തര്‍ജ്ജനി

സീമ മേനോന്‍

ബ്ലോഗ് : http://themistressofsmallthings.blogspot.com/

Visit Home Page ...

കഥ

അതീതം

ഉയരം കൂടിയ ജനാലയുടെ ചിത്രപ്പണികളിലൂടെ വരുന്ന വെളിച്ചം ഇരുണ്ടു തുടങ്ങിയെങ്കിലും, മാതാവിന്റെ മുഖത്തിനു നല്ല തെളിച്ചമുണ്ടായിരുന്നു. കാരുണ്യം വാര്‍ന്നൊഴുകി, അള്‍ത്താരയും കടന്നു വെള്ളിനിറമുള്ളൊരു നദിയായി തന്നിലേക്കു ഒഴുകുന്നതായി തോന്നി ശിവപ്രസാദിനു്. വെയില്‍ മങ്ങിയതോ, ഇരുള്‍ പൊങ്ങിയതോ അറിയാതെയുള്ള ഈ ഇരുപ്പു തുടങ്ങിയിട്ടു് നേരം എത്രയായെന്നു ശിവപ്രസാദിനു തന്നെ വലിയ തിട്ടമില്ലായിരുന്നു. അല്ലെങ്കിലും ജീവിതം തന്നെ താറുമാറായ ഈ സമയത്തു സൂര്യനും ചന്ദ്രനുമായുള്ള ഒളിച്ചുകളിയൊക്കെ കേവലം കുട്ടിക്കളികളല്ലേ? സ്വന്തം ജീവിതത്തെക്കാളും വലുതായി പ്രപഞ്ചം പോലുമില്ലെന്നു ശിവപ്രസാദ് വിചാരിച്ചു.

ഒന്നുമാലോചിക്കാതിരിക്കാം. ചിന്തകളേ,നിങ്ങള്‍ക്കു് എന്നിലേക്കു പ്രവേശനമില്ല. ഇങ്ങിനെ ഇരുന്നിരുന്നു ശ്വാസം നിലച്ചുപോവട്ടെ. ഹൃദയംമുറിഞു രക്തമിറ്റിറ്റുവീണു് ഇനിയെത്ര കാലം - അതിലും സുഖമുള്ളതാവും പെട്ടന്നൊരു നിമിഷത്തില്‍ ഇരുന്ന ഇരുപ്പില്‍ ഇല്ലാതാവുന്നത്. വേദനകളൊക്കെ ഒറ്റയടിക്കില്ലാതാവുന്ന അവസ്ഥ. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത മാതാവിനുണ്ടോ വേദനകളെക്കുറിച്ചു് വല്ല ധാരണയും?

"ഒന്നുമാലോചിക്കാതിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു മലവെള്ളപ്പാച്ചില്‍ പോലെ കുറെയേറെ കാര്യങ്ങള്‍ മനസ്സില്‍ കുതിച്ചെത്തി. നിഷയുടെ ഹോസ്റ്റല്‍ ഫീസ്. രണ്ടാം നിലയുടെ വാര്‍ക്കയ്ക്കു മുമ്പു മേസ്തിരിക്കു കൊടുക്കാനുള്ള പണം. എല്‍ ഐ സിയുടെ പ്രീമിയം അടക്കേണ്ട ദിവസം. എല്ലാം കുത്തഴിഞു കിടക്കുന്നു. പത്തു പതിനഞ്ചു് വര്‍ഷങ്ങളായി ഇതൊന്നും ആലോചിക്കേണ്ടി വന്നിട്ടില്ല. എല്ലാം സമയാസമയത്തു നടന്നു കൊള്ളും. എല്ലാം ഓര്‍ത്തു ചെയ്യാറുള്ളവള്‍ ഒരു മരത്തടി പോലെ രണ്ടാം നിലയില്‍ കിടക്കുന്നതോര്‍ത്തു് ശിവപ്രസാദിന് അരിശം ഇരച്ചു വന്നു. മനുഷ്യനൊരു മെഴുകുതിരിയായി ഉരുകിതീരുന്നതറിയാതെ ബോധംകെട്ടു് കിടക്കുന്നു, കഴുത.

