തര്‍ജ്ജനി

കനവുമക്കളുടെ കനവുകള്‍

പേരു പോലെ തന്നെ ഇതൊരു സ്വപ്നമാണ്‌. വീടാണ്‌-സ്കൂളാണ്‌- പണിയിടവും ആശ്രമവും കളരിയുമാണ്‌.മനുഷ്യര്‍ പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും കഴിഞ്ഞുകൂടുന്ന ഒരിടം. ഇന്നതാവണം, ഇന്നതുമാത്രമേ ആകാവൂ എന്നൊന്നും കരുതിതുടങ്ങിയതല്ല. 1992-ല്‍ നാടുഗദ്ദിക എന്ന എന്റെ നാടകം വീണ്ടും തട്ടിക്കൂട്ടിയപ്പോള്‍ അതവതരിപ്പിച്ച മഞ്ഞുമലൈമക്കളുടെ മക്കളും മരുമക്കളും കൂടിച്ചേര്‍ന്ന ഒരു കുട്ടിക്കൂട്ടം.

ആദ്യം വീടിന്‌ പിറകിലുള്ള റിഹേഴ്സല്‍ ക്ലാസ്സുതന്നയായിരുന്നു ആസ്ഥാനം. വന്നിരുന്നവരില്‍ അധികവും സ്കൂളില്‍ പോകാത്തവരൊ ചാടി വന്നവരോ ആയിരുന്നു. അവര്‍ക്കാര്‍ക്കും തന്നെ സ്കൂളില്‍ പോകുന്നത്‌ ഇഷ്ടമില്ലായിരുന്നു.

(ഇപ്പോഴും ആദിവാസികുട്ടികള്‍ക്ക്‌ മറ്റുള്ള കുട്ടികളുടെയത്ര ബുദ്ധി -ആ വാക്കുകൊണ്ട്‌ അവര്‍ ഉദ്ദേശിക്കുന്നതെന്തായാലും - ഇല്ല ഏന്നു
വിചാരിക്കുന്നവരുണ്ട്‌. ഈ ഗ്രാമത്തില്‍ തന്നെ അഞ്ച്‌ ആദിവാസി വിഭാഗങ്ങളുണ്ട്‌. മുള്ളുവകുറുമ്മര്‍, കുറിച്യര്‍, ഊരാളികുറുമര്‍, നായ്ക്കര്‍, പണിയര്‍ എന്നിങ്ങനെ. ഇവരെല്ലാം സ്വന്തമായി - അതേ മാതൃഭാഷയായി - ഭാഷയുള്ളവരാണ്‌.അവരെ സംബന്ധിച്ചിടത്തോളം മലയാളം അന്യഭാഷയാണ്‌. താരാട്ടുപാട്ടു മുതല്‍ കന്നടയോട്‌ നല്ല സാമ്യമുള്ള നായ്ക്കഭാഷ കേട്ട്‌, പറഞ്ഞ്‌ വളര്‍ന്നു വന്ന ഒരു കുട്ടി ഒന്നാം ക്ലാസ്സിലെ മാതൃഭാഷാ പഠനത്തോടെ പേടിച്ചുപോകുന്നു.)

കുട്ടികള്‍ക്ക്‌ പേടിയാണ്‌. അവര്‍ മൌനത്തിലാണ്‌. എഴുതുക, വായിക്കുക എന്നത്‌ വെറുപ്പാണ്‌. പാട്ടു പാടാനും കഥ കേള്‍ക്കാനും ആട്ടമാടാനും ചിത്രം വരയ്ക്കാനും അവര്‍ക്കിഷ്ടമാണ്‌. എന്റെ അടുത്തു വന്നവരും ഞാനും കൂടിയിരുന്ന്‌ കുറെ പാട്ടുകള്‍ പാടി. കഥകള്‍ പറഞ്ഞു. സുള്ള്‌ പറഞ്ഞു. ആട്ടമാടി. ഇടയ്ക്കിത്തിരി എഴുത്തും വായനയും ശ്രമിച്ചു നോക്കി.

പലരും പറഞ്ഞു - അവന്‍ പഴയ പണിതുടങ്ങി. ഇടതുപക്ഷ തീവ്രവാദം!

ഇടതുകാര്‍ പറഞ്ഞു - അവന്‍ പഴയ പണിതുടങ്ങി. ജീവകാരുണ്യപ്രവര്‍ത്തനം!

