തര്‍ജ്ജനി

വിവര്‍ത്തനം : സുരേഷ്‌ എം ജി

ഫോണ്‍: 9946915277
ഇ മെയില്‍‍: suresh_m_g@rediffmail.com

Visit Home Page ...

കഥ

ഡ്രാക്കുളയുടെ അതിഥി

ബ്രാം സ്റ്റോക്കറുടെ കഥയുടെ വിവര്‍ത്തനം

യാത്ര തുടങ്ങുവാന്‍ ഞങ്ങള്‍ തയ്യാറായപ്പോള്‍ നല്ല വെയിലുണ്ടായിരുന്നു. മൂണിച്ചിലെ വഴികളില്‍ വെയില്‍ വിതറിയ സന്തോഷമുണ്ടായിരുന്നു. യാത്ര തുടങ്ങുന്നതിനു തൊട്ടുമുമ്പ്‌ ഹോട്ടല്‍ ക്വാത്രെ സൈസണ്‍സിന്റെ മാനേജര്‍ എന്റെയടുക്കല്‍ ഓടിയെത്തി. അദ്ദേഹം വണ്ടിക്കരികില്‍ നിന്നു. വണ്ടിയിലിരുന്ന എന്നെ നോക്കി ശുഭയാത്ര ആശംസിച്ചു. വണ്ടിക്കാരനോടായി പറഞ്ഞു. "രാത്രിയാകുമ്പോഴേക്കും തിരിച്ചെത്തണം. ഇപ്പോള്‍ നല്ല വെയിലുള്ളത്‌ കണക്കാക്കേണ്ട. കാറ്റ്‌ അത്ര പന്തിയല്ല. എപ്പോള്‍ വേണമെങ്കിലും ഇത്‌ കൊടുങ്കാറ്റായി മാറാം. തിരിച്ചെത്താന്‍ വൈകണ്ട." എന്നിട്ട്‌ അയാളൊരു കള്ളച്ചിരി ചിരിച്ചു. "ഇന്നത്തെ രാത്രിയുടെ പ്രത്യേകത എന്താണെന്ന്‌ ഞാന്‍ പറയാതെ അറിയാമല്ലോ?

"യോഹന്‍, അതാണ്‌ വണ്ടിക്കാരന്റെ പേര്‌, തീര്‍ത്ത്‌ പറഞ്ഞു. "അറിയാം സര്‍," തൊപ്പി ശരിയാക്കി, കുതിരകള്‍ക്ക്‌ മുന്നോട്ടു നീങ്ങുവാനുള്ള ഉത്തരവു നല്‍കി. പട്ടണത്തിനു പുറത്തുകടന്നപ്പോള്‍, ഞാനയാളോട്‌ വണ്ടി നിറുത്തുവാന്‍ ആവശ്യപ്പെട്ടു. എന്നിട്ട്‌ ചോദിച്ചു "എന്താണിന്നത്തെ രാത്രിയുടെ പ്രത്യേകത?"

"യോഹന്‍ കുരിശുവരച്ചു. ചുരുക്കി പറഞ്ഞു "വാള്‍പര്‍ജിസിന്റെ രാത്രി." അയാള്‍ അയാളുടെ ആ പഴയ ജര്‍മ്മന്‍ വാച്ച്‌ പുറത്തെടുത്തു. അതിലേക്ക്‌ രണ്ടു പുരികവും നന്നായി ചുളിച്ചൊന്ന്‌ നോക്കി. അപ്പോള്‍ അയാളുടെ മുത്തേക്ക്‌ അസംതൃപ്തി വരുന്നത്‌ ഞാന്‍ കണ്ടു. അയാള്‍ ചുമല്‍ കുലുക്കിയപ്പോള്‍ ആ അസംതൃപ്തി കൂടുതല്‍ വ്യക്തമായി. അയാള്‍ മാന്യമായ രീതിയില്‍ അയാളുടെ അസഹിഷ്ണുത വ്യക്തമാക്കുകയായിരുന്നു. അത്‌ വ്യക്തമാണ്‌. കൂടുതല്‍ സംസാരിക്കാതെ യാത്ര തുടരുവാനുള്ള ഉത്തരവിനായി അയാള്‍ വണ്ടിയില്‍ കയറി. എന്റെ ഉത്തരവിനു കാക്കാതെ തന്നെ അയാള്‍ യാത്ര തുടരുവാന്‍ കുതിരകള്‍ക്ക്‌ ചലിക്കുവാന്‍ വേണ്ട ആംഗ്യം കൊടുത്തു. ഞാന്‍ മൂലം പാഴായിപ്പോയ സമയം വീണ്ടെടുക്കുവാനെന്ന മട്ടില്‍ കുതിരകളുടെ വേഗത കൂട്ടി.

കുറച്ച്‌ ചെല്ലും മുമ്പേ, വേഗതയിലോടിയിരുന്ന കുതിരകള്‍ തല മുകളിലേക്ക്‌ പിടിക്കുവാനും എന്തോ മണം പിടിക്കുന്നതുപോലെ ചേഷ്ടകള്‍ കാണിക്കുവാനും തുടങ്ങി. ഇത്‌ ഇടക്കിടെ ആവര്‍ത്തിച്ചപ്പോള്‍ ഞാനും ആകാംക്ഷയോടെ ചുറ്റിലും നോക്കി തുടങ്ങി. വഴി മിക്കവാറും ശൂന്യമായിരുന്നു. വഴിയേ ഉണ്ടായിരുന്നില്ല എന്നുവേണമെങ്കില്‍ പറയാം. ഒരു വലിയ സമതലത്തിന്റെ നടുവിലൂടെയാണു് ഞങ്ങള്‍ അപ്പോള്‍ യാത്ര ചെയ്തിരുന്നത്‌. കാറ്റടിച്ച്‌ വൃത്തിയാക്കിയ ഒരു വലിയ സമതലത്തിന്റെ. പിന്നേയും മുന്നോട്ട്‌ പോയപ്പോള്‍ ഒരു കുന്നിന്‍ചരുവില്‍ അത്രയൊന്നും ഉപയോഗിക്കാത്ത ഒരു വഴി ഞാന്‍ കണ്ടു. അവിടത്തെ പ്രകൃതിരമണീയത എന്നെ വല്ലാതെ ആകര്‍ഷിച്ചു. വണ്ടി നിറുത്തുവാന്‍ പറഞ്ഞാല്‍ യോഹന്‍ ദേഷ്യപ്പെടുമെന്ന്‌ എനിക്കറിയാമായിരുന്നുവെങ്കിലും, ഞാനതിന്‌ അയാളോട്‌ ആവശ്യപ്പെട്ടു. ഞാനയാള്‍ക്ക്‌ ആ വഴി കാണിച്ചു കൊടുത്തു. നമുക്ക്‌ ആ വഴിയിലൂടെ യാത്ര തുടരാമെന്ന്‌ നിര്‍ദ്ദേശിച്ചു. അയാള്‍ എന്റെ നിര്‍ദ്ദേശം അംഗീകരിക്കുവാനുള്ള ഒരു മന:സ്ഥിതിയിലായിരുന്നില്ല. എന്നെ എതിര്‍ക്കുവാന്‍ തന്നെയായിരുന്നു അയാളുടെ തീരുമാനം. അയാള്‍ എതിര്‍ക്കുക തന്നെ ചെയ്തു. എന്നോട്‌ എതിര്‍ത്ത്‌ സംസാരിക്കുന്നതിന്നിടയില്‍ പലവട്ടം അയാള്‍ കുരിശു വരച്ചു. ഇത്‌ എന്റെ ആകാംക്ഷയെ കൂടുതല്‍ വളര്‍ത്തി. ഞാനയാളോട്‌ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ അയാളുടെ ഉത്തരം പ്രതിരോധങ്ങളില്‍ ഒതുങ്ങുകയായിരുന്നു. അയാള്‍ കൂടെക്കൂടെ അയാളുടെ വാച്ചിലേക്ക്‌ നോക്കുന്നുമുണ്ടായിരുന്നു.

അയാള്‍ എന്റെ നിര്‍ദ്ദേശത്തിനു വഴങ്ങുന്നില്ല എന്നെനിക്ക്‌ ഉറപ്പായപ്പോള്‍ ഞാന്‍ അയാളോടു പറഞ്ഞു. "ശരി മിസ്റ്റര്‍ യോഹന്‍. എനിക്ക്‌ ഈ വഴി പോയേ പറ്റൂ. ഞാനതിന്‌ തീരുമാനിച്ചു കഴിഞ്ഞു. താങ്കള്‍ക്ക്‌ താത്പര്യമില്ലെങ്കില്‍ എന്റെ കൂടെ വരണമെന്നില്ല. എന്നാല്‍ എന്നെ തടയുവാന്‍ ശ്രമിക്കരുത്‌. "

ഇത്‌ കേട്ടതും അയാള്‍ അയാളുടെ ഇരിപ്പിടത്തില്‍ നിന്നും എടുത്തെറിയപ്പെട്ടതുപോലെ ചാടിയിറങ്ങി. കൈകള്‍ രണ്ടും നീട്ടി എന്നോട്‌ അതുവഴി പോകരുതെന്ന്‌ യാചിക്കുവാന്‍ തുടങ്ങി. അയാളുടെ മനസ്സിലുള്ളതത്രയും എനിക്ക്‌ മനസ്സിലാക്കിത്തരുവാനുള്ള ഇംഗ്ലീഷ്‌ പ്രാവണ്യം അയാള്‍ക്കില്ലായിരുന്നു. എങ്കിലും ജര്‍മ്മനും ഇംഗ്ലീഷും കലര്‍ത്തി അയാള്‍ അയാള്‍ക്കാകുന്ന രീതിയില്‍ എന്നോട്‌ അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. അയാളുടെ വികാരാധിക്യത്തില്‍ പലപ്പോഴും ഞാനൊരു ഇംഗ്ലീഷുകാരനാണെന്നതുപോലും അയാള്‍ മറന്നു. അയാളുടെ സംസാരം പൂര്‍ണ്ണമായും ജര്‍മ്മനിലായി. അയാളെ എന്തോ ഭയപ്പെടുത്തുന്നുണ്ടായിരുന്നു എന്നത്‌ വ്യക്തം. അതെന്തെന്ന്‌ എനിക്കു മനസിലാകുന്നുണ്ടായിരുന്നില്ല. ഇടക്കിടെ അയാള്‍ "വാള്‍പര്‍ജിസിന്റെ രാത്രി" എന്നു പറയുന്നതുമാത്രം എനിക്കു മനസിലായി.