തലയൊന്നു് ആട്ടിയിട്ടും, ശക്തിയായി കയ്യുകള്‍ കുടഞ്ഞിട്ടും ദേഷ്യത്തിനൊരു ശമനം വരാതായപ്പോള്‍ കോട്ടിന്റെ സിബ് വലിച്ചു കേറ്റി മാതാവിനോടൊരു യാത്ര പോലും പറയാതെ ശിവപ്രസാദ് തിരക്കിട്ടിറങി. ജീന്‍സും ലെതര്‍ജാക്കറ്റുമണിഞ്ഞ ഒരു സുന്ദരന്‍ ചെറുപ്പക്കാരന്‍ പുറത്തെ ബെഞ്ചില്‍ ലാപ്റ്റോപ്പിനോടു സല്ലപിക്കുന്നുണ്ട്. ഭാര്യയെ പ്രസവത്തിനു കൊണ്ടു വന്നതോ മറ്റോ ആയിരിക്കും, ഒന്നു രണ്ടു ദിവസമായി കാന്റീനിലും ഫാര്‍മസിയിലുമൊക്കെ വച്ചു കാണുന്നുണ്ട്, ചിരി ഇതു വരെ മടക്കാന്‍ തോന്നിയിട്ടില്ല, അല്ലെങ്കിലും ഇനി ആരോടു്, എന്തിനു്, ചിരിക്കാന്‍?

നാലു മണിക്കാണു് ഡോക്റ്ററെ കാണേണ്ടത്. അയാളുടെ അനുകമ്പ നിറഞ്ഞ നോട്ടം കാണുമ്പോള്‍ ഭൂമിയിലേക്കങ്ങു് താണുപോകുന്നതല്ലേ ഇതിലും ഭേദം എന്നു ശിവപ്രസാദിനു തോന്നാറുണ്ട്.

കേസ് ഫയല്‍ മടക്കി, ഡോക്റ്റര്‍ ഒന്നുരണ്ടു വട്ടം ശ്വാസം വലിച്ചു വിടുന്നതും നോക്കി അനങ്ങാതിരുന്നു ശിവപ്രസാദ്. വിധി കേള്‍ക്കാനിരിക്കുന്ന രോഗിയുടെ അവസ്ഥയല്ലല്ലോ തന്റേത്. വിധി നിര്‍ണ്ണയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു. ഇനി അതു നടപ്പിലാക്കിയാല്‍ മാത്രം മതി, അതിനിടയ്ക്കു് ഇതെല്ലാം കഴുമരത്തിലേറുന്ന പ്രതിയോടു ചെയ്യുന്ന ചില ചടങ്ങുകള്‍ മാത്രം.

‘’ബന്ധുക്കളെ ആരെയെങ്കിലും വിവരം അറിയിച്ചോ?’‘ മുഖത്തു നോക്കാന്‍ മടിച്ചിട്ടാവണം ഡോക്റ്റര്‍ വീണ്ടും ഫയല്‍ തുറന്നു.

‘ഇല്ല’‘ ശിവപ്രസാദ് തലയാട്ടി.

‘’അറിയാമല്ലൊ, മിസ്സിസ് രമാദേവിക്കു രണ്ടു തരത്തിലുള്ള ട്രീറ്റ്മെന്റ് ആണു ഞങ്ങള്‍ നല്കുന്നതു്. അപകടത്തിനിടയ്ക്കു തല എവിടെയോ ഇടിച്ചിട്ടുണ്ട്, അതിന്റെ ഫലമായിട്ടാണു് പോസ്റ്റ് ട്രോമാറ്റിക് അംനേഷ്യ. ദേഹത്തെ മറ്റു് മുറിവുകള്‍ വലിയ സാരമില്ല, ഒരാഴ്ചചയ്ക്കുള്ളില്‍ കരിയും’‘

‘’ദേഹത്തെ മുറിവുകളെക്കാള്‍ വലുതല്ലേ ഡോക്റ്റര്‍, മനസ്സിന്റെ മുറിവുകള്‍, അതിനു് മരുന്നുണ്ടോ എന്നു ഉറക്കെ ചോദിക്കണമെന്നു തോന്നി ശിവപ്രസാദിനു്.

