുഭവങ്ങളായിരുന്നു അവ. മറ്റേതോ ലോകത്തിലായിരുന്നു എന്ന പ്രതീതി. ഞാന്‍ കഥ ആദ്യം മുതല്‍ തുടങ്ങട്ടെ.

illustration

ഞാന്‍ വേലപ്പനെ ആദ്യം കാണുന്നത്‌ വളരെ വിചിത്രമായ സാഹചര്യങ്ങളിലാണ്‌. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം എടുത്തശേഷം മൂന്നാറില്‍ ഒരു തേയിലക്കമ്പനിയില്‍ പണിയെടുക്കുന്ന കാലം. അവിവാഹിതന്‍. വെള്ളിയാഴ്ച്ച വൈകുന്നേരമോ ശനിയാഴ്ച്ചയോ നാട്ടിലെക്കു പോകാറുണ്ടായിരുന്നു. സ്വന്തം മോട്ടോര്‍ സൈക്കിളിലായിരുന്നു മിക്കവാറും സവാരി. അന്ന് ഒരു എന്‍ഫീല്‍ഡ്‌ ബുള്ളറ്റായിരുന്നു എന്റെ മയില്‍വാഹനം. സന്ധ്യ കഴിഞ്ഞുള്ള യാത്രയില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ പലരും ശ്രമിച്ചിരുന്നു. വഴിയില്‍ അക്രമികളുണ്ടെന്നും പിശാചുക്കളുണ്ടെന്നും ഒക്കെ അവര്‍ പറഞ്ഞ്‌ ഭയപ്പെടുത്താന്‍ നോക്കി. ഒരു യഥാര്‍ഥ ശാസ്ത്ര വിദ്യാര്‍ഥിയായിരുന്ന ഞാന്‍ യാതൊരു വിധത്തിലുള്ള ഭൌതികാതീത ശക്തിയിലും വിശ്വസിച്ചിരുന്നില്ല. പിന്നെ തൊഴിലിനോട്‌ അല്‍പ്പമെങ്കിലും കൂറുള്ള ഒരക്രമിയും എന്നെ ഉപദ്രവിക്കില്ല എന്ന് ഞാനവരോട്‌ പറഞ്ഞു. കാരണം എന്നില്‍ നിന്ന് ഒന്നും നേടാനുണ്ടാവില്ല എന്ന് ഒറ്റ നോട്ടത്തില്‍ അവന്‍ മനസ്സിലാക്കിയിരിക്കും. അതുകൊണ്ട്‌ അവരുടെ ശ്രമം വിജയിച്ചില്ല. മാത്രമല്ല, ഞായറാഴ്ച്ചകളില്‍ ക്ലബ്ബില്‍ നടക്കാറുള്ള ചീട്ടുകളി-മദ്യപാന അഘോഷങ്ങള്‍ക്ക്‌ ആളെണ്ണം കൂട്ടുക എന്നതായിരുന്നു അവരുടെ പ്രധാന ഉദ്ദേശ്യം എന്നെനിക്കറിയാമായിരുന്നു. എനിക്കതില്‍ തീരെ താല്‍പര്യം ഇല്ലായിരുന്നു. ആ സമയത്ത്‌ പ്രയോജനമുള്ള വല്ലതും ചെയ്യരുതോ എന്ന് ഒരിക്കല്‍ അവരോട്‌ ചോദിച്ചതിനുള്ള മറുപടി കുറേക്കാലം അവര്‍ തന്നുകൊണ്ടിരുന്ന കഥ ഞാനോര്‍മ്മിക്കുന്നു.

ഒരു വെള്ളിയാഴ്ചയായിരുന്നു. ഏതാണ്ട്‌ ഏഴ്‌ ഏഴര മണിയായിട്ടുണ്ടാവും. ഞാന്‍ നേരിയമങ്കലം പ്രദേശതായിരുന്നു. സാമാന്യം നല്ല
ഇരുട്ട്‌. ഇരുവശത്തും ഇടതൂര്‍ന്ന് വളരുന്ന വൃക്ഷങ്ങള്‍ കാരണം റോഡിലേക്ക്‌ അസ്തമയസൂര്യന്റെ പ്രകാശരശ്മികള്‍ തീരെ കടക്കുന്നില്ല. പരിചിതമായ വഴിയായതിനാലും ബുള്ളറ്റിന്റെ ഹെഡ്ലൈറ്റ്‌ പ്രകാശമേറിയതായതിനാലും, പിന്നെ വഴിയില്‍ വാഹനങ്ങള്‍ തീരെ വിരളമായതിനാലും എനിക്ക്‌ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. സാമാന്യം നല്ല വേഗതയില്‍ തന്നെയായിരുന്നു ഞാന്‍ ഓടിച്ചിരുന്നത്‌.

ഒരു ഘട്ടമെത്തിയപ്പോള്‍ പെട്ടെന്ന് എനിക്ക്‌ എന്തോ പന്തികേടുപോലെ തോന്നി. മുന്നില്‍ വലത്തേക്കുള്ള വളവ്‌. വലിയ വാഹനമാണെങ്കില്‍ വേഗത കുറച്ചുതന്നെയേ പോകാനാകൂ. സാധാരണ ഗതിയില്‍ ഞാന്‍ വേഗത കുറക്കാരില്ല, കാരണം ഇരുട്ടായതുകൊണ്ട്‌ എതിരേ വാഹനം വരുന്നുണ്ടെങ്കില്‍ അതിന്റെ ഹെഡ്ലൈറ്റ്‌ കാണനാകും. മാത്രമല്ല ഇരുചക്ര വാഹനത്തില്‍ ആ വളവില്‍ക്കൂടി സമാന്യം വേഗതയോടെ പോകാനും ബുദ്ധിമുട്ടില്ല.പക്ഷെ ഇത്തവണ ഞാന്‍ വേഗത കുറച്ചു. അതൊരു ബോധപൂര്‍വ്വമായ തീരുമാനമായിരുന്നില്ല. എന്തോ പന്തികെടുണ്ടെന്നു തോന്നിയതിന്റെ ഫലമായി അറിയാതെ കുറച്ചതാണ്‌. കുറഞ്ഞപക്ഷം അങ്ങിനെയാണ്‌ എനിക്കപ്പോള്‍ തോന്നിയത്‌. വേഗത കുറച്ചു വളവുതിരിഞ്ഞ്‌ ഞാന്‍ പെട്ടെന്നു വണ്ടി ചവിട്ടി നിര്‍ത്തി.

നടുറോട്ടില്‍ ഒരാള്‍ കിടക്കുന്നു. മറ്റൊരാള്‍ അല്‍പ്പം മുന്നിലുള്ള ഇടവഴിയിലേക്ക്‌ ഓടിക്കയറുന്നു. ഞാന്‍ ഒരു നിമിഷത്തേക്ക്‌ സ്തബ്ദനായി നിന്നു പോയി.
പക്ഷെ പെട്ടെന്ന് ഞാന്‍ സ്വബോധം വീണ്ടെടുത്തു. വീണുകിടക്കുന്ന് ആളിന്‌ എന്തെങ്കിലും പറ്റിയിരിക്കുമോ എന്നായിരുന്നു എന്റെ ഭയം. വണ്ടി സ്റ്റാന്റിലിട്ടിട്ട്‌ അയാളുടെ അടുത്തേക്ക്‌ നടക്കുമ്പോളേക്കു അയാള്‍ എഴുന്നേറ്റിരുന്നു. സഹായത്തിനായി നീട്ടിയ കൈ നിരസിച്ചുകൊണ്ട്‌ അയാള്‍ എഴുന്നേറ്റുനിന്നു.
"എനിക്കൊന്നും പറ്റിയില്ല. സാര്‍ കൃത്യസമയത്തിന്‌ വന്നു." അയാള്‍ പറഞ്ഞു.

എന്റെ വാഹനത്തിന്റെ വെളിച്ചത്തില്‍ അയാളെ നന്നായി കണ്ടു. ഖദര്‍ മുണ്ടും ഷര്‍ട്ടും, പിന്നെ തോളിലൊരു സഞ്ചിയും വേഷം. മുഖത്ത്‌ ഒറഴ്ചത്തെ വളര്‍ച്ചയെത്തിയ താടിമീശ. ഷര്‍ട്ടിന്റെ മുന്‍വശമാകെ ചുളിങ്ങികൂടി കിടക്കുന്നു - അക്രമി ഷിര്‍ട്ടില്‍ കേറി പിടിച്ചിരിക്കണം. അടി കൊണ്ടതായി തോന്നിയില്ല. ഒരു കശപിശ ഉണ്ടായതിന്റെ പരിഭ്രമമല്ല മുഖത്ത്‌ കണ്ടത്‌.
"ഹേയ്‌, തല്ലൊന്നും കിട്ടിയില്ല . അതിനു മുന്‍പേ സാറെത്തിയില്ലേ." അയാളുടെ വാക്കുകള്‍ എന്റെ മനസിലെ ചോദ്യത്തിനു ഉത്തരമെന്നവണ്ണം.
"ഒന്നും പറ്റിയില്ലല്ലോ?." ഞാന്‍ ചോദിച്ചു.
"ഒന്നും പറ്റിയില്ല."
"എന്താ ഉണ്ടായത്‌?." ഞാന്‍ ചോദിച്ചു.
"ഇവിടെ കഞ്ചാവ്‌ കൃഷി നടത്തുന്നവരാ. രണ്ട്‌ പേരുണ്ടായിരുന്നു. അവര്‍ വിചാരിച്ചു ഞാന്‍ അവരെ നിരീക്ഷിക്കാന്‍ വന്നതാണെന്ന്‌. സാറിന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോള്‍ അവര്‍ക്ക്‌ തോന്നി പോലീസാണെന്ന്. ബുള്ളറ്റിന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവര്‍ ഭയന്നോടിപ്പോയി." അയാള്‍ക്കതൊരു തമാശയായി തോന്നിയതുപോലെ.

അക്രമികള്‍ തിരിച്ചുവരുമോ എന്ന ഭയം എന്തുകൊണ്ടോ എന്റെ മനസ്സില്‍ ഉണ്ടായില്ല.
"വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോന്നു നോക്കൂ."
"ഇല്ല, ഒന്നും നഷ്ടപ്പെട്ടിട്ടില്ല." അയാള്‍ക്ക്‌ ഉറപ്പായിരുന്നു.
"സഞ്ചിയില്‍ നിന്നോ പോക്കറ്റില്‍ നിന്നോ എന്തെങ്കിലും താഴെ വീഴാന്‍ സാധ്യതയുണ്ട്‌." ഞാന്‍ പറഞ്ഞു.
"വല്ലതും പോയാല്‍ ഞാനറിയും. ഒന്നും പോയിട്ടില്ല."
"എന്നാല്‍ ശരി, വരൂ. ഞാന്‍ കൊണ്ടുവിടാം.എവിടേയ പോകേണ്ടത്‌?" എന്ന് പരഞ്ഞ്‌ ഞാന്‍ മോട്ടോര്‍ സൈക്കിളിന്റെ അടുത്തേക്ക്‌ നടന്നു.

"ഓ, ഒരു രണ്ട്‌ കിലോമീറ്റര്‍ അപ്പുറത്ത്‌ പോയാല്‍ മതി. സാര്‍ പോകുന്ന വഴിക്കു തന്നേയാണ്‌." വളരെക്കാലമായി എന്നോടൊപ്പം മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരു സുഹൃത്തിനേപ്പോലെയാണ്‌ അയാള്‍ വണ്ടിയില്‍ കയറിയത്‌. ഉയരം കുറവാണെങ്കിലും ബുള്ളറ്റിന്റെ പിന്‍സീറ്റില്‍ അനായാസമായി കയറിയിരിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു എന്നത്‌ എന്നില്‍ തെല്ലൊരത്ഭുതം ഉളവാക്കി. എന്റെ സുഹൃത്തുക്കളില്‍ ഉയരം കുറഞ്ഞ മിക്കവരും ഈ വണ്ടിയില്‍ കയറാന്‍ ബുദ്ധിബുട്ടിയിട്ടുള്ളകാര്യം ഞാനോര്‍ത്തു.

കഷ്ടിച്ച്‌ രണ്ട്‌ കിലോമീറ്റര്‍ പോയിരിക്കും, പിന്നില്‍ നിന്ന് കല്‍പ്പനയായി, "ഇവിടെ നിര്‍ത്തിയാല്‍ മതി."
നല്ല ഇരുട്ട്‌. ചന്ദ്രന്‍ ഉദിച്ചിട്ടില്ല. ചുറ്റിനും മരങ്ങളല്ലാതെ ഒന്നും കാണാനില്ല. ഇയാളെങ്ങോട്ടണ്‌ പോകുന്നത്‌ എന്ന ചോദ്യം സ്വാഭാവികമായി മനസ്സിലുദിച്ചു. മറുപടിയെന്നോണം അയാള്‍ പറഞ്ഞു, "ഞാനിവിടെ
അടുത്താണ്‌ താമസിക്കുന്നത്‌. ഒരു ചെറിയ കുടില്‍ . ഇന്നിത്ര വൈകിയില്ലേ, മറ്റൊരു ദിവസം നമുക്കവിടെ കൂടാം. സാറ്‌ വിട്ടോളൂ. അല്ലെങ്കില്‍ വീട്ടിലെത്താന്‍ ഒരുപാട്‌ വൈകും."ഞാനെന്തെങ്കിലും പറയുന്നതിനു മുന്‍പ്‌ അയാള്‍ ഇരുട്ടിലേക്ക്‌ നടന്ന് മറഞ്ഞു.

ഞാന്‍ അയാളെ വീണ്ടും കാണുന്നത്‌ കുറേകാലം കഴിഞ്ഞാണ്‌. അതും അസാധാരണമായ രീതിയില്‍. ഈ സംഭവം നടന്നു ഏതാണ്ട്‌ ഒരു വര്‍ഷം കഴിഞ്ഞിരിക്കും. അപ്പോഴേക്ക്‌ പലതും സംഭവിച്ചിരുന്നു. ഞാന്‍ ജോലി മാറി. എനിക്കൊരു വധുവിനെ കണ്ടെത്തുന്നതില്‍ ബന്ധുക്കള്‍ വിജയത്തൊടടുത്തു. മേല്‍പറഞ്ഞ സംഭവങ്ങള്‍ എന്റെ മനസ്സില്‍ നിന്ന് മാഞ്ഞുതുടങ്ങി.
ഒരു ദിവസം കോട്ടയം പട്ടണത്തില്‍ ബസ്സിറങ്ങിയ ശേഷം വീട്ടിലേക്ക്‌ ഓട്ടോറിക്ഷ പിടിക്കാന്‍ ഒരുങ്ങുകയായിരുന്നു. വാഹനം വര്‍ക്ക്ഷോപ്പിലായിരുന്നതിനാല്‍ യാത്ര ശനിയാഴ്ച്ചത്തേക്കു മാറ്റി. രാവിലെ അത്യാവശ്യമായി ആപ്പീസില്‍ പോകേണ്ടിയിരുന്നതിനാല്‍ യാത്ര തിരിച്ചപ്പോള്‍ വൈകിയിരുന്നു. കോട്ടയത്തെത്തിയപ്പോള്‍ സമയം മൂന്നുമണിയൊടടുത്തിട്ടുണ്ടാവും. നല്ല വിശപ്പുണ്ടായിരുന്നു.വല്ലതും കഴിച്ചിട്ടു പോകാം എന്നുവിചാരിച്ചു. വീട്ടിലെത്തിയാല്‍ ചോറുണ്ടാകും. പക്ഷെ ചോറുണ്ണാന്‍ തോന്നുന്ന സമയമല്ലായിരുന്നു. അങ്ങനെ ചിന്തിച്ചു കൊണ്ടു ഞാന്‍ ജങ്ങ്ഷനിലുള്ള ഹോട്ടലിലേക്കു കയറി. വലിയ തിരക്കില്ലായിരുന്നെങ്കിലും ഒഴിഞ്ഞ മേശ അന്വേഷിച്ച്‌ ഉള്ളിലേക്കു
നടക്കുമ്പൊള്‍ തൊട്ടടുത്തു നിന്നൊരു വിളി കേട്ടു.
"രവീ , വാ. ഇവിടെ ഇരിക്കാം."
ഞാന്‍ തിരിഞ്ഞു നൊക്കിയപ്പൊള്‍ കണ്ടത്‌ പുഞ്ചിരിച്ചു കൊണ്ട്‌ എന്നെ നോക്കിയിരിക്കുന്ന തികച്ചും അപരിചിതനായ ഒരു മനുഷ്യനെയാണ്‌. ഏതാണ്ടൊരു മുപ്പത്തഞ്ചു വയസ്സു തോന്നിക്കും.മെലിഞ്ഞതല്ലെങ്കിലും വണ്ണം കുറഞ്ഞ ശരീരം.ഇരു നിറം കറുത്ത മുടി. നെടുകെയും കുറുകെയും വരകളുള്ള തവിട്ടു നിറമുള്ള ഷര്‍ട്ട്‌. ഇരുണ്ട നിറമുള്ള പാന്റ്സ്‌. "മനസ്സിലായില്ലല്ലൊ " എന്നു ഞാന്‍ പറയുന്നതിനു മുന്‍പ്‌ അയ്യള്‍ പറഞ്ഞു ,"പോയി കൈ കഴുകി വരൂ, എന്നിട്ടു സംസാരിക്കാം"

കൈ കഴുകുന്ന സമയത്ത്‌ ഞാന്‍ എന്റെ മനസ്സു ചികഞ്ഞു നോക്കി. അരായിരിക്കും ഈ മനുഷ്യന്‍ ? ഒരെത്തും പിടിയും കിട്ടിയില്ല. ഞാന്‍ കൈ കഴുകി സീറ്റില്‍ വന്നിരുന്ന് അയാളുടെ മുഖത്ത്‌ ശ്രദ്ധയൊടെ നോക്കി. അയാളണെങ്കില്‍ എന്റെ കഷ്ടത വര്‍ധിക്കാനെന്നവണ്ണം ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ഇരിക്കുക മാത്രം ചെയ്തു.