ഞാന്‍ അയാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ നമ്മളുടെ ഭാഷ ശരിക്കറിയാത്ത ഒരാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുക എളുപ്പമുള്ള ഒരു കാര്യമല്ല. വിജയം എന്തായാലും എതിര്‍പക്ഷത്തിനു തന്നെയാകും. ഇവിടേയും അതുതന്നെയുണ്ടായി. അയാള്‍ ഇംഗ്ലീഷില്‍ പറയുവാന്‍ തുടങ്ങിയെങ്കിലും പതിവുപോലെ ആവേശം മൂത്ത്‌ ജര്‍മ്മനിലേക്കു മാറി. ഞാനൊരു ഇംഗ്ലീഷുകാരനാണെന്ന്‌ അയാള്‍ വീണ്ടും മറന്നു. ശുദ്ധമായ ജര്‍മ്മന്‍, തനി നാടന്‍ജര്‍മ്മന്‍. ആവേശം അതിന്റെ ഉത്തുംഗത്തിലെത്തുമ്പോഴൊക്കെ അയാള്‍ അയാളുടെ വാച്ചിലേക്കു നോക്കിക്കൊണ്ടിരുന്നു. അയാളൊടൊപ്പം കുതിരകള്‍ക്കും ക്ഷമ നശിക്കുകയാണെന്ന്‌ തോന്നി. ഭയം വര്‍ദ്ധിക്കുകയാണെന്നും. അവ വീണ്ടും മണം പിടിക്കുവാനും കാലുകള്‍ നിലത്തു തല്ലുവാനും തുടങ്ങി. അതുകണ്ടതും അയാളുടെ ഭയം ഇരട്ടിയായി. അയാള്‍ പെട്ടെന്നു തന്നെ കുതിരകളെ ഏകദേശം ഒരു ഇരുപത്‌ അടി അകലേക്ക്‌ നയിച്ചു. അവയെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. ഞാന്‍ അയാളെ പിന്തുടര്‍ന്ന്‌ അയാളുടെ അടുത്തെത്തി. അയാള്‍ വീണ്ടും കുരിശുവരച്ചു. എന്തുണ്ടായി എന്ന്‌ ഞാന്‍ അയാളോട്‌ പിന്നേയും തിരക്കി. അപ്പോഴും മറുപടിയായി അയാള്‍ കുരിശു വരച്ചു. എന്നിട്ട്‌ ഞങ്ങള്‍ ആദ്യം നിന്നിരുന്ന സ്ഥലത്തേക്ക്‌ ചൂണ്ടി, അവിടെ വഴിയരികില്‍ ഒരു കുരിശ്‌ നാട്ടിവച്ചിരിക്കുന്നു. അയാള്‍ കിതച്ചുകൊണ്ട്‌ ആദ്യം ജര്‍മ്മനിലും പിന്നെ ഇംഗ്ലീഷിലും എന്നോടു പറഞ്ഞു "അവിടെ അവരെ കുഴിച്ചിട്ടിരിക്കുന്നു - സ്വയം കൊന്നവരെ. "

ആത്മഹത്യ ചെയ്തവരെ വഴിയരികില്‍ കുഴിച്ചിടുക എന്ന ഒരു പഴയ ആചാരം എന്റെ ഓര്‍മ്മയില്‍ വന്നു. "ഓ! അത്രയേയുള്ളു. ആത്മഹത്യ ചെയ്ത ആരേയോ അവിടെ കുഴിച്ചിട്ടിരിക്കുന്നു, അല്ലേ. അതിനിത്ര ഭയക്കാനെന്തിരിക്കുന്നു?" ഞാന്‍ അത്രയും പറഞ്ഞുകഴിഞ്ഞില്ല, കുതിരകള്‍ വീണ്ടും കാലുകളിട്ടടിക്കുവാനും വായുവിലേക്ക്‌ തലയുയര്‍ത്തി മണം പിടിക്കുവാനും തുടങ്ങി. അവ വീണ്ടും ഭയക്കുവാന്‍ തുടങ്ങിയിരിക്കുന്നു.

അതിന്നിടയ്ക്ക്‌ കുരയും ഓരിയും അല്ലാത്ത എന്നാല്‍ അതിനിടയ്ക്കുള്ള ഒരു ശബ്ദം ഞങ്ങള്‍ കേട്ടു. അത്‌ വളരെ അകലെനിന്നാണ്‌ ഞങ്ങളെ തേടിയെത്തിയത്‌. ശബ്ദം കേട്ടതും യോഹന്റെ മുഖം കൂടുതല്‍ വിവര്‍ണ്ണമായി. കുതിരകള്‍ കൂടുതല്‍ ഉയരത്തില്‍ ചാടുവാനും തലയിട്ടടിക്കുവാനും തുടങ്ങി. അവയെ അടക്കി നിറുത്തുവാന്‍ യോഹന്‍ വല്ലാതെ പാടുപെട്ടു. അവയൊന്നടങ്ങിയപ്പോള്‍ അയാള്‍ ചോദിച്ചു "അത്‌ ഒരു ചെന്നായയുടെ ശബ്ദമാണെന്നു തോന്നുന്നു, എന്നാല്‍ ഇവിടെയടുത്തൊന്നും ഒരൊറ്റ ചെന്നായയേയും കാണാനില്ലല്ലോ, ഇതുവരേക്കും നമ്മളൊന്നിനേയും കണ്ടതുമില്ല.

"ഇല്ല?" എന്റെ ഉത്തരവും ചോദ്യരൂപത്തില്‍ തന്നെയായിരുന്നു. "ഈ നഗരപ്രാന്തത്തില്‍ നിന്നും ചെന്നായകളൊക്കെ അപ്രത്യക്ഷമായിട്ട്‌ കാലം കുറേയായോ?"

"വളരെ കാലമോ, വളരെ വളരെ കാലം എന്നുവേണം പറയുവാന്‍. വസന്തത്തിലും വേനലിലും ഇപ്പോഴും ഇടയ്ക്ക്‌ ഒരോന്നിനെ കാണാം എന്നാല്‍ മഞ്ഞുകാലത്ത്‌ ഒറ്റ ഒന്നിനെ കാണില്ല. മഞ്ഞുകാലം തുടങ്ങിയാല്‍ പിന്നെ അവയൊക്കെ അപ്രത്യക്ഷമാകും.

"അയാള്‍ അപ്പോഴും കുതിരകളെ സമാധാനിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ആകാശത്തേക്കൊന്ന്‌ നോക്കി. കറുത്തിരുണ്ട ഒരു മേഘം ഞങ്ങള്‍ക്ക്‌ മുകളിലൂടെ പറന്നു നടക്കുന്നത്‌ ഞാന്‍ കണ്ടു. അത്‌ സൂര്യനെ മറച്ചു പിടിച്ചു. വെയില്‍ പോയപ്പോള്‍ കാറ്റിന്റെ തണുപ്പു് കൂടി. തണുത്ത കാറ്റ്‌ ഞങ്ങള്‍ക്ക്‌ മുകളില്‍ ആഞ്ഞടിക്കുവാന്‍ തുടങ്ങി. എന്നാല്‍ അത്‌ അധികസമയം നീണ്ടുനിന്നില്ല. മേഘം വീണ്ടും സൂര്യനു് വഴിമാറിക്കൊടുത്തു.

യോഹന്‍ തലയുയര്‍ത്തി ആകാശത്തേക്ക്‌ നോക്കി. "മഞ്ഞും കാറ്റും വരുന്നുണ്ടെന്ന്‌ തോന്നുന്നു. അതിനു പുറകെ അവനുമുണ്ടാകും.

അയാള്‍ വീണ്ടും വാച്ചു നോക്കി. അയാള്‍ കുതിരകളെ നിയന്ത്രിക്കുവാന്‍ അപ്പോഴും പാടുപെടുന്നുണ്ടായിരുന്നു. കുതിരകള്‍ അനുസരിക്കുവാനുള്ള മാനസികാവസ്ഥയിലല്ലെന്നു തോന്നി. കുതിരകളുടെ ബഹളത്തിന്‌ കുറച്ച്‌ ശമനമുണ്ടായപ്പോള്‍ സമയമൊട്ടും പാഴാക്കാതെ അയാള്‍ വണ്ടിയില്‍ തന്റെ സ്ഥാനത്തേക്ക്‌ ചാടിക്കയറി. ഇനി തന്റെ കയ്യില്‍ പാഴാക്കുവാനായി സമയമില്ലെന്ന മുഖവുമായി എന്നെ നോക്കി. യാത്ര തുടരുവാന്‍ സമയമായി എന്നു തന്നെയായിരുന്നു ആ നോട്ടത്തിന്‍റെ അര്‍ത്ഥം.

അതെന്റെ ശാഠ്യം കൂട്ടി.

ഞാന്‍ വണ്ടിയില്‍ കയറിയില്ല. ഞാന്‍ ആ വഴിക്കുനേരെ വീണ്ടും വിരല്‍ ചൂണ്ടി ചോദിച്ചു. "ഈ വഴി എങ്ങോട്ടുപോകുന്നുവെന്ന്‌ എന്നോട്‌ പറയ്‌."

"അയാള്‍ പിന്നേയും കുരിശുവരച്ചു. ചുണ്ടുകളില്‍ നിന്നും ഏതോ ഒരു പ്രാര്‍ത്ഥനാഗാനം വളരെ പതിഞ്ഞ സ്വരത്തില്‍ ഇറ്റുവീണു. എന്നിട്ട്‌ പറഞ്ഞു. "ചെകുത്താന്റെ വഴിയാണ്‌. "

"എന്നുവച്ചാല്‍?"

"അവിടെയുള്ള ആ ഗ്രാമം... "

"അതുശരി, അവിടെ ഒരു ഗ്രാമവുമുണ്ടോ?" അതെനിക്ക്‌ ഒരറിവായി.

"ഇപ്പോഴില്ല. ഉണ്ടായിരുന്നു. നൂറുകണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌. "

ഞാന്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറില്ലായിരുന്നല്ലോ. "നീയല്ലേ ഇപ്പോള്‍ തന്നെ പറഞ്ഞത്‌ അവിടെ ഒരു ഗ്രാമമുണ്ടെന്ന്‌. "

"ഉണ്ടായിരുന്നു. ഉണ്ടെന്നല്ല. "

"അതിപ്പോള്‍ എവിടെപ്പോയി. "

അയാള്‍ ഒരു കഥ പറഞ്ഞു. കഥ മുഴുക്കെ എനിക്കു മനസിലായില്ല. കാരണം ഇംഗ്ലീഷ് കലര്‍ന്ന ജര്‍മ്മന്‍ഭാഷയാണയാള്‍ അതിനായി ഉപയോഗിച്ചത്‌. അതിനാല്‍ അത്‌ ഇംഗ്ലീഷോ ജര്‍മ്മനോ അല്ലാതായി. എനിക്കു മനസിലാകാതെയും. എങ്കിലും കഥ ഏകദേശം ഞാനൂഹിച്ചെടുത്തു. നൂറുകണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന കഥയാണ്‌. അവിടെ ആ കാലത്ത്‌ ആരോ മരിക്കുകയും അവരെ ആ ഗ്രാമത്തിലെ സെമിത്തേരിയില്‍ അടക്കം ചെയ്യുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സെമിത്തേരിയില്‍ നിന്നും ചില അപശബ്ദങ്ങള്‍ കേള്‍ക്കുവാന്‍ തുടങ്ങി. നാട്ടുകാരപ്പോള്‍ സെമിത്തേരിയിലെ കല്ലറകള്‍ ഒന്നൊന്നായി തുറന്നു നോക്കി. അതിനകത്ത്‌ കണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി. ഭയപ്പെടുത്തി. അതിനകത്ത്‌ അവര്‍ അടക്കം ചെയ്തിരുന്നു സ്ത്രീ പുരുഷന്‍മാരുടെയെല്ലാം മുഖം ചുകന്ന്‌ തുടുത്തിരിക്കുന്നു. അവരുടെ ചുണ്ടുകളില്‍ നിന്നും രക്തത്തുള്ളികള്‍ ഇറ്റുവീഴുന്നുണ്ടായിരുന്നു. ഗ്രാമവാസികളിലെ ഭയം വിവരിക്കണോ? അവര്‍ ജീവനും കൊണ്ടോടി (അല്ലെങ്കില്‍ അവരുടെ ആത്മാവിനും ഇതേ ഗതി വരില്ലായിരുന്നോ? അയാള്‍ കുരിശുവരച്ചു.) ജീവിച്ചിരിക്കുന്നവര്‍ ജീവനുള്ളവരും മരിച്ചവര്‍ മരിച്ചവരുമായ (അല്ലാതെ മറ്റെന്തെങ്കിലുമല്ല.....) മറ്റ്‌ ഗ്രാമങ്ങളിലേക്ക്‌ അവര്‍ കുടിയേറി. ഇത്രയും പറഞ്ഞൊപ്പിക്കുമ്പോഴേക്കും അയാള്‍ വിയര്‍ക്കുവാന്‍ തുടങ്ങിയിരുന്നു. ഭയം അയാളെ ആകെ ഗ്രസിച്ചിരുന്നു. അയാള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. മുഖം വിളറി വെളുത്തിട്ടുണ്ടായിരുന്നു. അയാള്‍ ചുറ്റിലും കണ്ണോടിച്ചു. ഈ പകല്‍വെളിച്ചത്തിലും, ഈ സൂര്യപ്രകാശത്തിലും, ചുണ്ടില്‍ നിന്നും ചോരയൊലിക്കുന്ന ആ പ്രേതങ്ങള്‍ അവിടെ പ്രത്യക്ഷപ്പെട്ടേക്കാം എന്ന്‌ അപ്പോഴും അയാള്‍ ഭയക്കുന്നുണ്ടായിരുന്നു.

പ്രാണവേദന നിറഞ്ഞ മുഖവുമായി അയാള്‍ കഥ ഉപസംഹരിച്ചു. "വാള്‍പര്‍ജിസിന്റെ രാത്രി!" എന്നിട്ട്‌ എന്നോട്‌ വണ്ടിയില്‍ കയറുവാന്‍ ആംഗ്യം കാണിച്ചു.

