തര്‍ജ്ജനി

പി.ജെ.ജെ.ആന്റണി

വെബ്:www.periyartmc.com.

Visit Home Page ...

കഥ

അച്ഛനും അമ്മയും പ്രത്യയശാസ്ത്രവും

ഫെബ്രുവരി 24 നാണ്‌ അമ്മ ആലപ്പുഴ കളക്ട്രേറ്റിലെ ജോലി രാജിവച്ച്‌ രാജീവിനൊപ്പം താമസിക്കാനായി ആസ്ത്രേലിയായിലേക്ക്‌ പോയത്‌. അതൊരു വാലന്റൈന്‍ ദിനമായിരുന്നു. കടുംനിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച്‌ കൌമാരക്കാര്‍ കൈകോര്‍ത്ത്‌ നടക്കുന്നതിന്റെ ഇടയിലൂടെ കാറോടിച്ച്‌ അമ്മ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്‌ പോയി. ഡ്രൈവറാണ്‌ കാര്‍ തിരികെകൊണ്ടുവന്നത്‌. പഴയൊരു മാരുതി 800 ആയിരുന്നു. അടുത്ത ദിവസംതന്നെ ഞാന്‍ ഡ്രൈവറെ പറഞ്ഞുവിട്ടു. അമ്മ ഇനി അടുത്തെങ്ങും വരാന്‍ പോകുന്നില്ലെന്ന്‌ എനിക്ക്‌ തോന്നി. അച്ഛന്റെ പഴയ സ്കൂട്ടര്‍ ആയിരുന്നു എന്തുകൊണ്ടോ എന്റെ ഇഷ്ടവാഹനം. ശവക്കോട്ടപ്പാലത്തിലൂടെ ഓടിയിറങ്ങി സെന്റ്‌ ജോസഫ്‍സ്‌ വിമന്‍സ്‌ കോളേജിന്റെ കൂറ്റന്‍ഗോപുരവാതില്‍ കടക്കുമ്പോള്‍ ആ ഇളംപച്ച കൈനെറ്റിക്‌ എനിക്ക്‌ ശരീരത്തിന്‌ പുറത്ത്‌ ഒരലങ്കാരമാണെന്ന്‌ എപ്പോഴും തോന്നിയിരുന്നു.

രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ മാത്രമാണ്‌ അച്ഛന്‍ അത്‌ ഓടിച്ചിരുന്നത്‌. അതാകട്ടെ എപ്പോഴും എന്റെ അവധിക്കാലങ്ങളില്‍ ആയിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന മൂന്നാറിലെ നീലക്കുറിഞ്ഞി പോലെയായിരുന്നു അച്ഛന്റെയും അമ്മയുടെയും ദാമ്പത്യം. വിടര്‍ന്ന പൂക്കള്‍ കൊഴിയുകയും കരിയുകയും ചെയ്യുന്നതുപോലെ അവര്‍ ഇടയ്ക്ക്‌ കഠിനമായി കലഹിക്കുകയും ചെയ്തിരുന്നു. രണ്ടോ മൂന്നോ മാസങ്ങളിലെ അവധി അങ്ങിനെ സന്തോഷിച്ചും ചതഞ്ഞും നീങ്ങുന്നതില്‍ എനിക്ക്‌ സങ്കടമുണ്ടായിരുന്നെങ്കിലും അച്ഛനും അമ്മയ്ക്കും അത്‌ ദിനചര്യ പോലെയായിരുന്നു. ഗോതമ്പ്‌ നിറവും വിടര്‍ന്ന കണ്ണുകളും നീണ്ടുകറുത്ത മുടിയുമെല്ലാം കൂടി അമ്മയെ നാടന്‍ മട്ടിലുള്ള സുന്ദരികളുടെ കൂട്ടത്തില്‍ ചേര്‍ത്തിരുന്നു. മുടി കൊഴിയും അകാലത്തില്‍ നരക്കും എന്നൊക്കെ പറഞ്ഞ്‌ ഷാമ്പൂ ഉപയോഗിക്കുന്നതില്‍ അമ്മയ്ക്കുള്ള മടിയോട്‌ എനിക്ക്‌ യോജിക്കാനായില്ല. വെളിച്ചെണ്ണയുടെ വല്ലാത്ത ഒരു മണം അമ്മയുടെ തലമുടിയില്‍ സദാ ഉണ്ടായിരുന്നു. അച്ഛന്‌ ആ മണവും ഇഷ്ടമായിരുന്നു. ഇടയ്ക്ക്‌ അമ്മയുടെ മുടി കൈയ്യില്‍ വാരിയെടുത്ത്‌ വാസനിച്ചുകൊണ്ട്‌ നില്ക്കുന്ന അച്ഛനെ എനിക്ക്‌ ഓര്‍മ്മയുണ്ട്‌. വല്ലാതെ കൊഴിയുന്നത്‌ കാരണം ഞാന്‍ മുടി ബോബ്‌ ചെയ്തിരുന്നു. അസൂയ കൊണ്ടാണ്‌ ഞാന്‍ അമ്മയുടെ തലമുടിയിലെ വെളിച്ചെണ്ണ വാസനയെ വെറുക്കുന്നതെന്ന്‌ അമ്മ എന്നെ പരിഹസിച്ചിരുന്നു. മുടിയും മുലയും ചന്തിയുമൊന്നും സൌന്ദര്യത്തിന്റെ അളവുകോലായി കരുതാതിരുന്ന എന്റെ തലമുറയുടെ ശീലങ്ങളും രുചിഭേദങ്ങളും അമ്മ ഒരിക്കലും കാര്യമായെടുത്തിരുന്നില്ല.