‘’രമാദേവിക്കു നടന്ന കാര്യങ്ങള്‍ ഓര്‍മ്മ വരുന്നില്ല, അപകടത്തില്‍ തലയ്ക്കു് പരിക്കേല്ക്കുന്ന പലര്‍ക്കും ഉണ്ടാകാവുന്നതാണിതു്. ഓര്‍മ്മ മുഴുവനായി തിരിച്ചു കിട്ടണമെന്നില്ല പലപ്പോഴും.‘’ ഡോക്റ്റര്‍ ശിവപ്രസാദിനെ സൂക്ഷിച്ചു നോക്കി.

‘’ഇവരുടെ കാര്യത്തില്‍ നടന്നതൊന്നും ഓര്‍മ്മ വരാതിരിക്കുന്നതല്ലേ എന്തുകൊണ്ടും നല്ലതു്’. ഒരു സ്ത്രീയും ഓര്‍ക്കാനിഷ്ടപ്പെടുന്ന അനുഭവങ്ങളിലൂടെയാണല്ലോ അവള്‍ കടന്നുപോയതു്’‘ കന്നട ചുവയിലുള്ള ഡോക്റ്ററുടെ ശബ്ദം ഒരു ഗുഹയ്ക്കപ്പുറത്തുനിന്നു് വരുന്നതുപോലെ.

നശിച്ചൊരു യാത്ര. പതിനഞ്ചാം വാര്‍ഷികാഘോഷം. അതാണല്ലൊ എല്ലാത്തിനും തുടക്കം. കല്യാണംകഴിഞ്ഞ സമയത്തുപോലും ‘’പ്രസാദേട്ടാ, യാത്രയൊന്നും വേണ്ടാ, നമുക്കിങ്ങനെ വീട്ടില്‍ത്തന്നെ ഇരുന്നാല്‍ മതി’‘ എന്നു പറഞ്ഞിട്ടുള്ള ആളാണു്, പതിനഞ്ചാം വാര്‍ഷികത്തിനു ബാംഗളൂര് തന്നെ പോവണമെന്നു് വാശിപിടിച്ചതു്. പരാതികളൊ പരിഭവങ്ങളോ ഇല്ലാതെ ജീവിതത്തിന്റെ ഊടും പാവുമായി നിന്ന ഇണ. സ്ത്രീയെന്നാല്‍ ലോഡ്ജ് മുറികളിലെ മുല്ലപ്പൂവിന്റെ മണമോ, കോളേജിലെ ആളൊഴിഞ ഇരുട്ടിലെ നിശ്വാസങ്ങളോ മാത്രമല്ലെന്നു മനസ്സിലാക്കിക്കൊടുത്തവള്‍. പതിനഞ്ചു വര്‍ഷമായി പ്രണയിച്ചു കൊതിതീരാത്തവള്‍. അവള്‍ ചന്ദ്രനില്‍ പോവ്വാം പ്രസാദേട്ടാ എന്നു പറഞ്ഞാലും ശിവപ്രസാദ് സമ്മതിച്ചു കൊടുക്കുമായിരുന്നു.