ഞാനൊരു ഇംഗ്ലീഷുകാരനല്ലേ. എന്റെ സിരയിലൂടെ ഓടുന്നത്‌ ഇംഗ്ലീഷ്‌ രക്തമല്ലേ. ഞാനനുസരിച്ചില്ല. "നീ വല്ലാതെ ഭയന്നിരിക്കുന്നു, യോഹന്‍, നീ ഭയന്നിരിക്കുന്നു. നീ വീട്ടില്‍ പോയിക്കോളൂ. ഞാന്‍ ഒറ്റയ്ക്ക്‌ തിരിച്ചെത്തിക്കോളാം. എനിക്ക്‌ ഇവിടെയൊക്കെ ഒന്ന്‌ നടന്നു കാണണം." വണ്ടിയുടെ തുറന്നിട്ടിരുന്ന വാതിലിലൂടെ ഞാന്‍ എന്റെ വാക്കിങ്ങ്‌ സ്റ്റിക്ക്‌ എടുത്തു. ഇത്‌ ഞാന്‍ എപ്പോഴും, എല്ലാ യാത്രകളിലും കൈവശം വയ്ക്കുന്നതാണ്‌. ഞാന്‍ വണ്ടിയുടെ വാതിലടച്ചു. എന്നിട്ട്‌ മൂണിച്ചിലേക്കു പോകുന്ന വഴി ചൂണ്ടി യോഹനോടു പറഞ്ഞു. "നീ പോയിക്കോളൂ, യോഹന്‍, വാള്‍പര്‍ജിസിന്റെ രാത്രി ഇംഗ്ലീഷുകാര്‍ക്ക്‌ ബാധകമല്ല. "

കുതിരകളുടെ ക്ഷമ അപ്പോഴേക്കും നശിച്ചിരുന്നു. കൈകാലിട്ടടിച്ചും ഒച്ചവച്ചും അവയത്‌ പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. യോഹന്‍ എന്നോട്‌ വിഡ്ഢിത്തരം കാണിക്കരുതെന്നും അപകടമാണെന്നും ആവര്‍ത്തിച്ചു പറയുന്നതിനിടയ്ക്ക്‌, അവയെ പിടിച്ചു നിറുത്തുവാനും ശ്രമിക്കുന്നുണ്ടായിരുന്നു. അയാളുടെ നിഷ്കളങ്കതയില്‍ എനിക്ക്‌ മതിപ്പു തോന്നി. എന്നാല്‍ അപ്പോഴത്തെ അയാളുടെ അവസ്ഥ കണ്ട്‌ ചിരിക്കാതിരിക്കുവാനും കഴിഞ്ഞില്ല.

അയാളാകട്ടെ ഇപ്പോള്‍ ഇംഗ്ലീഷ് മുഴുക്കെ മറന്നിരിക്കുന്നു. എന്തൊക്കെയോ ഉച്ചത്തില്‍ പുലമ്പുന്നുണ്ടയാള്‍. എനിക്കു മനസിലാകണമെങ്കില്‍ എന്റെ ഭാഷയില്‍ സംസാരിക്കണമെന്നതുപോലും അയാള്‍ മറന്നിരിക്കുന്നു. മെല്ലെ മെല്ലെ എന്റെ ക്ഷമയും നശിക്കുവാന്‍ തുടങ്ങി. ഞാന്‍ അയാള്‍ക്ക്‌ പോകുവാനുള്ള വഴിയിലേക്ക്‌ വിരല്‍ ചൂണ്ടി "വീട്ടില്‍ പോയ്ക്കോളൂ" എന്ന്‌ നിര്‍ദ്ദേശിച്ചു. അയാളുടെ പ്രതികരണം ശ്രദ്ധിക്കാതെ കവലയിലെ ആ കുരിശിനെ ലക്ഷ്യമാക്കി നടന്നു.

എന്തു ചെയ്യണമെന്നറിയാതെ, എന്നാല്‍ പരാജയം സ്വീകരിച്ച്‌, യോഹന്‍ അയാളുടെ കുതിരകള്‍ക്ക്‌ മുന്നോട്ട്‌ നീങ്ങുവാനുള്ള ഉത്തരവ്‌ നല്കി. ഞാന്‍ എന്റെ വടിയിലൂന്നി അയാളുടെ യാത്ര കണ്ടു നിന്നു. അയാള്‍ വളരെമെല്ലെയാണപ്പോള്‍ വണ്ടിയോടിച്ചിരുന്നത്‌. പെട്ടെന്ന്‌ അയാള്‍ക്കെതിരെ നല്ല ഉയരമുള്ള എന്നാല്‍ തീരെ തടിയില്ലാത്ത ഒരാള്‍ നടന്നു വരുന്നത്‌ ഞാന്‍ കണ്ടു. എതിരെയുള്ള കുന്നിറങ്ങിയാണയാളുടെ വരവ്‌. അയാള്‍ വളരെ ദൂരെയാണെങ്കിലും എനിക്കയാളെ കാണാം. അയാള്‍ കുതിരയുടെ അടുത്തെത്താറായതും കുതിരകള്‍ വീണ്ടും ബഹളം വയ്ക്കുവാന്‍ തുടങ്ങി. അവ വല്ലാതെ ഭയപ്പെട്ടു. അവ ഉച്ചത്തില്‍ ശബ്ദമുണ്ടാകുവാനും കൈകാലുകള്‍ കുതറി ഓടി രക്ഷപ്പെടുവാനും ശ്രമിക്കുകയായിരുന്നു. ഒരു വിധത്തിലാണ്‌ യോഹന്‍ അവയെ പിടിച്ചു നിറുത്തിയത്‌. അയാള്‍ വണ്ടിയോടിച്ചു പോകുന്നത്‌ ഞാന്‍ നോക്കി നിന്നു. എനിക്കപ്പോള്‍ വീണ്ടും ആ ഉയരമുള്ള മെലിഞ്ഞയാളെക്കുറിച്ചോര്‍മ്മ വന്നു. ഞാനയാളെ തിരഞ്ഞു. എന്നാല്‍ അയാളെ അവിടെയൊന്നും കണ്ടില്ല.

എന്റെ മനസ്സ്‌ അപ്പോള്‍ ശാന്തമായിരുന്നു. ഞാന്‍ നേരത്തെ കണ്ട വഴിയിലൂടെ കുന്നിന്‍ചരിവ്‌ ലക്ഷ്യമാക്കി നടക്കുവാന്‍ തുടങ്ങി. ഈ വഴിയിലൂടെ നടക്കുന്നതിനെയല്ലേ യോഹന്‍ എതിര്‍ത്തത്‌. ഞാനാലോചിച്ചു. എന്തിനായിരിക്കും അയാളെതിര്‍ത്തത്‌. ഒരു കാരണവും എനിക്കു കാണാനായില്ല. നല്ല രസമുള്ള അന്തരീക്ഷം. നല്ല ഭൂപ്രകൃതി. ഞാനങ്ങിനെ ഏകദേശം രണ്ടു മണിക്കൂറ്‍ നടന്നു കാണും. സമയത്തെക്കുറിച്ചോ ദൂരത്തെക്കുറിച്ചോ എനിക്കപ്പോള്‍ ഒരോര്‍മ്മയുമില്ലായിരുന്നു. അത്രയും നേരം നടന്നിട്ടും ഒരൊറ്റ വീടോ മനുഷ്യനോ എന്‍റെ കണ്ണില്‍പ്പെട്ടില്ല. തികച്ചും ഏകാന്തമായ സ്ഥലം. ആ ഏകാന്തത ഞാന്‍ ആസ്വദിക്കുകയായിരുന്നു. ഇത്രയും നല്ല ഭൂപ്രകൃതിയിനി എവിടെ കാണുവാനാകും.

കുറച്ചു ദൂരെ ഞാന്‍ ഒരു ചെറിയ മരക്കൂട്ടം കണ്ടു. ഒന്നിരിക്കണം. അപ്പോഴാണ്‌ തണുപ്പും അധികമായിരിക്കുന്നു എന്നത്‌ ഞാന്‍ ശ്രദ്ധിച്ചത്‌. ഞാന്‍ നടത്തം തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു തണുപ്പ്‌. ഒരു നെടുവീര്‍പ്പ്‌ പോലെ കാറ്റൊഴുകിയെത്തുന്നുണ്ട്‌. ഞാന്‍ മുകളിലേക്ക്‌ നോക്കി. മുകളില്‍ കറുത്ത മേഘക്കൂട്ടങ്ങള്‍ ഒന്നായി, ഒരു സംഘമായി, മാനത്തെ കറുപ്പിക്കുവാനുള്ള ശ്രമത്തിലാണ്‌. അവയെ കൂട്ടം കൂടിക്കുവാനായി, ഇടയ്ക്കൊന്നലറിയും ചിലപ്പോള്‍ ചിരിച്ചും കാറ്റ്‌ തന്നാലാവത്‌ ശ്രമിക്കുന്നു. കാറ്റ്‌ ഇതിലും ശക്തമായ രൂപം പ്രാപിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. തണുപ്പ്‌ പിന്നേയും കൂടുന്നുണ്ട്‌. കുറച്ചു നേരം നടന്നതിനുശേഷം വെറുതെ ഇങ്ങിനെ ഇരിക്കുന്നതിനാലാണിത്ര തണുപ്പ്‌ എന്നു കരുതി ഞാന്‍ എന്റെ യാത്ര പുരനാരംഭിച്ചു.

തികച്ചും പ്രകൃതിരമണീയമെന്ന്‌ വിശേഷിപ്പിക്കാവുന്ന ഒരിടത്തിലൂടെയാണ്‌ ഞാനപ്പോള്‍ നടന്നുകൊണ്ടിരുന്നത്‌. അവിടെ ഏറ്റവും പ്രത്യേകമായി എന്താണെന്ന്‌ ചോദിച്ചാല്‍ പറയുക ബുദ്ധിമുട്ടാണ്‌. ഇത്‌ നന്നായിരിക്കുന്നു അല്ലെങ്കില്‍ അത്‌ നന്നായിരിക്കുന്നു എന്നൊക്കെ എടുത്തെടുത്ത്‌ പറയുക ബുദ്ധിമുട്ടാണ്‌. അവിടത്തെ ചന്തം എല്ലാമങ്ങിനെ ഒന്നിച്ച്‌ കാണുമ്പോഴാണ്‌. ഞാനങ്ങിനെ എത്ര നേരം നടന്നു എന്ന്‌ എനിക്കുമറിയില്ല. സൂര്യന്‍ അസ്തമയത്തിനു തയ്യാറായി എന്നറിയിച്ചുംകൊണ്ട്‌ പൊന്‍വെളിച്ചം ചുറ്റിലും വിതറിയപ്പോഴാണ്‌ തിരിച്ചെങ്ങിനെ പോകും എന്നതിനെക്കുറിച്ച്‌ ഞാന്‍ ആലോചിച്ചത്‌. നല്ല തണുപ്പുണ്ടായിരുന്നു. ആകാശം കറുത്തിരുണ്ടിരുന്നു. പിന്നെ ദൂരെയെവിടെനിന്നോ ആരൊക്കെയോ ഓടുന്നശബ്ദം. അതിന്നിടയിലൂടെ ആദ്യം ഞങ്ങള്‍ കേട്ട ആ കുരയ്ക്കും ഓരിയ്ക്കും ഇടയിലുള്ള ആ ശബ്ദം. ആ ശബ്ദത്തെയാണ്‌ ചെന്നായുടെ ശബ്ദമെന്ന്‌ എന്റെ സാരഥി തിരിച്ചറിഞ്ഞത്‌. അത്തരം ശബ്ദങ്ങള്‍ ഇടക്കിടെ കേട്ടുകൊണ്ടിരുന്നു. ഞാനൊന്ന്‌ ശങ്കിക്കുവാന്‍ തുടങ്ങി. ആ പഴയ ഗ്രാമം കണ്ടേ അടങ്ങു എന്ന്‌ വീമ്പുപറഞ്ഞ്‌ ഇറങ്ങിയതാണു ഞാന്‍. എന്നാല്‍ ഞാനിപ്പോള്‍ എത്തിനില്‍ക്കുന്നത്‌ വിശാലമായ, ചുറ്റിലും കുന്നുകളുള്ള ഒരിടത്തിലാണ്‌. കുന്നിന്‍ ചരിവുകളെല്ലാം മരങ്ങളെക്കൊണ്ട്‌ നിറഞ്ഞിരുന്നു. മരങ്ങള്‍ കുന്നിന്‍ചരിവിറങ്ങി, താഴ്‌വാരത്തിലേക്കുമെത്തിയിരിക്കുന്നു. അതിന്നിടക്കിടക്ക്‌ മരങ്ങളില്ലാതെ വെറുതെ പുല്ലുപിടിച്ചു കിടക്കുന്ന ഇടങ്ങളുമുണ്ടായിരുന്നു. ഞാന്‍ നടന്നെത്തിയ വഴി എന്നെ എങ്ങോട്ട്‌ നയിക്കുമെന്ന്‌ ഞാന്‍ നോക്കി. എന്‍റെ മുന്നിലുള്ള വഴി അതിലേറ്റവും കൂടുതല്‍ മരങ്ങളുള്ള കാട്ടില്‍ ചെന്ന്‌, ഒന്നു പകച്ച്‌, കാടിനകത്തേക്ക്‌ കയറുന്നു.. അവിടെ നിന്ന്‌ അത്‌ എങ്ങോട്ടു പോകുന്നു എന്ന്‌ കാണുവാനാകുന്നില്ല.