പെട്ടെന്നാണ്‌ ഞങ്ങളുടെ മുന്നില്‍ ഒരു പ്ലേറ്റ്‌ മസാലദോശയുമായി വൈറ്റര്‍ വന്നത്‌. എന്റെ നേര്‍ക്ക്‌ ചൂണ്ടിക്കൊണ്ട്‌ എന്റെ മുന്നിലിരുന്ന 'സുഹൃത്ത്‌ ' പറഞ്ഞു. "ഇത്‌ രവിക്കുള്ളതാ.മസാലദോശയല്ലെ ഫേവററ്റ്."
അതൊരു ചോദ്യമല്ലയിരുന്നു. വെറുമൊരു സ്റ്റേറ്റ്മെന്റ്‌, ഒരു പ്രസ്താവന. ഞാനകപ്പാടെ വിഷമത്തിലായി. എനിക്കെന്താണു ഇഷ്ടമെന്നുപൊലും അറിയാവുന്ന ഈ മനുഷ്യനാര്‌? ഞാന്‍ നേരിട്ടു ചോദിക്കാന്‍ തീരുമാനിച്ചു.

"മനസ്സിലായില്ല അല്ലേ. അത്ഭുതപ്പെടാനില്ല. നമ്മള്‍ ഒരു പ്രാവശ്യമല്ലെ കണ്ടിട്ടുള്ളൂ."
ഇത്‌ എന്റെ മനോവിഷമം വര്‍ദ്ധിപ്പിച്ചതേയുള്ളൂ.ഒരു പ്രാവശ്യം കണ്ട ഇയാള്‍ക്കെങ്ങനെ എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലായി?
"കഴിക്കൂ വിഷമികെണ്ട ഞാന്‍ പറഞ്ഞു തരാം." അയാള്‍ പറഞ്ഞു. "എന്റെ പേര്‌ വേലപ്പന്‍. നമ്മള്‍ ഒരു പ്രാവശ്യമേ ഇതിനു മുന്‍പേ കണ്ടിട്ടുള്ളു. രവി ഒരിക്കല്‍ മൂന്നാറില്‍ നിന്നു ബൈക്കില്‍ വരുമ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് എന്നെ ഭീഷിണിപെടുത്തുകയായിരുന്നു. കൃത്യസമയത്ത്‌ രവി എത്തിയതിനാല്‍ അവര്‍ ഓടിപൊയ്ക്കളഞ്ഞു. കാലം കുറേ അയില്ലേ മറന്നുകാണും."
സംഭവം ഓര്‍മ്മ വന്നപ്പോള്‍ എനിക്കാശ്വാസമായി." ഓ മറന്നിട്ടൊന്നുമില്ല. പെട്ടെന്നു മുഖം ഓര്‍മ്മ വന്നില്ലന്നേയുള്ളൂ. പിന്നെ നിങ്ങളുടെ വേഷവും ആകെ മാറിയിരിക്കുന്നു. അന്നു നല്ല ഇരുട്ടത്ത്‌ കണ്ടതല്ലേ."
"ശരിയാ. പിന്നെ , കാണുന്ന മുഖമെല്ലാം എല്ലാവരും ഓര്‍ത്തിരിക്കണമെന്നുമില്ല. രവി അക്കര്യത്തില്‍ പിന്നിലാണല്ലേ."
അതും ഒരു പ്രസ്ഥാവനയായിരുന്നു. ചോദ്യമല്ലായിരുന്നു. പക്ഷേ അതിന്റെ പ്രസക്തി അപ്പൊഴൊന്നും എനിക്കു പിടികിട്ടിയില്ല.
"വേലപ്പന്‍ കഴിക്കുന്നില്ലേ?" ഞാന്‍ ചോദിച്ചു.
"ഞാന്‍ കഴിച്ചു കഴിഞ്ഞു . അപ്പൊഴാ രവി വന്നത്‌."
ഞാന്‍ അഹാരത്തിലേക്കു ശ്രദ്ധ തിരിച്ചു.
"വേലപ്പനെന്താ ജോലി?" ഞാന്‍ ചോദിച്ചു
"ഞാനോ? ഞാന്‍ എല്ലാ ജോലിയും ചെയ്യും എന്നാല്‍ ഒന്നും ചെയ്യാറുമില്ല."

രസകരമായ മറുപടിക്ക്‌ ഒരു മറുചോദ്യം ചോദിക്കാന്‍ സാധിക്കുന്നതിനു മുന്‍പു തന്നേ വേലപ്പന്റെ വക ചോദ്യം വന്നു.
"പുതിയ ജോലി ഒക്കെ എങ്ങനെ ഉണ്ട്‌?"
ഇതൊരു ചോദ്യമായിരുന്നു. വേലപ്പന്റെ ആദ്യത്തേത്‌. പക്ഷെ ഒരു കുശലം എന്നതില്‍ കവിഞ്ഞ്‌ ഒന്നും ഉണ്ടായിരുന്നില്ല എന്നു തോന്നി.
"തരക്കേടില്ല . കുറച്ചുകൂടി ഭേദപ്പെട്ട ശമ്പളമാണ്‌." ഞാന്‍ പറഞ്ഞു.
"ശമ്പളം കൂടുമ്പോള്‍ ഉത്തരവാദിത്തവും കൂടും. ബുദ്ധിമുട്ടും കൂടും.മുമ്പിലത്തേപോലെ ഒഴിവു സമയം കിട്ടില്ല. ഇനി കുടുംബമൊക്കെ ആവുമ്പോള്‍ പണം കൂടുതല്‍ ആവശ്യമായി വരുമല്ലോ."
എന്റെ വിവാഹമൊക്കെ ശരിയായിവരുന്ന വിവരം ഇയാള്‍ അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ പറയുന്നത്‌ എന്ന സംശയം ഒരു നിമിഷം എന്റെ മനസ്സില്‍ ഉയരുകയും അപ്പോള്‍ തന്നെ ഞാനതിനെ ദൂരെയെറിയുകയും ചെയ്തു.
കാപ്പി വേണോ, ചായ വേണോ,അതോ തണുത്തതെന്തെങ്കിലുമാണോ വേണ്ടത്‌ എന്നു ചോദിച്ചുകൊണ്ട്‌ വൈയ്റ്റര്‍ വന്നു. വേലപ്പന്‍ തന്നെ കല്‍പ്പിച്ചു.
"രണ്ടുപേര്‍ക്കും കാപ്പി മതി. സാറിനതാണിഷ്ടം."
"എങ്ങനെയറിയാം?" എന്നായി ഞാന്‍.
"എങ്ങനെയായാലെന്താ ശരിയല്ലേ?" എന്നു വേലപ്പന്‍. "പോയി കൈ കഴുകി വരൂ അപ്പോഴേക്കും കാപ്പിയെത്തും."
ഞാന്‍ കൈ കഴുകാന്‍ പോയി. ആ സമയത്ത്‌ പല ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നു വന്നു.എന്റെ പേരു ഞാന്‍ ഇയാള്‍ക്ക്‌ പറഞ്ഞുകൊടുത്തിരുന്നോ? എനിക്ക്‌ മസാലദോശയും കപ്പിയുമാണിഷ്ടം എന്ന് ഇയാള്‍ക്കെങ്ങനെ മനസ്സിലായി? ഞാന്‍ പുതിയ ജോലിക്കു മാറിയ കാര്യം ഇയാളെങ്ങനെ മനസ്സിലാക്കി? കുറച്ചാലോചിച്ചപ്പൊ തോന്നി അതൊന്നും വലിയ കാര്യമല്ലെന്ന്. മൂന്നാറിലും മറ്റും പരിചയമുള്ള ആര്‍ക്കും വേണമെന്നുവെച്ചാല്‍ ഒരാളേപ്പറ്റി എന്താണ്‌ കണ്ടുപിടിക്കാന്‍ കഴിയാത്തത്‌? പക്ഷെ ഇയാളെന്തിന്‌ എന്നേപ്പറ്റി ഇത്രയധികം വിവരങ്ങള്‍ അന്വേഷിച്ച്‌ കണ്ടുപിടിക്കണം? ഇയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു പോലീസ് ചാരന്‍ തന്നെയാണോ? ഉത്തരം കിട്ടാത്ത ഇത്തരം പല ചോദ്യങ്ങള്‍ മനസ്സില്‍ അവശേഷിച്ചു.
ഞാന്‍ കൈ കഴുകി ചെന്നപ്പോഴേക്ക്‌ കാപ്പി എത്തിയിരുന്നു. കാപ്പി കുടിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു:
"വേലപ്പനിവിടെ എന്തെടുക്കുകയാ?"
"ഞാനിതുവഴി ഒരിടത്തു പോയതാ. കുറച്ചു സമയം കിട്ടിയപ്പോള്‍ തോന്നി രവിയെ കണ്ടിട്ട്‌ പോകാമെന്ന്."
"ഞാനിതുവഴി വരുമെന്ന്‌ എങ്ങനെ അറിയാമായിരുന്നു?"
"ഹ ഹ ഹ, രവിക്കുതന്നെ അറിയാമല്ലോ, വേണമെന്നു വച്ചാല്‍ ഒരാളേപ്പറ്റി എന്താണു കണ്ടുപിടിക്കന്‍ പറ്റാത്തത്‌?"
ഞാന്‍ ചെറുതായിട്ടെങ്കിലും ഞെട്ടി. അല്‍പ്പം മുന്‍പ്‌ എന്റെ മനസ്സിലൂടെ കടന്നു പോയ അതേ കാര്യമല്ലേ വേലപ്പന്‍ പറയുന്നത്‌? മറ്റൊരു കോയിന്‍സിഡന്‍സ്‌ എന്നതിനപ്പുറം ഒന്നുമുണ്ടാവില്ല എന്നു വിശ്വസിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എത്രെ തവണയായി ഇതുപോലെ സംഭവിക്കുന്നു? ഇയാള്‍ വല്ല മന്ത്രവാദിയൊ മറ്റോ അണോ? പ്രകൃത്യാതീയമായ ഒന്നിലും വിശ്വസിക്കാത്ത എനിക്ക്‌ എന്ത്‌ ചിന്തിക്കണം എന്നറിയാത്ത ഒരവസ്ഥ. എന്തോ അസാധാരണമായത്‌ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ എന്നില്‍ ചെറിയൊരു പരിഭ്രമമുളവാക്കി.
"രവീ, നമുക്കറിയാത്തതായി ഈ ലോകത്തില്‍ , പ്രകൃതിയില്‍ , ഒരുപാട്‌ കാര്യങ്ങളുണ്ട്‌. ശാസ്ത്രം അതിന്റേതായ വഴിയിലൂടെ പലതും കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ആ വഴിയില്‍ മാത്രം ഒതുങ്ങുന്നതല്ല പ്രകൃതി. ശാസ്ത്രത്തെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല. അതു പല ഉള്‍കാഴ്ചകളും നമുക്ക്‌ തരുന്നുണ്ട്‌. എന്നാല്‍ ഇന്നത്തെ പാതയില്‍ പോയാല്‍ ശാസ്ത്രത്തിന്‌ കാണാന്‍ കഴിയാത്ത പലതുമുണ്ട്‌. നാം മറ്റൊരു പാത സ്വീകരിച്ചാല്‍ അവയില്‍ പലതും പെട്ടെന്ന് കണ്ടെത്താന്‍ കഴിയും. ശാസ്ത്രം തന്നെ എന്നെങ്കിലുമൊരിക്കല്‍ ഇവയെ കണ്ടെത്തിക്കൂടായ്കയില്ല. പക്ഷെ ശാസ്ത്രം പഠിച്ചതുകൊണ്ട്‌ എല്ലാമായി എന്നു കരുതുന്നത്‌ തെറ്റാണ്‌. നമ്മുടെ മനസ്സിന്റെ ചെറിയൊരു ഭാഗം മാത്രമേ മിക്ക മനുഷ്യരും ഉപയോഗിക്കുന്നുള്ളൂ. അഞ്ചോ ആറോ ശതമാനം. അരുപതോ എഴുപതോ ശതമാനം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ എന്തെല്ലം നേടാനാവുമെന്ന്‌ ആലൊചിച്ചു നോക്കൂ. ഇത്‌ ആര്‍ക്കു വെണമെങ്കിലും കഴിയുന്ന കാര്യമാണ്‌. അതിനുള്ളാ ആഗ്രഹവും നിശ്ചയദാര്‍ഡ്യവും വേണമെന്നു മാത്രം. രവിക്ക്‌ അത്‌ കഴിയും
അതുകൊണ്ടാണ്‌ രവിയെ കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചത്‌. ഞാനന്ന് പറഞ്ഞതുപോലെ നമുക്കൊരുദിവസം കൂടണം. ഇന്നല്ല. വരുന്ന ഡിസംബര്‍ മാസമാവട്ടെ. തിരുവനന്തപുരത്തു വെച്ചാവട്ടെ. ഞാന്‍ രവിയെ കണ്ടെത്തിക്കൊള്ളാം."
വേലപ്പന്റെ ഈ വാക്കുകള്‍ കേട്ട്‌ ഞാന്‍ സ്തബ്ദനായി ഇരുന്നു പോയി.വീണ്ടും ഇയാള്‍ എന്റെ മനസ്സിലുണര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്ന പോലെ സംസാരിച്ചു എന്നു മാത്രമല്ല, എന്റെ കാഴ്ചപ്പാടുകളിലേക്കു തന്നെ കടന്നു ചെന്നിരിക്കുന്നു. ശാസ്ത്രത്തില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിച്ചു കൊണ്ടുള്ള എന്റെ കാഴ്ചപ്പാടുകളെ പിടിച്ചുലക്കുന്ന തലത്തിലുള്ളതായിരുന്നു ഈ വാക്കുകള്‍. അവയുടെ ഉള്ളടക്കം കൊണ്ടു മാത്രമല്ല, എന്നോടു യാതൊരു ചര്‍ച്ചയും നടത്താതെ അത്ഭുതകരമായി എന്റെ വിശ്വാസങ്ങള്‍ ഗ്രഹിച്ചെടുത്ത്‌ അവയെ തകിടം മറിക്കുന്ന വിധത്തിലുള്ളതായിരുന്നു അവ എന്നതും കൊണ്ടു കൂടി. ഇത്തരം കാര്യങ്ങളില്‍ ലവലേശം താല്‍പര്യം കാണിക്കത്തവരായിരുന്നു എന്റെ സഹപ്രവര്‍ത്തകര്‍, എക്കലാത്തും. അതുകൊണ്ട്‌ മറ്റാരില്‍ നിന്നും ഇതൊന്നും മനസ്സിലാക്കന്‍ വേലപ്പന്‌ കഴിഞ്ഞിട്ടുണ്ടാവില്ല. ഇയാള്‍ക്കെന്റെ മനസ്സു വായിക്കാന്‍ കഴിയുന്നുണ്ടോ എന്ന സംശയമാണു എനിക്ക്‌ പെട്ടെന്നുണ്ടായത്‌.
"മറ്റൊരാളിന്റെ മനസ്സ്‌ വായിക്കുക എന്നു പറയുന്നത്‌ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല രവീ. അത്‌ പോകട്ടെ. കാപ്പിയിരുന്നു
തണുത്തുപോകുന്നു. ഫിനിഷ്‌ യുവര്‍ കോഫി ഫാസ്റ്റ്‌. എനിക്കും പോകാറാകുന്നു."
വേലപ്പന്റെ ഈ വാക്കുകള്‍ എന്നെ വീണ്ടും ചിന്താകുഴപ്പത്തിലാക്കി.അദ്ദേഹത്തില്‍നിന്ന് എന്തുകൊണ്ടോ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാന്തരം ആംഗലഭാഷ. പക്ഷെ അപ്പൊഴേക്കും എനിക്ക്‌ സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയാതായിരുന്നു. വേലപ്പന്‍ പറഞ്ഞത്‌ അനുസരിക്കാന്‍ മാത്രമെ എനിക്ക്‌ കഴിഞ്ഞുള്ളൂ.
കാപ്പി കുടിച്ച്‌ എണീറ്റപ്പോഴേക്കുംവേലപ്പന്‍ ബില്ലു കൊടുത്തു കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയ ശേഷം അടുത്തുള്ള മുറുക്കാന്‍ കടയിലാണ്‌ അദ്ദേഹം നിന്നത്‌. രണ്ട്‌ സിഗരറ്റ്‌ മേടിച്ച്‌ ഒന്ന് എന്റെ നേര്‍ക്ക്‌ നീട്ടി. ഞാന്‍ വല്ലപ്പോഴുമാണ്‌ പുക വലിക്കാറ്‌. അപ്പോള്‍ പുക വലിക്കാന്‍ ശക്തമായി തോന്നുന്നുമുണ്ടായിരുന്നു. അദ്ദേഹത്തിന്‌ എന്റെ മനസ്സിലുള്ളത്‌ അറിയാന്‍ കഴിയുന്നുണ്ടെന്ന് എനിക്ക്‌ ഉറപ്പായി.
ഞങ്ങളവിടെ നിന്ന് പിരിഞ്ഞ ശേഷം ഞാന്‍ സാവധാനം വീട്ടിലേക്ക്‌ നടന്നു.ഏതാണ്ട്‌ മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും ഓട്ടോറിക്ഷയിലോ ബസ്സിലോ പോകാതിരുന്നത്‌ വേലപ്പനേപറ്റിയും എന്റെ അന്നത്തെ അനുഭവങ്ങളേപറ്റിയും ഒന്നു ചിന്തിച്ച്‌ എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണം എന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു. എന്തായലും അതില്‍ കുറേയൊക്കെ ഞാന്‍ വിജയിക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴേക്ക്‌ ഞാന്‍ ചില കാര്യങ്ങള്‍ നിശ്ചയിച്ചുറച്ചിരുന്നു. ഷെര്‍ലക്ക്‌ ഹോംസിനെ വെല്ലുന്ന സിദ്ധികളൊന്നും വേലപ്പന്‌ ലഭിച്ചിട്ടില്ലെന്ന് തീര്‍ച്ച. പിന്നെ എനിക്ക്‌ ചില കാര്യങ്ങള്‍ മനസ്സിലാക്കന്‍ കഴിയുന്നില്ലെങ്കില്‍ അത്‌ എന്റെ കഴിവുകേടാണ്‌. വാട്സണ്‌ ഹോംസാവാന്‍ കഴിയില്ലല്ലോ. എങ്കിലും എനിക്ക്‌ കഴിയുന്നവണ്ണം വേലപ്പനെപറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു.പിന്നീടുള്ള ഏതാനും മസം ഞാന്‍ വളരെ തിരക്കിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ -വാടകവീട്‌ കണ്ടുപിടിക്കുക, നാട്ടിലെ വീടിന്‌ മൈന്റനന്‍സ്‌ പണികള്‍, അങ്ങനെ പലതും. ഒരു വശത്ത്‌ ഉദ്യോഗസംബന്ധമായും നല്ല തിരക്കുണ്ടായിരുന്നു. ഞാന്‍ ഡോക്ടറേറ്റിനു വേണ്ടി തുടങ്ങിവച്ച പണികള്‍ വിവാഹത്തിന്‌ മുന്‍പ്‌ ഒരു ഖട്ടമെത്തിക്കണമെന്ന് എന്റെ ഗൈഡിന്റെ നിര്‍ബന്ധം മറ്റൊരു വശത്ത്‌. ചുരുക്കിപറഞ്ഞാല്‍ പത്രം വായിക്കന്‍ പോലും സമയം കണ്ടെത്താന്‍ കഴിയാത്ത കാലം. എങ്കിലും ഞാന്‍ വേലപ്പന്റെ കാര്യം മറന്നില്ല.