എന്റെ മാത്രമല്ല മറ്റാരുടെയും ലോകങ്ങളിലേക്ക്‌ കടന്നുനില്ക്കുന്നതും അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതുമെല്ലാം അമ്മ ഒഴിവാക്കി. അമ്മയുടെ അച്ഛന്‍ പഴയ കമ്യുണിസ്റ്റ്കാരനും തറവാടികള്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നവര്‍ക്ക്‌ സഹജമായ ഒരുപാട്‌ ശീലങ്ങള്‍ ഉള്ളയാളും ആയിരുന്നു. അദ്ദേഹം ഉണ്ടാക്കിക്കൊടുത്ത ഒരു ലോകവുമായിട്ടാണ്‌ അമ്മ ഭര്‍ത്താവിന്റെ വീട്ടിലേക്ക്‌ വന്നത്‌. പാര്‍ട്ടിയുടെ കാര്‍ഡ്‌ മെമ്പര്‍ ആയിരുന്നു അമ്മ. അച്ഛന്‍ അനുഭാവിയും. എന്നിട്ടും അവര്‍ രണ്ട്‌ ലോകങ്ങളില്‍ പാര്‍ക്കുന്നവരായിട്ടാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌. മാര്‍ക്സിസം എന്ന പദം അച്ഛന്റെ സംഭാഷണങ്ങളില്‍ ഇടയ്ക്ക്‌ സദാ കടന്നുവന്നുകൊണ്ടേയിരുന്നു. അമ്മ ഒരിക്കലും ആ പദം ഉപയോഗിച്ചില്ല. കമ്മ്യുണിസവും കമ്യുണിസ്റ്റ്‌ പാര്‍ട്ടിയും ആയിരുന്നു അമ്മയ്ക്ക്‌ ഹിതം. അമ്മ പ്രോത്സാഹിപ്പിച്ചിട്ടും അച്ഛന്‍ ഒരിക്കലും പാര്‍ട്ടി മെമ്പര്‍ഷിപ്പെടുക്കാന്‍ ഉത്സാഹിച്ചില്ല.

"അച്ചടക്കം എനിക്ക്‌ ഉള്ളില്‍ നിന്നാണ്‌ വരുന്നത്‌. അത്‌ വെളിയില്‍ നിന്നായാല്‍ ഞാന്‍ കുഴയും." അത്രയും പറഞ്ഞ്‌ അച്ഛന്‍ അമ്മയെ നോക്കി വിടര്‍ന്ന്‌ ചിരിക്കും. "ടിവിയും ഗൌരിയും കളിക്കാന്‍ എനിക്ക്‌ വയ്യ." അപ്പോള്‍ അമ്മയും ചിരിക്കും.

അന്ന്‌ അച്ഛന്‍ സഹകരണസംഘത്തില്‍ സെക്രട്ടറി ആയിരുന്നു. പാര്‍ട്ടി നോമിനി തന്നെ. വിവാഹത്തിനുമുമ്പുള്ള ജോലി. അമ്മ മുന്‍സിപ്പല്‍ കൌണ്‍സിലറും ജില്ലാ പഞ്ചായത്ത്‌ അംഗവുമൊക്കെ ആയിക്കഴിഞ്ഞപ്പോള്‍ ചിലരൊക്കെ കരുതിയിരുന്നത്‌ അമ്മയാണ്‌ അച്ഛന്‌ ജോലി ശരിയാക്കിയതെന്ന്‌. നിനക്കൊരു വെയ്റ്റ്‌ ഇരിക്കട്ടെ എന്നുപറഞ്ഞ്‌ അച്ഛന്‍ അതിനും തല കുലുക്കുമായിരുന്നു. ലോണ്‍ പാസാക്കുന്നത്‌ സംബന്ധമായി ലോക്കല്‍ കമ്മറ്റിയുമായി പലതവണ ഇടയേണ്ടിവന്നതോടെ ജോലി ഉപേക്ഷിക്കാന്‍ അച്ഛന്‍ തയ്യാറാവുകയായിരുന്നു. ജീവിക്കാനുള്ള വരുമാനം കൃഷിയില്‍ നിന്നും അമ്മയുടെ ജോലിയില്‍ നിന്നും കിട്ടിക്കൊണ്ടിരുന്നു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ അച്ഛന്‍ ഗള്‍ഫിലേക്ക്‌ പോയത്‌. അതിനിടയിലും ചിലതെല്ലാം സംഭവിച്ചിരുന്നു.