ഞാനാ വഴിയെതന്നെനോക്കി നില്ക്കുന്നതിന്നിടയ്ക്ക്‌ എന്റെ എല്ലുകള്‍കൂടി തണുത്തു വിറയ്ക്കുവാന്‍ തുടങ്ങി. മഞ്ഞും പെയ്തു തുടങ്ങി. അപ്പോഴാണ്‌ എത്ര ദൂരം നടന്നിട്ടുണ്ടാകുമെന്നതിനെക്കുറിച്ച്‌ ഞാന്‍ ആലോചിച്ചത്‌. മുന്നില്‍ കാണുന്ന മരക്കൂട്ടങ്ങളിലൊന്നില്‍ തത്കാലം ആശ്രയം തേടുവാന്‍ ഞാന്‍ തീരുമാനിച്ചു. ചുറ്റിലും ഇരുട്ടു പടര്‍ന്നു കഴിഞ്ഞിരുന്നു. പെയ്യുന്ന മഞ്ഞുപാളികളുടെ ഘനം വര്‍ദ്ധിക്കുകയുമായിരുന്നു. കണ്ടുകണ്ടങ്ങിരിക്കെ എനിക്കു ചുറ്റിലുമുള്ള ഭൂമിയാകെ വെള്ളനിറമായി. മഞ്ഞുപാളികളാലാവരണം ചെയ്ത വെളുത്ത നിറമുള്ള ഭൂമി. അതിന്റെ അങ്ങേത്തല എവിടെയാണെന്ന്‌ എനിക്ക്‌ കാണുവാനാകുന്നില്ല. വഴിയും നല്ലതല്ല. വഴിയുടെ അതിരുകള്‍ അടയാളപ്പെടുത്തിയിട്ടില്ല. ഞാന്‍ നടക്കുക തന്നെയായിരുന്നു. ഇതായിരിക്കും വഴി എന്ന ഊഹം വച്ച്‌. എന്നാല്‍ കുറച്ച്‌ കഴിഞ്ഞപ്പോള്‍ വഴി തെറ്റിയിരിക്കുന്നുവെന്നും ഞാന്‍ വഴിയിലൂടെയല്ല നടക്കുന്നതെന്നും എനിക്ക്‌ മനസ്സിലായി. എന്റെ കാലുകളപ്പോള്‍ ഉറപ്പുള്ള പ്രതലങ്ങളിലല്ല പതിച്ചിരുന്നത്‌. ചവിട്ടുന്നിടം ചിലപ്പോള്‍ താണുപോകുന്നുണ്ടായിരുന്നു. കാറ്റ്‌ ശക്തിപ്രാപിക്കുകയായിരുന്നു. തണുപ്പ്‌ അസഹ്യമായിരുന്നു. കാറ്റ്‌ തണുപ്പിന്റേയും കരുത്തു വര്‍ദ്ധിപ്പിച്ചു. മഞ്ഞ്‌ കല്ലുകള്‍ പോലെ ചുറ്റിലും പതിക്കുന്നുണ്ടായിരുന്നു. പലപ്പോഴും അത്‌ എവിടെയെങ്കിലും തട്ടിതെറിച്ച്‌ എന്റെ കണ്ണില്‍ പതിക്കുമെന്ന്‌ ഞാന്‍ ഭയന്നു. അതുകൊണ്ടു തന്നെ കണ്ണുകള്‍ തുറന്നു പിടിക്കുവാനും എനിക്കു ഭയമുണ്ടായി. ഇടയ്ക്ക്‌ ആകാശം പിളര്‍ത്തി ഒരു മിന്നലുണ്ടായി. അതിന്റെ വെളിച്ചത്തില്‍ ഞാന്‍ ഒരു മരക്കൂട്ടം കണ്ടു. അവയും മഞ്ഞില്‍ പുതച്ചു നില്‍ക്കുകയായിരുന്നു. ഞാന്‍ അവയെ ലക്ഷ്യമാക്കി നടന്നു.

എളുപ്പം തന്നെ ഞാന്‍ ആ മരങ്ങള്‍ക്കിടയില്‍ എത്തിപ്പെട്ടു. മരങ്ങള്‍ക്ക്‌ മുകളില്‍ കാറ്റ്‌ വീശിയടിക്കുന്നുണ്ടായിരുന്നു. കാറ്റിനും കറുപ്പു നിറമായിരുന്നു. ആ കറുപ്പ്‌ രാത്രിയുടെ ഇരുട്ടില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞു വരികയാണെന്ന്‌ എനിക്കു തോന്നി. അസ്തമിച്ചുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റിന്റെ രൂപമാണിപ്പോള്‍ അതിന്‌. ഇടക്കൊന്ന്‌ ശക്തികൂടിയും പിന്നെ ക്ഷയിച്ചും അത്‌ അവസാനത്തിലേക്ക്‌ നീങ്ങുകയാണ്‌. കാറ്റിന്റെ ശക്തി കുറഞ്ഞ സമയങ്ങളില്‍ വായുവിനെ കീറിമുറിച്ച്‌ ചെന്നായ്ക്കളുടെ ശബ്ദം എനിക്കു ചുറ്റിലും നൃത്തം കളിക്കുവാന്‍ തുടങ്ങി.

കാറ്റൊന്നു ശമിച്ചപ്പോള്‍, ചന്ദ്രന്‍ ഇടക്കിടെ ഇരുണ്ട മേങ്ങള്‍ക്കിടയില്‍ നിന്നും മുഖം കാണിക്കുവാന്‍ തുടങ്ങി. ആ വെളിച്ചത്തില്‍ ഞാന്‍ ചുറ്റിലും നോക്കി. ഒരു സൈപ്രസ്‌ മരക്കൂട്ടത്തിന്നരികിലാണു ഞാനെന്ന്‌ എനിക്കു മനസ്സിലായി. അപ്പോഴേക്കും മഞ്ഞു പെയ്യുന്നതും നിലച്ചിരുന്നു. ഞാനവിടെ നിന്നും പുറത്തുകടക്കുവാന്‍ തന്നെ തീരുമാനിച്ചു. ചുറ്റിലും എന്തൊക്കെയുണ്ടെന്ന്‌ ഞാന്‍ തിരയുകയായിരുന്നു. ചില വീടുകളുടെ അവശിഷ്ടങ്ങള്‍ എനിക്കു വ്യക്തമായി. പൊളിഞ്ഞു വീണുപോയ ഈ പുരാവസ്തുക്കളില്‍ ഏതെങ്കിലും ഒന്നിന്റെ മേല്‍ക്കൂര ഇപ്പോഴും അവശേഷിക്കുന്നുണ്ടാകുമെന്ന്‌ എനിക്കു തോന്നി. ഞാനതിനുള്ള അന്വേഷണത്തിലായി. ഞാനാ കുറ്റിക്കാടിനെ വലം വച്ചു. മേഘങ്ങള്‍ക്കിടയില്‍ നിന്നും മുഖം കാണിച്ച ചന്ദ്രന്‍ അപ്പോള്‍ എനിക്ക്‌ കെട്ടിടം പോലെ തോന്നിക്കുന്ന ഒരിടം കാണിച്ചു തന്നു. കൂടുതല്‍ ശ്രദ്ധിക്കുവാനാകും മുമ്പ്‌ മറ്റൊരു മേഘം വീണ്ടും ചന്ദ്രനെ മറച്ചു പിടിച്ചു. എങ്കിലും ഞാനവിടം ലക്ഷ്യമാക്കി നടക്കുവന്‍ തീരുമാനിച്ചു. അപ്പോഴേക്കും കാറ്റും തണുപ്പും വീണ്ടും വര്‍ദ്ധിച്ചിരുന്നു. നടക്കുമ്പോള്‍ ഞാന്‍ വിറയ്ക്കുന്നുണ്ടോ എന്ന്‌ എനിക്കു തോന്നി തുടങ്ങി. എന്നാലും അതൊരു കെട്ടിടത്തിന്റെ അവശിഷ്ടമാണെങ്കില്‍ അവിടം എനിക്കൊരു അഭയസ്ഥാനമാകുമെന്ന്‌ ഉറപ്പ്‌. ആ പ്രതീക്ഷയില്‍ ഞാന്‍ മുന്നോട്ട്‌ നടന്നു.

പെട്ടെന്ന്‌ കാറ്റ്‌ നിന്നു. മഞ്ഞും നിന്നു. ചുറ്റും നിശ്ചലമായി. അതിനോട്‌ താദാത്മ്യം പ്രാപിക്കുവാനായിരിക്കണം എന്റെ ഹൃദയസ്പന്ദനവും നിലച്ചുവെന്ന്‌ തോന്നി. എന്നാല്‍ ഇത്‌ ഒരു നിമിഷത്തേക്ക്‌ മാത്രമായിരുന്നു. അപ്പോള്‍ കാര്‍മേഘങ്ങളുടെ കണ്ണുവെട്ടിച്ച്‌ ചന്ദ്രന്‍ വീണ്ടും പുറത്തുകടന്നു. ഞാന്‍ എവിടെയെന്ന്‌ അയാളെനിക്ക്‌ കാണിച്ചു തന്നു. ഞാനപ്പോള്‍ ഒരു സെമിത്തേരിയിലായിരുന്നു. ദൂരെനിന്നും ഞാന്‍ കണ്ട ആ കെട്ടിടം മാര്‍ബിള്‍ കൊണ്ടുണ്ടാക്കിയ ഒരു വലിയ ശവക്കല്ലറയായിരുന്നു. അതിനുമുകളില്‍, അതിന്‌ കൂടുതല്‍ വെളുപ്പു നല്കി മഞ്ഞുപാളികള്‍ ചിതറിക്കിടന്നു. ചന്ദ്രന്‍ പുറത്തുകടന്നതു കണ്ടായിരിക്കണം കാറ്റ്‌ വീണ്ടും ഗതി വര്‍ദ്ധിപ്പിച്ചു. അതിനോടൊപ്പം കുറുക്കന്മാരുടേയും ചെന്നായ്ക്കളുടേയും ഓരിയും ഉച്ചത്തില്‍ തന്നെ കേട്ടു തുടങ്ങി. എന്റെ ഭയം ഞാന്‍ പറഞ്ഞറിയിക്കണോ? അപ്പോഴും മേഘങ്ങള്‍ക്കിടയിലൂടെ ചന്ദ്രന്‍ എന്നെ എത്തിനോക്കുവാന്‍ ഒരു ശ്രമം നടത്തുന്നുണ്ടായിരുന്നു. ആ വെളിച്ചത്തില്‍ കൂടുതല്‍ അത്ഭുതപ്പെടുത്തുന്ന, ഭയപ്പെടുത്തുന്ന, ഒരു കാഴ്ചകൂടി ഞാന്‍ കണ്ടു. ഭയത്തേക്കാളേറെ എനിക്കപ്പോള്‍ അത്ഭുതമാണു തോന്നിയത്‌. പിന്നെ ഒരു തരം ജിജ്ഞാസയും. ഞാന്‍ ആ മാര്‍ബിള്‍ കല്ലറയ്ക്കരികിലേക്ക്‌ നീങ്ങി. അതുമാത്രം ഇങ്ങിനെ വ്യത്യസ്തമാകുവാന്‍ എന്ത്‌ കാരണം എന്നാണെന്റെ മനമെന്നോട്‌ അപ്പോള്‍ ചോദിച്ചതെന്ന്‌ തോന്നുന്നു. അതിനു മുകളില്‍ ജര്‍മ്മന്‍ ഭാഷയില്‍ എഴുതിയത്‌ ഞാന്‍ വായിച്ചു.