എന്റെ സുഹൃത്തുക്കളോടും ആഹാരം കഴിക്കുന്ന ചായക്കടയിലെ ആള്‍ക്കാരോടും മുറുക്കാന്‍ കടയിലും എല്ലാം ഞാന്‍ ആ മനുഷ്യനെ പറ്റി തിരക്കി. എന്റെ അന്വേഷണങ്ങളുടെ ഫലമായി ഞാന്‍ കണ്ടുപിടിച്ച കാര്യങ്ങള്‍ എന്റെ വിശ്വാസത്തിന്‌, അല്ല, സങ്കല്‍പ്പങ്ങള്‍ക്ക്‌, കടകവിരുദ്ധമായിരുന്നു. ആര്‍ക്കും വേലപ്പനെ പരിചയമില്ല. പലരും ഇങ്ങനെയൊരാളെ കണ്ടിട്ടുള്ളതായി പറഞ്ഞു. ചില കടകളില്‍ അയാള്‍ വല്ലപ്പോഴും വന്ന് സാധനങ്ങള്‍ മേടിക്കാറുള്ളതായും അറിഞ്ഞു. ചിലപ്പോള്‍ കുറേ കാലത്തേക്കു കാണാറില്ല. എന്നാല്‍ അയാളെ പറ്റി ആര്‍ക്കും കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അയാള്‍ക്ക്‌ എന്താണ്‌ ഉദ്യോഗമെന്നോ, എവിടേയാണ്‌ താമസമെന്നോ, ഏത്‌ നാട്ടുകാരനാണെന്നോ ആര്‍ക്കും അറിയില്ല എന്നത്‌ വിശ്വസിക്കാന്‍ പോലും ബുദ്ധിമുട്ട്‌ തോന്നി. എന്റെ നിഗമനങ്ങെളെല്ലാം തെറ്റി എന്നൊരു തോന്നല്‍ മനസില്‍ ക്രമേണ വളര്‍ന്നുവന്നു. വേലപ്പന്‍ ഒരു പ്രഹേളികയായി തീരുകയായിരുന്നു. ഈ വിശ്വാസം എന്നില്‍ എത്രമാത്രം മാറ്റമുണ്ടാക്കി എന്ന് എനിക്ക്‌ തന്നെ മനസ്സിലായത്‌ പിന്നീട്‌ വേലപ്പനെ കണ്ടപ്പോഴാണ്‌.

ഡിസംബര്‍ മാസം തിരുവനന്തപുരത്ത്‌ ഒരു കോണ്‍ഫറന്‍സ്‌. എന്റെ മേലുദ്യോഗസ്ഥന്‍ പങ്കെടുക്കാനിരുന്നതാണ്‌. എന്നാല്‍ കമ്പനി സംബന്ധമായി ഒരത്യാവശ്യ കാര്യത്തിന്‌ കല്‍കത്തയില്‍ പോകേണ്ടിവന്നതിനാല്‍ എന്നോട്‌ പങ്കെടുക്കാന്‍ ആവശ്യപെട്ടു. എനിക്കാണെങ്കില്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല. അതിനു മുന്‍പ്‌ ഇത്തരം കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിട്ടില്ല. വിഷയങ്ങള്‍ പഠിച്ച്‌ തയാറെടുക്കാന്‍ ദിവസങ്ങളില്ല.ഒപ്പം നല്ല ജോലിത്തിരക്കും.കമ്പനി കാര്യങ്ങളില്‍ പലപ്പോഴും ഇതു തന്നേയാണവസ്ഥ. പോകാന്‍ പറഞ്ഞാല്‍ പോയേ പറ്റൂ.വ്യാഴം, വെള്ളി, ശനിയാണ്‌ കോണ്‍ഫറന്‍സ്‌. ശനിയാഴ്ച്ച നല്ലൊരു ഡിന്നര്‍. ഞായറാഴ്ച്‌ സ്ഥലം വിടാം. ജനുവരിയില്‍ വിവാഹമാണ്‌. മുകളില്‍ സൂചിപ്പിച്ചതുപോലെ നൂറുകൂട്ടം കാര്യങ്ങളാണ്‌ മനസ്സില്‍. ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളോരോന്നും മനസ്സില്‍ എണ്ണിക്കൊണ്ടായിരുന്നു യാത്ര. ഇടയ്ക്ക്‌
ഡോക്ടറേറ്റിന്റെ കാര്യങ്ങളും വേലപ്പന്‍ എന്ന പ്രഹേളികയും മനസ്സില്‍ കടന്നുവരാതിരുന്നില്ല. വേലപ്പനെ മനസ്സില്‍ നിന്ന് ബലമായി ഒഴിവാക്കി. മറ്റു കാര്യങ്ങള്‍ ആവശ്യത്തിലധികം ഉണ്ടായിരുന്നല്ലോ.
കോണ്‍ഫറന്‍സ്‌ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നുപോയി. അവിടെ കണ്ടവരാരും പരിചിതരായിരുന്നില്ല. ചെറുപ്പക്കാരായ രണ്ടു പേരെ പരിചയപ്പെട്ടു. അസമില്‍ നിന്നൊരു നാഗാര്‍ജുന. പകുതി ആന്ധ്രാക്കരന്‍. പക്ഷെ സംസാരതിലും കാഴ്ചയിലും തനി അസമി. ഓ.എന്‍.ജി.സിയില്‍ ഉദ്യോഗസ്ഥനായിരുന്ന അഛന്‍ അസമില്‍ തന്നെ താമസമാക്കിയത്രെ. പിന്നെ മുംബൈയില്‍ നിന്ന് ഒരു ചൌധരി. ബാംഗളൂരില്‍ നിന്നൊരു മലയാളി - രാജേന്ദ്രന്‍. വേലപ്പനെ ഓര്‍മ വന്നു. അതുപോലെ മെലിഞ്ഞ ശരീരപ്രകൃതി. ഉയരവും തഥൈവ. വേലപ്പന്‍ തിരുവനന്തപുരത്തുവച്ച്‌ കണാമെന്നാണ്‌ ഒടുവില്‍ പറഞ്ഞത്‌ എന്ന കാര്യം ഞാനോര്‍ത്തു. ഇവിടെ എത്തുമോ എന്ന ഒരു ശങ്കയും മനസ്സില്‍ ഉദിക്കാതിരുന്നില്ല.

കമ്പനിയില്‍ നിന്ന് ഒരു സീനിയര്‍ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. വാസ്തവത്തില്‍ എന്റെ മേലുദ്യോഗസ്ഥന്റെ സ്ഥാനത്ത്‌ വന്നത്‌ അദ്ദേഹമാണെന്ന് പിന്നീടാണ്‌ എനിക്ക്‌ മനസ്സിലായത്‌. കമ്പനി ഈ കോണ്‍ഫറന്‍സിന്‌ കൂടുതല്‍ പ്രധാന്യം കല്‍പിച്ചിരിക്കുന്നു എന്നര്‍ഥം. ഞാന്‍ പങ്കെടുത്തത്‌ ഒരു ട്രെയിനിയെപോലെ മാത്രം; ഭാവിയില്‍ ഇത്തരം കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കനുള്ള അവസരം. സത്യത്തില്‍ ആശ്വാസമായി.

ശനിയാഴ്ച്ച ഉച്ചതിരിഞ്ഞുള്ള ആദ്യത്തെ സെഷനോടുകോടി പ്രധാന പരിപാടികള്‍ മുഴുവനും തീര്‍ന്നു. എടവേളയില്‍ നാഗാര്‍ജ്ജുയും ചൌധരിയുമൊത്ത്‌ ചായ കുടിച്ചുകൊണ്ട്‌ നില്‍ക്കുന്ന സമയം. രാജേന്ദ്രന്‍ അരോടോ സംസാരിച്ചുകൊണ്ട്‌ മറ്റൊരിടത്ത്‌ നില്‍ക്കുന്നു. ആരോ എന്റെ തോളത്ത്‌ തട്ടി പറഞ്ഞു, "Excuse me, just a minute please."(ദയവു ചെയ്ത്‌ ഒരു നിമിഷം). ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത്‌ നല്ല സ്മാര്‍റ്റ്‌ ആയി ഡ്രസ്സ്‌ ചെയ്ത ഒരു മധ്യവയസ്കനെയാണ്‌. ഏതാണ്ട്‌ രാജേന്ദ്രനെപ്പോലെ. മുഖത്ത്‌ വിസ്ത്രുതമായ പുഞ്ചിരി. എന്റെ ഹൃദയമിഡിപ്പ്‌ ഒരു നിമിഷത്തേക്ക്‌ നിന്നു പോയോ എന്ന് സംശയം - വേലപ്പന്‍!
" സംശയിക്കേണ്ട ഞാന്‍ തന്നെ ഇവിടെ വച്ച്‌ കാണാമെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ?" എനിക്കെന്തെങ്കിലും ചോദിക്കാന്‍ പറ്റുന്നതിനുമുന്‍പ്‌ അദ്ദേഹം പറഞ്ഞു."ഇനി അവസാനത്തെ സെഷനുവേണ്ടി നില്‍ക്കേണ്ട. നമുക്കു പോകാം." വേലപ്പന്‍ അതുപറയുമ്പോഴും ഞാന്‍ അത്ഭുതസ്തബ്ധനായി നോക്കിക്കൊണ്ടു നില്‍ക്കുകയായിരുന്നു. ഒന്നും പറയാന്‍ പറ്റാത്ത ഒരവസ്ഥ.
"എന്താ രവീ സംശയിച്ച്‌ നില്‍ക്കുന്നത്‌? ഞാന്‍ പൊന്മുടിയില്‍ താമസം ശരിയാക്കിയിട്ടുണ്ട്‌. നമുക്ക്‌ നേരെ അങ്ങോട്ടു പോകാം. നാളെ കാലത്ത്‌ തിരികെ നാട്ടിലേക്കു പോകുകയും ചെയ്യാം. വരൂ."