പാര്‍ട്ടിയില്‍ അച്ഛനെക്കാള്‍ സജീവമായിരുന്നെങ്കിലും ഭക്തിയുടെ കാര്യത്തില്‍ അമ്മ വിട്ടുവീഴ്ച്ചയ്ക്കൊന്നും ഒരുങ്ങിയില്ല. ഭൌതികകാര്യങ്ങളില്‍ പാര്‍ട്ടിയുടെ ചിട്ട. ആത്മാവിന്റെ കാര്യങ്ങളില്‍ പള്ളിയുടേതും. അമ്മയുടെ പഥ്യം അതായിരുന്നു. പള്ളിക്കമ്മറ്റികളില്‍ നിന്നും ഭക്തസംഘടനകളില്‍ നിന്നും അമ്മ തന്ത്രപൂര്‍വ്വം ഒതുങ്ങി നിന്നു. എന്നാലും കുര്‍ബാനയും കൊന്തയും കുരിശിന്റെ വഴിയുമൊന്നും മുടക്കിയില്ല.

"മരീനാ, നീയിങ്ങിനെ രണ്ട്‌ വള്ളങ്ങളില്‍ യാത്ര ചെയ്യരുത്‌. മാര്‍ക്സിസം ജീവിതത്തെ സമഗ്രമായി വ്യാഖ്യാനിക്കുന്ന ഒരു ചിന്താപദ്ധതിയാണ്‌. ഭൌതികവാദത്തില്‍ ദൈവത്തിന്‌ തരിമ്പും ഇടമില്ല." ചിരിച്ചുകൊണ്ടാവും അച്ഛന്‍ പറയുക. അമ്മയോട്‌ സംസാരിക്കുമ്പോള്‍ അച്ഛന്റെ മുഖത്ത്‌ മൂപ്പെത്താത്ത ഒരു ചിരി എപ്പോഴും ഉണ്ടാകും. പിണങ്ങുമ്പോഴും തര്‍ക്കിക്കുമ്പോഴുമെല്ലാം അമ്മയുടെ മുഖഭാവമാണ്‌ കഠിനപ്പെടുക.

"തോമസുകുട്ടി വലിയ ജ്ഞാനിയാണല്ലോ. എന്നിട്ടെന്താ ദൈവമില്ലെന്ന്‌ കറതീര്‍ത്ത് പറയാത്തത്‌? മൂപ്പരോട്‌ കളിക്കാന്‍ നിങ്ങള്‍ക്കും പേടിയുണ്ട്‌, അല്ലേ?"

അച്ഛന്‍ പിന്നെയും ഉദാരമായി ചിരിക്കും.

"മരീനാ, നീ പ്രതിജ്ഞയെടുത്ത പാര്‍ട്ടിയംഗമാണ്‌. പൂര്‍ണ്ണ ഉറപ്പില്ലാത്ത ഒരു പ്രത്യയശാസ്ത്രത്തെ നീ സ്വീകരിക്കരുതായിരുന്നു. പാര്‍ട്ടിയെയും പള്ളിമതത്തെയുമൊന്നും അതേപടി സ്വീകരിക്കാന്‍ എനിക്ക്‌ കഴിയില്ല. എനിക്ക്‌ രണ്ടുകൂട്ടരുടെമേലും സംശയങ്ങളുമുണ്ട്‌. ഞാന്‍ മതരഹിതനാണ്‌ പക്ഷേ നിരീശ്വരനല്ല"

അമ്മ ഒരിക്കലും ഞായറാഴ്ച കുര്‍ബാന മുടക്കിയില്ല. അച്ഛന്‌ അക്കാര്യത്തില്‍ നിര്‍ബ്ബന്ധമൊന്നും ഇല്ലായിരുന്നു. വല്ലപ്പോഴും പോകും. രാവിലെ വലിയൊരു കപ്പില്‍ ചായയുമായിരുന്ന്‌ അച്ഛന്‍ പത്രം വായിക്കുമ്പോഴാകും അമ്മ ഞങ്ങളെയും തെളിച്ച്‌ പള്ളിയിലേക്ക്‌ പോവുക. കുര്‍ബാന മുടക്കുന്നതിലൂടെ കുട്ടികള്‍ക്ക്‌ അച്ഛന്‍ ചീത്ത മാതൃകയായി മാറുകയാണെന്നതിനെ സംബന്ധിച്ച തര്‍ക്കം അതിനുമുന്‍പേ കഴിഞ്ഞിട്ടുണ്ടാകും. ഞങ്ങള്‍ കടന്നുപോകുമ്പോള്‍ അച്ഛന്‍ ഒളികണ്ണിട്ട്‌ ചിരിക്കും.