ഉയര്‍ന്ന ക്ലാസ്സുകളിലെ രജിസ്റ്ററില്‍ പേരുണ്ടായിരുന്ന കുട്ടികള്‍ക്കു പോലും ആത്മവിശ്വാസത്തോടെ വയിക്കാനോ, തെറ്റാതെ മലയാളത്തില്‍ എഴുതാനോ അറിയില്ലായിരുന്നു. എന്നാലോ, നല്ല കഴിവുള്ള മക്കള്‍. അഞ്ചു മിനിറ്റിനുള്ളില്‍ ഒരു നാടകമോ, കളിമണ്ണില്‍ ഒരത്ഭുതമോ വിരിയിക്കുന്നവര്‍. ഞങ്ങളുടെ റിഹേഴ്സല്‍ ക്ലാസ്സു നിറയെ മണ്‍പാത്രങ്ങളും ചിത്രങ്ങളും. രാവിലെയും വൈകുന്നേരവും പാട്ടും ആട്ടവും.

അന്നത്തെ ഒരു ദിവസം ഇങ്ങനെ ആയിരുന്നു: പാട്ട്‌, മണ്‍പണി, ചിത്രംവര, ആട്ടം, ഇടയ്ക്ക്‌ ഭാഷ,അല്‍പം കണക്ക്‌.

ഭാഷയ്ക്ക്‌ ലിപി മലയാളം . ശബ്ദം സ്വന്തം ഭാഷ. ഞങ്ങള്‍ അവരുടെ ഭാഷ പഠിക്കുന്നതിനേക്കള്‍ വേഗത്തില്‍ അവര്‍ മലയാള ഭാഷ പഠിച്ചു. പണിയഭാഷയുടെ വിനയച്ചങ്ങളിലും ഗതികളിലും ഞങ്ങളുടെ നാവു പതറുന്നത്‌ കേട്ട്‌ അവര്‍ ഞ്ഞങ്ങള്‍ക്കൊപ്പം ആര്‍ത്തുച്ചിരിച്ചു. ആര്‍ക്കാണ്‌ ബുദ്ധിക്കുറവ്‌? അയല്‍ ഭാഷകള്‍ക്ക്‌ മനസ്സിന്റെ അറകള്‍ തുറന്നുകൊടുക്കാന്‍ ആര്‍ക്കാണ്‌ മടി?

മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ അവര്‍ക്ക്‌ പോകാന്‍ മടിയായി.
-നമുക്കകലേയ്ക്ക്‌ പോകാ....
-എവിടെ എന്തിന്‌?
- വീട്ടില്‌ ലഹള, അടിപിടി. നിസ്സാര കാര്യങ്ങള്‍ക്ക്‌ അറുത്തുമുറിക്കുന്ന ബന്ധങ്ങള്‍. ദുരിതം മാത്രം വിതറി നടക്കുന്ന മദ്യം. കുഞ്ഞുങ്ങള്‍ മൌനികളാാ‍യി.

-നമുക്കിതില്‍ നിന്നും എത്രദൂരം മാറിനടക്കാനാവും? കാട്ടിലും നാട്ടിലുമിടമില്ലാത്തോരാണ്‌ നമ്മള്‍. വഴികളില്ലാതെ വഴിപാടുകള്‍ മാത്രം നടത്തുന്നവര്‍. വഴികാട്ടിയും ആ വഴിയുടെ തന്നെ ബലിയാടുമായിത്തീര്‍ന്ന കരിന്തണ്ടന്റെ പിന്‍മുറക്കാര്‍. ചുടുലകളില്‍ പോലും പുതിയതോ പഴയതോ ആയ തമ്പ്രാക്കള്‍ പുതിയ അവകാശപത്രങ്ങളുമായി നില്‍ക്കുന്നു. മരിച്ചു
ചെന്നാല്‍ പോലും ഈ ലോകം വഴുന്നോര്‍ തന്നെ നമ്മെ ഭരിക്കുന്നു. പിന്നെന്തിനാണ്‌ മക്കളെ നമ്മള്‍ പോകുന്നത്‌? ഒാ‍ടിയാലും ചാടിയാലും നമുക്കീ വട്ടം കടക്കാനാവുന്നില്ലല്ലൊ? - ഇവിടെത്തന്നെയാവട്ടെ ഒടുക്കം!

കുഞ്ഞുങ്ങള്‍ വിട്ടില്ല.