എന്തുകൊണ്ടോ എനിക്ക്‌ മറുത്തൊന്നും പറയാന്‍ തോന്നിയില്ല. ഞാന്‍ പുതിയ സുഹൃത്തുക്കളോടൊരു വാക്ക്‌ പറഞ്ഞിട്ട്‌ വേലപ്പനോടൊപ്പം ഇറങ്ങി. ഒരു നൂറുകൂട്ടം ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഞാനിവിടെയുണ്ടെന്ന് വേലപ്പന്‍ എങ്ങനെ മനസ്സിലാക്കി? എന്തിനാണ്‌ പൊന്മുടിയിലേക്ക്‌ പോകുന്നത്‌? ഈ സമയത്ത്‌ എങ്ങനെയാണ്‌ പോവുക? ഇതിനൊക്കെ പണം എവിടുന്ന് കിട്ടി? എന്നിങ്ങനെ പലതും. പക്ഷെ ചോദിച്ചില്ല. വേലപ്പനെപറ്റിയുള്ള ദുരൂഹത അവസാനിപ്പിക്കനുള്ള ഒരവസരമായി ഞാനിത്‌ മനസ്സില്‍ കരുതിയിരിക്കണം. മാത്രമല്ല അയാളെന്നെ എന്തിന്‌ ഉപദ്രവിക്കണം? അയാള്‍ക്ക്‌ ദുരുദ്ദേശങ്ങളൊന്നും ഉണ്ടാവാനിടയില്ലെന്ന് എനിക്ക്‌ തോന്നിയിരുന്നു.
യാത്രാമധ്യേ വേലപ്പന്‍ തിരുവനന്തപുരത്തേപറ്റിയും കേരളചരിത്രത്തേപറ്റിയും ഒക്കെ സംസാരിച്ചു. മനുഷ്യസമൂഹം എങ്ങനെ പരിണമിക്കും എന്ന പ്രശ്നമുന്നയിച്ചു. എനിക്കു വലിയ നിശ്ചയമുള്ള വിഷയമല്ലെങ്കിലും പത്രമാസികകളില്‍ വായിച്ചുള്ള പരിമിതമായ അറിവിനെ അടിസ്ഥാനമാക്കി ഞാനെന്തൊക്കെയോ പറഞ്ഞു. വേലപ്പന്‍ ചിരിച്ചതേയുള്ളൂ. ശാസ്ത്രതേക്കാള്‍ രസകരമായതാണ്‌ മനുഷ്യനുമായി ബന്ധപ്പെട്ട ചരിത്രം പോലുള്ള വിഷയങ്ങള്‍ എന്നൊരഭിപ്രായവും അദ്ദേഹം പാസാക്കി. അവ അരസികമായി തോന്നുന്നത്‌ ആ വിഷയങ്ങള്‍ പഠിപ്പിച്ചതിന്റെ തകരാറാണെന്നും അദ്ദേഹം പറഞ്ഞു. വനപ്രദേശമെത്തിയപ്പോള്‍ വനങ്ങളേയും അവയിലെ സസ്യമൃഗാദികളേയും പറ്റി വേലപ്പന്‍ സംസാരിച്ചു. ഇതൊക്കെ പറയാനാണോ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നത്‌ എന്നായിരുന്നു എന്റെ സംശയം.
ഒടുവില്‍ ഞങ്ങള്‍ പൊന്മുടിയിലെത്തി. കാറില്‍ നിന്നെറെങ്ങി ഞങ്ങള്‍ നേരെ പോയതൊരു കോട്ടേജിലേക്കണ്‌. വേലപ്പന്‍ നേരത്തേ തന്നെ എല്ലം തെയ്യാറാക്കിയിരിക്കുന്നു.
"പോയി കുളിച്ച്‌ വേഷം മാറി വരൂ. എന്നിട്ട്‌ നമ്മുക്ക്‌ അഹാരം കഴിക്കാം. ഞാനിതാ വരുന്നു" എന്നു പറഞ്ഞ്‌ അദ്ദേഹം നേരെ പുറത്തോട്ടിറങ്ങി.
ഞാനൊന്ന് ചുറ്റും കണ്ണോടിച്ചു. വേലപ്പന്റെ തുണിസഞ്ചി മേശപ്പുറത്തുണ്ട്‌. രണ്ടു കട്ടിലുകളിലും മെത്ത ഭംഗിയായി വിരിച്ചിരിക്കുന്നു. ആരും ഉപയോഗിച്ച മട്ടില്ല. മേശക്കരികിലായി കിടന്ന കസേരയില്‍ ഞാനിരുന്നു. സാഹചര്യത്തെ മൊത്തത്തിലൊന്നു വിലയിരുത്താന്‍ ശ്രമിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഇയാളെന്തിനാണ്‌ എന്നെ ഇവിടെ കൊണ്ടുവന്നതെന്നതിന്‌ ഒരു സൂചനപോലുമില്ല. പിന്നെ ഞാനാലോചിച്ചത്‌ അങ്ങേയറ്റം എനിക്കെന്ത്‌ നഷ്ടം വരാം എന്നണ്‌. കയ്യില്‍ കാര്യമായൊന്നുമില്ല. മറ്റൊരുതരത്തിലും വേലപ്പനെന്നെ ഉപദ്രവിക്കന്‍ സാധ്യതയില്ല. അദ്ദേഹത്തെ പറ്റി അങ്ങനെയൊക്കെ ചിന്തിക്കുന്നത്‌ തന്നെ കഷ്ടമാണെന്നു തോന്നി. വേണമെങ്കില്‍ ആദ്യം കണ്ട അവസരത്തില്‍ തന്നെ അയാള്‍ക്ക്‌ എന്റെ കയ്യിലിരുന്ന പണം തട്ടി എടുക്കാമായിരുന്നു. അന്നാണെങ്കില്‍ വീട്ടില്‍ പോകുന്ന അവസരമായിരുന്നതുകൊണ്ട്‌ എന്റെ കൈവശം കുറേ പണവുമുണ്ടായിരുന്നു. എന്തായലും ഇതുവരെ എത്തി. ഇനി അധികം താമസിയാതെ രഹസ്യങ്ങളെല്ലം തീരും. അങ്ങനെ സമാധാനിച്ചുകൊണ്ട്‌ ഞാന്‍ വേഷം മാറി കുളിക്കാന്‍ പോയി.
കുളി കഴിഞ്ഞു വന്നപ്പോള്‍ വേലപ്പന്‍ മുറിയില്‍ ഉണ്ടായിരുന്നു. എന്തോ ഗാഢമായി ചിന്തിച്ചുകൊണ്ടാണിരിപ്പ്‌. അദ്ദേഹം വേഷമെല്ലാം മാറി ഒരു കൈലിയും റ്റീഷര്‍ട്ടും ധരിച്ചിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ അലോസരപെടുത്താതെ കട്ടിലിന്റെ ഒരറ്റത്ത്‌ തോര്‍ത്തുവിരിച്ചശേഷം അദ്ദേഹമിരിന്നിരുന്ന കട്ടിലിന്റെ ഒരുവശത്തായി ഇട്ടിരുന്ന ഒരു കസേരയില്‍ ഇരുപ്പായി. ഏതാണ്ട്‌ ഉടനെ തന്നെ വേലപ്പന്‍ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.
"ഇപ്പൊ ഫ്രഷ്‌ ആയി, ഇല്ലേ.
ആഹാരം പറഞ്ഞിട്ടുണ്ട്‌. അതു വരുന്നതിനു മുന്‍പേ ഒരു ബിയറായാലോ? രവിക്കിഷ്ടമല്ലേ? ഒന്ന് റിലാക്സ്‌ ചെയ്യാം." എന്നുപറഞ്ഞുതേര്‍ന്നില്ല, അപോഴേക്ക്‌ രണ്ട്‌ കുപ്പി ബിയറും രണ്ട്‌ ബിയര്‍ മഗ്ഗും ഒരു പ്ലേറ്റില്‍ ക്ലബ്ബ്‌ മിക്സ്ചറുമായി ബെയററെത്തി. അയാള്‍ ട്രേ മേശപ്പുറത്ത്‌ വച്ച്‌ കുപ്പികള്‍ തുറന്ന് ബിയര്‍ മഗ്ഗുകളില്‍ ഒഴിച്ച്‌ വച്ചു.
"ഒരു സുഖയാത്രക്കായി" എന്നാണ്‌ വേലപ്പന്‍ ബിയര്‍ കയ്യിലെടുത്തുകൊണ്ട്‌ പറഞ്ഞത്‌. ഞാനും ചിയേര്‍സ്‌ പറഞ്ഞ്‌ ബിയര്‍ നുകന്നു.
"കല്യാണിയാണ്‌ എനിക്കതാണിഷ്ടം." എന്നു വേലപ്പന്‍ പറഞ്ഞപ്പോള്‍ ഞാനോര്‍ത്തു എനിക്കേതായലും വിത്യാസം അറിയില്ലല്ലോ എന്ന്. ഒരുപക്ഷെ അതറിഞ്ഞുകൊണ്ടാണോ വേലപ്പന്‍ എന്റെ ഇഷ്ടത്തിന്റെ കാര്യം ചോദിക്കത്തത്‌? എന്തായലും എന്റെ സംശയങ്ങള്‍ ഇനി നീട്ടിക്കൊണ്ടുപോകാന്‍ വയ്യ എന്നെനിക്കു തോന്നി. എന്താണ്‌ ഈ വരവിന്റെ ഉദ്ദേശ്യം? നേരിട്ട്‌ ചോദിക്കാന്‍ സമയമായി.
"എന്തിനാണ്‌ എന്നെ ഇങ്ങോട്ട്‌ കൂട്ടിക്കൊണ്ടുവന്നത്‌? ഇങ്ങനെ ബിയറടിച്ചു കൂടാനല്ല എന്നെനിക്കറിയാം. ഈ സസ്പെന്‍സ്‌ നീണ്ടുപോകുന്നു." ഒരൊ സ്പൂണ്‍ ക്ലബ്ബ്‌ മിക്സ്ചര്‍ വായിലിട്ടുകൊണ്ട്‌ ഞാന്‍ പറഞ്ഞു.
"രവി കുറച്ചുകൂടി ക്ഷമിക്കൂ. ഇനി ഏതാനും മണിക്കൂര്‍ കഴിയുമ്പോഴേക്ക്‌ എല്ലാം മനസ്സിലാകും. നമുക്ക്‌ അതിനുമുന്‍പ്‌ അഹാരം കഴിക്കണം. അല്‍പസമയം പുറത്തിറങ്ങി നക്ഷത്രങ്ങളും അകാശങ്ങളും മറ്റും കാണാം. നല്ല തണുപ്പുണ്ടല്ലേ. ഈ ആല്‍ക്കഹോള്‍ അതിന്‌ സഹായിക്കും. നാളെ രാവിലെ
ആഹാരം കഴിച്ചിട്ട്‌ തിരികെ പോകാം. ഉച്ചയ്ക്കുള്ള ട്രെയിനില്‍ വീട്ടിലേക്ക്‌ പോകുകയുമാകാം. എല്ലാം ഞാന്‍ കൃത്യമായി പ്ലാന്‍ ചെയ്തിട്ടുണ്ട്‌. ഇപ്പൊഴിതടിക്ക്‌."
"വാസ്തവത്തില്‍ വേലപ്പന്‍ എന്ത്‌ ജോലിയാണ്‌ ചെയ്യുന്നത്‌?" ഞാന്‍ ചോദിച്ചു.
"ഇതൊക്കെ എന്റെ ജോലിയാണെന്നു വച്ചോളൂ. പിന്നെ പണത്തിന്റെ കാര്യമാണെങ്കില്‍ എനിക്കതിന്‌ വലിയ ബുദ്ധിമുട്ടൊന്നുമില്ല. കുടുംബപരമായി കുറേ സ്വത്തൊക്കെ കിട്ടി. അതൊക്കെ ആരെങ്കിലും ചിലവാക്കണ്ടേ? എന്തായലും ഇന്നത്തെ ചിലവു മുഴുവനും എന്റെ വകയാണ്‌. അതിനെ പറ്റി രവി വിഷമിക്കേണ്ട."
"എവിടേയാണ്‌ സ്വദേശം?" ഞാന്‍ ചോദിച്ചു.
"ഞാന്‍ ജനിച്ചത്‌ തൃശ്ശൂരാണ്‌. എന്നുവച്ച്‌ അത്‌ സ്വദേശമാണെന്നു പറയാമോ എന്നെനിക്കറിയില്ല.വളര്‍ന്നതും പഠിച്ചതുമൊക്കെ പലയിടത്തായിരുന്നു. തൃശൂരിപ്പൊ ആരുണ്ടെന്ന് അറിയില്ല. അറിയാന്‍ ശ്രമിച്ചതുമില്ല."
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വേലപ്പന്‍ തന്നേപറ്റി സംസാരിക്കുന്നത്‌ കേട്ടപ്പോള്‍ അദ്ഭുതം തോന്നി. ആശ്വാസവും. ഒന്നുമില്ലെങ്കിലും ഇയാളും ഒരു മനുഷ്യന്‍ തന്നെയാണല്ലോ.
"ഏതായിരുന്നു ഡിഗ്രിക്ക്‌ വിഷയം?" ഞാന്‍ ചോദിച്ചു.
"ഭൌതികശാസ്ത്രം. ഫിസിക്സ്‌ . അതുകഴിഞ്ഞ്‌ എം.എസ്സിയും എം.ഫിലും അതേ വിഷയത്തില്‍ തന്നെ. ആസ്ട്രോഫിസിക്സായിരുന്നു. ഡോക്റ്ററേറ്റിന്‌ ചേര്‍ന്നതാ. പകുതിക്ക്‌ വച്ച്‌ നിര്‍ത്തി. അതിനേക്കാള്‍ രസകരമായത്‌ പലതും കണ്ടു. അവ എന്നെ ശക്തിയായി ആകര്‍ഷിച്ചു. ഒരു കണക്കിനു ഭൌതികശാസ്ത്രത്തിലെ പഠനങ്ങള്‍ തന്നെയാണ്‌ എന്നെ ഇവിടെ എത്തിച്ചത്‌. അതൊരു രസകരമായ കഥയാണ്‌. പറഞ്ഞുതുടങ്ങിയാല്‍ ഇന്നൊന്നും തീരില്ല. മറ്റൊരവസരത്തിലാവാം. നമുക്കിപ്പോള്‍ അഹാരം കഴിക്കാം."
എനിക്ക്‌ അദ്ദേഹത്തോടുള്ള ബഹുമാനം വളരേ വര്‍ദ്ധിച്ചു. ഭൌതികശാസ്ത്രം എന്നെ എക്കാലത്തും ആകര്‍ഷിച്ചിരുന്ന വിഷയമായിരുന്നു. എനിക്ക്‌ കെമിസ്ട്രിയില്‍ കൂടുതല്‍ മാര്‍ക്കുണ്ടായിരുന്നതുകൊണ്ട്‌ എന്റെയൊരു അധ്യാപകന്‍ പറഞ്ഞതനുസരിച്ചാണ്‌ ഞാന്‍ ആ വിഷയം എടുത്തത്‌. എങ്കിലും ഭൌതികശാസ്ത്രത്തില്‍ ഞാന്‍ ധാരാളം വായിച്ചിരിക്കുനു.
"എന്റെ ഫേവറേറ്റ്‌ വിഷയമായിരുന്നു ഫിസിക്സ്‌." ഞാന്‍ പറഞ്ഞു. "അതും ആസ്ട്രോഫിസിക്സ്‌."
"അറിയാം പക്ഷേ കെമിസ്ട്രിയോട്‌ വിരോധമൊന്നുമില്ലല്ലോ. എന്റെ കാര്യം അങ്ങനെയല്ലായിരുന്നു. കെമിസ്ട്രി വിഷമിച്ചാണ്‌ പഠിച്ചത്‌. ഒടുവില്‍ മോശമല്ലാത്ത മാര്‍ക്ക്‌ മേടിച്ചെങ്കിലും അതിനായി നല്ലവണ്ണം കഷ്ടപെട്ടു."
"ആസ്ട്രോഫിസിക്സും കോസ്മോളൊജിയുമൊക്കെ ഹരം കൊണ്ടു നടന്നിരുന്നു ഒരു കാലത്ത്‌." വേലപ്പന്‍ തുടര്‍ന്നു. "പക്ഷെ ഫിസിക്സ്‌ കൂടുതലായി പഠിച്ചപ്പോഴാണ്‌ ഇതെങ്ങോട്ടാണ്‌ പോകുന്നത്‌ എന്നാലോചിച്ചുതുടങ്ങിയത്‌. പരമാണുക്കളില്‍നിന്ന് ഇലക്ട്രോണ്‍, പ്രോട്ടോണ്‍, തുടങ്ങിയ പ്രാഥമിക കണങ്ങളിലേക്കും അവിടെനിന്ന് ക്വാര്‍ക്കുകളിലേക്കും പിന്നെയങ്ങോട്ട്‌ സങ്കല്‍പത്തിനതീതമായ