"നോക്കിക്കോ, നരകത്തീയില്‍ നിങ്ങള്‍ ഒറ്റയ്ക്കായിരിക്കും വെന്ത്‌ പൊള്ളുക. അന്നേരം ബഹളം കൂട്ടിയാല്‍ എനിക്കൊന്നും സഹായിക്കാനാവില്ല. അത്‌ ഓര്‍ത്താല്‍ മതി."

ചിലപ്പോള്‍ പത്രവായന മതിയാക്കി അച്ഛനും പള്ളിയിലേക്ക്‌ വരും. മിക്കവാറും പ്രസംഗം കഴിഞ്ഞിട്ടുണ്ടാകും. ലോകത്തിലെ ഏറ്റവും ബോറന്‍ പ്രസംഗങ്ങള്‍ അരങ്ങേറുന്നത്‌ പള്ളികളിലാണെന്ന്‌ അച്ഛന്‍ ഞങ്ങളോട്‌ പറയുമായിരുന്നു. പള്ളിലച്ചന്മാരുടെ ദൃഢതയില്ലാത്ത ശരീരഭാഷയും ചതഞ്ഞ പ്രയോഗങ്ങളുമെല്ലാം അച്ഛന്റെ പരിഹാസത്തിന്‌ വിധേയമായി.

"പറയുന്നതിനെക്കുറിച്ച്‌ അവര്‍ക്കുതന്നെ ഉള്ളുറപ്പില്ല. ഇത്തിരികൂടി വരുമാനമുള്ള ഒരു പള്ളിയിലേക്ക്‌ സ്ഥലമാറ്റത്തിന്‌ കാത്തിരിക്കുന്നവരാണ്‌ മുക്കാല്‍ പങ്കും. അവര്‍ക്കെങ്ങിനെ ഉള്ളുറപ്പോടെ വല്ലതും പറയാനാകും? ഇവരുടെ പ്രസംഗങ്ങള്‍ കേട്ടാല്‍ ഒരു കാര്യം ഉറപ്പിക്കാം. ഈശ്വരന്‍ തീര്‍ച്ചയായും ദീര്‍ഘക്ഷമാശീലന്‍ തന്നെയെന്ന്‌" അച്ഛന്‍ പൊട്ടിച്ചിരിക്കും. അമ്മ മുഖം കനപ്പിക്കും. എന്നാലും അമ്മ ഇടയ്ക്ക്‌ ഞങ്ങളോട്‌ പറയുമായിരുന്നു അച്ഛന്‍ ഞങ്ങളേക്കാള്‍ കനത്ത ഈശ്വരവിശ്വാസിയാണെന്ന്‌. ഒടുവില്‍ സംഭവിച്ചത്‌ തിരിച്ചായിരുന്നു.

എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌. അതൊരു ബുധനാഴ്ചയായിരുന്നു. കടുത്ത വേനലിനുശേഷം മഴയുടെ മണവുമായി ഒരു കാറ്റുവീശി. പൊടിമണലില്‍ ആദ്യത്തെ മഴത്തുള്ളികള്‍ വീണുചിതറിയപ്പോള്‍ ഹരം പിടിപ്പിക്കുന്ന ഒരു മണം പരന്നു. മൂക്കുനിറയെ അത്‌ ശ്വസിച്ച്‌ രസം കൊള്ളുകയായിരുന്നു ഞാന്‍. വലിയ ചേമ്പിലകളിലും വാഴക്കൈകളിലും മഴ വികൃതിക്കുരുന്നിന്റെ താളപ്പെരുക്കങ്ങളായി. മഴ കണ്ടും കേട്ടും ഞാന്‍ ആനന്ദിക്കുകയായിരുന്നു. എല്ലാമഴകള്‍ക്കും ഈ ആനന്ദം എനിക്ക്‌ തരാനാവില്ല. ചില മഴകള്‍ പ്രത്യേകമാണ്‌. മൂക്കും കണ്ണും കാതും നിറക്കുന്ന മഴ. ചറുപിറ വര്‍ത്തമാനം പറഞ്ഞ്‌ പിണങ്ങുകയും പരിഭവിക്കുകയും വെള്ളിടികള്‍ കലര്‍ത്തി പേടിപ്പിക്കുകയും ചെയ്യുന്ന മഴ.

