മറവിയുടെ
മുപ്പത്തിമൂന്നാം
പടവിനപ്പുറം
നനയുന്ന നിശ്ശബ്ദതയാണു്.
മഴ
നിരക്ഷരമാം
വെള്ളെഴുത്തായ്
പെയ്യുന്നതിവിടെ.
വാക്കും ചരിത്രവും
ഇല്ലാത്തതിനാല്‍
ഇരുട്ടും വെളിച്ചവും
നിങ്ങള്‍ക്കിവിടെ
അലട്ടാവുന്നില്ല.
തഴുതിട്ടടിച്ച
ഹൃദയങ്ങളില്‍
ഒടുവിലത്തെ
അഭയസങ്കേതമെന്നപോലെ
വീണ്ടും വീണ്ടും
നിങ്ങള്‍ മുട്ടുന്നില്ല.
|
ഇലവറ്റിയ മരത്തെ
വെയില്‍കിണറുകോരി
തളിര്‍പ്പിക്കാന്‍
പിന്നെ നിങ്ങള്‍
തുനിയുന്നില്ല.
കായ്ക്കാത്ത കാഞ്ഞിരത്തേയും
അതില്‍
പനയോലെ
കൊത്തി
പതം വന്ന നാക്കാല്‍
ഫലമോതുമൊരു
ശുകത്തേയും
തേടുന്നില്ല.
ഇരുള്‍ നീലിമയിലൂടെ
ഉറുമ്പുകളേറ്റിപ്പോകും
ശലഭച്ചിറകില്‍ തെളിഞ്ഞ
പ്രണയലിപികളിലേക്കു്
ഞെട്ടിയുണരുന്നേയില്ല.
|