ഗ്രാട്സിലെ പ്രഭുകുമാരി
സിറിയയില്‍ വച്ച്‌
മരണത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തു
1801

കല്ലറയ്ക്ക്‌ മുകളില്‍, മാര്‍ബിളിലൂടെ കുത്തിയിറക്കിയതുപോലെ, ഒരു ഇരുമ്പിന്റെ കൂര്‍ത്ത ആണി അടിച്ചു കയറ്റിയിട്ടുണ്ട്‌. ഞാന്‍ കല്ലറയുടെ പുറകിലേക്ക്‌ നടന്നു. അവിടെ റഷ്യന്‍ ഭാഷയിലെ വിഖ്യാതമായ ചൊല്ല്‌ എഴുതിവച്ചിരിക്കുന്നു.

"മരിച്ചവര്‍ കൂടുതല്‍ വേഗതയില്‍ യാത്ര ചെയ്യും. "

ആ ചുറ്റുപാട്‌ എനിക്ക്‌ തലചുറ്റലുണ്ടാക്കുന്നതുപോലെ തോന്നി. എന്തോ ഒരു പന്തികേട്‌ എനിക്കവിടെ അനുഭവപ്പെടുന്നുണ്ടായിരുന്നു. യോഹന്റെ ഉപദേശം ഞാന്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ എന്നെനിക്ക്‌ അപ്പോളാദ്യമായി തോന്നി. അതിന്റെ കൂടെ തികച്ചും നിഗൂഢമായ എന്തോ സാഹചര്യത്തില്‍ അകപ്പെട്ടിരിക്കുന്നതുപോലെ എന്റെ മനസ്സ്‌ എന്നോട്‌ പറഞ്ഞു, ഇന്ന്‌ വാള്‍പര്‍ജിസിന്റെ രാത്രിയാണ്‌!

നാട്ടുവിശ്വാസമനുസരിച്ച്‌ വാള്‍പര്‍ജിസിന്റെ രാത്രിയെന്നാല്‍ പ്രേതങ്ങള്‍ കല്ലറ തുറന്ന്‌ പുറത്തുവരുന്ന ദിവസമാണ്‌. അന്ന്‌ ഭൂമിയിലും വായുവിലും വെള്ളത്തിലുമുള്ള എല്ലാ ദുഷ്ടശക്തികളും ആര്‍ത്തുല്ലസിക്കുന്നു. എന്റെ സാരഥി തീര്‍ത്തും ഒഴിവാക്കുവാന്‍ ആഗ്രഹിച്ചിരുന്ന ഇടമാണിത്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജനങ്ങള്‍ ഒഴിഞ്ഞുപോയ ഒരു ഗ്രാമമാണിത്‌. ആത്മഹത്യ ചെയ്തവരെ അടക്കം ചെയ്ത ഇടമാണിത്‌. അതേ ഇടത്തില്‍ ഇപ്പോളിതാ ഞാന്‍ ഏകനായി...തണുത്ത്‌ വിറച്ച്‌.. മഞ്ഞിലും കൊടുങ്കാറ്റിലും പെട്ട്‌... കാറ്റ്‌ ഇതാ വീണ്ടും ആവേശം തുള്ളുവാന്‍ തുടങ്ങുന്നു. അത്‌ എനിക്കു നേരെയാണു വരുന്നത്‌. ഭയത്തിന്റെ പാരമ്യം എന്നു തന്നെ പറയാം, ആ അവസ്ഥയില്‍ ബോധമറ്റു വീഴാതിരിക്കുവാന്‍ എന്നില്‍ അവശേഷിച്ചിരുന്ന എല്ലാ തത്വശാസ്ത്രങ്ങളേയും, ഞാന്‍ പഠിച്ച എല്ലാ മതവിശ്വാസങ്ങളേയും, എന്നില്‍ ശേഷിച്ച ധൈര്യമത്രയും എനിക്ക്‌ ഒന്നിച്ചാവാഹിച്ചെടുക്കേണ്ടി വന്നു.

പെട്ടെന്ന്‌ ഒരു ചുഴലിക്കാറ്റ്‌ എനിക്കു നേരെ വീശി. ആയിരക്കണക്കിനു കുതിരകള്‍ ഒന്നിച്ച്‌ ഓടിപോകുന്നതുപോലെ ഞാന്‍ നിന്നിരുന്ന ഭൂമി കുലുങ്ങി. ചുഴലിക്കാറ്റിനപ്പോള്‍ തണുത്ത മഞ്ഞിന്റെ ചിറകുകളുണ്ടായിരുന്നു. ആരോ കവണയില്‍ നിന്നും തൊടുത്തുവിട്ടതുപോലെ മഞ്ഞിന്‍ കട്ടകള്‍ കോപം പൂണ്ട്‌ എനിക്കു നേരെ വന്നു തുടങ്ങി. വരുന്ന വഴിയില്‍ അവര്‍ അവര്‍ക്ക്‌ തടസ്സം നിന്ന ഇലകളേയും കൊച്ചുമരച്ചില്ലകളേയും എറിഞ്ഞു വീഴ്ത്തി. എനിക്കു മുകളിലുണ്ടായിരുന്ന മരച്ചില്ലകള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെടുകയും, അതിലെ ഇലകളെല്ലാം തല്ലിക്കൊഴിക്കപ്പെടുകയും ചെയ്തു. എന്റെ അഭയമാണവര്‍ നഷ്ടപ്പെടുത്തിയത്‌. ഞാന്‍ അടുത്ത മരത്തിനു ചുവട്ടിലേക്ക്‌ ഓടുവാന്‍ തുനിഞ്ഞതാണ്‌, എന്നാല്‍ എന്നില്‍ അതിനുള്ള കരുത്ത്‌ അവശേഷിച്ചിട്ടില്ലായിരുന്നു. അതിനാല്‍ തന്നെ ഏറ്റവും അടുത്ത്‌ കണ്ട എനിക്ക കുറച്ചെങ്കിലും അഭയമാകുമെന്ന്‌ തോന്നിയ ഇടത്തിലേക്ക്‌ ഞാന്‍ കഴിവതും വേഗത്തില്‍ എത്തി. ആ വലിയ ശവക്കല്ലറയുടെ മുന്നിലെ കമാനമായിരുന്നു അത്‌. മാര്‍ബിള്‍ കല്ലറയ്ക്ക്‌ മുന്നിലെ കമാനം. അതിന്‌ പിച്ചളകൊണ്ടുള്ള ഒരു വാതിലുണ്ടായിരുന്നു. ഞാനതില്‍ പറ്റിപ്പിടിച്ചിരുന്നു. എന്നെ ലക്ഷ്യമാക്കി വന്നിരുന്ന മഞ്ഞുകട്ടകളില്‍ നിന്നും എനിക്ക്‌ കുറച്ച്‌ സംരക്ഷണം അതേകി. അവയ്ക്കിപ്പോള്‍ നേരിട്ട്‌ എന്റെമേല്‍ പതിക്കുവാനാകില്ല. മാര്‍ബിള്‍ ചുമരിലോ നിലത്തോ തട്ടിത്തെറിച്ചുവേണം എനിക്കു നേരെ തിരിയുവാന്‍.

ഞാന്‍ വാതിലിനോട്‌ നല്ലവണ്ണം ചാരിയിരുന്നു. അപ്പോള്‍ വാതില്‍ മെല്ലെ തുറക്കുവാന്‍ തുടങ്ങി. അത്‌ അകത്തേക്കാണു തുറന്നത്‌. അപ്പോള്‍ വീശിയടിച്ചിരുന്ന കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെടുവാന്‍ കല്ലറയായാലും അത്‌ ഒരു അഭയസ്ഥാനം തന്നെയാകും. ഞാന്‍ ആ കല്ലറയിലേക്ക്‌ കടക്കുവാന്‍ തുനിയുകയായിരുന്നു. അപ്പോഴാണ്‌ വീണ്ടും വലിയ ഒരു മിന്നല്‍പിണര്‍ ആകാശത്തെ പകുത്ത്‌ എനിക്കു ചുറ്റിലും വെള്ളിപ്രഭ വീശിയത്‌. ഞാനൊരു വെറും മനുഷ്യനാണ്‌. മനുഷ്യനായ ഞാന്‍ അപ്പോള്‍, ആ വെളിച്ചത്തില്‍, എന്‍റെ കണ്ണുകൊണ്ട്‌ കണ്ടത്‌ എനിക്കു തന്നെ വിശ്വസിക്കുവാനായില്ല. മിന്നല്‍ പിണറിന്റെ വെളിച്ചം ഭൂമിയില്‍ പതിച്ചപ്പോള്‍ ഞാനറിയാതെ എന്റെ കണ്ണുകള്‍ കല്ലറയ്ക്കുള്ളിലേക്ക്‌ ഒന്നു പാളി. അവിടെ ഞാന്‍ സുന്ദരിയായ ഒരു സ്ത്രീ, ചുകന്ന ചുണ്ടുകളുമായി, ഒരു ശവമഞ്ചത്തില്‍ കിടക്കുന്നതു കണ്ടു. അത്രയും കാണുമ്പോഴേക്കും മിന്നലിന്റെ വെളിച്ചം മാറിയിരുന്നു. ഇടി മുഴങ്ങുവാന്‍ തുടങ്ങിയിരുന്നു. ഇടിമുഴക്കത്തിന്‍റെ അകമ്പടി വന്ന അതേ നിമിഷത്തില്‍ തന്നെ ഒരു രാക്ഷസരൂപം എന്നെ അവിടെ നിന്നും പൊക്കിയെടുത്ത്‌ കൊടുങ്കാറ്റിന്‍റെ മദ്ധ്യത്തിലേക്ക്‌ വലിച്ചെറിഞ്ഞു. ഇത്‌ ഞൊടിയിടയിലാണു സംഭവിച്ചത്‌. അതുകൊണ്ടു തന്നെ എനിക്കുണ്ടായ ശാരീരിക-മാനസിക ആഘാതങ്ങളില്‍ നിന്നും ഒന്നു മുക്തിനേടുവാന്‍ എനിക്ക്‌ ശ്രമിക്കുവാനാകുന്നതിനുമുമ്പേ വീണ്ടും കരുത്തുറ്റ മഞ്ഞിന്‍കട്ടകള്‍ എന്നെ തറയിലേക്ക്‌ എറിഞ്ഞുവീഴ്ത്തി. അതിനോടൊപ്പം തന്നെ പെട്ടെന്ന്‌ എന്തോ ഞാന്‍ അവിടെ തനിച്ചല്ല എന്നൊരു തോന്നലും എന്നില്‍ ശക്തമായി. ഞാന്‍ വീണ്ടും കല്ലറയിന്മേലേക്കു നോക്കി. വീണ്ടും ഒരു മിന്നല്‍പിണരുണ്ടായി. ഇത്തവണത്തെ മിന്നലില്‍ മാര്‍ബിള്‍ കല്ലറയുടെ പുറത്തെ മാര്‍ബിളുകള്‍ ഇളകിയാടി തറയിലേക്ക്‌ ഊര്‍ന്നിറങ്ങിയെന്ന്‌ എനിക്കു തോന്നി. എന്റെ കണ്ണുകള്‍ അപ്പോഴും കല്ലറയിന്മേല്‍ തറച്ചിരിക്കുകയായിരുന്നു. ഞാന്‍ അടുത്ത കാഴ്ച കണ്ടു. ആ മരിച്ച സ്ത്രീ ഒരു നിമിഷത്തേക്ക്‌ ഒന്നെഴുന്നേറ്റു. മിന്നലിന്റെ പ്രഭയില്‍ അവര്‍ക്കു ചുറ്റിലും അഗ്നിയാളുന്നതുപോലെ തോന്നി. അവരുടെ ഉച്ചത്തിലുള്ള നിലവിളി അപ്പോള്‍ വന്ന ഇടിമുഴക്കത്തില്‍ മുങ്ങിപ്പോയി. ഇതാണ്‌ ഞാന്‍ അവസാനമായി കേട്ട ശബ്ദം. അപ്പോഴേക്കും വീണ്ടും ആ രാക്ഷസരൂപം എന്നെ കൂട്ടിപ്പിടിക്കുകയും അവിടെ നിന്നും വലിച്ചു കൊണ്ടു പോകുകയും ചെയ്തു. എന്റെമേല്‍ അപ്പോഴും മഞ്ഞിന്‍കല്ലുകള്‍ പതിച്ചുകൊണ്ടിരുന്നു. എനിക്കു ചുറ്റിലും അപ്പോള്‍ ചെന്നായ്ക്കളുടെ ഓരി കേള്‍ക്കാമായിരുന്നു. ഞാന്‍ അവസാനം കണ്ട കാഴ്ച ഒരു വലിയ വെളുത്ത രൂപത്തിന്റേതായിരുന്നു. അവ്യക്തമായിരുന്നു ആ രൂപം. കല്ലറകളില്‍ നിന്ന്‌ എല്ലാവരും ഒരുമിച്ച്‌ പുറത്തു വന്നതുപോലെ തോന്നി എനിക്ക്‌. അവരെല്ലാവരും എനിക്കു നേരെയാണു വരുന്നത്‌. വെളുത്ത മേഘങ്ങളെപ്പോലെ കട്ടികൂടിയ മഞ്ഞുപാളികള്‍ക്കിടയിലൂടെ.