മഴ നനഞ്ഞ്‌ വീട്ടിലേക്ക്‌ ഓടിക്കയറുകയായിരുന്ന അമ്മ അന്ന്‌ ഓമനപ്പുഴയില്‍ വില്ലേജ്‌ ഓഫീസര്‍ ആയിരുന്നു. അമ്മ വരും മുന്‍പേ എത്തേണ്ടിയിരുന്ന വില്‍ഫ്രഡ്‌ ഇനിയും എത്തിയിട്ടില്ലല്ലോയെന്ന്‌ അമ്മതന്നെയാണ്‌ ആദ്യം പറഞ്ഞത്‌. ജോലി കഴിഞ്ഞെത്തിയാല്‍ ബാഗും മറ്റും ഒരിടത്ത്‌ വച്ചശേഷം അമ്മ അടുക്കളയിലേക്ക്‌ നേരെ പോകും. പാര്‍ട്ടി മീറ്റിംഗോ യൂണിയന്‍ പ്രോഗ്രാമോ ഉണ്ടെങ്കില്‍ അമ്മ വൈകും. അങ്ങിനെയുള്ള ദിവസങ്ങളില്‍ പാചകം അച്ഛന്‍ പൂര്‍ത്തിയാക്കും. പിണക്കവും ഇണക്കവുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതായിരുന്നു നല്ല കാലം. അന്ന്‌ അമ്മ മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ആയിട്ടില്ല. അച്ഛന്‍ യമനിലേക്ക്‌ പോയിട്ടുമില്ല.

അമ്മ പരിഭ്രമിച്ചപ്പോള്‍ അച്ഛന്‍ കുടയുമായി റോഡിലേക്ക്‌ ഇറങ്ങി. എന്നോടൊത്തായിരുനു അച്ഛന്‍ കൂടുതല്‍ സമയം ചിലവഴിച്ചിരുന്നതെങ്കിലും വില്‍ഫ്രഡ്‌ അച്ഛന്‌ മകന്‍ മാത്രമല്ല സുഹൃത്തും കൂടിയാണെന്നത്‌ ഞാന്‍ അറിഞ്ഞിരുന്നു. അവര്‍ ഒരുമിച്ച്‌ സംസാരിക്കുമ്പോള്‍ അതിന്റെ താളം വേറിട്ടാണെന്നത്‌ ഞാന്‍ എത്രയോ തവണ കണ്ടു. ലിംഗനീതിയുടെ അക്കൌണ്ട്‌ ബുക്ക്‌ സമരസപ്പെടാന്‍ ഇന്ത്യയില്‍ ഇനിയും നൂറ്റാണ്ടുകള്‍ വേണ്ടിവന്നേക്കും. ഭൌമജിവിതത്തിന്റെ തുടക്കത്തിലെന്നോ കാട്ടുപോത്തിന്റെ താടിയെല്ലുമായി പുരുഷന്‍ വേട്ടയാടി ഭക്ഷണം ശേഖരിക്കാന്‍ ഇറങ്ങിയതിന്റെ പ്രതിഫലം ഇനിയും കൊടുത്തുതീര്‍ന്നിട്ടില്ല. അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളായി എനിക്ക്‌ അന്ന്‌ തോന്നിയിരുന്നില്ല. അമ്മയോടൊപ്പം ഞാനും മഴയിലൂടെ നടന്നുവരുന്ന ഒരച്ഛനും മകനുമായി കാത്തുനിന്നു.

സ്കൂള്‍ ബസ്സ്‌ പുതുമഴയില്‍ തെന്നി മറിയുകയായിരുന്നു. വില്‍ഫ്രഡ്‌ മാത്രം മരിച്ചു. ബാക്കി എല്ലാവരും മുറിവുകളും ചതവുകളുമായി അപകടസ്ഥലത്തുനിന്നും എഴുന്നേറ്റുപോന്നു. അതിനുശേഷം അച്ഛന്‍ ഒരിക്കലും പള്ളി കണ്ടില്ല. പ്രാര്‍ത്ഥനപ്പായില്‍ അച്ഛനുള്ള ഇടം ഒഴിഞ്ഞുകിടന്നു. വില്‍ഫ്രഡ്‌ മരിച്ചപ്പോള്‍ അച്ഛനിലെ ഒരു ഭാഗവും മരിച്ചുവെന്ന്‌ എനിക്ക്‌ തോന്നി. മുതിര്‍ന്നവരുടെ ഉള്ളിലും ഒരു കുഞ്ഞുണ്ട്‌. എന്റെ അച്ഛന്റെ ഉള്ളിലെ കുഞ്ഞ്‌ വില്‍ഫ്രഡിനൊപ്പം കടന്നുപോയി.

പിന്നെ ഞാനും രാജീവും അമ്മയും അച്ഛന്റെ ലോകത്തെ നിറച്ചു. അച്ഛന്‍ കൂടുതല്‍ കാര്യമാത്രപ്രസക്തനായി. കൂടുതല്‍ സമയം ഞങ്ങളോടൊപ്പം കഴിഞ്ഞു. ശാസ്ത്രവും കഥകളും ചരിത്രവും അച്ഛന്‍ ഞങ്ങള്‍ക്ക്‌ സമൃദ്ധിയില്‍ തന്നു. ചിരി മാത്രം അച്ഛനെ ഒഴിഞ്ഞുനിന്നു. അമ്മ നിഴലുപോലെ അച്ഛനൊപ്പം ഉണ്ടായിരുന്നു. ഉള്ളിലെ ഒരു കാട്ടുതീയില്‍ അച്ഛന്‍ വേവുന്നത്‌ ഞങ്ങള്‍ നിസ്സഹായരായി കണ്ടുനിന്നു.