ആലോചിച്ചു നോക്കുമ്പോള്‍ തോന്നുന്നു, എല്ലാം വരാനിരുന്ന വിപത്തിന്റെ നിമിത്തങ്ങളായിരുന്നുവെന്നു്. തനിച്ചൊരു യാത്ര, അതും എട്ടും പൊട്ടും തിരിയാത്ത ഒരു നാട്ടിന്‍പുറത്തുകാരി ഭാര്യയുമൊത്തു്. അവള്‍ക്കിഷ്ടമുള്ളതെല്ലാം അനുവദിച്ചു കൊടുക്കുന്നതിന്റെ ത്രില്ലിലായിരുന്നു ദിവസങ്ങള്‍. ശക്തിയുള്ള ദേവിയാണത്രെ, എട്ടന്‍ എണീറ്റു ചായ കുടിക്കുമ്പോഴേക്കും ഞാനൊന്നു ഓടിപ്പോയി തൊഴുതുവരാമെന്നു പറഞ്ഞവള്‍ ഹോട്ടലില്‍ നിന്നിറങ്ങുമ്പോള്‍ കൂട്ടുപോവേണ്ടതായിരുന്നു. അന്നേരം നശിച്ചൊരു മടി.

ഭാവിയൊരു കിളിവാതിലിലൂടെ കാണാന്‍പറ്റിയിരുന്നെങ്കില്‍! അപകടങ്ങളും ചതിക്കുഴികളും നേരത്തെ തന്നെ മനസ്സിലാക്കാന്‍ പറ്റിയിരുന്നെങ്കില്‍ .....

‘’ഹോട്ടലിനടുത്ത കുറ്റിക്കാട്ടിലാണല്ലെ കണ്ടെത്തിയതു”? ഡോക്റ്റര്‍ ചോദിച്ചു. ‘’പോലീസില്‍ വിവരമറിയിക്കണ്ടേ?’‘

‘’വേണ്ട, പരാതിയില്ല’‘ മുഖം താഴ്ത്തി ശിവപ്രസാദ് പിറുപിറുത്തു. വലിച്ചു കീറപ്പെട്ട ഒരു ദേഹത്തിന്റെ ചോരമണം ഓര്‍മ്മയില്‍ തികട്ടിവന്നു.

‘’മിസ്സിസ് രമാദേവിയുടെ നില മെച്ചപ്പെടുന്നുണ്ട്, ഒരാഴ്ചക്കുള്ളിള്‍ ഡിസ്ചാര്‍ജ് ചെയ്യാം. പിന്നെ മറവി, അത് തല്ക്കാലം അങ്ങിനെ തന്നെ നില്ക്കട്ടെ. ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യം. നിങ്ങളല്ലാതെ മറ്റാരും അറിഞ്ഞിട്ടുമില്ല. വാഹനാപകടം എന്നൊ മറ്റോ പറഞ്ഞാല്‍ മതി, വേണമെങ്കില്‍ സൈക്യാട്രിസ്റ്റിന്റെ സഹായവും തേടാം’‘

രമയെ വീട്ടിലേക്കു കൊണ്ടു പോവുന്നതിനെപ്പറ്റി തന്നെ ആയിരുന്നു ശിവപ്രസാദിന്റെ ചിന്തകള്‍ മുഴുവനും. ഇനിയെന്തു് വീട്? അഞ്ചു തിരിയിട്ട നിലവിളക്കായി കത്തിനിന്നവള്‍ അണഞ്ഞു പോയില്ലേ” ഇനിയൊരിക്കലെങ്കിലും സ്നേഹത്തോടെ, ഭര്‍ത്താവെന്ന അധികാരത്തോടെ ആ ദേഹത്തിനെ താലോലിക്കാന്‍ പറ്റുമോ? കറയാക്കപ്പെട്ടവള്‍. പുരുഷനായി പിറന്നവനു സഹിക്കാനോ പൊറുക്കാനോ പറ്റാത്ത ചിന്ത.

നാട്ടിലെ വീടുപണി ഏകദേശം പൂര്‍ത്തിയായി വരുന്നു, രമയ്ക്കും മക്കള്‍ക്കും ഇനി അവിടെ താമസിക്കാം. രണ്ടു തലമുറയ്ക്കു സുഖമായി കഴിയാനുള്ള സ്വത്തു സമ്പാദിച്ചിട്ടുണ്ട്. അവര്‍ അവിടെ കഴിയട്ടെ. ഇനിയൊരിക്കലും തമ്മില്‍ കാണരുതു്, ആ സ്വരം കേള്‍ക്കരുത്. ഇനി രമയും ശിവപ്രസാദുമില്ല, എപ്പോളോ കണ്ടുമുട്ടി വീണ്ടും അകന്നുപോയ രണ്ടു അപരിചിതര്‍. പോകണം, അകലെ, അകലെ, അകലെ. ഭൂമിയുടെ അറ്റത്ത്.