പിന്നെ വളരെ സാവധാനത്തില്‍ എപ്പോഴോ എന്റെ ഓര്‍മ്മ എനിക്ക്‌ തിരികെ ലഭിക്കുവാന്‍ തുടങ്ങി. ശരീരവും മനസ്സും അപ്പാടെ ക്ഷീണിച്ചിരിക്കുന്നു എന്ന ചിന്ത തന്നെ ഭയപ്പെടുത്തുന്നതായിന്നു. കുറച്ചു നേരത്തേക്ക്‌ എന്തൊക്കെയാണു സംഭവിച്ചത്‌ എന്ന്‌ ഓര്‍ത്തെടുക്കുവാന്‍ എനിക്കായില്ല. പക്ഷേ മെല്ലെ മെല്ലെ നടന്നതെല്ലാം എന്റെ ഓര്‍മ്മയിലേക്ക്‌ ഒഴുകിയെത്തിത്തുടങ്ങി. എന്റെ കാലുകള്‍ വേദനയാല്‍ മരവിച്ചിട്ടുണ്ടായിരുന്നു. അവയനക്കുവാന്‍ എനിക്കാകുന്നില്ല. കഴുത്തിന്‍റെ പുറംഭാഗം മുതല്‍ നട്ടെല്ലിലൂടെ തണുപ്പ്‌ ഊര്‍ന്നിറങ്ങുന്നുണ്ടായിരുന്നു. കാലുകള്‍ പോലെ തന്നെ കാതുകളും മരവിച്ചിട്ടുണ്ട്‌. എന്നാല്‍ എനിക്ക്‌ ആശ്വാസമേകുവാന്‍ എന്ന രീതിയില്‍ എന്റെ നെഞ്ചില്‍ ഒരു ചെറുചൂട്‌ പറ്റിപ്പിടിച്ച്‌ കിടക്കുന്നുണ്ടായിരുന്നു. അതിന്‌ ഒരു പ്രത്യേക സ്വാദുണ്ടായിരുന്നു. അതേസമയം അത്‌ ഒരു പേടിസ്വപ്നം കൂടിയായി. ആ വാക്ക്‌ -പേടിസ്വപ്നം എന്നത്‌ - ഈ അവസരത്തിന്‌ ചേരുമോ എന്നെനിക്കറിയില്ല. സത്യമായി പരിണമിക്കുന്ന ഒരു പേടിസ്വപ്നം. കാരണം വലിയ ഭാരമുള്ള എന്തോ ഒരു വസ്തു എന്‍റെ നെഞ്ചിന്മേല്‍ അമര്‍ന്നിരിക്കുന്നുണ്ട്‌. എനിക്ക്‌ ശ്വസിക്കുവാന്‍ തന്നെ അതിനാല്‍ പ്രയാസമാകുന്നു.

ഈ അര്‍ദ്ധ-സുഷുപ്തി കുറച്ചുനേരം നീണ്ടുനിന്നു. അതില്‍ നിന്നും ഞാന്‍ പൂര്‍ണ്ണമായ ഒരു ഉറക്കത്തിലേക്ക്‌ അല്ലെങ്കില്‍ മയക്കത്തിലേക്ക്‌ വഴുതിവീണു. പിന്നെ എന്നില്‍ ഒരു വെറുപ്പ്‌ നിറയുവാന്‍ തുടങ്ങി. കടല്‍ജ്വരം ബാധിച്ചവനെപ്പോലെ ഞാന്‍ പരവശനാകുവാന്‍ തുടങ്ങി. എന്തില്‍ നിന്നോ കുതറി മാറണമെന്ന ഒരു ആഗ്രഹം എന്നില്‍ നിറയുവാന്‍ തുടങ്ങി. അത്‌ എന്തില്‍ നിന്നെന്നു മാത്രം എനിക്കു മനസിലായില്ല. എനിക്കു ചുറ്റിലും നിശ്ചലതയായിരുന്നു. ചുറ്റിലുമുള്ള ലോകം മുഴുക്കെ ഉറക്കത്തിലെന്ന്‌ തോന്നി. അല്ലെങ്കില്‍ എനിക്കു ചുറ്റിലുമുള്ള ലോകം മുഴുക്കെ മരിച്ചുപോയിരിക്കുന്നു. ആ നിശ്ചലതയെ ഭഞ്ജിച്ചുകൊണ്ട്‌ എന്റെ തൊട്ടടുത്തുനിന്നും ഏതോ ഒരു മൃഗത്തിന്റെ ചെറിയ ഒരു കിതപ്പുമാത്രം എനിക്കു കേള്‍ക്കാനാകുന്നുണ്ട്‌. ഒരു ചെറുചൂടുള്ള നനവ്‌ എന്റെ കഴുത്തിലേക്ക്‌ ഉരസിയെത്തുന്നുണ്ടായിരുന്നു. അത്‌ എന്റെ ബോധത്തെ ഉണര്‍ത്തി. ഞാന്‍ സത്യമറിഞ്ഞു. ആ സത്യം ഭീഷണമായിരുന്നു. അതെന്റെ ഹൃദയധമനികള്‍ തണുത്തുറയ്ക്കുവാന്‍ കാരണമേകി. രക്തം എന്റെ തലച്ചോറിലേക്ക്‌ തെറിച്ചെത്തി. ഏതോ ഒരു വലിയ മൃഗം എന്റെ മേല്‍ കമിഴ്ന്നുകിടന്ന്‌ എന്റെ കഴുത്ത്‌ നക്കിത്തുടക്കുകയാണ്‌. എനിക്ക്‌ അനങ്ങുവാന്‍ തന്നെ ഭയമായി. പ്രായോഗികപരിജ്ഞാനത്തിന്റെ ഏതോ കണിക എന്നെ അനങ്ങാതെ കിടക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ എന്നില്‍ എന്തോ മാറ്റം സംഭവിച്ചിരിക്കുന്നു എന്ന്‌ ആ വന്യമ്യഗം അറിഞ്ഞിരിക്കുന്നു. അതിനാലായിരിക്കണം അത്‌ തലയൊന്നുയര്‍ത്തിയത്‌. ഞാന്‍ കണ്ണുകള്‍ തുറന്നു. എന്റെ കണ്‍പീലികള്‍ക്കിടയിലൂടെ എന്നെ തേടിയെത്തിയെത്‌ ഒരു വലിയ ചെന്നായയുടെ രണ്ട്‌ തിളങ്ങുന്ന കണ്ണുകളായിരുന്നു. അതിന്റെ കൂര്‍ത്തപല്ലുകള്‍ ചുകന്ന വായയില്‍ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. അതിന്റെ ശ്വാസവായു എന്നിലേക്ക്‌ ഭീഷണവും ക്രൂരവുമായി പതിച്ചുകൊണ്ടിരുന്നു.

കുറച്ചുനേരത്തേക്ക്‌ എന്താണു സംഭവിച്ചതെന്ന്‌ എനിക്ക്‌ അറിയില്ല അല്ലെങ്കില്‍ ഓര്‍മ്മയില്ല. പിന്നെ എവിടെനിന്നെന്നറിയാതെ എന്നെത്തേടി നേരിയ ഒരു ഞരക്കവും അതിനുപുറകെ ഒരു കുരയും വന്നു. അത്‌ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുതുടങ്ങി. അകലെനിന്നും ആരൊക്കെയോ കൂടി "ഹലോ... ഹലോ........" എന്നൊക്കെ ഒന്നിച്ച്‌ വിളിച്ചുകൂവുന്നതുപോലെ എനിക്കു തോന്നി. വളരെ ശ്രദ്ധാപൂര്‍വ്വം ഞാന്‍ തലയുയര്‍ത്തി ശബ്ദം വന്നിരുന്ന ഇടം ലക്ഷ്യമാക്കി കണ്ണുകളോടിച്ചു. സെമിത്തേരി എന്റെ കാഴ്ച മറച്ചു. ചെന്നായ അപ്പോഴും കുരപോലൊരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. അതിന്റെ കണ്ണുകളും സൈപ്രസ്‌ മരങ്ങള്‍ക്ക്‌ ചുറ്റിലുമുള്ള ഇടം പരതുകയായിരുന്നു. അവ ശബ്ദം വരുന്നയിടം ലക്ഷ്യമാക്കി വട്ടം കറങ്ങുന്നുണ്ടായിരുന്നു. ചുകന്ന്‌ തീകട്ടപോലുള്ള കണ്ണുകള്‍. അതും എവിടെനിന്നാണീ ശബം വരുന്നതെന്ന്‌ കാതോര്‍ക്കുകയാണെന്ന്‌ എനിക്കു തോന്നി. ശബ്ദം അടുത്തുവരുന്തോറും ചെന്നായുടെ കുരയ്ക്കും വേഗതയും ഒച്ചയും കൂടി. ആ അവസരത്തില്‍ വീണ്ടുമൊന്ന്‌ അനങ്ങുവാനും മറ്റൊരു ശബ്ദമുണ്ടാക്കുവാനും ഞാന്‍ ഭയന്നു. അകലെനിന്നും മറ്റൊരു ചുകന്ന വെളിച്ചം എന്റെ അരികിലേക്ക്‌ വരുന്നുണ്ടോ എന്നെനിക്ക്‌ സംശയമുണ്ടായി. അതും അടുത്തടുത്ത്‌ വരികയായിരുന്നു. പെട്ടെന്ന്‌ മരങ്ങള്‍ക്കപ്പുറത്തുനിന്നും ഒരു കുതിരപ്പട കയ്യില്‍ വെളിച്ചവുമായി പ്രത്യക്ഷപ്പെട്ടു. അവരെ കണ്ടിട്ടായിരിക്കണം ചെന്നായ എന്റെ നെഞ്ചില്‍ നിന്നും എഴുന്നേറ്റ്‌ സെമിത്തേരിയെ ലക്ഷ്യമാക്കി ഓടിപ്പോയി. ഒരു പടയാളി (അയാളുടെ വസ്ത്രധാരണത്തില്‍ നിന്നും അയാളൊരു പടയാളിയാണെന്ന്‌ എനിക്കുറപ്പായി) കുതിരപ്പുറത്തിരുന്ന്‌ തോക്കുയര്‍ത്തി ലക്ഷ്യം പിടിച്ചു. അതുകണ്ട അയാളുടെ ഒരു കൂട്ടുകാരന്‍ പെട്ടെന്നു തന്നെ അയാളുടെ ഉന്നം പിടിച്ചു നില്ക്കുന്ന കയ്യില്‍ തട്ടി. വെടിപൊട്ടിയതും അതേ നിമിഷത്തിലായിരുന്നു. വെടിയുണ്ട എന്റെ തലക്കു മുകളിലൂടെ പാഞ്ഞുപോയത്‌ ഞാനറിഞ്ഞു. നിലത്തുകിടന്നിരുന്ന എന്നെ ചെന്നായയാണെന്ന്‌ അയാള്‍ തെറ്റിദ്ധരിച്ചിരിക്കണം. കൈതട്ടിയ പട്ടാളക്കാരന്‍ ഓടിപ്പോകുന്ന ചെന്നായയെകണ്ടു. അയാള്‍ അതിനെ ലക്ഷ്യമാക്കി വെടിയുയിര്‍ത്തു. കുതിരപ്പട വീണ്ടും മുന്നോട്ടാഞ്ഞു, അതില്‍ ചിലര്‍ എന്നെ ലക്ഷ്യമാക്കിയാണു വരുന്നത്‌. മറ്റു ചിലര്‍ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ അപ്രത്യക്ഷമായ ചെന്നായയെ ലക്ഷ്യമാക്കി നീങ്ങി.