നിരവധി മാനങ്ങളുള്ള സൂപ്പര്‍സ്ട്രിങ്ങുകളിലേക്കും ഒക്കെ പോയിട്ട്‌ നമുക്കെന്താണ്‌ മനസ്സിലായത്‌? പ്രപഞ്ചത്തിന്റെ കാര്യമെടുത്താലോ, ലാമാര്‍ക്കുമുതല്‍ ഗോമോവും ഹോയ്ലും പെന്റോസും എല്ലാവരും ചേര്‍ന്ന് എന്ത്‌ മനസ്സിലാക്കി തന്നു? തോണി ഇപ്പൊഴും തിരുനക്കരെ തന്നെയല്ലേ?"
ഞാന്‍ പ്രതിഷേധിച്ചു. സ്പേസിന്റെ സ്വഭാവത്തേപറ്റിയും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപറ്റിയും നമുക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യങ്ങളെ നിസ്സാരമായി തള്ളാന്‍ കഴിയില്ലെന്നു ഞാന്‍ വാദിച്ചു.
"ശരിയാണ്‌." വേലപ്പന്‍ പറഞ്ഞു. "സങ്കീര്‍ണ്ണമായ സിദ്ധാന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. പലതും സാധാരണക്കാരന്‌ മനസ്സിലാക്കാന്‍ തന്നെ പ്രയാസമാണ്‌.എങ്കിലും ഞാനൊന്നുരണ്ട്‌ ചോദ്യങ്ങള്‍ ചോദിക്കട്ടെ. പ്രപഞ്ചം എങ്ങിനേയാണ്‌ ഉണ്ടായത്‌?"
"ഇപ്പോഴത്തെ വിശ്വാസമനുസരിച്ച്‌......"
ഞാന്‍ പറഞ്ഞുതുടങ്ങിയപ്പോഴേക്ക്‌ വേലപ്പന്‍ ഇടപെട്ടു: "അതെ ഇപ്പോഴത്തെ വിശ്വാസം. പഴയ വിശ്വാസത്തിനു പകരം പുതിയൊരു വിശ്വാസമുണ്ടായി. നാളെ ഒരുപക്ഷെ മറ്റൊരു വിശ്വാസമായിരിക്കും ഉണ്ടായിരിക്കുക. അതാണ്‌ ശാസ്ത്രത്തിന്റെ വഴി. മാറി മാറി വരുന്ന വിശ്വാസങ്ങളില്‍ ഏതാണ്‌ സത്യം എന്ന് ആര്‍ക്കറിയാം? ഒരിക്കല്‍ മനുഷ്യനു അറിയാന്‍ പറ്റുമോ? അതു തന്നെ അറിയില്ല. മനുഷ്യനേക്കാള്‍ കോടിക്കണക്കിന്‌ മടങ്ങ്‌ വലുതായ പ്രപഞ്ചത്തെപറ്റിയോ അത്രതന്നെ മടങ്ങു ചെറുതായ പ്രാഥമിക കണങ്ങളുടെ ഖടനയേപറ്റിയോനമുക്കൊന്നും മനസ്സിലായിട്ടില്ല. നാമെന്തൊക്കെയോ സങ്കല്‍പ്പിക്കുന്നു എന്നു മാത്രം. അതല്ലേ ശരി?"
എനിക്ക്‌ വേലപ്പനോട്‌ കുറേയൊക്കെ യോജിക്കേണ്ടതായി വന്നു. എങ്കിലും ആ വാദം പൂര്‍ണമായി വിട്ടുകൊടുക്കാന്‍ ഞാന്‍ തെയ്യാറായില്ല. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആഹാരമെത്തി. വെജിറ്റബ്ലെ പുലാവും സലാഡും.
"ഇന്നല്‍പ്പം ലൈറ്റായിട്ട്‌ കഴിക്കാം. വയറു നമ്മേ ശല്യം ചെയ്യില്ല." വേലപ്പന്‍ പറഞ്ഞു. പൊതുവേ നിശ്ശബ്ദരായിരുന്നാണു ഞങ്ങള്‍ ആഹാരം കഴിച്ചത്‌.
വേലപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അയവറുത്തു. എന്റെ മനസ്സിന്റെ അടിത്തട്ടിലെവിടേയോ ഇത്തരം ചിന്തകള്‍ ഒളിഞ്ഞു കിടന്നിരുന്നില്ലേ? ശാസ്ത്രത്തിന്റെ തലത്തിന്‌ പുറത്ത്‌ എന്തൊക്കെയോ ഉണ്ടെന്നുള്ള തോന്നല്‍ എപ്പോഴൊക്കെയോ എന്നെ അലട്ടിയിരുന്നില്ലേ? അപ്പൂപ്പന്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ വകയിലൊരു അമ്മാവന്‍ ഒന്നുമറിയാതെ വന്നു കയറിയതോര്‍ത്തു. തിരുവനന്തപുരത്തുനിന്നുവന്ന് ബസ്‌ സ്റ്റാന്റില്‍ ഇറങ്ങിയപ്പോള്‍ വെറുതെ ഇവിടെവരെ വരണമെന്ന് തോന്നി എന്നാണ്‌ അമ്മാവന്‍ പറഞ്ഞത്‌. പക്ഷെ ബന്ധുക്കളാരെങ്കിലും മരിക്കരായി കിടക്കുമ്പോള്‍ അദ്ദേഹമിങ്ങനെ വരുന്നത്‌ പതിവാണെന്ന്‌ പിന്നീട്‌ മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞു. എന്റെ ഒരു കസിന്‍ ചെറിയൊരു അപകടത്തില്‍ പെട്ടപ്പോള്‍ അമ്മൂമ്മ ഫോണ്‍ ചെയ്ത്‌ അവനെങ്ങനെയുണ്ട്‌ എന്ന് ചോദിച്ചത്‌ ഓര്‍മ്മ വന്നു. അടുത്ത്‌ വീട്ടില്‍ താമസിച്ചിരുന്ന തോമസ്‌ സര്‍ ബോംബയില്‍ വച്ച്‌ ഹൃദയസ്തംഭനം മൂലം മരിച്ച ദിവസം അദ്ദേഹത്തിനോട്‌ വളരേ അടുപ്പമുണ്ടായിരുന്ന നായ ആഹാരം കഴിക്കാതെ കരഞ്ഞു കൊണ്ട്‌ നടന്നതും ഓര്‍മ്മിച്ചു. ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിരിക്കും. മിക്കവരും ഇതൊക്കെ കുറച്ചുനാള്‍ കഴിയുമ്പോള്‍ മനസ്സില്‍നിന്ന് മാറ്റിവക്കും. എന്നാല്‍ എനിക്ക്‌ ഒട്ടും മനസ്സിലാക്കാന്‍ കഴിയാത്ത്‌ ഇത്തരം കാര്യങ്ങള്‍ ഇടയ്ക്കിടയ്ക്ക്‌ എന്നെ അലട്ടികൊണ്ടിരുന്നു. ഒരു ശാസ്ത്രവിദ്യാര്‍ത്ഥി എന്ന നിലയ്ക്ക്‌ ഈ വസ്തുതകളെ ഉള്‍കൊള്ളാനും, എന്നാല്‍ ഇതൊക്കെ യാദൃഛികം മാത്രം എന്നുപറഞ്ഞ്‌ തള്ളികളയാനും എനിയ്ക്ക്‌ ബുദ്ധിമുട്ട്‌ തോന്നി. എന്തിന്‌, വേലപ്പനെ ആദ്യമായി കണ്ടതുമുതല്‍ അദ്ദേഹത്തോടിടപെട്ട സന്ദര്‍ഭങ്ങളിലെല്ലാം എനിക്കുണ്ടായിട്ടുള്ള അസാധാരണമായ അനുഭവങ്ങളുമായിത്തന്നെ എങ്ങനെ താദാത്മ്യപെടും എന്നെനിക്കറിയില്ലായിരുന്നു. അക്കാര്യം ഏതായലും വേലപ്പനോടു തന്നെ ചോദിക്കാന്‍ തീരുമാനിച്ചു.
ചിന്തകള്‍ ഇത്രത്തോലമായപ്പോഴേക്ക്‌ വേലപ്പന്‍ കഴിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം പാത്രങ്ങളെല്ലാം ഒരു വശത്തേയ്ക്ക്‌ മാറ്റി വെച്ചിട്ട്‌ പോയി കൈ കഴുകി തിരികെ വന്ന് എന്റെ മുന്നില്‍ നിന്നു."രവി പോയി കൈ കഴുകി വരൂ. നമുക്ക്‌ പത്തു മിനിറ്റ്‌ പുറത്തിറങ്ങി നടന്നിട്ട്‌ വരാം. തണുപ്പുണ്ടാകും. വേണമെങ്കില്‍ പുതയ്ക്കാന്‍ ഒരു ഷോള്‍ തരാം." എന്നു പറഞ്ഞുകൊണ്ട്‌ അദ്ദേഹം തന്റെ സഞ്ചിയില്‍നിന്ന് രണ്ട്‌ കമ്പിളി ഷോളുകള്‍
പുറത്തെടുത്തു. ഞാന്‍ കൈ കഴുകി വന്ന് അവയിലൊന്നെടുത്ത്‌ കഴുത്തില്‍ചുറ്റി വേലപ്പനോടൊപ്പം പുറത്തിറങ്ങി.
"നല്ല തണുപ്പുണ്ടല്ലേ. സാരമില്ല. ഇക്കാലത്തു മാത്രമേ ആകാശം ഇതുപോലെ കാണാന്‍ കഴിയൂ. ഈ സമയങ്ങളില്‍ ആകാശം മിക്കപ്പോഴും തെളിഞ്ഞിരിക്കും. അതുകൊണ്ട്‌ നക്ഷത്രങ്ങള്‍ വൃത്തിയായി കണാം. ഇത്തരം രാത്രികളില്‍ ഒരു കുന്നിന്റെ മുകളില്‍ ആകാശത്തേക്കു നോക്കികൊണ്ട്‌ കിടന്നാല്‍ ഒരു പ്രത്യേക അനുഭൂതിയാണ്‌. കുറച്ച്‌ കഴിയുമ്പോള്‍ നാം ഈ വിശാലതയില്‍ അലിഞ്ഞ്‌ ഇല്ലാതായി തീരുന്നതുപോലെ തോന്നും. ഈ പ്രപഞ്ചത്തില്‍ നാമെത്ര നിസ്സാരരാണ്‌ എന്ന് അപ്പോഴാണ്‌ മനസിലാകുക."
വേലപ്പന്‍ ഒരു നിമിഷം നിശ്ശബ്ദനായി. അദ്ദേഹം പറഞ്ഞതിനേപ്പറ്റി ഞാന്‍ ചിന്തിച്ചുനോക്കി. ശരിയായിരിക്കും. കടല്‍ത്തീരത്ത്‌ ചക്രവാളത്തിലേക്കു നോക്കി നില്‍ക്കുമ്പോള്‍ ചിലസമയത്ത്‌ ഏതാണ്ട്‌ ഇതേ അനുഭൂതി ഉണ്ടായിട്ടുണ്ട്‌. ചിന്തകള്‍ ആ വഴിക്കുപോകവേ വേലപ്പന്‍ എന്നെ തിരികെ കൊണ്ടുവന്നു.
"അതാ തിളങ്ങുന്ന ചോതി നക്ഷത്രം. ആകാശത്തില്‍ നാം കാണുന്ന ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം. ദാ മുകളില്‍ കാണുന്ന ആ നക്ഷത്രമാണ്‌ ആന്‍ഡ്രോമെഡ. അവിടെ നിന്നെത്തിയ ഒരു സന്ദേശത്തേക്കുറിച്ച്‌ ഫ്രെഡ്‌ ഹോയ്ലും ജോണ്‍ എലിയട്ടും ചേര്‍ന്ന് ഒരു ഫിക്ഷന്‍ എഴുതിയിട്ടുണ്ട്‌. പിന്നീടാണ്‌ കാള്‍ സഗാന്റെ കോണ്‍ടാക്ടും മറ്റും വന്നത്‌. നമ്മുടെ ക്ഷീരപഥം കണ്ടോ. ഇവയിലൊക്കെ
എത്രയെത്ര ഗ്രഹങ്ങളുണ്ടാകാം. അവയിലെത്രയെണ്ണത്തില്‍ വികസിത ജൈവസമൂഹങ്ങളുണ്ടാകാം. ഈ മഹസാഗരത്തില്‍ നാമെത്ര നിസ്സാരം!"
തിരികെ എന്റെ ചിന്തകളിലേക്ക്‌ തന്നെ എത്തിക്കുന്നവയായിരുന്നു വേലപ്പന്റെ ഈ വാക്കുകള്‍. നമുക്കജ്ഞാനമായത്‌ എത്രയോ വലുതാണ്‌ എന്നിട്ടും മനുഷ്യന്‌ അവന്റെ അറിവിനെ പറ്റി എന്തഹങ്കാരമാണ്‌! ഞാനങ്ങനെ ചിന്തിക്കവേ വേലപ്പന്റെ വാക്കുകള്‍ എന്നെ വീണ്ടും തിരികെ കൊണ്ടുവന്നു.
"വരാഹമിഹിരന്‍ സൂര്യനേയും ഗ്രഹങ്ങളേയും പറ്റി വിശദമായി പലതും എഴുതിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്‌. വായിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പക്ഷെ അദ്ദേഹത്തിന്‌ ഇതെല്ലം എങ്ങനെകണ്ടുപിടിക്കാന്‍ കഴിഞ്ഞു എന്ന് പലരും അദ്ഭുതപ്പെട്ടിട്ടുണ്ട്‌. എന്തു തോന്നുന്നു?"
"ഓ, അതൊക്കെ വെറുതെ അങ്ങനെ വരുത്തിത്തീര്‍ക്കുന്നതല്ലേ. സംസ്കൃതത്തിലേന്തെഴുതിയാലും അതിനെ പത്തു വിധത്തില്‍ വ്യാഖ്യാനിക്കാന്‍ പറ്റുമല്ലോ."
"മ്‌മ്‌. എന്തോ, അറിയില്ല. അതുപോലെ രസകരമായ കാര്യമാണ്‌ മേഖസന്ദേശത്തില്‍ മേഖം കടന്നു പോകുന്ന പ്രദേശം ആകാശത്തു നിന്ന് കാണുന്ന വിധത്തില്‍ കാളിദാസന്‍ വിവരിക്കുന്നത്‌. ഇക്കാര്യം പിഷാരടിസ്സാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌. ലോകത്തിലെ ആദ്യത്തെ റിമോട്ട്‌ സെന്‍സിങ്ങായിരുന്നു എന്നണദ്ദേഹം പറഞ്ഞത്‌. രസകരമായിരിക്കുന്നു അല്ലേ?"
"കാളിദാസന്റെ ഭാവനാശക്തി എത്ര അതിശയാവഹമാണ്‌ എന്നു തന്നേയാണ്‌ അത്‌
സൂചിപ്പിക്കുന്നത്‌.ഒരുപക്ഷെ അത്തരമൊരു യാത്ര അദ്ദേഹത്തിന്‌ മനസ്സാലേ നടത്താന്‍ സാധിച്ചിരിക്കും. ടെലിവിഷന്‍ പോലുള്ള ഉപകരണങ്ങള്‍ നമ്മുടെ ഭാവനാശേഷിയ്ക്ക്‌ കടിഞ്ഞാണിടുന്ന ഇക്കാലത്ത്‌ അത്തൊരുമൊരു കാര്യം നമുക്ക്‌ സങ്കല്‍പ്പിക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കും."