"എന്തിനാ പിന്നെയും നീറുന്നത്‌. ഒക്കെ ഈശ്വരഹിതമാണ്‌."

"ബസ്‌ മറിഞ്ഞിട്ടും ബാക്കി സകലരും രക്ഷപെട്ടു. എന്റെ മകന്‍ മാത്രം മരിച്ചു. അത്‌ നീതിയാണെന്ന്‌ ഞാന്‍ അംഗീകരിക്കണമെന്നാണോ നീ പറയുന്നത്‌?"

"നമുക്കത്‌ മനസ്സിലാകാഞ്ഞിട്ടാണ്‌. മനുഷ്യരുടെ നീതിയല്ല ദൈവത്തിന്റെ നീതി."

"ബോദ്ധ്യമാകാത്ത നീതിയെ അംഗീകരിക്കാനും എനിക്ക്‌ വയ്യ. അങ്ങിനെയൊരു ദൈവത്തെയും എനിക്ക്‌ വേണ്ട. ദൈവം ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കത്തിനൊന്നും ഞാനില്ല. എനിക്ക്‌ ദൈവത്തെ ആവശ്യമില്ല. അത്രയേയുള്ളു."

പിന്നീട്‌ അധികം വൈകാതെ അച്ഛന്‍ യമനിലേക്ക്‌ പോയി. ഏതോ അറബിയുടെ പഴത്തോട്ടത്തിന്റെ ചുമതലക്കാരനാണെന്നാണ്‌ അച്ഛന്‍ പറഞ്ഞത്‌. അതിനടുത്ത വര്‍ഷം അമ്മ മുന്‍സിപ്പല്‍ കൌണ്‍സിലിലേക്ക്‌ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച്‌ ജയിച്ചു. അടുത്ത ഊഴം ജില്ലാ പഞ്ചായത്തിലേക്കായിരുന്നു.

അച്ഛന്‍ രണ്ടുവര്‍ഷങ്ങളിലൊരിക്കല്‍ നാട്ടില്‍ വന്നുകൊണ്ടിരുന്നു. രാജീവും ഞാനും ഉത്സാഹിച്ച്‌ പഠിച്ചു. രാജീവ്‌ ബാംഗ്ലൂരില്‍ പഠിച്ച്‌ കമ്പ്യുട്ടര്‍ എഞ്ചിനിയറായി. കാമ്പസ്‌ സെലക്ഷനില്‍ വിപ്രോയില്‍ ജോലി കിട്ടി. പിന്നെ ആസ്ത്രേലിയായില്‍ റസിഡന്റ്‌ വിസയും ശരിയായി. ഒപ്പം ജോലിചെയ്യുന്ന ഒറീസക്കാരി നോമിത മഹാപത്രയെ വിവാഹവും ചെയ്തു.

ആ വര്‍ഷമാണ്‌ സഖാവ്‌ ആവണീശ്വരം അര്‍ജുനന്‍ പാര്‍ട്ടിയില്‍ കരുത്തനായത്‌. അമ്മ തുടക്കം മുതല്‍ ആവണീശ്വരം പക്ഷത്തായിരുന്നു. അച്ഛന്‍ ഒരു ഭാഗത്തെയും ന്യായീകരിച്ചില്ല.

"മനുഷ്യനുവേണ്ടിയാണ്‌ പ്രത്യയശാസ്ത്രങ്ങള്‍. മറിച്ചാവുന്നത്‌ അശ്ലീലമാണ്‌; മനുഷ്യവിരുദ്ധമാണ്‌. മനുഷ്യരുടെ ജീവിതസങ്കല്പങ്ങളും ആവശ്യങ്ങളും മാറുകയാണ്‌. അതനുസരിച്ച്‌ പ്രത്യയശാസ്ത്രങ്ങളും നവീകരിക്കപ്പെടണം. സ്വാതന്ത്ര്യവും നീതിയും . അതാണ്‌ അന്തിമ പ്രമാണം. മാര്‍ക്സിസത്തിന്റെ പ്രേരണയും അതുതന്നെ. മാറ്റത്തിന്‌ മാത്രമാണ്‌ മാറ്റമില്ലാത്തതെന്ന്‌ കാള്‍ മാര്‍ക്സ്‌ പറഞ്ഞത്‌ ആലോചിക്കാതെയൊന്നുമല്ല."

അമ്മ തര്‍ക്കിക്കാനൊന്നും നിന്നില്ല. മണ്ണും വേരുമില്ലാത്ത ഒരു മരം പോലെയാണ്‌ അച്ഛന്‍ സംസാരിക്കുന്നതെന്ന്‌ എന്നോട്‌ പറഞ്ഞു. "അക്കരെ അല്ലെങ്കില്‍ ഇക്കരെ. നടുക്കടലില്‍ നിന്ന്‌ എന്തെടുക്കാനാണ്‌?"