റോഡരുകില്‍ തെരുവുകച്ചവടക്കാര്‍ ഉണര്‍ന്നു കഴിഞ്ഞിരുന്നു. വീടെത്താനുള്ള തിരക്കില്‍ വാഹനങ്ങളും വഴിയാത്രികരും. ഇരുട്ടിന്റെ മറയില്‍നിന്നും വളകിലുക്കങ്ങള്‍. കുലുങ്ങിച്ചിരി. പരിഹസിച്ചാവണം, നിന്റെ ഭാര്യ പിഴച്ചുപോയല്ലേ എന്നു പറഞ്ഞാവണം ചിരി. ഒരു കൂട്ടം അരൂപികള്‍ ചുറ്റിലുംനിന്നു മനസ്സിനെ കൊളുത്തി വലിക്കുന്നതായി ശിവപ്രസാദിനു് അനുഭവപ്പെട്ടു. ഓടണം, ഓടിയകലണം, ഈ പരിഹാസച്ചിരി കേള്‍ക്കാന്‍ വയ്യാ ....

‘’ആഹാ, നീ എത്തിയോ?’‘ എന്നു മാതാവ് കുശലം ചോദിച്ചു, അന്നു്. ‘’പിന്നെ, ഞാനെവിടെ പോവാന്‍’ എന്നു തിരിച്ചു പറയണമെന്നുണ്ടായിരുന്നു ശിവപ്രസാദിനു്. ചാരുബെഞ്ചിലെ സുന്ദരന്‍ ഇന്നു ചാപ്പലിനുള്ളിലെത്തിയിട്ടുണ്ട്. ശിവപ്രസാദിനു് പെട്ടന്ന് ദേഷ്യംവന്നു. അവന്റെ മുഖത്തെ സന്തോഷം കണ്ടോ, മാതാവിനോടു കിന്നാരംപറയാന്‍ വന്നിരിക്കുന്നതാവണം. ഭാര്യയെപ്പറ്റിയോ, ജനിക്കാനിരിക്കുന്ന കുഞ്ഞിനെപ്പറ്റിയോ ഒക്കെ ആവണം മാതാവിനോടു പറഞ്ഞു് സന്തോഷിക്കുന്നത്. നടക്കട്ടെ, ആര്‍ക്കുമൊരു ശല്യമാവണ്ടാ. പുറത്തിരുന്നേക്കാം.

വേണു ഗള്‍ഫിലൊരു ജോലിയുടെ കാര്യം സൂചിപ്പിച്ചിരുന്നു, അതൊന്നു അന്വേഷിക്കാം. ഇനിയത്തെ കാലം മരുഭൂമിയിലാവട്ടെ, മരുപ്പച്ചകളൊന്നുമില്ലാതെ. ഒരിക്കലുമൊരു തിരിച്ചുവരവു വേണ്ട. വാനപ്രസ്ഥത്തിനു പകരം മരുപ്രസ്ഥം.

നാളെയാണു രമയെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. സംഭവം കഴിഞ്ഞതില്‍പിന്നെ ഇന്നുവരെ അവളുടെ മുറിയില്‍ ചെന്നിട്ടില്ല. പുറത്തുനിന്നു നേഴ്സിനോടു കാര്യങ്ങള്‍ ചോദിച്ചറിയും, ഒരു ഫോര്‍മാലിറ്റിക്ക്. നാളെ കാണേണ്ടിവരും, കാറില്‍കയറ്റി നാട്ടില്‍ വിടുന്നതിനു മുമ്പ് പറയണം, തീരുമാനങ്ങള്‍. അതോടെ ഒരു അദ്ധ്യായം അടഞ്ഞു. സീതാദേവിയെ അഗ്നിയിലെറിഞ്ഞ ശ്രീരാമനെപ്പോലെ ഇനി ശിവപ്രസാദ്, ഇനി മറ്റൊരു കാണ്ഡം. അവസാനശ്വാസം നിലയ്ക്കുന്നതു വരെ, ആവിയായി പോവുന്നതുവരെ പേരിനു മാത്രമൊരു മനുഷ്യജന്മം.