"സത്യം അതുപോലെ എന്നെ ചിന്തിപ്പിച്ചിട്ടുള്ള ഒരു കാര്യമാണ്‌ സമയത്തിലൂടെ സഞ്ചരിക്കുക എന്ന ആശയം. വൈത്സിന്റെ ടൈംമെഷീനിലും ബാക്‌ ടു ദ ഫ്യൂചര്‍ തുടങ്ങിയ ചലച്ചിത്രങ്ങളിലും മറ്റും മുന്നോട്ടുവെയ്ക്കുന്ന ഈ ആശയം ആധുനിക ഫിസിക്സില്‍പ്പോലും ചര്‍ച്ച്‌ ചെയ്യപ്പ്പ്പെടുന്നു എന്നുള്ളത്‌ രസാവഹമാണ്‌."
"ഓ അതത്ര കാര്യമായി ഞാന്‍ കണക്കാക്കുന്നില്ല. ടൈം ട്രാവല്‍ എന്നുള്ളത്‌ ഒരാശയം മാത്രമായി നിലനില്‍ക്കും എന്നു തന്നേയാണ്‌ എനിക്കു തോന്നുന്നത്‌. സമയം എന്നുള്ളത്‌ ഇപ്പോഴും ഒരു പ്രഹേളികയാണ്‌. അതിനെ മനസ്സിലാക്കാന്‍ തന്നെ ഇനിയും ഒരുപാട്‌ കാലം പിടിക്കും. അതുകഴിഞ്ഞല്ലേ സമയത്തിലൂടേയുള്ള യാത്രയേപറ്റി ചിന്തിച്ചുതുടങ്ങാന്‍ പറ്റുള്ളൂ."
"തനിക്കങ്ങനേയാണോ തോന്നുന്നത്‌?" വേലപ്പന്‍ ചോദിച്ചു.
"എന്താ മറ്റഭിപ്രായം വല്ലതുമുണ്ടോ?" എന്നൊരു മറൊചോദ്യമായിരുന്നു എന്റെ ഉത്തരം.
ഇതിനിടെ ഞങ്ങല്‍ തിരിച്ച്‌ കോട്ടെജിന്റെ മുന്നിലെത്തിയിരുന്നു.
"വാ, നമുക്കു ചര്‍ച്ച ചെയ്യാം." എന്നുപറഞ്ഞ്‌ വേലപ്പന്‍ അകത്ത്‌ കയറി. വേലപ്പന്‍ കട്ടിലില്‍ ചമ്രം പിടിഞ്ഞിരുന്നു. എതിര്‍വശത്തുള്ള കട്ടിലില്‍ ഞാനും.
"കാളിദാസന്‍ മാനസികമായി ആകാശത്തിലൂടെ യാത്ര ചെയ്തോ എന്നു നാം സംശയിച്ചില്ലേ? അതുപോലൊരു യാത്ര സാധ്യമാണെന്ന് രവിയ്ക്ക്‌ തോന്നുന്നുണ്ടോ?"
"നമ്മള്‍ കാണുന്ന പരിസരങ്ങള്‍ ആകാശത്തുനിന്ന് നോക്കിയാല്‍ എങ്ങിനെയിരിക്കും എന്നു സങ്കല്‍പ്പിക്കാന്‍ കുറേ ഭാവനയുണ്ടെങ്കില്‍ കഴിയേണ്ടതാണ്‌. ഒരുപക്ഷെ പര്‍വതമുകളില്‍ നിന്നോ മറ്റോ താഴോട്ട്‌ നോക്കി കണ്ടിട്ടുള്ള ഒരാള്‍ക്ക്‌ ഒരു കാവ്യമെഴുതാന്‍ അവാശ്യമായ വിവരണം നല്‍കാന്‍ കഴിഞ്ഞേയ്ക്കും."
"ഇപ്പോള്‍ പറഞ്ഞതിന്‌ ഭാവന മാത്രമല്ല, യുക്തിഭദ്രമായ ചിന്താശേഷിയും ആവശ്യമാണ്‌. എന്നാല്‍ മനസാ നമുക്ക്‌ ആകാശതിലൂടെ സഞ്ചരിക്കന്‍ കഴിഞ്ഞാലോ? നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും വാസ്തവത്തില്‍ മനസിലല്ലേ നടക്കുന്നത്‌? നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതും രുചിക്കുന്നതും ഒക്കെ വാസ്തവത്തില്‍ മനസ്സില്‍ നടക്കുന്ന കാര്യങ്ങളല്ലേ. ഈ ഭൌതിക പ്രപഞ്ചത്തില്‍ നിന്ന് നമ്മുടെ മനസ്സിലേക്കു വിവരങ്ങള്‍ കൈമാറാന്‍ മറ്റൊരവയവം, ഒരു സെന്‍സര്‍, പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാത്രം. ഈ വിവര കൈമാറ്റത്തിന്‌ മറ്റൊരു മാര്‍ഗം കണ്ടെത്താന്‍ കഴിഞ്ഞാലോ?"
"വേലപ്പന്‍ പറഞ്ഞുവരുന്നത്‌ എന്താണെന്ന് എനിക്ക്‌ മനസ്സിലാവുന്നില്ല. മനസ്സുകൊണ്ടു മാത്രം നമുക്കെങ്ങിനെ കാണാനോ കേള്‍ക്കാനോ കഴിയും?"
"ദൂരേയുള്ള കാര്യങ്ങള്‍ മനസ്സില്‍ കാണന്‍
കഴിയുന്നവരേപ്പറ്റി കേട്ടിട്ടില്ലേ? അവരെങ്ങനേയാണ്‌ അത്‌ സാധിക്കുന്നത്‌?"
"അതൊക്കെ വിശ്വസനീയമാണോ? അത്തരം കഴിവുകളുണ്ടെന്ന് അവകാശപെട്ടവര്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കു മുന്നില്‍ തോറ്റുപോവുകയല്ലേ ചെയ്തിട്ടുള്ളത്‌?"
"ശരിയാണ്‌. പക്ഷെ ഇത്തരം ശാസ്ത്രീയ പഠനങ്ങള്‍ക്കായി ഒരുക്കുന്ന സാഹചര്യങ്ങളില്‍ ഇവര്‍ക്ക്‌ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ പറ്റാത്തതും ആയിക്കൂടെ?"
"അതാണ്‌ അവരുടെ ന്യായം."
പക്ഷെ തെളിവുകളില്ലാതെ എനിക്കിതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല."
"രവി ശാസ്ത്രത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട്‌ തന്നെയാണ്‌ ചിന്തിക്കുന്നത്‌. ഞാനതിന്‌ രവിയെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ആധുനിക ശാസ്ത്രം തന്നെ നൊക്കൂ. ക്വാണ്ടം ബലതന്ത്രത്തിലെ അവിശ്വസനീയമായ ഭലങ്ങളേപ്പറ്റി രവിക്ക്‌ അറിയാമല്ലോ. ഉദ്ദഹരണമായി ഒരുമിച്ചുല്‍പാദിക്കപ്പെട്ട രണ്ട്‌ ഇലക്ട്രോണുകള്‍ എത്ര അകലത്തിലായാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാമല്ലോ. ഒന്നിന്റെ സ്റ്റേറ്റ് മാറിയാല്‍ മറ്റേതിന്റേയും അപ്പോള്‍ തന്നെ മാറും. ക്വാണ്ടം തലത്തില്‍ ഇത്തരം പല പ്രതിഭാസങ്ങളും ഉണ്ടല്ലോ. റുഡോള്‍ഫ്‌ സ്റ്റൈനറുടെ സിദ്ധാന്തങ്ങളെപ്പറ്റി രവിക്കറിയില്ല. അറിവ്‌ നേടുന്നതില്‍ ഇന്റുഷനുള്ള പങ്ക്‌ നൂറു വര്‍ഷം മുന്‍പ്‌ സൈദ്ധാന്തീകരിച്ചിരുന്നു അദ്ദേഹം. ഒരര്‍ഥത്തില്‍ പൌരസ്ത്യചിന്തകളുടെ മറ്റൊരു വിധത്തിലുള്ള ആവിഷ്കാരമായി വേണമെങ്കില്‍ അതിനെ കാണാം. ചോംസ്കിയുടെ സര്‍വലൌകിക വ്യകരണത്തിലും ഇതുപോലത്തെ ചില ആശയങ്ങളുണ്ട്‌. എല്ലാ അറിവും മനസ്സിലുള്ളില്‍ ഉണ്ടെന്ന പ്രാചീന ഗ്രീക്ക്‌ വിശ്വാസവും ഇതൊക്കെ തന്നെ സൂചിപ്പിക്കുന്നു. രവി സമയം കിട്ടുമ്പോള്‍ ആത്മബോധത്തെ അല്ലെങ്കില്‍ consciousnessനെ പറ്റിയുള്ള ആധുനിക പഠനങ്ങള്‍ ഒന്നു വായിച്ചു നോക്കണം. രസകരമാണ്‌. അവയും ആധുനിക ഭൌതികശാസ്ത്രവും എല്ലാം എത്തിചേരുന്നത്‌ ഭാരതീയ ചിന്തകളിലേക്കല്ലേ എന്നു തോന്നും. ഒരു പ്രാപഞ്ചിക ആത്മബോധത്തിന്റെ ഭാഗമാണ്‌ നമ്മുടെ ഓരോരുത്തരിലും ഉള്ളത്‌ എന്നൊക്കേയാണ്‌ അവര്‍ സിധാന്തിക്കുന്നത്‌. ഇതൊക്കെ പറയുന്നത്‌ ഗൌരവമായി ശാസ്ത്രം പഠിക്കുന്നവരാണ്‌ എന്നറിയുമ്പോള്‍ രവിയ്ക്ക്‌ അവിശ്വാസം തോന്നിയേക്കാം. ഭാരതീയനായ അമിത്‌ ഗോസ്വാമിക്ക്‌ ഇവിടെ വലിയൊരു സ്ഥാനമുള്ളതില്‍ ഒരുപക്ഷെ അത്ഭുതപ്പെടാനില്ല. തത്വമസി എന്നു തന്നേയാണല്ലോ അവര്‍ പറയുന്നത്‌. ഇനി രവിയ്ക്ക്‌ വേണ്ടത്‌ തെളിവുകളാണെങ്കില്‍ അവ രവിയുടെ മുന്നില്‍ തന്നേയുണ്ടല്ലോ." വേലപ്പന്‍ ചിരിച്ചുകൊണ്ടാണ്‌ പറഞ്ഞത്‌. "രവീ, നമ്മുടെ മനസ്സിന്‌ നമൂക്കറിയാത്ത കുറേ കഴിവുകള്‍ ഒരുപാടുണ്ട്‌. നമ്മള്‍ ആദ്യം കണ്ടുപുട്ടിയത്‌ ഓര്‍മയുണ്ടോ? അന്ന് രവി വരുന്നുണ്ടെന്ന് ഞാനെങ്ങനേയാണ് മനസ്സിലാക്കിയത്‌?"
ഒരു ഞെട്ടലോടെയാണ്‌ ഇത്‌ ഞാന്‍ കേട്ടത്‌. രസകരമായ സംഭാഷണങ്ങള്‍ക്കിടയില്‍ വേലപ്പനെപ്പറ്റി എന്റെ മനസ്സിലുണ്ടായിരുന്നസംശയങ്ങള്‍ ഞാന്‍ മറന്നുപോയിരുന്നു. വേലപ്പന്റെ ചോദ്യം ആ മറവികളില്‍ നിന്ന് എന്നെ തിരികേ കൊണ്ടുവന്നു. അവിശ്വാസത്തോടെ അദ്ദേഹത്തെ നോക്കൊയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. ഈ മനുഷ്യനെ പറ്റി എനിക്കുണ്ടായിരുന്ന തോന്നലുകളെല്ലാം ശരിയാണോ? ഇയാള്‍ക്ക്‌ അത്ഭുതകരമായ ശക്തികളുണ്ടോ?
"രവി വിചാരിച്ചതുപോലെ രവി വരുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നേയാണ്‌ ഞാന്‍ അവരെ എതിരിടാന്‍ മുതിരാഞ്ഞത്‌.
വാസ്തവത്തില്‍ അവരാണ്‌ രക്ഷപ്പെട്ടത്‌. എനിക്കു ചില പൊടിക്കൈകളൊക്കെ വശമുണ്ട്‌. ഹിമാലയത്തില്‍ ഒരു സന്യാസിയുടെ പക്കല്‍ നിന്ന് പഠിച്ചതാണ്‌. ബോധിസത്വന്‍ കളരിപ്പയറ്റ്‌ ബുദ്ധസന്യാസിമാരെ പഠിപ്പിച്ചത്‌ ഓര്‍മ്മയില്ലേ. അതില്‍നിന്നാണല്ലോ ഇന്നത്തെ ജൂഡോയും കരാട്ടേയും മറ്റുത്ഭുവിച്ചത്‌. അതൊക്കെ പോട്ടെ. നമുക്ക്‌ നമ്മുടെ കാര്യത്തിലേക്ക്‌ തിരിച്ചു വരാം."
"ഞാന്‍ രവിയെ ഇവിടെ വിളിച്ചുകൊണ്ടുവന്നത്‌ ഒരു ഉദ്ദേശത്തോടെയാണ്‌. ഞാന്‍ ചില കാര്യങ്ങള്‍ മനസ്സിലാകിയിട്ടുണ്ട്‌. അത്‌ വലരേയധികം പ്രയത്നത്തിന്റെ ഭലമായാണ്‌. ഈ അറിവ്‌ എല്ലാവര്‍ക്കും പകര്‍ന്ന് കൊടുക്കാന്‍ പറ്റിയതല്ല. അറിവ്‌ സ്വതന്ത്രമായിരിക്കണം എന്ന് വിശ്വസിക്കുന്ന ഒരാളാണ്‌ രവിയെന്ന് എനിക്കറിയാം. പക്ഷെ എല്ല അറിവും എല്ലാവര്‍ക്കും ലഭിക്കുന്നത്‌ നല്ലതല്ല. അതിന്റെ ദോഷങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ തന്നെ കാണാം. എന്നാല്‍ എന്ത്‌ ആര്‍ക്ക്‌ നല്‍കാം , എന്ത്‌ പാടില്ല, എന്ന് ആര്‌ എങ്ങനെ തീരുമാനിക്കും എന്നത്‌ ഒരു സങ്കീര്‍ണ്ണ പ്രശ്നമാണ്‌. അത്‌ പോകട്ടെ . ഇവിടെ അത്‌ നിശ്ചയിക്കനുള്ള സ്വാതന്ത്ര്യം ഞാനെടുക്കുന്നു."
"നമ്മള്‍ ആദ്യം കണ്ടുമുട്ടിയ ദിവസം തന്നെ എനിക്കു മനസ്സിലായി രവി ഇതിനു പറ്റിയ ആള്‍ തന്നെ എന്ന്. എങ്ങനെ മനസ്സിലായി എന്നു ചോദിക്കരുത്‌. എല്ലാ ചോദ്യങ്ങള്‍ക്കും യുക്തിഭദ്രമായ ഉത്തരം ഉണ്ടായി എന്ന് വരില്ല. ഏതായലും അതിനുശേഷം ഞാന്‍ രവിയെപ്പറ്റി കൂടുതല്‍ പഠിച്ചു. നിങ്ങളുടെ വ്യക്തിത്വത്തേപ്പറ്റി കൂടുതല്‍ മനസ്സിലാകുംതോറും എന്റെ വിശ്വാസം വര്‍ദ്ധിച്ചതേയുള്ളൂ. അങ്ങനേയാണ്‌ ഇന്ന് ഇവിടെ കാണാം എന്നു ഞാന്‍ തീരുമാനിച്ചത്‌. ഇത്‌ ശാന്തമായ സ്ഥലമാണ്‌.മനസ്സിനെ ശല്യപെടുത്താന്‍ ബഹ്യകാര്യങ്ങളൊന്നുമില്ല. ഇത്തരം ശാന്തത രവിക്കിപ്പോള്‍ ആവശ്യമാണ്‌. എങ്കിലേ മനസ്സിന്‌ ഏകാഗ്രത കിട്ടൂ."
