തര്‍ജ്ജനി

"സോര്‍ സെ മാര്‍, അരേ യാര്‍..."

മലയാളികളുടെ മൂന്നാം ഭാഷയാണല്ലോ ഹിന്ദി. സ്ക്കൂള്‍-കോളേജ്‌ വിദ്യാഭ്യാസത്തിലെ "പഠിക്കുക, പ്രായോഗികമാക്കാതിരിക്കുക" എന്ന പഴമൊഴിക്ക്‌ ഒരു ഉത്തമോദാഹരണം. എന്നിരുന്നാലും വിദ്യാഭ്യാസത്തോടെ കേരളം വിടുന്ന യുവജനതയ്ക്ക്‌ ഹിന്ദിപഠനം ഒട്ടൊക്കെ സഹായകമാകാറുണ്ട്‌. ഉത്തരേന്ത്യയില്‍ "കോന്തന്‍ കൊല്ലത്തു" പോയ രീതിയില്‍ പോയി വന്നവര്‍ പോലും മലയാളനാട്ടില്‍ തിരിച്ചെത്തിയാല്‍പ്പിന്നെ ഹിന്ദിയിലേ ഉരിയാടൂ. "സാരേ ജഹാം സേ അഛാ - അച്ഛനയൊക്കെ ഒന്നു കണ്ടിട്ടു പോകാമെന്നു വിചാരിച്ചു" എന്നു കലാഭവന്‍ മണി പറഞ്ഞതു പോലെയാണെങ്കില്‍ കൂടി.

കോളേജില്‍ പഠിക്കുന്ന കാലത്താണ്‌ അവിചാരിതമായി "ഹോക്കിയില്‍ ഒരു കൈ നോക്കിയാലോ"എന്ന്‌ ഒരു ചെറിയ ആഗ്രഹമുദിച്ചത്‌. ഹോസ്റ്റല്‍ മുറ്റത്തുള്ള ചെറിയ ഗ്രൌണ്ടില്‍ത്തന്നെയാണ്‌ പരിശീലനവും. കേരളത്തില്‍ അധികം പ്രചാരമില്ലാത്തതിനാലാവും, കാലാകാലങ്ങളായി കോളേജിലെ ഹിന്ദി ഗ്രൂപ്പുകളുടെ അധീനതയിലാണ്‌ ഹോക്കി. ഹോക്കി ടീമില ഒന്നു രണ്ടു സുഹൃത്തുക്കളെക്കണ്ട്‌ സംസാരിച്ചപ്പോള്‍ ആത്മവിശ്വാസം കൂടി. ഹോക്കി ടീമാണെങ്കില്‍ പുതിയൊരു ഗോള്‍ കീപ്പറെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയവും. ഗോള്‍ പോസ്റ്റില്‍ പന്തു കയറാതെ നോക്കുക എന്ന ചെറിയ കര്‍ത്തവ്യം മാത്രമേയുള്ളൂ താനും, എന്നാല്‍ ഒരു കളിയില്‍ പങ്കെടുത്തു എന്നൊരു ആനന്ദവും.

പാഡുകളും (പല രീതിയില്‍, പലയിടങ്ങളില്‍) ഹെല്‍മെറ്റുമൊക്കെ ധരിച്ച്‌ പുറത്തിറങ്ങിയപ്പോള്‍ അന്യഗ്രഹത്തില്‍ നിന്നു എത്തിയതു പോലെ! ഗോള്‍ പോസ്റ്റിനു ഇത്രയേ വലിപ്പമുള്ളോ എന്ന അതിശയം പന്തിന്റെ വലിപ്പവും സ്പീഡും കണ്ടപ്പോള്‍ വളരെപ്പെട്ടന്നു മാറി. ഫുബോളില്‍ നിന്നു വ്യത്യസ്തമായി പന്ത്‌ പിടിക്കുകയല്ല, ശരീരത്തിന്റെ പല ഭാഗങ്ങളാല്‍ തട്ടിത്തെറിപ്പിക്കുകയാണ്‌ വേണ്ടതെന്ന്‌ മനസിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല.

ആദ്യത്തെ പരിശീലന തമാശകളൊക്കെക്കഴിഞ്ഞ്‌ ടീം ചേര്‍ന്നുള്ള സീരിയസ്‌ കളിയ്ക്ക്‌ സമയമായി. മലയാളികളാണെങ്കിലും ഉത്തരേന്ത്യന്‍ സ്ക്കൂളുകളില്‍ പഠിച്ചു വന്നിരിക്കുന്ന "മുറി മലയാളക്കാര്‍" ഉള്‍പ്പെടുന്ന ടീമിലായത്‌ ചതിയായോ എന്ന്‌ തോന്നിയത്‌ ആശയവിനിമയം തുടങ്ങിയപ്പോഴാണ്‌. തികച്ചും ശുദ്ധമായ ഹിന്ദിയില്‍ വളരെ ആയാസരഹിതമായി ടീം മുഴുവന്‍ സംവദിക്കുന്നത്‌ കണ്ടപ്പോഴാണ്‌ ചങ്കിടിപ്പ്‌ കൂടിയത്‌. "ഹാം ഹാം" "... നഹിം ഹെയ്‌ യാര്‍.." മുതലായ ചെറിയ കമന്റുകളൊക്കെ ഇറക്കി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു.