അവരടുത്തെത്താറായപ്പോള്‍ ഞാനൊന്ന്‌ അനങ്ങുവാന്‍ ശ്രമിച്ചു. എന്നാല്‍ എന്നില്‍ അതിനുള്ള കരുത്ത്‌ അവശേഷിച്ചിട്ടില്ലായിരുന്നു. അപ്പോഴും എനിക്കു ചുറ്റിലും നടക്കുന്നതെല്ലാം എനിക്ക്‌ കാണുവാനും കേള്‍ക്കുവാനുമാകുന്നുണ്ടായിരുന്നു. രണ്ടു മൂന്ന്‌ പടയാളികള്‍ അവരുടെ കുതരകളിന്മേല്‍ നിന്ന്‌ ചാടിയിറങ്ങി എനിക്കരികെ മുട്ടുകുത്തി. അതിലൊരാള്‍ എന്റെ തലയുയര്‍ത്തിപ്പിടിച്ച്‌ ഒരു കൈ എന്റെ ഹൃദയത്തിന്മേല്‍ വച്ചു.

"നല്ലത്‌! സുഹൃത്തുക്കളേ ഇയാളുടെ ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ട്‌." അയാള്‍ ഒട്ടൊന്ന്‌ ഉച്ചത്തില്‍ തന്നെയാണത്‌ പറഞ്ഞത്‌.

ആരോ ഒരു കുപ്പി ബ്രാണ്ടി തുറന്ന്‌ അത്‌ എന്റെ തൊണ്ടയിലേക്ക്‌ വീഴ്ത്തി. അത്‌ എന്നില്‍ കുറച്ച്‌ കരുത്തുകൊണ്ടുവന്നു. എനിക്കെന്റെ കണ്ണുകള്‍ പൂര്‍ണ്ണമായും തുറക്കാമെന്നും ചുറ്റിലുമുള്ളതൊക്കെ വ്യക്തമായി കാണാമെന്നുമായി. മരക്കൂട്ടങ്ങളില്‍ വെളിച്ചവും നിഴലും ഒളിച്ചുകളിക്കുന്നത്‌ ഞാന്‍ കണ്ടു. ആരോക്കേയോ പരസ്പരം എന്തൊക്കേയോ വിളിച്ചുകൂവുന്നത്‌ ഞാന്‍ കേട്ടു. പിന്നെ അവരെല്ലാവരും എന്റെയരികില്‍ വന്നുചേര്‍ന്നു. അവരില്‍ നിന്നും ഭയം കൊണ്ട്‌ വിസ്മയം പൂണ്ട സീല്‍ക്കാരങ്ങള്‍ പുറത്തുവരുന്നുണ്ടായിരുന്നു. അപ്പോഴേക്കും സെമിത്തേരിയുടെ നാലുഭാഗവും തിരയുവാന്‍ പോയവരൊക്കെ വെളിച്ചവുമായി എന്റെയടുക്കല്‍ എത്തിപ്പെട്ടു. അവര്‍ അടുത്തെത്താറായപ്പോള്‍ എന്റെ അടുക്കലുണ്ടായിരുന്നവര്‍ അവരോട്‌ ചോദിച്ചു "അവനെ കിട്ടിയോ?"

"ഇല്ല. വരൂ നമുക്ക്‌ വേഗം പോകാം. ഇത്‌ രാത്രിയില്‍ തങ്ങാന്‍ പറ്റിയ ഇടമല്ല. പ്രത്യേകിച്ചും ഇന്നത്തേതുപോലുള്ള രാത്രിയില്‍." മറുപടിയില്‍ തന്നെ വേണ്ട വേഗത വ്യക്തമായിരുന്നു.

"അതെന്താ?" ആരോക്കെയോ അപ്പോള്‍ ചോദിച്ചു. പല ഭാഗത്തുനിന്നും ഒരുമിച്ച്‌ പല ഉത്തരങ്ങള്‍ വന്നു. എല്ലാവരും ഒരേ വികാരത്തിലാണപ്പോള്‍ സംസാരിച്ചത്‌. അവരിലെല്ലാം ഒരേഭയം കടന്നു കൂടിയിരിക്കുന്നുവെന്നത്‌ വ്യക്തം.

"അതെ.. അതുതന്നെ" ആരോ പറഞ്ഞൊപ്പിച്ചു. പിന്നെ കുറച്ചു നേരം മൌനമായിരുന്നു.

"ഒരു ചെന്നായയുടെ രൂപം... എന്നാല്‍ അത്‌ ചെന്നായയൊട്ട്‌ അല്ലതാനും." മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു. അയാളുടെ ശബ്ദത്തില്‍ ഭയത്തിന്റെ വിറയലുണ്ടായിരുന്നു.

"നമ്മുടെ കയ്യിലുള്ള ആയുധം കൊണ്ട്‌ യാതൊരു ഗുണവുമില്ല. ദിവ്യശക്തി തന്നെ വേണം." മൂന്നാമതൊരാള്‍ തന്റെ അഭിപ്രായം പറഞ്ഞു.

"നമ്മളിന്ന്‌ ആയിരം മാര്‍ക്കുകള്‍ നേടിയിരിക്കുന്നു. ഈ രാത്രി ഇവിടെവരെ വന്നതിന്‌ ഇന്ന്‌ നമുക്ക്‌ നല്ല പ്രതിഫലം ലഭിക്കണം." നാലമതൊരാളുടെ വാക്കുകള്‍.

"ആ പൊട്ടിയ മാര്‍ബിളില്‍ രക്തം പുരണ്ടിരിക്കുന്നു." ഒരു ചെറിയ മൌനത്തിന്‍റെ ഇടവേളയ്ക്കു ശേഷം പിന്നെയൊരാള്‍ പറഞ്ഞു. "അതെന്തായാലും ഇടിമിന്നല്‍ കൊണ്ടുണ്ടായതല്ല. ഉറപ്പ്‌...... അതുപോകട്ടെ, ഇദ്ദേഹത്തിനെങ്ങിനെയുണ്ട്‌.. സുരക്ഷിതനാണോ? ഇദ്ദേഹത്തിന്റെ കഴുത്തിലേക്കൊന്ന്‌ നോക്കൂ! സുഹൃത്തുക്കളെ, ഇതാ ഇതു കണ്ടോ ആ ചെന്നായ ഇയാളുടെ മേല്‍കിടന്ന്‌ ഇദ്ദേഹത്തിന്റെ രക്തത്തിന്‍റെ ചൂട്‌ ശമിപ്പിക്കാതിരിക്കുകയായിരുന്നു. "

"നിങ്ങളെന്തൊക്കെയാണീ പുലമ്പുന്നത്‌. ഇദ്ദേഹത്തിന്‌ ഒന്നും പറ്റിയിട്ടില്ല. ഒരു മുറിവു പോലുമില്ല. ആ ചെന്നായയുടെ ശബ്ദം കേട്ടിരുന്നില്ലെങ്കില്‍ നമ്മളിയാളെ കണ്ടെത്തുമായിരുന്നില്ല എന്നോര്‍ക്കുക. "

അവരുടെ ഓഫീസര്‍ ചര്‍ച്ചയില്‍ ഇടപെട്ടു. "അതിന്റെ അര്‍ത്ഥമെന്താ?" എന്റെ തലപിടിച്ചിരുന്ന ഓഫീസര്‍ ചോദിച്ചു. അവരില്‍ ഏറ്റവും കുറവ്‌ ഭയന്നിരുന്നത്‌ അയാളാണെന്ന്‌ തോന്നുന്നു. കാരണം അയാളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നില്ല. അയാളുടെ തോളില്‍ ഒരു കീഴുദ്യോഗസ്ഥന്‍റെ സ്ഥാനമുദ്രയുണ്ടായിരുന്നു.

"അതതിന്റെ പാട്ടിനുപോയി." ഒരാള്‍ പറഞ്ഞു. അയാള്‍ സ്വയം സമാധാനിപ്പിക്കുകയായിരുന്നു എന്ന്‌ അയാളുടെ മുഖം കണ്ടാലറിയാം. ഒരു തുള്ളി രക്തം അയാളുടെ മുഖത്തില്ലായിരുന്നു. ഭയംകൊണ്ടായിരിക്കണം അയാള്‍ കൂടെക്കൂടെ ചുറ്റിലും നോക്കിക്കൊണ്ടിരുന്നു. "അവര്‍ക്ക്‌ താമസിക്കുവാന്‍ മാത്രം കല്ലറകള്‍ അവിടെയുണ്ട്‌. വരൂ സുഹൃത്തുക്കളേ, വേഗമാകട്ടെ! ഈ ശപിക്കപ്പെട്ട സ്ഥലത്തുനിന്ന്‌ നമുക്ക്‌ എളുപ്പം പോകാം." അയാള്‍ തുടര്‍ന്നു.

അവരുടെ ഓഫീസര്‍ എന്നെ താങ്ങിയിരുത്തി. ആയാള്‍ അയാളുടെ കീഴാളര്‍ക്ക്‌ എന്തോ നിര്‍ദ്ദേശം നല്കി. യാത്രയ്ക്ക്‌ തയ്യാറാകുവാനാണെന്നു തോന്നുന്നു. അവരില്‍ ചിലരൊക്കെക്കൂടി എന്നെ പൊക്കിയെടുത്ത്‌ ഒരു കുതിരമേല്‍ വച്ചു. ഞങ്ങള്‍ സൈപ്രസ്‌ മരങ്ങള്‍ക്കു് എതിര്‍ദിശയിലേക്ക്‌ കുതിരകളെത്തിരിച്ച്‌ യാത്രയാരംഭിച്ചു. തികച്ചും പട്ടാളചിട്ടയോടെ.

എന്റെ നാക്ക്‌ ജോലിചെയ്യുവാന്‍ പൂര്‍ണ്ണമായും വിസമ്മതിച്ചിരിക്കുകയായിരുന്നു. ഞാന്‍ ഉറങ്ങിപ്പോയിരിക്കണം. പിന്നെ എനിക്കോര്‍മ്മവരുമ്പോള്‍ ഞാന്‍ നില്ക്കുകയായിരുന്നു. രണ്ടുവശത്തുനിന്നും രണ്ട്‌ പട്ടാളക്കാര്‍ എന്നെ താങ്ങി നിറുത്തിയിരിക്കുന്നു. അപ്പോള്‍ പകലിന്റെ ആരംഭമായിരിക്കുന്നു. വഴിയിലെ മഞ്ഞുകഷണങ്ങളില്‍ നിന്നും രക്തമൊലിക്കുന്നതുപോലെ സൂര്യന്‍റെ ചുവന്ന വെളിച്ചം വടക്കോട്ടുള്ള വഴിയെ ചെഞ്ചായം പൂശിച്ചിരിക്കുന്നു. ഓഫീസര്‍ അയാളുടെ കീഴാളുകള്‍ക്ക്‌ കണ്ടതൊന്നും ആരോടും വിശദീകരിക്കരുതെന്ന നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു. ഒരു പരിചയമില്ലാത്ത ഇംഗ്ലീഷുകാരന്‌ ഒരു വലിയ നായ്‌ കാവല്‍ നില്ക്കുന്നത്‌ അവര്‍ കണ്ടു എന്നുമാത്രം എല്ലാവരോടും പറഞ്ഞാല്‍ മതി എന്നായിരുന്നു അയാള്‍ നല്കിക്കൊണ്ടിരുന്ന നിര്‍ദ്ദേശം.

"നായയോ, അതൊരു നായല്ലായിരുന്നല്ലോ?" നേരത്തെ ഭയം കൊണ്ട്‌ വിളറി വെളുത്തിരുന്ന മനുഷ്യന്‍ ഇടപെട്ടു. "അതൊരു ചെന്നായല്ലായിരുന്നോ. എനിക്ക്‌ ഒരു ചെന്നായയെ കണ്ടാല്‍ നല്ലവണ്ണം അറിയാം." അയാള്‍ക്ക്‌ ഓഫീസറുടെ ഭാഷണത്തോട്‌ യോജിക്കുവാനാകുന്നില്ല.