അച്ഛന്റെ അവധിക്കാലങ്ങള്‍ വന്നുപൊയ്ക്കൊണ്ടിരുന്നു. അതിനിടയിലാണ്‌ രാജീവ്‌ അമ്മയെ അങ്ങോട്ട്‌ വിളിച്ചത്‌. ജില്ലാ പഞ്ചായത്തിന്റെ കാലാവധി തീരുകയുമായിരുന്നു. അച്ഛന്‍ എതിരൊന്നും പറഞ്ഞില്ല.

ജീന്‍സും ഷര്‍ട്ടുമിട്ട്‌ രാജീവിന്റെ കുടുംബത്തോടോപ്പം അമ്മ നില്ക്കുന്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ ലോഡ്‌ ചെയ്ത്‌ കണ്ടപ്പോള്‍ അച്ഛന്‍ ആഹ്ലാദത്തോടെ ചിരിച്ചു. അമ്മയെ ആ വസ്ത്രത്തില്‍ അച്ഛന്‌ ഇഷ്ടമായെന്ന്‌ എനിക്ക്‌ തോന്നി. പിന്നെയും ഒരുപാട്‌ ഫോട്ടോകള്‍ വന്നു.

നാലഞ്ച്‌ വര്‍ഷങ്ങള്‍ കടന്നപ്പോള്‍ അച്ഛന്‍ എല്ലാം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങി വന്നു. അപ്പോഴേക്കും എന്റെ വിവാഹം കഴിഞ്ഞിരുന്നു. എറണാകുളത്തെ അപ്പാര്‍ട്ട്മെന്റില്‍ ഇപ്പോള്‍ എന്നോടൊത്താണ്‌ അച്ഛന്‍. എന്റെ മകന്‍ രണ്ടുവയസ്സുകാരന്‍ ആദിത്യയുടെ കളിക്കൂട്ടുകാരന്‍. വിവേകിനും അച്ഛനെ ഇഷ്ടമാണ്‌. നിനക്ക്‌ കുട്ടിയെ നോക്കാന്‍ ഫ്രീയായി ഒരാളെ കിട്ടിയെന്ന്‌ ഒപ്പം ജോലിചെയ്യുന്നവര്‍ കളി പറഞ്ഞു. സത്യത്തില്‍ ആദിത്യനെക്കാള്‍ ഞാനിപ്പോള്‍ ശ്രദ്ധിക്കുന്നത്‌ അച്ഛനെയാണ്‌. ആസ്ത്രേലിയയിലെ പ്രശസ്തമായ ഒരു ഹൊട്ടേല്‍ ചെയിനിന്റെ ഹ്യുമന്‍ റിസോഴ്സ്‌ വിഭാഗത്തില്‍ അമ്മ ജോലി നേടി. അടുത്ത കൊല്ലം ഹൊട്ടേല്‍ തൊഴിലാളികളുടെ യൂണിയന്റെ ദേശീയ സമിതിയിലേക്ക്‌ അമ്മ തിരഞ്ഞെടുക്കപ്പെട്ടു. പുന്നപ്രയിലെ വീട്‌ അടഞ്ഞുകിടന്നു.

പ്രായമാണോ അതോ അമ്മ ഒപ്പമില്ലാത്തതിന്റെ ഏകാന്തതയാണൊ എന്നറിയില്ല ചിലപ്പോഴൊക്കെ അച്ഛന്റെ മുഖം വ്യാകുലവാളുകളാല്‍ കീറിമുറിക്കപ്പെട്ടതുപോലെ തോന്നും. രാത്രി വൈകിയും ഇരുന്ന്‌ വായിക്കുന്നത്‌ കാണാം. പുതിയ പുസ്തകങ്ങളോടുള്ള പ്രിയത്തിന്‌ മാത്രം മാറ്റമൊന്നും ഉണ്ടായിട്ടില്ല. ചിലപ്പോള്‍ അച്ഛന്‍ വായിക്കുന്നതും നോക്കി ഞാനും അച്ഛനൊപ്പം വെറുതെയിരിക്കും. അച്ഛനെ അങ്ങിനെ കണ്ടുകൊണ്ടിരിക്കുന്നത്‌ പണ്ടൊക്കെ എനിക്ക്‌ മനസ്സിന്‌ വലിയ ശാന്തത തരുമായിരുന്നു. സമുദ്രത്തിന്റെയും പര്‍വതത്തിന്റെയുമൊക്കെ മുന്നില്‍ നില്ക്കുന്നതിന്‌ സമാനമായ ഒരനുഭവം ആയിരുന്നു അത്‌. ലോകത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും, വൃദ്ധരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചുമെല്ലാം ഉല്‍ക്കണ്ഠാകുലനാകുന്ന എന്റെ അച്ഛനെ എനിക്ക്‌ നന്നായി അറിയാമായിരുന്നു. എന്നും എന്റെ അഭിമാനഗോപുരമായിരുന്നു അച്ഛന്‍. ആ അച്ഛന്‍ എന്തിനൊക്കെയോ വേണ്ടി അകമേ നീറുന്നുണ്ടെന്നത്‌ എനിക്കാരും പറഞ്ഞുതരേണ്ടതില്ലായിരുന്നു.