"ഞാന്‍ ആദ്യം പറഞ്ഞതു പോലെ മനസ്സിന്‌ പല കഴിവുകളുമുണ്ട്‌. ഇവ ഉപയോഗിക്കാന്‍ നമ്മള്‍ പഠിക്കണം എന്നു മാത്രം. ഈ കഴിവുകള്‍ ഞാന്‍ സ്വയം തിരിച്ചറിഞ്ഞതാണ്‌.എന്നെ ആരും പഠിപ്പിച്ചതല്ല. പക്ഷെ പലരും പലവിധത്തില്‍ സഹായിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതെങ്ങനെ പഠിപ്പിച്ചു തരണം എന്നെനിക്കറിയില്ല. അത്‌ സ്വയം വികസിപ്പിക്കേണ്ട കഴിവാണ്‌. വാസ്തവത്തില്‍ എല്ലാ കാര്യങ്ങളും അങ്ങനെ തന്നേയാണല്ലോ. ആരും ആരേയും പഠിപ്പിക്കുന്നില്ല.പക്ഷെ ഇവിടെയുള്ള വിത്യാസം ഇത്‌ പൂര്‍ണ്ണമായി മനസ്സില്‍ തന്നെ ചെയ്യേണ്ട കാര്യമാണ്‌ എന്നുള്ളതാണ്‌. അതുകൊണ്ട്‌ എനിക്ക്‌ ഒരു മാനസിക അനുഭവം പകര്‍ന്നുതരാനേ പറ്റൂ. അതിനെ അടിസ്ഥനപ്പെടുത്തി രവി സ്വയം അഭ്യസിക്കണം. രവിക്കു അത്‌ കഴിയും എന്നെനിക്കറിയാം.മാത്രമല്ല രവി ഈ കഴിവ്‌ ദുരുപയോഗം ചെയ്യില്ലേന്നും എനിക്കറിയാം. അതുകൊണ്ടാണ്‌ ഞാന്‍ രവിയെ തിരഞ്ഞെടുത്തത്‌."
"ഇനി രവിയ്ക്ക്‌ വല്ലതും ചോദിക്കനുണ്ടോ . ഇല്ലെങ്കില്‍ നമുക്ക്‌ തുടങ്ങാം."
ഞാന്‍ നിശ്ശബ്ദനായിരുന്നു. എനിക്കൊന്നും തോന്നിയില്ല. എന്തുപറയണം എന്നറിയില്ല. കുറെ സമയം ഞനങ്ങിനെ ഇരുന്നു. വാസ്തവത്തില്‍ ഒരു മിനുട്ടേ ആയിട്ടുണ്ടാകൂ. പക്ഷെ എനിക്കത്‌ ഒരു യുഗമായി തോന്നി. പതുക്കെ എനിക്കെന്റെ ശബ്ദം തിരിച്ചുകിട്ടി. പക്ഷെ അത്‌ വളരെ പതിഞ്ഞതായിരുന്നു. ശബ്ദം കഷ്ടിച്ച്‌ പുറത്ത്‌ കേട്ടിരിക്കണം. ഞാന്‍ വിക്കി വിക്കി ചോദിച്ചു.
"നമ്മള്‍ എന്താണ്‌ ചെയ്യന്‍ പോകുന്നത്‌? ആദ്യം ഒന്നു പറഞ്ഞു തരാമോ?"
"രവി പരിഭ്രമിക്കേണ്ടാ. രവി എപ്പോഴും പൂര്‍ണ്ണ സ്വതന്ത്രനായിരിക്കും. എപ്പോള്‍ രവിക്കു മതിയാക്കണം എന്ന് തോന്നുന്നുവോ അപ്പോള്‍ മതിയാക്കാം."
"നമ്മള്‍ ഒരു യാത്രയ്ക്ക്‌ പോവുകയാണ്‌. ഒരസാധാരണ യാത്ര.മനസുകൊണ്ടാണെന്നു മാത്രം. യാത്ര മതിയാക്കം എന്ന് എപ്പോള്‍ തൊന്നുന്നുവോ അപ്പോള്‍ രവിയ്ക്ക്‌ തിരിച്ചു വരാം. ഈ യാത്രയില്‍ രവി എന്നോടൊപ്പമാണ്‌ സഞ്ചരിക്കുക. ഞാന്‍ ഒരു സഹായി മാത്രം. ബസ്സിന്റെ ഡ്രൈവറെ പോലെ. ബസ്സിന്‌ ഒരു നിശ്ചിത ലക്ഷ്യം ഉള്ളതുപോലെ ഇവിടെ ഞാനും മുന്‍‌കൂട്ടി നിശ്ചയിച്ചൊരു പാതയിലൂടെയാവും സഞ്ചരിക്കുക. അതില്‍ മാറ്റം വരുത്താന്‍ രവിക്കധികാരമില്ല. പക്ഷെ എപ്പോള്‍ രവി മതി എന്നു പറയുന്നുവോ , അപ്പോള്‍ ബസ്‌ തിരിച്ചുവിടുകയായി. ഇവിടെ ഒരു വിത്യാസമുള്ളത്‌ പോയതെവിടേക്കായാലും തിരിച്ചെത്താന്‍ ഒരു നിമിഷം മതിഎന്നതാണ്‌.
"നമ്മള്‍ എങ്ങോട്ടാണ്‌ പോകുന്നത്‌?"
നമുക്ക്‌ ഈ പ്രപഞ്ചത്തിലൂടെ ഒന്ന് കറങ്ങിയിട്ട്‌ വരാം.വളരെ രസകരമായിരിക്കും. രവി ഈ കസേരയില്‍ ഇരുന്നുകൊള്ളൂ. ശരീരവും മനസ്സും റിലാക്സ്‌ ചെയ്തുകൊള്ളൂ. കണ്ണടച്ചുകൊള്ളൂ. എന്നിട്ട്‌ ഞാന്‍ പറയുന്നതു മാത്രം ശ്രദ്ധിക്കൂ. മനസ്സിന്‌ ഏകാഗ്രത വരട്ടെ. മറ്റൊന്നും ചിന്തിക്കതിരിക്കാന്‍ ശ്രമിക്കണം." ഞാന്‍ തന്നെ ഇതാദ്യമായാണ്‌ പരീക്ഷിക്കുന്നത്‌. അതുകൊണ്ട്‌ എത്ര ഫലപ്രദമാകും എന്നറിയില്ല. ഇനി കണ്ണടക്കൂ."
വേലപ്പന്‍ കട്ടിലില്‍ പദ്മാസനത്തില്‍ ഇരിക്കുന്നത്‌ ഞാന്‍ കണ്ടു. ഞാന്‍ കണ്ണാടച്ചു. മുന്‍പ്‌ പറഞ്ഞ രീതിയില്‍ വേലപ്പന്‍ സംസാരിക്കുന്നത്‌ ഓര്‍മ്മയുണ്ട്‌. തുടര്‍ന്ന് എന്താണ്‌ നടന്നതെന്ന് കൃത്യമായി ഓര്‍മ്മയില്ല. ഓര്‍മ്മയുള്ളത്‌ വേലപ്പന്‍ എന്നോട്‌ സംസ്സൃക്കുന്നതാണ്‌.പക്ഷെ അതിന്‌ എന്തോ ഒരു വിത്യാസം ഉണ്ടായിരുന്നു. അത്‌ എന്റെ മനസ്സിന്റെ ഉള്ളില്‍ നിന്ന് വരുന്നതുപോലെയോ മറ്റോ.
"രവീ നമ്മളിപ്പോള്‍ മുകളിലേക്കുയരുകയാണ്‌. ആകാശത്തിലേക്ക്‌. നക്ഷത്രങ്ങള്‍ കാണാമോ?"
വേലപ്പന്‍ ചോദിക്കുന്നത്‌ കേട്ടു.
ഞാന്‍ ശ്രദ്ധിച്ച്‌ നോക്കി. ആകപ്പാടെ ഇരുട്ടാണ്‌. സത്യത്തില്‍ ഒന്നും കാണുന്നില്ല. ഒരു നിമിഷം ഞാന്‍ മടിച്ചിരുന്നു. എന്ത്‌ പറയണം? അപ്പോള്‍ ചില പ്രകാശബിന്ദുക്കള്‍ കണ്ണില്‍ പെട്ടില്ലേ എന്നൊരു സംശയം. ഞാന്‍ ചിറ്റും പരതി നോക്കി. ഉവ്വ്‌ എന്തൊക്കെയോ മിന്നി ത്തിളങ്ങുന്നു. ക്രമേണ അവ തെളിഞ്ഞു വരാന്‍ തുടങ്ങി. നക്ഷത്രങ്ങള്‍. ഞങ്ങള്‍ രാത്രിയില്‍ നടക്കന്‍
ഇറങ്ങിയപ്പോള്‍ കണ്ട ആകാശം. അതാ ചോതി നക്ഷത്രം. ക്ഷീരപഥം. എല്ലം കാണാം.
"കാണാം " ഞാന്‍ പറഞ്ഞു. "വേലപ്പന്‍ വൈകീട്ടു കാണിച്ചുതന്ന ചോതി നക്ഷത്രം കാണാം . ക്ഷീരപഥം. എല്ലാം കാണാം."
"താഴോട്ട്‌ നോക്കൂ. ഭൂമി കാണാമോ?"
ഞാന്‍ താഴോട്ടു നോക്കി. താഴെ കുറച്ച്‌ വിളക്കുകള്‍ അങ്ങിങ്ങായി കാണാം. വിമാനത്തില്‍ നിന്ന് നോക്കുന്ന പോലെ. അവയും അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഞാനെവിടേയാണ്‌?. എനിക്കെന്റെ ശരീരം കാണാന്‍ കഴിയുന്നില്ല. ഞാന്‍ എനിക്കു തന്നെ അദൃശ്യനാണോ?. ഒരിക്കല്‍ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തില്‍ പോയപ്പോള്‍ വെര്‍ചുല്‍ റിയാലിറ്റി സവിധാനം അനുഭവിച്ചതുപോലെ.
"പെടിക്കേണ്ടാ നമ്മള്‍ മനസ്സാലേയാണ്‌ യാത്ര ചെയ്യുന്നത്‌. നമ്മുടെ ശരീരം കോട്ടെജില്‍ തന്നെയുണ്ട്‌. നോക്കൂ, നമുക്ക്‌ വേഗത്തില്‍ ചന്ദ്രനിലേക്കൊന്നു പോകാം."
ഞാന്‍ നോക്കുമ്പോള്‍ ചന്ദ്രന്റെ ഉപരിതലം . ഭൂമിയില്‍ നില്‍ക്കുന്ന അതേ പ്രതീതി. പക്ഷെ എന്റെ ശരീരം അവിടെ ഇല്ല എന്നെനിക്കറിയാം. ഒരു സിനിമയില്‍ കാണുന്നതു പോലെ. ചന്ദ്രന്റെ ഇരുണ്ട ഭാഗത്താണ്‌ നില്‍ക്കുന്നത്‌. നേരിയ വെളിച്ചം മാത്രം. ആ വെളിച്ചത്തില്‍ കുന്നുകള്‍ ചുറ്റിലും കാണാം.
"ഇത്‌ ഭൂമിയില്‍ നിന്ന് കാണാന്‍ പറ്റാത്തവശമാണ്‌. ഇവിടെ ധാറാളം ക്രേറ്ററുകള്‍ ഉണ്ട്‌. വരൂ മറുവശത്തേക്ക്‌ പോകാം." വെലപ്പന്‍ പറഞ്ഞു.
ഞാന്‍ കണ്ടുകോണ്ടിരുന്ന പ്രതലം ക്രമേണ മാറി. വെലിച്ചം
പരന്നു. നല്ല ശക്തമായ സൂര്യപ്രകാശം. ഒരു തുറന്ന പ്രദേശത്താണ്‌ ഞാന്‍ നില്‍ക്കുന്നത്‌. 'നില്‍ക്കുന്നു' എന്നു പറയുന്നത്‌ ശരിയോ എന്നറിയില്ല. എങ്കിലും സൌകര്യത്തിനു വേണ്ടി അങ്ങനെ തന്നെ പറയട്ടെ.
"ഈ വശത്ത്‌ ക്രേറ്ററുകള്‍ കുറവാണ്‌. ഇതൊരു സമതല പ്രദേശമാണ്‌. ചന്ദ്രപടത്തില്‍ സമുദ്രം എന്നടയാളപ്പെടുത്തുന്ന സ്ഥലം. ശാന്തതയുടെ കടല്‍ എന്നര്‍ഥം വരുന്ന പേരാണ്‌ ഈ പ്രദേശത്തിന്‌ നല്‍കിയിരിക്കുന്നത്‌. നോക്കൂ, ഇപ്പോഴും ആകാശത്ത്‌ നക്ഷത്രങ്ങള്‍ കാണാം. ഒരു വശത്ത്‌ സൂര്യനും . ഇത്‌ ഭൂമിയില്‍ നിന്ന് കാണാന്‍ പറ്റാത്ത കാഴ്ചയാണ്‌."
"മ്‌മ്‌, എനിക്കറിയാം എങ്കിലും എന്തൊരു രസം . ആദ്യമായല്ലേ ഇങ്ങനെ കാണുന്നത്‌."
"ഇനി നമുക്ക്‌ സൂര്യനിലേക്കൊന്ന് പോയാലോ?"വേലപ്പന്‍ ചോദിച്ചു.
"അങ്ങനെ പോകാമോ? പോകാമെങ്കില്‍ വിരോധമില്ല. സൂര്യന്റെ ഉള്ളില്‍ പോകാമോ?"
"പൊയി നോക്കാം. നമ്മള്‍ക്ക്‌ ബഹിരാകാശത്ത്‌ വച്ച്‌ ഒന്നും സംഭവിച്ചില്ലെങ്കില്‍ സൂര്യനില്‍ വച്ചും ഒന്നും സംഭവിച്ചുകൂടല്ലോ."
ഞാന്‍ ചിരിച്ചു. ഒപ്പം വേലപ്പനും. അതാ സൂര്യന്‍ അടുത്തേക്ക്‌ വരുന്നു. ഒരു കാര്യം ശ്രദ്ധിച്ചു. ചൂട്‌ അനുഭവപ്പെടുന്നില്ല. ശക്തമായ വെളിച്ചം മാത്രം. പക്ഷെ സൂര്യനെ നേരിട്ട്നോക്കുമ്പോഴും ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. സൂര്യകളങ്കങ്ങള്‍ വൃത്തിയായിട്ട്‌ കാണാം. അടുത്തേക്ക്‌ വരുന്തോറും സൂര്യനിലെ വാതകങ്ങളുടെ ശക്തമായ പ്രവാഹം കാണാം.അത്‌ കലങ്ങി മറിയുകയാണ്‌. ഉള്ളില്‍ നിന്ന് ഊര്‍ജ്ജം പുറത്തേക്ക്‌ കൊണ്ടുവരുന്നതീ വാതകപ്രവാഹങ്ങളാണല്ലോ. അടുത്തെത്തിയപ്പോള്‍ ഭയം തോന്നി.ഒരു കൊടുങ്കാറ്റിന്റെ നടുവില്‍ പെട്ട പോലെ.സൂര്യന്റെ ഉള്ളിലേക്ക്‌ കടന്നപ്പോള്‍ ചുറ്റിലും ശക്തിയായ വാതകപ്രവാഹങ്ങള്‍. അപ്പോള്‍ വേലപ്പന്റെ ശാന്തമായ സ്വരം.
"പേടിക്കേണ്ടാ ഞാന്‍ ഇതു വഴിയൊക്കെ കടന്നു പോയിട്ടുള്ളതാണ്‌. ഇനി കുറച്ച്‌ കൂടി ഉള്ളിലേക്കു കടന്നാല്‍ അന്ധകാരമാണ്‌. അവിടത്തെ താപനില ദൃശ്യമാകുന്ന പ്രകാശരശ്മികള്‍ സൃഷ്ടിക്കുന്നതിന്‌ ആവശ്യമായതില്‍ വളരേ കൂടുതല്‍ ആണ്‌. അള്‍ട്രാവയലറ്റ്‌, എക്സ്‌, ഗാമ രശ്മികളാണ്‌ അവിടെ ഉണ്ടാവുക."
ഇത്രയും പറയുമ്പോഴേക്ക്‌ ഇരുട്ട്‌ പരന്ന് തുടങ്ങിയിരുന്നു. എനിക്ക്‌ ആശ്വാസമായി. എന്തൊക്കേയോ ചുറ്റിലും സംഭവിക്കുന്നുണ്ട്‌ എന്നറിയാമെങ്കിലും ഒന്നും കാണാന്‍ വയ്യല്ലൊ.
"വരൂ, നമുക്ക്‌ ഭൂമിയിലേക്ക്‌ മടങ്ങാം." വേലപ്പന്‍ ഇത്‌ പറഞ്ഞ്‌ തീര്‍ന്നപ്പോഴേക്ക്‌ ഞാന്‍ ഭൂമിയിലെത്തി. രാത്രിയല്ല, പകല്‍. നേരം വെളുത്തോ? എനിക്ക്‌ നാട്ടിലേക്ക്‌ മടങ്ങണമല്ലോ. ഞാന്‍ ചിന്തിച്ചു.