- അതു പറ്റില്ല. അകലേക്ക്‌ പോവണം.കൂടിയിരിക്കാനും കൂടിനടക്കാനും പറ്റിയ ഒരിടം. അയല്‍ക്കാരന്റെ തെറി കേള്‍ക്കാത്തൊരിടം. ഓടിനടക്കാനൊരിടം. ഞാന്‍ പല കൂട്ടുകാരോടും പറഞ്ഞുണല്ല സ്വപ്നം എന്ന പ്രോത്സാഹനം കിട്ടി. ഒടുവില്‍ നാടുഗദ്ദിക കണ്ടിരുന്ന ഒരു പുരോഹിതനാണ്‌ വിസ്താര്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ്‌ വഴി കനവിന്‌ ഒരിടമുണ്ടാക്കി തന്നത്‌. ഞാനവരോട്‌ കനവിന്റെ സങ്കല്‍പം പറഞ്ഞു. വെറും സ്കൂളല്ല , വെറും വീടല്ല, കൃത്യമായി
ഒരു സിലബസ്സില്ല, കുട്ടികളുടെ എണ്ണം കൂടാം കുറയാം. ഫലം എന്താണെന്ന്‌ കൃത്യമായി പറയാനാവില്ല. ചിലപ്പോള്‍ വട്ടപൂജ്യം. ചിലപ്പോള്‍ പരസ്പരം ഐക്യത്തിലും സ്നേഹത്തിലും ജീവിക്കുന്ന ഒരുകൂട്ടം.

ശ്രമിക്കാമെന്നവര്‍ പറഞ്ഞു.

ഞങ്ങളുടെ വീടുകളില്‍ നിന്നും രണ്ടു നാഴിക ദൂരെ ഞങ്ങളോരു സ്ഥലം കണ്ടെത്തി. ചീങ്ങോട്‌ എന്ന സ്ഥലത്ത്‌ പുഴയുടെയും കാടിന്റെയും അടുത്ത്‌ കുട്ടികളെയും കൂട്ടി കാട്ടിലൂടെ സ്ഥലം കാണാന്‍ പോയി. കുട്ടികള്‍ക്ക്‌ നന്നേ ബോധിച്ചു.

കളിക്കാന്‍ കാടും പുഴയും, കിടക്കാന്‍ ഇടവും. വിസ്താര്‍ ഈ ഭൂമി അവരുടെ പേരില്‍ വാങ്ങിത്തന്നു. ഞങ്ങള്‍ അവിടെ ഒരു മാടം വെച്ച്‌ കെട്ടി. പനയോല കൊണ്ട്‌. ആള്‍ക്കാര്‍ അതിനെ പയ്ക്കിന്റോ യൂണിവേഴ്സിറ്റി എന്നു വിളിച്ചു. (പയ്ക്കിന്റോ നാടുഗദ്ദികയിലെ ഒരു വാക്കാണ്‌. വിശക്കുന്നു എന്നര്‍ത്ഥം). ഒന്നിച്ചുള്ള താമസം തുടങ്ങി.

വിചാരിക്കാത്ത ഇഷ്ടാനിഷ്ടങ്ങള്‍ വന്നു തുടങ്ങി. പലതും പിടിച്ചുമാറ്റിയും ഉന്തിത്തള്ളിയും തുടിയടിച്ചും ആട്ടമാടിയും അദ്ധ്വാനിച്ചും പകലുകള്‍ കഴിഞ്ഞു. രാത്രിയില്‍ മരിച്ചു പോയ കാര്‍ന്നോന്‍മാരുടെ ശിങ്കിടികള്‍ പല വിചാരങ്ങള്‍ കൊട്ടി ആടിക്കളിച്ചു. മുന്നിലുള്ള കരിമ്പാറ, കോഴിയായി അസമയങ്ങളില്‍ കൂകി പേടിപ്പിച്ചു. ഒന്നിനേയും നിഷേധിക്കാതെ തന്നെ കളിച്ചും പഠിച്ചും പണിതും വളര്‍ന്ന്‌, കോഴിപ്പാറ വെറും കരിമ്പാറ എന്ന അറിവിലേക്കെത്തിയപ്പോഴേക്കും വര്‍ഷങ്ങള്‍ കഴിഞ്ഞു.

ഇതിനിടയില്‍ നാടിന്റെ നാനാ ഭാഗങ്ങത്തു നിന്നും കൌതുകത്തോടെ ആള്‍ക്കാര്‍ വന്നു. കലാകാരന്‍മാര്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, പുരോഹിതന്‍മാര്‍, സ്വാമിമാര്‍, വിദ്യാര്‍ത്ഥികള്‍, നന്‍മ നിറഞ്ഞ നാട്ടുകാര്‍ എന്നിങ്ങനെ. അന്നിവിടെ ഉണ്ടായിരുന്ന വയനാട്‌ കലക്ടര്‍ (ശ്രീ. വിശ്വാസ്‌ മേത്ത) വന്ന്‌ ഗവണ്‍മെന്റ്‌ തലത്തില്‍ ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ ചെയ്തു തന്നു. സൌരോര്‍ജ്ജപാനല്‍, പമ്പ്‌, ടി.വി, എന്നിങ്ങനെ. പയ്ക്കിന്റോ യുണിവേഴ്സിറ്റി കനവായി അംഗീകരിക്കപ്പെട്ടു.