അമ്മ മടങ്ങി വരുകയാണ്‌. രാജീവിനെ വലിയൊരു ആസ്ത്രേലിയന്‍ മള്‍ട്ടിനാഷണല്‍ കമ്പനി അവരുടെ ഇന്ത്യയിലെ ബിസിനസ്‌ റെപ്രസെന്റേറ്റീവ്‌ ആയി നിയമിച്ചു. ലാഭം ഉല്പാദിപ്പിക്കാനുള്ള ഇന്ത്യന്‍ കമ്പോളത്തിന്റെ സാദ്ധ്യതകള്‍ അനന്തമാണെന്നാണ്‌ അവരുടെ വിലയിരുത്തല്‍. അമ്മയുടെ രാഷ്ട്രീയ ബന്ധങ്ങളും അവര്‍ പരിഗണിച്ചിട്ടുണ്ടാവണം. ഈ തവണ അമ്മയ്ക്ക്‌ അസംബ്ലിയിലേക്ക്‌ മത്സരിക്കന്‍ സീറ്റ്‌ ഉറപ്പാണ്‌. പുതിയൊരു ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരായിട്ടാണ്‌ അമ്മയുടെ പുറപ്പാട്‌. ജര്‍മ്മന്‍ മാര്‍ക്കിനെക്കാളും ഒട്ടും പിന്നിലല്ലല്ലോ ആസ്ത്രേലിയന്‍ ഡോളര്‍.

അമ്മ ഓര്‍ഡര്‍ ചെയ്ത ഷെവര്‍ലെയുടെ ഏറ്റവും പുതിയ മോഡല്‍ കൊച്ചിയിലെ ഷോറൂമില്‍ തയ്യാറാണെന്ന്‌ അവര്‍ അറിയിച്ചിട്ടുണ്ട്‌. അച്ഛന്‍ സന്തോഷവാനാണ്‌. പക്ഷേ എനിക്കെന്തുകൊണ്ടോ അത്‌ പങ്കിടാനാവുന്നില്ല. കഴിഞ്ഞയാഴ്ചയാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. അച്ഛന്റെ വിരലുകള്‍ അച്ഛനറിയാതെ ചലിക്കുന്നു. പെട്ടെന്ന്‌ ഞെട്ടുന്നതുപോലെ കൈകള്‍ വിറകൊള്ളുന്നു. അശുഭമായതു കണ്ടതുപോലെ ഞാന്‍ സ്വയം വിലക്കി. അച്ഛനോടൊന്നും പറഞ്ഞില്ല. വിവേകിന്റെ ഡോക്ടര്‍ സുഹൃത്തിനോട്‌ മാത്രം പറഞ്ഞു. അല്‍ഷിമേഴ്സ്‌ ബാധിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനകളാണെന്നാണ്‌ ഡോക്ടര്‍ സംശയിക്കുന്നത്‌.

വെറും സംശയമാകാം. എന്നാലും ഇന്നലെ ഒരു പുസ്തകം വാങ്ങി. അല്‍ഷിമേഴ്സ്‌ രോഗികളെ സ്നേഹത്തോടും ക്ഷമയോടും കൂടി പരിചരിക്കാനുള്ള രീതികള്‍ വിശദമാക്കുന്ന ഒരു പുസ്തകം. ചലനങ്ങളുടെമേലുള്ള പിടികളെല്ലാം അയഞ്ഞ്‌ ആദിത്യനെക്കാള്‍ കുഞ്ഞായി, തെന്നുന്ന ഓര്‍മ്മകളുമായി, നിസ്സഹായനായി അച്ഛന്‍. എനിക്ക്‌ എല്ലാം കാണാനാകുന്നുണ്ട്‌. അച്ഛന്‍ ഇനിയും എത്രകാലം........

Subscribe Tharjani |
Submitted by Ashraf Kadannappally (not verified) on Sun, 2011-02-06 22:09.

An Excellent Story With Real Touchings...

Submitted by Yedu Narayanan (not verified) on Fri, 2011-08-26 14:36.

ഹൃദയഹാരിയായ നല്ലൊരു ചെറുകഥ. . . . . . ബന്ധങ്ങളുടെ വില മനസിലാകുന്നു. . . നല്ല ഭാഷ. . . .

Submitted by rafeek wafy (not verified) on Tue, 2012-07-10 20:49.

story is marvellous. i liked it so much. just i cried.