"നായ, എന്നാണ്‌ ഞാന്‍ പറഞ്ഞത്‌." ഓഫീസര്‍ വീണ്ടും ആവര്‍ത്തിച്ചു. വളരെ ശാന്തമായി തന്നെ.

"നായയോ?" മറ്റേയാള്‍ വീണ്ടും ചോദിച്ചു. പകല്‍ വെളിച്ചം കൂടിവരുന്നതിനോടൊപ്പം അയാളുടെ ധൈര്യവും വര്‍ദ്ധിച്ചുവരികയാണെന്ന്‌ തോന്നിപ്പോയി. "സര്‍, അയാളുടെ കഴുത്തിലേക്ക്‌ ഒന്നു നോക്കൂ. അത്‌ ഒരു നായ ചെയ്യുന്ന പണിയാണോ?"

അതുകേട്ടപ്പോള്‍ ഞാന്‍ എന്റെ കഴുത്തിലൊന്ന്‌ തടവി. പെട്ടെന്ന്‌ ഞാന്‍ തൊട്ട ഇടത്തില്‍ എനിക്ക്‌ വല്ലാത്ത വേദന തോന്നി. ഒരു മുറിവില്‍ കൈ തൊട്ടതുപോലെ. ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു. അതുകേട്ട്‌ എല്ലാ പടയാളികളുടേയും ശ്രദ്ധ ഒന്നിച്ച്‌ എന്നിലേക്ക്‌ തിരിഞ്ഞു. ചിലര്‍ കുതിരപ്പുറത്തിരുന്ന്‌ തലതാഴ്ത്തി എന്റെ കഴുത്തിലെ മുറിവ്‌ നോക്കിക്കണ്ടു. അപ്പോള്‍ വീണ്ടും ആ യുവഓഫീസറുടെ ശബ്ദം കേട്ടു. "ഒരു നായ എന്നാണു ഞാന്‍ പറഞ്ഞത്‌. അല്ലെങ്കില്‍ ജനം നമ്മെ നോക്കി പരിഹസിക്കും.

"അതിനുശേഷം എന്നെ പൊക്കിയെടുത്ത്‌ ഒരു കുതിരക്കാരന്‍റെ മുന്നില്‍ പ്രതിഷ്ഠിച്ചു. ഞങ്ങള്‍ മൂണിച്ചിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. വഴിക്കുവച്ച്‌ ആളില്ലാത്ത ഒരു വണ്ടി ഞങ്ങള്‍ കണ്ടു. അവര്‍ എന്നെയെടുത്ത്‌ ആ വണ്ടിയിലിരുത്തി. അവിടെ നിന്നങ്ങോട്ടുള്ള എന്റെ യാത്ര ആ വണ്ടിയിലായിരുന്നു. ഞങ്ങള്‍ ക്വാത്രെ സൈസണ്‍സിലേക്ക്‌ യാത്രയായി. ആ ഓഫീസര്‍ എനിക്ക്‌ കൂട്ടായുണ്ടായിരുന്നു. അയാളുടെ പടയാളികള്‍ കുതിരകളിന്മേല്‍ ഞങ്ങളെ പിന്തുടരുകയും, അവരുടെ ബാരക്കിലേക്കുള്ള വഴിയെത്തിയപ്പോള്‍ ഞങ്ങളെ പിരിയുകയും ചെയ്തു.

ഹോട്ടല്‍ മാനേജര്‍, ഹറ്‍ ഡെല്‍ബര്‍ക്കിന്റെ ആകാംക്ഷയില്‍ നിന്നും ഞങ്ങളെകണ്ടപ്പോള്‍ അയാള്‍ താഴേക്കോടി വന്ന വേഗതയില്‍ നിന്നും അയാള്‍ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു എന്നത്‌ വ്യക്തമാകുന്നു. അയാള്‍ എന്നെ രണ്ടുകൈകൊണ്ടും വാരിപ്പുണര്‍ന്നു. എനിക്ക്‌ അകത്തേക്കു നടക്കുവാനുള്ള വഴികാണിച്ചു. ഓഫീസര്‍ എന്നെ സല്യൂട്ട്‌ ചെയ്ത്‌ പിന്‍വാങ്ങുവാന്‍ തുടങ്ങി. എന്നാല്‍ അയാള്‍ പെട്ടെന്ന്‌ പിരിയുവാന്‍ ഒരു വൈമനസ്യം കാണിക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക്‌ എന്താണു വേണ്ടത്‌ എന്ന്‌ എനിക്കു മനസിലായി. ഞാന്‍ അയാളെ എന്റെ മുറിയിലേക്ക്‌ ക്ഷണിച്ചു. ക്ഷണിച്ചു എന്നതില്‍ കൂടുതലായി നിര്‍ബന്ധിച്ചു. മുറിയില്‍, വീഞ്ഞിന്‍റെ നുരകളെ സാക്ഷ്യം നിറുത്തി എന്റെ ജീവന്‍ രക്ഷിച്ച അയാളേയും അയാളുടെ പടയാളികളേയും ഞാന്‍ നന്ദിപൂര്‍വ്വം ഓര്‍ത്തു. അവരുടെ ധൈര്യത്തിനു നന്ദി പറഞ്ഞു. അത്‌ അവരുടെ ഒരു സന്തോഷമാണെന്നും, തിരച്ചിലില്‍ ഉള്‍പ്പെട്ടിരുന്ന എല്ലാവരേയും സന്തോഷിപ്പിക്കുവാനുള്ള നടപടി ഹറ്‍ ഡെല്‍ബര്‍ക്ക്‌ ആദ്യമേ ചെയ്തിരുന്നുവെന്നും അയാള്‍ മറുപടി പറഞ്ഞു. അതുകേട്ടപ്പോള്‍ ഡെല്‍ബര്‍ക്കിന്‍റെ മുഖം സന്തോഷം കൊണ്ട്‌ വിടര്‍ന്നു. ഓഫീസര്‍ പിരിയുവാനുള്ള അനുവാദം ചോദിച്ചു.

എന്റെ മനസ്സില്‍ ഒരു സംശയം മുളപൊട്ടി. "പക്ഷേ... ഹറ്‍ ഡെല്‍ബര്‍ക്ക്‌" ഞാന്‍ ചോദിക്കുവാന്‍ തുടങ്ങി. "ആ പട്ടാളക്കാര്‍ എന്നെ തിരഞ്ഞെത്തിയതെന്തുകൊണ്ട്‌, അവരെങ്ങിനെ നിയോഗിക്കപ്പെട്ടു? അവരെങ്ങിനെ അവിടെ എത്തിപ്പെട്ടു?"

സ്വന്തം പ്രവൃത്തിയുടെ ഗൌരവം കുറയ്ക്കുവാന്‍ എന്ന മട്ടില്‍ അയാള്‍ തോളൊന്ന്‌ കുലുക്കി. അയാള്‍ പറഞ്ഞു, "ഞാനും ഒരു പടയാളിയാണല്ലോ. ഞാന്‍ ജോലിചെയ്യുന്ന റെജിമെന്റിലെ കമാണ്ടറുടെ സഹായം ഞാന്‍ അഭ്യര്‍ത്ഥിച്ചു. കുറച്ച്‌ വളണ്ടിയര്‍മാരെ വേണം എന്ന്‌ ഞാനദ്ദേഹത്തിനോട്‌ അഭ്യര്‍ത്ഥിച്ചു. "

"പക്ഷേ .. എന്നെ കാണാതായി എന്ന്‌ നിങ്ങളെങ്ങിനെ അറിഞ്ഞു?"

"കുതിരകള്‍ ഓടിപ്പോയപ്പോള്‍ തകിടം മറിഞ്ഞ വണ്ടിയുടെ അവശിഷ്ടങ്ങളുമായി താങ്കളുടെ സാരഥി ഇവിടെ വന്നിരുന്നു. "

"അതിനാല്‍ മാത്രം നിങ്ങള്‍ ഇത്രയും വലിയ ഒരു തിരച്ചിലിന്‌ ഏര്‍പ്പാടാക്കിയെന്നോ? എനിക്ക്‌ വിശ്വസിക്കാനാകുന്നില്ല. "

"അല്ല. അതുമാത്രമല്ല കാരണം. ആ വണ്ടിക്കാരന്‍ ഇവിടെ എത്തുന്നതിനു മുമ്പു തന്നെ താങ്കളുടെ ആതിഥേയന്‍ കൂടിയായ മിസ്റ്റര്‍ ബോയര്‍ ഈ കമ്പിസന്ദേശം എനിക്ക്‌ തന്നിരുന്നു." അയാള്‍ കീശയില്‍ നിന്നും ഒരു ടെലിഗ്രാം തപ്പിയെടുത്ത്‌ എനിക്കു നേരെ നീട്ടി.

"എന്റെ സുഹൃത്തിനെക്കുറിച്ച്‌ ശ്രദ്ധയുണ്ടാകുക - അയാളുടെ സുരക്ഷ എനിക്ക്‌ വളരെ വിലയുള്ളതാണ്‌. അയാള്‍ക്ക്‌ എന്തെങ്കിലും സംഭവിക്കുകയോ, അയാളെ കാണാതാകുകയോ ചെയ്താല്‍ തിരഞ്ഞുപിടിക്കുവാന്‍ ഉടന്‍ ഏര്‍പ്പാടുകള്‍ ചെയ്യുക. സുരക്ഷിതത്വം ഉറപ്പു വരുത്തുക. ഈയാള്‍ ഒരു ഇംഗ്ലീഷുകാരനാണ്‌, അതിനാല്‍ തന്നെ ആപത്തുകളെ ഇഷ്ടപ്പെടുന്നവനും. രാത്രിയില്‍ മഞ്ഞില്‍ നിന്നും ചെന്നായ്ക്കളില്‍ നിന്നും അപായങ്ങളുണ്ടാകാം. ഈയാള്‍ക്ക്‌ ആപത്തുണ്ടെന്ന്‌ താങ്കളുടെ മനസ്സില്‍ ശങ്കയുണ്ടായാല്‍ പിന്നെ ഒരു നിമിഷം പോലും കളയാതിരിക്കുക. എന്റെ സമ്പത്തുണ്ട്‌ ഞാന്‍ താങ്കളുടെ സഹായത്തിനുള്ള നന്ദി അറിയിക്കാം.

ഡ്രാക്കുള"

ടെലിഗ്രാം വായിച്ചപ്പോള്‍ എനിക്കു ചുറ്റിലും ഭൂമി വട്ടംകറങ്ങി. ആ ഹോട്ടല്‍ മാനേജര്‍ എന്നെ താങ്ങിയില്ലെങ്കില്‍ ഞാന്‍ വീണ്ടും ബോധം നഷ്ടപ്പെട്ട്‌ വീണുപോയേനെ. ഇതിലൊക്കെ അത്ഭുതങ്ങള്‍ ഒളിഞ്ഞുകിടക്കുന്നതായി എനിക്കു തോന്നി. ഞാന്‍ എപ്പോഴും എതിര്‍ശക്തികളുടെ വലയത്തിലാണെന്നും എന്റെ മനമെന്നോട്‌ പറഞ്ഞു. അത്‌ എന്നെ തളര്‍ത്തുകയായിരുന്നു. ഞാന്‍ ദുര്‍ഗ്രാഹ്യമായ ഒരു സംരക്ഷണവലയത്തിനുള്ളിലാണ്‌. ദൂരെയുള്ള ഒരു ദേശത്തുനിന്നും, ക്യത്യമായ സമയത്ത്‌, മഞ്ഞിലെ ഉറക്കത്തില്‍ നിന്നും ചെന്നായ്ക്കളുടെ കൂര്‍ത്തപല്ലുകളില്‍ നിന്നും രക്ഷിക്കുവാനായി ഇതാ ഒരു സന്ദേശം എത്തിച്ചേര്‍ന്നിരിക്കുന്നു. അവിശ്വസനീയമായിരിക്കുന്നു.

Subscribe Tharjani |
Submitted by Pilar (not verified) on Sun, 2011-01-02 02:35.

When are we going to be able to read it in english?
I´d love to.