കളി തുടങ്ങി. നല്ലവണ്ണം കളിക്കാന്‍ അറിയാവുന്ന മുന്‍നിരക്കാരും പിന്‍നിരക്കാരും ഉള്ളതു കൊണ്ടുതന്നെ ആദ്യത്തെ കുറേ നേരം വലിയ പണിയൊന്നുമുണ്ടായില്ല. അടുത്തേക്കു വന്ന മിക്കവാറും പന്തുകളൊക്കെ ഗോള്‍ ആകാന്‍ സാധ്യതയില്ലാത്തതായിരുന്നതിനാല്‍ "ലീവ്‌" ചെയ്യുക, പിന്നെ പുറത്ത്‌ പോയ പന്ത്‌ എടുത്ത്‌ തിരിച്ചു കൊണ്ടു വരിക മുതലായവ ഭംഗിയായി നിര്‍വ്വഹിച്ചു.

അപ്പോഴാണ്‌ നിനച്ചിരിക്കാതെ എതിര്‍ ടീമിന്റെ ഒരു പ്രത്യാക്രമണമുണ്ടായത്‌. സെന്റര്‍ സര്‍ക്കിളില്‍ നിന്നും പന്ത്‌ മുന്നിലേയ്ക്കിട്ട്‌ കുതിച്ച്‌ പാഞ്ഞ്‌ വരികയാണ്‌ എതിര്‍ ടീമിന്റെ നായകന്‍ നാഗേന്ദര്‍ സിംഗ്‌. പക്ഷെ നാഗേന്ദര്‍ പന്ത്‌ മുന്നിലേയ്ക്ക്‌ "പുഷ്‌" ചെയ്തത്‌ അല്‍പ്പം വേഗത്തിലായിപ്പോയി. ഇപ്പോള്‍ ഗോളിയ്ക്ക്‌ മുന്നിലേയ്ക്ക്‌ നീങ്ങിയാല്‍ ഫോര്‍വേര്‍ഡിനേക്കാള്‍ മുമ്പേ പന്ത്‌ കൈക്കലാക്കാനുള്ള അവസരം. പിന്നെ ഒന്നും ആലോചിച്ചില്ല, ആകാവുന്നത്ര വേഗതയില്‍ മുന്നോട്ട്‌ കുതിച്ചു. നാഗേന്ദറിനും പിന്നില്‍ ഓടി വരുന്നുണ്ട്‌ ഞങ്ങളുടെ ടീം ക്യാപ്റ്റന്‍ നരസിംഹന്‍. പുതിയ ഗോള്‍ക്കീപ്പറിനു ഒരു ധൈര്യം പകരാനെന്നോണം നരസിംഹന്‍ അലറിവിളിച്ചു: "മാര്‍... മാര്‍..." "സോര്‍ സെ മാര്‍, അരേ യാര്‍..."

ആദ്യം ചെവിയിലെത്തിയത്‌ "മാര്‍" എന്ന ശബ്ദമാണ്‌. ആലോചിക്കാനോ വിവര്‍ത്തനം ചെയ്ത്‌ അര്‍ത്ഥം കണ്ടു പിടിക്കാനോ ഉള്ള സമയം കിട്ടിയില്ല. പന്തിന്റെ ഗതിയില്‍ നിന്ന്‌ പെട്ടെന്ന്‌ ഒഴിഞ്ഞു "മാറി". എതിരാളിയ്ക്കും അത്ഭുതം. എങ്കിലും പിന്നാലെ ഓടിയെത്തി പന്ത്‌ നെറ്റിലേയ്ക്ക്‌ അടിച്ചുകയറ്റുന്നതില്‍ നാഗേന്ദര്‍ ഒട്ടും വീഴ്ച്ച വരുത്തിയില്ല. ഇത്ര എളുപ്പത്തില്‍ അടിച്ചകറ്റാവുന്ന പന്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ നരസിംഹന്‍ പറഞ്ഞതിലുള്ള പൊരുള്‍ ആലോചിച്ചു നില്‍ക്കെ പിന്നില്‍ നിന്നും പതിഞ്ഞ സ്വരത്തിലുള്ള ഹിന്ദി "സുഭാഷിതം" അവ്യക്തമായി കേട്ടു.

പിന്നീടൊരിക്കലും ഹോക്കി കളിക്കണമെന്നു തോന്നിയിട്ടേയില്ല. ഹിന്ദി വരുത്തിയ ഒരു വിനയേ!

ഉല്ലാസ്‌, ullas.kumar@gmail.com