ഇന്നിപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം, കളരിപ്പയറ്റ്‌, മോഹിനിയാട്ടം, കളിമണ്‍ പാത്രനിര്‍മ്മാണം, സംഗീതോപകരണങ്ങള്‍ എന്നിവയുടെ ക്ലാസുകള്‍. ഒപ്പം സയന്‍സ്‌, ചരിത്രം, ഭാഷകള്‍ എന്നിവയും. സിനിമ, നാടകം, ചരിത്രം, നങ്ങ്യാര്‍ക്കൂത്ത്‌, വാനശാസ്ര്‍സം, പരിസ്ഥിതി സംരക്ഷണം, ചിത്രകല - എന്തു വിഷയത്തെക്കുറിച്ചും കുട്ടികളുമായി അറിവ്‌ പങ്കു വെയ്ക്കാന്‍ സന്‍മനസ്സു കാട്ടുന്ന വിദഗ്ധര്‍ ഇവിടെ വന്ന്‌ ക്ലാസ്സെടുക്കാറുണ്ട്‌.

നാടന്‍ പാട്ടുകള്‍, വയനാടന്‍ പാട്ടുകള്‍, പാടി ഞങ്ങള്‍ കേരളത്തിനകത്തും പുറത്തും സഞ്ചരിക്കാറുണ്ട്‌. പഠനവും യാത്രയും അന്നത്തെ അപ്പം തേടലും. അറിവുകളും സന്തോഷവും പങ്കുവച്ച്‌ വര്‍ദ്ധിപ്പിക്കല്‍. 1998 മുതല്‍ ഇത്തരം പങ്കുവെക്കലുകളും, കൃഷിപ്പണികളും ചെറിയ കൈത്തൊഴിലുകളും കൊണ്ട്‌ അന്നം നേടി, അറിവ്‌ തേടി ഞങ്ങള്‍ ഇവിടെ കഴിയുന്നു.

ഈ നരസിയുടെ തീരത്ത്‌.
അന്‍പതോളം മക്കള്‍
എല്ലാവരും ഈ ഗ്രാമത്തില്‍ തന്നെയുള്ളവര്‍.

ഞങ്ങളുടെ കുട്ടികളൊഴിച്ചാല്‍ ബാക്കിയെല്ലാവരും പണിയ നായ്ക്ക ഗോത്രങ്ങളില്‍ നിന്നുള്ളവരാണ്‌. ഇവിടെ വന്നവരൊക്കെ ചോദിക്കാറുണ്ട്‌:

ഇതിന്റെ ഭാവി എന്ത്‌?
കുട്ടികളെ പരീക്ഷക്കിരുത്തുന്നില്ലേ?
പത്താം ക്ലാസ്‌?
എന്‍ട്രന്‍സ്‌?

പരീക്ഷക്കു വേണ്ടി ഇവിടെ പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും ചെയ്യുന്നില്ല. അറിവു തേടിയുള്ള യാത്രയ്ക്കിടയില്‍, അവരവരുടെ ഇഷ്ടങ്ങള്‍ ഉരുത്തിരിഞ്ഞു വരട്ടെ. എന്ത്‌ ചെയ്യണം എങ്ങിനെ ചെയ്യണം എന്നി അവരവര്‍ തീരുമാനിക്കട്ടെ. അതിനുള്ള പ്രാപ്തി നേടലാണ്‌ കനവിലെ ജീവിതം. ഈ കാലത്തിനിടയ്ക്ക്‌ ഈ സ്വപ്നം പങ്കുവെക്കാനും പ്രാരാബ്ദ്ധങ്ങള്‍ ചുമലേറ്റാനും കേരളത്തിനകത്തും പുറത്തും വളരെ മനസ്സുകള്‍ മുന്നോട്ട്‌ വന്നു. ഈ ഗ്രാമത്തിലും പുറത്തും മക്കള്‍ക്ക്‌ ബന്ധുക്കളും സുഹൃത്തുക്കളും ഏറിക്കൊണ്ടേ വരുന്നു.

സ്വപ്നങ്ങള്‍ അവ പങ്കു വയ്ക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന എല്ലാവരുടേതുമാണ്‌ എന്ന ധൈര്യത്തോടെ,
കനവുകളോടെ,
കെ.ജെ.ബേബി, ഷേളി, കനവുമക്കള്‍.
വിലാസം:- കനവ്‌, നടവയല്‍ തപാല്‍, വയനാട്‌ ജില്ല, കേരളം