തണുത്തൊരു കൈ പുറത്തുതൊട്ടപ്പോള്‍ ശിവപ്രസാദ് ഞെട്ടിത്തിരിഞ്ഞു. ചാപ്പലിലെ സുന്ദരനാണു്. ‘’ഇന്നെനിക്കു വളരെ സന്തോഷമുള്ള ദിവസമാണു്, ഞാന്‍ നിങ്ങളുടെ അടുത്തിരിക്കട്ടേ?’‘അനുവാദത്തിനു കാത്തുനില്ക്കാതെ അയാള്‍ ചാരുബെഞ്ചിന്റെ പകുതി കരസ്ഥമാക്കി.

‘’കൂട്ടുകാരിയുടേ ചികിത്സയ്ക്കു് വന്നതാണിവിടെ. ക്യാന്‍സര്‍, അവള്‍ രക്ഷപ്പെട്ടു. ഞങ്ങള്‍ രക്ഷപ്പെട്ടു എന്നു പറയുന്നതാവും ശരി. ’‘ ചെറുപ്പക്കാരന്‍ തെളിഞ്ഞു ചിരിച്ചു.

‘’നല്ല കാര്യം’‘ ശിവപ്രസാദ് മുറുമുറുത്തു. ചെറുപ്പക്കാരന്റെ ലാപ്റ്റോപ്പില്‍ തെളിയുന്ന അതിസുന്ദരിയുടെ ചിത്രം.

‘’രണ്ടു വര്‍ഷമേ ആയുള്ളു പരിചയപ്പെട്ടിട്ട്. വിവാഹം വീട്ടുകാര്‍ തീരുമാനിച്ചു വച്ചതാണു്. ക്യാന്‍സര്‍ ആണെന്നു അറിഞ്ഞപ്പോള്‍ എന്റെ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. സ്നേഹിച്ചവളെ അങ്ങിനെ ഒരു ദിവസം കൊണ്ട് ഇട്ടെടിഞ്ഞു പോകാമെങ്കില്‍ സ്നേഹം എന്ന വാക്കിനെന്തര്‍ത്ഥം.’‘ ചെറുപ്പക്കാരന്‍ പറഞ്ഞു കൊണ്ടേയിരുന്നു.

‘’വിവാഹമാണു് നാളെ. ക്യാന്‍സര്‍ തിന്നു തീര്‍ക്കാത്തതായി ഇനി അവള്‍ക്കൊരു മനസ്സു് മാത്രമേയുള്ളൂ. പക്ഷെ, അവളുടെ മനസ്സു് എന്റേത് മാത്രമാണു്’‘ നിറഞ്ഞു തുളുമ്പുന്ന കണ്ണിരിനിടയില്‍ക്കൂടെ വീല്‍ചെയറിലൊരു രൂപത്തിനെ ഉന്തി നടന്നുപോവുന്ന ചെറുപ്പക്കാരനെ ശിവപ്രസാദ് കണ്ടു.

മനസ്സിലൊരു കര്‍ക്കിടപെയ്ത്ത്. കടപുഴകിവീണ തേക്കുമരങ്ങള്‍. പെട്ടന്നൊരു ഉള്‍പ്രേരണയിലലിഞ്ഞു ശിവപ്രസാദ് രണ്ടാം നിലയിലേക്കോടി. തനിക്കൊരു യാത്രാമൊഴി കിട്ടിയില്ലെന്നു പരിഭവം പറഞ്ഞ് മാതാവ് ആരോടെന്നില്ലാതെ പുഞ്ചിരിച്ചു.

Subscribe Tharjani |