തര്‍ജ്ജനി

ആശുപത്രിമുറി

ഇത്‌
ഒരു തരിശ്ശു നിലമാണ്‌.
മരണം കാത്തു കഴിയുന്നവരും
വേദന മരിച്ചു കിടന്നവരും
ഓര്‍മ്മയുടെ നീറുന്ന മുറിവുകളാവുമ്പോള്‍
ഈ ആശുപത്രിമുറി
ഒരു തരിശ്ശുനിലമാണ്‌.

മരണത്തിന്റെ
അവസാന നിമിഷങ്ങളിലാണ്‌
അയാളുടെ ആതുരഹൃദയം
ഈ മുറിയിലേയ്ക്ക്‌ കടന്നു വന്നത്‌.
മരണത്തിന്റെ ഏകാന്തജാലകങ്ങള്‍
തുറക്കും മുമ്പേ
അയാള്‍ തനിച്ചായിരുന്നു.
അയാളുടെ ഹൃദയത്തില്‍
ലാവപോലുരുകിയൊലിക്കുന്ന
നിറങ്ങളെക്കുറിച്ചും
കണ്ണില്‍ മഴ പോലിറ്റുന്ന
നനവിനെക്കുറിച്ചും
അയാള്‍ക്ക്‌ പറയാനുണ്ടായിരുന്നിരിക്കും

എന്റെ സ്റ്റെതസ്കോപ്പില്‍
അയാളുടെ നീല ഞരമ്പുകള്‍
മുറുകി വലിയുന്നതും
ഹൃദയം
അവസാനത്തെ തുടിപ്പിനുവേണ്ടി
പിടയ്ക്കുന്നതും ഞാന്‍ കണ്ടു.
പകരം വയ്ക്കാന്‍
ഹൃദയമില്ലാത്തതുകൊണ്ട്‌
അയാളുടെ കൈത്തണ്ടയിലെ
നീല ഞരമ്പുകള്‍
ഞാന്‍ മുറിച്ചുകളഞ്ഞു.
ഇപ്പോള്‍ അയാളുടെ ഹൃദയത്തിന്‌
ഒരേ താളമാണ്‌,
നിശ്ചലതയുടെയും ശാന്തതയുടെയും
ഒരു നിശബ്ദതാളം.

Dr. Ranji. p. Anand, Homoeopathic Medical centre, chittoor college, palakkad

Submitted by midhun rajkalpetta (not verified) on Fri, 2007-07-20 15:06.

it's a nice magazine.