"ചുറ്റിലും നോക്കു. ഏതാണീ സ്ഥലം? അറിയാമോ?" വേലപ്പന്റെ ശബ്ദം.
ഞാന്‍ ചുറ്റിലും നോക്കി. ഒരു നാട്ടിന്‍പുറം. പഴയതരത്തിലുള്ള ഒരു വീടു കാണാം. ഓലയാണ്‌ മേഞ്ഞിരിക്കുന്നത്‌. അപ്പോഴാണ്‌ വേലപ്പനെ കാണുന്നില്ല എന്നുള്ള കാര്യം ഞാനറിയുന്നത്‌. വാസ്തവത്തില്‍ യാത്ര പുറപ്പെട്ട ശേഷം ഞാന്‍ വേലപ്പനെ കണ്ടിട്ടേയില്ല. ശബ്ദം മാത്രമെ കേട്ടിട്ടുള്ളൂ.
"ഞാനിവിടെ തന്നെ ഉണ്ട്‌." വേലപ്പന്റെ ശബ്ദം. "എനിക്ക്‌ രവിയുടെ സാന്നിധ്യം അറിയാം.പക്ഷെ രവിക്ക്‌ എന്നെ കാണാന്‍ പറ്റുന്നില്ല, അല്ലേ. രവിയും ഈ വിദ്യ നേടികഴിഞ്ഞാല്‍ എന്നെ കണാന്‍ കഴിയും. മാത്രമല്ല, അതുവരെ ഞാന്‍
പറയുന്നതൊഴിച്ച്‌ മറ്റു ശബ്ദങ്ങളൊന്നും രവിക്ക്‌ കെള്‍ക്കാനും പറ്റില്ല. നോക്കു, ഈ സ്ഥലത്തിന്‌ എന്തെങ്കിലും പ്രത്യെകത തോന്നുന്നുണ്ടോ?"
ഞാന്‍ വീണ്ടും ചുറ്റിലും കണ്ണോടിച്ചു. പരിചിതമായ പ്രദേശം. എന്നാല്‍ വീടിനും ചുറ്റുപാടിനും എന്തോ വിത്യാസം പോലെ. വീട്ടിലേക്ക്‌ ഒരു മധ്യവയസ്കന്‍ കടന്ന് വന്നു. മുണ്ടും മേല്‍മുണ്ടും മാത്രം വേഷം. പൂമുഖത്തിരുന്ന കിണ്ടിയിലെ വെള്ളമെടുത്ത്‌ കാല്‍ കഴുകി അകത്തേക്ക്‌ കയറിപ്പോയി. നാലഞ്ചു കുട്ടികള്‍ ഒരു വശത്ത്‌ നിന്ന് ഓടി വന്നു. പത്തിനും പതിനഞ്ചിനും ഇടക്ക്‌ പ്രായം ഉണ്ടാവും. അവര്‍ ഓടിക്കളിക്കുകയാണ്‌. എല്ലാവരും ചെറിയ മുണ്ടാണ്‌ ഉടുത്തിരിക്കുന്നത്‌. കുട്ടികളേ ഇങ്ങനെ കണ്ടിട്ടേയില്ല. കുട്ടിക്കാലത്ത്‌ മുണ്ടുടുത്തിരുന്നതായി അച്ഛന്‍ പറഞ്ഞിരുന്നത്‌ ഓര്‍മ്മിച്ചു. ഒരു പ്രായമായ സ്ത്രീ പുറത്തേക്ക്‌ വന്നു. അവരും മുണ്ടും ഒരുതരം റവുക്കയുമാണ്‌ ധരിച്ചിരിക്കുന്നത്‌. അവര്‍ കുട്ടികളോടെന്തോ വൊളിച്ചുപറയുന്നതായി തോന്നി. കുട്ടികള്‍ പെട്ടെന്നുതന്നെ ഓട്ടം നിര്‍ത്തി മുറ്റത്തുകൂടി തന്നെ പിന്വശത്തേക്കു പോയി. ആകപ്പാടെ പഴയ ഒരു സിനിമ കാണുന്ന ഒരു പ്രതീതി.
"നമ്മളിപ്പോള്‍ ക്രിസ്ത്വബ്ദം ആയിരാമാണ്ടിലാണ്‌." വേലപ്പന്റെ ശബ്ദം.
ഞാന്‍ സ്തബ്ദനായിപ്പോയി. ടൈം ട്രാവലോ? ചുറ്റിലും ഒന്നുകൂടി നോക്കി. എന്തായാലും ഒരു ആധുനിക കേരള ഗ്രാമത്തിന്റെ യാതൊരു
ലക്ഷണവുമില്ല.വൈദ്യുതകമ്പികളില്ല. ടെലിഫോണ്‍ വയറുകളില്ല. ടാറിട്ട റോഡ്‌ കാണാനില്ല. വേലപ്പന്‍ പറഞ്ഞത്‌ ശരിയാണോ?
"അതെ. ചരിത്രത്തില്‍ സംഗമകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിന്റെ അവസാനദശയിലാണിപ്പോള്‍ നമ്മള്‍. സ്ഥാണു രവിവര്‍മ്മന്‍ രാജ്യം വിഭജിച്ച്‌ ബന്ധുകള്‍ക്ക്‌ നല്‍കി തീര്‍ഥാടനത്തിനായി മക്കയ്ക്ക്‌ പോകാന്‍ ഒരുങ്ങുന്ന സമയം. രവി ചരിത്രം വായിച്ചിട്ടില്ലല്ലോ. കേരള ചരിത്രം പഠിച്ചിട്ട്‌ ഒരിക്കല്‍ ഇതുവഴിയൊന്ന് വന്നു നോക്കൂ. അപ്പോള്‍ രസമായിരിക്കും.
"എനിക്കെങ്ങനെ കഴിയും? എനിക്കീ വിദ്യ അറിയില്ലല്ലോ!"
രവി പഠിക്കണം . അതിനാണ്‌ ഞാന്‍ ഈ പ്രയത്നമൊക്കെ ചെയ്തത്‌. എനിക്ക്‌ സാധ്യമായ ഈ വിദ്യ രവിക്കും സാധ്യമാവും. എനിക്കുറപ്പുണ്ട്‌. അതിന്റെ സമയമാകുമ്പോള്‍ ഞാന്‍ തന്നെ മാര്‍ഗ്ഗം കാട്ടി തരാം. നമുക്കിനി ഒരിടത്ത്‌ കൂടി പോകാനുണ്ട്‌."
"അതെവിടേയാണ്‌?" ഞാന്‍ ചോദിച്ചു.
"ഇതാ ഇവിടെ വരെ." വേലപ്പന്‍ പറഞ്ഞു തീര്‍നില്ല, അപ്പോഴേക്ക്‌ എന്റെ മുന്നിലെ സീന്‍ മാറി, ഒരു ചലച്ചിത്രതിലെന്നവണ്ണം. ഒരു കുന്നിന്‍ ചെരുവിലെ ഒരു ഗുഹയുടെ മുന്‍വശം. അവിടെയൊരു കരിങ്കല്‍ പീഠത്തില്‍ ഒരു സന്യാസി ഇരിക്കുന്നു.
"ങാ, വരൂ, ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു." സന്യാസിയുടെ ശബ്ദം. എനിയ്ക്ക്‌ മറ്റൊരു ഷോക്കായിരുന്നു അത്‌.
"അത്‌ സ്വാമിയുടെ ശക്തിയാണ്‌ രവീ. എനിക്കത്‌ വശമായിട്ടില്ല." ഇപ്പറഞ്ഞത്‌ വേലപ്പനായിരുന്നു.
"എങ്ങനെയുണ്ടായിരുന്നു രവീ യാത്ര? ആദ്യമായല്ലേ. പരിഭ്രമിച്ചിരിക്കുണു. വേലപ്പാ , നീ എന്തിനാണീ കുട്ട്യോളെ ഇങ്ങനെ വെഷമിപ്പിക്കണെ? ആദ്യമേ തന്നെ എല്ലാം പറഞ്ഞുകൊടുത്തുകൂടെ? പക്ഷെ നിന്റെ രീതി അതല്ലല്ലോ അല്ലേ? എന്തായാലും നന്നായി. നിന്റെ സെലക്ഷന്‍ നന്നായിരിക്കുന്നു. ഇവന്‍ മിടുക്കനാണ്‌, ട്ടോ. നീ ഹരിദ്വാറിലേക്കില്ലേ?."
"ഉവ്വ്‌, സ്വാമീ." വേലപ്പന്റെ മറുപടി. "ഈ ജോലി തീര്‍ന്നല്ലോ. ഇനി ഹരിദ്വാറിലേക്ക്‌ തന്നെ. സ്വാമി പറഞ്ഞതുകൊണ്ട്‌ ഒന്ന് പോയിനോക്കമെന്ന് കരുതി. എവിടേയാലായെന്താ എന്നെനിക്ക്‌ എപ്പോഴും തോന്നുന്നു."
"നീ അവിടെ പോയി കുറച്ചുകാലമങ്ങട്‌ ഇരുന്നു നോക്കൂ. അപ്പൊ മനസ്സിലാവും അതിന്റെ വിശേഷം. പിന്നെ നെനക്ക്‌ ഇങ്ങട്‌ പോരണമന്ന് തോന്നുമ്പോ പോരാല്ലോ."
"ഞാന്‍ ഉടനെ പുറപ്പെടുകയായി സ്വാമി. ഞങ്ങളെന്നാ മടങ്ങട്ടെ?."
"ആയിക്കോട്ടെ. രണ്ട്പേര്‍ക്കും എന്റെ അനുഗ്രഹം ണ്ട്‌ ട്ടോ. പോയിവരൂ."
രംഗം വീണ്ടും മാറി. ഞങ്ങള്‍ ഒരു പുഴയുടെ തീരത്ത്‌. തെളിഞ്ഞ വെള്ളം. ശാന്തമായി ഒഴുകുന്ന പുഴ. നല്ല വീതിയുണ്ട്‌. ഭാരതപുഴ പോലെ. പക്ഷെ പുഴ നിറഞ്ഞൊഴുകുന്നു.
"അതെ ഭാരതപുഴ തന്നെ. എനിക്കിവിടെ വന്നിരിക്കാന്‍ വലിയ ഇഷ്ടമാണ്‌. നമ്മള്‍ കണ്ട സ്വാമി എന്റെ ഏറ്റവും വലിയ ഗുരുനാഥനാണ്‌. അദ്ദേഹമാണ്‌ എനിക്ക്‌ പലതും നേടാന്‍ സഹായിച്ചത്‌."
"എങ്കില്‍ അദ്ദേഹത്തെ എങ്ങനെ കണ്ടെത്താം എന്ന് പറഞ്ഞുതരൂ.
ഞാന്‍ സമയം കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത്‌ പോയി പഠിച്ചുകൊള്ളാം." ഞാന്‍ പറഞ്ഞു.
"ഹ ഹ ഹ, നമ്മളിപ്പോള്‍ എവിടേയാണെന്നാ വിചാരിച്ചേ? ആയിരത്തോളം വര്‍ഷം ഭാവിയിലാണ്‌. ഇവിടെയെത്തണമെങ്കില്‍ ആദ്യം കുറേ വിദ്യകള്‍ പഠിച്ചേ പറ്റൂ."
എനിക്ക്‌ തല ചുറ്റുന്നോ എന്ന് തോന്നി. ഒരു രാത്രിക്കുള്ളില്‍ നേരിടാന്‍ പറ്റുന്നതില്‍ കൂടുതലായിരുന്നു ഇതൊക്കെ. വേലപ്പന്‍ ചിന്തയിലാണ്ടിരിക്കുകയാണ്‌ എന്ന് എനിക്ക്‌ തോന്നി. നിശബ്ദത. ഞാന്‍ ഒറ്റക്കായതു പോലെ. പക്ഷെ എനിക്ക്‌ വേലപ്പന്റെ സാമീപ്യം അറിയാന്‍ കഴിഞ്ഞു. അല്‍പനേരം കഴിഞ്ഞപ്പോള്‍ വേലപ്പന്‍ പറഞ്ഞു:
"സ്വാമി പറഞ്ഞത്‌ ശരിയാണ്‌. ഞാന്‍ കുറച്ച്‌ കാര്യങ്ങള്‍ കൂടി രവിയോട്‌ പറയേണ്ടതായിരുന്നു. കേള്‍ക്കൂ. ഞാന്‍ സ്വായത്തമാക്കിയ ഈ വിദ്യ എന്റേതായ ഒരു പുതിയ കണ്ടുപിടിത്തമല്ല. നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ സന്യാസിമാര്‍ കണ്ടെത്തിയതാണ്‌. പക്ഷെ ലോകത്തില്‍ വന്ന മാറ്റങ്ങളുടെ ഇടയില്‍പ്പെട്ട്‌ ഇതൊക്കെ നഷ്ടമായി. എന്നാല്‍ ചില സൂചനകള്‍ ചില താളിയോല ഗ്രന്ഥങ്ങളില്‍ ഉണ്ടായിരുന്നു. അവയില്‍ ചിലതൊക്കെ, ഭഗ്യവശാല്‍ എനിക്ക്‌ കാണന്‍ കഴിഞ്ഞു. തുടര്‍ന്നുള്ള എന്റെ സ്വന്തം പ്രവര്‍ത്തനങ്ങളും പലയിടങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളും മറ്റുമാണ്‌ എന്നെ ഇവിടെ വരെ എത്തിച്ചത്‌. ഞാനൊരിക്കല്‍ ഇങ്ങനെ ചുറ്റുന്ന സമയത്താണ്‌ നാം മുമ്പു കണ്ട സ്വാമിയേ ആദ്യമായി കാണുന്നത്‌. അദ്ദേഹം ഇങ്ങോട്ട്‌ വന്നു
പരിചയപ്പെടുകയായിരുന്നു. എനിക്ക്‌ ഇപ്പോഴും അതിനുള്ള കഴിവില്ല എന്നോര്‍ക്കണം. അതായത്‌ നമ്മുടെ കാലഘട്ടത്തിലേക്കു ഇതുപോലെ ഒരാള്‍ കടന്ന് വന്നാല്‍ അയാളെ കണ്ടെത്താനും അയാളോട്‌ സംസാരിക്കാനും എനിക്കാവില്ല. അങ്ങനെ പലതും എനിക്ക്‌ ഇനിയും പഠിക്കനുണ്ട്‌. ഇത്ത്രയും കഷ്ടപ്പെട്ട്‌ വീണ്ടെടുത്ത ഈ വിദ്യകളൊന്നും മനുഷ്യരാശിക്ക്‌ ഇനിയും നഷ്ടമാകരുതെന്ന വിചാരത്തിലാണ്‌ ഞാന്‍ രവിയെ കണ്ടെത്തി ഇതൊക്കെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. രവി ഇതെല്ലാം പഠിക്കും എന്നെനിക്കറിയാം. ഓരോ സമയത്തും മാര്‍ഗ്ഗനിര്‍ദ്ദേശം തരാന്‍ ഞാനുണ്ടാകും. ഇപ്പോള്‍ നമുക്കു മടങ്ങിപോകാം. രവി ഉറങ്ങിക്കൊള്ളൂ. ഉണാരുമ്പോഴേക്കും ഞാന്‍ പോയിട്ടുണ്ടാകും. നമ്മള്‍ വന്ന കാര്‍ രവിയെ തിരികെ കൊണ്ടുവിടും. അതിന്റെ കൂലിയൊക്കെ കൊടുത്തിട്ടുണ്ട്‌. ഇനിയൊരിക്കല്‍ കാണാം. ഗുഡ്നൈറ്റ്‌."
ഇത്രയും പറഞ്ഞത്‌ എനിക്കോര്‍മ്മയുണ്ട്‌. പിന്നെ എനിക്കറിയാവുന്നത്‌ രാവിലെ ഉണരുന്നത്‌ മാത്രമാണ്‌. ഞാന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. എപ്പോഴാണ്‌ ഞാന്‍ കസേരയില്‍ നിന്ന് കട്ടിലിലേക്ക്‌ വന്നതെന്ന് അറിയില്ല. വേലപ്പന്റെ സഞ്ചി മുറിയിലില്ലായിരുന്നു. നടന്നതെല്ലാം സ്വപ്നമായിരുന്നോ എന്നെനിക്ക്‌ തോന്നി. പക്ഷെ എങ്കില്‍ ഞാനെങ്ങനെ ഇവിടെയെത്തി? എണീറ്റ്‌ തയ്യാറായപ്പോള്‍ ഡ്രൈവര്‍ വന്നു, പോകാനൊരുങ്ങി. അപ്പോള്‍ എനിക്ക്‌ തീര്‍ച്ചയായി എന്റെ ഈ യാത്ര ഒരു സ്വപ്നമല്ലായിരുന്നു എന്ന്‌.

വി. ശശികുമാര്‍
Subscribe Tharjani |